സൂര്യപാർവണം: ഭാഗം 28

surya parvanam

രചന: നിള നിരഞ്ജൻ

കല്പകശ്ശേരി എന്ന് സ്വർണ ലിപിയിലുള്ള ബോർഡ്‌ വച്ച വലിയ നാലുകെട്ടിന്റെ അടച്ചിട്ടിരുന്ന ഗേറ്റ് തകർത്തു കൊണ്ട് അകത്തു കയറിയ ഓപ്പൺ ജീപ്പ് തറവാട്ടിന്റെ മുറ്റത്തു വലിയ ശബ്ദത്തോടെ നിന്നു. മഹിയാണ് അതിൽ നിന്നും ആദ്യം ഇറങ്ങിയത്. പിറകെ ബാക്കി രണ്ടു പേരും.ഗേറ്റിന്റെ കാവൽക്കാരൻ മാണിക്യമംഗലത്തെ ജീപ്പ് കണ്ടപ്പോൾ മുതൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ്.. മഹിയുടെ ദേഷ്യം വന്നാലുള്ള സ്വഭാവം അറിയാവുന്നതു അടുത്തേക്ക് പോകാനും വയ്യ.. എന്നാൽ തനിക്കു ശമ്പളം തരുന്ന യജമാനന്നെ കാക്കാതിരിക്കാനും വയ്യ..ശബ്ദം കേട്ടു ഓടി കൂടിയ ബാക്കി ജോലിക്കാർക്കും അതേ അവസ്ഥയാണെന്നു തോന്നി.. അവരുടെ ആ വിഷമം മഹി തന്നെ മാറ്റി കൊടുത്തു.. " നിന്റെയൊക്കെ മുതലാളിയെ ഒന്ന് നേരിട്ടു കണ്ടു ഒരു സൽക്കാരം കൊടുക്കാൻ തന്നെയാണ് സൂര്യമഹാദേവന്റെ ഈ വരവ്.. അതിനു തടസ്സമായിട്ട് ആര് കയറി വന്നാലും അവർക്കും കിട്ടും സൽക്കാരത്തിന്റെ ഒരു പങ്കു.. വാങ്ങിച്ചു കൂട്ടാൻ തയ്യാറാവർ മാത്രം വന്നാൽ മതി.. " അതു കേട്ടതും എല്ലാവരും പിറകോട്ടു മാറി. സൂര്യമഹാദേവന്റെ ദേഷ്യം ശിവപുരത്തും പ്രശസ്തമായിരുന്നു. വിഷ്ണു ദത്തൻ ഒരു കാഴ്ചകാരനെ പോലെ കല്പകശ്ശേരിയിലെ ഉമ്മറത്തെ ചാറുകസേരയിൽ കയറി കയ്യും കെട്ടി ഇരിപ്പുറപ്പിച്ചപ്പോൾ മഹിയും കാശിയും കലാപകശ്ശേരിയുടെ ഉമ്മറത്തു തന്നെ നിന്നു..

അപ്പോഴേക്കും അവിടുത്തെ ഒച്ച കേട്ടു മാനവേന്ദ്രനും നീലാംബരിയും പുറത്തേക്കു വന്നിരുന്നു. തങ്ങളുടെ ഉമ്മറത്ത് കയറി അധികാരത്തിൽ ഇരിക്കുന്ന വിഷ്ണുവിനെയും മഹിയെയും കാശിയെയും കണ്ടതും അവർ ഒന്ന് പേടിച്ചു. തകർന്നു വീണു കിടക്കുന്ന ഗേറ്റും കലി പേടിച്ചു മാറി നിൽക്കുന്ന തന്റെ ആളുകളെയും കണ്ടപ്പോൾ അതു വർധിച്ചു. മാനവേന്ദ്രനും മുന്നിൽ സംയമനം വീണ്ടെടുത്തത് നീലാംബരി ദേവി ആണ്.. " എന്ത് ധൈര്യത്തിലാണ് നീയൊക്കെ കല്പകശ്ശേരി തറവാട്ടിൽ കയറി വന്നു അതിക്രമം കാണിക്കുന്നത്? " " അതെന്തു ചോദ്യമാ നീലാംബരി ദേവി.. നിങ്ങൾ എന്റെ കല്യാണത്തിന് വിളിക്കാതെ വന്നു എനിക്ക് സമ്മാനം തന്നപ്പോഴേ ഞാൻ പറഞ്ഞിരുന്നതല്ലേ ഞാൻ നിങ്ങളെ കാണാൻ വരുന്നുണ്ടെന്നു.. ഇത്ര പെട്ടെന്ന് അതൊക്കെ മറന്നു പോയോ? ആ സാരമില്ല.. പ്രായം ഒക്കെ ആയി വരുവല്ലേ? അതിന്റെ ആയിരിക്കും.. അല്ലേടാ കാശി? " മഹി കാശിയെ നോക്കി ചോദിച്ചപ്പോൾ കാശി ചിരിച്ചു കൊണ്ട് തലയാട്ടി.. മഹി മനഃപൂർവം കളിയാക്കുകയാണെന്നു മനസിലാക്കിയതും അവർ ദേഷ്യം കൊണ്ട് വിറച്ചു.. " എന്താടാ നീ പകരം ചെയ്യാൻ വന്നതാണോ? എന്നാൽ ഒന്ന് കാണട്ടെ നീ എന്നെ എന്താ ചെയ്യാൻ പോകുന്നതെന്ന്?" " അയ്യേ.. ഞാൻ നിങ്ങളെ ഒന്നും ചെയ്യാൻ പോകുന്നില്ല..

