സൂര്യപാർവണം: ഭാഗം 24

surya parvanam

രചന: നിള നിരഞ്ജൻ

അതൊക്കെ എനിക്കറിയാം മഹി.. പക്ഷെ ഒരു പ്രശനം എന്ന് പറയുന്നത് കല്പകശ്ശേരിക്കാർ ഒക്കെ ഇന്നലെ രാത്രി അവരുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പിന്നെ അവരുടെ സ്ഥിരം ആളുകളും ഇന്നലെ രാത്രി മഹിയുടെ സ്ഥലത്തോ അതിനടുത്തോ ഒന്നും വന്നിട്ടുമില്ല.. ഒന്നുകിൽ മഹിക്ക് മറ്റൊരു ശത്രു.. അതും അല്ലെങ്കിൽ.. " " ഇത് ചെയ്തത് മാനവേന്ദ്രന്റെ സ്ഥിരം ആൾക്കാർ ഒന്നുമല്ല.. " ആര്യന്റെ ചിന്ത മഹി പൂർത്തിയാക്കി. " മഹി.. താൻ ചെയ്യാത്ത ഒരു തെറ്റിന് തന്നെ കുറ്റകാരൻ ആക്കണം എന്നൊന്നും എനിക്കില്ല.. എനിക്ക് എങ്ങനെ ആയാലും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തണം എന്നെ ഉള്ളു. അതിനിയിപ്പോൾ ആരായാലും." " സാർ സാറിന്റെ വഴിക്കു ഒന്ന് അന്വേഷിച്ചോളൂ .. ഞാൻ എന്റെ വഴിക്കു നോക്കാം.. " മഹി ആലോചനയോടെ പറഞ്ഞു. " ഈ കേസിലെ ഞാൻ വിനുവിനെ കൊല്ലുന്നത് കണ്ടു എന്ന് പറഞ്ഞ സാക്ഷി ആരാണ്? " " സോറി മഹി.. ഞാൻ പറഞ്ഞല്ലോ.. അതു എനിക്ക് തന്നോട് പറയാൻ സാധിക്കില്ല. നിങ്ങൾ അയാളെ എന്തെങ്കിലും ചെയ്‌താൽ പിന്നെ ഈ കേസ് തേഞ്ഞു മാഞ്ഞു പോവില്ലേ? "

കേസ് ചാർജ് ചെയ്തത് കൊണ്ട് അന്ന് മഹിയെ ലോക്കപ്പിൽ അടച്ചു. ഒരു ദിവസം കഴിഞ്ഞു അവനെ കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞു. ഒരു നല്ല അഡ്വക്കേറ്റിനെ ഏർപ്പാടാക്കാൻ മഹിയോട് പറഞ്ഞിട്ടാണ് ആര്യൻ പോയത്. അവരുടെ നാട്ടിലെ തന്നെ സ്റ്റേഷൻ ആയതു കൊണ്ട് വിഷ്ണുവും കാശിയും വന്നപ്പോൾ മഹിയെ അവരെ കാണാൻ സമ്മതിച്ചു.. " കമ്മീഷണർ എന്ത് പറഞ്ഞു? " മഹിയെ അടിമുടി നോക്കി കൊണ്ട് കാശി ചോദിച്ചു. ആര്യൻ പറഞ്ഞ കാര്യങ്ങളൊക്കെ മഹി അവരോടു പറഞ്ഞു. " സാർ ശരിക്കും നമ്മുടെ ഭാഗത്താണോ അതോ അങ്ങനെ അഭിനയിക്കുന്നതാണോ? " സംശയത്തോടെ വിഷ്ണു ചോദിച്ചപ്പോൾ ഒന്നും ഉറപ്പില്ല എന്ന് മഹി തലയാട്ടി.. " ഈ കേസിൽ അയാൾക്ക്‌ എന്നെ സംശയം ഇല്ലെങ്കിലും സന്ദീപിന്റെ കാര്യത്തിൽ ഞാൻ തന്നെയാണ് എന്ന് അയാൾക്ക്‌ സംശയം ഉണ്ട്.. ഒരുപക്ഷെ എന്റെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുന്നതാവാം " " നീ പേടിക്കേണ്ട.. നിന്റെ കേസ് രവിയച്ഛനാണ് വാദിക്കുന്നത്. ഞാൻ വിളിച്ചു പറഞ്ഞപ്പോൾ നാളെ തന്നെ ഇങ്ങോട്ടേക്കു വരാം എന്ന് പറഞ്ഞിട്ടുണ്ട്.. എന്തായാലും അച്ഛൻ കൂടി വന്നിട്ടാവാം ബാക്കി തീരുമാനങ്ങൾ " രവീന്ദ്ര വർമ എന്ന ഹൈകോർട്ടിലെ പേര് കേട്ട അഡ്വക്കേറ്റ് ഗായത്രിയുടെ അച്ഛാനാണ്.

