സൂര്യപാർവണം: ഭാഗം 36

surya parvanam

രചന: നിള നിരഞ്ജൻ

മയക്കത്തിൽ നിന്നും ഉണർന്നെങ്കിലും അതിന്റെ അലസ്യം വിട്ടു മാറാതെ കണ്ണ് അടച്ചു തന്നെ ഞാൻ കിടന്നു. കിടക്കുന്നത് ഒറു കിടക്കയിലാണെന്ന് മനസിലായപ്പോൾ ഞാൻ വീട്ടിലെത്തിയെന്ന് എനിക്ക് തോന്നി. തലമുടിയിലൂടെ പതിയെ ഓടുന്ന വിരലുകളിലൂടെ സൂര്യേട്ടന്റെ സാന്നിധ്യം എനിക്ക് മനസിലായി.. ആ മുഖം കാണാൻ കണ്ണ് തുറക്കാൻ തുടങ്ങിയപ്പോഴാണ് കഴിഞ്ഞ കാര്യങ്ങൾ മനസിലേക്ക് ഓടി വന്നതു. രാവിലെ അമ്ബലത്തിൽ പോയതും തല കറങ്ങി വീണതും എല്ലാം ഓർമയിൽ വന്നു. തലേന്ന് തോന്നിയ പരിഭവവും ഓർമയിൽ വന്നപ്പോൾ ഞാൻ പതിയെ കണ്ണ് തുറന്നു. സൂര്യേട്ടൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നത് കൊണ്ട് ഞാൻ കണ്ണ് തുറന്നത് അപ്പോൾ തന്നെ ആൾ കണ്ടു.. ആ മുഖത്ത് പേടി മാറി ആശ്വാസം വിരിയുന്നത് ഞാൻ കണ്ടു. " പാറു.. മോളെ ഇപ്പോൾ എങ്ങനെ ഉണ്ട്? " തലയിൽ പതിയെ തലോടി കൊണ്ട് ഏട്ടൻ ചോദിച്ചപ്പോൾ ഞാൻ മുഖം തിരിച്ചു..എന്റെ പരിഭവം മനസിലാക്കിയെന്ന പോലെ ഏട്ടൻ എന്റെ കൈ എടുത്തു അതിൽ ചുംബിക്കുന്നത് അറിഞ്ഞിട്ടും ഞാൻ തിരിഞ്ഞു നോക്കിയില്ല. " പാറു.. പിണക്കമാണോടി ഏട്ടനോട്? " ഞാൻ ഒന്നും മിണ്ടാതെ കിടന്നു.

ഇന്നലെ മുഴുവൻ ഒന്ന് മിണ്ടാൻ ഞാൻ പിന്നാലെ നടന്നപ്പോൾ ഈ മനുഷ്യന് എന്നെ ഒന്ന് നോക്കാൻ പോലും സമയം ഇല്ലായിരുന്നല്ലോ? ഇനിയിപ്പോൾ എനിക്കും സമയം ഇല്ല..ഏട്ടൻ എന്റെ നെറ്റിയിൽ ചുംബിക്കുന്നത് അറിഞ്ഞിട്ടും ഞാൻ തിരിഞ്ഞു നോക്കിയില്ല. സാധാരണ എന്റെ പിണക്കങ്ങളൊക്കെ ഒരു ചുംബനത്തിൽ അലിഞ്ഞു പോകാറുണ്ട്.. ഇപ്പോൾ അതൊന്നും നടക്കാതെ വരുമ്പോൾ അതിശയം തോന്നുണ്ടാവും..പക്ഷെ സാധാരണ വഴക്ക് പോലെ ഇതങ്ങു വിട്ടു കളയാൻ എനിക്ക് മനസ്സ് വരുന്നുണ്ടായിരുന്നില്ല. ഒന്ന് സംസാരിക്കാൻ മാത്രമല്ലെ ഞാൻ ആഗ്രഹിച്ചുള്ളൂ.. അപ്പോൾ എന്നെ തനിച്ചാക്കി പോയതല്ലേ? എന്റെ മനസ്സിൽ സങ്കടത്തിന്റെ ഉറവ പിന്നെയും പൊട്ടി തുടങ്ങിയിരുന്നു. " പാറു.. എന്നെ ഒന്ന് നോക്കെടി മോളെ? " സൂര്യേട്ടൻ എന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. ആ മുഖത്തെ ഭാവം അപ്പോൾ എന്താണെന്ന് അറിയാൻ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു.. അതു കൊണ്ട് ഞാൻ പതിയെ തിരിഞ്ഞു.സങ്കടമോ പേടിയോ ആശങ്കയോ ഒക്കെ ആ മുഖത്ത് ഉണ്ട്..സാരമില്ല കുറച്ചു വിഷമിക്കട്ടെ..

