സൂര്യപാർവണം: ഭാഗം 31

surya parvanam

രചന: നിള നിരഞ്ജൻ

എന്റെ വാക്കുകൾ കേട്ടതും അവിടെ ഒരു വല്ലാത്ത നിശബ്ദത നിറഞ്ഞത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്റെ നോട്ടം ആദ്യം ചെന്നെത്തിയത് സൂര്യേട്ടന്റെ മുഖത്ത് തന്നെ ആയിരുന്നു. ഞാൻ പറഞ്ഞത് കേട്ടിട്ട് ആ മുഖത്തെ ഭാവം എന്താണെന്ന് അറിയാൻ. ഞാൻ നോക്കുമ്പോൾ അവിശ്വസനീയതയോടെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.അല്ലെങ്കിലും ഞാൻ ഇപ്പോൾ പറഞ്ഞതു ഒരു ചെറിയ കാര്യം അല്ലല്ലോ.. കഴിഞ്ഞ മുപ്പതു കൊല്ലമായി അനാഥൻ ആണെന്ന് കരുതി ജീവിച്ച മനുഷ്യൻ.. പെട്ടെന്ന് അനാഥൻ അല്ലെന്നു പറയുന്നു. തന്നെയുമല്ല താൻ ഇത്ര നാളും ശത്രുതയോടെ കണ്ട കുടുംബത്തിലെ അംഗമാണ് എന്ന് കൂടി കേൾക്കുമ്പോൾ ആരാണ് വിശ്വസിക്കുക.. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ സൂര്യേട്ടൻ എന്നെ നോക്കി.. എന്തൊക്കെയാണ് ഇതിന്റെ അർത്ഥം എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം എന്ന് മനസിലാക്കി എല്ലാം ഉടനെ തന്നെ പറഞ്ഞു തരാം എന്ന രീതിയിൽ ഞാനും കണ്ണടച്ച് കാണിച്ചു. നാളെ ഞാനായി തന്നെ സൂര്യേട്ടനോട് വെളിപ്പെടുത്താൻ ഇരുന്നതാണു.പക്ഷെ ഇന്ന് തന്നെ എല്ലാം എല്ലാവരുടെയും മുന്നിൽ വെളിപ്പെടനായിരിക്കും ചാമുണ്ഡേശ്വരി തീരുമാനിച്ചിരിക്കുന്ഞാൻ അതിപ്പോ എനിക്കായി മാറ്റാൻ സാധിക്കില്ലല്ലോ..

" നീയെന്തൊക്കെയാടി ഈ പറയുന്നത്? നിന്റെ കെട്ടിയോൻ ഞങ്ങളുടെ തറവാട്ടിലെ ആളാണെന്നോ? വിഷ്ണു ദത്തൻ പിന്മാറിയാൽ ഈ നാട്ടിലെ അധികാരം ഇല്ലാതാവും എന്ന് കരുതി പുതിയ കഥയും ഉണ്ടാക്കി കൊണ്ട് വന്നിരിക്കുകയാണല്ലേ? " ഇന്ദ്രജിത്തിന്റെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്.. ഞാൻ പറഞ്ഞത് അവിടെ കൂടിയിരിക്കുന്ന ആരും തന്നെ വിശ്വസിച്ചിട്ടുണ്ടാവാൻ വഴിയില്ല എന്ന് എനിക്കറിയാമായിരുന്നു. പക്ഷെ എന്റെ പക്കം തെളിവുകൾ ഉണ്ടല്ലോ.. ഞാൻ ഇന്ദ്രജിത്തിന്റെ നേർക്കു തിരിഞ്ഞു.. "അധികാരത്തിനു വേണ്ടി സ്വന്തം തന്തയെ മാറ്റി പറയുന്ന സ്വഭാവം നിങ്ങൾക്കേ ഉള്ളു.. ഞങ്ങൾക്ക് ഇല്ല.ഞാൻ പറഞ്ഞത് സത്യം തന്നെയാണ്.. നീ ശത്രു ആയി കരുതുന്ന മഹി എന്ന സൂര്യമഹാദേവൻ സത്യത്തിൽ നിന്റെ സഹോദരൻ ആണ്.. " " നീ പറഞ്ഞാൽ ഉടനെ ഞങ്ങൾ അതങ്ങു വിശ്വസിക്കുമോ? എന്റെ വലിയച്ഛൻ രാഘവേന്ദ്രൻ ഒരു സാത്വികനായിരുന്നു.. അദ്ദേഹം വിവാഹം പോലും കഴിച്ചിട്ടുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് സൂര്യമഹാദേവൻ അദേഹത്തിന്റെ മകൻ ആകുന്നതു? " അവന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു.. എന്നിട്ട് മെല്ലെ മാനവേന്ദ്രന്റെ അടുത്തേക്ക് നടന്നു.. അയാളുടെ മുഖത്തേക്ക് നോക്കി..

