സൂര്യപാർവണം: ഭാഗം 3

surya parvanam

രചന: നിള നിരഞ്ജൻ

എന്തിനോ വേണ്ടി എനിക്ക് തന്ന ഈ ജന്മം ഇന്ന് അവസാനിപ്പിക്കുകയാണെന്നു കാവിൽ ഭഗവതിയോടു പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.. ആത്മഹത്യ ചെയ്യണമെങ്കിൽ തന്നെ എവിടുന്നു എങ്ങനെ എന്നൊന്നും അപ്പോൾ എനിക്ക് ബോധ്യം ഉണ്ടായിരുന്നില്ല.. എങ്കിലും ഇനി ഈ ജന്മം വേണ്ട എന്ന് മാത്രം ഉറപ്പിച്ചിരുന്നു..അച്ഛന്റെയും അടുത്തേക്ക് തന്നെ പോകാം..അച്ഛൻ ഞാൻ ഇത് പോലെ ഒറ്റപ്പെടാതെ ഇരിക്കാൻ എല്ലാം ചെയ്തു വച്ചിട്ടാണ് പോയതെങ്കിൽ പോലും അതെല്ലാം ഞാൻ ആയി തന്നെ നഷ്ടപ്പെടുത്തി കളഞ്ഞില്ലേ? എന്തൊക്കെ സംഭവിച്ചാലും ഇങ്ങനെ ഒരു അവസരത്തിൽ ചെറിയമ്മയും കൂട്ടരും തന്നെ തനിച്ചാക്കി പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല.. പിന്നെ സന്ദീപേട്ടൻ..ഇന്ന് മുതൽ ഇനി ഈ ജന്മം മുഴുവൻ കൂടെ ഉണ്ടാവുമെന്ന് വാക്ക് തന്നു ചേർത്തു നിർത്തിയ മനുഷ്യൻ ആണ് ഇന്ന് മറ്റൊരുവളുടെ കയ്യും പിടിച്ചു പോയത്.. ഇങ്ങനെ ഉപേക്ഷിക്കാൻ ആയിരുന്നെങ്കിൽ എന്തിനായിരുന്നു എന്നെ ഇഷ്ടമാണെന്നു പറഞ്ഞു ആശ തന്നത്.. സങ്കടം സഹിക്ക വയ്യാതെ അണ പൊട്ടി ഒഴുകി കൊണ്ടേ ഇരുന്നു.. കാവിന്റെ അവസാന പടിയും ഇറങ്ങി ഇനി എങ്ങോട്ടെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് തോളിൽ ഒരു കരസ്പർശം തോന്നിയത്.. നോക്കുമ്പോൾ നേരത്തെ കണ്ട നീല പട്ടു സാരി ഉടുത്ത സ്ത്രീയാണ്..

സന്ദീപേട്ടന്റെ കൂടെ കല്യാണം കൂടാൻ വന്നവരിൽ ഒരാൾ.. അവിടുന്ന് വന്നവരിൽ ആ അസുരനോട് എതിരിട്ടു സംസാരിച്ച ഏക വ്യക്തി..അവരുടെ കണ്ണുകളിൽ അനുകമ്പ കാണാൻ സാധിച്ചു.. ഒപ്പം മറ്റെന്തോ കൂടി. " ഇവിടെ സംഭവിച്ചതൊക്കെ ഞാനും കണ്ടു.. മോൾ ഇനി എങ്ങോട്ടാണ്..? പോകാൻ മറ്റേതെങ്കിലും ഇടം ഉണ്ടോ? " " ഇല്ല.. " " അപ്പോൾ പിന്നെ എങ്ങോട്ട് പോകും? മോളുടെ വീട്ടിലേക്കു തന്നെ കൊണ്ടാക്കട്ടെ? മോളുടെ വീട്ടുകാരോട് ഞാൻ ഒന്ന് സംസാരിച്ചു നോക്കാം.. " ചെറിയമ്മയുടെ അടുത്തേക്ക് തിരിച്ചു ഇനി ഇല്ല എന്ന് തീരുമാനിച്ചിരുന്നത് കൊണ്ട് അതിനു മറുപടി പറയാൻ അധികം ആലോചിക്കേണ്ടി വന്നില്ല.. "വേണ്ട.. അങ്ങോട്ടേക്ക് ഞാൻ ഇനി പോകുന്നില്ല.. " അതും പറഞ്ഞു മുന്നോട്ടു നടക്കാൻ തുടങ്ങിയതും പിറകിൽ നിന്നും അടുത്ത ചോദ്യം വന്നു.. " പിന്നെ എങ്ങോട്ട് പോകും നീ? ആത്മഹത്യ ചെയ്യാൻ പോവുകയാണോ? " ഇതൊക്കെ നിങ്ങൾ എന്തിനാണ് ചോദിക്കുന്നത് എന്ന ഭാവത്തിൽ അവരെ ഒന്ന് തിരിഞ്ഞു നോക്കി ഞാൻ പിന്നെയും മുന്നോട്ടേക്കു നടക്കാൻ തുടങ്ങി.. " ഞാൻ സന്ദീപിന്റെ അമ്മായി ആണ്.. അവൻ എങ്ങനെ ഉള്ളവനാണെന്നും നിന്നെ അവനു എത്ര ഇഷ്ടം ആയിരുന്നു എന്നും എനിക്ക് അറിയാം.. അത് കൊണ്ടാണ് ചോദിച്ചത്.. "