എന്നെ കുറെ വിഷമിപ്പിച്ചതല്ലേ? " പാറു... എന്തെങ്കിലും ഒന്ന് പറയെടി.. " " ഞാൻ എന്തിനാ പറയുന്നത്? ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ സൂര്യേട്ടന് സമയം ഇല്ലല്ലോ? ഇപ്പോൾ വർത്തമാനം പറയാനും കേൾക്കാനും ഏട്ടന് ഒരുപാട് പേരുണ്ട്.. എനിക്കല്ലേ ആരും ഇല്ലാത്തതു? " എന്റെ മനസ്സിലെ ദേഷ്യവും സങ്കടവും എല്ലാം പുറത്തേക്കു വന്നു.. " പാറു... " ഏട്ടന്റെ വിളിയിൽ സങ്കടത്തോടൊപ്പം ദേഷ്യവും കലർന്നിരുന്നു..അതു മനസ്സിലായിട്ടും ഞാൻ അയഞ്ഞില്ല..എന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ല എന്ന് കണ്ടതും ഏട്ടൻ എന്റെ മുഖം തന്റെ കൈകളിൽ എടുത്തു .. " സ്വന്തമെന്നു പറയാൻ ആരും ഇല്ലാതിരുന്ന കാലത്ത് മഹിയുടേതെന്നു അവകാശത്തോടെ പറയാൻ എന്റെ ജീവിതത്തിലേക്ക് ആദ്യം വന്നത് നീയാണ്. നീയാണ് എനിക്ക് എന്റെ അമ്മയെയും അനിയനെയും ഒക്കെ കാട്ടി തന്നത്.. ആര് ആരേക്കാൾ പ്രിയപ്പെട്ടത് എന്നൊന്നും എനിക്ക് പറയാൻ കഴിയില്ല.. പക്ഷെ പാർവണ ഇല്ലെങ്കിൽ സൂര്യനും ഇല്ല.. " ഏട്ടന്റെ വാക്കുകളിലെ ഉറപ്പു മതിയായിരുന്നു എല്ലാ വിഷമങ്ങളും മായ്ച്ചു കളയാൻ.പക്ഷെ എന്നാലും ഉള്ളിൽ പരിഭവത്തിന്റെ അവശേഷിപ്പുകൾ ബാക്കി നിന്നു.. അതും എന്റെ മുഖത്ത് നിന്നു ഏട്ടൻ വായിച്ചെടുത്തു കാണണം.. " ഇന്നലെ നീയെന്തൊക്കെയോ എന്നോട് പറയാൻ വന്നപ്പോൾ എനിക്ക് കേൾക്കാൻ സാധിച്ചില്ല.. അമ്മയും ആര്യനും ഒക്കെയായി സംസാരിച്ചു ഇരുന്നു ഞാൻ അതു മറന്നു പോയി.

പക്ഷെ എന്തെങ്കിലും കാര്യമില്ലാതെ നീയെന്നെ വിളിക്കില്ലന് ഞാൻ ഓർക്കണം ആയിരുന്നു.. സോറി മോളെ.. ഇനി ഇങ്ങനെ ഉണ്ടാവില്ല.. ഈ ഒരു തവണത്തേക്ക് നിനക്ക് എന്നോടൊന്നു ക്ഷമിച്ചു കൂടെ..? നിന്റെ ഈ മൗനം ഇനിയും താങ്ങാൻ വയ്യാത്തത് കൊണ്ടാണ്.. " അതു പറയുമ്പോൾ ആ കണ്ണുകളും ചെറുതായി നിറഞ്ഞിരുന്നു.അതു എനിക്കും വിഷമം ഉണ്ടാക്കി. ഇനിയും പിടിച്ചു നിൽക്കാൻ എന്നെ കൊണ്ടും പറ്റില്ലായിരുന്നു " ഒരു കാര്യം പറയാൻ എത്ര പിറകെ നടന്നു ഞാൻ.. രാത്രീ ഏട്ടൻ വരുമെന്ന് കരുതി എത്ര നേരം കാത്തിരുന്നു എന്നറിയുവോ? എന്നിട്ടും കാണാതായപ്പോഴാണ് ഞാൻ അമ്മേടെ മുറിയില് വന്നു നോക്കിയത്.. അപ്പോൾ ഏട്ടൻ അവിടെ കിടന്നു ഉറങ്ങുന്നത് കണ്ടപ്പോൾ എന്തോ ഞാൻ പെട്ടെന്ന് ആരുമില്ലാതെ തനിച്ചായതു പോലെ.." പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കാതെ സൂര്യേട്ടൻ എന്റെ വായ പൊതി.. അരുതെന്നു തല അനക്കി കാണിച്ചു.. " സൂര്യൻ ഉള്ളിടത്തോളം കാലം പാർവണ തനിച്ചാവില്ല.." ഏട്ടൻ ഒന്ന് നിർത്തിയിട്ടു മെല്ലെ തന്റെ ഒരു കൈ എന്റെ വയറിനു മുകളിൽ ആയി വച്ചു. " പിന്നെ ഇപ്പോൾ നമുക്ക് കൂട്ടിനു ഒരാൾ കൂടി വരാൻ പോവല്ലേ? " ഞാൻ തെല്ലതിശയത്തോടെ ഏട്ടന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി.