" നിങ്ങളുടെ മകൻ പറഞ്ഞതിനുള്ള മറുപടി ഞാൻ കൊടുക്കുന്നോ അതോ ഞാൻ കൊടുക്കണോ? നിങ്ങളുടെ സഹോദരൻ വിവാഹം കഴിച്ചിരുന്നു എന്ന് പറഞ്ഞു കൊടുക്ക്‌ ഇവിടെ എല്ലാവരുടെയും അടുത്തു." മാനവേന്ദ്രന്റെ മുഖം വിളറി വെളുത്തു... എങ്കിലും അയാൾ പറഞ്ഞു.. " എന്ത്.. രാഘവേട്ടൻ വിവാഹം കഴിച്ചതായി ഒന്നും എനിക്കറിയില്ല.. " അയാൾ അതു സമ്മതിക്കുമെന്നു അല്ലെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതു കൊണ്ട് അതു എനിക്ക് ഒരു പ്രശ്നമായി തോന്നിയില്ല.അയാൾ പറയുന്നത് എന്ത് തന്നെയായാലും അതൊക്കെ പ്രതിരോധിക്കാനുള്ള മാർഗവുമായാണ് ഞാൻ വന്നിരിക്കുന്നത് എന്ന് അയാൾക്ക്‌ അറിയില്ലല്ലോ..ഞാൻ അയാളോട് എന്തോ പറയാൻ തുടങ്ങിയതും പിറകിൽ നിന്നും വിളി വന്നു.. " പാറു.. " ഞാൻ തിരിഞ്ഞു സൂര്യേട്ടനെ നോക്കി.. ആ മുഖത്തെ ഞെട്ടലും ചോദ്യങ്ങളും വിഷമവും ഒക്കെ കണ്ടപ്പോൾ എനിക്ക് ആകെ വിഷമം ആയി. ഒറ്റയ്ക്ക് എവിടെയെങ്കിലും കൊണ്ട് പോയി സമാധാനമായി ഞാൻ പറയണമെന്ന് ആഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോൾ എല്ലാവരുടെയും മുന്നിൽ വച്ചു ഇങ്ങനെ പറയേണ്ടി വരുന്നത്.

ഞാൻ പോയി ഏട്ടന്റെ കൈകളിൽ പിടിച്ചു.. " നീ എന്തൊക്കെയാ പാറു ഈ വിളിച്ചു പറയുന്നത്.. ഞാൻ കല്പകശ്ശേരിയിലെ.. " മുഴുമിപ്പിക്കാൻ കഴിയാതെ ഏട്ടൻ പകുതിയിൽ നിർത്തി.. " സത്യമാണ് ഏട്ടാ.. കഴിഞ്ഞ കുറച്ചു നാളുകളായി എന്റെ സംശയങ്ങളിലൂടെ ഞാൻ കണ്ടെത്തിയ സത്യം..ഏട്ടൻ കല്പകശ്ശേരിയിലെ രാഘവേന്ദ്രന്റെ മകൻ ആണ്.. " " എന്ന് കുട്ടി പറയുന്നു.. പക്ഷെ അതിനു തെളിവുകൾ ഒന്നും ഇല്ലല്ലോ? ഉണ്ടെങ്കിൽ അതു കാണിക്കു.. അപ്പോൾ ഞങ്ങൾ വിശ്വസിക്കാം.. " മാനവേന്ദ്രന്റെ കൂട്ടത്തിലുള്ള ഒരു പഞ്ചായത്ത് അംഗം എന്നോട് ചോദിച്ചു.. " വെറും തെളിവുകൾ അല്ല.. രാഘവേന്ദ്രന്റെ ഭാര്യ തന്നെ വന്നിട്ടുണ്ട് ഇവിടെ.. അവർ തന്നെ പറയും എല്ലാ സത്യങ്ങളും എല്ലാവരോടും.. " എല്ലാവരും ഞെട്ടലോടെ എന്നെ നോക്കി.. മാനവേന്ദ്രന്റെയും നീലാംബരിയുടെയും ഒക്കെ കണ്ണുകൾ ഇപ്പോൾ പുറത്തേക്കു തള്ളി വരുമെന്ന അവസ്‌ഥയിൽ ആണ്..അവരെ നോക്കി ഒരു ചിരിയോടെ ഞാൻ ആൾക്കൂട്ടത്തിന് പിറകിലേക്ക് നോക്കി വിളിച്ചു.. " അമ്മേ.. അകത്തേക്ക് കയറി വരൂ.. "

ആൾക്കൂട്ടത്തിനിടയിലൂടെ സന്യാസിനി അമ്മ അകത്തേക്ക് കയറി വന്നു. അവരെ കണ്ടു പലരും പലതും അമ്പരപ്പോടെ അടക്കം പറയുന്നുണ്ടായിരുന്നു. സൂര്യേട്ടന്റെ കൈകൾ എന്റെ കൈകളിൽ മുറുകുന്നത് ഞാൻ അറിഞ്ഞു..അമ്മ അകത്തേക്ക് കയറി വന്നു ഞങ്ങളുടെ അടുത്തായി നിന്നു.. ഞാൻ സൂര്യേട്ടന്റെ നേരെ തിരിഞ്ഞു.. " ഇതാണ് ഏട്ടാ ഏട്ടന്റെ അമ്മ.. " ഏട്ടന്റെ മുഖത്തെ ഭാവം എനിക്ക് വേർതിരിച്ചു അറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് എനിക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു. സന്യാസിനി അമ്മയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഇത്രയും നാൾ ഒന്നും അറിയിക്കാതെ ദൂരെ നിന്നും കണ്ടു കൊണ്ടിരുന്ന മകനെ ഇപ്പോൾ തന്റെ മകനായി അടുത്തു കണ്ടതിന്റെ സന്തോഷവും, വാത്സല്യവും, സ്നേഹവും എല്ലാം ആ കണ്ണുകളിലും ഉണ്ടായിരുന്നു. ഒരു നിമിഷം അറിയാതെ ഞാനും അതു നോക്കി നിന്നു പോയി. പിന്നെ ഞാൻ ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞു.. " ഈ സ്ത്രീയെ നിങ്ങള്ക്ക് പലർക്കും പരിചയം ഉണ്ടാവും.. നമ്മുടെ ക്ഷേത്രത്തിലെ രുദ്രാക്ഷ മരത്തിന്റെ ചുവട്ടിലായി കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഇവരും ഉണ്ട്.. പക്ഷെ ഇവരെ പറ്റി ഇവിടെ ആർക്കും ഒന്നും അറിയുകയും ഇല്ല.. ഇവരുടെ പേര് ദേവിക എന്നാണ്..