പെണ്ണുങ്ങളോട് അതിക്രമം കാണിക്കുന്നത് എന്റെ രീതി അല്ല.. നിങ്ങളെ പെണ്ണിന്റെ വർഗ്ഗത്തിൽ പെടുത്തുന്നത് പെണ്ണുങ്ങൾക്ക്‌ മുഴുവനും അപമാനമാണ് എന്നാലും പോട്ടെ.. ഞാൻ കാണാൻ വന്നത് നിങ്ങളുടെ ഈ കെട്ടിയവനെ ആണ്.. അധികാര ഭ്രമം മൂത്തു കൊല്ലാൻ ഇറങ്ങിയിരിക്കുന്ന ഇയാളെ.. " പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ മഹി ഒരു കൈ കൊണ്ട് മാനവേന്ദ്രനെ പിടിച്ചു വീടിനു പുറത്തേക്കു വലിച്ചിട്ടു.. മുറ്റത്തേക്ക് വീണു പോയ അയാളെ കാശി പിടിച്ചു എണീപ്പിച്ചു നേരെ നിർത്തി.. " പ്രായമുള്ള മനുഷ്യൻ ആണല്ലോ എന്ന ചിന്തയിൽ ആണ് ഇത്ര നാളും എന്തൊക്കെ പോക്രിത്തരങ്ങൾ കാട്ടിയാലും തന്റെ ദേഹത്ത് മഹി കൈ വക്കത്തെ ഇരുന്നത്.. പക്ഷെ ഇനി മാപ്പില്ല.. എന്റെ കൂട്ടുകാരന്റെ ജീവൻ എടുക്കാൻ ധൈര്യം കാണിച്ചില്ലേ, എന്റെ വിഷ്ണുവേട്ടനെയും കുടുംബത്തെയും ഇല്ലാതാക്കാൻ ആളെയും വിട്ടു.." അവൻ പറഞ്ഞത് കേട്ടു മാനവേന്ദ്രനും നീലാംബരിയും അവനെ നോക്കി.. ശേഖരൻ പറഞ്ഞതാണ് അവർക്കു അപ്പോൾ ഓർമ വന്നത്. ഇനി അയാൾ പറഞ്ഞത് പോലെ മഹി ആയിരിക്കുമോ അന്ന് രാത്രി വന്നത്..ഭയത്തോടെ തന്റെ മുഖത്തേക്ക് നോക്കി കൊണ്ടിരിക്കുന്ന മാനവേന്ദ്രന്റെ നെഞ്ചത്ത് തന്നെയാണ് മഹിയുടെ കാലുകൾ ആദ്യം പതിഞ്ഞത്..

അതിന്റെ ശക്തിയിൽ അയാൾ മറിഞ്ഞു പിറകികേക്ക് വീണു. വീണ്ടും കാശി തന്നെ അയാളെ പിടിച്ചു എണീപ്പിച്ചു.. " എന്ത് നോക്കി നിൽക്കുവാണെടാ നീയൊക്കെ? നിങ്ങളുടെ മുതലാളിയെ ഒരുത്തൻ ഈ തറവാട്ടിൽ കയറി വന്നു ഉപദ്രവിക്കുന്നത് കണ്ടില്ലേ? പോയി അവന്മാരെ ശരിക്കെടാ.. " തന്റെ ഭർത്താവിനെ തല്ലുന്നത് കണ്ടു ദേഷ്യത്തോടെ നീലാംബരി ദേവി അലറി..അവർ പുറത്തേക്കിറങ്ങാൻ തുടങ്ങിയതും വിഷ്ണു ദത്തൻ അവരെ തടഞ്ഞു വച്ചു.. "ഹ.. ഇവിടെ നിക്ക് നീലാംബരി ദേവി.. നമുക്ക് രണ്ടാൾക്കും തത്കാലം ഗാലറിയിൽ ഇരുന്നു കളി കാണാം " നിസ്സഹായതയോടെ അവർ അവിടെ തന്നെ ഇരുന്നു.കുറച്ചു ജോലിക്കാർ വേറെ നിവർത്തി ഇല്ലാത്തതു കൊണ്ട് അവരെ അനുസരിക്കാൻ വേണ്ടി ഒന്ന് രണ്ടു പേര് മുന്നോട്ടു വന്നു.. അവരെ നേരിടാൻ പക്ഷെ കാശി തന്നെ ധാരാളം ആയിരുന്നു. പിന്നെ എല്ലാം നോക്കിയും കണ്ടും ഇരുന്നു കൊണ്ട് വിഷ്ണു ദത്തൻ അവനു വേണ്ട നിർദേശങ്ങളും മുന്നറിയിപ്പും കൊടുത്തു കൊണ്ടിരുന്നത് കൊണ്ടും അവനു കാര്യങ്ങൾ നല്ല എളുപ്പമായി. തന്റെ ആളുകൾ ഒന്നൊന്നായി പരാജയപെട്ടു മാറി പോകുന്നത് നീലാംബരി ദേവി നിസ്സഹായതയോടെ നോക്കി ഇരുന്നു. മാനവേന്ദ്രനെ രക്ഷിക്കാൻ ഇനി വേറെ വഴി ഒന്നുമില്ലയെന്നു അവർക്കും മനസിലായി.