സൂര്യേട്ടൻ നിറഞ്ഞ ചിരിയോടെ എന്നെ അതെയെന്ന് തലയാട്ടി കാണിച്ചു.. അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. ഡേറ്റ് തെറ്റിയപ്പോൾ സംശയം തോന്നിയിരുന്നു.. ഒരു കിറ്റ് വാങ്ങി ടെസ്റ്റ്‌ ചെയ്യാൻ ഇരുന്നിരുന്നതാണ്..കട്ടിലിൽ നിന്നും എണീറ്റു രണ്ടു കൈ കൊണ്ടും ഏട്ടന്റെ കഴുത്തിലൂടെ കയ്യിട്ടു കെട്ടി പിടിച്ചു.. സൂര്യേട്ടനും എന്നെ തന്നോട് ചേർത്തു പിടിച്ചു.. മറ്റെല്ലാം മറന്നു എന്റെ ലോകം ആ നിമിഷങ്ങളിൽ ഞങ്ങൾ മൂന്നു പേരിലേക്കും ചുരുങ്ങിയിരുന്നു.. വാക്കുകൾക്കൊന്നും ആ സമയത്തു യാതൊരു പ്രസക്തിയും എനിക്ക് തോന്നിയില്ല. " ബിപി കൂടുതൽ ഉണ്ട്.. അതു കൊണ്ട് നന്നായി റസ്റ്റ്‌ എടുക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്.. " എന്നാലും എനിക്ക് അകന്നു മാറാൻ മടിയായിരുന്നു.. ആ നെഞ്ചിലെ ചൂടിലേക്ക് ഞാൻ ഒന്ന് കൂടി പറ്റിച്ചേർന്നു.. "ഈ പെണ്ണ്.." ഒരു ചിരിയോടെ സൂര്യേട്ടൻ എന്നെ നെഞ്ചോടു ചേർത്തു തന്നെ കട്ടിലിലേക്ക് കയറി ചാരി ഇരുന്നു..പതിയെ എന്റെ മുടിയിൽ അരുമയായി തഴുകി തന്നു കൊണ്ടിരുന്നു..വീണ്ടും മയങ്ങി വീഴാൻ തുടങ്ങുമ്പോഴാണ് എന്റെ ഫോൺ ശബ്ദിച്ചത് ..സ്വപ്നലോകത്ത് നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നത് പോലെ തോന്നി എനിക്ക് അപ്പോൾ. അതു എന്നെ പലതും ഓര്മിപ്പിക്കുന്നുണ്ടായിരുന്നു..സൂര്യട്ടനിൽ നിന്നും അകന്നു മാറി ഞാൻ ആ ഫോണിലേക്കു നോക്കി.

എന്റെ മുഖത്തെ ഭയവും സങ്കടവുമൊക്കെ സൂര്യേട്ടനും നോക്കി കാണുന്നുണ്ടായിരുന്നു. ഏട്ടൻ ഒന്നും മിണ്ടാതെ ആ ഫോൺ എടുത്തു എന്റെ കയ്യിൽ തന്നു.. വാങ്ങാൻ മടിച്ചു നിൽക്കുന്നത് കണ്ടു ഏട്ടൻ പറഞ്ഞു.. " ഞാൻ ഉള്ളപ്പോൾ നീ ആരെയാ എന്തിനെയാ പേടിക്കുന്നത്? ധൈര്യമായി സംസാരിക്കു.. " എനിക്ക് എവിടുന്നോ കുറച്ചു ധൈര്യമൊക്കെ വന്നത് പോലെ തോന്നി.. ഏട്ടൻ തന്നെ വന്ന കാൾ അറ്റൻഡ് ചെയ്തു സ്പീക്കറിൽ ഇട്ടു എന്റെ കയ്യിൽ തന്നു.. " ഹലോ.. " " ഹലോ.. നീ എവിടെയായിരുന്നു? നേരത്തെ വിളിച്ചപ്പോൾ ആരാ ഫോൺ എടുത്തത്? " സുധി മാമന്റെ സ്വരം കാതിൽ വന്നു പതിഞ്ഞു. അപ്പോൾ മാമൻ നേരത്തെ വിളിച്ചിരുന്നോ? ഏട്ടനായിരിക്കും എടുത്തത്.. മാമൻ എന്തേലും പറഞ്ഞു കാണുമോ? ഞാൻ ഏട്ടനെ നോക്കിയപ്പോൾ സംസാരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.. " ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു. ഫോൺ അടിക്കുന്നത് കണ്ടപ്പോൾ ഭർത്താവാണ് എടുത്തത്.. " " ഉം.. എന്തായി ഞാൻ പറഞ്ഞ കാര്യം? ക്യാഷ് റെഡി ആയോ? " " എന്റെ കയ്യിൽ അത്രയും പൈസ ഒന്നും ഇല്ല.. നിങ്ങള്ക്ക് തരാനും മാത്രം.. " " അപ്പോൾ നിനക്ക് നിന്റെ അനിയത്തിയുടെ ഭാവിയെ പറ്റി യാതൊരു ചിന്തയും ഇല്ലല്ലേ? എന്നെ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്നൊക്കെ ഞാൻ പറഞ്ഞതല്ലേ?"