തിരുവന്മയൂർ ആണ് ഇവരുടെ സ്വദേശം.. ഇവർ തന്നെയാണ് രാഘവേന്ദ്രന്റെ ഭാര്യ എന്നതിനുള്ള തെളിവുകൾ ഇവർ തന്നെ ഈ കൂടിയിരിക്കുന്ന പഞ്ചായത്ത് അംഗങ്ങൾക്ക് തരും.. " " അമ്മേ.. അതൊക്കെ അങ്ങ് കൊടുത്തേക്കു.. " അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു കവർ ചൂണ്ടി കാട്ടി ഞാൻ പറഞ്ഞു.. അമ്മ തന്റെ കയ്യിലുള്ള തെളിവുകൾ പഞ്ചായത്ത് അംഗങ്ങൾക്ക് മുന്നിൽ നിരത്തുമ്പോൾ ഞാൻ ഒന്നും മിണ്ടാതെ സൂര്യേട്ടന്റെ കയ്യിൽ പിടിച്ചു നിന്നു. അതിൽ എന്തൊക്കെയാണ് ഉള്ളതെന്ന് എനിക്ക് അറിയാം. രാഘവേന്ദ്രന്റെയും സന്യാസിനി അമ്മയുടെയും കല്യാണം നടന്നതിന്റെ തെളിവുകൾ, ഫോട്ടോസ്, സൂര്യേട്ടന്റെ ബർത്ത് സർട്ടിഫിക്കേറ്റ്, ചെറുപ്പത്തിലേ ഫോട്ടോകൾ തുടങ്ങി അവർ ഒറു കുടുംബം ആയിരുന്നു എന്ന് തെളിയിക്കാൻ വേണ്ടതൊക്കെ സന്യാസിനി അമ്മ നിധി പോലെ സൂക്ഷിച്ചിരുന്നു. എല്ലാം എല്ലാവരും മാറി മാറി പരിശോധിച്ചു . കാണെ കാണെ ആവിശ്വാസം ഞെട്ടലിനും അമ്പരപ്പിനും വഴി മാറുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങൾ എല്ലാം അതു നോക്കി കഴിഞ്ഞപ്പോൾ വിഷ്ണുവേട്ടൻ പതിയെ അതു തന്റെ കയ്യിൽ വാങ്ങി.

അതിൽ ഓരോന്നും നോക്കി കഴിഞ്ഞു ആ നോട്ടം സൂര്യട്ടനിലേക്ക് എത്തി.എന്റെ കൈ വിടുവിച്ചു സൂര്യേട്ടൻ വിഷ്ണുവേട്ടന്റെ കയ്യിൽ നിന്നും അതെല്ലാം വാങ്ങി നോക്കുമ്പോൾ പഴയ കാലത്തിന്റെ എന്തെങ്കിലും ഒരു ശേഷിപ്പ് തന്റെ ഓർമകളിൽ എവിടെയെങ്കിലും ഉണ്ടോയെന്നു സ്വയം പരതുന്നത് പോലെയാണ് ആ മുഖം വിളിച്ചു പറഞ്ഞത്.. കുറച്ചു അധികം നേരത്തെ നിശബ്ദതക്കു ശേഷം വിഷ്ണുവേട്ടൻ തന്നെയാണ് എല്ലാവരോടുമായി ചോദിച്ചത് " ഇപ്പോൾ എന്ത് പറയുന്നു എല്ലാവരും? " എല്ലാവരും എന്ത് പറയണമെന്ന് അറിയാതെ നിന്നതേ ഉള്ളു. കാര്യങ്ങൾ തങ്ങൾ വിചാരിച്ചതിൽ നിന്നെല്ലാം കൈ വിട്ടു പോവുകയാണെന്ന് മാനവേന്ദ്രനും നീലാംബരിക്കും തോന്നി തുടങ്ങി.. എങ്ങനെയെങ്കിലും അതു തടഞ്ഞേ പറ്റൂ.. നീലാംബരി ദേവി തീരുമാനിച്ചു.. " എന്ത് പറയാനാ..നിങ്ങൾ കുറെ പേപ്പറുകളും ഫോട്ടോകളും കൊണ്ട് വന്നാൽ അതും ഞങ്ങൾ വിശ്വസിക്കണോ? അതൊക്കെ ഇന്നത്തെ കാലത്ത് കൃത്രിമമായി ഉണ്ടാക്കാൻ സാധിക്കുന്നതാണെന്നു ആർക്കാണ് അറിയാൻ പാടില്ലാത്തതു? " അവർ ആൾക്കാർക്ക് നേരെ തിരിഞ്ഞു.. " ആരും ഇതൊന്നും വിശ്വസിക്കരുത്.. വിഷ്ണു ദത്തന്റെ അധികാരങ്ങൾ നഷ്ടപെടുമ്പോൾ തനിക്കു സ്ഥാനമില്ലാതെ ആവും എന്ന് തോന്നിയപ്പോൾ ഭാര്യയും ഭർത്താവും കൂടി നടത്തുന്ന നാടകം ആണിത്..

