സൂര്യപാർവണം: ഭാഗം 34

surya parvanam

രചന: നിള നിരഞ്ജൻ

ഹലോ.. " എവിടെയോ കേട്ടു മറന്ന ഒരു ശബ്ദം എന്റെ കാതുകളിൽ വന്നു പതിച്ചു.. " ഹലോ ആരാ? " " ചേച്ചി.. ഞാൻ.. ഞാൻ.. തനു ആണ്.. " ആ നിമിഷം കഴിഞ്ഞ ജന്മത്തിലേതെന്നു പോലത്തെ പല പല ഓർമകളും മനസ്സിലേക്ക് വന്നു. ഒന്നും നല്ലത് അല്ലാത്തത് കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു.. ഇനി ഒരിക്കലും കേൾക്കരുത് എന്നു ആഗ്രഹിച്ച ശബ്ദമാണ് ഇപ്പോൾ കാതിൽ കേൾക്കുന്നത്.. ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് തനു എന്നെ ചേച്ചി എന്ന് വിളിച്ചിരുന്നെങ്കിൽ എന്ന്. പക്ഷെ അന്നൊക്കെ അവൾ എന്നെ എടി എന്നും നാശം എന്നും ശല്യം എന്നും ഒക്കെ പറഞ്ഞാണ് അതിസംബോധന ചെയ്തിരുന്നത്. ഇന്നിപ്പോൾ എല്ലാം മറന്നു ഞാൻ സമാധാനത്തോടെ ജീവിക്കുമ്പോൾ ഈ വിളി എന്തിനാണെന്ന് മനസിലാവുന്നില്ല. " ഹലോ.. ചേച്ചി.. കേൾക്കുന്നുണ്ടോ? " ഒന്നും മിണ്ടാതെ ഫോൺ കട്ട്‌ ചെയ്താലോ എന്നാണ് ആദ്യം ഓർത്തതു . പക്ഷെ ഇത്രയും നാൾ ചത്തോ ജീവിച്ചോ എന്ന് പോലും ഒന്ന് അന്വേഷിക്കാത്ത ആൾ ഇപ്പോൾ എന്തിനാണ് വിളിക്കുന്നതു എന്നറിയാൻ ഒരു ആകാംഷ തോന്നി.. " കേൾക്കുന്നുണ്ട്.. പറഞ്ഞോ? "

" ചേച്ചി.. ചേച്ചിക്ക് ഞങ്ങളോട് ദേഷ്യം ആണെന്ന് അറിയാം. ഒരുപാടു ദ്രോഹം ചേച്ചിയോട് ഞങ്ങൾ ചെയ്തിട്ടുണ്ടു. ചേച്ചിയോട് ചെയ്തതിനൊക്കെ എനിക്കും അമ്മയ്ക്കും ദൈവം ഇപ്പോൾ തിരിച്ചടി തന്നുകൊണ്ടിരിക്കികയാണ്.. " അവൾ കരച്ചിലോടെ പറഞ്ഞപ്പോഴും ഞാൻ എന്താണ് പറ്റിയതെന്നോ ഒന്നും ചോദിച്ചില്ല. എന്നാലും ഞാൻ ഇപ്പുറത്തു ഉണ്ടെന്നു മനസിലാക്കി അവൾ പറഞ്ഞു.. " സുധി മാമൻ ഞങ്ങളെ സ്നേഹം പറഞ്ഞു ചതിക്കുകയായിരുന്നു.. അയാൾ എന്റെ കല്യാണം നടത്താം അതു ചെയ്യാം ഇത് ചെയ്യാം എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ എല്ലാം കൈക്കലാക്കി..ഇപ്പോൾ ഒന്നും ഇല്ലാത്ത ഞങ്ങളെ സുധി മാമനും മഹിമ അമ്മായിയും കൂടി ഇറക്കി വിടാൻ പോവുകയാണ്.. " കാലം നടപ്പാക്കിയ നീതി.. അതല്ലതെ മറ്റൊന്നും എനിക്ക് തോന്നുണ്ടായിരുന്നില്ല. എന്നോട് പണ്ട് ഇവർ ചെയ്തത് ഇപ്പോൾ അവർക്കു തിരിച്ചു കിട്ടിയിരിക്കുന്നു.. അതിൽ ഒന്നും അത്ഭുദപ്പെടാനില്ല.. " അവിടുന്നു സുധി മാമൻ ഇറക്കി വിട്ടാൽ എന്താ.. നിങ്ങള്ക്ക് പോകാൻ വേറെ ഉണ്ടല്ലോ? നമുടെ അച്ഛൻ ഉണ്ടാക്കിയ വീട്.. അവിടുത്തെ വാടകക്കാരെ മാറ്റിയാൽ നിങ്ങള്ക്ക് അവിടെ താമസിച്ചു കൂടെ? " ഞാൻ ഒട്ടും മയം ഇല്ലാതെ ചോദിച്ചു.. തനു കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ കരച്ചിലിന് ശക്തി കൂടി വന്നു..

