സൂര്യപാർവണം: ഭാഗം 30

surya parvanam

രചന: നിള നിരഞ്ജൻ

ദിവസങ്ങൾ പെട്ടെന്ന് കടന്നു പൊയ്ക്കൊണ്ടിരുന്നു. എല്ലാ രണ്ടു വർഷവും കൂടുമ്പോൾ നടക്കുന്ന ഇരുദേശപുരത്തെ പഞ്ചായത്ത് അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന ചടങ്ങ് നാളെയാണ്. മഹിയും കാശിയും വിഷ്ണുവും എല്ലാം മാണിക്യമംഗലത്തെ തറവാട്ടിൽ ഒത്തു കൂടിയതിനു ശേഷം പിരിഞ്ഞതാണ്.. വീട്ടിൽ എത്തിയതിനു ശേഷവും വല്ലാത്ത ചിന്ത ഭാരത്തോടെ ഉറങ്ങാനാവാതെ മുറിയിൽ കട്ടിലിൽ ഇരിക്കുന്ന സൂര്യേട്ടന്റെ അടുത്തേക്ക് ഞാൻ ചെന്നു.. " എന്ത് പറ്റി സൂര്യേട്ടാ.. വല്ലാത്ത ഒരു ചിന്ത? നാളത്തെ തിരഞ്ഞെടുപ്പിനെ പറ്റിയാണോ? അതു എന്തായാലും നമുക്ക് അനുകൂലം ആയെ വരുള്ളൂ.. വിഷ്ണുവേട്ടനെ അല്ലാതെ മാനവേന്ദ്രനെ ആരെങ്കിലും തിരഞ്ഞെടുക്കുമോ? " ഏട്ടൻ അപ്പോഴും ചിന്തകൾ കൊണ്ട് നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി.. " അതില്ല പാറു.. അതു എനിക്കും അറിയാം.. പക്ഷെ എന്തോ അപകടം സംഭവിക്കാൻ പോകുന്നു എന്ന് എന്റെ മനസ്സ് പറയുന്നു.. " " എന്ത് അപകടം സംഭവിച്ചാലും അതൊക്കെ തരണം ചെയ്യാൻ ഈ മഹാദേവൻ ഇല്ലേ? " "ഈ മഹാദേവൻ സാക്ഷാൽ മഹാദേവൻ ഒന്നുമല്ല പാറു..

സാധാരണ മനുഷ്യൻ ആണ്.. എന്നെ കൊണ്ട് ചെയ്യാൻ പറ്റാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ട്.. എന്തോ നമ്മളൊന്നും മനസ്സിൽ പോലും ചിന്തിക്കാത്ത എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ.." " എന്താ ഇപ്പോൾ അങ്ങനെയൊക്കെ ഒരു ചിന്ത? " " അതു എനിക്കും അറിയില്ല പാറു.. മാനവേന്ദ്രനും നീലാംബരിയും ഇതിനു മുൻപും തിരഞ്ഞെടുപ്പു ജയിക്കാൻ വേണ്ടി പലതും ചെയ്തിട്ടുണ്ട്.. പക്ഷെ ഇത്തവണത്തെ പോലെ ആരെയും കൊല്ലാനും ഒന്നും മുതിർന്നിട്ടില്ല. ഇത്തവണ അവർ രണ്ടും കല്പിച്ചാണെന്ന് ഒരു തോന്നൽ.. എന്തും ചെയ്യാൻ മടിയില്ലാത്ത പോലെ.. അവർ പലതും ചെയ്തു പക്ഷെ അതൊന്നും വിലപോയില്ല. ഈ അവസാന നിമിഷം അവർ എന്തെങ്കിലും അവിവേകം കാണിച്ചു ആരെയെങ്കിലും ഉപദ്രവിക്കുമോ എന്നൊരു തോന്നൽ.. അതാണ്‌ ഉള്ളിൽ ഒരു ഭയം നിൽക്കുന്നത്." " ഇങ്ങനെയൊന്നും പേടിക്കല്ലേ സൂര്യേട്ടാ. ഒരു പക്ഷെ ഈ അവസാന നിമിഷം അവർക്കിനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസിലാക്കി അവർ അടങ്ങി ഒതുങ്ങി ഇരിക്കാനും മതി." " എന്ത് കൊണ്ടോ ഇത്തവണ അങ്ങനെ ആണെന്ന് എനിക്ക് തോന്നുന്നില്ല.. പാറു.. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നീ ശ്രദ്ധിച്ചു കേൾക്കണം.. "

