സൂര്യപാർവണം: ഭാഗം 23

surya parvanam

രചന: നിള നിരഞ്ജൻ

നിങ്ങളുടെ കൂട്ടുകാരൻ വിനീത് പ്രഭാകരനെ കൊലപെടുത്തിയതിനു.. " " വിനുവിനെയോ? " ഒരു വല്ലാത്ത ഞെട്ടലോടെ സൂര്യേട്ടനും കാശിയേട്ടനും അന്യോന്യം നോക്കുന്നത് ഞാൻ കണ്ടു. ഞാനും ആ വാർത്ത കേട്ട മരവിപ്പിൽ ആയിരുന്നു. " വിനുവേട്ടൻ കൊല്ലപ്പെട്ടോ? " " സാർ എന്തൊക്കെയാണ് ഈ പറയുന്നത്? വിനുവിന് എന്ത് പറ്റി എന്നാണ്? " ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ സൂര്യേട്ടൻ അങ്ങേരോട് ചോദിച്ചു.. " വിനു ഇന്നലെ രാത്രി കുത്തേറ്റു മരിച്ചു. അടിപിടി നടന്നതിന്റെ ലക്ഷണം ഒക്കെ ശരീരത്തു കാണാനുണ്ട്. " " വിനു കൊല്ലപ്പെട്ടെന്ന് കരുതി അതു ഉടനെ മഹിയാണ് ചെയ്തതെന്ന് നിങ്ങൾ എങ്ങനെയാണ് ഉറപ്പിച്ചത്? " വിഷ്ണുവാണ് അതു ചോദിച്ചത്. ആര്യൻ മെല്ലെ വിഷ്ണുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.. " ഈ നിൽക്കുന്ന പാർവണയെ തട്ടിക്കൊണ്ടു പോകാൻ സന്ദീപിന് സഹായം ചെയ്തു കൊടുത്തത് വിനീതാണ്. അതു ഇവിടെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തന്നോട് വിശ്വാസവഞ്ചന നടത്തിയ കൂട്ടുകാരനോട് മഹിക്ക് ദേഷ്യമുണ്ടാവാൻ സാധ്യത ഇല്ലേ? പിന്നെ മഹിക്ക് ദേഷ്യം വന്നാൽ എങ്ങനെയാണെന്ന് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമുണ്ടോ? അതൊക്കെ പോട്ടെ.. മറ്റൊരു കാര്യം.. ഇന്നലെ രാത്രി എട്ടിനും പത്തിനും ഇടയിലുള്ള സമയത്തു മഹി എവിടെയായിരുന്നു? "

സൂര്യേട്ടന്റെ നേരെ തിരിഞ്ഞു കൊണ്ട് ആര്യൻ ചോദിച്ചു.. " ഞാൻ കാശിയുടെ വീട്ടിൽ ഉണ്ടായിരുന്നു.. " " അപ്പോൾ അവിടെ വേറെ ആരൊക്കെ ഉണ്ടായിരുന്നു? " " വിനു മാത്രമേ ഉണ്ടായിരുന്നുള്ളു.. " " ബാക്കി എല്ലാവരും എവിടെയായിരുന്നു? " " ബാക്കി എല്ലാവരും കല്യാണ പുടവ കൊടുക്കാൻ പാർവണയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.. " "പുടവ കൊടുക്കാൻ പോയവർ തിരികെ വന്നപ്പോൾ വിനു മഹിയുടെ അടുത്തു തന്നെ ഉണ്ടായിരുന്നോ? " " ഇല്ല.. അവർ വരുന്നത്തിനു കുറച്ചു മുന്നേ അവൻ എന്റടുത്തുന്നു ഇറങ്ങി.. " " അപ്പോൾ നിങ്ങൾ ഒരുമിച്ചുണ്ടായിരുന്ന സമയത്തു നിങ്ങൾ അവിടെ തന്നെ ഉണ്ടായിരുന്നോ, അവിടെ എന്തെങ്കിലും നടന്നോ എന്നൊന്നും ആർക്കും അറിയില്ല.. അതിനു ശേഷം വിനുവിനെ ആരും കണ്ടിട്ടും ഇല്ല. ശരിയല്ലേ? " ആര്യൻ ചോദിച്ചപ്പോൾ സൂര്യേട്ടൻ ആലോചനയോടെ തലയാട്ടി. " ശെരി.. അപ്പോൾ നിങ്ങൾ പറഞ്ഞത് തന്നെ വച്ചു ഏകദേശം രണ്ടു മണിക്കൂറോളം മഹിയും വിനുവും ഒരുമിച്ചുണ്ടായിരുന്നു.. വിനു കൊല്ലപ്പെട്ടിരിക്കുന്നത് ഒൻപതു മണിക്കും പതിനൊന്നു മണിക്കും ഇടയിൽ ആകാമെന്നാണ് നിഗമനം. മഹിക്ക് വിനുവിനോട് വൈരാഗ്യം തോന്നാനുള്ള കാരണവും ഉണ്ട്.. അപ്പോൾ പിന്നെ നിങ്ങളാണ് ഇതിനു പിന്നിൽ എന്ന് ഞങ്ങൾ വിചാരിക്കുന്നതിൽ തെറ്റുണ്ടോ? "