എന്റെ മനസ്സ് വായിച്ചതു പോലെ ഉള്ള അവരുടെ പറച്ചിൽ കേട്ടതും ഞാൻ അവിടെ നിന്നു പോയി.. അവർ ഉടനെ എന്റെ അടുത്തേക്ക് വന്നു.. എന്റെ മനസ്സിലെ ചോദ്യങ്ങൾ കണ്ണുകളിൽ പ്രതിഫലിച്ചു കാണണം.. അവർ ഒന്ന് ചിരിച്ചു.. അതിനു ശേഷം കാവിന്റെ കല്പടവുകളിലേക്കു ചൂണ്ടി പറഞ്ഞു.. " എനിക്ക് പാർവണയോട് കുറച്ചു സംസാരിക്കാനുണ്ട്.. നമുക്ക് ഇങ്ങോട്ട് ഇരുന്നാലോ? " ഭഗവതി കാവിലെ കല്പടവുകളൊന്നിൽ അവരോടൊപ്പം ഞാൻ ഇരുന്നു.. എന്റെ മനസ്സിൽ ചോദിക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു.. പക്ഷെ തത്കാലം അവർ പറയാനുള്ളത് ഇങ്ങോട്ട് പറയട്ടെ എന്നോർത്ത് കേൾക്കാൻ തയ്യാറായി ഞാൻ ഇരുന്നു.. അവർ പറഞ്ഞു തുടങ്ങി.. " എന്റെ പേര് നീലാംബരി ദേവി.. ഇരുദേശപുരത്തെ പ്രസിദ്ധമായ ഒരു തറവാടായ കല്പകശ്ശേരിയിലെ അംഗമാണ് ഞാൻ.. സന്ദീപ് എന്റെ മൂത്ത സഹോദരന്റെ മകൻ ആണ്.. " ഞാൻ തലയാട്ടി.. നേരത്തെ സന്ദീപേട്ടൻ അയാളോട് താൻ കല്പകശ്ശേരിയിലെ ബന്ധു ആണെന്ന് പറയുന്നത് ഞാനും കേട്ടതാണല്ലോ. " ജീവിതത്തെ പറ്റി അങ്ങനെ വലിയ ലക്ഷ്യം ഒന്നും ഇല്ലാതെ അങ്ങനെ നടക്കുന്നവനായിരുന്നു ഞങ്ങളുടെ സന്ദീപ്.. അതിന്റെ പേരിൽ എന്റെ ഏട്ടനും ഏട്ടത്തിക്കും എന്നും വിഷമവും ആയിരുന്നു..

കുറച്ചു ദിവസം ഇവിടെയുള്ള ഞങ്ങളുടെ ബന്ധു വീട്ടിൽ എന്തോ ആവശ്യത്തിനായി നിൽക്കാൻ വന്നതാണ് അവൻ. ഈ അടുത്ത് ഒരു ദിവസം അവൻ ഒരു അമ്പലത്തിൽ വച്ചു ഒരു പെൺകുട്ടിയെ കണ്ടെന്നും കണ്ട മാത്രയിൽ തന്നെ അവളെ ഇഷ്ടപെട്ടെന്നും അവളെ കല്യാണം കഴിക്കണം എന്നും പറഞ്ഞു ഏട്ടന്റെ അടുത്ത് വന്നു. അവളെ കല്യാണം ആലോചിച്ചിട്ട് വരാൻ അത്രയും നാൾ ജോലിക്ക് പോകാതെ ഇരുന്നവൻ ജോലിക്ക് പോയി തുടങ്ങി.. കൂട്ടുകെട്ടുകൾ കുറച്ചു.മൊത്തത്തിൽ അവൻ ആളാകെ മാറി. അവനെ ഇങ്ങനെ മാറ്റി മറിച്ച ആ പെൺകുട്ടിയെ കൊണ്ട് തന്നെ അവനെ കല്യാണം കഴിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു..അങ്ങനെയാണ് എന്റെ ഏട്ടനും ഏടത്തിയും നിന്റെ വീട്ടിൽ ആലോചനയുമായി വന്നത്.പക്ഷെ നിന്റെ അമ്മയെ പറ്റി ഒക്കെ അറിഞ്ഞപ്പോൾ അവർക്കു ചെറിയൊരു വിമ്മിഷ്ടം ഉണ്ടായിരുന്നു.പക്ഷെ സന്ദീപ് നിന്നെ മാത്രമേ കല്യാണം കഴിക്കൂ എന്നതിൽ ഉറച്ചു നിന്നു.. അങ്ങനെ അവന്റെ നിർബന്ധത്തിനു വഴങ്ങി എല്ലാവരും സമ്മതിച്ചതാണ് ഈ കല്യാണത്തിന്.. " അവർ പറഞ്ഞു നിർത്തി.. സന്ദീപേട്ടൻ എന്നെ കണ്ടിഷ്ടപ്പെട്ടു കല്യാണം ആലോചിച്ചു വന്നു എന്നല്ലാതെ എനിക്ക് വേണ്ടി ഇത്രയും മാറി എന്നതൊക്കെ ഒരു പുതിയ അറിവായിരുന്നു..

എന്നോട് സംസാരിച്ചപ്പോഴൊന്നും ഇതിനെ പറ്റി സന്ദീപേട്ടൻ പറഞ്ഞിട്ടുണ്ടായിരുന്നില്ല.. എനിക്ക് വേണ്ടി ഇത്രയുമൊക്കെ ചെയ്ത സന്ദീപേട്ടൻ പിന്നെ എന്തിനാണ് ആ പെൺകുട്ടിയെ കല്യാണം കഴിച്ചത്.. " മോളോടൊത്തുള്ള ജീവിതത്തെ പറ്റി ഒരുപാടു സ്വപ്നങ്ങളുമായാണ് അവൻ ഇന്ന് കല്യാണ മണ്ഡപത്തിലേക്ക് വന്നത്.. മോളും അങ്ങനെ തന്നെയാണ് വന്നത് എന്ന് എനിക്ക് ഊഹിക്കാം..ഏട്ടനും ഏട്ടത്തിക്കും എന്ത് സന്തോഷമായിരുന്നു.. എല്ലാം ഇല്ലാതാക്കിയത് അവൻ ഒരുത്തൻ ആണ്.. സൂര്യമഹാദേവൻ.. " അയാളുടെ പേര് പറയുമ്പോൾ അവരുടെ കണ്ണുകളിൽ കനൽ എരിയുന്നതു ഞാൻ കണ്ടു.. മനസ്സിൽ സൂക്ഷിച്ചു വച്ചിരുന്ന കുറെ ചോദ്യങ്ങളിൽ ചിലതു പുറത്തേക്കു വന്നു.. " ആരാണ് ഈ സൂര്യമഹാദേവൻ? അയാളുടെ കൂടെ വന്ന ആ പെൺകുട്ടിയുമായി സന്ദീപേട്ടന് എന്താണ് ബന്ധം? അയാൾ എന്തിനാണ് ഈ കല്യാണം മുടക്കിയത്? " " പാർവണ ഈ കാണുന്നത് പോലെയുള്ള ഒരുപാടു ആധുനിക ഗ്രാമം ഒന്നുമല്ല ഇരുദേശപുരം. വളരെ സാധാരണക്കാർ താമസിക്കുന്ന ഒരു സ്ഥലം. ഭൂരിഭാഗം ആൾക്കാരുടെയും ജീവിതമാർഗം കൃഷിയാണ് അവിടെ..അവിടുത്തെ രീതികളൊക്കെ കുറച്ചു പഴയതാണ്.. അവിടുത്തെ ആൾക്കാർ ഏറ്റവും കൂടുതൽ വില കല്പിക്കുന്നത് അവിടുത്തെ ഗ്രാമത്തിലെ തലവന്റെ വാക്കുകൾക്കാണ്.