" ആ വീട് പോയി ചേച്ചി.. " ഞാൻ കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടി നിന്നു പോയി.. എന്റെ അച്ഛന്റെ ഒരു ജന്മത്തിലെ അധ്വാനം.. അതു നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത ഒന്നായിരുന്നു. അതിന്റെ അധികാരം തനുവിന്റെ പേരിലേക്ക് മാറ്റുമ്പോൾ അതു അവകാശപ്പെട്ട ഒരാൾക്കാണല്ലോ കൊടുക്കുന്നത് എന്ന ചിന്ത എന്നും ഉണ്ടായിരുന്നു.പക്ഷെ ഇപ്പോൾ അതു നഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ നെഞ്ചിനകത്തു കല്ലു കയറ്റി വച്ച പോലൊരു ഭാരം.. " നഷ്ടപെട്ടെന്നോ? എങ്ങനെ? " " അതു.. ചേച്ചി.. ചേച്ചി ഇവിടുന്നു പോയതിനു ശേഷം ഞങ്ങൾ സുധി മാമനോടൊപ്പം അല്ലേ താമസിക്കുന്നത് ഇനിയിപ്പോൾ മറ്റേ വീടിന്റെ ആവശ്യം ഇല്ലാലോ എന്നൊക്കെ പറഞ്ഞു സുധി മാമൻ ആ വീട് ഞങ്ങളെ കൊണ്ട് വിൽപ്പിച്ചു.. നല്ല വിലയ്ക്ക് തന്നെയാണ് വിറ്റത് .. ഇപ്പോൾ ആ വീട് നമ്മുടെ അല്ല.. മറ്റാരുടെയോ ആണ്.. " " എന്നിട്ട് അതു വിറ്റു കിട്ടിയ പൈസ എവിടെ? അതു കൊണ്ട് നിങ്ങള്ക്ക് മറ്റെവിടെയെങ്കിലും വാടകക്ക് പോയെങ്കിലും താമസിക്കാം അല്ലോ? " " ആ പൈസ.. അതൊക്കെ അതിനു ഇതിനു ബിസിനെസ്സ് ചെയ്യാൻ എന്നൊക്കെ പറഞ്ഞു സുധി മാമൻ തന്നെ വാങ്ങി കൊണ്ട് പോയി.. തിരിച്ചു തരാം എന്നു പറഞ്ഞാണ് വാങ്ങിയത്..

പക്ഷെ ഇപ്പോൾ ചോദിക്കുമ്പോൾ അതൊക്കെ എന്നെ പഠിപ്പിക്കാൻ വിട്ടതിനും ഞങ്ങൾക്ക് ഇത്രയും നാൾ ചിലവിനു തന്നതിനും അവരുടെ വീട്ടിൽ താമസിച്ചതിന്റെ വാടകയ്യും ഒക്കെയായിട്ടു കൂട്ടിയാൽ മതി എന്നാണ് പറയുന്നത്.. ഞങ്ങൾ എത്രയൊക്കെ പറഞ്ഞിട്ടും ഒരു ചില്ലി കാശ് പോലും തിരികെ തരാൻ തയ്യാറാവുന്നില്ല.. ഇപ്പോൾ യാതൊരു ഗതിയും ഇല്ലാത്ത അവസ്ഥയാണ് ചേച്ചി ഞങ്ങൾക്ക്.. " എന്തോ അതൊക്കെ കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്..ഇപ്പോഴെങ്കിലും സ്വന്തം അമ്മാവന്റെ തനി നിറം അവൾക്കു മനസിലായല്ലോ? "അതിനിപ്പോൾ ഞാൻ എന്താണ് വേണ്ടത്? നമ്മൾ തമ്മിലുള്ള ബന്ധമൊക്കെ പണ്ടേ അവസാനിച്ചതല്ലേ? എന്നെ എന്തിനാണ് ഇപ്പോൾ ഇതും പറഞ്ഞു നീ വിളിക്കുന്നത്.. " " അങ്ങനെ പറയല്ലേ ചേച്ചി.. സുധി മാമൻ പറഞ്ഞു ചേച്ചി ഇപ്പോൾ നല്ല നിലയിൽ ആണ് കഴിയുന്നത് എന്ന്.. ചേച്ചിക്കെ ഞങ്ങളെ ഇപ്പോൾ സഹായിക്കാൻ പറ്റൂ.. " ഓഹോ.. അപ്പോൾ ഇതും സുധി മാമന്റെ അടവാണ്.. അവരുടെ അടുത്തു നിന്നു കിട്ടാവുന്നതൊക്കെ കിട്ടി കഴിഞ്ഞപ്പോൾ ഇനി അടുത്ത പരുപാടിയുമായി വന്നിരിക്കയാണ്.. ഒരുപക്ഷെ സൂര്യേട്ടനെ പറ്റി ഒക്കെ എങ്ങനെയെങ്കിലും അറിഞ്ഞിട്ടുണ്ടാവും. അതാവും ഇപ്പോൾ തനുവിനെ കൊണ്ട് എന്നെ വിളിപ്പിക്കുന്നത്.. "