മഹിയുടെ അടി കൊണ്ട് നിലത്തു കിടക്കുന്ന മാനവേന്ദ്രന്റെ അടുത്തേക്ക് മഹി വരുന്നത് കണ്ടു അയാൾ കിടന്നു കൊണ്ട് തന്നെ പിറകിലേക്ക് മാറി.. " മഹി.. വേണ്ട... വേണ്ട.. " അയാളുടെ അപേക്ഷ അവന്റെ ദേഷ്യത്തിന്റെ ആക്കാം കൂട്ടിയതേ ഉള്ളു.. " ഇത് പോലെ ഞങ്ങളുടെ വിനുവും നിന്നോട് അപേക്ഷിച്ചതല്ലേ? നിന്റെ ഒക്കെ കുടുംബത്തിലെ തന്നെ ഒരുത്തന്റെ ദുഷ്പ്രവർത്തി കാരണം ഒരുപാട് വിഷമിച്ച ഒരു കുടുംബമായിരുന്നു അതു.. എന്നിട്ടും ആ കുടുംബത്തിന്റെ ആകെയുള്ള ആൺതരിയെ സ്വാര്ഥതാല്പര്യങ്ങൾക്കു വേണ്ടി കൊന്നു കളഞ്ഞു.. എന്നിട്ടിപ്പോൾ സ്വന്തം ജീവന് വേണ്ടി അപേക്ഷിക്കുന്നോടാ? " അപ്പോൾ മാനവേന്ദ്രനും മനസിലായി എന്തായാലും തനിക്ക് രക്ഷ ഇല്ലായെന്ന്. ഭയം നിറഞ്ഞു തുളുമ്പുന്ന മിഴികളോടെ അയാൾ മഹിയുടെ അടുത്ത പ്രവർത്തി എന്തായിരിക്കും എന്ന് നോക്കി കിടന്നു. "മഹി വേണ്ട.. ഇന്ദ്രേട്ടനെ കൊന്നിട്ട് നിനക്ക് സുഖമായി ജീവിക്കാൻ കഴിയും എന്ന് നീ വിശ്വസിക്കുന്നുണ്ടോ? നീ വീണ്ടും തിരികെ ജയിലിലേക്ക് തന്നെ പോകേണ്ടി വരും.. നീ മാത്രമല്ല.. നിന്നോടൊപ്പം ഇതിനു കൂട്ട് നിന്ന നിന്റെ ഈ കൂട്ടുകാരനും പിന്നെ നിന്റെ എല്ലാം എല്ലാമായ ഈ ഏട്ടനും ജയിലിൽ ആവും.. മൂന്നു കുടുംബങ്ങൾ അനാഥവും ആകും.. അതു മാത്രമല്ല ഇരുദേശപുരത്തെ നിങ്ങളുടെ ജനങ്ങളും അനാഥമാവും."

" ഹ ഹ.. നിങ്ങൾ എന്താണ് വിചാരിച്ചതു നീലാംബരി ദേവി? ഇവനെ കൊന്നിട്ട് ജയിലിൽ പോയി കിടക്കാൻ മാത്രം ഞങ്ങളൊക്കെ വെറും മണ്ടന്മാർ ആണെന്നോ? " അതു കേട്ടിട്ട് ഒന്നും മനസിലാവാതെ മാനവേന്ദ്രനും നീലാംബരിയും അന്യോന്യം നോക്കി. "മനസിലായില്ലേ? വാളെടുതവൻ വാളാൽ എന്ന് കേട്ടിട്ടുണ്ടോ? എന്നെ ജയിലിൽ അടച്ചു വിഷ്ണുവേട്ടനെ അപയപെടുത്തി ഈ നാടിന്റെ അധികാരം കയ്യടക്കാം എന്ന ചിന്തയിൽ അല്ലായിരുന്നോ കെട്ടിയോനും കെട്ടിയോളും.. പക്ഷെ ഇനി അതു വേണ്ട.. ഞാൻ എന്റെ ജയിൽ വാസം അവസാനിപ്പിച്ചു.. ഇനി നിങ്ങളുടെ ഊഴമാണ് ജയിലിൽ കിടക്കാൻ.." പകപ്പോടെ നീലാംബരിയും മാനവേന്ദ്രനും അവന്റെ വാക്കുകൾ കേട്ടു നിന്നു.. " നിങ്ങൾ എനിക്ക് വേണ്ടി ഒരുക്കിയ കള്ള സാക്ഷി ഉണ്ടല്ലോ ശേഖരന്റെ മകൻ.. അവനെ ഞങ്ങൾ അങ്ങ് പൊക്കി. അവൻ കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ ശര്ധിച്ചിട്ടുണ്ട്.. അവനെ ഞങ്ങൾ കയ്യോടെ കമ്മീഷണർ ഓഫീസിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട്..ഇപ്പോൾ അവർ മിക്കവാറും നിങ്ങളുടെ വിശ്വസ്തൻ ശേഖരനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടാവും.. അടുത്ത ഊഴം നിങ്ങളുടേതാണ്.. ഉടനെ പട ഇവിടെയും എത്തും.." " ടാ.. നീ.. " മാനവേന്ദ്രൻ ദേഷ്യത്തോടെ നിലത്തു നിന്നു എഴുനേൽക്കാൻ നോക്കിയെങ്കിലും സാധിക്കുന്നുണ്ടായിരുന്നില്ല.. "