അതൊക്കെ ഓർക്കും തോറും വല്ലാത്ത വിഷമം മനസ്സിൽ വന്നു നിറഞ്ഞു.. ഏട്ടനെ നോക്കുമ്പോൾ വീണ്ടും സംസാരിക്കാൻ പറഞ്ഞു.. " നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എന്റെ കയ്യിൽ ഇല്ലാത്ത ക്യാഷ് ഞാൻ എങ്ങനെ തരാൻ ആണ്? " " നിന്റെ കയ്യിൽ ക്യാഷ് ഇല്ലെങ്കിൽ നീയൊന്നു സഹകരിച്ചാലും മതി. കുറച്ചു നാൾ ഒരുത്തന്റെ കൂടെ കഴിഞ്ഞത് ആണെങ്കിലും നിനക്ക് ഇപ്പോളും നല്ല ഡിമാൻഡ് ഉണ്ടാവും.. നിന്റെ അനിയത്തിയൊന്നും അത്രയും വരില്ല" എന്റെ നോട്ടം അറിയാതെ സൂര്യട്ടനിലേക്ക് പോയി.. കണ്ണടച്ച് ആണ് ഇരിക്കുനത്.. എങ്കിലും കൈ ദേഷ്യം കൊണ്ട് ചുരുട്ടി പിടിച്ചിട്ടുണ്ട്.. ഇപ്പോൾ സുധി മാമൻ എങ്ങാനും മുന്നിൽ വന്നു പെട്ടാൽ അങ്ങേരുടെ കാര്യം തീർന്നത് തന്നെ.. " നീ ഒന്ന് ആലോചിച്ചിട്ട് പറ.. ഞാൻ പിന്നെ വിളിക്കാം.. " സുധി മാമന്റെ കാൾ കട്ട്‌ ആയതും ഞാൻ ഫോൺ ബെഡിലേക്ക് ഇട്ടു വീണ്ടും ഏട്ടന്റെ കൈകളിലേക്ക് ചേക്കേറി.. ഇത്തവണ എന്നെ ചേർത്തു വച്ച കൈകൾക്കു നല്ല ബലം ആയിരുന്നു.. " സൂര്യേട്ടൻ എങ്ങനെ അറിഞ്ഞു? " " കുറച്ചു മുന്നേ നിന്റെ ഫോണിലേക്കു ഒരു കാൾ വന്നിരുന്നു.. സേവ് ചെയ്യാത്ത നമ്പർ ആയിരുന്നു.. ഞാൻ എടുത്തു ഹലോ എന്ന് വച്ചപ്പോഴേക്കും അപ്പുറത്ത് നിന്നും കട്ട്‌ ആക്കി.. പിന്നെ ഇന്നലത്തെ നിന്റെ പെരുമാറ്റവും.. എല്ലാം കൂടി സംശയം തോന്നി ഞാൻ ആര്യനെ കൊണ്ട് ഈ നമ്പർ ആരുടേതാണെന്ന് തിരക്കിച്ചു.. അവൻ പറഞ്ഞു ഇത് തനുവിന്റേതാണെന്ന് മനസിലാക്കിയപ്പോഴേ തോന്നി അവർ നിന്നെ എന്തോ പറഞ്ഞു വിഷമിപ്പിക്കയാണെന്നു..

ഇപ്പോൾ പറ.. എന്താ ഉണ്ടായേ? " ഒന്ന് മനസ്സ് തുറക്കാൻ വെമ്പി നിന്നവളെ പോലെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഇന്നലെ ഉണ്ടായതു മുഴുവൻ വിവരിച്ചു കൊടുത്തു.. " ബാക്കി ഒക്കെ ഞാൻ സഹിക്കുമായിരുന്നു ഏട്ടാ.. എന്നെയുണ് എന്റെ സ്വത്തുക്കളും കിട്ടാൻ വേണ്ടി അവർ എന്റെ പാവം അച്ഛനെ.. എന്നിട്ടും ഇത്രയും നാൾ ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ? എന്റെ അച്ഛൻ.. എനിക്ക് വേണ്ടി.. " സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ പൊട്ടികരഞ്ഞു.. ഏട്ടൻ എന്നെ തന്നോട് ചേർത്ത് ഇരുത്തി.. ഞാൻ കരഞ്ഞു തീരുന്നതു വരെ എന്നോടൊപ്പം ഇരുന്നു.. മനസ്സ് ഒന്ന് ശാന്തം ആയപ്പോൾ ഞാൻ കരച്ചിൽ നിർത്തി ആ നെഞ്ചിൽ തളർന്നു കിടന്നു.. " കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതൊന്നും ഓർത്തിട്ടു കാര്യം ഇല്ലല്ലോ? സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു.. എന്റെ പൊന്നു അതൊക്കെ മനസ്സിൽ നിന്നു കള.. എളുപ്പം അല്ലായെന്നു ഏട്ടന് അറിയാം.. പക്ഷെ ഇപ്പോൾ അങ്ങനെ ചെയ്തേ പറ്റൂ.. ഡോക്ടർ പറഞ്ഞത് ഒരുപാടു സൂക്ഷിക്കണം എന്നാണ്..ബിപി കൂടിയാൽ നിനക്കും കുഞ്ഞിനും ആപത്താണ്.. ഇങ്ങനെ വിഷമിച്ചിരുന്നാൽ അതു കൂടുകയേ ഉള്ളു.നിനക്കോ നമ്മുടെ കുഞ്ഞിനോ എന്തെങ്കിലും വന്നു പോയാൽ പിന്നെ ഞാനും ഇല്ല... " " പക്ഷെ ഇപ്പോൾ നമ്മൾ എന്ത് ചെയ്യും സൂര്യേട്ടാ? തനു എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല.. എന്നും വെറുത്തിട്ടെ ഉള്ളു..പക്ഷെ ഇപ്പോൾ അവളുടെ മാനത്തിന് പോലും അയാൾ വില പറയുമ്പോൾ.. അവളെ തള്ളണോ കൊള്ളണോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല ഏട്ടാ.. "

