സൂര്യപാർവണം: ഭാഗം 22

surya parvanam

രചന: നിള നിരഞ്ജൻ

ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്ന വഴിയിലൂടെ കുറച്ചു ദൂരം മുന്നോട്ടു പോയി കഴിഞ്ഞപ്പോൾ സംശയത്തോടെ ഏട്ടൻ എന്നെ തിരിഞ്ഞു നോക്കി.. "നമ്മൾ ചാമുണ്ഡേശ്വരിയുടെ അമ്പലത്തിലേക്കാണോ പോകുന്നത്? " ഞാൻ ചിരിയോടെ തലയാട്ടി. ഏട്ടന്റെ മുഖത്ത് സംശയം അപ്പോഴും ബാക്കി നിന്നു. ഞാൻ ഒന്നും പറയാതെ മുന്നോട്ടു നോക്കി ഇരുന്നു. അമ്പലത്തിൽ എത്തിയപ്പോൾ ജീപ്പ് പാർക്ക്‌ ചെയ്തു സൂര്യേട്ടൻ എന്നെ നോക്കി. ഞാൻ ഒന്നും പറയാതെ അതിൽ നിന്നിറങ്ങി മുന്നോട്ടു നടന്നു. ഏട്ടൻ സംശയത്തോടെ എന്റെ പിറകെയും. രുദ്രാക്ഷമരത്തിനു അടുത്തെത്തിയപ്പോൾ എന്റെ നോട്ടം അതിന്റെ താഴേക്കു പതിഞ്ഞു. അവിടെ ഞാൻ പ്രതീക്ഷിച്ച ആളെ കണ്ടതും എന്റെ മുഖം വിടർന്നു. ഏട്ടനെ ഒന്ന് നോക്കി ഞാൻ ആ ആളുടെ അടുത്തേക്ക് നടന്നു. ഞാൻ ആരെ കല്യാണം വിളിക്കാനാണ് വന്നതെന്ന് ഏട്ടന് ഇപ്പോൾ മനസിലായിട്ടുണ്ടാവുമെന്ന് എനിക്ക് മനസിലായി. ഞങ്ങളെ കണ്ടതും അവരും ചിരിച്ചു കൊണ്ട് എഴുനേറ്റു. ഞാൻ ചെന്നു അവരുടെ കയ്യിൽ പിടിച്ചു.. " സൂര്യേട്ടൻ പറഞ്ഞു അന്ന് അമ്മയാണ് ഏട്ടന്റെ അടുത്തു ചെന്നു എനിക്ക് സംഭവിച്ച അപകടത്തെ പറ്റി പറഞ്ഞതെന്ന്.. അമ്മ ഇല്ലായിരുന്നെങ്കിൽ അന്ന് എനിക്ക് എന്തൊക്കെ സംഭവിക്കും ആയിരുന്നു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.. ഒരുപാടു നന്ദിയുണ്ട്.. "

എന്ത് കൊണ്ടോ അവരെ അമ്മ എന്ന് വിളിക്കാനാണ് എനിക്ക് തോന്നിയത്. ഞാൻ അങ്ങനെ വിളിച്ചത് അവർക്കും സന്തോഷം ആയെന്നു തോന്നുന്നു. ആ കണ്ണുകളുടെ തിളക്കം ഒന്നുകൂടി കൂടി. " അതൊന്നും സാരമില്ല കുട്ടി .. ഞാൻ കണ്ട കാര്യം അവിടെ ചെന്നു പറഞ്ഞുന്നെ ഉള്ളു.. " ഞാൻ എന്റെ കയ്യിലുള്ള കല്യാണക്കുറി അവരുടെ നേർക്കു നീട്ടി.. അവർ അതിശയത്തോടെ എന്നെയും ഏട്ടനെയും മാറി മാറി നോക്കി. " അമ്മേ.. ഞങ്ങളുടെ കല്യാണം ആണ്.. ഈ വരുന്ന 18 ആം തീയതി.. ഇവിടെ ഈ നടക്കൽ വച്ചു തന്നെയാണ്.. അമ്മ വരണം..ഞങ്ങളെ അനുഗ്രഹിക്കണം. പിന്നെ ഞങ്ങളുടെ ആദ്യത്തെ കല്യാണത്തിന്റെയും ആകെയുള്ള ദൃക്‌സാക്ഷി അമ്മ മാത്രം ആയിരുന്നല്ലോ? " ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവരും എന്റെ ചിരിയിൽ പങ്കു ചേർന്നു . " ഞാൻ ഉറപ്പായും ഉണ്ടാവും മോളെ നിങ്ങളുടെ കല്യാണം നേരിൽ കാണാൻ.. " അവരോടു യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ സൂര്യേട്ടൻ വീണ്ടും എന്റെ കയ്യിൽ പിടിച്ചു. " അതു നന്നായി.. എന്തായാലും അവർ നമുക്ക് വേണ്ടി അത്രയും ഹെല്പ് ചെയ്തിട്ട് അന്ന് എനിക്കൊരു നന്ദി പോലും പറയാൻ കഴിഞ്ഞില്ല. ഇന്നിപ്പോ നീ നന്ദിയും പറഞ്ഞു കല്യാണവും വിളിച്ചു.. " " അവർ നമുക്ക് ഉപകാരം ചെയ്തു തന്നത് കൊണ്ട് മാത്രം അല്ല ഞാൻ അവരെ കല്യാണം വിളിച്ചത്.