ചുമ്മാ ആവേശം കാണിച്ചിട്ടു ഒരു കാര്യവുമില്ല കാർന്നോരെ.. എല്ലാം ഞങ്ങൾ സെറ്റ് അക്കിട്ടുണ്ട്..പിന്നെ അവര് വന്നു തന്നെയും പെമ്പിറന്നോരെയും കൊണ്ട് പോകുന്നതിനു മുന്നേ ഒരു ചടങ്ങ് കൂടി ബാക്കി ഉണ്ട്.. " തന്നെ തന്നെ നോക്കി കിടക്കുന്ന മാനവേന്ദ്രന്റെ അടുത്തു ചെന്നു മഹി അയാളുടെ വലത്തേ കയ്യിൽ പിടിച്ചു.. പിന്നെ നീലാമ്ബരിയെ കൂടി ഒന്ന് നോക്കിയ ശേഷം ആ കൈ പിടിച്ചു ശക്തമായി തിരിചൊടിച്ചു.. വേദനയാൽ പുളയുന്ന മാനവേന്ദ്രന്റെ നിലവിളി ആ തറവാടിന്റെ മുറ്റമാകെ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.. തന്റെ ഭർത്താവിന്റെ അവസ്ഥ കാണാൻ കഴിയാതെ നീലാംബരി ദേവി കണ്ണുകൾ ഇറുക്കെ അടച്ചു.. ഒടിഞ്ഞ കൈ മറ്റേ കൈ കൊണ്ട് താങ്ങി എഴുനേൽക്കാനാവാതെ മാനവേന്ദ്രൻ അവിടെ തന്നെ കിടന്നു.. അയാളുടെ അടുത്ത കയ്യിലേക്ക് മഹിയുടെ ശ്രദ്ധ പതിഞ്ഞതും കലാപകശ്ശേരിക്ക് മുന്നിൽ ആര്യന്റെ വണ്ടി വന്നു നിന്നതും ഒരുമിച്ചായിരുന്നു.. ആര്യന്റെ വണ്ടിക്കു പിന്നാലെ ഒരു പോലിസ് ജീപ്പും കൂടി ഉണ്ടായിരുന്നു.. തന്നെ അറസ്റ്റ് ചെയ്യാൻ വന്നിരിക്കുകയാണെന്നു അറിയാണെങ്കിലും അപ്പോൾ അവരുടെ വരവ് മാനവേന്ദ്രന് ആശ്വാസമായി തോന്നി..വണ്ടിയിൽ നിന്നിറങ്ങിയ ആര്യൻ തന്റെ മുന്നിലുള്ള കാഴ്ച ഒന്ന് വിലയിരുത്തി.. അവിടെ എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്നയാൾക്കും ഊഹിക്കാമായിരുന്നു.

" മഹി.. വേണ്ട.. ഇനി അയാളെ ഒന്നും ചെയ്യരുത്..അയാളെയും ഭാര്യയെയും അറസ്റ്റ് ചെയ്യാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.." അയാളുടെ രണ്ടു കയ്യും ഓടിക്കണം എന്ന ചിന്തയിൽ തന്നെയാണ് മഹി വന്നത്.. അതു സാധിക്കാത്തതിന്റെ ഒരു നിരാശയും അവനു ഉണ്ടായിരുന്നു. മഹി ആര്യനെയും മാണവേന്ദ്രനെയും മാറി മാറി നോക്കുന്നത് കണ്ടപ്പോൾ കാശിക്കു അപകടം മണത്തു. എന്തെങ്കിലും ഒരു കാര്യം തീരുമാനിച്ചാൽ അതു നടത്താതെ വരുന്ന സ്വഭാവം മഹിക്കില്ല. ആര്യൻ അവിടെ ഉണ്ട് എന്നതൊന്നും അവനു ഒരു പ്രശ്നമേ ആവില്ല.. അതു കൊണ്ട് കാശി ചെന്നു മഹിയുടെ കയ്യിൽ പിടിച്ചു വലിച്ചു.. "ഡാ .. ഇനി പ്രശ്നം വേണ്ട.. വാ. നമുക്ക് പോവാം.." മടിച്ചു മടിച്ചാണെങ്കിലും അവൻ കാശ്ശിയോടൊപ്പം ജീപ്പിലേക്ക് നടന്നു.. അപ്പോഴേക്കും നീലാംബരി ദേവി ഓടി മാനവേന്ദ്രന്റെ അടുത്തു എത്തിയിരുന്നു..അയാളെ പതിയെ താങ്ങി ഇരുത്തി.. " ഇന്ദ്രേട്ടാ.. " " നിങ്ങളെ രണ്ടു പേരെയും ഞങ്ങൾക്ക് സ്റ്റേഷനിലേക്ക് കൊണ്ട് പോകേണ്ടി വരും.. വിനീതിനെ നിങ്ങൾ കൊലപെടുത്തിയിട്ടു അതു മനഃപൂർവം സൂര്യമഹാദേവന്റെ തലയിൽ ചുമത്താൻ ശ്രമിക്കുകയായിരുന്നു എന്ന് നിങ്ങളുടെ കാര്യസ്ഥൻ ശേഖരന്റെ മകൻ എന്റെ അടുത്തു മൊഴി തന്നിട്ടുണ്ട്..