ഇപ്പോൾ ആ സ്ഥാനം വഹിക്കുന്നത് മാണിക്യമംഗലം എന്ന പ്രസിദ്ധമായ തറവാട്ടിലെ കാരണവർ ആയ വിഷ്ണു ദത്തൻ ആണ്. " മാണിക്യമംഗലം.. താൻ മാണിക്യമംഗലത്തെ സൂര്യമഹാദേവൻ ആണെന്ന് അയാൾ സന്ദീപേട്ടനോട് അഹങ്കാരത്തോടെ പറഞ്ഞത് എന്റെ ചെവിയിൽ മുഴങ്ങി. " മാണിക്യമംഗലത്തെ വിഷ്ണുദത്തന്റെ ഏറ്റവും വലിയ വിശ്വസ്താനാണ് മഹി എന്ന് എല്ലാവരും വിളിക്കുന്ന സൂര്യമഹാദേവൻ. ആരോരുമില്ലാത്ത അനാഥനായ അവനെ അവന്റെ അഞ്ചാം വയസ്സിൽ തന്നോടൊപ്പം കൂട്ടിയതാണ് വിഷ്ണുദത്തൻ.വിഷ്ണു ദത്തന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ. വല്ലാത്ത ഒരു ആത്മബന്ധമാണ് അവർ തമ്മിൽ. വിഷ്ണു ദത്തനുമായുള്ള അടുപ്പം മുതലെടുത്തു ആ നാട്ടിലുള്ളവരെ മുഴുവൻ അടക്കി ഭരിക്കലാണ് ഇവന്റെ ജോലി. ഇരുദേശപുരത്തു ഉള്ളവർക്ക് മുഴുവൻ പേടിയാണ് ഇവനെയും ഇവന്റെ സുഹൃത്തുക്കളെയും. ആരെയും കൂസാത്ത പ്രകൃതം.. കൊല്ലാനും തല്ലാനും ഒരു മടിയും ഇല്ലാത്തവൻ.. ഇന്ന് വന്ന ആ പെൺകുട്ടി മഹിയുടെ കൂട്ടുകാരന്റെ അനിയത്തി ആണ്. കൂടെ വന്നത് അവളുടെ വീട്ടുകാരും. സന്ദീപിന് വേണ്ടി അവളെ പണ്ട് കല്യാണം ആലോചിച്ചിട്ടുണ്ട് ഞങ്ങൾ.. പക്ഷെ ഇവളെ പറ്റി നാട്ടിൽ അത്ര നല്ല അഭിപ്രായം അല്ലാത്തത് കൊണ്ട് വേണ്ടന്ന് വച്ചതാണ് ആ ആലോചന.

അതിന്റെ ദേഷ്യം അവൾക്കും വീട്ടുകാർക്കും സന്ദീപിനോട് ഉണ്ടായിരുന്നു. സന്ദീപിനെ സന്തോഷമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന് അന്നേ വെല്ലുവിളിച്ചതാണ് അവർ. ഗുണ്ടയായ മഹിയെയും സന്ദീപിനോട് ദേഷ്യമുള്ള ഈ കുടുംബത്തെയും ഉപയോഗിച്ച് അവർ നന്നായി തന്നെ കളിച്ചു. മഹി പറയുന്നത് പോലെ കേട്ടില്ലെങ്കിൽ അവൻ ചിലപ്പോൾ ഞങ്ങളുടെ സന്ദീപിനെ കൊല്ലാൻ പോലും മടിക്കില്ല.." നീലാംബരി വിഷമത്തോടെ പറഞ്ഞു നിർത്തി.. " അപ്പോൾ പോലീസിനെ വിളിച്ചാൽ പോരെ? എന്തിനാണ് ഞാൻ വിളിക്കാൻ പോയപ്പോൾ വിളിക്കണ്ടാന്നു പറഞ്ഞത്? " "മോളു വിചാരിക്കുന്ന പോലെ അല്ല.. ഇരുദേശപുരത്തെ നിയമവും ശിക്ഷയും ഒക്കെ നടപ്പാക്കുന്നത് ഇവരാണ്. നമ്മൾ മഹിയെ അകത്താക്കിയാലും വിഷ്ണു ദത്തൻ അവനെ പുറത്തിറക്കും. അങ്ങനെ പുറത്തിറങ്ങിയാൽ പിന്നെ അവൻ ആ കുടുംബം മുടിക്കും. അത് കൊണ്ടാണ് എന്റെ ഏട്ടനും ഏടത്തിയും പോലും ഒന്നും മിണ്ടാതെ എല്ലാം കണ്ടു കൊണ്ട് നിന്നത് . അവരെ മോളു ശപിക്കരുത്..പക്ഷെ അവരുടെ സ്വാർത്ഥത നടത്താൻ ഇറങ്ങി തിരിക്കുമ്പോൾ ഒരു പെൺകുട്ടിയുടെ ജീവിതവും സ്വപ്നങ്ങളും നഷ്ടമാകുന്നതിനെ പറ്റി ചിന്തിച്ചേ ഇല്ല.. അല്ലെന്കിലും അവനു ആരെ പറ്റിയും ഒരു ചിന്തയും ഇല്ല.. ഇതിനൊക്കെ ഇടയിൽ എല്ലാം നഷ്ടമായത് മോൾക്കാണ്..