" നിന്റെ കെട്ടിയോൻ ഇവിടെ ഇങ്ങനെ ആറടി പൊക്കത്തിൽ ഇരിക്കുമ്പോൾ എന്തിനാടി പെണ്ണെ നീയിങ്ങനെ വിഷമിക്കുന്നത്? ഇതിനി ഞാൻ കൈകാര്യം ചെയ്തോളാം.. " അതു എനിക്കും അറിയാവുന്ന കാര്യമായിരുന്നു. എങ്കിലും ഭയം ബാക്കി നിന്നു. അതു കണ്ടിട്ട് ഏട്ടൻ വീൺടും എന്നോട് ചോദിച്ചു.. " ഇനിയെന്താ മോളെ? എല്ലാം ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞില്ലേ? " " പക്ഷെ സൂര്യേട്ടൻ ഇതിനായിട്ട് ഇറങ്ങി തിരിച്ചിട്ടു ഇനിയും പോലീസ് കേസ് എന്നൊക്കെ വന്നാലോ? തന്നെയുമല്ല.. എന്റെ അച്ഛനെ ചെയ്ത പോലെ അയാൾ ഏട്ടനെയും.. " ഞാൻ പറയുന്നത് കേട്ടിട്ട് ഏട്ടൻ എന്നെ ചിരിയോടെ ചേർത്തു പിടിച്ചു.. " ഇത്ര നാൾ കൂടെ കഴിഞ്ഞിട്ടും നിനക്ക് എന്നെ മനസിലായില്ലേ? ഇവനൊന്നും വിചാരിച്ചാൽ എന്നെ ഒന്നും ചെയ്യാൻ പറ്റില്ല.. നീ അതൊന്നും ഓർത്തു പേടിക്കയും വേണ്ട..നീ ഇനി നമ്മുടെ കുഞ്ഞിന്റെ കാര്യം മാത്രം ഓർത്താൽ മതി.. പിന്നെ ഇടക്കിടക്കൊക്കെ ഈ പാവം കെട്ടിയോന്റെയും.. " കുസൃതി ചിരിയോടെ ഏട്ടൻ അതും പറഞ്ഞു എന്നെ നോക്കി മീശ പിരിച്ചു.. എന്റെ ശ്രദ്ധ തിരിക്കാനാണ് ഏട്ടൻ ശ്രമിക്കുന്നതെന്നു മനസിലായെങ്കിലും എനിക്ക് അതു ഇഷ്ടപ്പെട്ടു. " വേണമെങ്കിൽ ഇപ്പോൾ കുറച്ചു നേരം എന്നെ പരിഗണിക്കാം കേട്ടോ.ചെറുതായിട്ട്... " " ഇവിടെ വച്ചോ? "

ഹോസ്പിറ്റൽ മുറിയിലൂടെ കണ്ണോടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.. "അതെന്താ ഇവിടെ വച്ചു ഒരു ഉമ്മ വച്ചാലും.ഞാൻ എന്റെ പെണ്ണിനേയും കൊച്ചിനെയും ഒന്ന് സ്നേഹിക്കാൻ പോവാ.. ആരാ ചോദിക്കാൻ എന്ന് നോക്കട്ടെ.." മുഖം കയ്യിലെടുത്തു പതിയെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ട് സൂര്യേട്ടൻ പറഞ്ഞു. ശേഷം മുഖമാകെ ഉമ്മകൾ കൊണ്ട് മൂടുമ്പോഴും പതിയെ ഒരു കൈ കൊണ്ട് എന്റെ വയറ്റിൽ തഴുകുന്നുണ്ടായിരുന്നു.അറിയാതെ ഞാനും പരിസരം മറന്നു ആ സ്നേഹത്തിലേക്കു ലയിച്ചു.ഏട്ടന്റെ ചുണ്ട് എന്റെ ചുണ്ടുകളിലേക്കു നീണ്ടതും വാതിലിൽ മുട്ട് കേട്ടു..ഒപ്പം അകത്തേക്ക് വരാമോ എന്ന് ചോദിച്ചു കൊണ്ടുള്ള ആര്യന്റെ സ്വരവും.. " ഹ.. ആരാ വരുന്നതെന്ന് ഇപ്പോൾ കണ്ടില്ലേ? " നശിപ്പിച്ചു എന്ന് പിറുപിറുത് കൊണ്ട് ഏട്ടൻ എണീറ്റതും ഞാൻ വായ പൊത്തി ചിരിച്ചു കൊണ്ട് കട്ടിലിൽ ചാരി ഇരുന്നു.. കയറി വാടാ എന്ന് പറഞ്ഞു കൊണ്ട് ഏട്ടൻ കസേരയിലേക്കിരുന്നു. ആര്യൻ ഒരു ചിരിയോടെ വാതിൽ തുറന്നു കയറി വന്നു.. " കൺഗ്രാറ്റസ് പാറു കുട്ടി.. " " താങ്ക് യു " ആര്യൻ സൂര്യേട്ടന് നേരെ തിരിഞ്ഞു.. " ഞാൻ എത്ര നേരമായി പുറത്തു വെയിറ്റ് ചെയ്യുന്നു.. രണ്ടും കൂടി ഇതിനകത്തു എന്തെടുക്കുവാരുന്നു? ദേ.. വയ്യാതിരിക്കുന്ന കൊച്ച.. ആ ഓർമ വേണം കേട്ടല്ലോ? " ആര്യൻ കളിയാക്കികൊണ്ട് പറഞ്ഞപ്പോൾ ഏട്ടൻ അവനെ കണ്ണുരുട്ടി കാണിക്കുന്നത് കണ്ടു.. " നീ എല്ലാവരെയും വിളിച്ചു പറഞ്ഞോ? " വിഷയം മാറ്റാൻ ഏട്ടൻ ആര്യേട്ടനോട് ചോദിച്ചു.. " പിന്നെ.. അതൊക്കെ എപ്പോഴേ പറഞ്ഞു..