സൂര്യേട്ടൻ എനിക്ക് കുറച്ചു നിർദേശങ്ങൾ തന്നു. അവയെല്ലാം ഞാൻ കേട്ടു അങ്ങനെ ചെയ്യാം എന്ന് വാക്ക് കൊടുത്തു. എന്നാൽ അങ്ങനെയൊക്കെ കേട്ടപ്പോൾ എന്റെ മനസ്സിലും എന്തൊക്കെയോ പേടി തോന്നി തുടങ്ങി. ഒന്നിനെയും പേടിക്കാത്ത സൂര്യേട്ടന്റെ മനസ്സിലെ ഭയം അങ്ങനെ തീരെ ചുമ്മാതെ ആവില്ലയെന്നു എനിക്കും തോന്നി. പിന്നെ ഞാൻ അറിഞ്ഞ എന്റെ മനസ്സിൽ ഉള്ള കാര്യങ്ങളും കൂടി ആയപ്പോൾ എനിക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയാൻ വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്... സൂര്യേട്ടനോട് ഞാൻ അറിഞ്ഞ കാര്യങ്ങൾ ഒക്കെ പറയാൻ വേണ്ടി. തിരഞ്ഞെടുപ്പിന് മുൻപ് അതു അറിഞ്ഞാൽ ശരിയാവില്ലന്ന് ഒരു തോന്നൽ. സൂര്യേട്ടനോട് കാര്യങ്ങൾ മറച്ചു വയ്ക്കുന്നതിൽ എനിക്കും വിഷമം ഉണ്ടായിരുന്നു. എന്നാലും കുറച്ചു നാളത്തേക്ക് മതിയല്ലോ എന്നോർത്താണ് ഞാൻ അതിനു മുതിർന്നത്. തത്കാലം ഞാൻ അതെല്ലാം ഉള്ളിലേക്ക് തന്നെ ഒതുക്കി ഒരു ചിരിയോടെ സൂര്യേട്ടന്റെ കൈ എടുത്തു എന്റെ കൈക്കുള്ളിൽ പിടിച്ചു.. " ഇങ്ങനെ ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ല. ഏട്ടൻ പേടിക്കുന്ന പോലെ ഒന്നും ഉണ്ടാവില്ല. ഒന്നും ഉണ്ടാവില്ല. നോക്കിക്കോ.. നാളെ എല്ലാം നമ്മുടെ ഒക്കെ ആഗ്രഹം പോലെ തന്നെ നടക്കും.

വിഷ്ണുവേട്ടൻ തന്നെ ഈ ദേശത്തിന്റെ അധ്യക്ഷൻ ആവുകയും ചെയ്യും.. അതു കഴിഞ്ഞു എനിക്ക് ഏട്ടനോട് ഒരു കാര്യം പറയാനുണ്ട്.. ആക്ച്വലി ഒന്നല്ല രണ്ടു കാര്യങ്ങളുണ്ട്.. " അത്രയും നേരം മൂകമായിരുന്ന ഏട്ടന്റെ മുഖത്ത് അമ്പരപ്പ് തെളിയുന്നതു ഞാൻ കണ്ടു.. ഏട്ടന്റെ മനസ്സ് ഒന്ന് മാറ്റാൻ വേണ്ടി തന്നെയാണ് ഞാൻ ഇപ്പോൾ അതു പറഞ്ഞതും.. " അതെന്താ അങ്ങനെ ഒരു കാര്യം ? " " അതൊക്കെയുണ്ട്.. ഇപ്പോൾ പറയില്ല.. സർപ്രൈസ് ആണ്.. ഈ തിരക്കൊക്കെ ഒന്ന് കഴിഞ്ഞു ഫ്രീ ആയിക്കോട്ടെ.. വിശദമായിട്ട് പറയാം.. ഇപ്പോൾ ടെൻഷൻ ഒക്കെ മാറ്റി നല്ല കൂട്ടിയായിട്ടു കിടന്നുറങ്ങാൻ നൊക്കൂ.. നാളെ രാവിലെ നേരത്തെ എണീക്കണം എന്നല്ലേ പറഞ്ഞത്.. " ഞാൻ ഏട്ടനെ പിടിച്ചു ബെഡിലേക്ക് പിടിച്ചു കിടത്തി ആ നെഞ്ചിലേക്ക് ചേർന്ന് കിടന്നു കൊണ്ട് പറഞ്ഞു.. പതിവ് പോലെ ആ കൈകൾ എന്നെ വരിഞ്ഞു മുറുക്കി എന്റെ നെറ്റിയിൽ ഏട്ടന്റെ ചുണ്ടുകൾ പതിഞ്ഞു. ഉറങ്ങുന്നതിനു മുന്നേ എന്നും തരാറുള്ള സ്നേഹചുംബനം. ആ ചൂടിൽ പറ്റി ചേർന്ന് എല്ലാ ചിന്തകളും മാറ്റി വച്ചു ഞാൻ ഉറക്കത്തിലേക്കു വീണു. പിറ്റേന്ന് അതി രാവിലേ തന്നെ കാശിയും മഹിയും മാണിക്യമംഗലത്തേക്ക് ചെന്നു. ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പൂജകൾ കഴിഞ്ഞു നട അടച്ചതിനു ശേഷം മാത്രമേ പഞ്ചായത്ത് നടപടികൾ ആരംഭിക്കൂ...