ഒരു പെണ്ണിന്റെ മുന്നിൽ വച്ചു അവൾ സ്നേഹിച്ചിരുന്ന ആളെ മറ്റൊരാൾ സ്വന്തമാക്കുമ്പോൾ ഉള്ള വേദന അവനു അറിയില്ലല്ലോ.. ഒരു പെൺകുട്ടിയുടെ ജീവിതത്തെ പറ്റിയോ സ്വപ്നങ്ങളെ പറ്റിയോ പോലും ചിന്തിക്കാത്ത അസുരൻ ആണ് അവൻ.. " ഇത്ര നേരവും എന്റെ ഉള്ളിൽ നെരിപ്പോടായി എരിഞ്ഞു കൊണ്ടിരുന്ന സൂര്യമഹാദേവനോടുള്ള ദേഷ്യം അപ്പോൾ തീയായി ആളിക്കത്തി തുടങ്ങിയിരുന്നു.. " ഞങ്ങൾക്ക് അവനെ എതിർക്കുന്നതിൽ കുറച്ചു പരിമിതികൾ ഉണ്ട്.. പക്ഷെ മോളുടെ സ്വപ്‌നങ്ങൾ തല്ലി കെടുത്തിയവനോട് മോൾക്ക്‌ പ്രതികാരം ചെയ്യാം.. " ഞാൻ അവരെ നോക്കി.. " എങ്ങനെ? ഇപ്പോൾ നീലാംബരി അമ്മ തന്നെയല്ലേ പറഞ്ഞത് അയാളെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന്.. അപ്പോൾ പിന്നെ എനിക്കെന്തു ചെയ്യാൻ സാധിക്കും.. " "ശരിയാണ്.. അവനെ നമുക്കു ഒന്നും ചെയ്യാൻ സാധിക്കില്ല.. പക്ഷെ അവനെ ശിക്ഷിക്കാൻ കഴിവുള്ള ഒരാൾ ഉണ്ട്.. അവൻ അനുസരിക്കുകയും വില കല്പിക്കുകയും ചെയ്യുന്ന ഒരാൾ.. വിഷ്ണു ദത്തൻ.. ഇരുദേശപുരം സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു നാടാണ്. പ്രത്യേകിച്ച് വിഷ്ണു ദത്തൻ. അപ്പോൾ വിഷ്ണു ദത്തന്റെ ഏറ്റവും വിശ്വസ്തൻ കാരണം തന്നെ ഒരു പെൺകുട്ടിയുടെ ജീവിതം തകർന്നു എന്നറിഞ്ഞാൽ..

വിഷ്ണു ദത്തന് പിന്നെ കയ്യും കെട്ടി നോക്കി ഇരിക്കാൻ സാധിക്കില്ല.. " " പക്ഷെ എന്നെ പോലെ അന്യയായ ഒരു പെൺകുട്ടി വന്നു പറഞ്ഞാൽ വിഷ്ണു ദത്തൻ തന്റെ ഏറ്റവും വിശ്വസ്തൻ തള്ളി പറയാൻ തയ്യാറാവുമോ? " നീലാംബരിയുടെ മുഖത്ത് താൻ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ നടന്നതിലുള്ള ഒരു വിജയ ചിരി പ്രത്യക്ഷപെട്ടു. സൂര്യമഹാദേവനോടുള്ള പകയിൽ മുഴുകി ഇരുന്നിരുന്ന ഞാൻ അതൊന്നും കണ്ടതേ ഇല്ല. എന്റെ സ്വപ്‌നങ്ങൾ തല്ലി കെടുത്തിയവനോടുള്ള ദേഷ്യം മാത്രമായിരുന്നു അപ്പോൾ എന്റെ മനസ്സിൽ നിറയെ. " പറയാം.. അതിനു മുൻപ് നീ ആദ്യം ഞങ്ങളുടെ ഗ്രാമത്തെ പറ്റിയും അവിടുത്തെ ചില രീതികളെ പറ്റിയും ഒക്കെ അറിയണം. ഇരുദേശപുരം... പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ രണ്ടു ദേശങ്ങൾ കൂടുന്നതാണ് ഈ ഗ്രാമം.. ശിവപുരവും കൃഷ്ണപുരവും. ഈ ഗ്രാമത്തിനു നടുവേ ഒഴുകുന്ന ഒരു ആറ്. ആ ആറിന്റെ രണ്ടു കരകളിലായാണ് ഈ രണ്ടു ദേശങ്ങളും സ്ഥിതി ചെയ്യുന്നത്. ശിവപുരത്തെ ഏറ്റവും പ്രശസ്തമായ തറവാടാണ് കല്പകശ്ശേരി. അത് പോലെ കൃഷ്ണപുരത്തെ തറവാട് മാണിക്യമംഗലവും.. പണ്ട് മുതലേയുള്ള ചില ആചാരങ്ങൾ ഇപ്പോളും സൂക്ഷിച്ചു കൊണ്ട് പോകുന്ന ഒരു ഗ്രാമമാണ് ഇത്.. അതിൽ ഒന്നാണ് ഗ്രാമത്തിൽ പഞ്ചായത്ത് കൂടി കാര്യങ്ങൾ തീരുമാനിക്കുക എന്നത്..