വിഷ്ണുവിന്റെയും ഗായത്രിയുടെയും കല്യാണസമയം മുതൽ മഹിയെ നന്നായി അറിയാവുന്ന ആളുമാണ്. " പാറു? " മഹിയുടെ അല്പം ആധിയോടെയുള്ള ചോദ്യം കേട്ടു കാശിയും വിഷ്ണുവും പരസ്പരം നോക്കി. പിന്നെ നീലാംബരി അമ്മയും പാർവണയും തമ്മിൽ നടന്ന സംഭാഷണമൊക്കെ കാശി അവനോടു പറഞ്ഞു കേട്ടപ്പോൾ മഹിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. ഒപ്പം അവളെ പറ്റി ഓർത്തു അഭിമാനവും. ധൈര്യമായിരിക്കണം എന്ന് പറഞ്ഞാണ് താൻ പോന്നതെങ്കിലും അവൾ തളർന്നു പോകുമോ എന്ന ഭയം ഉണ്ടായിരുന്നു. അവൾ പിടിച്ചു നിൽക്കുന്നു എന്നറിഞ്ഞപ്പോൾ സമാധാനം ആയി.മഹി ഇപ്പോഴും കല്യാണ വേഷത്തിൽ തന്നെ ആയതു കൊണ്ട് വിഷ്ണുവും കാശിയും അവനു മാറാൻ ഡ്രസ്സ്‌ കൊണ്ട് വന്നിട്ടുണ്ടായിരുന്നു.അതും കൂടി കൊടുത്തിട്ടു അവർ തിരികെ പോയി. എല്ലാവരെയും പോലെ ഇന്നൊരു ദിവസത്തെ പറ്റി ഒരുപാട് പ്രതീക്ഷികൾ തനിക്ക് ഉണ്ടായിരുന്നു. അതെല്ലാമാണ് ഇല്ലാത്തയാത്. അവർ പോകുന്നതും നോക്കി ഒരു നെടുവീർപ്പോടെ മഹി നിന്നു.. കാശിയേട്ടൻ വന്നപ്പോൾ തന്നിട്ട് പോയ സൂര്യേട്ടന്റെ കല്യാണ ഡ്രെസ്സും നെഞ്ചോടു പിടിച്ചു ഞാൻ എന്റെ മുറിയിലെ കട്ടിലിൽ ഇരുന്നു. ഏട്ടൻ വരുന്നത് വരെ സൂര്യേട്ടന്റെ മുറിയിലേക്ക് മാറുന്നില്ലയെന്നു ഞാൻ തീരുമാനിച്ചു.

ഏട്ടൻ ഇല്ലാതെ ആ മുറിയിൽ എന്നെ കൊണ്ട് പറ്റില്ലായെന്നു എനിക്ക് തോന്നി. കാളിയമ്മ വന്നു എന്നോട് കൂട്ട് കിടക്കാൻ വരണോയെന്ന് ചോദിച്ചു പോയതേയുള്ളു. ഞാൻ വേണ്ടായെന്നു പറഞ്ഞു. ഒറ്റയ്ക്ക് ഇരിക്കണമെന്ന് എനിക്ക് തോന്നി. ഇത്രയും നേരം ഗായത്രി ചേച്ചിയും കാവ്യയും ഒക്കെ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴാണ് എല്ലാവരും പോയത്. എല്ലാവരുടെയും മുന്നിൽ ധൈര്യം കാണിച്ചു നിന്നെങ്കിലും ഇപ്പോൾ ഒറ്റക്കിരിക്കുമ്പോൾ എല്ലാം ചോർന്നു പോകുന്നു.ഏട്ടന്റെ ഗന്ധമുള്ള ആ കുർത്ത മൂക്കിലേക്ക് ചേർത്തു ഞാൻ വിതുമ്പി പോയി. ഏട്ടൻ ഇപ്പോൾ ഒറ്റയ്ക്ക് ആ ലോക്കപ്പിൽ.. ഗായത്രി ചേച്ചിയുടെ അച്ഛൻ ഒരു വലിയ വക്കീലാണെന്നും അദ്ദേഹമാണ് സൂര്യേട്ടന് വേണ്ടി വാദിക്കാൻ പോകുന്നതെന്നും പറഞ്ഞു കേട്ടു. നമ്മളെ നന്നായി അറിയാവുന്ന ആള് ആണെന്ന് ക്കേട്ടപ്പോൾ ഒരു സമാധാനം. ജനലിലൂടെ ഒരു വെളിച്ചം തോന്നിയപ്ലോൽ ഞാൻ പുറത്തേക്കു നോക്കി. വണ്ടി പോയതാണ്. വിനുവേട്ടന്റെ വീട്ടിലേക്ക് പോവുന്നതോ അവിടുന്ന് വരുന്നതോ ഒക്കെ ആണ്. കാശിയേട്ടനും വിഷ്ണുവേട്ടനും ഒക്കെ അവിടെയാണ്. വിനുവേട്ടനെ പറ്റി ഓർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി. മാഷും വിദ്യയുമെല്ലാം തളർന്നു പോയിട്ടുണ്ടാവും. അവർ ഇത് എത്രാമത്തെ ദുരന്തമാണ് സഹിക്കുന്നത്...