എന്തോ ആദ്യം കണ്ടപ്പോൾ മുതൽ വല്ലാതെ ഒരു പരിചയം തോന്നിയിരുന്നു അവരോടു എനിക്ക്. അതു എന്ത് കൊണ്ടാണെന്ന് ഇത് വരെയും എനിക്ക് മനസിലായിട്ടില്ല.. സൂര്യേട്ടന് ഇവരെ പറ്റി എന്തെങ്കിലും അറിയുമോ? " " ആവോ.. ഒന്നുമറിയില്ല.. എനിക്കെന്നല്ല ആർക്കും അറിയില്ല. അവരെ ഇവിടെ കാണാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. തിരുവന്മയൂർ ആണ് ഇവരുടെ നാടെന്നു ഒരിക്കൽ ഇവിടുത്തെ തിരുമേനിയോട് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു കേട്ടു. ഇടയ്ക്കു ഈ അമ്പലനടിയിൽ നിന്നു കാണാതെ ആവും. അപ്പോൾ എവിടേക്കാണ് പോവുന്നതെന്നും അറിയില്ല. രാത്രി കിടക്കുന്നത് അമ്പലത്തിന്റെ സത്രത്തിൽ തന്നെയാണ്. ഇവിടുത്തെ പുഴയിൽ കുളി, അമ്പലത്തിലെ ഭകഷണം.. ശരിക്കും ഒരു സന്യാസി ജീവിതം തന്നെ. " സൂര്യേട്ടൻ പറഞ്ഞപ്പോൾ ഞാൻ മെല്ലെ തലയാട്ടി. " തിരുവന്മയൂർ? അതു എവിടെയാണ് സ്ഥലം?" " അതോ.. കൃത്യമായി അറിയില്ല.. പക്ഷെ കുറെ ദൂരെയാണെന്ന് മാത്രം അറിയാം " പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഇപ്പോൾ സൂര്യേട്ടൻ പറഞ്ഞതിൽ കൂടുതലൊന്നും ഇവരെ പറ്റി കാളിയമ്മക്കും അറിവുണ്ടാവില്ല എന്നെനിക്കു തോന്നി. തിരികെയുള്ള യാത്രയിൽ ഞാൻ ഒന്നും മിണ്ടാതെ പുറത്തോട്ടും നോക്കി ഇരിക്കുനത് കണ്ടിട്ട് സൂര്യേട്ടൻ ചോദിച്ചു.. " എന്ത് പറ്റി? എന്താ ആലോചന? അവരെ പറ്റി ആണോ? " " ഹ്മ്മ് .. കുറച്ചൊക്കെ.. സൂര്യേട്ടന് ഈ ശിവശങ്കര പണിക്കർ ആരാണെന്നു അറിയാമോ? " എന്റെ ചോദ്യം കേട്ടു സൂര്യേട്ടൻ അതിശയത്തോടെ എന്നെ നോക്കി..

" ആ.. അതു നമ്മുടെ കല്യാണത്തിന് ഡേറ്റ് എടുക്കാൻ മണിയണ്ണൻ കാണാൻ പോയ ജ്യോതിഷിയുടെ അച്ഛൻ ആയിരുന്നു. അദ്ദേഹവും വലിയ ജ്യോതിഷി ആയിരുന്നു. രണ്ടു വർഷം മുന്നേ മരിച്ചു പോയി. അല്ല.. നീയെന്താ പെട്ടെന്ന് ഇപ്പോൾ അയാളെ പറ്റി ചോദിക്കാൻ ? " " ഒന്നുമില്ല.. ഇന്നലെ മണിയണ്ണൻ അയാളെ പറ്റി പറയുന്നത് കേട്ടു അതാണ്‌.. " അപ്പോൾ ഞാൻ കണ്ടത് സൂര്യേട്ടന്റെ ജാതകം തന്നെ ആണ്.. " സൂര്യേട്ടന് ജാതകം ഉണ്ടോ? " എന്റെ പെട്ടെന്നുള്ള ചോദ്യം കേട്ടു സൂര്യേട്ടൻ കണ്ണ് മിഴിച്ചു എന്നെ നോക്കി. " നിനക്കെന്തൊക്കെയാ പെണ്ണെ അറിയേണ്ടത്? എന്താണ് നിന്റെ മനസ്സിൽ? എനിക്ക് എങ്ങനെയാണ് ജാതകം ഉണ്ടാവുക? സ്വന്തമായി ഒരു ജനനത്തീയതിയോ സമയമോ പോലും എനിക്കില്ലന്ന് നിനക്കും അറിയില്ലേ? പിന്നെ ഈ ജാതകത്തിലൊന്നും എനിക്കും വലിയ വിശ്വാസം ഒന്നും ഇല്ല.. അതു കൊണ്ട് ഇത് വരെ എന്റെ സമയം പോലും നോക്കിച്ചിട്ടില്ല. " ഏട്ടൻ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോൾ അങ്ങനൊരു ജാതകത്തെ പറ്റി ഏട്ടന് ഒന്നും അറിയില്ല. പക്ഷെ ഇതിന്റെ ഒന്നും അർത്ഥം എന്താണെന്ന് മനസിലാവുന്നേ ഇല്ല. ചോദിച്ചറിയാൻ പറ്റുന്ന ആരെയും എനിക്കൊട്ടു അറിയാനും പാടില്ല. പിന്നീട് വീടെത്തുന്നത് വരെ എന്റെ ചിന്ത മുഴുവൻ സൂര്യേട്ടന്റെ ജാതകത്തെ പറ്റി ആയിരുന്നു.

