സൂര്യപാർവണം: ഭാഗം 32

surya parvanam

രചന: നിള നിരഞ്ജൻ

അപ്പോൾ ആ കുഞ്ഞോ? അവൻ എവിടെ? നിങ്ങളോടൊപ്പം ഉണ്ടോ?" ഇത്രയും നേരം മൗനമായി എല്ലാം കേട്ടു കൊണ്ടിരുന്ന സൂര്യട്ടനാണ് അതു ചോദിച്ചത്.. സന്യാസിനി അമ്മ അടക്കം എല്ലാവരും അതിന്റെ മറുപടി കേൾക്കാൻ കാത്തു നിൽക്കുകയായിരുന്നു. ആ ചോദ്യം കേൾക്കെ ദാസന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.. " അവൻ വന്നതിൽ പിന്നെ എന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. പണത്തിനു വേണ്ടി തല്ലുകയും കൊല്ലുകയും ഒക്കെ ചെയ്യുന്നത് ഞാൻ നിർത്തി. എന്നെ കൊണ്ട് പറ്റുന്ന പോലെ വേറെ പണികൾക്കൊക്കെ പോകാൻ തുടങ്ങി. അതൊടെ എന്റെ ഭാര്യക്കും സന്തോഷമായി. അവനാണ് ഞങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളുടെയും ഐശ്വര്യങ്ങളുടെയും കാരണക്കാരൻ.. എന്നെ ഒരു നല്ല മനുഷ്യനാക്കി മാറ്റിയത് അവനാണ്.എന്നെ കൊണ്ട് പറ്റാവുന്നത് പോലെ ഒക്കെ അവനെ ഞാൻ പഠിപ്പിച്ചു, വലുതാക്കി, ഇപ്പോൾ നല്ല നിലയിൽ ഒരു ജോലിയൊക്കെ ആയി അവനു.." ഒരുപാട് അഭിമാനത്തോടെ ദാസൻ അതു പറഞ്ഞപ്പോൾ സൂര്യേട്ടന്റെയും സന്യാസിനി അമ്മയുടെയും മുഖത്തും സന്തോഷം ആയിരുന്നു. അമ്മ എന്തോ ചോദിക്കാൻ തുടങ്ങിയതും നീലാംബരി അമ്മ ഇടയ്ക്ക് കയറി.. " ഓഹോ.. ആദ്യം ഒരു മകനെ ഉണ്ടായിരുന്നുള്ളു..

ഇപ്പോൾ പറഞ്ഞു വന്നു രാഘവേട്ടന് രണ്ടു മക്കൾ ആയോ? കുറച്ചു കഴിയുമ്പോൾ ഇനിയും എണ്ണം കൂടുമോ? ഇങ്ങനെ വരുന്നവരും പോകുന്നവരും പറഞ്ഞത് കേട്ടു ഇവരെയൊന്നും അംഗീകരിക്കാൻ പറ്റില്ല.. അല്ലെങ്കിലും ഇത്രയും കാലം ഇവർ എവിടെയായിരുന്നു? ഞങ്ങൾ കൊല്ലാൻ ശ്രമിച്ചു എന്നാണെങ്കിൽ ഇവർക്ക് പോലീസിനെ സമീപിക്കാമായിരുന്നല്ലോ? ഇതിപ്പോ ഈ സമയത്തു വന്നത് തന്നെ ദുരുദ്ദേശം ആണ്.. " അധികാരസ്ഥാനത്തിന് വേണ്ടിയാണ് ഇപ്പോൾ ഈ സത്യങ്ങളെല്ലാം ഞങ്ങൾ പറയുന്നതെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നു മനസിലാക്കി ഞാൻ മുന്നിലേക്ക് വന്നു.. " ഇത്രയും നാൾ എന്ത് കൊണ്ടാണ് സന്യാസിനി അമ്മ നിങ്ങളുടെ മുന്നിൽ വരാഞ്ഞതെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു.. അമ്മയുടെയും മകന്റെയും ജീവനെ പേടിച്ചു.. കൽപകശ്ശേരിക്കു വേറെ അവകാശികൾ ഉണ്ടെന്നു അറിഞ്ഞാൽ ഏതു വിധേനയും നിങ്ങൾ അവരെ ഇല്ലാതാക്കാൻ ശ്രമിക്കുമെന്ന് അവർക്കു അറിയാമായിരുന്നു. അതു കൊണ്ടാണ് അമ്മ ഇത്ര നാളും ഒന്നും പറയാതെ ഇരുന്നത്.. നിങ്ങളാണ് അവരെ കൊല്ലാൻ ശ്രമിച്ചതെന്നു മനസിലാക്കി അവർ നിങ്ങളുടെ അടുത്തു തന്നെ അഭയം ചോദിച്ചു വരുമോ? പിന്നെ പോലീസിന്റെ അടുത്തു പോകുന്ന കാര്യം..