എല്ലാവരും കൂടി ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്.. ഇപ്പോളെത്തും .. അതു അറിഞ്ഞത് മുതൽ അമ്മ നിലത്തെങ്ങും അല്ല.. " ആര്യൻ പറയുന്നത് കേട്ടു ഞാൻ ചിരിച്ചു. എന്നാൽ സൂര്യേട്ടന്റെ മുഖത്ത് മാത്രം എന്തോ ചെറിയ ടെൻഷൻ ഞാൻ കണ്ടു..ആര്യനോട് സംസാരിച്ചു കൊണ്ടിരിക്കെ തന്നെ എല്ലാവരും വന്നു. ആര്യേട്ടൻ പറഞ്ഞത് പോലെ അമ്മയുടെ സന്തോഷത്തിനു അതിരുകൾ ഇല്ലായെന്ന് തോന്നി.. എന്റെ അടുത്തുന്നു മാറാതെ നിന്നു ഓരോന്ന് ചെയ്തു കൊണ്ടിരുന്നു. ഞാനും അമ്മയും ഓരോന്ന് പറഞ്ഞു ചിരിക്കുന്നത് കണ്ടപ്പോൾ സൂര്യേട്ടന്റെ മുഖത്തെ ടെൻഷൻ മാറി ചിരി വിരിയുന്നത് ഞാൻ കണ്ടു.. അപ്പോൾ അതായിരുന്നു കാര്യം.. ഇന്നലത്തെ ഞങ്ങളുടെ പിണക്കത്തിന്റെ പേരിൽ എനിക്ക് അമ്മയോട് ദേഷ്യം കാണുമോ എന്ന് പേടിച്ചതാണ് ആള്.. ഞാനോ അമ്മയോ എന്ന ഒരു അവസ്ഥ വന്നാൽ ആള് തകർന്നു പോകും എന്ന് തോന്നി.. ഇനി ഇങ്ങനത്തെ വഴക്ക് വേണ്ടായെന്നു ഞാൻ അപ്പോഴേ മനസ്സിൽ ഉറപ്പിച്ചിരുന്നു.. ആരൊക്കെ വന്നാലും പോയാലും സൂര്യേട്ടന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനത്തിനും സ്നേഹത്തിനും ഒന്നും സംഭവിക്കില്ല. പിന്നെ ഞാനെന്തിനാ വിഷമിക്കുന്നെ? ഞാൻ ഏട്ടനെ നോക്കി മനസ്സ് നിറഞ്ഞു ചിരിച്ചപ്പോൾ എന്റെ മനസ്സറിഞ്ഞ പോലെ ഒരു ചിരി എനിക്കും തിരിച്ചു തന്നു..

അന്ന് ഹോസ്പിറ്റലിൽ കിടക്കണമെന്ന് പറഞ്ഞിരുന്നത് കൊണ്ട് അമ്മയും ഞങ്ങളുടെ കൂടെ നിന്നു. കാളിയമ്മയും മണിയണ്ണനും കാവ്യയും ഒക്കെ എന്നെ കാണാൻ വന്നു തിരികെ പോയി. കുറച്ചു കഴിഞ്ഞു ഞാൻ എന്റെ ഫോൺ തിരക്കിയെങ്കിലും അവിടെ ഒന്നും കണ്ടില്ല. അപ്പോൾ എനിക്ക് മനസിലായി അതു സൂര്യേട്ടന്റെ കയ്യിൽ ആയിരിക്കുമെന്ന്. വീൺടും സുധി മാമൻ വിളിച്ചു എന്നെ വിഷമിപ്പിക്കാതെ ഇരിക്കാൻ മാറ്റി വച്ചതാവും. ഇടയ്ക്കു ഏട്ടനും ആര്യേട്ടനും കാശിയേട്ടനും ഒക്കെ കൂടി മാറി നിന്നു എന്തൊക്കെയോ പറയുന്നത് കണ്ടു. ആര്യേട്ടൻ കൂടെ ഉള്ളത് ഒരു ധൈര്യം തന്നെ ആയിരുന്നു. സൂര്യേട്ടൻ ഒന്നിലും ചെന്നു എടുത്തു ചാടാതെ നോക്കി കൊള്ളും.അതു കൊണ്ട് ഏട്ടൻ പറഞ്ഞത് പോലെ എന്റെ ടെൻഷൻ ഒക്കെ മാറ്റി വച്ചു ഞാൻ സമാധാനമായി ഇരുന്നു. പിറ്റേ ദിവസം രാവിലെ എന്നെ ഡിസ്ചാർജ് ചെയ്തു. എന്നെ വീട്ടിലാക്കി ഏട്ടൻ എന്റെ അടുത്തേക്ക് വന്നു.. " ഞാൻ ആര്യനോട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു.. അയാൾക്ക്‌ വേണ്ടത് പത്തു ലക്ഷം രൂപ അല്ലേ? ഇനി അയാൾ വിളിക്കുമ്പോൾ നീ അയാൾക്ക്‌ പൈസ കൊടുക്കാമെന്നു പറയണം.." ഞാൻ അതിശയത്തോടെ ഏട്ടനെ നോക്കി.. " നമ്മൾ അയാൾക്ക്‌ പൈസ കൊടുക്കാൻ പോവണോ? " " പിന്നെ കൊടുക്കാൻ പോവാണ്.. പൈസ അല്ല.. നല്ല ഉഗ്രൻ പണി.. ഇനി എന്റെ പെണ്ണിനെ ശല്യപെടുത്താൻ അവൻ വേണ്ട.നീ തത്കാലം ഞാൻ പറയുന്നത് പോലെ ചെയ്‌താൽ മതി.. ബാക്കി ഞങ്ങൾ നോക്കി കൊള്ളാം."