" ഇത്രയും കാര്യം കൊണ്ട് മാത്രം ഞാനാണ് വിനുവിന്റെ കൊലപാതകി എന്ന് നിങ്ങള്ക്ക് പറയാൻ കഴിയില്ല എന്ന് ഞാൻ പറയുന്നതിൽ തെറ്റുണ്ടോ? " ആര്യന്റെ ചോദ്യത്തിന് സൂര്യേട്ടൻ ഒരു മറുചോദ്യമാണ് തിരികെ ചോദിച്ചത്.. " അതു മാത്രമല്ലലോ മഹി.. വിനുവിന്റെ ബോഡി ഞങ്ങൾക്ക് കിട്ടിയത് നിങ്ങളുടെ വീട്ടിൽ നിന്നു തന്നെയാണ് .. " " എന്റെ വീട്ടിൽ നിന്നോ? " " കൃഷ്ണപുരത്തിന്റെ അതിർത്തിയിൽ നിങ്ങള്ക്ക് സ്വന്തമായി ഒരു പറമ്പും അതിൽ ചെറിയൊരു വീടും ഇല്ലേ.. ആ വീടിന്റെ തിണ്ണയിലാണ് വിനുവിന്റെ ബോഡി കിടന്നിരുന്നത്.. ഇന്നലെ രാത്രി നിങ്ങളോട് യാത്ര പറഞ്ഞു സ്വന്തം വീട്ടിലേക്കു പോയ വിനു എങ്ങനെ നിങ്ങളുടെ പേരിലുള്ള സ്ഥലത്തു എത്തിപ്പെട്ടു? " കാര്യങ്ങൾ ഞാൻ വിചാരിച്ചിടത്തു തന്നെ എത്തിപ്പെട്ടിരിക്കുന്നു. ഇത് സൂര്യേട്ടനെ കുടുക്കാനുള്ള ചൂണ്ട തന്നെ.. അപ്പോഴേക്കും സൂര്യേട്ടൻ പറഞ്ഞു തുടങ്ങിയിരുന്നു " ഓ.. അപ്പോൾ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പു.. ഒന്നുമില്ലെങ്കിലും സാർ ഒരു IPS കാരൻ അല്ലേ? ഇത് കേൾക്കുമ്പോൾ തന്നെ മനസിലാവില്ലേ ഇത് എനിക്കുള്ള ഒരു ട്രാപ് ആണെന്ന്.. ബോധമുള്ള ആരെങ്കിലും ഒരാളെ കൊന്നിട്ട് അയാളുടെ വീട്ടിൽ തന്നെ ഇട്ടിട്ടു പോരുമോ? ഒന്നൂല്ലെങ്കിലും അയാളുടെ ബോഡി അവിടുന്ന് മാറ്റാണെങ്കിലും ശ്രമിക്കിലെ? "

സൂര്യേട്ടൻ ആലോചനയോടെ എന്നാൽ ശാന്തനായി ചോദിച്ചു.. " അതിപ്പോൾ നിങ്ങൾ കൊല്ലാൻ പ്ലാൻ ചെയ്തത് അല്ലെങ്കിലോ? പെട്ടെന്നുള്ള ഒരു ദേഷ്യത്തിൽ പറ്റി പോയതും ആവാമല്ലോ? പിന്നെ ആ വീട് ഒരു റിമോട്ട് ലോക്കഷനിൽ അല്ലേ സ്ഥിതി ചെയ്യുന്നത്? അപ്പോൾ പിന്നെ ബോഡി അത്ര പെട്ടെന്ന് കണ്ടുപിടിക്കപ്പെടില്ലയെന്നു നിങ്ങൾ കരുതി കാണും.. അതു പോലെ മരണം നടന്നു എന്ന് പറയപ്പെടുന്ന സമയത്തു വിനു നിങ്ങളോടൊപ്പം ആയിരിന്നു അതും ഒറ്റയ്ക്ക്.. പിന്നെ അയാളെ ആരും കണ്ടിട്ടും ഇല്ല.. ആ സ്ഥിതിക്ക് മഹി തന്നെയാണ് ഞങ്ങളുടെ പ്രധാന സസ്‌പെക്ട് . അതു കൊണ്ട് തന്നെ ഞങ്ങൾക്ക് നിങ്ങളെ കൊണ്ട് പോയെ പറ്റൂ.. " " വിനുവേട്ടന്റെ ബോഡി സൂര്യേട്ടന്റെ വീട്ടിലെ പറമ്പിൽ ഉണ്ടെന്നു നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്? " അത്രയും നേരം ഒന്നും മിണ്ടാതെ എല്ലാം കേട്ടു കൊണ്ട് ഇരിക്കുകയായിരുന്ന ഞാൻ പെട്ടെന്ന് കയറി ചോദിച്ചു.. ആര്യനും സൂര്യേട്ടനും ഒരു പോലെ എന്റെ മുഖത്തേക്ക് നോക്കി.. " ഇന്ന് രാവിലേ ഇവിടുത്തെ സ്റ്റേഷനിലേക്ക് ഒരു ഫോൺ കാൾ വന്നതാണ്.. അയാൾ ആ വീടിന്റെ മുന്നിൽ കണ്ടതാണെന്ന് പറഞ്ഞു.. " " എന്നിട്ട് സാർ ആ സ്ഥലത്തു പോയിരുന്നോ? അവിടെ പോയിരുന്നെങ്കിൽ അപ്പോഴേ സാറിന് മനസിലായെനെ ആ ഫോൺ വിളിച്ചു പറഞ്ഞ ആൾ കള്ളൻ ആണെന്ന്..