വിനുവേട്ടനെ കൊന്നത് നിങ്ങളുടെ ഭർത്താവാണെന്നു ഉറപ്പായിട്ടും മറ്റൊരാളെ നിയമത്തിനു മുന്നിൽ എരിഞ്ഞു കൊടുത്തു അയാൾ ഇവിടെ നിൽക്കുന്നില്ലേ? അതു പോലെ അമ്മയുടെ ആരോപണങ്ങളിൽ നിന്നും നിങ്ങൾ രക്ഷപെടും.. " ഞാൻ ഒരു ക്ഷമാപണ നോട്ടം ആര്യനു നേരെ എറിഞ്ഞു കൊണ്ട് പറഞ്ഞു.. ആര്യൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാൻ തുടർന്നു " പിന്നെ.. നിങ്ങൾ പറഞ്ഞില്ലേ ഞങ്ങൾ കള്ള തെളിവുകൾ ഉണ്ടാക്കിയതാണെന്ന്.. നിങ്ങൾ കൽപകശ്ശേരിയുടെ സർവ്വധിക്കാരി ആണെന്ന് തെളിയിക്കാൻ ഉണ്ടാക്കിയിട്ടിരിക്കുന്ന ഒരു ഡ്യൂപ്ലിക്കേറ്റ് സാധനത്തിന്റെ ഒറിജിനൽ വേണമെങ്കിൽ ഞാൻ ഇപ്പോൾ കാണിച്ചു തരാം.. " ഞാൻ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവർ ഒന്നും മനസിലാവാതെ എന്നെ നോക്കി..ഞാൻ എന്റെ ഫുൾ സ്ലീവ് ചുരിദാറിന്റെ കൈ മെല്ലെ ഉയർത്തി എന്റെ വലത്തേ കയ്യിൽ കിടന്നിരുന്ന വള അവർക്കു കാണിച്ചു കൊടുത്തു.. അവരുടെ മുഖം വിവർണമാകുന്നതും അവരുടെ നോട്ടം അവരുടെ കയ്യിൽ കിടക്കുന്ന എന്റെതു പോലെ തന്നെയുള്ള വളയിലേക്ക് നീളുന്നതും ഞാൻ കണ്ടു.. " ആഹാ.. നീലാംബരി ദേവിക്കും ഉണ്ടല്ലോ എന്റേത് പോലെ തന്നെ ഉള്ള ഒരു വള? പക്ഷെ എന്റെ അറിവിൽ കല്പകശ്ശേരി തറവാട്ടിൽ ഇത് പോലെ ആകെ ഒരു വളയെ ഉണ്ടായിരുന്നുള്ളു.. പിന്നെ എങ്ങനെയാണ് ഇപ്പോൾ നമുക്ക് രണ്ടു പേർക്കും കിട്ടിയത്? " നീലാംബരി അമ്മ എനിക്ക് നേരെ കത്തുന്ന ഒരു നോട്ടം എറിഞ്ഞു..

ബാക്കി ഉള്ളവർ ഒന്നും മനസിലാകാതെ നിൽക്കുന്നത് കണ്ടു ഞാൻ വിശദീകരിച്ചു.. " ഈ വള പാരമ്പര്യമായി കല്പകശ്ശേരിയിലെ മൂത്ത മരുമക്കൾക്ക് കല്യാണസമയത്തു കൈ മാറി വരുന്ന വളയാണ്.. മരിക്കുന്നതിന് മുന്നേ രാഘവേന്ദ്രന്റെയും മാനവേന്ദ്രന്റെയും അമ്മ തന്റെ മൂത്ത മകനായ രാഘവേന്ദ്രനെ ഇത് ഏല്പിച്ചു.. അദേഹത്തിന്റെ ഭാര്യക്ക് കൊടുക്കാനായി.. ആരും അറിയാതെ ആണെന്കിലും താൻ കല്യാണം കഴിച്ചപ്പോൾ തന്റെ അമ്മ പറഞ്ഞത് പോലെ അദ്ദേഹം ഈ വള അമ്മക്ക് കൊടുത്തു. അമ്മയുടെ മൂത്ത മകനായ സൂര്യേട്ടന്റെ കല്യാണം ആയപ്പോൾ അമ്മ അതു എനിക്ക് തന്നു.. അങ്ങനെ അതു എന്റെ കൈവശം എത്തി.. പക്ഷെ ഇപ്പോഴത്തെ ചോദ്യം ഇത് പോലത്തെ തന്നെ ഒരു വള എങ്ങനെ നീലാംബരി ദേവിയുടെ കയ്യിൽ വന്നു എന്നതാണ്.. " അവർ ഒന്നും മിണ്ടിയില്ല.. " ഞാൻ തന്നെ പറയാം.. മാനവേന്ദ്രനെ കല്യാണം കഴിച്ചു കൽപകശ്ശേരിയുടെ സർവ്വധിക്കാരിയായി വനാപ്പോഴാണ് ഈ വള നഷ്ടപ്പെട്ടു എന്ന് അവർക്കു മനസിലായത്.കൽപകശ്ശേരിയിലെ മരുമകളുടെ അധികാരത്തിന്റെ ചിഹ്‌നമായ ഇത് വേണ്ടാന്ന് വയ്ക്കാൻ അവർക്കു കഴിയുമായിരുന്നില്ല. അതു കൊണ്ട് തന്നെ അവർ ഇത് പോലെ തന്നെ ഒരെണ്ണം പറഞ്ഞു പണിയിച്ചു കയ്യിലിട്ടു.