പിന്നെ സുധി മാമന്റെ ഫോണിനായുള്ള കാത്തിരിപ്പു ആയിരുന്നു.മാമന്റെ ഫോൺ വന്നപ്പോൾ പൈസ തരാമെന്നു ഞാൻ പറഞ്ഞു. പൈസയുമായി ഞാൻ ഒറ്റയ്ക്ക് മാമൻ പറയുന്നിടത്തു വരണമെന്ന് പറഞ്ഞു . ഞാൻ സമ്മതിക്കുകയും ചെയ്തു. ചെല്ലേണ്ട സ്ഥലം നാളെ പറഞ്ഞു തരാമെന്നു പറഞ്ഞു മാമൻ ഫോൺ വച്ചു. പിറ്റേ ദിവസം സ്ഥലം പറഞ്ഞു കൊണ്ട് മാമന്റെ കാൾ വന്നു. " ഞങ്ങൾ പോയിട്ട് വരാം.. ഒരു ടെൻഷനും വേണ്ട.. നിനക്കും കുഞ്ഞിനും മേൽ ആപത്തിന്റെ ഒരു നിഴൽ പോലും ഉണ്ടാവാൻ പാടില്ല.. അയാളെ വെറുതെ വിട്ടാൽ ഇനിയും അയാൾ ഇടയ്ക്കിടെ നിന്റെ സ്വസ്ഥത നശിപ്പിക്കും.. അതു വേണ്ട.. " പോകാനായി തയ്യാറായി ഏട്ടൻ എന്റെ അടുത്തു വന്നിരുന്നു പറഞ്ഞു. ഞാൻ ഏട്ടനെ കെട്ടിപിടിച്ചു.. " സൂക്ഷിക്കണേ.. അച്ഛനെ നഷ്ടപെട്ട പോലെ എനിക്ക്.. സൂര്യൻ ഇല്ലാതെ പാർവണ ഇല്ല.. " " എനിക്കറിയാം.. " ഏട്ടൻ എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു..ഏട്ടൻ ആര്യനെയും കാശിയേട്ടനെയും കൂട്ടി പോകുന്നതും നോക്കി വല്ലാത്ത ഒരു ഭാരത്തോടെ ഞാൻ ഇരുന്നു. " അപ്പോൾ എല്ലാം എല്ലാവർക്കും ഓർമ ഉണ്ടല്ലോ? " ജീപ്പിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആര്യൻ മറ്റു രണ്ടു പേരോടുമായി ചോദിച്ചു.അവർ രണ്ടാളും ഉണ്ടെന്നു തലയാട്ടി. " അവൻ ഒരു ഒന്നാം തരം ക്രിമിനൽ ആണ്.. അവനെ നല്ല പോലെ കുടുക്കാൻ സാധിച്ചാൽ അതു ഡിപ്പാർട്മെന്റിനും ഒരു മുതൽ കൂട്ടാണ്.. ഒരുപാട് പാവം പെണ്ണുങ്ങളുടെ ജീവിതവും രക്ഷപെടും." ആര്യൻ പറഞ്ഞു.

" നീ പിടിക്കുന്നതൊക്കെ കൊള്ളാം.. അതിനു മുന്നേ അവനെ എനിക്ക് നന്നായി ഒന്ന് കാണണം.. എന്റെ പെണ്ണിന്റെ മാനത്തിനു വില പറഞ്ഞതാ അവൻ.. അതും ഒരു തവണ അല്ല.. പലപ്പോഴും.. പിന്നെ ഞാൻ കണ്ടിട്ടില്ലെങ്കിലും എന്റെ അമ്മായി അപ്പനെ കൊന്നവൻ അല്ലേ? " മഹി അവനോടു പറഞ്ഞു.. " അതിനൊക്കെ ഉള്ളത് നമ്മൾ പ്രത്യേകമായി കൊടുക്കില്ലേ? അതൊക്കെ എടുത്തു പറയേണ്ട കാര്യമുണ്ടോ? " കാശി ചോദിച്ചപ്പോൾ അവർ മൂവരും ഗൂഢമായി ചിരിച്ചു.സുധി പറഞ്ഞ സ്ഥലം എത്താറായപ്പോൾ ആര്യനും കാശിയും ഇറങ്ങി മാറി. മഹി ഒറ്റക്കാണ് ചെന്നത്. വിജനമായ സ്ഥലവും കെട്ടിടവും കണ്ടപ്പോൾ തന്നെ പാറുവിനെ ഇവിടെ കൊണ്ട് വന്നു ട്രാപ് ചെയ്യാൻ ആയിരുന്നു അവന്റെ പ്ലാൻ എന്ന് മഹിക്ക് മനസിലായി. താൻ അവൾ പറയുന്നത് കേൾക്കാതെ വന്നപ്പോൾ അവൾ ഒറ്റയ്ക്ക് ഇവിടെ ഒന്നും വന്നു ചാടാത്തതിന് അവൻ ദൈവത്തോട് നന്ദി പറഞ്ഞു. ചുറ്റും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് അവൻ അകത്തേക്ക് നടന്നു. സുധി പാറുവിനെ കാത്തു അവിടെ തന്നെ ഉണ്ടായിരുന്നു.. അയാൾക്കൊപ്പം തനുവും അമ്മായിയും.. പണ്ട് താൻ കണ്ട ആൾക്കാരെ അല്ല അവർ എന്ന് മഹിക്ക് തോന്നി. ക്ഷീണിച്ചു ഒരു പരുവം ആയിരിക്കുന്നു. ചെയ്ത തെറ്റിന്റെ ഒക്കെ ശിക്ഷ തന്നെ. താൻ പ്രതീക്ഷിച്ച ആളെ കാണാത്തപ്പോൾ തന്നെ സുധിയുടെ മുഖത്ത് നിരാശയും ദേഷ്യവും നിറഞ്ഞു.. പക്ഷെ അവനെ കണ്ടപ്പോൾ തനുവും അമ്മായിയും പരസ്പരം നോക്കുന്നത് അവൻ കണ്ടു..