ഒന്നാമത് ആ സ്ഥലത്തു കൂടി അധികം അങ്ങനെ ആളുകൾ പോവാറില്ല. പിന്നെ സൂര്യേട്ടന്റെ പേരിലുള്ള ആ പറമ്പിലെ വീടോ അതിന്റെ മുൻവശമോ ആ റോഡിൽ നിന്നു ആർക്കു നോക്കിയാലും കാണാൻ കഴിയില്ല.. പിന്നെ എങ്ങനെയാണ് വഴിയേ പോയ ഒരാൾ അതു കണ്ടു എന്ന് പറയുന്നത്? " എന്റെ വാദം കേട്ടു ആര്യൻ ഒന്ന് ചിരിച്ചു.. " അതിനു വഴിയേ പോയ ഒരാളാണ് കണ്ടതെന്നു ആര് പറഞ്ഞു.. ആ പറമ്പിൽ പണിക്കു വന്ന ആളാണ് വിളിച്ചത്.. ആ ആളോട് അവിടെ ഒക്കെ വന്നു വൃത്തിയാക്കാൻ പറഞ്ഞത് പാർവണയുടെ ഭർത്താവ് തന്നെയാണ്.. " ഞാൻ സൂര്യേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ സൂര്യേട്ടൻ അതെയെന്ന് തലയാട്ടി. ഞാൻ വീണ്ടും ആര്യനു നേരെ തിരിഞ്ഞു. " അങ്ങനെ ആ വീടിനു മുന്നിൽ കണ്ടു എങ്കിൽ തന്നെയും അതു സൂര്യേട്ടൻ തന്നെ ചെയ്തതാണെന്നു നിങ്ങൾ പറയുന്നതിൽ എന്ത് ന്യായമാണ്? " " ഞങ്ങൾ മാത്രമല്ല.. ആ പറമ്പിനു അടുത്തുള്ളവരോടൊക്കെ ചോദിച്ചപ്പോൾ മഹി ഇന്നലെ രാത്രി ആ പറമ്പിലേക്ക് വിനുവിനെയും വിളിച്ചു കൊണ്ട് പോകുന്നത് കണ്ട ഒരു ദൃക്‌സാക്ഷിയെ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.. പാർവണയുടെ ഭർത്താവ് ഒരു ഭീകരൻ ആയതു കൊണ്ട് താത്ക്കാലം അയാളുടെ സുരക്ഷയെ കരുതി തന്നെ അതു ആരാണെന്നു പറയാൻ ഞങ്ങൾക്ക് സാധ്യമല്ല..

ഇനി മഹിയെ എനിക്ക് കൊണ്ട് പോകാമല്ലോ അല്ലേ? " ആര്യൻ എന്നോട് ചോദിച്ചപ്പോൾ എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു.. " ഞങ്ങളുടെ മഹിയെ അങ്ങനങ്ങു കൊണ്ട് പോകാൻ പറ്റത്തില്ലലോ സാറെ? " ആര്യന്റെ പിറകിൽ നിന്നു ശബ്ദം കേട്ടു അങ്ങോട്ട്‌ നോക്കിയ ഞാൻ അക്ഷരർത്ഥത്തിൽ ഞെട്ടി തരിച്ചു പോയി. കല്യാണം കൂടാൻ വന്നവരും പിന്നെ കൃഷ്ണപുരത്തുള്ള ഒട്ടു മിക്ക ആളുകളും അവിടെ തടിച്ചു കൂടിയിട്ടുണ്ട്.. അവരെല്ലാം ഒരു വലയം പോലെ ഞങ്ങൾക്ക് ചുറ്റും നിൽക്കുകയാണ്..ആര്യനും അയാളുടെ കൂടെ വന്ന പോലീസുകാരും അതേ ഞെട്ടലിൽ തന്നെയാണ്.. " മഹി തെറ്റ് ചെയ്തുന്നു വിശ്വസിക്കാൻ നിങ്ങൾ ഇപ്പോൾ പറഞ്ഞ ഈ മുട്ടപോക്ക് ന്യായമൊന്നും ഞങ്ങൾക്ക് പോരല്ലോ സാറെ.. ഞങ്ങൾക്ക് വിശ്വാസമാവാതെ അവനെ ഇവിടുന്നു എങ്ങോട്ടും വിടാൻ ഞങ്ങൾ സമ്മതിക്കുകയും ഇല്ല.. " " മര്യാദക്ക് നിങ്ങൾ പ്രശ്നമുണ്ടാക്കാതെ പോകണം.. ഞങ്ങളുടെ ജോലി തടസപ്പെടുത്തരുത്.. നിങ്ങൾ പ്രശ്നമുണ്ടാക്കാൻ നോക്കിയാൽ ഞങ്ങൾക്കും ബലം പ്രയോഗിക്കേണ്ടി വരും.. " ആദ്യത്തെ ഞെട്ടലിൽ നിന്നു മോചിതനയപ്പോൾ ആര്യൻ പറഞ്ഞു. പക്ഷെ അതൊന്നും കേൾക്കുക പോലും ചെയ്യാത്ത മട്ടിൽ ആൾക്കാർ അവിടെ തന്നെ കൂടി നിന്നു.. " സാറേ നമ്മൾ കുറച്ചു പേരെ കൊണ്ട് ഇത്രയും പേരെ അടിച്ചോടിക്കാനും ഒന്നും സാധിക്കില്ല..