അതിനപ്രകാരം നിങ്ങളുടെ കാര്യസ്ഥൻ ശേഖരനെയും ഞങ്ങൾ കസ്റ്റഡിയിൽ എടുത്തു കഴിഞ്ഞു.. " ആര്യൻ അതു പറഞ്ഞപ്പോൾ നീലാംബരി വളരെ ദേഷ്യത്തോടെ അയാളെ നോക്കി.. " അങ്ങനെ ആരെങ്കിലും പറഞ്ഞാൽ ഉടനെ അതു നിങ്ങൾ അങ്ങ് വിശ്വസിക്കുകയാണോ? തന്റെ പേരിലുള്ള കുറ്റം മനഃപൂർവം ഞങ്ങളുടെ പേരിലേക്ക് ആക്കാനായി ഇവൻ ശേഖരന്റെ മകനെ ഉപദ്രവിച്ചു പറയിപ്പിച്ചതാണ് അങ്ങനെയൊക്കെ.. അല്ലാതെ ആ വിനു ചെക്കനെ കൊന്നിട്ട് ഞങ്ങൾക്കെന്തു കിട്ടാനാണ്? മഹിക്കായിരുന്നു അവനോടു വിരോധം മുഴുവനും.. താൻ കമ്മീഷണർ ആയിരുന്നിട്ടു മാനിക്യമംഗലത്തു കാരുടെ കാശും വാങ്ങി ഞങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണെന്നു ഞങ്ങൾ തന്റെ സീനിയർ ഓഫീസറിനു പരതി കൊടുക്കും. " അവർ പറഞ്ഞപ്പോൾ ആര്യൻ പതിയെ ചിരിച്ചു.. " അങ്ങനെ മാണിക്യമംഗലത്തു കാരുടെ കാശ് വാങ്ങി അന്നം കഴിക്കണ്ട ആവശ്യമൊന്നും ആര്യൻ ദേവിന് ഇല്ല.. അതു നിങ്ങൾ ശരിക്കും എന്റെ കുടുംബത്തെ പറ്റി ഒന്ന് അന്വേഷിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളു..പിന്നെ നിങ്ങളെ ഇപ്പോൾ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നത് ശേഖരന്റെ മകൻ മാറ്റി പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം അല്ല.. " " പിന്നെ? " " ഈ കേസ് അന്വേഷിക്കാൻ കിട്ടിയപ്പോഴേ എന്റെ മനസ്സിൽ തോന്നിയതാണ് ഇത് മഹി ചെയ്തത് അല്ലായെന്നു..

കാരണം ഞാൻ മാണിക്യമംഗലത്തു സൂര്യാമാഹദേവനെ പ്പറ്റി മനസിലാക്കിയിടത്തോളം അയാൾ അതു ചെയ്യില്.ഇനി മഹി വിനുവിനെ എന്തെങ്കിലും ചെയ്തെങ്കിൽ തന്നെ അതിങ്ങനെ മറച്ചു വയ്ക്കാനൊന്നും നോക്കില്ലായിരുന്നു. പിന്നെ അന്നത്തെ സാക്ഷി മൊഴിയും സാഹചര്യങ്ങളും കൊണ്ട് മഹിയെ അറസ്റ്റ് ചെയ്യുക എന്നൊരു വഴിയേ ഇണ്ടായിരുന്നുള്ളു.. ഇത് ചെയ്തവർ ആരായാലും മഹിയെ അറസ്റ്റ് ചെയ്യുമ്പോൾ അവരുടെ പദ്ധതി വിജയിച്ചു എന്ന് വിചാരിച്ചു സമാധാനിക്കുമെന്നും അതു അവരിലേക്കെത്താൻ എന്നെ സഹായിക്കുമെന്നും എനിക്കും അറിയാമായിരുന്നു." ഇതെല്ലാം കേട്ടു ഞെട്ടി നിൽക്കുകയായിരുന്നു മാനവേന്ദ്രനും നീലാംബരിയും. "പിന്നെ നിങ്ങൾക്കെതിരെ എന്റെ കൈവശം ഉള്ള തെളിവുകൾ.. അന്ന് മഹിയുടെ പറമ്പിലുള്ള വീട് പരിശോധിക്കണം ചെന്നപ്പോൾ തന്നെ ഞങ്ങൾക്ക് മനസിലായതാണ് അന്ന് അവിടെ വന്നിരുന്ന ജീപ്പ് മഹിയുടേത് അല്ലായെന്നു.. അതു പോലെ തന്നെ വിനുവിനെ കൊലപെടുത്തിയവർ ഉപയോഗിച്ച് ഉപേക്ഷിച്ച കത്തിയും കയറും വസ്ത്രങ്ങളും ഒക്കെ ആ പറമ്പിനു പിറകിലുള്ള പുഴയിൽ നിന്നു ഞാൻ അതിന്റെ പിറ്റേ ദിവസം തന്നെ കണ്ടെത്തിയതാണ്.. അതിൽ നിന്നു കിട്ടിയ കുറച്ചു വിവരങ്ങളിലൂടെ നിങ്ങൾ ഇത്തിനു വേണ്ടി ശേഖരനെ കൊണ്ട് എറണാകുളത്തു നിന്നു വരുത്തിച്ചവരെ ഞാൻ രണ്ടു ദിവസം മുന്നേ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.