എന്നാൽ ഒരു കാര്യം നീ നിന്റെ മാമനോട് ചെന്നു പറഞ്ഞേക്ക്..എനിക്കുള്ളതൊന്നും ഞാൻ സമ്പാദിച്ചതല്ല നീ വന്നു ചോദിക്കുമ്പോഴേക്കും എടുത്തു തരാൻ.. ഇതൊക്കെ എന്റെ ഭർത്താവിന്റെ ആണ്.. അതൊന്നും തത്കാലം ആർക്കും എടുത്തു തരാൻ എന്നെ കൊണ്ട് പറ്റില്ല." അതും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു.. സത്യം പറഞ്ഞാൽ എനിക്ക് വല്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു. സുധി മാമന്റെ ധൈര്യം സമ്മതിക്കണം.. ഇത്രയും ഒക്കെ ആയിട്ടും പിന്നെയും വീണ്ടും എന്റെ അടുത്തേക്ക് തന്നെ അവരെ പറഞ്ഞു വിട്ടിരിക്കുന്നു..അയാളുടെ ആവശ്യം നടക്കാൻ ഒരു ചില്ലി കാശ് പോലും ഞാൻ കൊടുക്കില്ല..വീണ്ടും എന്റെ പണികളിലേക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങുമ്പോഴാണ് ഫോൺ വീണ്ടും ചിലച്ചത്. അതേ നമ്പർ തന്നെ ആണെന്ന് കണ്ടതും എന്റെ ദേഷ്യം ഒന്ന് കൂടി വർധിച്ചു.. ഒരു പ്രാവശ്യം മര്യാദക്ക് പറഞ്ഞാൽ ഇവൾക്ക് മനസിലാവില്ലേ?ഞാൻ ഫോണെടുത്തു ചെവിയോട് ചേർത്തു പറഞ്ഞു തുടങ്ങി.. " ഹലോ..നിന്നോട് ഞാൻ പറഞ്ഞില്ലേ തനു..എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന്..

പിന്നെയും എന്തിനാ നീ എന്നെ വിളിച്ചു ശല്യം ചെയ്യുന്നത്..? " " അതിനു ഇതു തനു അല്ല.. ഞാനാണ് സംസാരിക്കുന്നത്.. " ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന സ്വരം കാതിൽ വന്നു പതിഞ്ഞതും വെറുപ്പോടെ ഞാൻ കണ്ണുകൾ അടച്ചു പിടിച്ചു. " നിങ്ങൾക്കെന്താ വേണ്ടത്? " " എനിക്കെന്താ വേണ്ടതെന്നു തനു പറഞ്ഞില്ലേ? കുറച്ചു പൈസ വേണം. നിന്റെ ചെറിയമ്മയെയും അനിയത്തിയേയും നോക്കുന്നതിനു പകരമായി.. " " അതിനു എനിക്ക് ചെറിയമ്മയും അനിയത്തിയും ഒന്നും ഇല്ലല്ലോ.. എനിക്കാകെ ഉള്ളത് എന്റെ ഭർത്താവും അദേഹത്തിന്റെ ബന്ധുക്കളും ആണ്. എന്നെ വേണ്ടായെന്നു പറഞ്ഞു നടുതെരുവിൽ ഉപേക്ഷിച്ചു പോയ ചെറിയമ്മയ്ക്കും അനിയത്തിക്കും വേണ്ടി ഞാൻ ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.. നിങ്ങൾ ഫോൺ വച്ചിട്ട് പോയെ.. " അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്യാൻ തുടങ്ങും മുന്നേ അയാളുടെ ശബ്ദം എന്റെ കാതുകളിൽ വന്നു പതിഞ്ഞു.. " അങ്ങനെ പറഞ്ഞിട്ട് പോകുന്നതിനു മുന്നേ നിന്റെ ഈ തീരുമാനം കൊണ്ട് അവർക്കു എന്താണ് സംഭവിക്കുന്നതെന്നു കൂടി കേട്ടിട്ട് പോ.. സുഭദ്രയോട് നിനക്ക് സ്നേഹം ഒന്നും ഇല്ലെങ്കിലും തനു അങ്ങനെ അല്ലല്ലോ? അവൾ നിന്റെ പ്രിയപ്പെട്ട അച്ഛന്റെ ചോര തന്നെ അല്ലേ? നിന്റെ സഹോദരി..