അവർ മൂന്നു പേരും കൂടി അമ്പലത്തിലേക്ക് പുറപ്പെട്ടു. ബാക്കി ഉള്ളവരൊക്കെ സമയം ആവുമ്പോഴേക്കും അങ്ങ് എത്തിക്കൊള്ളാം എന്നാണ് പറഞ്ഞത്. അവിടെ ചെന്നു അമ്പലത്തിൽ കയറി തൊഴുതു ഇറങ്ങും വഴി തന്നെ വിഷ്ണുവിന്റെ ഫോൺ ബെൽ അടിച്ചു .. പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് തന്നെ ഒരു സംശയത്തോടെ ആണ് അവൻ ഫോൺ എടുത്തത്.. " ഹലോ.. " " ഹലോ വിഷ്ണു ദത്താ.. എന്താ രാവിലെ തന്നെ ഇപ്രാവശ്യവും ഇരുദേശപുരത്തെ അധ്യക്ഷൻ ആവാനുള്ള പുറപ്പാടിലാണോ? " അപ്പുറത്ത് നിന്നുള്ള ചോദ്യത്തിന്റെ ധ്വനി അത്ര നല്ലതല്ല എന്നവന് കേട്ടപ്പോഴേ തോന്നി..അതിൽ ഒരു ഭീഷണി അടങ്ങിയിരിക്കുന്നത് പോലെ... " നിങ്ങൾ ആരാണ് സംസാരിക്കുന്നത്? " ഗൗരവത്തോടെ തന്നെ വിഷ്ണു അയാളോട് ചോദിച്ചു.. "ഞാനോ.. ഞാൻ കല്പകശ്ശേരിയിലെ മാനവേന്ദ്രന്റെ മകൻ ഇന്ദ്രജിത്.." " നീയോ? നീ എന്തിനാണ് ഇപ്പോൾ എന്നെ വിളിക്കുന്നത്‌? " അപ്പോഴേക്കും വിഷ്ണുവിന്റെ സംസാരം മഹിയും കാശിയും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. "അതോ.. പുതിയ അധ്യക്ഷൻ ആവാൻ വേണ്ടി നീ ഉടുത്തോരുങ്ങി അമ്പലത്തിലേക്ക് വന്നത് വെറുതെയാണ് എന്ന് പറയാൻ.. അങ്ങനെ പോയാൽ പിന്നെ നീ ഒരിക്കലും നിന്റെ അനിയത്തിയെ ജീവനോടെ കാണില്ല.." " ദേവൂ.. "

" അതേ.. നിന്റെ ദേവു ഇപ്പോൾ എന്റെ ആൾക്കാരുടെ കൈവശം ആണ് ഉള്ളത്.. രാവിലെ അവളുടെ ഫോണിലേക്കു വിളിച്ചു അവളുടെ ഏട്ടന് അപകടം പറ്റിയെന്നു പറഞ്ഞു അവളെ ഹോസ്റ്റലിൽ നിന്നും ഇറക്കി.. ഇത് വരെ അവൾക്കു ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.. ഞങ്ങൾക്ക് ആ അധ്യക്ഷൻ സ്ഥാനം മാത്രമേ വേണ്ടു.. അതു കിട്ടി കഴിഞ്ഞാൽ അവളെ ഞങ്ങൾ വിട്ടു തന്നേക്കാം..വിഷ്ണു ദത്തൻ സ്വന്തം മകളെ പോലെ വളർത്തിയ അനിയത്തികുട്ടി അല്ലേ? അവളുടെ ജീവനെകാൾ വലുതാണോ വിഷ്ണു ദത്തന് ഈ അധ്യക്ഷൻ സ്ഥാനം..? " " ഞാനെന്താ ചെയ്യേണ്ടത്? " " നീ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്തു നീ തന്നെ പച്ചയത്തു അംഗങ്ങളോട് പറയണം നീ ഇനി ഒരിക്കലും പഞ്ചായതിന്റെ അധ്യക്ഷൻ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന്. അതു നിന്റെ സ്വന്തം തീരുമാനം ആണെന്നും. ഞങ്ങൾ നിന്നെ ഭീഷണിപ്പെടുത്തി ചെയ്യിപ്പിക്കുകയാണ് എന്ന് ഒരു കുഞ്ഞെങ്കിലും അറിഞ്ഞാൽ പിന്നെ നിന്റെ പെങ്ങൾ.. അറിയാലോ?" " അറിയാം.. " " പിന്നെ നീയാ തെക്കേ വശത്തെ ആൽമര ചുവട്ടിലേക്ക് നോക്കിക്കേ.. അവിടെ നിൽക്കുന്നവർ എന്റെ ആൾക്കാരാണ്.. നീയും മഹിയും കാശിയും എപ്പോഴും അവരുടെ കണ്വെട്ടത്തു തന്നെയുണ്ടാവണം..