എല്ലാത്തിനും കാരണം സന്ദീപ് അവരുടെ ജീവിതത്തിലേക്ക് വന്നതാണ്. അവനെ കണ്ടുമുട്ടി ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇവർക്ക് ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. സൂര്യേട്ടനും ഇപ്പോൾ എന്നോടൊപ്പം ഉണ്ടായേനെ.. ഇനി എന്താവും എന്നോർത്ത് സൂര്വേട്ടന്റെ കുർത്ത നെഞ്ചോടു ചേർത്തു കണ്ണടച്ച് കിടന്നു. തന്റെ മുന്നിൽ പരന്നു കിടക്കുന്ന പറമ്പും അതിന്റെ നടുക്കുള്ള കുഞ്ഞു വീടും ആര്യൻ നന്നായി നിരീക്ഷിച്ചു. സൂര്യമഹാദേവന്റെ സമ്പാദ്യം. ഇവിടെയാണ്‌ വിനു കൊല്ലപ്പെട്ടത്. വിനുവിന്റെ ബോഡി പോസ്റ്റ്മോർട്ടത്തിന് ശേഷം അവന്റെ വീട്ടുകാർക്ക് വിട്ടു കൊടുത്തിരിക്കുന്നു. ഇന്ന് സംസ്കരിക്കും എന്നാണ് കേട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വരുന്നതേ ഉള്ളു. പിടി വലി നടന്നതിന്റെ ലക്ഷണങ്ങളും കുറച്ചു ഇടി കൊണ്ടതിന്റെ ലക്ഷണങ്ങളും ഒക്കെ ഉണ്ട് ശരീരത്തിൽ. ബോഡി കിട്ടിയപ്പോൾ തന്നെ ഈ വീടും പരിസരവും സീൽ ചെയ്തിരുന്നു. ഇപ്പോൾ ഇവിടെ നിന്നും എന്തെങ്കിലും തെളിവ് കിട്ടുമോ എന്നറിയാൻ ഫോറെൻസിക് ടീമിനെയും കൂട്ടി വന്നതാണ് അയാൾ.. അവർ പരിശോധന നടത്തുമ്പോൾ ആര്യൻ ആ വീടും പരിസരവുമെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. ഇടക്കെപ്പോഴോ തന്റെ അമ്മക്ക് ഈ സ്ഥലം കണ്ടാൽ ഒരുപാടു ഇഷ്ടം ആവും എന്നവൻ ഓർത്തു.

താൻ ഈ ഗ്രാമത്തെ പറ്റിയൊക്കെ പറയുമ്പോൾ അമ്മ വളരെ ശ്രദ്ധയോടെ കേട്ടിരിക്കാറുണ്ട്. പറമ്പിന്റെ ഗേറ്റ് വരെ ഒരു ജീപ്പ് വന്നതിന്റെ ടയർ പാടുകൾ കാണാനുണ്ട്. അതു സൂര്യമഹാദേവന്റെ ജീപ്പ് ആണോ എന്നറിയണം. അതും ഫോറെൻസിക് ടീമിനെ ഏല്പിച്ചിട്ടുണ്ട്. അങ്ങനെ ചുറ്റും നോക്കി നടക്കുമ്പോഴാണ് വീടിന്റെ പിറകിലേക്ക് മരങ്ങൾക്കിടയിലൂടെ ഒരു വഴി ശ്രദ്ധയിൽ പെട്ടത്.. ആ വഴിയിലൂടെ കാലപാടുകൾ കാണാനുണ്ട്.. ആര്യൻ ആ കാൽപാടുകൾക്ക് പിറകെ നടന്നു അവസാനം പുഴക്കരയിൽ എത്തിപ്പെട്ടു.. കുറച്ചു നേരം പുഴയിലേക്ക് തന്നെ ആലോചനയോടെ നോക്കി നിന്നതിനു ശേഷം അയാൾ ഫോണെടുത്തു ആരെയോ വിളിച്ചു. മഹിയെ പിറ്റേ ദിവസം കോടതിയിൽ ഹാജരാക്കി . പ്രതീക്ഷിച്ചതു പോലെ തന്നെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു സബ് ജയിലിൽ അടച്ചു. സാക്ഷി ഒക്കെ ഉള്ളത് കൊണ്ട് അതു പ്രതീക്ഷിച്ചിരുന്നതാണ്. പതിനാല് ദിവസത്തിന് ശേഷം കേസ് വീണ്ടും കോടതിയിൽ എത്തുമ്പോൾ ജാമ്യം ഉറപ്പായും എടുത്തു തരാമെന്നു ഗായത്രിയുടെ അച്ഛൻ അവർക്കു വാക്ക് കൊടുത്തിരുന്നു. പാറു അവനെ കാണാൻ വന്നില്ല. ഇനി വീട്ടിൽ എത്തുമ്പോൾ കണ്ടാൽ മതി എന്ന് അവൾ പറഞ്ഞുന്നു പറഞ്ഞു. അതു മഹിക്കും ആശ്വാസം ആയിരുന്നു.

അവളെ പറ്റി ഓർക്കുമ്പോൾ മാത്രമാണ് നെഞ്ചിൽ ഒരു പിടച്ചിൽ. പാവം വല്ലാതെ വിഷമിക്കുന്നുണ്ടാവും. വിഷ്ണുവും കാശിയും മഹിയെ രക്ഷിക്കാനുള്ള പഴുതുകൾ നോക്കി നടപ്പാണ്. താനില്ലാത്ത സമയത്തു വിഷ്ണുവേട്ടന് നേരെ ആക്രമണം ഉണ്ടാവുമോ എന്ന പേടി മഹിക്ക് നല്ലോണം ഉണ്ടായിരുന്നു. ഇരുദേശപുരത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. വിഷ്ണുവേട്ടൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അതു ഏട്ടനെ കിട്ടൂ.ഏട്ടനെ എങ്ങനെയെങ്കിലും നശിപ്പിക്കുക എന്നൊരു ലക്ഷ്യം മാത്രമേ കൽപകശ്ശേരിക്കാർക്ക് ഇപ്പോൾ ഉണ്ടാവൂ. അതു കൊണ്ട് മഹി കാശിയോട് പല പ്രാവശ്യം സൂചിപ്പിക്കുകയും ചെയ്തു.ഏട്ടനോട് ഒപ്പം ഉണ്ടാവണം എന്ന്. ഈ പതിനാല് ദിവസം തങ്ങളുടെ ഒക്കെ ജീവിതത്തിലെ നിർണായകമായ ദിവസങ്ങൾ ആയിരിക്കുമെന്ന ഉത്തമ ബോധ്യം അവനു ഉണ്ടായിരുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ചു കാശി വിഷ്ണുവിന്റെ അടുത്തേക്ക് വന്നു. ഗായത്രിയുടെ അച്ഛൻ രവീന്ദ്രനുമായി കാര്യമായ സംസാരത്തിൽ മുഴുകിയിരുന്ന വിഷ്ണു സംസാരം നിർത്തി അവനെ നോക്കി..