ഞായറാഴ്ച രാവിലെ തന്നെ ഞങ്ങൾ എല്ലാവരും കൂടി പറച്ചേസിങ്ങിന് ഇറങ്ങി.ടൗണിൽ പോകാം എന്ന് ആദ്യമേ തീരുമാനം ആയിരുന്നു. സൂര്യേട്ടന്റെ ജീപ്പും രണ്ടു കാറുകളും ഉണ്ടായിരുന്നു. ആദ്യം പോയത് ഡ്രസ്സ്‌ എടുക്കാൻ ആണ്. കല്യാണപ്പെണ്ണിന്റെ സാരീ ആദ്യം എടുക്കാം എന്ന് പറഞ്ഞു കാവ്യ എന്നെയും വിളിച്ചു കൊണ്ട് വെഡിങ് സെക്ഷനിലേക്ക് നടന്നു. ബാക്കി ഉള്ളവർ പിറകെയും. ഒരു മണിക്കൂറിനു ശേഷവും അതിനു തീരുമാനം ആയില്ല. അവസാനം സൂര്യേട്ടൻ വന്നു ഏട്ടന് ഇഷ്ടമുള്ളത് ഒരെണ്ണം എടുത്തു എന്റെ കയ്യിലേക്ക് തന്നു നീ ഇത് ഉടുത്താൽ മതി എന്ന് പറഞ്ഞു. അതോടെ രണ്ടു മിനിട്ട് കൊണ്ട് എല്ലാം ശരിയായി. പിന്നെ ബാക്കി ഉള്ളവർക്ക് ഒക്കെ എടുത്തു. കാവ്യയും ഗായത്രി ചേച്ചിയും ഡ്രസ്സ്‌ എടുക്കുന്ന സമയം കൊണ്ട് ആണുങ്ങൾ എല്ലാവരും അവരുടെ എടുത്തിട്ട് വന്നു. അവർക്കിടാനുള്ള ഡ്രസ്സ്‌ എടുത്തു കഴിഞ്ഞും കാവ്യയും ഗായത്രി ചേച്ചിയും പിന്നെയും ചുരിദാറും മറ്റും തിരയുന്നത് കണ്ടു ഞാൻ സംശയത്തോടെ നോക്കി.. " നോക്കണ്ട.. ഇത് ഞങ്ങൾക്കല്ല.. ചേച്ചിക്കാണ്.. മഹിയേട്ടൻ പറഞ്ഞിട്ട്..

" ഞാൻ തിരിഞ്ഞു അങ്ങേരെ നോക്കിയപ്പോൾ അവിടെ വിഷ്ണുവേട്ടന്റെയും കാശിയേട്ടന്റെയും കൂടെ കത്തി വച്ചു മരിക്കാണ്.. അങ്ങേരോട് പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. കാവ്യയും ചേച്ചിയും കൂടെ കുറെ എന്തൊക്കെയോ എനിക്ക് വേണ്ടി വാങ്ങി കൂട്ടുന്നുണ്ടായിരുന്നു. അതു കഴിയുന്ന സമയം കൊണ്ട് കാളിയമ്മയും കാവ്യയുടെ അമ്മയും അവരുടെയും എടുത്തു വന്നു. അതോടെ ഞങ്ങളുടെ ഡ്രസ് എടുക്കൽ പൂർത്തിയായി. ബില്ല് അടച്ചു ഇറങ്ങി നേരെ ഞങ്ങൾ സ്വർണക്കടയിലേക്ക് കയറി. സൂര്യേട്ടൻ എനിക്ക് ഡ്രസ്സ്‌ വാങ്ങി തന്നപ്പോൾ എനിക്ക് അത്രയും ബുദ്ധിമുട്ട് തോന്നിയില്ലായിരുന്നു. പക്ഷെ സ്വർണം വാങ്ങുന്നു എന്നോർത്തപ്പോൾ എനിക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ടായിരുന്നു. അതു കൊണ്ട് തന്നെ പുറകിലേക്ക് മാറി നിന്നു. " എന്ത് പറ്റി? " സൂര്യേട്ടൻ ചോദിച്ചപ്പോൾ ഞാൻ മെല്ലെ പറഞ്ഞു.. " സ്വർണം വേണ്ടായിരുന്നു. കുറച്ചു നമ്മുടെ കയ്യിൽ ഉണ്ടല്ലോ പിന്നെ കാളിയമ്മയും തന്നു .. അതു മതിയായിരുന്നു. "