അതിനു ഈ പഞ്ചായത്ത് കൂട്ട് നിൽക്കരുത്.. അല്ലെങ്കിൽ ഈ പേപ്പറും ഫോട്ടോകളും ഒന്നും അല്ലാതെ യഥാർത്ഥ തെളിവ് കൊണ്ട് വരട്ടെ ഇവർ.. ഈ പറഞ്ഞതൊക്കെ സത്യമെന്നു സാക്ഷിപ്പെടുത്താൻ കഴിയുന്ന ഒരാളെ കൊണ്ട് വരട്ടെ." " അങ്ങനൊരാളെ ഞാൻ കൊണ്ട് വന്നാൽ മതിയോ നീലാംബരി ദേവി? " ഏറ്റവും പിറകിൽ നിന്നും ഘനഗംഭീരമായ മറ്റൊരു ശബ്ദം കേട്ടപ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി.. കല്പകശ്ശേരിക്കാരുടെ കാര്യസ്ഥനായ ശേഖരനെയും കൊണ്ട് യൂണിഫോമിൽ അങ്ങോട്ട്‌ വരുന്ന ആര്യനെ കണ്ടതും മാനവേന്ദ്രന്റെ മുഖം പിന്നെയും വലിഞ്ഞു മുറുകി.. " എല്ലാമറിയുന്ന ഈ സാക്ഷി മതിയോ മാനവേന്ദ്ര? " ആര്യൻ ചോദിച്ചപ്പോൾ അയാൾ അവനെ രൂക്ഷമായി നോക്കി.. " എന്ത് അറിയാമെന്നു? സാർ എന്തൊക്കെയാണ് ഈ പറയുന്നത്? " "മാനവേന്ദ്ര.. ഇവനെ പിടിച്ചു നന്നായി ഒന്ന് ചോദ്യം ചെയ്തപ്പോൾ ഇവൻ വിനുവിന്റെ കൊലപാതകത്തെ പറ്റി മാത്രമല്ല നിന്റെ പൂർവ കാല ചരിത്രം മുഴുവനും വള്ളി പുള്ളി തെറ്റാതെ പറഞ്ഞു തന്നു.." ആര്യൻ ശേഖരനെ പിടിച്ചു എല്ലാവരുടെയും നടുവിലേക്കു നീക്കി നിർത്തി..

" ഡാ.. എല്ലാവരുടെയും മുന്നിൽ പറഞ്ഞു കൊടുക്കെടാ ഇരുപത്തഞ്ചു വർഷങ്ങൾക്ക് മുന്നേ എങ്ങനെയാണ് മാനവേന്ദ്രൻ കൽപകശ്ശേരിയുടെ അധികാരി ആയതെന്നു? " ശേഖരൻ ഭയപ്പാടോടെ ചുറ്റും നോക്കി.. പിന്നെ ഒരു ദീർഘനിശ്വാസം എടുത്തു വിട്ടു എല്ലാവരോടുമായി പറഞ്ഞു തുടങ്ങി.. " എല്ലാവർക്കും സമ്മതനായിരുന്ന രാഘവേന്ദ്രനെ മാനവേന്ദ്രന് പണ്ട് മുതലേ ദേഷ്യമായിരുന്നു. മാനവേന്ദ്രൻ ചെയ്യുന്ന തെറ്റുകളെല്ലാം അദ്ദേഹം ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അതു ഒന്ന് കൂടി വർധിച്ചു. അതിനിടക്കാണ് മാനവേന്ദ്രൻ കൃഷ്ണപുരത്തെ പെൺകുട്ടിയുമായി പ്രശ്നം ഉണ്ടാക്കുന്നതും ഇനി മേലാൽ കൃഷ്ണപുരത്തു കാലു കുത്താൻ പാടില്ല എന്ന് മാണിക്യമംഗലത്തെ ദേവനാരായണൻ ഉത്തരവിടുന്നത്. തന്റെ അനിയൻ ആയിട്ട് പോലും രാഘവേന്ദ്രൻ ദേവനാരായണനെ സപ്പോർട് ചെയ്തതിൽ മാനവേന്ദ്രന് തീർത്താൽ തീരാത്ത പക തോന്നി തുടങ്ങി.. എങ്ങനെയും രാഘവേന്ദ്രനെ നശിപ്പിച്ചു കൽപകശ്ശേരിയുടെ അധികാരം കൈക്കലക്കി അതു വഴി അധ്യക്ഷൻ സ്ഥാനത്തേക്ക് കയറാൻ തീരുമാനിച്ചു.