" എന്തായി കാശി? " " മഹിയുടെ പറമ്പിലെ അന്വേഷണം കഴിഞ്ഞിട്ടുണ്ട്. അവർ വീണ്ടും അവിടം സീൽ ചെയ്തു. എന്തൊക്കെ കിട്ടിയെന്നു ഒന്നും അറിയില്ല. പക്ഷെ വേറൊരു വിവരം കിട്ടിയിട്ടുണ്ട്.. " " അതെന്താ? " " ആര്യൻ ദേവ് മഹിയുടെ പറമ്പിനു പിറകിലെ പുഴയിൽ മുങ്ങി എന്തോ തപ്പാൻ മുങ്ങലുകാരെ വിളിച്ചിട്ടുണ്ടെന്നു.. ഇന്ന് വൈകുന്നേരം തന്നെ അവിടെ തിരച്ചിൽ നടത്തണമെന്ന് പറഞ്ഞു പോലും.. " "അതിനെന്താവും അവിടെ പുഴയിൽ തിരയുന്നത്? " വിഷ്ണു ആലോചനയോടെ ചോദിച്ചു.. "അതെന്തിനായാലും കേസിന്റെ എന്തെങ്കിലും തെളിവുകൾക്ക് ആവും. അല്ലെങ്കിൽ ആ പറമ്പിന്റെ പുറകിലുള്ള ഭാഗത്തു തിരയേണ്ടല്ലോ? ആ കമ്മീഷണർ സത്യസന്ധൻ ആണെന്നല്ലേ പറഞ്ഞത്? " രവീന്ദ്രൻ ചോദിച്ചു.. " മഹി അങ്ങനെയാണ് പറഞ്ഞത്. അവനു അങ്ങനെയാണ് തോന്നിയത്.. കൃത്യമായി അറിയില്ല. " " ഹ്മ്മ് .. ഈ കേസിൽ ആകെയുള്ള പ്രശ്നം ആ സാക്ഷിയാണ്. മഹിയെ ആ സമയത്തു ആ പറമ്പിൽ കണ്ടു എന്ന് പറയുന്നവൻ. അവനെ കണ്ടെത്തണം. അവൻ ആർക്കു വേണ്ടിയാണ് ഇങ്ങനെ ഒരു കള്ളം പറയുന്നതെന്നും" " അതു നമുക്ക് അറിയാമല്ലോ.. ഇതിനു പിന്നിൽ ആരാണെന്നു.. ആ കല്പകശ്ശേരി മാനവേന്ദ്രനും നീലാംബരിയും തന്നെ " കാശി ദേഷ്യത്തോടെ പറഞ്ഞു.. " അറിഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലലോ കാശി..

നമുക്ക് തെളിവുകൾ കൂടി വേണ്ടേ?" " ആ തെളിവുകൾ നമുക്ക് കണ്ടെത്താം അച്ഛാ.. കാശി നീ വിവരങ്ങൾ ഇടയ്ക്കിടയ്ക്ക് വിളിച്ചു അന്വേഷിച്ചു കൊണ്ടേ ഇരിക്കണം.. ആര്യൻ അവരുടെ ആളാണെങ്കിൽ നമ്മളും കരുതിയിരിക്കണം.. " വിഷ്ണു ആത്മവിശ്വാസത്തോടെ പറഞ്ഞു. കാശിയുടെ മനസ്സിൽ അപ്പോൾ കല്പകശ്ശേരിക്കാർ വിഷ്ണുവിനെ അപകടപ്പെടുത്താൻ സാധ്യത ഉണ്ടെന്നു മഹി പല പ്രാവശ്യം തന്നോട് പറഞ്ഞതും അതിൽ നിന്നു അവനെ എങ്ങനെ മഹിയില്ലാതെ താൻ ഒറ്റയ്ക്ക് രക്ഷിക്കുമെന്ന ചിന്തയും ആയിരുന്നു. ചാമുണ്ഡേശ്വരിയുടെ നടയിൽ നിന്നു ഞാൻ എന്റെ മനസ്സിലെ ഭാരം മുഴുവൻ ഇറക്കി വച്ചു. സൂര്യേട്ടൻ ജയിലിൽ ആയതിൽ പിന്നെ എന്നും രാവിലെ ഞാൻ അമ്പലത്തിൽ വരും. സൂര്യേട്ടനെ റിമാൻഡ് ചെയ്യാനാണ് സാധ്യത കൂടുതൽ എന്ന് നേരത്തെ പറഞ്ഞിരുന്നു. എങ്കിലും അതു കേട്ടപ്പോൾ ഇനിയും ഒന്ന് കാണാൻ പതിനാല് ദിവസം കാത്തിരിക്കണമല്ലോ എന്നോർത്തപ്പോൾ വല്ലാത്തൊരു വിഷമം. കാണാൻ പോകാമെന്നു കാശിയേട്ടൻ പറഞ്ഞതാണ്. ഞാൻ തന്നെയാണ് വേണ്ടാന്ന് പറഞ്ഞത്. അങ്ങനെ കാണാൻ വയ്യ. തിരിച്ചെത്തുമ്പോൾ കണ്ടോളാമെന്നു പറയാൻ പറഞ്ഞേല്പിച്ചു.