പിന്നെ പുറത്തു നിന്നു ഫോഴ്സിനെ കൊണ്ട് വന്നു ചെയ്യിപ്പിക്കാമെന്നു വച്ചാൽ അതു വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാക്കും.. എങ്ങനെയെങ്കിലും നല്ല രീതിയിൽ പറഞ്ഞു ഇവനെ ഇവിടുന്നു കൊണ്ട് പോകുന്നതാണ് ബുദ്ധി.. " കൂടെയുള്ള പോലീസുകാരൻ ആര്യനെ ഉപദേശിക്കുന്നത് കേട്ടു.. " എന്താ സാറേ.. മഹിയെ കൊണ്ട് പോകുന്നില്ലേ? " വിഷ്ണുവേട്ടൻ ആര്യനെ കളിയാക്കി കൊണ്ട് ചോദിച്ചു.. അയാൾ ദേഷ്യത്തോടെ ഞങ്ങളെയൊക്കെ നോക്കി. " സാറിനു ഇപ്പൊൾ ഒരു കാര്യം മനസിലായില്ലേ?.. ഇവിടുന്നൊരാളെ കൊണ്ട് പോകണം എങ്കിൽ അതിനി ആരാണെങ്കിലും ഞങ്ങൾ തന്നെ വിചാരിക്കണം.. അല്ലാതെ തോളിൽ തൂക്കിയിരിക്കുന്ന ഈ നക്ഷത്രങ്ങൾ ഒന്നും പോരാ..തത്കാലം സാറിന്റെ മാനം ഞങ്ങൾ രക്ഷിച്ചു തരാം.. " സൂര്യേട്ടൻ ചിരിയോടെ പറഞ്ഞിട്ട് വിഷ്ണുവേട്ടന് നേരെ തിരിഞ്ഞു.. " ഏട്ടാ.. ഇവരോടൊക്കെ ഒന്ന് മാറാൻ പറഞ്ഞേക്ക്.. ഏട്ടൻ പറഞ്ഞാലേ ഇവർ അനുസരിക്കൂ.. സാർ എന്നെ കൊണ്ട് പോയി ലോക്ക് അപ്പിൽ അടക്കട്ടെ.. ബാക്കി എന്താവുണെന്നു നോക്കാമല്ലോ? " എന്നിട്ടു എന്റെ നേരെ തിരിഞ്ഞു.. " എന്നെ ഇവർ കൊണ്ട് പോയിന്നു പറഞ്ഞു വെറുതെ കരഞ്ഞു ബഹളം വച്ചു ഭക്ഷണവും കഴിക്കാതെ ഇരുന്നേക്കരുത്.. ഇവർ എന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല.. പിന്നെ ഇതൊക്കെ നിന്റെ ഭാഗ്യദോഷം കൊണ്ട് സംഭവിച്ചതാണെന്ന തോന്നലും വേണ്ട.. ഇതിനൊക്കെ പിന്നിൽ ആരാണെന്നു എനിക്കറിയാം.. അതിനുള്ളത് പാർസൽ ആയി ഞാൻ അവിടെ എത്തിക്കുന്നുണ്ട്..

