സൂര്യപാർവണം: ഭാഗം 33

surya parvanam

രചന: നിള നിരഞ്ജൻ

ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപ്പോഴും ആരും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. എല്ലാവരും ഉണ്ടായിരുന്നു.. സൂര്യേട്ടനെ കാത്തു എന്ന പോലെ. ദാസനെ അവിടെ കണ്ടപ്പോൾ ഞാനും ചുറ്റും കണ്ണുകൾ പായിച്ചു.. ഇനി സൂര്യേട്ടന്റെ അനിയൻ എങ്ങാനും വന്നിട്ടുണ്ടാവുമോ എന്ന്.. എന്നാൽ അങ്ങനെ ആരെയും അവിടെ കണ്ടില്ല.. ഇനി ആ ഒരാളെ കൂടി കണ്ടു കഴിഞ്ഞാൽ പിന്നെ ഈ കുടുംബം ഒന്നാകും. ഞാൻ ഓർത്തു.. സൂര്യേട്ടൻ വന്നതും അമ്മയുടെ അടുത്തേക്കാണ് ചെന്നത്.. ആ കണ്ണുകളിൽ നോക്കി കൊണ്ട് തന്നെ ഏട്ടൻ അവരുടെ കൈകൾ കൂട്ടിപ്പിടിച്ചു.. " അമ്മേ.. " വർഷങ്ങൾക്കു ശേഷം തന്റെ മകന്റെ വിളി കേട്ടു ആ കണ്ണുകൾ നിറഞ്ഞൊഴുകി..ആ ഒരു വിളി കേൾക്കാൻ എത്ര മാത്രം ആ ഹൃദയം കൊതിച്ചിരുന്നു എന്ന് ആ കണ്ണുകളിൽ നിന്നു തന്നെ വ്യക്തം ആയിരുന്നു. സൂര്യേട്ടൻ അവരെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചപ്പോൾ നിയന്ത്രണം വിട്ടു ഏട്ടനും കരഞ്ഞു പോയിരുന്നു. അതു കണ്ടു നിന്ന ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകളും നിറഞ്ഞിരുന്നു..പതിയെ അമ്മയെയും മകനെയും അവരുടെ ലോകത്തു വിട്ടു ഞങ്ങളെല്ലാം അവിടെ നിന്നു മാറി. എത്ര നേരം തന്റെ അമ്മയെയും ചേർത്തു പിടിച്ചു ആ നിൽപ്പ് തുടർന്നു എന്ന് മഹിക്ക് അറിയില്ലായിരുന്നു.

മനസ്സിലെ ഭരമെല്ലാം കേട്ടടങ്ങി എന്ന് തോന്നിയപ്പോൾ അവൻ പതിയെ അകന്നു മാറി. ആ അമ്മയുടെ നെഞ്ചിലെ ഭാരവും ഒഴിഞ്ഞിരുന്നു എന്ന് തോന്നി.. എങ്കിലും കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത പോലെ അവർ പിന്നെയും അവർ പിന്നെയും അവനെ തന്നെ നോക്കിയിരുന്നു. അവൻ ഒരു ചിരിയോടെ അമ്മയെയും കൊണ്ട് സോഫയിലേക്കിരുന്നു.. " എന്താ അമ്മേ ഇങ്ങനെ നോക്കുന്നെ? " " ഒന്നുമില്ല.. ഞാൻ എന്റെ മകനെ ശരിക്കും ഒന്നും കാണുകയായിരുന്നു.ഇങ്ങനെ അടുത്തു.. എത്രയോ ദിവസങ്ങളിൽ നീ അമ്പലത്തിൽ വരുമ്പോൾ ദൂരെ നിന്നു കണ്ടിരുന്നു.. കണ്ണ് നിറച്ചൊന്നു കാണുന്നതിനു മുന്നേ തന്നെ നീ ചിലപ്പോൾ പോയിട്ടുണ്ടാവും.ഇപ്പോൾ നീ എന്റെ അടുത്തു തന്നെ ഉണ്ടല്ലോ.. കണ്ണ് നിറച്ചു കാണുകയായിരുന്നു ഞാൻ എന്റെ കുഞ്ഞിനെ.. " " അതിനെന്താ.. ഇനി എപ്പോഴും ഞാൻ അമ്മയുടെ കൂടെ തന്നെ ഉണ്ടാവുമല്ലോ? പിന്നെ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? ഇനി അമ്മക്ക് എപ്പോൾ വേണമെങ്കിലും എന്നെ കാണാമല്ലോ? " അതു കേട്ടപ്പോൾ സന്തോഷം കൊണ്ട് വീണ്ടും അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു. അവൻ പതിയെ അവരുടെ ചുളിഞ്ഞു തുടങ്ങിയ കയ്യിൽ ഉമ്മ വച്ചു അവരെ തന്നോട് ചേർത്തു പിടിച്ചു.. " ഒന്ന് പറഞ്ഞു കൂടായിരുന്നോ അമ്മേ എന്റെ അമ്മയാണെന്നു?