രാഘവേന്ദ്രനും ദേവനാരായണനും ഡ്രൈവറെ മാത്രം കൂട്ടി മാസത്തിൽ ഒരിക്കൽ പോകുന്ന തീർദാടനത്തിൽ പണ്ട് മുതലേ മാനവേന്ദ്രന് സംശയം ഉണ്ടായിരുന്നു. ഇത്രയും വൈരാഗ്യം ആയപ്പോൾ അതിനെ പറ്റി അന്വേഷിക്കാൻ മാനവേന്ദ്രൻ തീരുമാനിച്ചു. അങ്ങനെ ഒരു പ്രാവശ്യം ആരും അറിയാതെ ഞാനും മാനവേന്ദ്രനും അവരെ പിന്തുടർന്നു.. " എല്ലാവരും ഒരു കഥ കേൾക്കുന്നത് പോലെ ശേഖരന്റെ വാക്കുകൾ ശ്രദ്ധിച്ചു ഇരിക്കയായിരുന്നു. മാനവേന്ദ്രന്റെ ശ്രദ്ധ ശേഖരനിൽ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അയാൾക്ക്‌ ഒരു കവചം പോലെ ആര്യൻ അയാളെ ചുറ്റി പറ്റി നിന്നു. അധികാരികളിൽ നിന്നു പ്രത്യേക അനുമതി എടുത്താണ് അവൻ ജയിലിൽ നിന്നു ശേഖരനെ ഇവിടെ കൊണ്ട് വന്നിരിക്കുന്നത്. ശേഖരന്റെ സുരക്ഷിതത്വം ആരെക്കാളും ആര്യന്റെ ഉത്തരവാദിത്വം ആണ്. ശേഖരൻ തുടർന്നു .. "അങ്ങനെയാണ് തിരുവന്മയൂരിൽ രാഘവേന്ദ്രന് ഒരു കുടുംബം ഉണ്ടെന്നു ഞങ്ങൾ അറിയുന്നത്. ഒരു പാവപെട്ട വീട്ടിലെ പെൺകുട്ടിയാണെന്നും അതിൽ ഒരു മകൻ ഉണ്ടെന്നും ഞങ്ങൾ മനസിലാക്കി എടുത്തു. അവരെ കാണാനും അവരോടൊപ്പം ഒരു ദിവസം താമസിക്കാനും ആയിരുന്നു ഈ ക്ഷേത്രസന്ദർശനത്തിന്റെ പേരിലുള്ള യാത്രകൾ എല്ലാം. പക്ഷെ അവരെ ഞങ്ങൾ അന്ന് കണ്ടിരുന്നില്ല.

നിയമപരമായി അവർ രാഘവേന്ദ്രന്റെ ഭാര്യ ആണെന്ന് കൂടി അറിഞ്ഞതോടെ മാനവേന്ദ്രന് പേടിയായി.രാഘവേന്ദ്രന്റെ കാലശേഷവും കൽപകശ്ശേരിക്കു മാനവേന്ദ്രൻ അല്ലാതെ വേറെ അവകാശി വരാൻ സാധ്യത ഉണ്ടെന്ന ചിന്ത മാനവേന്ദ്രനെ വല്ലാതെ അസ്വസ്ഥനാക്കി.. അങ്ങനെ ഒരുപാടു ആലോചനക്കൊടുവിൽ അവരെ എല്ലാവരെയും ഇല്ലാതാക്കാൻ ഞങ്ങൾ തീരുമാനിച്ചു..ഈ നാട്ടിൽ ആർക്കും ഈ കാര്യത്തെ കുറിച്ച് അറിയാത്തതു ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഈ കാര്യത്തെ പറ്റി ആകെ അറിവുള്ള ദേവനാരായണനെയും അവരുടെ ഡ്രൈവറേയും കൂടി ഇല്ലാതാക്കി ഈ സത്യം ഈ ലോകത്തിൽ നിന്നു തന്നെ തുടച്ചു നീക്കാൻ ഞങ്ങൾ പദ്ധതി ഇട്ടു." സൂര്യേട്ടന്റെ കൈകൾ എന്റെ കൈകളിൽ വളരെ ശക്തിയായി മുറുകി കൊണ്ടിരുന്നു. താനിത് വരെ കണ്ടിട്ട് പോലും ഇല്ലാതെ തന്റെ കുടുംബത്തെ ഇല്ലാതാക്കിയതിന്റെ കാര്യം പറയുമ്പോൾ ആ മനസ്സിലെ ദേഷ്യവും സങ്കടവുമാണ് ഞാൻ അറിയുന്നത് എന്ന് എനിക്ക് മനസിലായി. കുറച്ചു നേരം കൂടി ക്ഷമിക്കൂ എന്ന അർത്ഥത്തിൽ ഞാൻ സൂര്യേട്ടനെ നോക്കി കണ്ണ് കാണിച്ചു. ഞങ്ങളുടെ ശ്രദ്ധ വീണ്ടും ശേഖരനിലേക്കായി.. "