രാഘവേന്ദ്രന്റെ ഭാര്യയെ പറ്റി ആർക്കും അറിയില്ലാത്ത കൊണ്ട് ആർക്കും സംശയവും തോന്നിയില്ല.. അല്ലേ നീലാംബരി ദേവി? " " അല്ല.. എന്റെ കയ്യിലുള്ളതാണ് യഥാർത്ഥ കല്പകശ്ശേരിയിലെ വള.. നീയാണ് കള്ളം പറയുന്നത്.. " ഞാൻ ഒന്ന് ചിരിച്ചു.. " അങ്ങനെയാണെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ ഒരു തട്ടനെ വിളിച്ചു കൊണ്ട് വരാം.. ഇതിൽ ഏതാണ് പഴക്കമുള്ളതെന്നു അയാൾ തന്നെ പറയട്ടെ.. എന്താ? " അതിനു അവർക്കു മറുപടി ഇല്ലായിരുന്നു. ഒരു തട്ടാൻ വന്നാൽ എന്റെ കയ്യിൽ കിടക്കുന്നതാണ് യഥാർത്ഥ വളയെന്നു എല്ലാവരുടെയും മുന്നിൽ വിളിച്ചു പറയുമെന്ന് അവർക്കു അറിയാമായിരുന്നു. ഇനിയും ഇത് ഇങ്ങനെ തന്നെ നീട്ടി കൊണ്ട് പോയാൽ ശരിയാവില്ലയെന്നു നീലാംബരിക്കും തോന്നി. ഇപ്പോൾ തന്നെ ആളുകൾക്കെല്ലാം അവരുടെ കഥയിൽ വിശ്വാസം വന്നിട്ടുണ്.ഇനി ഇന്ദ്രേട്ടന് പകരം മഹി മത്സരിക്കണമെന്ന് പറഞ്ഞാൽ ആൾക്കാർ അതു അംഗീകരിക്കും.. അവൻ തന്നെ പഞ്ചായത്തിന്റെ അധ്യക്ഷൻ ആവുകയും ചെയ്യും. തങ്ങൾ ഇത്ര നാളും ചെയ്തതൊക്കെ വെള്ളത്തിൽ ആവും. തത്കാലം എല്ലാവരുടെയും ശ്രദ്ധ തിരിക്കണം.. " ഇതൊക്കെ വെറും കള്ളം മാത്രമാണ്.. നിങ്ങൾ ഈ പറയുന്നത് കൊണ്ടൊന്നും ഇവരെയും മഹിയെയും കല്പകശ്ശേരിയിലെ അംഗങ്ങളായി അംഗീകരിക്കാൻ ഞങ്ങൾ തയ്യാർ ആയില്ലെങ്കിലോ? "