എന്റെ ഇത്രയും അടുത്തുണ്ടായിരുന്നിട്ടും ഞാൻ അറിയാതെ പോയില്ലേ? ഞാൻ ഉണ്ടായിട്ടും അമ്മക്ക് ആരുമില്ലാത്ത പോലെ ജീവിക്കേണ്ടി വന്നില്ലേ? " " പേടിയായിരുന്നു എന്റെ കുട്ടിയേ ..എല്ലാം എല്ലാവരും അറിഞ്ഞാൽ നിന്റെ ജീവന് ആപത്തു വരുമെന്ന്.. നിന്റെ എടുത്തു ചാട്ടവും ദേഷ്യവും നിറഞ്ഞ സ്വഭാവം ഇവിടെ വന്നപ്പോൾ അടുത്തു കണ്ടതാണ്. എല്ലാം അറിഞ്ഞാൽ നീ വഴക്കുണ്ടാക്കാൻ പോവുമെന്ന് ഉറപ്പായിരുന്നു. കൽപകശ്ശേരിക്ക് വേറെ അവകാശികൾ ഉണ്ടെന്നറിഞ്ഞാൽ എങ്ങനെയും നിന്നെ ഇല്ലാതാക്കാൻ ആവും അവർ ശ്രമിക്കുക.. ആരും ഒന്നും അറിഞ്ഞില്ലെങ്കിലും നീ സുരക്ഷിതനായി ഇരിക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്.. ദൂരെ നിന്നു ആണെങ്കിലും എന്റെ കുഞ്ഞിനെ കാണാമല്ലോ? " കുറച്ചു നേരത്തേക്ക് മഹി ഒന്നും പറഞ്ഞില്ല.. പിന്നെ വീണ്ടും ചോദിച്ചു.. " ദാസന്റെ വീട്ടിൽ കുഞ്ഞിനേയും കൊടുത്തു പോയതിനു ശേഷം അമ്മ എവിടെയായിരുന്നു? എങ്ങനെയാണ് ഇവിടെ വന്നു പെട്ടത്? " "ദാസന്റെ വീട്ടിൽ കുഞ്ഞു മോനെയും കൊടുത്തു കഴിഞ്ഞപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയിരുന്നു. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു. മരിച്ചാലോ എന്നാണ് ആദ്യം വിചാരിച്ചതു. പിന്നെ അതിനു മനസ്സ് വന്നില്ല. ഒരു തീർത്ഥാടനം ആണ് നല്ലതെന്നു മനസ്സ് പറഞ്ഞു.

അങ്ങനെ ഓരോരോ അമ്പലങ്ങളിലായി കയറി ഇറങ്ങി.. കാഷായ വസ്ത്രം ധരിച്ചു..ഒരു സന്യാസിനിയെ പോലെ ജീവിച്ചു തുടങ്ങി.. ഏതു ദൈവത്തിന്റെ മുന്നിലും മരിക്കുന്നതിന് മുന്നേ എന്നെങ്കിലും എന്റെ മക്കളെ എനിക്കൊന്നു കാട്ടി തരണേ എന്ന് മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളു..അതു കേട്ടിട്ടാണെന്നു തോന്നുന്നു ഒരിക്കൽ ഗുരുവായൂർ അപ്പന്റെ മുന്നിൽ തൊഴുവൻ വന്ന മണിയേട്ടൻ എന്നെ കണ്ടതും തീറ്റിച്ചറിഞ്ഞതും.." "മണിയണ്ണനോ?മണിയണ്ണനെ അമ്മക്ക് എങ്ങനെ അറിയാം? അപ്പോൾ മണിയണ്ണനും കാളിയമ്മക്കും അറിയാമായിരുന്നോ ഞാൻ ആരാണെന്നു?" " അവർക്കു എല്ലാം അറിയാമായിരുന്നു. പണ്ട് ദേവേട്ടനും രാഘവേട്ടനും കൂടി ക്ഷേത്രദർശനം എന്ന് പറഞ്ഞു വരുമ്പോൾ മിക്കവാറും ഡ്രൈവർ ആയി കൂടെ ഉള്ളത് മണിയേട്ടൻ ആയിരുന്നു. അന്ന് മുതലേ മണിയേട്ടന് എന്നെ അറിയാം. അന്ന് രാഘവേട്ടന് അപകടം സംഭവിച്ചപ്പോൾ മണിയേട്ടനും ഉണ്ടായിരുന്നല്ലോ. ദാസാണ് കൊണ്ട് നിന്നെ ദേവേട്ടന്റെ അടുത്തു ഏല്പിക്കുമ്പോൾ മണിയേട്ടനും അറിയാമായിരുന്നു നീ ആരാണെന്നുള്ള സത്യം.. നിന്റെ രണ്ടു വയസ്സ് മുതൽ അഞ്ചു വയസ്സ് വരെ മണിയേട്ടനും കാളിയമ്മയും അല്ലേ നോക്കിയത്..രാഘവേട്ടൻ മരിച്ച ഉടനെ തന്നെ ദേവേട്ടൻ ഒരു കുട്ടിയേ എടുത്തു വളർത്തിയാൽ അതു ചിലപ്പോൾ മാനവേന്ദ്രന് സംശയം തോന്നിയാലോ എന്ന് അവർ ഭയന്നു.