അങ്ങനെ ഒരു ഞായറാഴ്ച ക്ഷേത്രദർശനത്തിന് പോയി വരുന്ന രാഘവേന്ദ്രന്റെയും ദേവനാരായണന്റെയും കാർ ഞങ്ങൾ മനഃപൂർവം അപകടത്തിൽ പെടുത്തി. ആ അപകടത്തിൽ രാഘവേന്ദ്രൻ മരണപെട്ടു. ദേവനാരായനും ഡ്രൈവറും പക്ഷെ രക്ഷപെട്ടു. തിരുവന്മയൂരിൽ കഴിയുന്ന അദേഹത്തിന്റെ കുടുംബത്തെ ഇല്ലാതാക്കാൻ പുറത്തു നിന്നു ഒരു വാടക കൊലയാളിയെ ഏർപ്പാടാക്കിയിരുന്നു. അയാൾ ആ കുടുംബത്തെ നശിപ്പിച്ചു എന്നാണ് ഞങ്ങളോടു പറഞ്ഞത്. ഞങ്ങൾ അവിടെ ചെന്നു തിരക്കിയപ്പോൾ ആ വീട് പൂട്ടികിടക്കുകയായിരുന്നു. പിന്നീടൊരിക്കലും രാഘവേന്ദ്രന്റെ കുടുംബം ഇങ്ങോട്ടേക്കു വരാത്തതും കൂടി ആയപ്പോൾ അവർ മരിച്ചു എന്ന് ഞങ്ങളും ഉറപ്പിച്ചു..രാഘവേന്ദ്രന് ഒരു ഭാര്യയും മകനും ഒക്കെ ഉണ്ടായിരുന്നു എന്ന് ഇവർ പറഞ്ഞത് സത്യം തന്നെയാണ്.. " ശേഖരൻ കുനിഞ്ഞ മുഖത്തോടെ പറഞ്ഞു നിർത്തി.. മാനവേന്ദ്രൻ ദേഷ്യത്തോടെ അയാളുടെ അടുത്തേക്ക് പാഞ്ഞടുത്തു.. അതു കണ്ടു ആര്യൻ അയാളുടെ മുന്നിലേക്ക്‌ കയറി നിന്നു.. " നിങ്ങൾ ആരും ഇത് വിശ്വസിക്കരുത്.. ഇവൻ മാണിക്യമംഗലത്തു കാരുടെ ആളാണ്. ഇവനെ കൊണ്ട് ഇതൊക്കെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പറയിപ്പിക്കുന്നതാണ്.." മാനവേന്ദ്രൻ പറഞ്ഞു.. എന്നാൽ മാനവേന്ദ്രന്റെ സ്വഭാവം അറിയാവുന്ന ആളുകളുടെ മനസ്സിൽ സംശയം തോന്നി തുടങ്ങിയിരുന്നു. നീലാംബരി ദേവി മുന്നോട്ടു വന്നു.

" ഇനി ശേഖരൻ പറയുന്നത് സത്യം ആണെങ്കിൽ തന്നെ വാടക കൊലയാളി രാഘവേട്ടന്റെ കുടുംബത്തെയൊക്കെ കൊന്നില്ലേ? ഈ നിൽക്കുന്ന സ്ത്രീ രാഘവേട്ടന്റെ ഭാര്യയും മഹി അദേഹത്തിന്റെ മകനും ആയിരുന്നെങ്കിൽ പിന്നെ ഇത്ര നാളും അതൊന്നും ആരോടും പറയാതിരുന്നതെന്താ? ഇപ്പോൾ ഈ തിരഞ്ഞെടുപ്പിന്റെ ദിവസം തന്നെ ഇതും പറഞ്ഞു വരേണ്ട കാര്യം എന്താണ്? " " നിങ്ങൾ കൊല്ലാൻ ശ്രമിച്ച രാഘവേന്ദ്രന്റെ കുടുംബം എങ്ങനെ രക്ഷപെട്ടു എന്നാണോ നിങ്ങളുടെ സംശയം.. ആ സംശയത്തിനും ഉള്ള ഉത്തരം ഞാൻ ഇവിടെ കൊണ്ട് വന്നിട്ടുണ്ട്.. " ആര്യൻ പറയുന്നത് കേട്ടു സംശയത്തോടെ നീലാംബരി അവനെ നോക്കി.. ആര്യൻ തന്റെ കൂടെയുള്ള ഒരു പോലീസുകാരനെ കണ്ണുങ്കാണിച്ചപ്പോൾ അയാൾ കുറച്ചു പറയമുള്ള ഒരു മനുഷ്യനുമായി വന്നു.. അയാളെ കണ്ടതും മാനവേന്ദ്രനും ശേഖരനും പ്രേതത്തെ കണ്ടത് പോലെ വിളറി വെളുത്തു.. " എന്താ മനവേന്ദ്ര.. ഓർമ്മയുണ്ടോ നിങ്ങള്ക്ക് ഈ മനുഷ്യനെ? പണ്ട് നിങ്ങള്ക്ക് വേണ്ടി ശേഖരൻ കണ്ടെത്തിയ വാടക കൊലയാളി ദാസൻ.. " മാനവേന്ദ്രൻ അപ്പോഴും ഞെട്ടി നിന്നതേ ഉള്ളു..