ഒത്തിരി താമസിക്കാതെ ഞാൻ ഇങ്ങു വരും.. അതു വരെ എന്റെ പാറുക്കുട്ടി ധൈര്യമാട്ടിരിക്കണം കേട്ടോ.. " എന്നെ ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു കൊണ്ട് സൂര്യേട്ടൻ പറഞ്ഞപ്പോൾ ഒരു വല്ലാത്ത ധൈര്യം എനിക്കും തോന്നുന്നുണ്ടായിരുന്നു.. സൂര്യേട്ടൻ കാശിയേട്ടന്റെ നേരെ തിരിഞ്ഞു.. " വിനുവിന്റെ മേൽ എപ്പഴും ഒരു കണ്ണ് വേണമെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ? എന്താടാ പറ്റിയത്? " " ഉണ്ടായിരുന്നെടാ.. അവന്റെ വീടിനു ചുറ്റും എപ്പോഴും നമ്മുടെ ആളുകൾ ഉണ്ടായിരുന്നു. ഇന്നലെ രാത്രി അവൻ നിന്റെ കൂടെ ആയിരുന്നത് കൊണ്ടാണ് ആരും അത്ര ശ്രദ്ധിക്കാതെ പോയത്.. നിന്റെ അടുത്തുന്നു അവൻ അവന്റെ വീട്ടിലേക്കു തിരിച്ചു പോകുന്ന വഴി ആയിരക്കാം അവനെ അവർ അപകടപെടുത്തിയത് .. " " ഹ്മ്മ്.. എന്നാലും എന്നോടുള്ള പ്രതികാരത്തിന്റെ പേരിൽ പാവം നമ്മുടെ വിനു.. " അതു പറയുമ്പോൾ മാത്രം സൂര്യേട്ടന്റെ കണ്ണുകളിൽ വേദന നിഴലിച്ചു.. "ഞാൻ ഇല്ലെങ്കിലും അവിടുത്തെ എല്ലാ ആവശ്യത്തിനും നീയും നമ്മുടെ പിള്ളേരും ഉണ്ടാവണം.. മാഷിനും ടീച്ചറിനും എപ്പോഴും സഹായത്തിനു.. ഒന്നിനും ഒരു കുറവ് വരുരുത്‌.. " ഒന്ന് പറഞ്ഞു നിർത്തി സൂര്വേട്ടൻ അവിടെ ആൾക്കാരോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന വിഷ്ണുവേട്ടനെ നോക്കി.. " നീ വിഷ്ണുവേട്ടനോടൊപ്പം വേണം എപ്പോഴും.. ഏട്ടനെ എവിടെയും ഒറ്റയ്ക്ക് വിടരുത്.. ഞാൻ ഇവിടെ ഇല്ലാത്തതു നോക്കി ആൾക്കാർ കാത്തിരിപ്പുണ്ടാവും.. " സൂര്യേട്ടൻ പറഞ്ഞപ്പോൾ കാശിയേട്ടൻ മനസിലായെന്നു തലയാട്ടി.. "

എന്നാൽ പോയേക്കാം സാറേ.. " എന്നെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു സൂര്യേട്ടൻ ആര്യനോടൊപ്പം നടന്നു.ഞങ്ങളും പിറകെ നടന്നു. അവിടെ കൂടി നിന്ന ആൾക്കാർ രണ്ടു വശത്തേക്കും മാറി തന്നു . വിഷ്ണു ദത്തൻ പറഞ്ഞാൽ പിന്നെ കൃഷ്ണപുരത്തു കാർക്ക് മറുവാക്കില്ലലോ? ആളുകൾ മാറി കഴിഞ്ഞപ്പോഴാണ് ഞാൻ കണ്ടത് പോലിസ് ജീപ്പിന് സമീപത്തായി തങ്ങളുടെ കാറിൽ ചാരി നിന്നു കാഴ്ച കാണുന്ന നീലാംബരി ദേവിയും അവരുടെ ഭർത്താവും. അവരുടെ മുഖത്തെ വിജയലഹരിയിലുള്ള ചിരി എല്ലാം പറഞ്ഞു തരുന്നുണ്ടായിരുന്നു. ആദ്യമായി എനിക്ക് അവരോടു വെറുപ്പ്‌ തോന്നി. അവരുടെ കാര്യം നടക്കാൻ ഒരു ചെറുപ്പക്കാരന്റെ ജീവൻ ബലി കൊടുത്തിരിക്കുന്നു. പണവും അധികാരവും ഒരു മനുഷ്യന്റെ മനസ്സിനെ എത്ര മാത്രം വിഷം ആകുമെന്ന് വീണ്ടും മനസ്സിലാക്കുകയായിരുന്നു.സൂര്യേട്ടനും അവരെ കണ്ടെന്നു വ്യക്തം.. അങ്ങോട്ട്‌ നോക്കുന്നുണ്ട്... ഞങ്ങൾ അടുത്തെത്തിയപ്പോൾ അവർ സൂര്യേട്ടന് മുന്നിൽ വന്നു നിന്നു.. " എന്താ മഹി.. എങ്ങനുണ്ട് നിന്റെ വിവാഹാസമ്മാനം? നീ വിളിച്ചില്ലെങ്കിലും നിന്റെ കല്യാണത്തിന് വന്നു നിനക്കൊരു സമ്മാനം താരത്തെ ഇരിക്കാൻ ഞങ്ങളെ കൊണ്ട് പറ്റുമോ? " മാനവേന്ദ്രൻ ചോദിച്ചപ്പോൾ സൂര്യേട്ടൻ ചിരിച്ചു.