എന്തെങ്കിലും പ്രധാനപെട്ട തീരുമാനങ്ങൾ എടുക്കാനോ അല്ലെങ്കിൽ എന്തെങ്കിലും തർക്കം പരിഹരിക്കാനോ ഒക്കെ അവർ ഈ പഞ്ചായത്തിനെയാണ് സമീപിക്കുക. തെറ്റിദ്ധരിക്കണ്ട നമ്മുടെ നാട്ടിലെ പോലെ ഇവിടെയും പോലീസും നിയമവും MLA യും ഒക്കെ ഉണ്ട്.. പക്ഷെ ഇവിടുത്തു കാർക്ക് ഇപ്പോഴും വിശ്വാസം പഞ്ചായത്ത് കൂടി അതിൽ എടുക്കുന്ന തീരുമാനങ്ങളെയാണ്. പഞ്ചായത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ഗവണ്മെന്റ് സംവിധാനങ്ങളുടെ കൂടെ പിന്തുണയോടെ അവിടെ നടപ്പാക്കുകയാണ് ചെയ്യാറ്.. പഞ്ചായത്തിൽ മൊത്തം 21 ആളുകളാണ് ഉണ്ടാവുക. ശിവപുരത്തു നിന്നു പത്തു. കൃഷ്ണപുരത്തു നിന്നു പത്തു. പിന്നെ പഞ്ചായത്തിന്റെ അധ്യക്ഷനും.. അധ്യക്ഷത വഹിക്കുന്നത് ഈ പഞ്ചായത്ത് തുടങ്ങിയ കാലം മുതൽ ഒന്നുകിൽ കല്പകശ്ശേരിയിലെയോ അല്ലെങ്കിൽ മാണിക്യമംഗലത്തെയോ ആൾ ആയിരിക്കും. ഈ പഞ്ചായത്തിലെ 20 അംഗങ്ങൾ കൂടി രണ്ടു വർഷത്തിൽ ഒരിക്കൽ ആണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. ഇപ്പോൾ കുറച്ചു വര്ഷങ്ങളായി പഞ്ചായത്ത് അംഗങ്ങളെ ഭീഷണിപ്പെടുത്തിയും വശീകരിച്ചും അധ്യക്ഷൻ സ്ഥാനം മാണിക്യമംഗലത്തുള്ളവർ കയ്യടക്കി വച്ചിരിക്കുകയാണ്.അതിനു നേതൃത്വം നൽകുന്നത് ഈ സൂര്യമഹാദേവനും.

കാരണം മാണിക്യമംഗലത്തുകാർക്ക് അധികാരം ഉള്ളപ്പോൾ മാത്രമേ അവന്റെ ഗുണ്ടായിസം അവിടെ നടക്കൂ.. മാണിക്യമംഗലത്തെ ഇപ്പോളത്തെ കാരണവർ ആയ വിഷ്ണു ദത്തനാണ് ഇപ്പോഴത്തെ ഗ്രാമത്തലവനും പഞ്ചായത്ത് അധ്യക്ഷനും. വിഷ്ണു ദത്തനും സൂര്യമഹാദേവനും തമ്മിലുള്ള അടുപ്പമൊക്കെ ഞാൻ നിന്നോട് നേരത്തെ പറഞ്ഞല്ലോ. സാധാരണ എല്ലാ രണ്ടു ആഴ്ച കൂടുമ്പോഴുമുള്ള ഞായറാഴ്ചകളിലാണ് പഞ്ചായത്ത് നടത്തുന്നത്. അന്ന് ആർക്കെങ്കിലും എന്തെങ്കിലും പരാതിയോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് പഞ്ചായത്തിന്റെ മുന്നിൽ അവതരിപ്പിക്കാം. അതിനു എല്ലാവരും കൂടി ചർച്ച ചെയ്തു പരിഹാരം കണ്ടെത്തും. രണ്ടഭിപ്രായം വരികയാണെങ്കിൽ ഭൂരിഭാഗം പഞ്ചായത്ത് അംഗങ്ങളും അനുകൂലിക്കുന്നത് ആവും നടക്കുക.. " ഞാൻ അതിശയത്തോടെ അവരെ നോക്കി. കാലം ഇത്രത്തോളം പുരോഗമിച്ച ഈ ആധുനികയുഗത്തിൽ ഇങ്ങനെ ജീവിക്കുന്ന ആൾക്കാരോ.. എനിക്കു വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നി. സന്ദീപേട്ടൻ തന്റെ ഗ്രാമത്തിലെ ഈ കീഴ്വഴക്കങ്ങളൊന്നും എന്നോട് പറഞ്ഞിരുന്നില്ല.എന്റെ മനസ്സിലെ ചോദ്യങ്ങൾ മനസ്സിലാക്കിയിട്ടെന്ന വണ്ണം നീലാംബരി അമ്മ പറഞ്ഞു.. " ഇതൊക്കെ കേൾക്കുമ്പോൾ മോൾ വിചാരിക്കുന്നുണ്ടാവും ഇത്ര പഴഞ്ചൻ ആൾക്കാരോ എന്ന്..അങ്ങനല്ല..