ഇനി നാളെ വരാം അതു വരെ എന്റെ ഏട്ടനെ കാത്തോളണമേയെന്നു ദേവിയോട് അപേക്ഷിച്ചു തിരിഞ്ഞു. തിരിച്ചിറങ്ങി രുദ്രാക്ഷ മരചുവട്ടിലേക്കു അറിയാതെ നോക്കി പോയി. അതിപ്പോൾ ഒരു ശീലമാണ്. സന്യാസിനി അമ്മ അവിടെയില്ല. പക്ഷെ അമ്മയുടെ സഞ്ചി അവിടെ ഉണ്ട്. വെറുതെ ഒരു തോന്നലിൽ അങ്ങോട്ടേക്ക് നടന്നു.സഞ്ചി അവിടെ കണ്ടത് കൊണ്ട് മരത്തിനടുത്തു എവിടെയെങ്കിലും തന്നെ സന്യാസിനി അമ്മ ഉണ്ടാവും എന്ന തോന്നൽ ഉള്ളത് കൊണ്ടാണ് രുദ്രാക്ഷ മരത്തിനു പിറകിലേക്ക് നോക്കിയത്. ഊഹം തെറ്റിയില്ല. അവിടെ നിന്നു ആരോടോ സംസാരിക്കുകയാണ്..അതും ഒരു ആണിനോട്. ഇവരെ ആരോടും സംസാരിച്ചു കാണാറില്ല എന്ന് പറഞ്ഞു കേട്ടത് കൊണ്ട് ആ കാഴ്ച എന്നിൽ കൗതുകം ഉണർത്തി. സന്യാസിനി അമ്മയോട് സംസാരിക്കുന്ന ആള് എനിക്ക് പുറം തിരിഞ്ഞു നിൽക്കുകയാണ്. അതു കൊണ്ട് എനിക്ക് കാണാൻ സാധിക്കുന്നില്ല. പക്ഷെ അയാളുടെ നിപ്പും രൂപവും ഒക്കെ എനിക്ക് നല്ലോണം പരിചയമുള്ള ആളുടെ പോലെ തോന്നിപ്പിച്ചു. ഞാൻ കുറച്ചു കൂടി അവരുടെ അടുത്തേക്ക് നീങ്ങി നിന്നു. എന്നെ അമ്പരപ്പിച്ചു കൊണ്ട് സന്യാസിനി അമ്മ കരയുകയാണെന്നു എനിക്ക് മനസിലായി. കരഞ്ഞു കൊണ്ടാണ് അവർ അയാളോട് സംസാരിക്കുന്നത്. ഒരു നിമിഷം സന്യാസിനി അമ്മ എന്തെങ്കിലും പ്രശ്നത്തിലാണോ എന്ന് ഞാൻ ചിന്തിച്ചു പോയി. അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് സന്യാസിനി അമ്മ അയാളുടെ കൈ രണ്ടും കൂട്ടി പിടിച്ചു കൊണ്ട് കരഞ്ഞത്.

അയാൾ അവരുടെ തലയിൽ തട്ടി സമാധാനിപ്പിക്കുന്നുണ്ട്. ഇതാരാ ഇവർക്ക് ഇത്രയും പരിചയമുള്ള ആൾ ഈ നാട്ടിൽ.. ഇത്രയും അടുത്തു പെരുമാറാനും മാത്രം.. ഞാൻ അമ്പരപ്പോടെ അവരെ തന്നെ നോക്കി നിന്നു പോയി. കുറച്ചു നേരത്തിനു ശേഷം സന്യാസിനി അമ്മ കരച്ചിൽ നിർത്തി. പത്തു മിനിറ്റ് കൂടി അവർ എന്തൊക്കെയോ സംസാരിച്ചു നിന്നു. പോകാൻ നേരം അയാൾ ഒരു കവർ സന്യാസിനി അമ്മയുടെ നേരെ നീട്ടി. ഒരു നിമിഷം ഞാൻ വീണ്ടും ഞെട്ടി.. ഈ കവർ ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ. സൂര്യേട്ടന്റെ ജാതകം വച്ച കവർ. അപ്പോൾ ഈ ആള്? മണിയണ്ണൻ. മണിയണ്ണനും സന്യാസിനി അമ്മയും തമ്മിൽ പരിചയം ഉണ്ടെന്നോ? ഇത് വരെ ഇവരുടെ കാര്യം മണിയണ്ണൻ പറഞ്ഞു ഞാൻ കെട്ടിട്ടില്ല. സൂര്യേട്ടന്റെ ജാതകം എന്തിനാണ് മണിയണ്ണൻ സന്യാസിനി അമ്മക്ക് കൊടുത്തത്? ഒന്നും മനസിലാവുന്നില്ലലോ? ഇവിടെ എന്തൊക്കെയാണ് ഈ നടക്കുന്നത്? മണിയണ്ണൻ പോവുന്നതും സന്യാസിനി അമ്മ ആ കവർ കൊണ്ട് പോയി ഭദ്രമായി തന്റെ സഞ്ചിയിൽ വയ്ക്കുന്നതും ഞാൻ കണ്ടു. അവരോടു പോയി ഇതിന്റെയൊക്കെ അർത്ഥം എന്താണെന്ന് ചോദിക്കണം എന്ന് കരുതിയെങ്കിലും ഒന്നും പറയാതെ അവർ കാണാതെ ഞാൻ വീട്ടിലേക്ക് പോയി.