അതു കൊണ്ട് വളരെ രഹസ്യമായി നിന്നെ മൂന്നു വർഷക്കാലം താമസിപ്പിച്ച ശേഷമാണ് ദേവേട്ടൻ നിന്നെ എല്ലാവർക്കും മുന്നിലേക്ക്‌ കൊണ്ട് വന്നതെന്നാണ് മണിയേട്ടൻ പറഞ്ഞത്.. " തന്റെ അത്രയും കുഞ്ഞിലത്തെ കാര്യമൊക്കെ ഓർത്തെടുക്കാൻ മഹി ശ്രമിച്ചെങ്കിലും അവനു കഴിയുന്നുണ്ടായിരുന്നില്ല. ദേവച്ചന്റെ കൂടെ ഇവിടെ വന്നതിനു ശേഷമുള്ള കാര്യങ്ങളൊക്കെയേ അവനു ഓർത്തെടുക്കാൻ പറ്റുന്നുണ്ടായിരുന്നുള്ളു.. എന്നാലും ഈ കാലമത്രയും മണിയണ്ണനും കാളിയമ്മയും എല്ലാ സത്യങ്ങളും അറിഞ്ഞു കൊണ്ടാണ് തന്റെ കൂടെ ഉണ്ടായിരുന്നതെന്നു അവനു വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്ങനെയാവും പാറു ഇതൊക്കെ അറിഞ്ഞത്? ഇനി അവളോട്‌ അവർ സത്യം ഒക്കെ പറഞ്ഞതായിരിക്കുമോ? അതും അവന്റെ മനസ്സിൽ ഒരു സംശയമായി ബാക്കി കിടന്നു.. അവളോട്‌ തന്നെ ചോദിക്കാം.. " എന്നിട്ട്? അമ്മ മണിയണ്ണനെ കണ്ടിട്ടോ? " " മണിയേട്ടൻ പറഞ്ഞു ഞാൻ നിന്റെ കാര്യങ്ങളൊക്കെ അറിഞ്ഞു.. മണിയേട്ടൻ തന്നെയാണ് പറഞ്ഞത് മാനവേന്ദ്രന് എന്നെ കണ്ടാലൊന്നും തിരിച്ചറിയാൻ കഴിയില്ലായെന്നു.ഇങ്ങോട്ട് വരാൻ ധൈര്യം തന്നു. എന്നാലും നീ ഒന്നും അറിയണ്ട എന്ന് തന്നെ ഞാൻ പറഞ്ഞു. അങ്ങനെ ഒരു സന്യാസിനി ആയി ഞാൻ എന്റെ മകനെ കാണാൻ ഈ നാട്ടിലേക്കു വന്നു..

എന്നാലും എനിക്ക് ഇപ്പോഴും അറിയില്ല പാർവണ ഇതെല്ലാം എങ്ങനെ അറിഞ്ഞു എന്ന്? ഇന്ന് ആ കുട്ടി വന്നു എല്ലാം അവൾക്കു അറിയാം ഇപ്പോൾ തന്നെ അതു എല്ലാവരുടെയും മുന്നിൽ പറയണമെന്ന് പറഞ്ഞപ്പോൾ ഞാൻ ആകെ അംനരാണ് പോയി.. നിന്നോട് വല്ലതും പറഞ്ഞിരുന്നോ? " മഹിയുടെ മനസ്സിലെ സംശയം തന്നെ അമ്മയും പറയുന്നത് കേട്ടപ്പോൾ അവൾ അമ്മ വഴി അല്ല ഒന്നും അറിഞ്ഞതെന്നു മനസിലായി.. പിന്നെ എങ്ങനെ ആയിരിക്കും.. തത്കാലം ഇപ്പോൾ അതിലും പ്രധാനപെട്ട കാര്യം ഉള്ളത് കൊണ്ട് അവൻ അതു വിട്ടു.. " അമ്മേ.. ദാസന്റെ കൂടെ ഉള്ള നമ്മുടെ കുഞ്ഞോ? ". അതു കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. " പണ്ട് നമ്മുടെ എല്ലാവരുടെയും ജീവൻ തിരികെ തന്നപ്പോൾ ഞാൻ അവർക്കു വാക്ക് കൊടുത്തതാണ് ഒരിക്കലും ഈ കുഞ്ഞിന്റെ അവകാശം പറഞ്ഞു ഞാൻ അവരുടെ മുന്നിൽ ചെല്ലില്ല എന്ന്. ഇത്ര നാളും അവർ അവരുടെ മകനായി അവനെ വളർത്തിയിട്ടു ഇപ്പോൾ നമ്മൾ എന്ത് പറഞ്ഞാണ് അവരുടെ മുന്നിൽ പോയി അവനെ തിരികെ ചോദിക്കുക? ഇനി അവർ വിട്ടു തന്നാലും അവൻ നമ്മളെ അംഗീകരിക്കുമോ? തന്നെ ഉപേക്ഷിച്ചിട്ട് പോയ ഒരു അമ്മയായി അല്ലേ അവൻ എന്നെ കാണൂ? " ദേവിക തന്റെ ആശങ്കകൾ എല്ലാം തന്റെ മകന് മുന്നിൽ തുറന്നു പറഞ്ഞു..