"അതു പോരാ..എന്റെ വായിലിരിക്കുന്നത് കേൾക്കണ്ടെങ്കിൽ മര്യാദക്ക് അവരുടെ കൂടെ അങ്ങോട്ട്‌ ചെല്ലാൻ നോക്കു.. " ഞാൻ സൂര്യേട്ടനോട് മുഖം വീർപ്പിച്ചു കൊണ്ട് കാവ്യയുടെ അടുത്തേക്ക് ചെന്നു. അവസാനം ഒരു വലിയ മാലയും കുറച്ചു വളയും ഒരു ജോഡി കമ്മലും എടുത്തു. അവർ അവിടെ ഡിസ്പ്ലേയിൽ തൂക്കി ഇട്ടിരിക്കുന്ന പാദസരത്തിലേക്കു എന്റെ നോട്ടം പോവാതെ ഞാൻ പിടിച്ചു നിർത്തി. പണ്ട് മുതലേ ഉള്ള ആഗ്രഹമാണ്. പന്ത്രണ്ടാം ക്ലാസ്സിൽ നല്ല മാർക്ക്‌ വാങ്ങിയപ്പോൾ അച്ഛൻ എനിക്ക് ഒരു ജോഡി സ്വർണ പാദസരം വാങ്ങി തന്നിരുന്നു. അതിനു ചെറിയമ്മയും തനുവും കൂടി നിർത്താതെ വഴക്കുണ്ടാക്കിയപ്പോൾ ഞാൻ അതു തനുവിന് കൊടുത്തു. പിന്നെ അതൊന്നു കാണാൻ കൂടി കിട്ടിയിട്ടില്ല. ഇപ്പോൾ സൂര്യേട്ടനോട് അതൊന്നും ചോദിക്കാനുള്ള മനസ്സും ഉണ്ടായില്ല. അവിടുന്നിറങ്ങി ഞങ്ങൾ എല്ലാവരും കൂടി ഭക്ഷണവും കഴിച്ചാണ് തിരികെ എത്തിയത്. അപ്പോഴേക്കും എല്ലാവരും തളർന്നിരുന്നു. അതു കൊണ്ട് പിന്നെ വലിയ വാർത്തമാനത്തിനൊന്നും നിൽക്കാതെ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി. നല്ല ക്ഷീണം ഉണ്ടായിരുന്നെങ്കിലും എനിക്ക് അന്ന് കിടന്നിട്ടു ഉറക്കം വന്നില്ല.

എന്റെ അപകടത്തിനു ശേഷം ഞാൻ ഒറ്റയ്ക്ക് കിടന്നോളാം എന്ന് പറഞ്ഞത് കൊണ്ട് കാളിയമ്മയും ഇല്ല. അന്ന് മുഴുവനും കൂടെ ഉണ്ടായിരുന്നതു കൊണ്ടാണെന്ന് തോന്നുന്നു ഏട്ടൻ ഇത് വരെ വിളിച്ചില്ല. ഇന്ന് ഞായർ.. അടുത്ത ഞായറാഴ്ചയാണ് ഞങ്ങളുടെ വിവാഹം. അടുത്ത ആഴ്ച ഈ സമയം ഞാനും സൂര്യേട്ടനും ഒരുമിച്ചുണ്ടാവും. അതോർത്തപ്പോൾ ഒരു വല്ലാത്ത വിറയൽ. മനസ്സ് സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും അകാരണമായ ഒരു ഭയവും അതോടൊപ്പം തല പൊക്കുനുണ്ടായിരുന്നു. എപ്പോഴോ അന്നത്തെ ദിവസത്തെ ക്ഷീണം എന്നെയും കീഴടക്കി. ഞാൻ ഉറങ്ങി പോയി. പിന്നീടുള്ള ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി. മണിയണ്ണനും കാളിയമ്മയും അവരുടെ മക്കളുടെ കല്യാണ ഒരുക്കത്തിൽ മുഴുകി ഇരുന്നു. അതു അവർക്കു വളരെയധികം സന്തോഷം നൽകുനുണ്ടെന്നു അറിയാവുന്നതു കൊണ്ട് ഞാനും ഒന്നും പറയാൻ പോയില്ല. വിഷ്ണുവേട്ടനും കാശിയും അവരുടെ മറ്റു സുഹൃത്തുക്കളും സൂര്യേട്ടനെ മാറ്റി നിർത്തി എല്ലാം ചെയ്യുന്നതിലായിരുന്നു സൂര്യേട്ടന് പരാതി. ഇത് വരെ എല്ലാ കാര്യത്തിലും എപ്പോഴും മുന്നിട്ടു ഇറങ്ങിയിട്ട് ഇപ്പോൾ സ്വന്തം കല്യാണത്തിന്റെ കാര്യം വന്നപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്തതായിരുന്നു ഏട്ടന്റെ പ്രശ്നം.