അവരിൽ നിന്നു നിങ്ങള്ക്ക് എതിരായാ എല്ലാ വിവരങ്ങളും കിട്ടിയിരുന്നു. നിങ്ങളുടെ അറസ്റ്റിനയുള്ള വാറന്റ് പ്രതീക്ഷിച്ചു ഇരിക്കുമ്പോഴാണ് ശേഖരന്റെ മകന്റെ മൊഴി മാറ്റം.. അതു ഞങ്ങളുടെ ജോലി കുറച്ചു കൂടി എളുപ്പമാക്കി എന്ന് മാത്രമേയുള്ളു.. അപ്പോൾ എങ്ങനാ നമുക്ക് അങ്ങ് പോയാലോ? അവരെ നോക്കി ആര്യൻ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ തങ്ങൾ നല്ല രീതിയിൽ തന്നെ പെട്ടിരിക്കുകയാണെന്നു അവർക്കും മനസ്സിലായിരുന്നു.. ഇതിൽ നിന്നു പുറത്തു കടക്കണമെങ്കിൽ തങ്ങൾക്കു കുറച്ചു സമയം വേണമെന്ന് അവർക്കു അറിയാമായിരുന്നു.. "അതൊക്കെ ഇരിക്കട്ടെ.. ഇനി അങ്ങനെ ആണെങ്കിൽ തന്നെ ഇവിടെ വരാനും എന്റെ ഭർത്താവിനെ തല്ലി ചതക്കാനും കൈ ഓടിക്കാനും ഒക്കെ ഇവന് ആരാ അധികാരം കൊടുത്തത്? ഇവനാരാ പോലീസോ? " ആര്യൻ തിരിഞ്ഞു മഹിയെ തറപ്പിച്ചു ഒന്ന് നോക്കി .. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ലായെന്ന ഭാവത്തിൽ അവൻ അവിടെ നിന്നതേ ഉള്ളു.. " ആർക്കും നിയമം കയ്യിൽ എടുക്കാനുള്ള അധികാരം ഇല്ല.. നിങ്ങള്ക്ക് മഹിയെ പറ്റി പരാതി എന്തെങ്കിലും ഉണ്ടെങ്കിൽ അതു എഴുതി സ്റ്റേഷനിൽ കൊടുത്താൽ ഞങ്ങൾ വേണ്ട നടപടി എടുക്കാം.. തലകാലം മാനവേന്ദ്രനെ കൈ ശരിയാക്കാൻ ഞങ്ങൾ തന്നെ ഹോസ്പിറ്റലിൽ ആക്കാം.. " നീലാംബരി ദേവി പക എരിയുന്ന കണ്ണുകളോടെ അവരെ നോക്കി.. " നിങ്ങൾ എല്ലാവരും ഒരു കൂട്ടാണെന്നു മനസിലായി..ഞങ്ങൾക്ക് പരാതി ഒന്നുമില്ല.