അതൊക്കെ ശരിയാണെന്നു മഹിക്കും അറിയാമായിരുന്നു. " അതൊക്കെ ശരിയാണ് അമ്മേ.. എന്നാലും ഇത്രയും അറിഞ്ഞിട്ടും അവനെ ഒന്ന് കാണാതെ പോലും ഇരിക്കാൻ പറ്റുന്നില്ല എന്നെ കൊണ്ട്.. ഒന്നും അവനോടു പറഞ്ഞില്ലെങ്കിലും അവനെ ഒന്ന് കാണാൻ എങ്കിലും അനുവദിക്കണം എന്ന് ദാസനോട് ഞാൻ പറയാം..നമുക്ക് വേണ്ടി സംശറ്റിക്കാൻ ഇവിടം വരെയും വന്ന ആളല്ലേ? സമ്മതിക്കാതെ ഇരിക്കില്ല.. " അവൻ പറഞ്ഞപ്പോൾ അതു ശരിയായിരിക്കും എന്ന മട്ടിൽ പ്രതീക്ഷയോടെ ദേവികയും തലയാട്ടി. ഒന്ന് കണ്ടാൽ മതിയായിരുന്നു.. താൻ അവരുടെ കയ്യിൽ ഏല്പിച്ചു പോയ തന്റെ ചോര കുഞ്ഞു ഇപ്പോൾ വളർന്നു എങ്ങനെ ആയി എന്നു അറിയാൻ ആ അമ്മ മനസും തുടി കൊട്ടുകയായിരുന്നു . " അമ്മ വാ.. നമുക്ക് ദാസ് അങ്കിളിനോട് ഒന്ന് ചോദിച്ചു നോക്കാം ഇപ്പോൾ തന്നെ.. അങ്കിൾ പോയി കാണില്ല എന്ന് തോന്നുന്നു.. " അവർ രണ്ടാളും കൂടി പുറത്തേക്കു ചെന്നപ്പോൾ എല്ലാവരും സിറ്റ് ഔട്ടിൽ ഉണ്ട്.. ദാസനും പോയിട്ടില്ല എന്നതു അവർക്കു ആശ്വാസം ആയി തോന്നി എങ്കിലും തങ്ങളുടെ ആവശ്യം അയാളെ അറിയിക്കുമ്പോൾ അയാൾ എന്ത് പറയും എന്നത് ഓർത്തപ്പോൾ കുറച്ചു ടെൻഷനും തോന്നി.. മഹി തന്നെയാണ് പറഞ്ഞു തുടങ്ങിയതു.. " ദാസൻ അങ്കിൾ.. ഞങ്ങളുടെ മൂന്നാളുടെയും ജീവൻ താങ്കൾ തിരികെ തന്നപ്പോൾ ഇനി ഒരിക്കലും അമ്മ നിങ്ങളെ ഏല്പിച്ച ആ മകനെ അന്വേഷിച്ചു വരില്ല എന്ന് അങ്കിളിനു വാക്ക് തന്നതാണ്..

പക്ഷെ എല്ലാ സത്യങ്ങളും അറിഞ്ഞപ്പോൾ അവനെ ഒന്ന് കാണാതെ ഇരിക്കാൻ പറ്റുന്നില്ല.. ഞങ്ങൾ അവനെ ഒന്ന് ദൂരെ നിന്നെങ്കിലും കണ്ടോട്ടെ? " മഹി പറഞ്ഞത് കേട്ടു കുറച്ചു നേരത്തേക്ക് ദാസൻ ഒന്നും മിണ്ടാതെ നിന്നു. അയാൾ അവരുടെ ആവശ്യം നിഷേധിക്കാൻ പോവുകയാണെന്ന് ഒരു അവർ ഭയന്നു. കുറച്ചു നേരത്തിനു ശേഷം അയാൾ ദേവികയുടെ മുന്നിൽ വന്നു നിന്നു.. " നിങ്ങൾ അന്ന് കുഞ്ഞിനെ ഞങ്ങൾക്ക് തന്നു പോയപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പക്ഷെ പിന്നീട് അവൻ ഞങ്ങളുടെ എല്ലാം ആയപ്പോൾ, അവനെ ഞങ്ങൾ ജീവനെക്കാരെ സ്നേഹിച്ചപ്പോൾ ഞങ്ങൾക്ക് മനസിലായി രണ്ടു മക്കളെയും തന്നിൽ നിന്നും മാറ്റേണ്ടി വന്ന ഒരു അമ്മയുടെ വേദന എന്തായിരിക്കും എന്ന്. അന്ന് മുതൽ ഞങ്ങൾ തീരുമാനിച്ചതാണ് അവനോടു എല്ലാ സത്യങ്ങളും ഞങ്ങൾ തുറന്നു പറയുമെന്നു. അവൻ വലുതായി കഴിഞ്ഞപ്പോൾ അവനു എല്ലാം മനസിലാവുന്ന പ്രായം ആയപ്പോൾ എല്ലാ സത്യങ്ങളും ഞങ്ങൾ അവനോടു പറഞ്ഞു.. എല്ലാം അറിഞ്ഞിട്ടും അവൻ ഞങ്ങളെ വെറുത്തില്ല, സ്നേഹിക്കുന്നത് കുറഞ്ഞതുമില്ല. അവനു ജോലി ആയി കഴിഞ്ഞപ്പോൾ അവൻ തന്നെയാണ് ഞങ്ങളോട് പറഞ്ഞത് അവൻ അവന്റെ കുടുംബത്തെ കണ്ടെത്താൻ പോവുകയാണെന്ന്.