കല്യാണത്തിന്റെ തലേദിവസം ചെറിയൊരു മൈലാഞ്ചി പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ കയ്യിൽ മൈലാഞ്ചി ഇടാൻ കാവ്യയുടെ ഒരു സുഹൃത്ത്‌ തന്നെയാണ് വന്നതു. എന്നോടൊപ്പം കാവ്യയും ഗായത്രി ചേച്ചിയും മൈലാഞ്ചി ഇട്ടു. രാത്രി വിഷ്ണുവേട്ടനും കാശിയേട്ടനും കാവ്യയുടെ അമ്മയും ഒക്കെ പുടവ തരാൻ വന്നപ്പോൾ ചെക്കന്റെ പെങ്ങളായി കാവ്യ അവരോടൊപ്പം കൂടി. കല്യാണ ചെറുക്കനു വരാൻ സാധിക്കാത്തതു കൊണ്ട് സൂര്യേട്ടൻ വന്നില്ല. വിനുവേട്ടൻ സൂര്യേട്ടന് കമ്പനി കൊടുത്തു കൊണ്ട് അവിടെയുണ്ടെന്നു പറഞ്ഞു . എന്നെ ഫേസ് ചെയ്യാൻ ഉള്ള മടി കൊണ്ടാണ് വിനുവേട്ടൻ ഇങ്ങോട്ട് വരാഞ്ഞത് എന്ന് ഞാൻ ഓർത്തു. ഇടക്കെപ്പോഴോ ഇവരെല്ലാം സൂര്യേട്ടന്റെ ആൾക്കാർ ആണെന്നും എന്റേതായി ഇവിടെ ആരും ഇല്ലായെന്നുമുള്ള ചിന്ത ഉള്ളിലേക്ക് വന്നെങ്കിലും അതൊക്കെ അവരുടെ സ്നേഹം കൊണ്ട് അലിയിച്ചു കളയാൻ അവിടെയുള്ളവർക്ക് സാധിച്ചു. എല്ലാവരും പിരിഞ്ഞു വീട് ശാന്തമായപ്പോൾ ഞാനും ഉറങ്ങാൻ പോയി. സാധാരണ പെണ്ണുങ്ങളെ പോലെ നാളെ മുതൽ ഇവിടെയുള്ളവരെയെല്ലാം ഉപേക്ഷിച്ചു മറ്റൊരു വീട്ടിലേക്കു കോടിയേറേണ്ട ആവശ്യം ഇല്ലാത്തതു കൊണ്ട് ആ വിഷമം ഒന്നും ഉണ്ടായില്ല. നാളെയും ഇതേ ആൾക്കാർ..ഇതേ വീട്..

സൂര്യേട്ടനും കൂടെ ഉണ്ടാവുമെന്ന് മാത്രം. ഈ മുറിയിൽ നിന്നു സൂര്യേട്ടന്റെ മുറിയിലേക്ക് മാറും. അതിനപ്പുറം എന്റെ ജീവിതത്തിനു വലിയ മാറ്റം ഒന്നും വരാനില്ല എന്ന എന്റെ ചിന്ത എത്ര തെറ്റായിരുന്നു എന്ന് ഞാൻ മനസിലാക്കാൻ ഇരിക്കുന്നത്തെ ഉണ്ടായിരുന്നുള്ളു. നീലാംബരി ദേവിയുടെ പദ്ധതി അനുസരിച്ചു ശേഖരൻ മറുനാട്ടിൽ നിന്നെങ്ങോ കൊണ്ട് വന്ന ആൾക്കാരെ മാനവേന്ദ്രൻ സൂക്ഷമമായി നിരീക്ഷിച്ചു. കണ്ടിട്ട് എല്ലാവരും നല്ല ബലവന്മാർ ആണ്. ഈ നാട്ടിലെ ആർക്കും മഹിയെ തൊടനാവില്ല.. അതു പോലെ തന്നെ ഇവിടെ ഉള്ളവരെ ഒക്കെ അവനു നന്നായി അറിയാം. അതു കൊണ്ട് എന്ത് നടന്നാലും അവനും അവന്റെ ആളുകളും ഇവരുടെ ആളുകളുടെ പിറകെ ഉണ്ടാവും. പുറത്തു നിന്നു ആളെ വരുത്തിയാലേ കാര്യമുള്ളൂ എന്ന ചിന്തയിലാണ് അവരെ വരുത്തിയിരിക്കുന്നത്. "ശേഖരാ.. ഇവരോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടല്ലോ അല്ലേ? " " എല്ലാം പറഞ്ഞിട്ടുണ്ട് അങ്ങുന്നേ.. അവരെല്ലാം വേണ്ടത് പോലെ ചെയ്തോളും.. " " അറിയാലോ.. തീ വച്ചാണ് നമ്മൾ കളിക്കാൻ പോകുന്നത്.. എന്തെങ്കിലും ഒന്ന് പിഴച്ചാൽ പിന്നെ നീയും ഞാനും ഒന്നും ഉണ്ടാവില്ല.. മുചൂടും മുടിക്കും അവൻ.. " ശേഖരന്റെ കണ്ണുകളിൽ ഒരു നിമിഷം ഭയം വന്നു മൂടിയോ? " അങ്ങനൊന്നും ഉണ്ടാവില്ല അങ്ങുന്നേ..