" സമ്മാനം എനിക്ക് വല്ലാതങ്ങു ഇഷ്ടപ്പെട്ടു.. പിന്നെ കല്യാണത്തിന് വിളിച്ചിട്ട് വന്നവരാണെങ്കിലും വിളിക്കാതെ വന്നവരാണെങ്കിലും അവർക്കു വയറു നിറയെ നല്ലയൊരു സദ്യ കൊടുക്കണം എന്നതാണ് എന്റെ രീതി.. ഇന്നത്തെ സദ്യ തീർന്നു പോയി മാനവേന്ദ്ര.. അതു കൊണ്ട് തനിക്കും തന്റെ പെമ്പിറന്നോർക്കും ഉള്ള സദ്യ മഹി തിരികെ വന്നിട്ട് വയറു നിറയെ തരുന്നുണ്ട്.. താൻ കാത്തിരുന്നോ.. " പോലിസ് ജീപ്പിലേക്ക് കയറിക്കൊണ്ട് സൂര്യേട്ടൻ പറഞ്ഞപ്പോൾ ഭാര്യയുടെയും ഭർത്താവിന്റെയും മുഖം ഒരു പോലെ വിളറി.. എന്റെ പ്രാണനും കൊണ്ട് ആ ജീപ്പ് അമ്ബലമുറ്റം കടന്നു പോകുന്നത് കണ്ടിട്ടും എന്റെ കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണീർ പോലും വന്നില്ല..ഏട്ടൻ പറഞ്ഞത് പോലെ ധൈര്യമായി ഇരിക്കണം. കരഞ്ഞു നിലവിളിച്ചു ഇരിക്കാൻ പാടില്ല.. സൂര്യമഹാദേവന്റെ ഭാര്യ ഇനിയും ഇത് പോലെ പലതും നേരിടേണ്ടി വരും എന്ന് എനിക്ക് ഇപ്പോൾ അറിയാം.. എന്റെ അടുത്തേക്ക് ആരോ വരുന്നത് പോലെ തോന്നിയപ്പോഴാണ് ഞാൻ ജീപ്പ് പോയ വഴിയിൽ നിന്നും കണ്ണുകൾ മാറ്റി നോക്കിയത്..അടുത്തു വന്നു എന്നെ അടിമുടി നോക്കി നിൽക്കുന്ന നീലാംബരി ദേവി.. " നിനോടെനിക്ക് സഹതാപമുണ്ട്.. ഇതിപ്പോ രണ്ടാം തവണ അല്ലേ നിനക്ക് ഇങ്ങനെ ഒരുങ്ങി കെട്ടി മണ്ഡപത്തിൽ നിന്നു ഒറ്റക്കു ഇറങ്ങി പോകേണ്ടി വരുന്നത്.. ചില പെണ്ണുങ്ങളുടെ വിധി അങ്ങനെയാണ്.. ഭർതൃ സുഖം അവർക്കു വിധിച്ചിട്ടുണ്ടാവില്ല.. " അതു കേട്ടപ്പോൾ ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു..

" അതു ശരിയാ.. എനിക്ക് ചിലപ്പോൾ നിങ്ങൾ പറഞ്ഞത് പോലെ ജീവിക്കാൻ ആയിരിക്കും വിധി. പക്ഷെ ആ വിധി അത്ര ചീത്ത വിധിയാണെന്നു കരുതാനും കഴിയില്ല. കാരണം ആ വിധി കാരണമാണ് സന്ദീപ് എന്ന മൃഗത്തിന്റെ ഭാര്യയാവാതെ ഞാൻ രക്ഷപെട്ടതു .. അന്ന് ആ വിവാഹം നടന്നിരുന്നെങ്കിൽ ഇന്ന് ബോംബെയിലെ ചുവന്ന തെരുവുകളിൽ ഞാനും ഉണ്ടാവുമായിരുന്നു.. അപ്പോൾ അന്ന് ആ വിവാഹം മുടങ്ങിയ വിധി നന്നായി എന്നല്ലേ കരുതാൻ കഴിയൂ.. പിന്നെ ഇന്നത്തെ വിധി.. അതു സാരമില്ല.. നിയമപ്പരമായും അല്ലാതെയും ഇപ്പോൾ ഞാൻ മാണിക്യമംഗലത്തെ സൂര്യമഹാദേവന്റെ ഭാര്യ ആണ്. അതു മാത്രം മതി ഈ ജീവിതകാലം മുഴുവൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എനിക്ക് ജീവിക്കാൻ.." നീലാംബരി ദേവി ചുണ്ട് കോട്ടി.. ഞാൻ തുടർന്നു. " പിന്നെ ചില പെണ്ണുങ്ങൾക്ക്‌ ഭർതൃസുഖം വിധിച്ചിട്ടില്ലാത്തതു പോലെ ചില പെണ്ണുങ്ങൾക്ക്‌ നേരിട്ടു നിന്നു പൊരുതാൻ ധൈര്യമില്ലാത്ത ഇരുട്ടിന്റെ മറവു പറ്റി ചതിയും കുതന്ത്രവും കൊണ്ട് കാര്യം സാധിക്കുന്ന ചില നട്ടെല്ലില്ലാത്ത ആണുങ്ങളുടെ ഭാര്യയായി ജീവിത കാലം മുഴുവൻ ജീവിക്കാനാണ് വിധി.. " മാനവേന്ദ്രനെ അർത്ഥം വച്ചു നോക്കികൊണ്ട്‌ ഞാൻ അത്രയും പറഞ്ഞപ്പോൾ നീലാംബരി ദേവിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