ഞങ്ങൾക്ക് അതിൽ പരിഭവം ഒന്നും തോന്നിയില്ല. ഞങ്ങൾ പറഞ്ഞ വിവരം വച്ചു അവൻ തന്നെയാണ് നിങ്ങളിലേക്ക് എത്തിയത്.. " " അവൻ ഞങ്ങളിലേക്ക് എത്തിയെന്നോ? അപ്പോൾ അവനു ഞങ്ങളെ അറിയാമോ? " മഹി അതിശയത്തോടെ ചോദിച്ചു. അവന്റെ അതിശയം ബാക്കി എല്ലാവർക്കും ഉണ്ടായിരുന്നു. " അവനു നിങ്ങളെ മാത്രമല്ല.. നിങ്ങള്ക്ക് അവനെയും അറിയാം.. എന്റെ മകൻ മറ്റാരും അല്ല.. പാലക്കാട്‌ കമ്മീഷണർ ആര്യൻ ദേവ് IPS ആണ്.. " ദാസൻ പറഞ്ഞത് കേട്ടു കുറച്ചു നേരത്തേക്ക് ഞെട്ടി തെറിച്ചു നിൽക്കാൻ മാത്രമേ അവിടെ എല്ലാവർക്കും ആയുള്ളൂ. " ആര്യനോ? എന്റെ അനിയൻ ആര്യൻ ആണോ? " മഹി വിശ്വാസം വരാതെ വീണ്ടും ചോദിച്ചപ്പോൾ ദാസൻ ആണെന്ന് ചിരിച്ചു കൊണ്ട് തലയാട്ടി.. " എന്നിട്ട് ആര്യൻ എവിടെ? അവൻ പോയോ? " " അവൻ പോയതോന്നുമല്ല..ഇവിടുന്നു പിടിച്ചു കൊണ്ട് പോയവരെ ഒക്കെ ഒരു വഴിക്കു ആക്കണ്ടേ? പിന്നെ വിഷ്ണുവിന്റെ അനിയത്തിയേയും കൂട്ടി കൊണ്ട് വരാം എന്ന് പറഞ്ഞാണ് പോയത്. അവൻ വരുന്നത് വരെ ആരും ഒന്നും അറിയരുത് എന്ന് എന്നോട് പറഞ്ഞതാണ്..പക്ഷെ നിങ്ങളുടെ അപേക്ഷയും ആകാംഷയും കണ്ടപ്പോൾ പിന്നെയും മിണ്ടാതെ ഇരിക്കാൻ സാധിച്ചില്ല.. അതാണ്‌ പറഞ്ഞു പോയത്.. " പിന്നെ അവിടെ ആര്യനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.പുറത്തു അവന്റെ വണ്ടിയുടെ ഒച്ച കേട്ടപ്പോഴേ എല്ലാവരും കൂടി ഓടി പുറത്തേക്കെത്തി.എല്ലാവരെയും പുറത്തു കണ്ടപ്പോഴേ ആര്യനു മനസിലായി എല്ലാവരും എല്ലാം അറിഞ്ഞു എന്ന്.

അവൻ തന്റെ അച്ഛനെ നോക്കിയപ്പോൾ അദ്ദേഹം കണ്ണടച്ച് കാണിച്ചു . അവന്റെ കണ്ണുകൾ അറിയാതെ ദേവികയിലേക്ക് നീണ്ടു..അവൻ അവരുടെ അടുത്തേക്ക് നീങ്ങാൻ തുടങ്ങിയപ്പോഴേക്കും അവർ വന്നു അവനെ കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു. ഒട്ടൊരു നേരത്തിനു ശേഷം അതിലേക്കു മഹിയും കൂടി. അമ്മയുടെയും മക്കളുടെയും വർഷങ്ങൾക്കു ശേഷമുള്ള ആ സമാഗമത്തിന് മാണിക്യമംഗലം കുടുംബത്തോടൊപ്പം പൂർണചന്ദ്രനും നക്ഷത്രങ്ങളും സാക്ഷിയായി. അന്ന് എല്ലാവരും കൂടി മഹിയുടെ വീട്ടിൽ കൂടാൻ തീരുമാനം ആയി. രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാവരും ഹാളിൽ കൂടി ഇരിക്കുകയാണ്. രാവിലത്തെ കിഡ്നാപ്പിങ്ങും മറ്റുമായി ദേവൂ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു. അതു കൊണ്ട് ഭക്ഷണം കഴിഞ്ഞ ഉടനെ വിഷ്ണുവും ഗായpoോയി e്രിയും ദേവുവിനെ കൂട്ടി വീട്ടിലേക്കു പോയിരുന്നു. എന്നാലും കാശി അവരോടൊപ്പം അവിടെ ഉണ്ടായിരുന്നു. സോഫയിൽ ദേവികയുടെ മടിയിൽ അങ്ങോട്ടും ഇങ്ങോട്ടും തല വച്ചു കിടക്കുകയാണ് മഹിയും ആര്യനും.. ഓരോ കൈ കൊണ്ടും രണ്ടു മക്കളുടെയും തലയിൽ തഴുകുന്നുണ്ട് ദേവിക.ഇടയ്ക്കിടെ എല്ലാവരും അതും ഇതുമൊക്കെ സംസാരിക്കുന്നുമുണ്ട്.. " പാറു.. നീ എങ്ങനെയാണ് ഇത് എന്റെ അമ്മയാണെന്നു മനസിലാക്കിയത്?