അവളെ നിനക്ക് അങ്ങനെ കൈ വിട്ടു കളയാൻ പറ്റുമോ? " " പണ്ട് എന്നെ നടു തെരുവിലേക്കു ഇറക്കി വിടുമ്പോൾ ഞാൻ അവളുടെ ചേച്ചിയാണെന്നു അവളും ഓർത്തില്ലല്ലോ? പിന്നെയിപ്പോൾ ഞാൻ എന്തിനാണ് ഓർക്കുന്നത്? " ഞാൻ തിരിച്ചു ചോദിച്ചപ്പോൾ അപ്പുറത്ത് നിന്നു അയാളുടെ വൃത്തികെട്ട ചിരി കേട്ടു.. " അപ്പോൾ നിന്റെ അനിയത്തിയെ ഞാൻ വല്ലവര്ക്കും കൊടുത്തു കാശാക്കിയാലും നിനക്ക് വിരോധം ഇല്ലല്ലോ അല്ലേ? ഞാൻ ആരാണെന്നും എന്റെ പണി എന്താണെന്നും ഒക്കെ ഇപ്പോൾ നിനക്ക് അറിയില്ലേ? " " ഇപ്പോൾ നിങ്ങൾ എന്നെ വിളിച്ചു ഇങ്ങനെ ഒക്കെ പറഞ്ഞുന്നു പറഞ്ഞു ഞാൻ പോലീസിൽ ഒരു കംപ്ലയിന്റ് കൊടുത്താൽ താൻ അകത്തു പോകും.. " " ഞാൻ അകത്തു പോയാൽ അധികം വൈകാതെ തന്നെ നിന്റെ ചെറിയമ്മയും അനിയത്തിയും കൂടി അകത്തു പോകും.. അവരുടെ പേരിൽ ഇപ്പോൾ വലിയ സാമ്പത്തിക ബാധ്യത ഉണ്ട് .. അതു കൊടുത്തു തീർക്കാൻ വക ഇല്ലെങ്കിൽ ഒന്നുകിൽ അവർ അകത്തു പോകും.. ഇല്ലെങ്കിൽ നിന്റെ അനിയത്തി ഞാൻ പറയുന്നത് അനുസരിക്കേണ്ടി വരും..

പിന്നെ എന്നെ ജയിലിൽ ആകിയിട്ടു അവർക്കു എന്റെ വീട്ടിൽ തങ്ങാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ? കെട്ടിക്കാറായ പെണ്ണിനേയും കൊണ്ട് തെരുവിലേക്കിറങ്ങും നിന്റെ ചെറിയമ്മ.." സുധി മാമൻ എത്ര വലിയ ദുഷ്ടൻ ആണെന്ന് ആ നിമിഷം ഞാൻ മനസ്സിലാക്കുകയായിരുന്നു. പണ്ട് എന്നോട് ചെയ്തതെയൊക്കെ സന്ദീപ് പറഞ്ഞപ്പോഴും ഞാൻ അവരുടെ ആരും അല്ല എന്ന ന്യായം മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ സ്വന്തം പെങ്ങളെയും മകളെയും വച്ചാണ് അയാൾ വില പേശുന്നത്. ചെറിയമ്മയ്ക്ക് എന്നും സ്വന്തം ഭർത്താവിനെക്കാളും എന്നും വിശ്വാസം അങ്ങളെയും ഭാര്യയെയും ആയിരുന്നു. സുധി മാമനും മഹിമ അമ്മായിയും ഓരോന്ന് ഓതി കൊടുക്കുന്നത് കേട്ടിട്ടാണ് എന്നും ചെറിയമ്മ അച്ചനോട് വഴക്കുണ്ടാക്കി കൊണ്ടിരുന്നതു..ആ മാമൻ തന്നെ ഇപ്പോൾ അവരുടെ മകളെ വിൽക്കാൻ നടക്കുന്നു.. "പക്ഷെ നീ ഒന്ന് മനസ്സ് വച്ചാൽ ഇതിന്റെ ഒന്നും ആവശ്യം വരില്ല.. " സുധി മാമന്റെ സംസാരമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. " ഞാൻ എന്ത് ചെയ്യാനാണ്? " " നിന്റെ കെട്ടിയോനെ പറ്റി ഒക്കെ ഞാൻ അന്വേഷിച്ചു...അവൻ ആ നാട്ടിൽ അത്യാവശ്യം നല്ല വിലയും സമ്പത്തും ഒക്കെ ഉള്ള ഒരുത്തനാണെന്നു എനിക്ക് അറിയാം..