അവിടെയുള്ളവരും ഫോണും ലാപ്ടോപ്പും ഒക്കെ ഉപയോഗിക്കാറുണ്ട്.. നെറ്റ് കണക്ഷനും വാട്സാപ്പും അവർക്കും ഉണ്ട്.. പണ്ട് മുതലേ ഗ്രാമത്തിൽ നടന്നു വരുന്ന ഒരു സമ്പ്രദായം അവരായിട്ടു മാറ്റിയില്ലെന്നേ ഉള്ളു. അത് കൊണ്ട് ഇന്നേ വരെ ആ നാട്ടിലുള്ള ആർക്കും ദോഷം വന്നിട്ടില്ലെന്ന് കൂട്ടിക്കോ. എല്ലാ നാട്ടിലും ചില പ്രമാണികളൊക്കെ കാണില്ലേ? അത് പോലെ ഇരുദേശപുരത്തെ പ്രാമാണികളാണ് കല്പകശ്ശേരിക്കാരും മാണിക്യമംഗലത്തുകാരും ഒക്കെ.. അത്ര തന്നെ.. " ഞാൻ പതിയെ തലയാട്ടി.. അപ്പോഴും സംശയം ബാക്കി നിന്നു.. " ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നീലാംബരി അമ്മ ഇത് വരെ പറഞ്ഞില്ല.. " " നാളെ ഈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ്. ഇരുദേശപുരത്തു പഞ്ചായത്ത് കൂടുന്ന ദിവസം.അതിന്റെ അധ്യക്ഷ സ്ഥാനത്തു എന്തായാലും വിഷ്ണു ദത്തൻ ഉണ്ടാവും. ഒപ്പം മഹിയും. ഇന്ന് മഹി ഇവിടെ വന്നു കാണിച്ചു കൂട്ടിയതൊന്നും ഒരിക്കലും വിഷ്ണു ദത്തന്റെ അറിവോടെ ആവാൻ സാധ്യത ഇല്ല. ആ പഞ്ചായത്തിലേക്ക് നീ വരണം.മഹി നിന്നോട് ചെയ്ത അന്യായങ്ങൾ വിഷ്ണു ദത്തന്റെ അടുത്ത് പറയണം. ഈ കാര്യങ്ങൾക്കു എല്ലാം സാക്ഷിയായ ഞാനും പിന്നെ എന്റെ കുറച്ചു ആൾക്കാരും നിനക്ക് പിന്തുണയ്ക്കുണ്ടാവും. അങ്ങനെ പഞ്ചായത്തിൽ അവനെ പറ്റി ഒരു പരാതി ഉയരുമ്പോൾ വിഷ്ണു ദത്തന് ഒന്നും ചെയ്യാതിരിക്കാൻ ആവില്ല.അത് പോലെ തന്റെ സ്വന്തം ആളായ മഹി കാരണം അനാഥയായ നിനക്ക് വിഷ്ണു ദത്തൻ എന്തെങ്കിലും സഹായം ചെയ്യാതെ ഇരിക്കില്ല. അത് ഉറപ്പാണ്."

പിന്നീടുള്ള കുറച്ചു നേരം നീലാംബരി അമ്മ സൂര്യമഹാദേവന് എതിരെയുള്ള അവരുടെ പദ്ധതി എനിക്ക് പറഞ്ഞു തന്നു. എല്ലാം ഞാൻ വിശദമായി തന്നെ കേട്ടു. " ഞാൻ ഒരു ഉപായം പറഞ്ഞു എന്നെ ഉള്ളു.. പാർവണയ്ക്ക് അത് കൊള്ളുകയോ തള്ളുകയോ ചെയ്യാം.. മോൾ നന്നായി ഒന്നാലോചിക്കു. ഇത് അല്ലെങ്കിൽ ഒറ്റയ്ക്ക് ഒരു പെൺകുട്ടിയായ നിനക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന്.. ദൈവം തന്ന ഈ ജീവിതം ഒരു ആത്മഹത്യയിൽ തീർക്കണോ അതോ നമ്മുടെ ജീവിതം തകർത്തവരിലൂടെ തന്നെ അത് തിരിച്ചു പിടിക്കണോ എന്ന്. " ഞാൻ അപ്പോഴും ചിന്തയിൽ തന്നെ ആയിരുന്നു. നീലാംബരി അമ്മ എന്റെ കയ്യിലേക്ക് ഒരു പേപ്പറും കുറച്ചു പൈസയും വച്ചു തന്നു.. ആ പൈസ തിരികെ കൊടുക്കാൻ ശ്രമിച്ചെങ്കിലും അവർ അത് എന്റെ കയ്യിൽ തന്നെ നിർബന്ധമായും വച്ചു തന്നു. " തിരികെ വീട്ടിലേക്കു പോകുന്നില്ല എന്നാണെങ്കിൽ താമസിക്കാൻ സുരക്ഷിതമായ ഒരിടം കണ്ടെത്തിക്കൊള്ളൂ. അതിനാണ് ഈ പൈസ. പിന്നെ ആ പേപ്പറിൽ എന്റെ നമ്പർ ഉണ്ട്.. എന്താവശ്യം ഉണ്ടെങ്കിലും മോൾക്ക്‌ വിളിക്കാം. ഞാൻ പറഞ്ഞതിനെ പറ്റി മോൾ ഒന്ന് നന്നായി ആലോചിക്കൂ.. സമയം ഒരുപാട് വൈകി.. ഞാൻ എന്നാൽ അങ്ങോട്ട്‌ ഇറങ്ങുകയാണ്." എന്റെ തോളിൽ തട്ടി അവർ കാറിൽ കയറി യാത്രയായി.

അവർ തന്ന പേപ്പറും പൈസയും കയ്യിൽ പിടിച്ചു ആ കല്പടവിൽ ഞാൻ ഇരുന്നു.. " എന്താ കുട്ടി ഇത്.. ഇതുവരെ വീട്ടിൽ പോയില്ലേ? ഇവിടെ ഇങ്ങനെ ഇരിക്കാതെ വീട്ടിൽ പോകാൻ നോക്കു..വൈകിട്ട് ആളുകൾ തൊഴാൻ വരുന്ന സമയം ആയി" കാവിലെ തിരുമേനിയുടെ വാക്കുകളാണ് എന്തൊക്കെയോ ചിന്തയിൽ മുഴുകി ഇരുന്ന എന്നെ ഉണർത്തിയത്.തിരുമേനി വൈകിട്ട് നടക്കട്ടെ തുറക്കാൻ വന്നതാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ കാവിലെ സ്ഥിരം ഭക്ത ആയതു കൊണ്ട് തിരുമേനിക്കു എന്നെ അറിയാം. എന്റെ അവസ്ഥയും കുറെയൊക്കെ.അത് കൊണ്ട് വീട്ടിലേക്കു ഇനി തിരിച്ചു പോകാൻ കഴിയില്ലായെന്നു തിരുമേനിയോട് ഞാൻ പറഞ്ഞു. എങ്ങനെയെങ്കിലും അവരുടെ കാലു പിടിച്ചിട്ടാണെങ്കിലും എന്നോട് തിരികെ വീട്ടിലേക്കു പോകാൻ തിരുമേനി നിർബന്ധിച്ചെങ്കിലും അങ്ങോട്ട്‌ പോകുന്നതിലും ഭേദം മരണമാണെന്ന് പറഞ്ഞു ഞാനും പോകുന്നില്ല എന്ന വാശിയിൽ ഉറച്ചു നിന്നു. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം കാവിന്റെ ഊട്ടുപുരയോട് ചേർന്നുള്ള ഒരു മുറി അദ്ദേഹം എനിക്ക് തുറന്നു തന്നു. തത്കാലം ഇന്നൊരു ദിവസത്തേക്ക് അവിടെ താങ്ങിക്കൊള്ളാൻ പറഞ്ഞു . പക്ഷെ പിറ്റേന്ന് രാവിലെ ആവുമ്പോഴേക്കും അവിടുന്ന് ഒഴിയണം. അത് സമ്മതിച്ചു കൊണ്ട് അന്ന് ഒരു രാത്രിയിലേക്ക് ഒരു അഭയസ്ഥാനം കണ്ടെത്തിയ സമാധാനത്തിൽ ഞാൻ ആ മുറിയിലേക്ക് കയറി. രാത്രിയിൽ എനിക്ക് കഴിക്കാൻ കാവിലെ പൊതിച്ചോറ് തിരുമേനി പോകുന്നതിന് മുന്നേ എനിക്ക് കൊണ്ട് തന്നു.