മഹിയും വിഷ്ണുവും അവന്റെ കൂട്ടുകാരും എല്ലാം കല്യാണത്തിന്റെ തിരക്കിലാണ്..ആരും മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ല.. ഇത് തന്നെയാണ് നമ്മുടെ പദ്ധതി നടപ്പാക്കാൻ പറ്റിയ സമയം.." അയാൾ പറയുന്നതു കേട്ടു മാനവേന്ദ്രൻ ഒന്ന് തലയാട്ടി. " ശെരി.. എല്ലാം കഴിഞ്ഞിട്ട് എന്നെ നേരിട്ടു കണ്ടു കാര്യങ്ങൾ അറിയിച്ചാൽ മതി. ഫോണിൽ ഒന്നും വിളിക്കേണ്ട കേട്ടല്ലോ.. " മാനവേന്ദ്രൻ പോയിക്കഴിഞ്ഞപ്പോൾ ശേഖരൻ അയാൾ കൊണ്ട് വന്ന ആളുകളുടെ നേരെ തിരിഞ്ഞു.. " പറഞ്ഞത് ഓർമയുണ്ടല്ലോ? ഇന്ന് രാത്രി തന്നെ എല്ലാം കഴിയണം.. ഒരു പിഴവും സംഭവിക്കരുത്..അവൻ ഒരു കാരണവശാലും രക്ഷപെടാൻ പാടില്ല.. കാര്യം നടന്നു കഴിയുമ്പോൾ എന്റെ ഫോണിലേക്കു വിളിച്ചു അറിയിച്ചാൽ മതി. " പിറ്റേ ദിവസം രാവിലെ വളരെ നേരത്തെ തന്നെ കാളിയമ്മ എന്നെ വിളിച്ചുണർത്തി. ഞാനും കാളിയമ്മയും മണിയണ്ണനും അമ്പലത്തിൽ പോയി വന്നു. ഇനിയുള്ള ജീവിതം എങ്കിലും സന്തോഷവും സമാധാനവും നിറഞ്ഞത് ആയിരിക്കണമേയെന്നു മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു. അപ്പോഴും എന്തൊക്കെയോ മോശം സംഭവിക്കാൻ പോകുന്നു എന്ന ചിന്ത മനസ്സിനെ വല്ലാതെ പിടിച്ചു ഉലക്കുന്നുണ്ടായിരുന്നു. പിന്നെ സൂര്യേട്ടൻ പറഞ്ഞത് പോലെ അതെല്ലാം എന്റെ തോന്നലാണെന്നു വിചാരിച്ചു സമാധാനിക്കാൻ ശ്രമിച്ചു. വീട്ടിലെത്തിയപ്പോഴേക്ക് എന്നെ ഒരുക്കാനുള്ള ആള് എത്തിയിരുന്നു. എന്തോ ഒന്ന് കഴിച്ചു എന്ന് വരുത്തി വേഗം അവർക്കു മുന്നിൽ ഇരുന്നു കൊടുത്തു.

ഒരുക്കമെല്ലാം കഴിഞ്ഞപ്പോൾ തന്നെ ഏകദേശം ഇറങ്ങാനുള്ള സമയം ആയിരുന്നു. അച്ഛന്റെ ഫോട്ടോയുടെ മുന്നിൽ പ്രാർത്ഥിച്ചു, കാളിയമ്മക്കും മണിയണ്ണനും ദക്ഷിണ കൊടുത്തു ഞാൻ ഇറങ്ങി. ഞങ്ങളെ കൊണ്ട് പോകാൻ കാശിയേട്ടൻ വണ്ടിയുമായി വന്നിരുന്നു. ചാമുണ്ഡേശ്വരിയുടെ അമ്പലത്തിൽ ഞങ്ങളുടെ കല്യാണം കൂടാൻ വന്ന ആളുകളുടെ നല്ലൊരു തിരക്ക് തന്നെ ഉണ്ടായിരുന്നു. എന്നെ എല്ലാവരും നോക്കുന്നത് കണ്ടു എനിക്ക് ഒരു വല്ലായ്മ തോന്നി. പലരും വന്നു വർത്തമാനം ഒക്കെ പറഞ്ഞു. പിറകിൽ നിന്നു പരിചിതമായ ഒരു കൈ എന്റെ കയ്യിൽ പിടി മുറുക്കിയപ്പോൾ ആശങ്കകൾ ഒഴിഞ്ഞു.. ക്രീം കളർ കുർത്തയും കസവു മുണ്ടും ധരിച്ചു സുന്ദരനായ ഏട്ടനെ കുറച്ചു നേരം ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു പോയി. ഏട്ടനും എന്നെ മതി മറന്നു നോക്കി നിൽക്കുകയായിരുന്നു. " അതേയ്.. രണ്ടു പേരും കണ്ണും കണ്ണും നോക്കി കഴിഞ്ഞെങ്കിൽ നമുക്ക് അമ്പലത്തിലേക്ക് കയറമായിരുന്നു.. ഒരു കല്യാണം നടത്താൻ ഉണ്ടായിരുന്നു.. " കാശിയേട്ടന്റെ കളിയാക്കലിനൊപ്പം കൂട്ടച്ചിരി ഉയർന്നപ്പോൾ ഞങ്ങൾ ചമ്മലോടെ നോട്ടം പിൻവലിച്ചു. ശേഷം കൈ കോർത്തു പിടിച്ചു തന്നെ അകത്തേക്ക് നടന്നു. നടയിൽ എത്തിയപ്പോൾ അവിടെ മുല്ലപ്പൂ കൊണ്ട് അലങ്കരിച്ച ചെറിയ മണ്ഡപം കണ്ടു.