അതു പോലെ അവനു അവന്റെ കെട്ടിയോളായ നിന്നെ ജീവൻ ആണെന്നും.നീ വിചാരിച്ചാൽ ഒരു പത്തു ലക്ഷം രൂപ അവനെ കൊണ്ട് നിന്റെ വീട്ടുകാർക്ക് വേണ്ടിയാണെന്ന് പറഞ്ഞു എനിക്ക് വാങ്ങി തരാൻ കഴിയും..നീ അതു മാത്രം ചെയ്‌താൽ മതി..ഏഴു ലക്ഷം രൂപയുടെ കടം ഉണ്ട് നിന്റെ അനിയത്തിക്ക്.. അതു വീട്ടിയിട്ടു ബാക്കി മൂന്ന് ലക്ഷം രൂപ കൊണ്ട് ഇവരെ വല്ല വാടക വീടും എടുത്തു മാറ്റാം.. " ഞാൻ അയാൾക്ക്‌ പത്തു ലക്ഷം രൂപ കൊടുത്താൽ അതിൽ ഒരു ചില്ലി കാശ് പോലും എന്റെ ചെറിയമ്മയ്ക്കോ അനിയത്തിക്കോ കിട്ടാൻ പോകുന്നില്ല എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. ചെറിയമ്മയുടെയുടെയും തനുവിന്റെയും പേര് എന്നെ ഇതിൽ പെടുത്താൻ വേണ്ടി അയാൾ വെറുതെ പറയുന്നതാണ്.. " എന്റെ കയ്യിൽ പത്തു ലക്ഷം രൂപ ഒന്നുമില്ല.. ഉണ്ടെങ്കിലും ഇനി ഞാൻ തരാനും പോകുന്നില്ല.. " " അപ്പോൾ പിന്നെ നിന്റെ അനിയത്തിയുടെ ഭാവി ഇനി കോഞ്ഞാട്ട ആണെന്ന് കൂട്ടിയാൽ മതി.." ഞാൻ ഒന്നും മിണ്ടിയില്ല.ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്ന് ആലോചിക്കുകയായിരുന്നു ഞാൻ.. തനുവിനെ അറിഞ്ഞു കൊണ്ട് അങ്ങനെ ഒരു അവസ്ഥയിലേക്ക് തള്ളി വിടാൻ എനിക്ക് മനസ്സ് വരുന്നുണ്ടായിരുന്നില്ല. സൂര്യേട്ടൻ അടുത്തുണ്ടായിരുന്നെങ്കിൽ ഒരു നിമിഷം ആലോചിച്ചു പോയി.

തനുവിനെ അവിടുന്ന് രക്ഷിക്കാൻ എന്തെങ്കിലും വഴി സൂര്യേട്ടനോട് തന്നെ ചോദിക്കാം.. " എന്താടി ആലോചിക്കുന്നത്? ഞാൻ അറിയാതെ ഇവരെ ഇവിടുന്നു രക്ഷിച്ചോണ്ട് പോകാനുള്ള വല്ല വഴിയും ആണെങ്കിൽ നടക്കില്ല.. പണ്ട് നിന്റെ അച്ഛൻ എന്റെ പിടിയിൽ നിന്നും നിന്നെ രക്ഷിക്കാൻ നിന്നെ ദൂരെ അയച്ചു പഠിപ്പിക്കാൻ തീരുമാനിച്ചു.. എന്നിട്ടെന്തായി? അയാൾ പിന്നെ ജീവനോടെ തിരികെ വന്നോ? " എന്റെ ശ്വാസം നിലച്ച പോലെ തോന്നി എനിക്ക്.. എന്താണ് ഇപ്പോൾ അയാൾ പറഞ്ഞതിന്റെ അർത്ഥം? എന്റെ അച്ഛനെ അയാൾ..ഏയ് അങ്ങനെ ആവില്ല.. എന്നാലും അയാൾ ഇപ്പോൾ എന്നോട് അതു പറഞ്ഞത് മറ്റെന്തു ഉദ്ദേശത്തിൽ ആണ്? " നിങ്ങൾ ഇപ്പോൾ എന്താ പറഞ്ഞത്? " " നീ കേട്ടത് തന്നെയാണ് ഞാൻ പറഞ്ഞത്.. നിന്റെ അച്ഛന് അറിയാമായിരുന്നു എന്റെ പണി എന്താണെന്നും എന്റെ ലക്ഷ്യം നീയാണെന്നും. എന്റെ കണ്മുന്നിൽ നിന്നു നിന്നെ ദൂരേക്ക് മാറ്റാൻ വേണ്ടിയാണ് നിന്നെ ദൂരെ മാറ്റി നിർത്തി പഠിപ്പിക്കാൻ അങ്ങേരു തീരുമാനിച്ചതും.. പിന്നെയും ഞാൻ നിന്നെ ശല്യം ചെയ്‌താൽ അയാൾ എന്റെ കൊള്ളരുതായ്മകൾ ഒക്കെ നാട്ടുകാരോടും പോലീസിനോടും വിളിച്ചു പറയുമെന്നും പറഞ്ഞു..