ഞാൻ അറിയാതെ ഒരുപക്ഷെ സൂര്യേട്ടൻ പോലും അറിയാതെ എന്തൊക്കെയോ ഏട്ടന്റെ ജീവിതത്തെ ചുറ്റി പറ്റി ഇവിടെ നടക്കുന്നുണ്ട്. അതെന്താണെന്നു എങ്ങനെയെന്കിലും കണ്ടുപിടിക്കണം.. ഞാൻ മനസ്സിൽ ഉറപ്പിച്ചു. കൽപകശ്ശേരിയുടെ നടുമുറ്റത്തു വലിയ ചർച്ചയിലാണ് നീലാംബരിയും മാനവേന്ദ്രനും ശേഖരനും. മഹി പതിനാല് ദിവസത്തേക്കെങ്കിൽ പതിനാല് ദിവസത്തേക്ക് അകത്തായത്തിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തു കാണാനുണ്ട്. അവൻ തിരികെ വരുന്നതിനു മുന്നേ എങ്ങനെ വിഷ്ണു ദത്തനെ ഒഴിവാക്കാം എന്നതാണ് അവിടുത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം.. " പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇന്നു രണ്ടു മാസമേ ബാക്കി ഉള്ളു.. അതിനിടക്ക് വിഷ്ണു ദത്തനെ തീർക്കാൻ ഇതിലും നല്ല ഒരു അവസരം കയ്യിൽ വരില്ല. മഹി ഉള്ളപ്പോൾ അവന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ല..മഹിയെ ജാമ്യത്തിൽ ഇറക്കാൻ മാണിക്യമംഗലത്തുകാർ എല്ലാ വഴിയും നോക്കുനുണ്ട്.. അവനു ജാമ്യം കിട്ടിയാൽ ആദ്യം വരുന്നത് ഇങ്ങോട്ടായിരിക്കുകയും ചെയ്യും.. അതിനു മുന്നേ അവന്റെ പത്തി നോക്കി തന്നെ അടിക്കണം.. " നീലാംബരി ദേവിയുടെ തീരുമാനത്തോട് രണ്ടാളും അനുകൂലിച്ചു. വിനുവിനെ തീർക്കാൻ പുറത്തു നിന്നു കൊണ്ട് വന്ന ആളുകൾ ഇപ്പോഴും ശിവപുരത്തു തന്നെ ഉണ്ട്.

അവരെ കൊണ്ട് വേണം വിഷ്ണുവിനെയും തീർക്കാൻ. " വിഷ്ണു ദത്തനെ അങ്ങനെ ഒറ്റയ്ക്ക് അവസാനപ്പിച്ചാൽ പോരാ നീലു.. അവന്റെ കുടുംബം മുഴുവനും ഇല്ലാതാവണം. പണ്ട് അവന്റെ അച്ഛൻ ദേവനാരായണൻ ഇല്ലാതായപ്പോൾ ഞാൻ ഉറപ്പിച്ചിരുന്നതാണ് എനിക്ക് തന്നെ ഈ പഞ്ചായത്ത്‌ ഭരണം കിട്ടുമെന്ന്. പക്ഷെ അന്ന് വെറും 18 വയസ്സുള്ള വിഷ്ണു ദത്തൻ എനിക്ക് എതിരാളിയായി വന്നു. ഇന്ന് വിഷ്ണു ദത്തൻ അവസാനിച്ചു കഴിഞ്ഞാൽ അവന്റെ പീറ ചെറുക്കൻ പിന്നീട് എനിക്കൊരു എതിരാളി ആവില്ലയെന്നു ആര് കണ്ടു? അതു കൊണ്ട് ഇനി മാനിക്കയമംഗലത്തുള്ള ആരും ജീവനോടെ വേണ്ട.. അവരുടെ കാവൽ നായ തിരികെ വരുന്നതിനു മുന്നേ ആ കുടുംബം അവസാനിക്കണം.. " വളരെ ക്രൂരമായ ചിരിയോടെ മാനവേന്ദ്രൻ പറഞ്ഞു അവസാനിപ്പിച്ചു. നീലാംബരി ദേവിയും ശേഖരനും അയാളുടെ മുഖത്ത് നോക്കി തലയാട്ടി. വര്ഷങ്ങളായി മാനവേന്ദ്രൻ എത്രത്തോളം ആ അധ്യക്ഷൻ പദത്തിന് വേണ്ടി ആഗ്രഹിച്ചിട്ടുണ്ടെന്നു അവർക്കു ഇരുവർക്കും അറിയാം. പഞ്ചായത്ത് അധ്യക്ഷൻ എന്ന് പറയുന്നത് അത്രയും വിലയുള്ള പദവിയാണ് ഇരുദേശപുരത്തെ ആൾക്കാർക്ക്. ആ വിലയും ബഹുമാനവും കിട്ടാനുള്ള തിടുക്കമാണ് അയാൾക്ക്‌.. പിന്നെ അധികാരവും. ഇപ്പോൾ ഒരുപക്ഷെ അതു നടക്കാൻ പോവുകയായിരിക്കും.