അമ്മ നിന്നോട് ഒരു സത്യവും പറഞ്ഞിട്ടില്ലായെന്നു പറഞ്ഞല്ലോ? " പാറു മഹിയെ നോക്കി ഒന്ന് ചിരിച്ചു. " ഞാൻ ഇതൊന്നും ആരും പറഞ്ഞു തന്നിട്ട് മനസിലാക്കിയതല്ല. എനിക്ക് ആദ്യം സംശയം തോന്നിയതു കാളിയമ്മയെയും മണിയണ്ണനെയും ആയിരുന്നു. സൂര്യേട്ടന്റെ പാസ്റ്റിനെ പറ്റി ചോദിക്കുമ്പോഴൊക്കെ അവർ വല്ലാതെ അസ്വസ്ഥരാകുന്നു എന്ന് എനിക്ക് തോന്നിയിരുന്നു.എന്തോ മറച്ചു വയ്ക്കാൻ ശ്രമിക്കുന്നത് പോലെ..അന്ന് സൂര്യേട്ടന്റെ പിറന്നാളിനെ പറ്റി ഞാൻ ചോദിച്ചപ്പോൾ കാളിയമ്മ വല്ലാതെ അസ്വസ്ഥ ആയതു കൂടി കണ്ടപ്പോൾ എന്തോ രഹസ്യം ഉണ്ടെന്നു ഞാൻ ഉറപ്പിച്ചു. പിന്നെ അതെന്താണെന്നു കണ്ടെത്താൻ ആയി എന്റെ ശ്രമം. അങ്ങനെ ഇരിക്കെയാണ് നമ്മുടെ കല്യാണത്തിന് ജാതകം നോക്കിയപ്പോൾ അന്ന് മണിയണ്ണന്റെ കയ്യിൽ സൂര്യേട്ടന്റെ ജാതകം ഞാൻ കണ്ടത്..അതോടെ എനിക്ക് ഉറപ്പായി മണിയണ്ണനും കാളിയമ്മക്കും സൂര്യേട്ടനെ പറ്റി ഞാൻ അറിയാത്ത എന്തൊക്കെയോ അറിയാമെന്നു.." " എന്നിട്ട്? " " സന്യാസിനി അമ്മയെ കാണുമ്പോഴൊക്കെ എനിക്ക് ആരുടെയോ ചായ തോന്നാറുണ്ടായിരുന്നു. അതു പോലെ അമ്മക്ക് എന്നോടും സൂര്യേട്ടനോടും പ്രത്യേക ചായ്വുണ്ടെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. സന്യാസിനി അമ്മ സൂര്യേട്ടനെ നോക്കുമ്പോഴൊക്കെ വല്ലാത്ത ഒരു വാത്സല്യം ഉള്ളത് പോലെ.. സൂര്യേട്ടൻ ജയിലിൽ ആയിരിക്കുന്ന സമയത്തു മണിയണ്ണൻ അമ്മയോട് സംസാരിക്കുന്നതും സൂര്യേട്ടന്റെ ജാതകം അമ്മയുടെ കയ്യിൽ കൊടുക്കുന്നതും ഞാൻ കണ്ടു.

അതോടെ എന്റെ സംശയങ്ങൾക്കൊക്കെ കഴമ്പുണ്ടെന്നു ഞാൻ മനസിലാക്കി.അന്ന് തന്നെ ഞാൻ വീട്ടിൽ ചെന്നു അമ്മ നമുക്ക് കല്യാണത്തിനു തന്ന ഗിഫ്റ്റ് ബോക്സ്‌ തുറന്നു നോക്കി. അതിലെ വള കണ്ടതും ഇത് പോലൊരു വള നീലാംബരി ദേവിയുടെ കയ്യിൽ കിടക്കുന്നത് കണ്ടിട്ടുള്ളത് ഞാൻ ഓർത്തു. ഇവിടുത്തെ ഒരു പഴയ സ്വർണക്കടയിൽ പോയി ഈ വളയുടെ ഫോട്ടോ കാണിച്ചപ്പോൾ അതു കല്പകശ്ശേരിക്കാരുടെ കുടുംബത്തിൽ കൈ മാറി വരുന്ന വള ആണെന്ന് അവർ എനിക്ക് പറഞ്ഞു തന്നു.അതോടെ കൽപകശ്ശേരിക്കാരുമായി അമ്മക്ക് എന്തോ ബന്ധമുണ്ടെന്ന് എനിക്ക് മനസിലായി. അതു മനസിലാക്കാൻ വേണ്ടി ഞാൻ തിരുവന്മയൂർക്കു പോയി.. അവിടെ ചെന്നു കുറച്ചു അന്വേഷിച്ചിട്ടാണെങ്കിലും അമ്മയെ പറ്റി കുറച്ചു വിവരങ്ങൾ കിട്ടി. അതും വച്ചു ഞാൻ കാളിയമ്മയോടും മണിയണ്ണനോടും ചോദിച്ചു. എനിക്ക് ഇത്രയും ഒക്കെ അറിയാമെന്നു മനസിലാക്കി പിന്നെ അവർ എന്നോട് സത്യങ്ങൾ ഒക്കെ പറഞ്ഞു.. " കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പിന്നെ മഹി പറഞ്ഞു.. " കൊള്ളാലോ.. നിനക്ക് ഇത്രയും ബുദ്ധിയും ബോധവും ഒക്കെ ഉണ്ടായിരുന്നോ? " പാറു ഒരു ചിരിയോടെ അവളുടെ കോളർ പോകുന്നത് പോലെ കാണിച്ചു.. മഹി ആര്യനു നേരെ തിരിഞ്ഞു.. " അല്ല.. നീയെങ്ങനെ എന്നെയും അമ്മയെയും കണ്ടെത്തി? "