നിന്റെ കോളേജ് അഡ്മിഷനും മറ്റുമായി നല്ല ഒരു തുക കയ്യിൽ കൊണ്ടാണ് അന്ന് നിന്റെ അച്ഛൻ യാത്ര ചെയ്തിരുന്നത്.. മറ്റൊരു നാട്ടിൽ വച്ചു ചെറിയ ഒരു ആക്‌സിഡന്റ്..ആർക്കും ഒരു സംശയവും തോന്നിയില്ല..ഇത് വരെ. ഒരു തെളിവും ഇല്ല താനും.. പിന്നെ ഇതൊക്കെ ഇപ്പോൾ നിന്നോട് പറയുന്നത് എന്തിനാണെന്ന് വച്ചാൽ എന്നെ മാറി കടന്നു എന്തെങ്കിലും ബുദ്ധി കാണിക്കാൻ ശ്രമിച്ചാൽ നിന്റെ അനിയത്തിയ്ക്കു എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന് നിന്നെ ബോധ്യപ്പെടുത്താൻ കൂടിയാണ്.. " അയാളുടെ ഭീഷണി ഒന്നും അപ്പോൾ എന്റെ കാതുകളിൽ കേൾക്കുന്നുണ്ടായിരുന്നില്ല.. എന്നെ രക്ഷിക്കാൻ ശ്രമിച്ചു ആണ് എന്റെ പാവം അച്ഛൻ.. അതും ഈ ദുഷ്ടൻ മനഃപൂർവം. ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഉൾക്കിടിലം.. " രണ്ടു ദിവസം കഴിഞ്ഞു ഞാൻ വീണ്ടും വിളിക്കും.. അപ്പോൾ എനിക്കുള്ള പൈസ നീ റെഡി ആക്കി വയ്ക്കണം. പൈസ റെഡി ആയില്ലെങ്കിൽ നീ ഒന്ന് മനസ്സ് വച്ചാലും മതി.. " അങ്ങ് ദൂരെ ഒരു തുരങ്കത്തിൽ നിന്നെന്ന പോലെ അശ്ലീലച്ചുവയോടെ അയാളുടെ വാക്കുകൾ കേട്ടെങ്കിലും പ്രതികരക്കാൻ കഴിയാത്ത വിധം അപ്പോഴും ഞാൻ ഞെട്ടി തന്നെ നിൽക്കുകയായിരുന്നു. ഫോൺ കട്ട്‌ ആയതിനു ശേഷവും ഞാൻ അങ്ങനെ തന്നെ എത്ര നേരം നിന്നു എന്നറിയില്ല.

കണ്ണുകൾ മാത്രം അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.കുറെ നേരത്തിനു ശേഷം ആണ് ഞാൻ ഈ ലോകത്തേക്ക് തിരികെ എത്തിയത്.. അപ്പോൾ ആദ്യം ഓർത്തത്‌ സൂര്യേട്ടനെ തന്നെയാണ്.. ഒന്ന് കാണണം എന്നും മനസ്സിലെ വിഷമങ്ങളൊക്കെ പങ്കു വയ്ക്കണം എന്നും തോന്നിയത് കൊണ്ട് ഞാൻ ഫോൺ എടുത്തു. അമ്മയും ഏട്ടനും അമ്പലത്തിൽ പോയിട്ട് വരാൻ എന്താ ഇത്ര താമസിക്കുന്നത് എന്നോർത്ത് കൊണ്ട് ഞാൻ ഏട്ടന്റെ നമ്പർ ഡയൽ ചെയ്തു ചെവിയോട് ചേർത്തു.. " ഹലോ.. പാറു.." ഏട്ടന്റെ സ്വരം കേട്ടപ്പോൾ ഉള്ളിൽ പൊട്ടിയ കരച്ചിൽ അടക്കി കൊണ്ട് ഞാൻ പറഞ്ഞു.. " ഹലോ ഏട്ടാ.. നിങ്ങൾ എത്താറായോ? " " ഇല്ല പാറു..ഞങ്ങൾ ദേ നമ്മുദേ പറമ്പിൽ വന്നതാ.. അമ്മ ഇതൊന്നും കണ്ടിട്ടില്ലലോ? പിന്നെ ഇനി പാടത്തും കൂടി പോയിട്ടേ വരൂ.. അമ്മേ ഇവിടെയൊക്കെ ഒന്ന് കാട്ടി കൊടുക്കട്ടെ.. " എനിക്ക് സൂര്യേട്ടനോട് അപ്പോൾ സംസാരിക്കാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോപ് അമ്മയും മകനും ഒരുമിച്ചുള്ള അവരുടെ സന്തോഷം കളയാനും ഞാൻ താല്പര്യപ്പെട്ടില്ല.. " ശെരി ഏട്ടാ.. പിന്നെ വന്നു കഴിയുമ്പോൾ എനിക്ക് ഏട്ടനോട് അത്യാവശ്യമായി കുറച്ചു സംസാരിക്കാൻ ഉണ്ട്.. " " അതെന്താ? " " അതു വന്നിട്ട് പറയാം.. "