" അതിനു നിങ്ങളുടെ സമ്മതം ആർക്കാണ് വേണ്ടത്.. സൂര്യേട്ടൻ രാഘവേന്ദ്രന്റെ മകൻ ആണ്.. അതു കൊണ്ട് തന്നെ കല്പകശ്ശേരിയിലെ അംഗവും.." ഞാനും ഉറപ്പിച്ചു തന്നെ പറഞ്ഞു.അതോടെ അവിടെ ഒരു വക്താർക്കത്തിനുള്ള വഴി തെളിഞ്ഞു.. മാനവേന്ദ്രനും നീലാംബരിയും സൂര്യേട്ടനെയും അനിയനെയും സന്യാസിനി അമ്മയെയും അംഗീകരിക്കില്ല എന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞു. എന്നാൽ തെളിവുകൾ എല്ലാം അവർക്കു അനുകൂലം ആണെന്നും അതു കൊണ്ട് തന്നെ അവരെ അംഗീകരിക്കാതെ നിവർത്തിയില്ലായെന്നു ഞാനും വിഷ്ണുവേട്ടനും ഉറപ്പിച്ചു തന്നെ പറഞ്ഞു.. അതോടെ അതിന്റെ തീരുമാനം പഞ്ചായത്തിലെ അംഗങ്ങൾക്ക് വിട്ടു.. ഞങ്ങൾ അവിടെ കൊണ്ട് വന്ന തെളിവുകൾ എല്ലാം കണ്ടിട്ടും കേട്ടിട്ടും പഞ്ചായത്ത് അംഗങ്ങൾ എന്ത് തീരുമാനിക്കുന്നോ അതു പോലെ ചെയ്യാം എന്ന് തീരുമാനം ആയി.അവർ എല്ലാവരും പല വിധ അഭിപ്രായങ്ങളുമായി നിന്നു.. ഒടുവിൽ ഭൂരിഭാഗം തീരുമാനത്തിന് വിട്ടു കൊടുക്കാം എന്ന രീതിയിൽ അവിടെ ചർച്ച ആയി.അവരുടെ തീരുമാനം വരുന്നത് വരെ ഞങ്ങൾ എല്ലാവരും കൂടി മാറി നിൽക്കാൻ തുടങ്ങുമ്പോഴാണ് ഇന്ദ്രജിത് വിളിച്ചത്.. " അതേ.. തോൽക്കുമെന്ന് ഉറപ്പായ അവസാന നിമിഷത്തിൽ നിങ്ങൾ കൊണ്ട് വന്ന ട്വിസ്റ്റ്‌ കൊള്ളാം..

മഹിയും ഈ തള്ളയും നിങ്ങൾ പറയുന്നത് പോലെ ചിലപ്പോൾ ഞങ്ങളുടെ ചോര തന്നെ ആയിരിക്കും.. എന്നാലും അതു അംഗീകരിച്ചു ഞങ്ങളുടെ സ്വത്തുക്കളും അവകാശങ്ങളും എല്ലാം അവർക്കു കൂടി വീതിച്ചു കൊടുക്കാനൊന്നും തത്കാലം ഞങ്ങൾക്ക് മനസില്ല. ഈ ബഹളത്തിനിടക്ക് നിങ്ങൾ മറന്നു പോയ ഒരു കാര്യം ഉണ്ടു.. നിങ്ങളുടെ ദേവൂന്റെ കാര്യം.. അവൾ ഇപ്പോഴും ഞങ്ങളുടെ കസ്റ്റഡിയിൽ തന്നെ ആണെന്ന കാര്യം മറന്നു പോകരുത്.. അതു കൊണ്ട് പഞ്ചായതും വേണ്ട..സ്വത്തുക്കളും വേണ്ട.. ഈ നാടും പോലും വേണ്ട എന്ന് തീരുമാനിച്ചു ഇവിടുന്നു ഇപ്പോൾ പോയാൽ അവളുടെ ജീവൻ കിട്ടും.. " മഹിയുടെയും വിഷ്ണുവിന്റെയും മുഖം ഇരുണ്ടു..മാനവേന്ദ്രന്റെയും നീലാംബരിയുടെയും മുഖം പിന്നെയും തെളിഞ്ഞു.. തങ്ങൾക്കു ഇപ്പോഴും ഒരു പിടി വള്ളി ഉണ്ട് എന്ന ചിന്ത അവരെ വല്ലാതെ സന്തോഷിപ്പിച്ചു. പക്ഷെ അപ്പോഴും ആര്യന്റെയും എന്റെയും മുഖത്ത് ചിരി ആയിരുന്നു. " ആണോ.. ഇന്ദ്രജിത്.. നീ നിന്റെ ആളുകളെ വിളിച്ചു ഒന്ന് ചോദിച്ചേ.. വിഷ്ണു ദത്തന്റെ സഹോദരി ദേവനന്ദ ഇപ്പോഴും അവരുടെ കസ്റ്റഡിയിൽ ഉണ്ടോ എന്ന്? " ഇന്ദ്രജിത് സംശയത്തോടെ ആര്യനെ നോക്കി. പിന്നെ തന്റെ ഫോൺ എടുത്തു ആരെയൊക്കെയോ വിളിക്കാൻ നോക്കുന്നത് കണ്ടു..