. " ഡീ.. " " കിടന്നു അലറേണ്ട.. ഒരുപാടു സന്തോഷിക്കുകയും വേണ്ട.. തിരിച്ചു വരും എന്ന് വാക്ക് പറഞ്ഞിട്ടാണ് സൂര്യേട്ടൻ പോയത്.. അപ്പോൾ തിരികെ വരിക തന്നെ ചെയ്യും.. അതു വരെയേ കാണൂ ഈ സന്തോഷം.. " അതും പറഞ്ഞു ഞാൻ മുന്നിലേക്ക്‌ നടന്നു. എന്റെ പിറകെ ബാക്കി എല്ലാവരും ഉണ്ടാവും എന്ന് എനിക്ക് അറിയാമായിരുന്നു. കൃഷ്ണപുരത്തെ ആൾക്കാർ പിരിഞ്ഞു പോവുന്നതും നോക്കി ദേഷ്യം കൊണ്ട് പുകയുന്ന മനസ്സുമായി നീലാംബരി ദേവി ആ അമ്പലമുറ്റത്തു നിന്നു.. " നീലു.. " ഭർത്താവിന്റെ കൈ തോളത്തു പതിഞ്ഞപ്പോൾ അവർ തിരിഞ്ഞു നോക്കി.. " അവൾ.. ആ പീറപ്പെണ്ണ് എന്നോട് പറഞ്ഞിട്ട് പോയത് കെട്ടില്ലേ ഇന്ദ്രേട്ടാ.. കരുതി ഇരുന്നോളാൻ.. കല്യാണം കഴിഞ്ഞ ഉടനെ കെട്ടിയോനെ പോലിസ് കൊണ്ട് പോകുന്നത് കാണുമ്പോൾ അലറി വിളിച്ചു പറയുമെന്ന് ഞാൻ കരുതിയവൾ ധൈര്യമായി എന്റെ നേർക്കു നേർ നിന്നു എന്നെ ഭീഷണിപ്പെടുത്തിയിരിക്കുന്നു.. അവന്റെ ആ സൂര്യമഹാദേവന്റെ ഭാര്യ എന്ന ധൈര്യത്തിലാണ് അവൾ.. " കിതച്ചു കൊണ്ട് അവർ പറഞ്ഞു നിർത്തി.. " കാര്യങ്ങൾ കൈ വിട്ടു പോകുമോ നീലു? " "കല്യാണത്തിന്റെ അന്ന് തന്നെ കൂട്ടുകാരന്റെ മരണവാർത്തയും അതിൽ തന്നെ കുറ്റകാരൻ ആക്കുകയും ചെയ്യുമ്പോൾ അവൻ പതറി പോകുമെന്നാണ് കരുതിയത്..

പക്ഷെ സൂര്യമഹാദേവനെ നമ്മൾ വീണ്ടും ചെറുതായി കണ്ടു . ഇത് കൊണ്ടൊന്നും അവൻ തളരില്ല.അവൻ തിരികെ വരും. വല്ലാത്ത ഒരു ജന്മം ആണ് അവന്റേത്. അവൻ തളർണമെങ്കിൽ അവന്റെ ജീവൻ ഇല്ലാതാവണം.. വിഷ്ണു ദത്തൻ ഇല്ലാതാവണം.. അതു അവൻ തിരികെ വരുന്നതിനു മുന്നേ തന്നെ നടക്കുകയും വേണം.. ഇത്രയും നല്ല അവസരം ഇനി നമുക്ക് കിട്ടാനില്ല. വിഷ്ണു ദത്തൻ ഇല്ലാതായാൽ മഹിക്ക് അടി പതറും .. പിന്നെ എല്ലാം നമ്മൾ വിചാരിച്ചതു പോലെ നടക്കും.. " നീലാംബരി ദേവി പറഞ്ഞപ്പോൾ മാനവേന്ദ്രനും അതു ശരി വയ്ക്കുന്ന പോലെ തലയാട്ടി.. വിനുവിന്റെ കൊലപാതകം നടന്നത് കൃഷ്ണപുരത്തെ സ്റ്റേഷൻ അതിർത്തിയിൽ ആയതു കൊണ്ട് തന്നെ അവനെ കൊണ്ട് വന്നതും കൃഷ്ണപുരം സ്റ്റേഷനിൽ ആയിരുന്നു. അവിടെ ഉള്ള എല്ലാവരെയും അറിയുന്നത് ആയതു കൊണ്ട് അവനു പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അവൻ അവിടെ ഒരു ബഞ്ചിൽ മാറി ഇരുന്നു.അവന്റെ ഉള്ളിൽ ഒരു സങ്കടകടൽ തന്നെ ഇരമ്പുനുണ്ടായിരുന്നു. താൻ കാരണം പാവം വിനു കൊല്ലപ്പെട്ടിരിക്കുന്നു. എത്രയൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടും തന്നെ കൊണ്ട് കഴിഞ്ഞില്ല. സങ്കടത്തോടൊപ്പം തന്നെ അവനു വല്ലാത്ത ദേഷ്യവും തോന്നി.. ഇതിനു കാരണക്കാരായവർ എന്തായാലും രക്ഷപെടാൻ പോകുന്നില്ല.