ഫോൺ വച്ചു കഴിഞ്ഞു പിന്നെ എനിക്ക് ഒന്നും ചെയ്യാനും തോന്നുണ്ടായിരുന്നില്ല.എന്നാലും എന്തൊക്കെയോ ചെയ്തു വച്ചു എന്ന് വരുത്തി തീർത്തു .എന്നിട്ട് ഏട്ടൻ വരുന്നതും നോക്കി ഇരുന്നു. മനസിലുള്ളത് മുഴുവൻ സൂര്യേട്ടനോട് പറഞ്ഞു അതിനു എന്തെങ്കിലും ഒരു പരിഹാരം കിട്ടിയാലേ ഇനി എനിക്ക് സമാധാനം ആകുമായിരുന്നുള്ളു.. കുറെ നേരത്തിനു ശേഷമാണ് അമ്മയും ഏട്ടനും കൂടി വന്നത്.. " വല്ലാത്ത വിശപ്പ്‌ പാറു.. ഇത് വരെ ഒന്നും കഴിച്ചില്ല.. നീ കഴിക്കാൻ എന്തെങ്കിലും എടുക്കു.. " വന്നു കയറിയതെ ഏട്ടൻ പറഞ്ഞു. അമ്മയും ഏട്ടനും ഭക്ഷണം വിളമ്പിയപ്പോൾ അവർ രണ്ടു പേരും കൂടി ഇരുന്നു. എന്നോട് കഴിക്കുന്നോ എന്ന് ചോദിച്ചില്ല. ഇത്രയും വൈകിയത് കൊണ്ട് ഞാൻ കഴിച്ചു കാണുമെന്നു വിചാരിച്ചിട്ടുണ്ടാവും. എനിക്ക് തീരെ വിശപ്പും ഉണ്ടായിരുന്നില്ല. സൂര്യേട്ടൻ ഫ്രീ ആയിട്ട് എങ്ങനെയെങ്കിലും എന്റെ മനസ്സിലെ വിഷമം മുഴുവനും ഏട്ടനോട് പറയണമെന്ന് മാത്രമേ എനിക്ക് അപ്പോൾ ഉണ്ടായിരുന്നുള്ളു. എന്നാലും എന്റെ മുഖം വല്ലാതിരിക്കുന്നത് ഏട്ടൻ ശ്രദ്ധിച്ചു പോലും ഇല്ലല്ലോ എന്ന് ഒരു കുഞ്ഞു വിഷമവും തോന്നി. ഭക്ഷണം കഴിഞ്ഞു എട്ടാം മുറിയിലേക്ക് പോവുന്നത് കണ്ടു വേഗം പാത്രമൊക്കെ എടുത്തു വച്ചു ഞാനും പിറകെ ചെന്നു..

ഞാൻ ചെല്ലുമ്പോൾ ഏട്ടൻ ഫോണിൽ കുത്തി ഇരിക്കുകയാണ്.. " സൂര്യേട്ടാ.. " " ഉം .. " ഫോണിൽ നിന്നു മുഖമുയർത്താതെ ഏട്ടൻ ഒന്ന് മൂളി. ഏട്ടന്റെ ഈ പെരുമാറ്റം എനിക്ക് വല്ലാതെ തോന്നിയെങ്കിലും ഏട്ടന് ഒന്നും അറിയില്ലല്ലോ എന്ന് ഞാൻ ഓർത്തു..ഞാൻ ചെന്നു ഏട്ടന്റെ അടുത്തിരുന്നിട്ടും എന്നെ നോക്കിയില്ല.. "എനിക്കൊരു കാര്യം പറയുന്നുണ്ടെന്നു ഞാൻ പറഞ്ഞില്ലേ? " " ഞാൻ ഒരു അത്യാവശ്യ കാര്യം നോക്കി കൊണ്ട് ഇരിക്കുവാണ് .. ഒരു മിനിറ്റ്.. " ഞാൻ അക്ഷമയോടെ ഏട്ടന്റെ അത്യാവശ്യം കഴിയാൻ വേണ്ടി കാത്തിരുന്നു . അഞ്ചു മിനിറ്റ് കഴിഞ്ഞതും മുറ്റത്തു ഒരു ബുള്ളറ്റ് വന്നു നിൽക്കുന്നതിന്റെ ഒച്ച കേട്ടു.. " ആ.. ആര്യൻ വന്നു എന്ന് തോന്നുന്നു.. " എന്നും പറഞ്ഞു എന്നെ നോക്കുക പോലും ചെയ്യാതെ ഏട്ടൻ എഴുനേറ്റു പുറത്തേക്കു പോയി. എന്റെ കണ്ണുകൾ അറിയാതെ നിറയുകയും ചെയ്തു. പിന്നീട് സൂര്യേട്ടൻ തിരക്കിൽ തന്നെ ആയിരുന്നു. എന്നെ ശ്രദ്ധിച്ചതെ ഇല്ല. ആര്യൻ വന്നു കഴിഞ്ഞാൽ സൂര്യേട്ടൻ ബിസി ആവുന്നത് പതിവാണെങ്കിലും ഇന്ന് എനിക്ക് അതു വിഷമം ഉണ്ടാക്കി . പല തവണ ഞാൻ എനിക്ക് സൂര്യേട്ടനോട് സംസാരിക്കണം എന്ന് പറയാൻ ശ്രമിച്ചെങ്കിലും ഏട്ടന് ശ്രദ്ധിക്കാൻ സമയം ഇല്ലായിരുന്നു.