ആരെയും കിട്ടാത്തത് കൊണ്ടോ എന്തോ അവന്റെ മുഖത്ത് ദേഷ്യവും ആസ്വസ്ഥതയും ഒക്കെ പടരുന്നുണ്ടായിരുന്നു. കുറച്ചു നേരം അവന്റെ കാട്ടികൂട്ടലുകൾ ആര്യൻ നോക്കി നിന്നു. " എന്ത് പറ്റി കല്പകശ്ശേരി ഇന്ദ്രജിത്.. നീ വിളിച്ചവരെ ആരെയും കിട്ടുന്നില്ലേ? എങ്ങനെ കിട്ടാനാ.. അവന്മാർ ഇപ്പോൾ കിഡ്നാപ്പിംഗ് കേസിൽ പോലീസ് കസ്റ്റഡിയിൽ അല്ലേ? പിന്നെങ്ങനെ നീ വിളിക്കുമ്പോൾ ഫോൺ എടുക്കും.. " ആര്യൻ കൈ താടിക്ക് വച്ചു ആലോചിക്കുന്നത് പോലെ പറഞ്ഞു.ഞാൻ ഒഴികെ എല്ലാവരും ഞെട്ടലോടെ ആര്യനെ നോക്കുന്നത് കണ്ടു.. സൂര്യേട്ടന്റെ മുഖത്തും ഉണ്ടായിരുന്നു ഒരു ഗൂഢസ്മിതം.. " നിനക്ക് മനസിലായില്ലേ ഇന്ദ്രജിത്തേ? നീ ആളുകളെ വിട്ടു കിഡ്നാപ് ചെയ്യിപ്പിച്ചു വച്ചിരുന്ന ദേവനന്ദ ഇപ്പോൾ സുരക്ഷിതയായി എന്റെ പോലീസുകാർക്കൊപ്പം ഉണ്ട്. നിന്റെ ആളുകൾ അവരുടെ കാസ്റ്റഡിയിലും.. വിഷ്ണു. ദത്ത.. ഇനി താൻ ഇവരുടെ ഭീഷണി കേട്ടു പേടിക്കുകയൊന്നുക് വേണ്ട.. തന്റെ പെങ്ങൾ സേഫ് ആണ്. " വിഷ്ണുവിന്റെ മുഖം വിടർന്നു.. അവൻ ഗായത്രിയെ നോക്കിയപ്പോൾ ആ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.. " സാർ.. എനിക്കൊന്നു സംസാരിക്കാൻ പറ്റുമോ ദേവൂട്ടിയുടെ അടുത്തു? " ആര്യൻ തലയാട്ടി സമ്മതിച്ചു. പിന്നെ തന്റെ കൂട്ടാളികളിൽ ആരെയോ വിളിച്ചു ദേവൂന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. തന്റെ ഫോൺ വിഷ്ണുവിനും കൊടുത്തു. തന്റെ പെങ്ങൾക്ക് കുഴപ്പമില്ല എന്നറിഞ്ഞതും വിഷ്ണു ദത്തന്റെ എല്ലാ ആശങ്കകളും വിട്ടൊഴിഞ്ഞു .

ഫോൺ വച്ചു കഴിഞ്ഞു അവൻ മഹിയെയും കാശിയെയും നോക്കി ഒന്നുമില്ലയെന്നു കണ്ണ് കൊണ്ട് കാണിച്ചു. പിന്നെ ഇന്ദ്രജിത്തിന് അടുത്തേക്ക് വന്നു.. " ഡാ.. ആണുങ്ങൾ ആയാൽ നേർക്കു നേരെ നിന്നു പൊരുതാനുള്ള ധൈര്യം കാണിക്കണം.. അല്ലാതെ ഇത് പോലെ ഒളിഞ്ഞിരുന്നു പിറകിൽ നിന്നു കുത്തി ആവരുത് എന്തെങ്കിലും നേടുന്നത്. അതൊരിക്കലും ശാശ്വതം ആവില്ല.അതിന്റെ തെളിവാണ് ഈ കാണുന്നതൊക്കെ. ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ടാണ് രക്ഷകനായി ദൈവം ആൾക്കാരെ എപ്പോഴും അയയ്ക്കുന്നത്. ഇനിയിപ്പോൾ ഈ നാട്ടിൽ നിന്നും ആരാണ് പോകേണ്ടി വരുന്നതെന്നൊക്കെ ഞാൻ കാണിച്ചു തരാം " അന്ത്യശാസനം പോലെ വിഷ്ണു ദത്തൻ അതു പറഞ്ഞപ്പോൾ തന്നെ അവർക്കും മനസ്സിലായിരുന്നു എല്ലാം കൈ വിട്ടു പോയി എന്ന്. ഇനി ഒരിക്കലും രക്ഷപെട്ടു വരാൻ കഴിയാത്തത് പോലെ തങ്ങൾ വീണു പോയിരിക്കുന്നു എന്ന്.. " ഞങ്ങൾ ഞങ്ങളുടെ തീരുമാനത്തിൽ എത്തി കഴിഞ്ഞിരിക്കുന്നു.." അപ്പോഴേക്കും പഞ്ചായത്ത് അംഗങ്ങളുടെ വിളി വന്നു..