എന്റെ വീട്ടിൽ കയറി വന്നു എന്റെ ഭർത്താവിനോട് ചെയ്തതിനൊക്കെ ഞങ്ങൾ നേരിട്ടു തന്നെ കൊടുത്തോളാം.." ആര്യൻ കണ്ണ് കാണിച്ചപ്പോൾ പോലീസുകാർ വന്നു മാനവേന്ദ്രനെയും നീലാംബരിയെയും പോലിസ് ജീപിലേക്കു കയറ്റി..അവർ പോകുന്നതും നോക്കി മഹിയും വിഷ്ണുവും കാശിയും അവിടെ തന്നെ നിന്നു .പോലീസ് ജീപ്പ് പോയി കഴിഞ്ഞപ്പോൾ ആര്യൻ അവർക്കടുത്തേക്ക് വന്നു.. ആ മുഖത്ത് അപ്പോഴും ഗൗരവം ആയിരുന്നു. " നിങ്ങൾ ഇതെന്തു ഭാവിച്ച? ഈ കൊണ്ടും കൊടുത്തും കൊണ്ടുള്ള ഈ കലി എത്ര നാൾ തുടരമെന്നാണ് നിങ്ങൾ വിചാരിച്ചു വച്ചിരിക്കുന്നത്? " ആര്യൻ ചോദിച്ചു .. വിഷ്ണു ദത്തൻ ആണ് മറുപടി പറഞ്ഞത്.. " ഇതൊന്നും തുടങ്ങി വയ്ക്കുന്നത് ഞങ്ങൾ അല്ല സാറേ.. പിന്നെ ഇങ്ങോട്ടേക്കു വരുമ്പോൾ പിന്നെ എന്താ ചെയ്യുക? " " ആര് തുടങ്ങുന്നു അവസാനിപ്പിക്കുന്നു എന്നതിൽ ഒന്നുമല്ല കാര്യം.. നഷ്ടങ്ങൾ ഉണ്ടാവുന്നതിലാണ്.. ഈ കാലമത്രയും നഷ്ടങ്ങൾ കൂടുതലും നിങ്ങൾക്കാണ് ഉണ്ടായിട്ടുള്ളത്.. അവസാനമായി വിനുവിന്റെ ജീവൻ ഉൾപ്പടെ.. ഇനിയും നിങ്ങൾക്കും നഷ്ടങ്ങൾ ഉണ്ടാവരുതിരിക്കാനാണ് ഞാൻ പറയുന്നത്.. നിർത്തിക്കൂടെ ഇതെല്ലാം? " മഹി എന്തോ പറയാൻ തുടങ്ങിയതും വിഷ്ണു അവനെ തടഞ്ഞു..

" ഞങ്ങൾക്കും ഈ വഴക്കും ബഹളവും ഇങ്ങനെ തുടർന്ന് കൊണ്ട് പോകാൻ താല്പര്യമൊന്നുമില്ല.. പക്ഷെ ഞങ്ങൾ എല്ലാം വിട്ടു മാറി നിന്നാലും അവർ അടങ്ങി ഇരിക്കുമെന്ന് തോന്നുണ്ടോ? ഇത്രയും ആയിട്ടും പോകുന്നതിനു മുന്നേ ആ പെണ്ണുംപിള്ള പറഞ്ഞിട്ട് പോകുന്നത് സാറും കേട്ടതല്ലേ? ". ആര്യൻ ഒന്ന് മൂളി.. പിന്നെ കുറച്ചു നേരം ചിന്തകളിൽ മുഴുകി ഇരുന്നു.. " തത്കാലം കുറച്ചു ദിവസത്തേക്ക് അവരുടെ ശല്യം ഉണ്ടാവില്ല.. ജാമ്യം കിട്ടുമോ ഇല്ലയോ എന്നത് ശേഖരൻ കോടതിയിൽ കൊടുക്കുന്ന മൊഴി ആശ്രയിച്ചു ഇരിക്കും..പിന്നെ..ഇനി നിങ്ങളായി ഒരു പ്രശനം ഉണ്ടാക്കാൻ പോവരുത്.. അവരായിട്ടു വരികയാണെങ്കിൽ അപ്പോൾ നോക്കാം.. പോയവർ പോയി.. ഇനിയും നഷ്ടങ്ങൾ ഉണ്ടാവാതെ തത്കാലം ഈ പ്രതികാരവും എല്ലാം ഇവിടം കൊണ്ട് അവസാനിപ്പിക്കു.." ആര്യൻ അതു പറഞ്ഞപ്പോൾ മഹിയും കാശിയും മിണ്ടാതെ നിന്നെങ്കിലും വിഷ്ണു സമ്മതിച്ചു..ആര്യൻ പോയി കഴിഞ്ഞപ്പോൾ അവരും തിരികെ പോയി. " ഏട്ടൻ എന്തിനാ അയാൾ പറഞ്ഞതൊക്കെ അങ്ങ് സമ്മതിച്ചത്? " പോരുന്ന വഴിക്കു മഹി ചോദിച്ചു.. " അയാൾ നല്ലവനാണെന്നു തോന്നിയത് കൊണ്ട്.. നീയല്ല വിനുവിനെ കൊന്നതെന്നു മനസിലാക്കി അയാൾ അതു തെളിയിച്ചില്ലേ? പിന്നെ അയാൾ പറഞ്ഞത് പോലെ ഇനിയും ജീവനും സ്വത്തിനും അപകടങ്ങൾ ഉണ്ടാവാതിരിക്കുമെങ്കിൽ ഒന്ന് ഒതുങ്ങി കൂടെ?" " കല്പകശ്ശേരിക്കാർ എന്തായാലും വെറുതെ ഇരിക്കാൻ പോകുന്നില്ല.. "