തന്നെയുമല്ല താൻ അടുത്തു ഇല്ലാത്ത കാലത്തോളം വിഷ്ണുവേട്ടൻ അപകടത്തിലാണ്. ആദ്യം ഇവിടെ നിന്നൊന്നു ഇറങ്ങണം. കമ്മീഷണർ വരുന്നുണ്ടെന്നു പറയുന്നത് കേട്ടപ്പോൾ അവൻ പുറത്തേക്കു നോക്കി . ആര്യന്റെ വണ്ടി സ്റ്റേഷന്റെ മുന്നിൽ വന്നു നിൽക്കുന്നത് അവൻ കണ്ടു. അതിൽ നിന്നു ആര്യൻ ഇറങ്ങി പോലീസുകാരോട് എന്തോ ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നു..മഹി താൻ ഇരുന്ന ബഞ്ചിൽ നിന്നും എഴുനേറ്റു നിന്നു.. അയാളുടെ മുഖത്ത് ദേഷ്യം മഹിക്ക് കാണാൻ കഴിഞ്ഞില്ല.. ഗൗരവം ആയിരുന്നു പിന്നെ മറ്റെന്തോ ഒന്ന് കൂടി. " മഹി.. ഇത് കൊലപാതക കേസ് ആണ്. അതും ദൃക്‌സാക്ഷി ഉള്ള കേസ്.. സന്ദീപിന്റെ തിരോധനത്തിൽ നിന്നു രക്ഷപെട്ട പോലെ ഇതിൽ നിന്നും അത്ര ഈസി ആയി ഊരി പോരാൻ സാധിക്കുമെന്ന് കരുതേണ്ട.. " ആര്യൻ മഹിയുടെ മുന്നിൽ വന്നു പറഞ്ഞപ്പോൾ മഹി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. "വിനുവിനെ ഞാനല്ല കൊന്നത്.. അതു സാറിനും അറിയാം. അവനെ എനിക്ക് വല്ലതും ചെയ്യാൻ ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ അതു പണ്ടേ ചെയ്യുമായിരുന്നു. ഇത് എനിക്കുള്ള ഒരു കുടുക്കു മാത്രമാണ്. ഞാൻ നാട്ടിൽ നിന്നു മാറി നിൽക്കണം. ആ സമയത്തു വേറെ പലരും അപയപ്പെടാൻ സാധ്യത ഉണ്ട്..

അതു കൊണ്ട് തത്കാലം ഈ ജയിലിൽ കിടക്കാൻ എനിക്ക് താല്പര്യമില്ല. ഈ കേസിൽ എന്നെ കുടുക്കാമെന്നു സാർ വിചാരിക്കുകയും വേണ്ട.. " " വിനുവിന്റെയും കൊലപാതകവും സന്ദീപിന്റെ തിരോധനവും തമ്മിൽ ബന്ധമുണ്ട് എന്ന സംശയം ഉള്ളത് കൊണ്ട് ഈ കേസും ഞാൻ തന്നെയാണ് അന്വേഷിക്കുന്നത്. മഹി അല്ല ഇത് ചെയ്തതെന്ന് പറയുമ്പോൾ ഇതാരാണ് ചെയ്തതെന്നാണ് മഹി കരുതുന്നത്? " " എന്നെ പറ്റി ഇത്രയും നന്നായി മനസിലാക്കിയ സാർ ഇരുദേശപുരത്തേക്കുറിച്ചും മനസിലാക്കിയിട്ടുണ്ടാവുമല്ലോ? അപ്പോൾ പിന്നെ എന്നെ ഒഴിവാക്കാൻ വേണ്ടി നടക്കുന്നത് ആരാണെന്നും സാറിന് അറിയില്ലേ? " " അതൊക്കെ എനിക്കറിയാം മഹി.. പക്ഷെ ഒരു പ്രശനം എന്ന് പറയുന്നത് കല്പകശ്ശേരിക്കാർ ഒക്കെ ഇന്നലെ രാത്രി അവരുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പിന്നെ അവരുടെ സ്ഥിരം ആളുകളും ഇന്നലെ രാത്രി മഹിയുടെ സ്ഥലത്തോ അതിനടുത്തോ ഒന്നും വന്നിട്ടുമില്ല.. ഒന്നുകിൽ മഹിക്ക് മറ്റൊരു ശത്രു.. അതും അല്ലെങ്കിൽ.. " " ഇത് ചെയ്തത് മാനവേന്ദ്രന്റെ സ്ഥിരം ആൾക്കാർ ഒന്നുമല്ല.. " ആര്യന്റെ ചിന്ത മഹി പൂർത്തിയാക്കി......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story