നിങ്ങൾ ആർക്കെങ്കിലും ഫോൺ ചെയ്യുന്നതോ ആരോടെങ്കിലും സംശയസ്പദമായി സംസാരിക്കുന്നതോ കണ്ടാൽ തന്നെ നിന്റെ പെങ്ങൾക്ക് ദോഷമാണ്.. ഈ തിരഞ്ഞെടുപ്പു കഴിഞ്ഞു എന്റെ അച്ഛൻ വിജയകരമായി അധ്യക്ഷൻ ആവുന്നത് വരെയും അവരുടെ മുഴുവൻ ശ്രദ്ധയും നിങ്ങളിൽ ആയിരിക്കും.. മനസിലായില്ലേ? " "മനസിലായി.." " പിന്നെ ഒരു കാര്യം കൂടി.. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞു എന്റെ അച്ഛൻ അധ്യക്ഷൻ ആവുന്നത് കൺകുളിർക്കേ കണ്ടിട്ട് സ്വന്തം കുടുംബത്തെയും നിന്റെ കൂട്ടുകാരെയും കൂട്ടി ഈ നാട്ടിൽ നിന്നു തന്നെ പോയ്കൊള്ളണം.. ഇനി ഞങ്ങൾക്കുനൊരു എതിരാളിയായിട്ടു നീയിവിടെ വേണ്ട.. " ധൈര്യമില്ലാത്തവർ.. നേരിട്ടു വന്നു പൊരുതാൻ ധൈര്യം ഇല്ലാത്തതു കൊണ്ട് നാട്ടിൽ നിന്നു ചതിയിലൂടെ ഭീഷണിപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്നു.വിഷ്ണു ദത്തന്റെ രക്തം വല്ലാതെ തിളച്ചെങ്കിലും ഇപ്പോൾ പ്രതികരിക്കുന്നത് ബുദ്ധിയല്ല എന്നറിയാവുന്നത് കൊണ്ട് അവൻ ദേഷ്യം കടിച്ചമർത്തി.. " ഞാൻ ഇതൊക്കെ ചെയ്താലും നിങ്ങൾ ദേവുവിനെ ഉപദ്രവിക്കില്ലായെന്നു ഞങ്ങൾക്ക് എങ്ങനെ അറിയാം? " അതിനു മറുപടിയായി അപ്പുറത്ത് നിന്നു ക്രൂരമായ ഒരു ചിരി കേട്ടു.. " കല്പകശ്ശേരിയിലെ ഇന്ദ്രജിത്തിന് ഒരു വാക്കേ ഉള്ളു.. ഞാൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്തിരിക്കും. പിന്നെ എന്നെ അനുസരിക്കുകയല്ലാതെ നിനക്കിപ്പോൾ വേറെ വഴിയും ഇല്ല വിഷ്ണു ദത്താ.. " അവന്റെ മറുപടി വിശ്വാസയോഗ്യം അല്ലെങ്കിലും തത്കാലം കുറച്ചു നേരത്തേക്ക് ഒന്ന് അടങ്ങാൻ വിഷ്ണുദത്തൻ തീരുമാനിച്ചു. ദേവുവിന് അപകടം സംഭവിക്കുന്നതൊന്നും ചെയ്യാൻ സാധിക്കില്ലല്ലോ..

ആദ്യം അവളുടെ സുരക്ഷ ഉറപ്പാക്കണം.. അതു കഴിഞ്ഞു കല്പകശ്ശേരിക്കാരുടെ കാര്യത്തിൽ ഒരു തീരുമാനമാക്കാം.. " എന്താ വിഷ്ണു ദത്താ ഒരു ആലോചന? വല്ല സൂത്രവും ഉപയോഗിച്ചു ഞങ്ങളെ പറ്റിക്കാൻ ആണെങ്കിൽ പെങ്ങളെ ഓർത്ത്‌ ജീവിത കാലം മുഴുവൻ കരയാനെ സമയം കാണുള്ളൂ.." " മനസിലായി.. ഞാൻ നീ പറഞ്ഞത് പോലെ ഒക്കെ ചെയ്തോളാം.. " " ചെയ്‌താൽ നിനക്ക് തന്നെ കൊള്ളാം " ഫോൺ കട്ട്‌ ആയി. ഭാരിച്ച മുഖത്തോടെ വിഷ്ണു ദത്തൻ തന്റെ കൂട്ടുകാരെ നോക്കി.. " എന്താ ഏട്ടാ ? ആരാ വിളിച്ചത്? എന്താ ദേവു എന്നൊക്കെ പറയുന്നത് കേട്ടത്? " മഹി അവനോടു ചോദിച്ചു.. വിഷ്ണു ദത്തൻ അവനോടു കാര്യങ്ങൾ ഒക്കെ പറഞ്ഞു.. " എനിക്കറിയാരുന്നു.. അന്നേ തീർക്കാമെന്നു ഞാൻ പറഞ്ഞതാ.. അപ്പോൾ ഏട്ടൻ തന്നെയല്ലേ വേണ്ടാന്ന് പറഞ്ഞത്.. ആ ആര്യന്റെ വാക്കും കേട്ടു.. എന്നിട്ടിപ്പോൾ എന്തായി? അവന്മാര് പണി തന്നില്ലേ? ഇനിയിപ്പോൾ എന്ത് ചെയ്യും? അവന്മാർ നമ്മളെ തന്നെ നോക്കി നിൽക്കുകയാണ്. ഒന്ന് ഫോൺ വിളിക്കാൻ പോലും പറ്റില്ല.. " മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ മഹി പറഞ്ഞു.. " നീ അടങ്ങു മഹി.. തത്കാലം നമുക്ക് മൗനം ആയിരിക്കാം.. ദേവു അല്ലേ നമുക്ക് പ്രധാനം.. പക്ഷെ നമ്മളെ ഭീഷണിപ്പെടുത്തി വാങ്ങുന്ന ഈ അധികാര കസേരയിൽ അധിക നേരം അവനെ ഞാൻ ഇരുത്തില്ല. ഈ നാട് വിട്ടു എങ്ങും പോകാനും പോകുന്നില്ല. ആദ്യം ദേവുവിനെ എങ്ങനെ സേഫ് ആക്കാം എന്ന് ആലോചിക്കാം.. " വിഷ്ണു പറഞ്ഞു..