" എല്ലാം അച്ഛനും അമ്മയും പറഞ്ഞു അറിഞ്ഞപ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാണ് സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ എന്റെ കുടുംബത്തെ അന്വേഷിച്ചു കണ്ടെത്തണം എന്ന്. ജോലി കിട്ടി ആദ്യം ഒന്നും അതിനു സാധിച്ചില്ല. അമ്മ ഇവിടെയുണ്ടെന്നു എനിക്ക് അറിയില്ലായിരുന്നു. ആകെ അറിയാവുന്നതു കൃഷ്ണപുരത്തു കൊണ്ടാക്കായ എന്റെ സഹോദരനെ പറ്റി മാത്രം ആയിരുന്നു അങ്ങനെ ഞാൻ പാലക്കാടേക്ക്‌ ട്രാൻസ്ഫർ വാങ്ങി വന്നു. ഇവിടെ വന്നു തിരക്കിയപ്പോഴേ അറിഞ്ഞു മാണിക്യമംഗലത്തെ സൂര്യമഹാദേവന്റെ വിശേഷങ്ങൾ ഒക്കെ.. നീയിവിടെ എല്ലാവർക്കും എത്ര പ്രിയങ്കരൻ ആണെന്ന് അറിഞ്ഞപ്പോൾ ഒരുപാടു സന്തോഷം ആയിരുന്നു.പക്ഷെ നിനക്ക് പണ്ടത്തെ കാര്യങ്ങൾ ഒന്നും അറിയില്ലായെന്ന സത്യം എന്നെ നിന്നോട് സംസാരിക്കുന്നതിൽ നിന്നു വിലക്കി.. അങ്ങനെ ഇരിക്കുമ്പോഴാണ് സന്ദീപിന്റെ കേസ് എന്റെ അടുത്തു തന്നെ വന്നെതുന്നത്.. നിന്റെ കല്യാണത്തിന്റെ അന്ന് വിനുവിന്റെ കൊലപാതകത്തിന് നിന്നെ അറസ്റ്റ് ചെയ്യാൻ വന്നപ്പോഴാണ് അവിടെ നിൽക്കുന്ന അമ്മയെ ഞാൻ കാണുന്നത്. പണ്ട് അച്ഛന്റെ കയ്യിൽ അമ്മയുടെ ഒരു പഴയ ഫോട്ടോ ഉണ്ടായിരുന്നത് ഞാൻ കണ്ടിരുന്നു. അതു കൊണ്ട് എനിക്ക് മനസിലായി. പിന്നെ എന്റെ ഒരു കണ്ണും ശ്രദ്ധയും എപ്പോഴും നിങ്ങളുടെ മേൽ ഉണ്ടായിരുന്നു.. " " അപ്പോൾ ഒരു കാര്യം കൂടി.. " കാശി പെട്ടെന്ന് ഇടയ്ക്കു കയറി ചോദിച്ചു.. ആര്യൻ എന്താണെന്ന മട്ടിൽ അവനെ നോക്കി..

"മഹി ജയിലിൽ ആയിരുന്ന സമയത്തു ആ രാത്രിയി സാറാണോ എന്നെയും വരുണിനെയും വിഷ്ണുവേട്ടനെയും കുടുംബത്തെയും കല്പകശ്ശേരിക്കാരുടെ ഗുണ്ടകളിൽ നിന്നു രക്ഷപ്പെടുത്തിയത്?" കാശിയുടെ ചോദ്യത്തിന് ആര്യൻ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവന്റെ പുഞ്ചിരിനിന അവർക്കു കാര്യം മനസിലായി.. " മഹി ജയിലിൽ നിന്നു വന്നതാണെന്നാണ് ഒരു നിമിഷം ഞങ്ങൾ വിചാരിച്ചതു. ഇപ്പോളല്ലെ മനസിലായത് എങ്ങനെയാണ് മഹിയെ പോലെ തന്നെ ഇരിക്കുന്ന മറ്റൊരാൾ എങ്ങനെയാണ് വന്നതെന്ന്.. " കാശി ആത്മഗതം പോലെ പറഞ്ഞപ്പോൾ ആര്യനും കാശിയും അന്യോന്യം നോക്കി ചിരിച്ചു. പിന്നെയും അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങൾ പറഞ്ഞും സംശയങ്ങൾ ചോദിച്ചും അവർ നേരം വെളുപ്പിച്ചു. ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നു പൊയ്ക്കൊണ്ടിരുന്നു. അന്നത്തെ സംഭവത്തോടെ ഞങ്ങളുടെ ജീവിതവും മാറി.അമ്മ ഞങ്ങളോടൊപ്പം താമസം മാറ്റി. ആര്യൻ സമയം കിട്ടുന്ന പോലെ വന്നും പോയും ഇരിക്കaavതനിക്കു കിട്ടിയ പുതിയ ബന്ധങ്ങളോടൊപ്പം പഴയ കുടുംബവും അവൻ പരാതിയില്ലാതെ കൊണ്ട് പോകുന്നു എന്നത് എന്നെ അമ്പരപ്പിച്ചു. ഇപ്പോൾ ആര്യന്റെ അച്ഛൻ ദാസൻ അങ്കിളും അമ്മ വനജ ആന്റിയും ഞങ്ങളുടെ സ്വന്തം ആണ്.ആര്യൻ എന്നെ കാളും മൂത്തത് ആണെങ്കിലും അവൻ എന്റെ അനിയൻ ആയത് കൊണ്ട് ഞാൻ പേരാണ് വിളിക്കുന്നത് . അവൻ എന്നെ പാറു എന്നും. ഞങ്ങൾ ഇപ്പോൾ നല്ല കൂട്ടാണ്.