രാവിലെ മുതൽ ഞാൻ പട്ടിണി ആയിരുന്നു. എന്നിട്ടും ഒരു വറ്റു ചോറ് പോലും എന്റെ തൊണ്ടയിൽ നിന്നു ഇറങ്ങാത്ത പോലെ ഒരു തോന്നൽ. ഇത്രയും നേരമായിട്ടും ചെറിയമ്മയോ തനുവോ ഞാൻ എവിടെയാണെന്ന് ഒന്ന് വിളിച്ചു പോലും അന്വേഷിച്ചില്ല. ഈ രാത്രി ഒറ്റയ്ക്ക് ഞാൻ എന്ത് ചെയ്തു കാണും എന്ന ചിന്ത പോലും അവർക്കില്ല എന്ന് തോന്നിയപ്പോൾ അവരുടെ അരികിലേക്ക് തിരിച്ചു പോവാത്തതു നന്നായി എന്ന് തോന്നി. എന്തിനാണ് ഇങ്ങനെ ഉള്ളവരുടെ കൂടെ ജീവിച്ചിട്ട്.. പക്ഷെ നാളെ രാവിലെ ഇവിടുന്നു ഇറങ്ങി കൊടുക്കണം.. പിന്നെ എങ്ങോട്ട് പോകും.എങ്ങനെ ജീവിക്കും. ഞങ്ങളുടെ വീടിന്റെ ഷെയർ തനുവിന്റെ പേരിൽ എഴുതി കൊടുക്കാൻ തോന്നിയ സമയത്തെ നൂറു വട്ടം മനസ്സിൽ ശപിച്ചു കൊണ്ടിരുന്നു. സന്ദീപേട്ടൻ ഇപ്പോൾ എന്തെടുക്കുകയായിരിക്കും.. എന്നെ ഓർക്കുന്നുണ്ടാവുമോ? ഇവിടുന്നു പോയതിൽ പിന്നെ ഒന്ന് വിളിച്ചു പോലുമില്ല.ഞാൻ എന്തെടുക്കുന്നു എന്ന് അന്വേഷിക്കാൻ പോലും ഒന്ന് വിളിച്ചില്ല. എന്റെ അവസ്ഥ ഒക്കെ അറിയാവുന്ന ആളായിരുന്നില്ല? അപ്പോൾ അയാൾ പറഞ്ഞത് പോലെ സന്ദീപേട്ടന് ശരിക്കും ആ പെണ്ണുമായി ബന്ധമുണ്ടായിരുന്നോ? പക്ഷെ നീലാംബരി അമ്മ പറഞ്ഞത് സന്ദീപേട്ടൻ എന്നെ ആത്മാർത്ഥമായാണ് സ്നേഹിച്ചത് എന്നല്ലേ?

നീലാംബരി അമ്മയെ പറ്റി ഓർത്തപ്പോഴാണ് അമ്മ പറഞ്ഞിട്ട് പോയ കാര്യങ്ങളൊക്കെ വീണ്ടും എന്റെ ഓർമയിൽ വന്നത്.. സൂര്യമഹാദേവന്റെ രൗദ്രതയാർന്ന കണ്ണുകൾ എന്റെ മുന്നിൽ തെളിഞ്ഞു വന്നു. അയാൾ ഇന്ന് എന്റെ കല്യാണം മുടക്കാൻ വന്നില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ സന്തോഷത്തോടെ സന്ദീപേട്ടന്റെ കൂടെ ഉണ്ടായേനെ. എനിക്കൊരു വീടും കുടുംബവും ഭർത്താവും ഉണ്ടായേനെ. എനിക്കെല്ലാം നഷ്ടമാക്കിയ അയാളെ എനിക്ക് കാണണം. ഞാൻ നീലാംബരി അമ്മയുടെ നമ്പർ എഴുതിയ പേപ്പർ എടുത്തു. രാവിലെ പാക്ക് ചെയ്തു കൊണ്ട് വന്ന ബാഗിൽ നിന്നു എന്റെ ഫോണും എടുത്തു. അച്ഛൻ ഉള്ളപ്പോൾ വാങ്ങി തന്ന പഴയ ഒരു ഫോൺ ആണ് അത്. സന്ദീപേട്ടനെ വിളിക്കാൻ മനസ്സ് ആഗ്രഹിച്ചെങ്കിലും ഞാൻ എന്റെ മനസിനു കടിഞ്ഞാണിട്ടു. പാടില്ല.. സന്ദീപേട്ടൻ ഇപ്പോൾ മറ്റൊരുവളുടെ ഭർത്താവാണ്.. ഞാൻ നീലാംബരി അമ്മയുടെ നമ്പർ ഡയൽ ചെയ്തു ഫോൺ ചെവിയോട് ചേർത്തു. പിറ്റേ ദിവസം നിർമാല്യത്തിന് നട തുറക്കാൻ തിരുമേനി വന്നപ്പോൾ ഞാൻ അമ്പലനടയിൽ ഉണ്ടായിരുന്നു. തലേ ദിവസം ഉറങ്ങാത്ത കാരണം രാവിലെ ഉണരാൻ ബുദ്ധിമുട്ടുണ്ടായില്ല. രാത്രി മുഴുവൻ കരഞ്ഞത് കാരണം കണ്ണുകളൊക്കെ വല്ലാതെ ഇരിക്കുകയായിരുന്നു. കാവിലെ കുളത്തിൽ ഒരു കുളിയും കഴിച്ചു ഒരു ചുരിദാറും ഇട്ടാണ് ഞാൻ നിന്നിരുന്നത്. ഇന്നലെ ഉറങ്ങാൻ ഒരു ഇടം തന്നതിന് തിരുമേനിയോട് നന്ദി പറഞ്ഞു