" ദേവുവിന്റെ കാര്യം ഓർത്തു ഏട്ടൻ വിഷമിക്കണ്ട.. അതിനു ഒരു വഴി ഞാൻ കണ്ടിട്ടുണ്ട്.. പിന്നെ തത്കാലം ഏട്ടൻ പറഞ്ഞത് പോലെ അവൾ സേഫ് ആണെന്ന് അറിയുന്നത് വരെ അവരുടെ പ്ലാനിൽ കാര്യങ്ങൾ നടക്കട്ടെ.. " മഹിയും ആലോചനയോടെ പറഞ്ഞു.. " എന്താ നിന്റെ പ്ലാൻ? " കാശി അവനോടു ചോദിച്ചു.. " നോക്കട്ടെ പ്ലാൻ നടക്കുമോന്നു.. അതു വരെ തത്കാലം ഒന്നും മിണ്ടണ്ട.. ആലിന്റെ ചുവട്ടിൽ മാത്രമല്ല.. വേറെയും ആളുകൾ ഉണ്ടോന്നു അറിയില്ലല്ലോ.. " ശബ്ദം താഴ്ത്തി മഹി പറഞ്ഞപ്പോൾ അവർക്കും അതു ശരിയാണെന്നു തോന്നി. അതു കൊണ്ട് തന്നെ കൂടുതലൊന്നും ചോദിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രിയും മണിയണ്ണനും കാളിയമ്മയും എല്ലാം അങ്ങോട്ടേക്ക് വന്നു. പാറുവിനെ ആ കൂട്ടത്തിൽ കാണാൻ ഇല്ലായെന്ന് മഹി ഓർത്തു. അവരുടെ അടുത്തു ചെന്നു പാറു എവിടെയെന്നു ചോദിക്കാമെന്ന് മഹി ഓർത്തെങ്കിലും പിന്നെ വേണ്ടാന്ന് വച്ചു. തങ്ങളെ നിരീക്ഷിക്കുന്ന ആൾക്കാർ ഇനി തെറ്റി ധരിച്ചാൽ അതു ദേവുവിന് അപതയാലോ?തത്കാലം തങ്ങളുടെ അടുത്തേക്ക് വരണ്ടായെന്നു വിഷ്ണു ഗായത്രിയെ കണ്ണ് കാണിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ കല്പകശ്ശേരിയിലെ ജീപ്പ് വന്നു നിൽക്കുന്നതും അതിൽ നിന്നു മാനവേന്ദ്രനും നീലാംബരിയും ഇന്ദ്രജിത്തും കൂടി അങ്ങോട്ടേക്ക് വരുന്നതും അവർ കണ്ടു.. അവരുടെ മുഖത്ത് എല്ലാവരെയും തോൽപിച്ചു എല്ലാം നേടിയെടുത്തവരുടെ പുച്ഛ ചിരിയായിരുന്നു.അതു കണ്ടിട്ടും തലകാലം അവർ മൂവരും തങ്ങളുടെ ദേഷ്യം നിയന്ത്രിച്ചു ശാന്തതയോടെ നിന്നു.പഞ്ചായത്തിലെ മറ്റു അംഗങ്ങളും കൂടി എത്തിയപ്പോൾ പിന്നെ ചാമുണ്ഡേശ്വരിയുടെ നട അടക്കാനുള്ള കാത്തിരിപ്പായി. ആ സമയം അത്രയും ഇനി നടക്കാൻ പോകുന്നതിനെ കുറിച്ചുള്ള ആലോചനയായിരുന്നു വിഷ്ണുവിന്റെയും മഹിയുടേയുമൊക്കെ മനസു നിറയെ.നട അടക്കാറായപ്പോൾ വിഷ്ണു ദത്തൻ തന്റെ സ്ഥാനത്തു വന്നിരുന്നു. മഹിയും കാശിയും വിഷ്ണുവിന്റെ പിറകിലായി മാറി നിന്നു. മഹിയുടെ കണ്ണുകൾ അപ്പോഴും ഇടയ്ക്കിടെ പാറുവിനായി പരതുന്നുണ്ടായിരുന്നു. അവളെ കാണാതായപ്പോൾ അവന്റെ മനസ്സിലും പലവിധ ചിന്തകൾ പാഞ്ഞു പോയി. അവളെ ഒന്നിറങ്ങി അന്വേഷിക്കണമെന്ന് മനസ്സിൽ തോന്നിയെങ്കിലും അപ്പോഴത്തെ തങ്ങളുടെ സാഹചര്യവും വിഷ്ണുവിന്റെ സുരക്ഷയും കരുതി അവൻ അവിടെ നിന്നും മാറിയില്ല. നട അടച്ചു തിരുമേനി കൂടി എത്തിയപ്പോൾ പിന്നെ തിരഞ്ഞെടുപ്പിനുള്ള തുടക്കമായി.