എല്ലാവരും അതു കേൾക്കാനായി കാതോർത്തു നിന്നു.. " ഇവിടെ ഞങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങളിൽ നിന്നു കല്പകശ്ശേരിയിലെ രാഘവേന്ദ്രന്റെ മകൻ തന്നെയാണ് സൂര്യാമഹാദേവൻ എന്ന് വ്ശ്വസിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. അതു കൊണ്ട് തന്നെ മഹിക്ക് താല്പര്യമെങ്കിൽ ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാനവേന്ദ്രന് എതിരായി മത്സരിക്കാൻ സാധിക്കും.. " " എനിക്ക് താല്പര്യമില്ല.. " സൂര്യേട്ടന്റെ ഉറച്ച ശബ്ദം കേട്ടു എല്ലാവരും ഏട്ടനെ നോക്കി.. " എനിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു താല്പര്യവുമില്ല. അധ്യക്ഷൻ ആവാനും താല്പര്യമില്ല. നിങ്ങളെ ഒക്കെ പോലെ തന്നെ ഞാൻ കല്പകശ്ശേരിയിലെ ഒരു അംഗം ആണെന്ന് അറിയുന്നത് തന്നെ ഇപ്പോഴാണ്. ഇത് വരെ അതു അംഗീകരിക്കാൻ പോലും എന്റെ മനസ്സ് തയ്യാറായിട്ടില്ല. എനിക്ക് എന്നും വിഷ്ണുവേട്ടന്റെ മഹി ആയാൽ മതി.. മാണിക്യമംഗലത്തെ സൂര്യമഹാദേവൻ.. ഈ നാട്ടുകാരുടെയെല്ലാം മഹി. വിഷ്ണുവേട്ടന്റെ കൂടെ നടന്നാൽ മതി. " " പക്ഷെ വിഷ്ണു ദത്തൻ മത്സരിക്കുന്നില്ല എന്നാണല്ലോ പറഞ്ഞത്? " പഞ്ചായത്തിലെ ഒരാൾ ചോദിച്ചു. "അതു മാണിക്യമംഗലത്തെ ദേവൂട്ടിയെ ഈ ഇന്ദ്രജിത് തട്ടിക്കൊണ്ടു പോയി അവളെ വച്ചു വില പേശി വിഷ്ണുവേട്ടനെ കൊണ്ട് നിർബന്ധിച്ചു പറയിപ്പിച്ചതാണ്. നേർക്കു നേരെ മത്സരിച്ചാൽ തോൽക്കുമെന്ന് ഉറപ്പായ കല്പക്ശ്ശേരിക്കാർ അധികാരത്തിനായി കാണിച്ച അധിക ബുദ്ധി..."

മഹി പറയുന്നത് കേട്ടു എല്ലാവരും ദേഷ്യത്തോടെ ഇന്ദ്രജിത്തിനെ നോക്കിയതും അവൻ തല കുനിച്ചു നിന്നു. " ഇപ്പോൾ ആ പ്രശ്നങ്ങൾ എല്ലാം അകന്നു കഴിഞ്ഞു. ഇനി വിഷ്ണുവേട്ടൻ തന്നെ മത്സരിക്കും. ഏട്ടനെ പോലെ ഈ നാടിനെ നയിക്കാൻ മറ്റൊരാളും ഇല്ല.. ഞാൻ ഒട്ടും ഇല്ല." അതും പറഞ്ഞു സൂര്യേട്ടൻ കാശ്യേട്ടനെ ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസിലായ പോലെ കാശിയേട്ടൻ മെല്ലെ ഒന്ന് തലയാട്ടുന്നത് ഞാൻ കണ്ടു. സൂര്യേട്ടൻ മറ്റാരെയും നോക്കാതെ പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങി പോവുകയും ചെയ്തു. ഞാൻ ആ പോക്കും നോക്കി വ്യാകുലതയോടെ നിന്നു. പക്ഷെ ഇപ്പോൾ സൂര്യേട്ടന് കുറച്ചു സമയം തനിച്ചിരിക്കണം എന്നറിയാവുന്നത് കൊണ്ട് ഞാൻ പിറകെ പോയില്ല.പിന്നീട് പഞ്ചായത്തിലെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. വിഷ്ണുവേട്ടൻ തന്നെ അടുത്ത അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. തങ്ങളെ അപമാനിച്ച സഭയിൽ ഇറുക്കുന്നില്ലയെന്നു പറഞ്ഞു മാനവേന്ദ്രനും കൂട്ടരും പോകാൻ തുടങ്ങിയെങ്കിലും കിഡ്നാപ്പിങ്ങും കൊലപാതകവും വധശ്രമവും ഉൾപ്പടെയുള്ള കേസുകളിൽ അവരെ ആര്യൻ അങ്ങ് കൊണ്ട് പോയി. പോകുമ്പോൾ കുറച്ചു നാളത്തേക്കെങ്കിലും ഇനി അവരുടെ ശല്യം ഉണ്ടാവില്ലയെന്നു ആര്യൻ ഉറപ്പു തന്നിരുന്നു. ദേവൂനെ അധികം വൈകാതെ തന്നെ ഇങ്ങു എത്തിച്ചേക്കാമെന്നും പറഞ്ഞു.