അയാൾക്ക്‌ ഒന്നും പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.ശേഖരനും അപ്പോൾ വല്ലാത്ത ഞെട്ടലിൽ ആയിരുന്നു. ദാസന്റെ കണ്ണുകൾ സന്യാസിനി അമ്മയുടെ നേരെ നീണ്ടു. ആ കണ്ണുകളിൽ ഒരു ക്ഷമാപണം ഉണ്ടോ? എന്നാൽ സന്യാസിനി അമ്മയുടെ കണ്ണുകൾ ദാസനോപ്പം മറ്റാരെയോ തിരയുന്നത് പോലെ എനിക്ക് തോന്നി. ആര്യൻ ദാസനു നേരെ തിരിഞ്ഞു.. " ഇവർ തന്നെയല്ലേ അന്ന് നിങ്ങള്ക്ക് ഈ നിൽക്കുന്ന സ്ത്രീയെയും അവരുടെ മകനെയും കൊന്ന് കളയാൻ പൈസ തന്നത്..? " അയാൾ അവരെ എല്ലാം നോക്കി.. പിന്നെ പറഞ്ഞു. " അതേ.. ഇവർ തന്നെയാണ് അന്ന് എനിക്ക് പൈസ തന്നു ഈ സ്ത്രീയെയും അവരുടെ രണ്ടു വയസ്സുള്ള മകനെയും കൊല്ലാൻ എന്നെ ഏല്പിച്ചത്.." താൻ കെട്ടിപ്പൊക്കിയതെല്ലാം തന്റെ മുന്നിൽ തകർന്നു വീഴുന്നത് മാനവേന്ദ്രൻ അറിയുന്നുണ്ടായിരുന്നു.പക്ഷെ ഇത്ര നാളും ആരും അറിയാതെ തങ്ങൾ മൂടി വച്ച ഈ സത്യങ്ങൾ എല്ലാം എങ്ങനെ പുറത്തു വന്നു എന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക്‌ മനസിലാവുന്നുണ്ടായിരുന്നില്ല. തനിക്ക് എവിടെയോ തെറ്റ് പറ്റിയിരുന്നു.. തന്റെ കണക്കു കൂട്ടലുകൾ എവിടെയോ പിഴച്ചിരുന്നു .

" എന്താ മാണവേന്ദ്ര ആലോചിക്കുന്നത്.. തന്റെ കണക്കു കൂട്ടലുകൾ എവിടെയാണ് തെറ്റിയത് എന്നാണോ? " തന്റെ ചിന്തകൾ വായിച്ചറിഞ്ഞത് പോലെയുള്ള ആര്യന്റെ ചോദ്യം കേട്ടപ്പോൾ മാനവേന്ദ്രൻ ഞെട്ടി അവനെ നോക്കി.. " തനിക്കു തെറ്റിയത് ഇവരെ കൊല്ലാനുള്ള ആളെ തിരഞ്ഞെടുത്തപ്പോഴാണ്.. താൻ തിരഞ്ഞെടുത്തത് ഒരു മനസാക്ഷി ഉള്ള ആളെ ആയിപോയി.. പണത്തിനു അത്യാവശ്യം ഉണ്ടെങ്കിലും അതിനു വേണ്ടി കൊല്ലാൻ പോലും തയ്യാറായെന്കിലും ഈ മനുഷ്യന് ഒരു ഹൃദയം ഉണ്ടായിരുന്നു.. കരുണയുള്ള ഒറു ഹൃദയം.. അതാണ് തന്റെ കണക്കുകൂട്ടലുകൾ മുഴുവനും തെറ്റിച്ചത്.. എങ്ങനെയാണ് ഈ അമ്മയും മകനും മരിക്കാതെ രക്ഷപെട്ടത് എന്നും മഹി ഇവിടെ എത്തിയതെന്നും ഇനി ഇയാൾ തന്നെ പറയും.. " " ശേഖരൻ പറഞ്ഞത് അനുസരിച്ചു ഒരു പെണ്ണിനേയും അവരുടെ മകനെയും കൊല്ലാൻ വേണ്ടി തന്നെയാണ് ഞാൻ അവിടെ ചെന്നത്.. പക്ഷെ അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത് ഏകദേശം അഞ്ചു മാസത്തോളം ഗർഭിണി ആയ ഒരു സ്ത്രീയെ ആയിരുന്നു. അവരുടെ വെറും രണ്ടു വയസ്സുള്ള ഒരു മകനെയും..

അപ്പോൾ തന്നെ എനിക്ക് കൊല്ലാൻ മടി തോന്നി. എങ്കിലും വാങ്ങിയ പൈസക്ക് പണി എടുക്കണമെന്ന് തോന്നിയത് കൊണ്ട് മാത്രം ഞാൻ വീണ്ടും ആ പാതകത്തിനു മുതിർന്നു.. ഞാൻവന്നത് അവരെ കൊള്ളനാണെന്നു മനസിലാക്കിയപ്പോൾ അവർ എന്റെ കാലിൽ വീണു കരഞ്ഞു.. അവരുടെ മക്കളുടെ ജീവൻ തിരികെ നൽകണമെന്ന് കരഞ്ഞു അപേക്ഷിച്ചു.. പകരം അവർ എന്ത് വേണമെങ്കിലും ചെയ്യാമെന്നും പറഞ്ഞു..സത്യം പറഞ്ഞാൽ ഇത്രക്കും നിരാലംബരായ അവരെ ഉപദ്രവിക്കാൻ എനിക്കും തീരെ മനസ്സിലായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.ുറച്ചു നേരത്തെ ആലോചനക്ക് ശേഷം ഞാൻ ഒരു തീരുമാനത്തിൽ എത്തി.. വളരെ കാലമായി ഒരു കുഞ്ഞില്ലാത്തതു എന്റെയും എന്റെ ഭാര്യയുടെയും ജീവിതത്തിലെ ഒരു വിഷമം ആയിരുന്നു. ഈ സ്ത്രീയെ രക്ഷപ്പെടുത്തിയാൽ അതിനൊരു പരിഹാരം ആവുമെന്ന് ഞാൻ കരുതി.. ഇവർക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ എനിക്കും എന്റെ ഭാര്യയ്ക്കും വളർത്താൻ തരികയാണെങ്കിൽ ഇവരുടെ മൂന്നാളുടെയും ജീവൻ വിട്ടു നൽകാമെന്നു ഞാൻ അവരോട് പറഞ്ഞു..കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവർ അതു വിഷമത്തോടെയെങ്കിലും സമ്മതിച്ചു..