വിഷ്ണു ദത്തൻ തിരിഞ്ഞു മഹിയെയും കാശിയെയും നോക്കി.. മഹി പതുക്കെ അവനെ നോക്കി തലയാട്ടി.. വിഷ്ണു ദത്തൻ തന്റെ ഇരിപ്പിടത്തിൽ നിന്നും എണീറ്റു. " ഈ തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുന്നേ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്.. " എല്ലാവരും അതിശയത്തോടെ വിഷ്ണു ദത്തനെ നോക്കി.. ഈ സമയത്തു എന്താണ് അവനു പറയാനുള്ളതെന്നു ചിന്തിച്ചു എല്ലാവരും തങ്ങളുടെ ശ്രദ്ധ വിഷ്ണു ദത്തന് നേരെ തിരിച്ചു..വിഷ്ണു ദത്തൻ ഒരു ശ്വാസം ആഞ്ഞു വലിച്ചു വിട്ടു.. താൻ പറയാൻ പോകുന്നത് ആരും അത്രയും നല്ല രീതിയിൽ എടുക്കില്ലായെന്നു അവനു അറിയാമായിരുന്നു.. പ്രത്യേകിച്ച് കൃഷ്ണപുരത്തു ഉളവർ..പക്ഷെ തത്കാലം വേറെ നിവർത്തിയില്ല.. "ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങള്ക്ക് എത്രത്തോളം ഉൾകൊള്ളാൻ സാധിക്കും എന്നറിയില്ല. എന്നാലും എന്റെ തീരുമാനം അതാണ്‌.. നിങ്ങൾ അതു അംഗീകരിക്കും എന്ന് കരുതുന്നു.. ഇത്തവണ പഞ്ചായത്ത്‌ അധ്യക്ഷൻ സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുന്നില്ല.. ഞാൻ എന്നല്ല മാനിക്കയമംഗലത്തു നിന്നു ആരും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല." വിഷ്ണു പറഞ്ഞതും പഞ്ചായത്ത് അംഗങ്ങളും തിരഞ്ഞെടുപ്പ് കാണാൻ വന്ന ആൾക്കാരും ഒരു പോലെ ഞെട്ടി തരിച്ചു നിന്നു പോയി. ഇങ്ങനെ ഒരു തീരുമാനം വിഷ്ണു ദത്തൻ എടുക്കുമെന്ന് അവർ ആരും തന്നെ സ്വപ്നത്തിൽ പോലും കരുതമനസിലാക്കുന്നു ല്പകശ്ശേരിയിലെ മാനവേന്ദ്രനെ കാൾ ശിവപുരത്തു ഉള്ള സാധാരണക്കാർക്ക് പോലും പ്രിയം വിഷ്ണു ദത്തനോട് ആയിരുന്നു.

വിഷ്ണു ദത്തൻ അധ്യക്ഷൻ ആവണമെന്ന് ആഗ്രഹിക്കുന്നവർ ആയിരുന്നു അവിടെ ഉള്ളവർ പോലും.. ആ പ്രതീക്ഷയിലാണ് ഇപ്പോൾ മണ്ണ് വീണിരിക്കുന്നത്.. എന്നാൽ മാനവേന്ദ്രനും കുടുംബവും അവരെ പിന്തുണയ്ക്കുന്ന അധികാരമോഹികളായ ചെറിയൊരു പക്ഷം ജനങ്ങളും ഈ വാർത്ത കേട്ടു സന്തോഷിച്ചു.. " എന്താ വിഷ്ണു ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം? എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നമുക്കതു പറഞ്ഞു പരിഹരിക്കാമല്ലോ? " പഞ്ചായത്ത് അംഗങ്ങളിൽ വളരെ മൂത്ത ഒരാൾ അവനോടു ചോദിച്ചു.. " ഒന്നും ഉണ്ടായിട്ടല്ല വാസുവേട്ട.. ഞാൻ ഈ അധ്യക്ഷൻ സ്ഥാനത്തേക്ക് എന്റെ പതിനേറ്റമത്തെ വയസ്സിൽ കയറിയതാണ്.. ഇപ്പോൾ എനിക്ക് പ്രായം മുപ്പത്തിയെഴു.. ഈ പത്തൊൻപതു വർഷവും ഞാൻ തന്നെയായിരുന്നു സ്ഥിരമായി ഈ സ്ഥാനത്തു.. ചിലർക്കെങ്കിലും ആഗ്രഹം ഉണ്ടാവില്ലേ ഒരു മാറ്റം വേണമെന്ന്.. " വിഷ്ണു തന്റെ തീരുമാനത്തിന് ന്യായങ്ങൾ കണ്ടെത്താൻ ശ്രമിച്ചു.. " അങ്ങനെ വേണമെങ്കിൽ അതു തിരഞ്ഞെടുപ്പിൽ വരില്ലേ?നീ ഈ സ്ഥാനത്തു തുടരണം എന്ന് ഭൂരിഭാഗം ആൾക്കാരും ആഗ്രഹിക്കുന്നത് കൊണ്ടാണല്ലോ വീണ്ടും വീണ്ടും നീ ഈ സ്ഥാനത്തേക്ക് വരുന്നത്? ഈ നാട്ടിലുള്ളവരുടെ ആ ആഗ്രഹത്തെ നീ മാനിക്കുന്നില്ല എന്നാണോ പറഞ്ഞു വരുന്നത്? "