മാനവേന്ദ്രനും ഇന്ദ്രജിത്തും ജാമ്യത്തിന് ശ്രമിച്ചെങ്കിലും കേസ് കുറച്ചു വലുതായതു കൊണ്ട് കിട്ടിയില്ല. അവരുടെ വക്കീൽ ആര്യനെ തകർക്കാൻ വേണ്ടി ദാസ് അങ്കിളിനെ കൂടി ഇതിലേക്ക് വലിച്ചിഴക്കാൻ നോക്കിയെങ്കിലും അതു നടന്നില്ല. അമ്മ പോയി ദാസൻ അങ്കിൾ ഒരു രീതിയിലും തങ്ങളെ ഉപദ്രവിച്ചിട്ടില്ലയെന്നു മൊഴി കൊടുത്തു. കല്പകശ്ശേരി തലകാലം നാഥൻ ഇല്ല കളരി പോലെ കിടക്കുന്നത് കൊണ്ട് അതിന്റെ അവകാശം ഏറ്റെടുക്കണം എന്ന് പറയാൻ ശിവപുരത്തെ പഞ്ചായത്ത് അംഗങ്ങൾ എല്ലാം കൂടി സൂര്യേട്ടനെ വന്നു കണ്ടിരുന്നു. അവരുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെ ഉണ്ടാവുമെന്ന് വാക്ക് കൊടുത്തെങ്കിലും കൽപകശ്ശേരിയിൽ പോയി താമസിക്കാനോ ആ കുടുംബത്തിന്റെ നാഥൻ ആവാനോ താൻ ഇല്ലായെന്ന് സൂര്യേട്ടൻ ഉറപ്പിച്ചു പറഞ്ഞു. തന്റെ കുടുംബത്തെ മനസ്സ് കൊണ്ട് സ്വീകരിച്ചെങ്കിലും താൻ കല്പകശ്ശേരിയിലെ ചോര ആണെന്നുള്ള സത്യം ഇതിൽ വരെ സൂര്യേട്ടന് മുഴുവനായും അംഗീകരിക്കാൻ പറ്റിയിട്ടില്ലായെന്നു എനിക്ക് പലപ്പോഴും തോന്നിയിരുന്നു. അതു കൊണ്ട് തന്നെ ആ കാര്യത്തിൽ അധികം നിർബന്ധിക്കാനും ഞാൻ പോയില്ല. കാളിയമ്മയും മണിയണ്ണനും അമ്മയുടെ വരവോടെ അവരുടെ വീട്ടിലേക്കു പോവുകയാണെന്ന് പറഞ്ഞെങ്കിലും ഇത്രയും കാലം തന്നിൽ നിന്നു സത്യങ്ങൾ മറച്ചു വച്ചതിന്റെ ശിക്ഷയായി ജീവിതകാലം മുഴുവനും ഞങ്ങളോടൊപ്പം താമസിച്ചാൽ മതിയെന്ന് പറഞ്ഞു സൂര്യേട്ടൻ വിലക്കി..

ഇപ്പോൾ ഞങ്ങൾ എല്ലാവരും കൂടി സന്തുഷ്ട കുടുംബം ആണ്. അന്ന് വന്നിട്ട് രണ്ടു മൂന്നു ദിവസം ദേവു ഇവിടെ ഉണ്ടായിരുന്നു. എങ്കിലും പണ്ടത്തെ പോലെ അവൾ സൂര്യേട്ടനോട് അടുപ്പം കാണിക്കാൻ വരാത്തതു എനിക്ക് ആശ്വാസം ആയി. സൂര്യേട്ടൻ ഇനി എന്റെയാണ് എന്നുള്ള സത്യം അവൾ അംഗീകരിച്ചു എന്ന് തോന്നിപ്പിച്ചു. കുറച്ചു ദിവസം ഏട്ടനോടൊപ്പം നിന്നു അവൾ തിരികെ ഹോസ്റ്റലിലേക്ക് പോവുകയും ചെയ്തു. കാവ്യയുടെ വരവിനു ഇപ്പോളും കുറവില്ല. അവൾ ഇഷ്ടം പോലെ വന്നും പോയും ഇരിക്കും. അന്നൊരു ഞായറാഴ്ച ആയിരുന്നു. സൂര്യേട്ടൻ അമ്മയെയും കൊണ്ട് അമ്പലത്തിലേക്ക് പോയി. കാളിയമ്മയും മണിയണ്ണനും കൂടി അവരുടെ എന്തോ ആവശ്യത്തിന് പോയതാണ്. വൈകിയേ വരൂ എന്ന് പറഞ്ഞിരുന്നു. ആര്യൻ ഇന്ന് വൈകിട്ടാവുമ്പോഴേക്കും എത്തുമെന്ന് പറഞ്ഞിരുന്നു. രണ്ടു ദിവസത്തേക്ക് അവനു ഓഫ്‌ ആണത്രേ..അതു കൊണ്ട് ഞാൻ അത്യാവശ്യം വീട്ടു പണികളും ഒക്കെയായി നടക്കുമ്പോഴാണ് ഫോൺ അടിക്കുന്നത് കേട്ടത്.. നോക്കിയപ്പോൾ പരിചയം ഇല്ലാത്ത ഒരു നമ്പർ ആണ്. ഒന്ന് സംശയിച്ചെങ്കിലും പിന്നീട് എടുക്കാൻ തന്നെ തീരുമാനിച്ചു. " ഹലോ.. " കുറച്ചു നേരം കാത്തിരുന്നിട്ടും അവിടുന്ന് മറുപടി ഉണ്ടായില്ല.. പക്ഷെ അപ്പുറത്ത് ആളുണ്ട് എന്നതിന് തെളിവായി നിശ്വാസങ്ങൾ കേൾക്കാമായിരുന്നു.. അതു കൊണ്ട് ഒന്ന് കൂടി ഞാൻ ഹലോ എന്ന് വച്ചു..ഇത്തവണ മറുപടി വന്നു.. " ഹലോ.. " എവിടെയോ കേട്ടു മറന്ന ഒരു ശബ്ദം എന്റെ കാതുകളിൽ വന്നു പതിച്ചു.. " ഹലോ ആരാ? " " ചേച്ചി.. ഞാൻ.. ഞാൻ.. തനു ആണ്.. "........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story