എല്ലാം കലങ്ങി തെളിഞ്ഞതിൽ എല്ലാവരും സന്തോഷിച്ചപ്പോഴും എന്റെ നെഞ്ചിൽ മാത്രം സൂര്യേട്ടനെ കുറിച്ചുള്ള ആധി ആയിരുന്നു. സന്യാസിനി അമ്മയ്ക്കും അതേ വിഷമം ഉണ്ടെന്നു തോന്നി. അമ്മയാണെന്നു അറിയുമ്പോൾ ഓടി വരും എന്ന് ഒരുപക്ഷെ ആ അമ്മ കരുതിയിട്ടുണ്ടാവാം. അന്ന് വൈകിട്ടയിട്ടും ഏട്ടനെ കാണാതെ വന്നപ്പോൾ ഞാൻ കാശ്യേട്ടനെ വിളിച്ചു എന്നെ ഒരു സ്ഥലത്തു കൊണ്ട് വന്നു വിടാൻ പറഞ്ഞു. എല്ലാം അറിയുന്ന കാശിയേട്ടൻ ഒന്നും പറയാതെ വണ്ടിയുമായി വന്നു എന്നെ പറഞ്ഞ സ്ഥലത്തു കൊണ്ട് വന്നാക്കി തിരിച്ചു പോയി. സൂര്യേട്ടന്റെ പറമ്പിനുള്ളിലെ ഒറ്റ നില വീട്ടിൽ ലൈറ്റ് കണ്ടപ്പോഴേ മനസിലായി എന്റെ ഊഹം തെറ്റിയിട്ടില്ല എന്ന്. വാതിൽ തുറന്നു കിടക്കയായിരുന്നു. അകത്തെ കട്ടിലിൽ നെറ്റിയിൽ കൈ വച്ചു കിടക്കയാണ് സൂര്യേട്ടൻ. അടുത്തു ചെന്നു തോളിൽ കൈ വച്ചപ്പോൾ കണ്ണ് തുറന്നു നോക്കി. എന്നെ കണ്ടതും പതിയെ എണീറ്റിരുന്നു.ഞാനും അടുത്തിരുന്നു ആ കൈ എടുത്തു പിടിച്ചു. അപ്പോഴും എന്നോട് ഒന്നും മിണ്ടിയില്ല.. " ദേഷ്യമാണോ എന്നോട്.. ഒന്നും പറയാതെ ഇരുന്നതിൽ? " കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു.. സൂര്യേട്ടൻ മെല്ലെ തലയാട്ടി.. " അറിയില്ല..ദേഷ്യമല്ല.. എനിക്ക് തന്നെ അറിയില്ല പാറു ഇപ്പോൾ എനിക്ക് എന്താണ് തോന്നുന്നതെന്നു.. "