പകരമായി ചില കാര്യങ്ങൾ കൂടി അവർക്കു ചെയ്ത് കൊടുക്കണം എന്ന് പറഞ്ഞു. " അന്നത്തെ ഓർമയിൽ എന്ന പോലെ അയാളുടെ മിഴികൾ തിളങ്ങി.. " അവരെ കൊല്ലാതെ അവിടെ ഉപേക്ഷിച്ചിട്ട് പോയിട്ട് ഒരു കാര്യവും ഇല്ല എന്ന് എനിക്കറിയാമായിരുന്നു. ഞാൻ അല്ലെങ്കിൽ വേറെ ആരെങ്കിലും അവരെ കൊല്ലുക തന്നെ ചെയ്യും.. അതു ഞാൻ അവരോടു പറഞ്ഞപ്പോൾ അവർ തന്നെയാണ് എന്നോട് അതു പറഞ്ഞത്..അവരുടെ മൂത്ത മകനെ ഇവിടെ കൃഷ്ണപുരത്തു കൊണ്ട് വന്നു മാണിക്യമംഗലത്തെ ദേവനാരായണനെ ഏല്പിക്കുക..തന്റെ കുഞ്ഞു ആരുടേയും അറിവോടെ അല്ലെങ്കിലും അവന്റെ അച്ഛന്റെ നാട്ടിൽ തന്നെ വളർണമെന്ന് അവർ ആഗ്രഹിച്ചു ..അതും വളരെ രഹസ്യമായി.. ഒരിക്കലും തന്റെ മകൻ ആരാണെന്നുള്ള സത്യം ആരും അറിയരുതെന്നു ദേവനാരായണനോട് പ്രത്യേകം പറയണമെന്ന് എന്നോട് പറഞ്ഞിരുന്നു. ദേവനാരായണൻ അവനെ നല്ലത് പോലെ നോക്കുമെന്ന് ഇവർക്ക് അറിയാമായിരുന്നു. ഞാൻ അവർ പറഞ്ഞത് പോലെ ചെയ്തു.. അദ്ദേഹം സന്തോഷത്തോടെ ആ കുട്ടിയെ ഏറ്റെടുത്തു.. അദ്ദേഹത്തോടൊപ്പം നിർത്തി..അന്നിവിടുന്നു പോയതിൽ പിന്നെ ഇന്നാണ് ഞാൻ ഈ നാട്ടിലേക്കു വരുന്നത്.. "

" അപ്പോൾ പിന്നെ ഈ അമ്മയും അവരുടെ വയറ്റിലുണ്ടയിടുന്ന കുഞ്ഞുമോ? " വിഷ്ണു ദത്തൻ ചോദിച്ചു.. " അവർ താമസിച്ചിരുന്ന വീട് പൂട്ടി ഞാൻ അവരെ എന്നോടൊപ്പം കൊണ്ട് പോയി.. അമ്മയെയും മക്കളെയും മറ്റൊരു നാട്ടിൽ കൊണ്ട് പോയി കൊന്നു കളഞ്ഞു എന്ന് ഞാൻ ഇവരെ അറിയിച്ചു..എന്റെയും ഭാര്യയുടെയും ഒപ്പം താമസിക്കുമ്പോഴാണ് ഇവർ ഒരു ആൺകുഞ്ഞിന് കൂടി ജന്മം നൽകിയത്. എന്നോട് പറഞ്ഞ വാക്ക് പാലിക്കാനായി ആ കുഞ്ഞിനെ അവർ ഞങ്ങൾക്ക് നൽകി..എന്നിട്ട് എങ്ങോട്ടെന്ന് പോലും പറയാതെ എങ്ങോട്ടേക്കോ പോയി.. പിന്നെ ദേവികയെ ഞാൻ കാണുന്നത് ഇന്ന് ഇവിടെ വച്ചാണ്.. " അയാൾ നിറകണ്ണുകളോടെ കൈ കൂപ്പി കൊണ്ടി സന്യാസിനി അമ്മയെ നോക്കി.. " അപ്പോൾ ആ കുഞ്ഞോ? അവൻ എവിടെ? നിങ്ങളോടൊപ്പം ഉണ്ടോ?" ഇത്രയും നേരം മൗനമായി എല്ലാം കേട്ടു കൊണ്ടിരുന്ന സൂര്യട്ടനാണ് അതു ചോദിച്ചത്.. സന്യാസിനി അമ്മ അടക്കം എല്ലാവരും അതിന്റെ മറുപടി കേൾക്കാൻ കാത്തു നിൽക്കുകയായിരുന്നു........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story