ആ മുറിയുടെ താക്കോൽ തിരുമേനിയെ തിരിച്ചേല്പിച്ചു. പാലക്കാടെക്കുള്ള വണ്ടി ചോദിച്ചപ്പോൾ അഞ്ചരക്ക് സ്റ്റാൻഡിൽ നിന്നു ഒരെണ്ണം ഉണ്ടെന്നു തിരുമേനി പറഞ്ഞു തന്നു. നട തുറന്നപ്പോൾ ആ നടക്കു മുന്നിലേക്ക്‌ നീങ്ങി നിന്നു ദേവിയോട് യാത്ര പറഞ്ഞു ഞാൻ യാത്ര തുടങ്ങി. " പാലക്കാട്‌ എത്തി.. " അത് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. പഴയ ഓർമകളിൽ ഞാൻ ഉറങ്ങി പോയിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസിലായതു. ഇന്നലത്തെ ക്ഷീണം എന്നെ കീഴടക്കിയതാവണം. ഞാൻ എഴുനേറ്റു എന്റെ ബാഗും എടുത്തു പുറത്തേക്കിറങ്ങി. സ്റ്റാൻഡിൽ ചെന്നു ഇരുദേശപുരത്തേക്കുള്ള ബസ് ഇനി എപ്പോഴാണ് എന്ന് തിരക്കി. ഭാഗ്യത്തിന് പതിനഞ്ചു മിനിറ്റിനു ശേഷം ഒരെണ്ണം ഉണ്ടെന്നു അവിടുന്ന് പറഞ്ഞു. ഇരുദേശപുരത്തേക്കു ബസ് കുറവാണെന്നു നീലാംബരി അമ്മ പറഞ്ഞിരുന്നു. അത് പോലെ ഒരു പതിനൊന്നു മണിയാവുമ്പോഴേക്കും അങ്ങ് എത്തണമെന്നും ഓര്മിപ്പിച്ചിരുന്നു. ഇപ്പോൾ ബസ് കിട്ടിയാൽ എനിക്ക് സമയത്തിന് എത്താൻ സാധിക്കും. ബസ് വരുന്നതു വരെ കുറച്ചു സമയം ഉണ്ട്.ഇന്നലെ മുഴുവനും പട്ടിണി ആയിരുന്നു. ഇപ്പോൾ നന്നായി വിശക്കുന്നും ഉണ്ട്. ഞാൻ അടുത്ത് കണ്ട ഒരു കടയിൽ കയറി ഒരു ജ്യൂസും ബണ്ണും വാങ്ങി.

അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ബസ് വന്നു. ഞാൻ ഓടി ചെന്നു അതിൽ കയറി. അതിൽ ഇരുദേശപുരത്തേക്കുള്ള യാത്രക്കിടയിൽ നീലാംബരി അമ്മയുടെ വിളി വന്നു. " ഹലോ നീലാംബരി അമ്മ.. " "ഹലോ പാർവണ.. ഇന്ന് വരുന്നു എന്ന് ഇന്നലെ പറഞ്ഞിട്ട്... " " ഞാൻ വരികയാണ് നീലാംബരി അമ്മ.. പാലക്കാട് നിന്നു അങ്ങോട്ടേക്കുള്ള ബസിൽ ഇരിക്കയാണ്.." "ഓ..അത് വളരെ നന്നായി. പറ്റുമെങ്കിൽ ഞാൻ പറഞ്ഞത് പോലെ സമയത്തു തന്നെ എത്താൻ നോക്കണം " ഞാൻ വരുന്നു എന്നറിഞ്ഞപ്പോൾ അവരുടെ ശബ്ദത്തിൽ ഒരു പ്രത്യേക സന്തോഷം നിറഞ്ഞു. " ശെരി.. " " പിന്നെ ഇന്നലെ പറഞ്ഞതൊന്നും മറക്കണ്ട കേട്ടല്ലോ. അത് പോലെ ഞാൻ പറഞ്ഞിട്ടാണ് മോൾ ഇന്ന് ഇവിടെ വരുന്നതെന്ന് ആരും അറിയരുത്. അങ്ങനെ ആണെങ്കിൽ ഞാൻ അവർക്കെതിരെ മോളെ പറഞ്ഞു തിരിച്ചതാണെന്നു വരും. മനസ്സിലായോ? " കുടിലതയോടെ നീലാംബരി അമ്മ എന്നോട് പറഞ്ഞു. " മനസിലായി.. " അതും പറഞ്ഞു ഞാൻ ഫോൺ വച്ചു. " സൂര്യമഹാദേവ.. നമ്മൾ തമ്മിൽ വീണ്ടും കാണുകയാണ്. ഇത്തവണ ഞാനാണ് നിങ്ങളെ തിരക്കി നിങ്ങളുടെ നാട്ടിലേക്കു വരുന്നതെന്ന് മാത്രം " ഞാൻ മനസ്സിൽ പറഞ്ഞു.....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story