" ഞാൻ മനഃപൂർവം ഒന്നും മറച്ചു വച്ചതല്ല.. ഞാൻ ഇന്നലെ പറഞ്ഞില്ലേ ഈ തിരഞ്ഞെടുപ്പ് എല്ലാം കഴിയുമ്പോൾ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടെന്നു.. അതു ഇതായിരുന്നു. എല്ലാ തിരക്കും ഒഴിഞ്ഞു സമാധാനമായി പറയാം എന്ന് കരുതിയിരുന്നപ്പോഴാണ് ഇന്ന് അവരെ ദേവൂനെ.സൂര്യേട്ടൻ ഇന്നലെ പറഞ്ഞത് പോലെ ഫോണിലൂടെ ഏട്ടന്റെ മെസ്സേജ് വന്നപ്പോൾ തന്നെ ഞാൻ ആര്യനെ വിളിച്ചു.. ആര്യനാണ് പറഞ്ഞത് കുറച്ചു സമയം എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പ് മാറ്റി വപ്പിച്ചാൽ ദേവൂനെ ആ സമയത്തിനുള്ളിൽ കണ്ടെത്താം എന്ന്.. അപ്പോൾ എല്ലാവരുടെയും ശ്രദ്ധ തിരിക്കാൻ ഇതെല്ലാം വിളിച്ചു പറയുക എന്നല്ലാതെ മറ്റൊരു മാർഗം ഞാൻ കണ്ടില്ല.. അതു കൊണ്ടാണ്.. " ക്ഷമാപണം പോലെ ഞാൻ പറഞ്ഞു.. " എനിക്കറിയില്ല പാറു.. എനിക്ക് ഒന്നും അംഗീകരിക്കാൻ പറ്റുന്നില്ല. ആരെയും ഉൾകൊള്ളാൻ പറ്റുന്നില്ല..എനിക്ക് ഇതൊന്നും വേണ്ട മോളെ.. എനിക്ക് പഴയ മഹി തന്നെ ആയാൽ മതീ.. നിന്റെ മാത്രം സൂര്യേട്ടൻ ആയാൽ മതി.. കൊച്ചു കുട്ടികളെ പോലെ അതു പറഞ്ഞു കൊണ്ട് സൂര്യേട്ടൻ എന്റെ മടിയിലേക്കു കിടന്നു..

ഞാൻ പതിയെ ആ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു..കുറച്ചു കഴിഞ്ഞു ഏട്ടൻ മടിയിൽ കിടന്നു കൊണ്ട് തന്നെ എന്നെ നോക്കി.. " നീയെന്താ ഒന്നും മിണ്ടാതെ?നിനക്ക് എന്നെ മനസിലാക്കാൻ പറ്റുന്നില്ലേ മോളെ? " "ഏട്ടന്റെ മാനസികാവസ്ഥ എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട്.. പക്ഷെ അതു പോലെ തന്നെ അല്ലെങ്കിൽ അതിലും ഉപരി ഒരു പാവം അമ്മയുടെ അവസ്ഥയും എന്നെ വേദനിപ്പിക്കുന്നുണ്ട്...ഏട്ടന്റെ അമ്മയുടെ.. അല്ല നമ്മുടെ അമ്മയുടെ.." ഏട്ടൻ എന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു.അതു കൊണ്ട് ഞാൻ തുടർന്നു .. "ഇത്ര കാലവും ആ പാവം അമ്മ അനുഭവിച്ചതൊക്കെ ഒന്ന് ആലോചിച്ചു നോക്കു.. ഭർത്താവ് നഷ്ടപ്പെട്ടു.. വീടും നാടും വിട്ടു പോകേണ്ടി വന്നു. സഹായത്തിനോ സംരക്ഷണത്തിനോ ആരും ഇല്ലാത്ത അവസ്ഥ.രണ്ടു വയസ്സുള്ള മകനെ കണ്ണെത്താ ദൂരത്തേക്ക് പറഞ്ഞയക്കേണ്ടി വന്നു. പിന്നീട് പ്രസവിച്ച മകനെ ഉടനെ തന്നെ മറ്റൊരാൾക്ക്‌ കൊടുത്തു ദൂരേക്ക് പോകേണ്ടി വന്നു. ഇനിയൊരിക്കലും അവനെ ഒന്ന് കാണാൻ കൂടി കഴിയില്ല എന്ന ചിന്തയോടെ..

പിന്നീട് കുറെ കാലം സ്വന്തം മകൻ കണ്മുന്നിൽ ഉണ്ടായിട്ടും അതു ഒന്നും പറയാൻ പോലും അകത്തെ ഒളിഞ്ഞു നിന്നു കാണേണ്ടി വന്നു. മകന്റെ കല്യാണം പോലും ഒരു അന്യയായി നിന്നു കൂടേണ്ടി വന്നു.അതൊക്കെ വച്ചു നോക്കുമ്പോൾ ഏട്ടൻ അനുഭവിച്ചതൊക്കെ കുറവല്ലേ? ഇനിയും ആ അമ്മയെ ഇങ്ങനെ വിഷമിപ്പിക്കല്ലേ? ചേർത്തു പിടിച്ചൂടെ ഏട്ടാ..എന്നിട്ട് പറഞ്ഞൂടെ ഇനി ഈ ജന്മം മുഴുവനും ഈ മകൻ കൂടെ ഉണ്ടെന്നു.. " അപേക്ഷസ്വരത്തിൽ ഞാൻ അതു ചോദിച്ചപ്പോൾ എന്നെ നോക്കി കിടന്നിരുന്ന സൂര്യേട്ടന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുകയായിരുന്നു........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story