അതിനടുത്തായി നിൽക്കുന്ന സന്യാസിനി അമ്മയെ ഞാൻ ചിരിച്ചു കാണിച്ചപ്പോൾ അവരും വളരെ സന്തോഷത്തോടെ എന്നെ ചിരിച്ചു കാണിച്ചു. കാവി നിറത്തിൽ എങ്കിലും അവർ ഇന്ന് ഉടുത്തിരിക്കുന്നത് ഒരു പുതിയ സാരീ ആണെന്ന് എനിക്ക് തോന്നി. അവരെ മറികടന്നു ഞാനും സൂര്യേട്ടനും മണ്ഡപത്തിൽ കയറി ഇരുന്നു. ഞാൻ ചുറ്റും നോക്കി എനിക്ക് വേണ്ടപ്പെട്ടവർ എല്ലാം ചുറ്റും ഉണ്ടെന്നു ഉറപ്പു വരുത്തി .തിരുമേനി മഞ്ഞ ചരടിൽ കോർത്ത താലി സൂര്യേട്ടന്റെ കയ്യിൽ എടുത്തു കൊടുത്തു. നേരത്തെ കെട്ടിയ താലി രാവിലെ അമ്പലനടയിൽ വച്ചു തന്നെ കാളിയമ്മ മാറ്റിയിരുന്നു. പുതിയ താലി എല്ലാവരെയും സാക്ഷിയാക്കി സൂര്യേട്ടൻ എന്റെ കഴുത്തിൽ കെട്ടുമ്പോൾ നല്ലൊരു ജീവിതത്തിനായി ഞാൻ കണ്ണുകളടച്ചു പ്രാർത്ഥിച്ചു. എല്ലാവരും പുഷ്പവൃഷ്ടികളോടെ ഞങ്ങളെ ആശംസിച്ചു. അതിനു ശേഷം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പൂമാല അണിയിച്ചു. മാല അണിയിക്കുമ്പോൾ സൂര്യേട്ടൻ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. വിവാഹ നിശ്ചയ ചടങ്ങ് ഒന്നും ഇല്ലാതിരുന്നതിനാൽ അവിടെ വച്ചു തന്നെ ഞങ്ങൾ അന്യോന്യം പേരെഴുതിയ മോതിരവും കൈമാറി. ശേഷം എന്റെ അച്ഛന്റെ സ്ഥാനത്തു നിന്നു മണിയണ്ണൻ എന്നെ സൂര്യേട്ടന്റെ കയ്യിൽ പിടിച്ചു ഏല്പിച്ചു .

ആ കൈകൾ എന്റെ കയ്യിൽ മുറുകിയപ്പോൾ എനിക്ക് അറിയാമായിരുന്നു ഈ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും എനിക്കൊപ്പം സൂര്യേട്ടൻ ഉണ്ടാവുമെന്ന്. മണ്ഡപത്തിനു ചുറ്റും സൂര്യേട്ടന്റെ കയ്യും പിടിച്ചു മൂന്നു വട്ടം വലം വച്ചു ഞാൻ അദേഹത്തിന്റെ ഭാര്യ ആയി. ശേഷം ഞങ്ങൾ ചാമുണ്ഡേശ്വരിയുടെ മുന്നിൽ പോയി പ്രാർത്ഥിച്ചു. തിരിച്ചിറങ്ങി ഒരുമിച്ചു തന്നെ അമ്പലത്തിനു പ്രദക്ഷിണവും വച്ചു. രുദ്രാക്ഷ മരത്തിനടുത്തു എത്തിയപ്പോൾ സന്യാസിനി അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു ഒരു പൊതി എന്റെ കയ്യിൽ വച്ചു തന്നു.. " എന്റെ വിവാഹാസമ്മാനം " അമ്പരപ്പോടെ ഞങ്ങൾ അവരെ നോക്കി. ഇത് ഞാൻ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. അപ്പോഴേക്കും അവിടുന്ന് ആളുകൾ വിളി തുടങ്ങിയത് കൊണ്ട് ഒന്നും ചോദിക്കാൻ നിൽക്കാതെ ഞാൻ അതും കൊണ്ട് സൂര്യേട്ടനോടൊപ്പം നടന്നു. കുറച്ചു കപ്പിൾ ഫോട്ടോസ് എടുത്തു കഴിഞ്ഞപ്പോഴേക്കും ആളുകൾ എല്ലാവരും ചുറ്റും കൂടി. എനിക്കറിയാത്ത കുറെ ആളുകൾ ഉണ്ടായിരുന്നു. അവരെ ഒക്കെ സൂര്യേട്ടൻ എനിക്ക് പരിചയപ്പെടുത്തി തന്നു. അതു കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ കഴിക്കാൻ പോയി. ഇപ്പോഴത്തെ എല്ലാ കല്യാണങ്ങൾക്കും ഉള്ള പോലെ കാശിയേട്ടനും കൂട്ടരും ഞങ്ങളെ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും വായിൽ വച്ചു കൊടിപ്പിക്കുകയൊക്കെ ചെയ്തു.