" പറഞ്ഞ പോലെ കുറച്ചു ദിവസത്തേക്ക് സമാധാനം ഉണ്ടാവുമല്ലോ? ബാക്കി നമുക്ക് നോക്കാം." വിഷ്ണു പറഞ്ഞത് മൊത്തമായും ദഹിച്ചില്ലെങ്കിലും മഹി പിന്നെ എതിർത്തു ഒന്നും പറയാൻ പോയില്ല. കാശിയെ അവന്റെ വീട്ടിലിറക്കി വിഷ്ണുവിനെ തറവാട്ടിൽ കൊണ്ട് വിടാൻ പോകുന്ന വഴിക്ക് വിനുവിന്റെ വീട്ടുകാർക്ക് വേണ്ടി താൻ ആലോചിച്ച കാര്യം മഹി അവനോടു പറഞ്ഞു. വിഷ്ണുവിനും അതു സമ്മതമാണെന്ന് കേട്ടപ്പോൾ എന്നാൽ പിന്നെ അധികം വൈകാതെ നാളെ തന്നെ ആ കാര്യം മാഷിനോട് പോയി സംസാരിക്കാൻ അവർ തീരുമാനിച്ചു. അതിനു ശേഷം വിഷ്ണുവിനെ മാണിക്യമംഗലത്തു ഇറക്കി അവൻ തിരികെ വീട്ടിലെത്തിയപ്പോൾ ഒരുപാട് രാത്രി ആയിരുന്നു. തന്റെ കയ്യിലുള്ള ചാവി ഉപയോഗിച്ച് വീട് തുറന്നു അവൻ അകത്തേക്ക് നടന്നു.. അവനുള്ള ഭക്ഷണം ഡൈനിങ്ങ് ടേബിളിൽ മൂടി വച്ചിരുന്നു. വിഷപൗ തോന്നാത്തത് കൊണ്ട് അവൻ അതെടുത്തു അടുക്കളയിൽ കൊണ്ട് വച്ചു മുറിയിലേക്ക് ചെന്നു. ലൈറ്റ് ഇട്ടപ്പോഴേ കട്ടിലിൽ ചുരുണ്ടു കൂടി കിടന്നുറങ്ങുന്ന പാറുവിനെ കണ്ടു അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു.. കുളിച്ചു വേഷം മാറി അവൻ അവളുടെ അടുത്തു ചെന്നു അവളോട്‌ ചേർന്നു കിടന്നു.. അവന്റെ സാമീപ്യം അറിഞ്ഞെന്നവണ്ണം ഒന്ന് കുറുകി അവൾ അവനോടു ഒന്ന് കൂടി ചേർന്ന് കിടന്നു..

അവളെ നെഞ്ചോടു ചേർത്തു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു രണ്ടു കൈ കൊണ്ടും അവളെ ഇറുക്കി പിടിച്ചു അവനും ഉറക്കത്തിലേക്കു വീണു. ഉറക്കം പതിയെ വിട്ടകന്നപ്പോഴേ ഞാൻ ആരുടെയോ കൈകൾക്കുള്ളിൽ ആണെന്ന് എനിക്ക് മനസിലായി. അതിന്റെ ഉടമയെ മനസ്സിലായതും ഞാൻ ഒന്നുകൂടി ചേർന്നു കിടന്നു. ഉറക്കത്തിനിടയിലും ആ കൈകളും മുറുകി. കിട്ടിയ സമയത്തു ആ ചൂട് ആസ്വദിച്ചു ഞാൻ അങ്ങനെ കിടന്നു.. "എന്താണ് എന്റെ പാറുക്കുട്ടി.. ഇങ്ങനെ കിടന്നാൽ മതിയോ?" ചെവിയിൽ ചുംബിച്ചു കൊണ്ട് പതിയെ ചോദിച്ചപ്പോൾ ഞാൻ ഇല്ലായെന്ന് തല ചലിപ്പിച്ചു കൊണ്ട് ഒന്നുടെ ആ കൈകൾക്കിടയിൽ തല തിരുകി കിടന്നു.. എന്റെ പ്രവർത്തിയിൽ പതിഞ്ഞ ഒരു ചിരി കാതിൽ പതിഞ്ഞു.. " എന്നാൽ ശരി.. മാഷിന്റെ വീട്ടിലേക്കു വിഷ്ണുവേട്ടനോട് പോകാൻ പറയാം.. നമുക്കിവിടെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം." പറയുന്നതിനോടൊപ്പം ആ കൈകൾ എന്റെ ഇടുപ്പിൽ അമർന്നു.. ഞാൻ പെട്ടെന്ന് ചാടി എഴുനേറ്റു.. " ഇന്നാണോ പോകുന്നെ? " " ആ.. അതേ.. പക്ഷെ നമ്മൾ പോകുന്നില്ലല്ലോ.. നീയല്ലേ പറഞ്ഞെ നിനക്ക് എന്റെ കൂടെ കുറച്ചൂടെ കിടക്കണം എന്ന്.. " സൂര്യേട്ടൻ കള്ള ചിരിയോടെ പറഞ്ഞു.. "വേണ്ട.. എനിക്ക് കിടക്കേണ്ട.. എനിക്കും പോണം മാഷിന്റെ വീട്ടിൽ " സൂര്യേട്ടന്റെ മനസ് മാറുന്നതിനു മുന്നേ തന്നെ ഞാൻ ബാത്റൂമിലേക്കു ഓടി......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story