" ശേഖരാ.. അവരോടു ഒരുങ്ങി ഇരിക്കാൻ പറഞ്ഞോളൂ.. അവർക്കുള്ള അടുത്ത ദൗത്യം ഉടനെ വരുന്നുണ്ട്.. " മണിയണ്ണനെയും സന്യാസിനി അമ്മയെയും ഒരുമിച്ചിരുന്നു കണ്ടതിനു ശേഷവും രണ്ടു ദിവസത്തേക്ക് ഞാൻ അതിനെ പറ്റി ഒന്നും തന്നെ ചോദിച്ചില്ല.. അതിനു ശേഷം ഒരു ദിവസം രാവിലെ ഞങ്ങൾ മൂന്നാളും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.. " നിങ്ങള്ക്ക് ആർക്കെങ്കിലും നമ്മുടെ അമ്പലത്തിന്റെ രുദ്രാക്ഷ മരച്ചുവട്ടിൽ ഇരിക്കുന്ന സന്യാസിനി അമ്മയെക്കുറിച്ചു എന്തെന്കിലും അറിയാമോ? " അവരുടെ രണ്ടു പേരുടെയും മുഖത്ത് ഞെട്ടൽ വരുന്നതും അന്യോന്യം നോക്കുന്നതും ഞാൻ മനഃപൂർവം കണ്ടില്ലയെന്നു നടിച്ചു.. " നീയെന്താ പെട്ടെന്ന് അങ്ങനെ ചോദിച്ചത് മോളെ? " " ഏയ്.. ഒന്നുമില്ല.. ഞാൻ കുറച്ചു നാളായി ചോദിക്കണമെന്ന് വച്ചു മറന്നു പോയതാ.. അന്ന് എന്നെ സന്ദീപ് പിടിച്ചു കൊണ്ട് പോയപ്പോൾ രക്ഷപെടുത്താൻ പറ്റിയത് ഇവർ കാരണം അല്ലേ? ഞാൻ സൂര്യേട്ടനോട് ചോദിച്ചിരുന്നു.. അപ്പോൾ അവരുടെ നാട് തിരുവന്മയൂർ ആണെന്ന് പറഞ്ഞു.. മറ്റൊന്നും അവരെ പറ്റി അറിയില്ലായെന്നു.. നിങ്ങള്ക്ക് ഈ നാട്ടിൽ എല്ലാവരെ പറ്റിയും അറിയുന്നതല്ലേ? അതു കൊണ്ട് നിങ്ങളോട് ചോദിക്കാമെന്ന് വച്ചു.. " തിരുവന്മയൂർ എന്ന് പറഞ്ഞപ്പോൾ അവരുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. " അവരെ പറ്റി ഈ നാട്ടിൽ ആർക്കും വലിയ അറിവില്ല മോളെ.. ഞങ്ങൾക്കും അറിയില്ല.. "

കാളിയമ്മ പതിയെ പറഞ്ഞു.. ഞാൻ മെല്ലെ തലയാട്ടി. അല്ലെങ്കിലും അവർ ഒന്നും വിട്ടു പറയുമെന്ന് ഞാൻ കരുതിയിട്ടില്ല. വെറുതെ അവരുടെ മുഖഭാവം ഒക്കെ കാണാമെന്നു വിചാരിച്ചതെ ഉള്ളു.. " ഈ തിരുവന്മായൂർ എവിടെയാണെന്ന് അറിയാമോ മണിയണ്ണന്? ഞാൻ കെട്ടിട്ടേയുള്ളു..തിരുവന്മയൂർ ക്ഷേത്രം എന്നൊക്കെ? " " എ .. എനിക്ക് അറിയില്ല കുട്ടി.. " മണിയണ്ണൻ വേഗം കഴിപ്പ് മതിയാക്കി എണീറ്റു. കാളിയമ്മയും അവർ അകത്തേക്ക് പോവുന്നതും നോക്കി ഞാൻ ഇരുന്നു. എന്തായാലും ഇതിന്റെ ബാക്കി കുഴി തോണ്ടി എടുക്കാതെ ഞാൻ അടങ്ങില്ല. രാത്രി നേരം ഒരുപാടു വൈകിയിരുന്നു. കാശിയും അവന്റെ സുഹൃത്തായ വരുന്നും മാണിക്യമംഗലം തറവാടിന് കുറച്ചു മാറി ഇരുട്ടിനു മറവിൽ ഒരു വണ്ടിയിൽ തറവാടിന് ചുറ്റും നിരീക്ഷണവുമായി ഇരിക്കുകയായിരുന്നു. തത്കാലം മഹി വരുന്നത് വരെ വിഷ്ണുവിനെ സംരക്ഷിക്കാൻ അവർ ഒരുക്കിയ വഴിയാണ്. എല്ലാ ദിവസവും രാത്രി രണ്ടു പേര് ആ വീടിന്റെ പരിസരത്ത് ഉണ്ടാവും. മിക്കവാറും കാശി ഉണ്ടാവും. സംശയസ്പദമായി എന്ത് കണ്ടാലും അവർ നോക്കും. വരുന്നു സീറ്റിൽ ചാരി ഉറക്കമാണ്. കാശി ഉറങ്ങാതെ നോക്കി ഇരുന്നു. വിനുവിന്റെ കാര്യം മഹി പറഞ്ഞിട്ടും താൻ ചെറിയൊരു ശ്രദ്ധക്കുറവ് വരുത്തിയതാണ് അവന്റെ മരണത്തിൽ കലാശിച്ചത്. ഇപ്പോൾ മഹി ജയിലിലും ആയി. അതിൽ അവനു നല്ല കുറ്റബോധം ഉണ്ടായിരുന്നു. ഇനി വിഷ്ണുവേട്ടന്റെ കാര്യത്തിൽ അങ്ങനെ ഒരു റിസ്ക് എടുക്കാൻ പറ്റില്ല.