അതെല്ലാം ഫോട്ടോഗ്രാഫർ ഭംഗിയായി തന്റെ ക്യാമെറയിൽ പകർത്തി. അതു കഴിഞ്ഞു വീട്ടിലേക്കു പോകാനായി ഇറങ്ങി കാറിന്റെ അടുത്തേക്ക് നടക്കുമ്പോഴാണ്.. " അതേ.. എങ്ങോട്ടാ? നിങ്ങൾ കാറിൽ അല്ല പോകുന്നത്" കാശിയേട്ടൻ പറഞ്ഞപ്പോൾ ഞങ്ങൾ സംശയത്തോടെ അങ്ങേരെ നോക്കി.. എന്താണാവോ ഇനി ഇവരുടെ പ്ലാനിങ്.. " നിങ്ങള്ക്ക് പോകാനുള്ള വണ്ടി ദാ വരുന്നു.. . " കാശിയേട്ടൻ ചൂണ്ടിയാ വശത്തേക്ക് നോക്കിയപ്പോൾ കണ്ടു മുന്നിൽ ചെറിയൊരു മുല്ല മാല ചാർത്തിയ ഒരു പുതിയ ബുള്ളറ്റ്റും ഓടിച്ചു വരുന്ന വിഷ്ണുവേട്ടനെ. വിഷ്ണുവേട്ടൻ വണ്ടി ഞങ്ങളുടെ മുന്നിലായി നിർത്തി. എന്നിട്ട് അതിൽ നിന്നിറങ്ങി കീ സൂര്യേട്ടന് നേരെ നീട്ടി.. " എന്റെ വക.. നിങ്ങള്ക്ക്.. " സൂയേട്ടൻ ഒന്നും പറയാതെ വിഷ്ണുവേട്ടനെ കെട്ടി പിടിക്കുമ്പോൾ ഞാനും ഒന്ന് കൂടി അറിയുകയായിരുന്നു അവരുടെ ബന്ധം. " സമയം കളയണ്ട.. ഇറങ്ങാം..വീട്ടിൽ കയറാൻ മുഹൂർത്തമുണ്ട് " മണിയണ്ണൻ ഓര്മിപ്പിച്ചപ്പോൾ എല്ലാവരും പോകാനായി ഇറങ്ങി. സൂര്യേട്ടൻ ബുള്ളറ്റിൽ കയറിയപ്പോൾ ഞാൻ സാരീ ഒതുക്കി പിടിച്ചു പതുക്കെ അതിന്റെ പിറകിൽ കയറി . ഏട്ടൻ വണ്ടി എടുക്കാൻ തുടങ്ങിയതും അമ്പലമുറ്റത്തേക്ക് രണ്ടു പോലീസ് വണ്ടികൾ വന്നു നിന്നതും ഒരുമിച്ചായിരുന്നു.

എല്ലാവരും നോക്കി നിൽക്കെ അതിൽ നിന്നു കുറച്ചു പോലീസുകാർ ഇറങ്ങി.. " പോലിസ് കമ്മീഷണർ ആര്യൻ.. " സൂര്യേട്ടൻ പതുക്കെ പറയുന്നത് ഞാൻ കേട്ടു.. ഞാനും പോലീസുകാരെ നോക്കി. അന്ന് ഞാൻ ഹോസ്പിറ്റലിൽ വന്ന ഒന്ന് രണ്ടു പൊലീസുകാരെ ഞാൻ തിരിച്ചറിഞ്ഞു. അവരോടൊപ്പം ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന ഉയരം കൂടിയ സുന്ദരനായ ചെറുപ്പകാരനായ പോലീസുകാരനാവും പോലിസ് കമ്മീഷണർ ആര്യൻ എന്ന് ഞാൻ ഊഹിച്ചു.അപ്പോഴേക്കും കാശിയേട്ടനും വിഷ്ണുവേട്ടനും ഞങ്ങളുടെ അടുത്തു എത്തിയിരുന്നു. ഞങ്ങൾ ബുള്ളറ്റിൽ നിന്നു ഇറങ്ങി നിന്നു. ആര്യൻ ഞങ്ങളുടെ മുന്നിൽ എത്തിയപ്പോൾ അയാൾ സൂര്യേട്ടന് നേരെ കൈ നീട്ടി.. " കോൺഗ്രാറ്റ്ലഷൻസ്.. " ഒരു സംശയത്തോടെ സൂര്യേട്ടനും അയാളുടെ കൈ പിടിച്ചു.. " താങ്ക് യു.. " ഒരു ചിരിയോടെ ആര്യൻ എന്റെ നേരെ തിരിഞ്ഞു.. " കോൺഗ്രാറ്റ്ലഷൻസ് പാർവണ .. " " താങ്ക് യു സാർ.. " ആര്യൻ വീണ്ടും സൂര്യേട്ടന് നേരെ തിരഞ്ഞപ്പോൾ അയാളുടെ മുക്കാത്തതു ഗൗരവം നിറഞ്ഞിരുന്നു.. " ഇന്ന് നിങ്ങളുടെ ലൈഫിലെ നല്ലൊരു ദിവസം ആണെന്ന് എനിക്കറിയാം.. അതിങ്ങനെ ഒരു ചീത്ത ദിവസം ആകേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്.. പക്ഷെ എനിക്കിപ്പോൾ നിങ്ങളെ അറസ്റ്റ് ചെയ്തേ പറ്റൂ.. " " അറസ്റ്റ് ചെയ്യാനോ? എന്തിനു? " " നിങ്ങളുടെ കൂട്ടുകാരൻ വിനീത് പ്രഭാകരനെ കൊലപെടുത്തിയതിനു.. " " വിനുവിനെയോ? " ഒരു വല്ലാത്ത ഞെട്ടലോടെ സൂര്യേട്ടനും കാശിയേട്ടനും അന്യോന്യം നോക്കുന്നത് ഞാൻ കണ്ടു. ഞാനും ആ വാർത്ത കേട്ട മരവിപ്പിൽ ആയിരുന്നു. " വിനുവേട്ടൻ കൊല്ലപ്പെട്ടോ? ".......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story