" ഒരിക്കലും അല്ല.. ഈ ഒരു പ്രാവശ്യത്തേക്ക് ഞാൻ മാറി നിൽക്കുന്നു എന്നെ പറഞ്ഞുള്ളു.. ഭൂരിഭാഗം ആൾക്കാരും എനിക്ക് അനുകൂലം എങ്കിലും ഞാൻ വേണ്ടായെന്നു കുറച്ചു പേരെങ്കിലും ആഗ്രഹിക്കുന്നുണ്ടല്ലോ? ഈ പ്രാവശ്യം അവർക്കൊരു അവസരം കൊടുക്കാം.. അവർ അധ്യക്ഷൻ സ്ഥാനത്തേക്ക് വരട്ടെ..ഞാൻ അധ്റ്റാക്ഷൻ സ്ഥാനത്തു ഇല്ലെങ്കിലും ഈ നാട്ടിലെ ജനങ്ങളുടെ ഏതു ആവശ്യത്തിനും ഒരു വിളിക്കപ്പുറം തന്നെ ഉണ്ടാവും.. " " പക്ഷെ വിഷ്ണു.. " " ഇനി ഒരു നിർബന്ധം വേണ്ട.. ഇത് മാണിക്യമംഗലത്തെ വിഷ്ണു ദത്തന്റെ തീരുമാനം ആണ്.. അതിനു ഇനി മാറ്റമില്ല.. ഇത്തവണ അധ്യക്ഷൻ സ്ഥാനത്തേക്ക് മത്സരിക്കാൻ മാണിക്യമംഗലത്തു നിന്നും ആരും ഉണ്ടാവില്ല.." അതും പറഞ്ഞു വിഷ്ണു ദത്തൻ മാറി മഹിയോടും കാശ്ശിയോടും ഒപ്പം വന്നു നിന്നു. മഹി പതിയെ അവന്റെ തോളിൽ കൈ വച്ചു സമാധാനിപ്പിച്ചു. തന്നെ വിശ്വസിക്കുന്ന ആൾക്കാരെ വിഷമിപ്പിക്കേണ്ടി വന്നതിൽ അവനു എത്ര മാത്രം വിഷമം ഉണ്ടാവുമെന്ന് മഹിക്ക് അറിയാമായിരുന്നു. വിഷ്ണു പതിയെ ഗായത്രിയെ നോക്കി.. ഒന്നുമില്ലയെന്നു അവൾ കണ്ണടച്ച് കാണിച്ചപ്പോൾ അവൻ സമാധാനത്തോടെ പുഞ്ചിരിച്ചു. തന്റെ ഭർത്താവ് എന്ത് ചെയ്താലും അതിനൊരു കാരണം ഉണ്ടാവുമെന്ന് ഗായത്രി വർമ്മക്ക് നന്നായി അറിയാമായിരുന്നു.

തന്നെ മനസിലാക്കുന്ന ഒരു ഭാര്യയെ കിട്ടിയതിൽ വിഷ്ണുവും മനസ്സാലെ സന്തോഷിച്ചു. അപ്പോളും പാറുവിനെ അവരോടൊപ്പം കാണാതെ മഹിയുടെ മനസ്സ് പേടിച്ചു. മാനവേന്ദ്രൻ തന്റെ കസേരയിൽ നിന്നു എഴുനേറ്റു വന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ അയാളിലേക്കായി. " അപ്പോൾ ഇത്തവണ വിഷ്ണു ദത്തൻ മത്സരിക്കുന്നില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി ഒരു തിരഞ്ഞെടുപ്പിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല..ഈ പ്രാവശ്യം ഇരുടേശാപുരത്തിന്റെ അധ്യക്ഷൻ സ്ഥാനത്തേക്ക് ഞാൻ തന്നെ സ്ഥാനം ഏൽക്കുന്നു.. " ഭൂരിഭാഗം പഞ്ചായത്ത് അംഗങ്ങളും വേറെ ഒന്നും പറയാൻ ഇല്ലാത്തതു കൊണ്ട് അതിനെ അനുകൂലിച്ചു മിണ്ടാതെ നിന്നു. മാണവേന്ദ്രനെ അനുകൂലിക്കുന്ന ശിവപുരത്തെ മൂന്നാലു പേരും നീലാംബരിയും ഇന്ദ്രജിത്തും മാത്രം അയാളുടെ വാക്കുകൾ കയ്യടിയോടെ സ്വീകരിച്ചു. വിഷ്ണു ദത്തന് മേൽ പുച്ഛത്തോടെയുള്ള ഒരു നോട്ടം എറിഞ്ഞു കൊണ്ട് അയാൾ അധ്യക്ഷന്റെ കസേരയിലേക്ക് നടന്നു.. " നിൽക്കു.. " അധ്യക്ഷൻ കസേരയിലേക്ക് ഇരിക്കാൻ പോയ മാനവേന്ദ്രന് അതിൽ ഇരിക്കാൻ സാധിക്കുന്നതിനു മുന്നേ ഒരു പെൺ ശബ്ദം അവിടമാകെ മുഴങ്ങി.. എല്ലാവരും ഒരു പോലെ തിരിഞ്ഞു നോക്കി..ഒരു കുഴപ്പവുമില്ലാത്ത പാറുവിനെ അവിടെ കണ്ടപ്പോൾ മഹിക്ക് സമാധാനം ആയെങ്കിലും ഇവൾ ഇത് എന്ത് ഭാവിച്ചാണെന്ന് ഓർത്തു ആശങ്കയും തോന്നി.. അവൻ അവളെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവൾ ഒന്നുമില്ലയെന്നു കണ്ണടച്ച് കാണിച്ചു..