രാത്രി ഭക്ഷണത്തിന്റെ സമയം ആയപ്പോഴാണ് കാളിയമ്മയും മണിയണ്ണനും കൂടി തിരിച്ചെത്തിയത്. അതോടെ എല്ലാവരും കൂടി ബഹളം ആയി. ഞാൻ മാത്രം അതിലൊന്നും പങ്കു ചേരാൻ മനസ്സില്ലാതെ മാറി നിന്നു. കഴിക്കാൻ ഇരുന്നപ്പോഴും ഞാൻ വെറുതെ ചിക്കി പെറുക്കി ഇരുന്നതേ ഉള്ളു. ബാക്കി എല്ലാവരും വർത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും ഭക്ഷണം കഴിച്ചു പോയി. അന്ന് കിടക്കാൻ സൂര്യേട്ടൻ എന്റെ അടുത്തേക്ക് വരില്ല എന്ന് എനിക്ക് അറിയാമായിരുന്നു. ചിലപ്പോൾ അങ്ങനെയാണ്. രാത്രി അമ്മയും മക്കളും കൂടി അവർ പിരിഞ്ഞിരുന്ന സമയത്തെ കഥകളൊക്കെ പറയും. ചില ദിവസങ്ങളിൽ ഞാനും കൂടാറുണ്ടെങ്കിലും മിക്കവാറും അമ്മയെയും മക്കളെയും അവരുടെ ലോകത്തു വിടുകയാണ് ചെയ്യാറ്..കഥകൾ പറഞ്ഞു പറഞ്ഞു ചിലപ്പോൾ അവിടെ കിടന്നു ഉറങ്ങുകയും ചെയ്യും. ഇത് വരെ അതിൽ എനിക്ക് ഒരു പരാതിയും തോന്നിയിരുന്നില്ല. പക്ഷെ ഇന്ന് ഞാൻ എനിക്ക് ഒരു പ്രശ്നമുണ്ട് ഒന്ന് സംസാരിക്കണം എന്ന് പല തവണ പറഞ്ഞിട്ടും ഏട്ടൻ അതു അവഗണിക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. എങ്കിലും ഉറക്കം വരാതെ ഏട്ടൻ വരുമെന്ന് കരുതി ഞാൻ നോക്കി ഇരുന്നു.ഒരു മണിയായിട്ടും കാണാത്തപ്പോൾ ഞാൻ അമ്മയുടെ മുറിയിൽ ചെന്നു..

അമ്മക്കിരുവശവും കിടന്നു സൂര്യേട്ടനും ആര്യനും നല്ല ഉറക്കമായിരുന്നു. അവരെ ചേർത്തു പിടിച്ചു അമ്മയും. അന്നേദ്യമായി എനിക്ക് അവിടെ ഒരു അന്യത്വം അനുഭവപെട്ടു.. ഞാൻ വല്ലാതെ ഒറ്റപ്പെട്ടത് പോലെ.. തിരികെ മുറിയിലെത്തി ഞാൻ എന്റെ അച്ഛന്റെ ഫോട്ടോ കയ്യിലെടുത്തു.. അതിൽ മുഖം അമർത്തി ഞാൻ പൊട്ടി പൊട്ടി കരഞ്ഞു.. ആ രാത്രി തീരെ ഉറങ്ങാതെ ഞാൻ കഴിച്ചു കൂട്ടി. ആ വീട്ടിൽ ആരും എന്നീക്കുന്നതിനു മുന്നേ തന്നെ ഞാൻ രാവിലത്തെ പണികൾ എല്ലാം തീർത്തിരുന്നു. വേഗം കുളിച്ചു ഡ്രസ്സ്‌ മാറി ഞാൻ വീട് അടച്ചു പുറത്തേക്കിറങ്ങി.. അപ്പോഴും ആരും എണീറ്റിട്ടുണ്ടായിരുന്നില്ല. ആരോടും ഒന്നും പറയണമെന്നോ ഒന്നും എനിക്ക് തോന്നിയതും ഇല്ല. എന്തോ വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു അപ്പോൾ. നേരെ അമ്പലത്തിലേക്ക് തന്നെയാണ് പോയത് . കുറെ നേരം അവിടെ നടയിൽ കണ്ണടച്ച് നിന്നു. എന്ത് ചെയ്യണമെന്ന് എന്തെങ്കിലും ഒരു വഴി കാണിച്ചു തരാൻ ചാമുണ്ടെശ്വരിയോട് അപേക്ഷിച്ചു തൊഴുതു പുറത്തേക്കിറങ്ങി. അമ്പലത്തിൽ തിരക്ക് ആയിരുന്നില്ല. മെല്ലെ അമ്പലകുളത്തിന്റെ പടവുകളിലേക്കു നടന്നു..പല ചിന്തകളുമായി അതിലൊന്നിൽ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞു പോകാൻ എണീറ്റപ്പോഴാണ് തലയ്ക്കു വല്ലാത്ത ഒരു ഭാരം അനുഭവപ്പെട്ടത്. ചുറ്റും കറങ്ങുന്നത് പോലെ തോന്നിയപ്പോൾ എവിടെയെങ്കിലും ഒന്ന് പിടിച്ചു നിൽക്കാൻ കൈകൾ കൊണ്ട് പരതി.. പക്ഷെ ആ കുളപ്പടവിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ബോധരഹിതയായി ഞാൻ നിലത്തേക്ക് പതിക്കുമ്പോൾ അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story