എന്തെങ്കിലും പിഴവ് പറ്റിയാൽ അതു ആലോചിക്കാൻ കൂടി കഴിയുന്നില്ല. പെട്ടെന്നാണ് തറവാട്ടു ഗേറ്റിന്റെ ഭാഗത്തു ചെറിയൊരു നിഴലനക്കം ശ്രദ്ധയിൽ പെട്ടത്. അവൻ പെട്ടെന്ന് തന്നെ വരുണിനെ കുലുക്കി വിളിച്ചു. അവൻ കണ്ണ് തുറന്നപ്പോൾ ഗേറ്റിന്റെ ഭാഗത്തേക്ക്‌ വിരൽ ചൂണ്ടി. വരുന്നും അതു കണ്ടു എന്നുറപ്പായപ്പോൾ അവർ രണ്ടാളും തങ്ങൾ കയ്യിൽ കരുതിയ ആയുധങ്ങളുമായി പതുക്കെ ഗേറ്റിനു അടുത്തേക്ക് നടന്നു. മാണിക്യമംഗലത്തെ ഗേറ്റ് ഒരിക്കലും പൂട്ടാറില്ല. എന്തെങ്കിലും ആവശ്യത്തിന് ആര് ഏതു നേരത്തു വന്നാലും ബുദ്ധിമുട്ടുണ്ടാവരുത് എന്ന് പറഞ്ഞു ദേവനാരായണൻ അങ്ങനെ ചെയ്യുമായിരുന്നു. വിഷ്ണുവേട്ടനും അതു തുടർന്നു . കാശിയും മഹിയും എത്ര പറഞ്ഞിട്ടും അതു മാറ്റാൻ തയ്യാറായില്ല. അതു കൊണ്ട് ആര് വന്നാലും തറവാട്ടിനുള്ളിൽ കയറാൻ എളുപ്പമാണ്. കാശിയും വരുന്നും ഗേറ്റിനു അടുത്തു എത്തിയപ്പോഴേ കണ്ടു ഗേറ്റ് തുറന്നു അകത്തേക്ക് കയറാൻ തുടങ്ങുന്ന രണ്ടു രൂപങ്ങൾ. അവർ അവരെ പിടിക്കാനായി മുന്നോട്ടു നീങ്ങിയതും അപ്രതീക്ഷിതമായി ബലമുള്ള കുറച്ചധികം കൈകൾ അവരെ പിറകിലേക്ക് വലിച്ചു.

ഗേറ്റിനടുത്തുള്ളവർ മാത്രമല്ല ഇനിയും ആളുകൾ ഉണ്ടെന്നു അവർക്കു അപ്പോഴാണ് മനസിലായത്. അവരും തങ്ങളെ കണ്ടെന്നും തങ്ങൾ അവരുടെ കയ്യിൽ അകപ്പെട്ടന്നും കാശിക്കു മനസിലായി. വിഷ്ണു ദത്തന് കാവൽ ഉണ്ടാവുമെന്ന് അവർ നേരത്തെ ഊഹിച്ചിട്ടുണ്ടാവും. അവർ കുറെ ആളുകൾ ഉണ്ട്. തങ്ങൾക്കു രണ്ടു പേർക്ക് ഇവരെ കീഴടക്കാൻ പറ്റില്ല.. കൂടുതൽ ആളുകളെ വിളിക്കാനും പറ്റില്ല. ഗേറ്റിനടുത്തു നിൽക്കുന്ന ആളുകൾ ഇപ്പോൾ ഗേറ്റ് തുറന്നു അകത്തേക്ക് കയറാൻ തുടങ്ങുകയാണ്. കാശി വരുണിനെ നോക്കി.. കാശിക്കു നല്ല ഭയം തോന്നി. അവനെ പറ്റി ഓർത്തല്ല. വിഷ്ണുവിനെയും കുടുംബത്തെയും വരുന്നിനേയും ഓർത്തു. അവന്റെ മുഖത്തും ഭയം ആണ്.. മഹി ഉണ്ടായിരുന്നെങ്കിൽ.. കാശി അതു ചിന്തിച്ചു തീർന്നതും ഇരുട്ടിൽ നിന്നും ഒരു രൂപം അവരുടെ അടുത്തേക്ക് ചാടി വീണതും ഒരുമിച്ചായിരുന്നു. ആ രൂപത്തെ തന്നെ നോക്കി നിന്ന കാശിയുടെ കണ്ണുകൾ അത്ഭുദവും ഞെട്ടലും കൊണ്ട് വിടർന്നു. " മഹി.. "......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story