തന്റെ കുറെ നാളത്തെ സ്വപ്നം പൂവണിയുന്നത് പടിക്കൽ വന്നു ശല്യമുണ്ടാക്കിയ പാർവണയെ മാനവേന്ദ്രൻ ദേഷ്യത്തോടെ നോക്കി.. " എന്താടി.. എന്താ നിനക്ക് വേണ്ടത്..? " " ഇതെന്താ മാനവേന്ദ്ര.. അങ്ങ് സുഖിച്ചു ആരും എതിരാളി പോലും ഇല്ലാതെ അധ്യക്ഷൻ സ്ഥാനത്തേക്ക് കയറിയാൽ എങ്ങനെയാ? ഒരു തിരഞ്ഞെടുപ്പൊക്കെ നടത്തി അതിൽ വിജയിച്ചു ഒരു സ്ഥാനത്തു എത്തുമ്പോഴല്ലേ അതിനു ഒരു സുഖമുണ്ടാവൂ? ". പാറു ഒരു പുച്ഛചിരിയോടെ ചോദിച്ചു. മാനവേന്ദ്രൻ ഒന്നും മനസിലാവാത്ത പോലെ അവളെ നോക്കുനുണ്ട്.. " അതിനു മാണിക്യമംഗലത്തു നിന്നരും ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നില്ല എന്ന് എല്ലാവരും കേൾക്കെ ഇപ്പോൾ പറഞ്ഞത് നീ കേട്ടില്ലേ ? ആരും മത്സരിക്കാൻ ഇല്ലാത്തതു കൊണ്ടാണ് ഇന്ദ്രേട്ടൻ ഈ സ്ഥാനത്തേക്ക് കയറുന്നതു.. " നീലാംബരി ദേവി പാറുവിനോട് പറഞ്ഞു. എന്നിട്ടും അവൾക്കു യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.

അവൾ നീലാംബരി ദേവിയുടെ അടുത്തേക്ക് ചെന്നു.. " മാണിക്യമംഗലത് നിന്നും ആരും മത്സരിക്കുന്നില്ല എന്നല്ലേ വിഷ്ണുവേട്ടൻ പറഞ്ഞുള്ളു.. കൃഷ്ണപുരത്തു കാർക്ക് വേണ്ടി കല്പകശ്ശേരി തറവാട്ടിൽ നിന്നു തന്നെ ഒരാൾക്ക് മത്സരിച്ചാലോ? " ഇത്തവണ എല്ലാവരുടെയും കണ്ണുകൾ മിഴിഞ്ഞു.. പാറു എന്താണ് പറഞ്ഞു വരുന്നതെന്ന് ആർക്കും ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.. " നീയെന്താടി ആളെ കളിയാക്കുവാണോ? " ഇന്ദ്രജിത് മുന്നിലേക്ക്‌ വന്നു അവളെ പിടിക്കാൻ നോക്കി.. പാറു പിറകിലേക്ക് നീങ്ങി നിന്നു അവന്റെ നേരെ ചീറി.. " മാറി നിക്കേടാ ചെക്കാ.. എന്നെ കയറി പിടിക്കുന്നതിനു മുന്നേ നീയെന്റെ ഭർത്താവിനെ പറ്റി കൂടി ഒന്ന് ഓർക്കു.. " അവന്റെ കൈ തനിയെ താണു.. " പിന്നെ ഞാൻ പറഞ്ഞത് കളി ഒന്നുമല്ല.. ഇത്തവണ കൃഷ്ണപുരത്തു നിന്നു മത്സരിക്കുന്നത് കല്പകശ്ശേരി തറവാട്ടിലെ ഒരാൾ ആണ്.. കല്പകശ്ശേരിയിലെ മാനവേന്ദ്രന്റെ മരിച്ചു പോയ സഹോദരൻ രാഘവേന്ദ്രന്റെ മൂത്ത മകൻ.. എന്റെ ഭർത്താവ് സൂര്യമഹാദേവൻ.. ".......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story