തന്നെ അവർക്കു മനസിലായി എന്നതിന്റെ തെളിവ്.. " ഓഹോ.. അവൾ എല്ലാം നിന്റെ അടുത്തു വന്നു കൊട്ടിഘോഷിച്ചു അല്ലേ? എന്നിട്ട് അനിയത്തിയേയും രണ്ടാനമ്മയെയും രക്ഷിക്കാൻ കെട്ടിയോനെ പറഞ്ഞു വീട്ടിരിക്കുകയായിരിക്കും.. എനിക്കെതിരെ തിരിഞ്ഞാൽ എന്താ സംഭവിക്കുക എന്ന് അവളുടെ അച്ഛന് സംഭവിച്ചതൊക്കെ പറഞ്ഞു അവളെ ബോധ്യപ്പെടുത്തിയിട്ടും അവൾക്കു മനസിലായില്ല അല്ലേ? " മഹി ഒന്ന് ചിരിച്ചു.. " അതിനു എന്നെ അവൾ പറഞ്ഞു വിട്ടതല്ലലോ സുധീന്ദ്ര.. ഞാൻ സ്വയം ഇങ്ങു വന്നതാ..ഭാര്യക്ക് ഒരു ആപത്തു വന്നാൽ രക്ഷിക്കേണ്ടത് ഭർത്താവിന്റെ കടമ അല്ലേ? " സുധിയുടെ മുഖത്ത് പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു.. " എന്നാൽ ഇനി മുതൽ അവൾക്കു രക്ഷകനായി ഇങ്ങനെ ഒരു കെട്ടിയോൻ ഉണ്ടാവില്ല. " " എന്റെ നാട്ടിൽ വന്നു എന്റെ സ്വത്തും വിവരങ്ങളും ഒക്കെ തിരക്കിയ കൂടെ എന്റെ സ്വഭാവത്തെ പറ്റി നീ തിരക്കിയില്ലേ സുധി..അതും കൂടി തിരക്കണമായിരുന്നു.. ഞാൻ സ്നേഹിക്കുന്നവരെ ആരെങ്കിലും ഉപദ്രവിച്ചാൽ എന്റെ സ്വഭാവം പിന്നെ വളരെ മോശം ആണ്.. " " അതിനേക്കാൾ മോശം സ്വഭാവം ഉള്ള കുറച്ചു ആളുകളെ ഞാനും കൊണ്ട് വന്നിട്ടുണ്ട്.. അവൾ എന്തെങ്കിലും അതിസാമർഥ്യം കാണിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു.. അതു കൊണ്ട് ഒന്ന് കരുതി ഇരുന്നതാ.. " സുധി പുറകിലേക്ക് നോക്കി.. " ഡാ.. പിള്ളേരെ.. വാടാ... " അകത്തെ മുറിയിൽ നിന്നു തടിമാടന്മാരായ മൂന്ന് പേര് ഇറങ്ങി വന്നു. മഹി അവരെ അടിമുടി ഒന്ന് നോക്കി..

അവരെ കണ്ടിട്ടും മഹിയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നും കാണാത്തതു സുധിയെ അമ്പരിപ്പിച്ചെങ്കിലും അയാൾ അതു പുറത്തു കാണിച്ചില്ല.. " ഇവൻ ഇവിടുന്നു ജീവനോടെ തിരിച്ചു പോകരുത്.. കുറെ നാളായി എന്റെ കയ്യിൽ നിന്നു വഴുതി പൊയ്ക്കൊണ്ടിരിക്കുവാ അവൾ..നീ ഇല്ലാതായി കഴിയുമ്പോൾ പിന്നെ ഇനി നിന്റെ കെട്ടിയവളെ സംരക്ഷിക്കാൻ ആരാ വരുന്നതെന്ന് കാണാം.." " ആരാ ഇല്ലാതാവുന്നതൊക്കെ നമുക്ക് കാണാം.. " മഹി മുണ്ട് മടക്കി കുത്തി.. " എന്നാൽ നമുക്ക് തുടങ്ങിയാലോ മക്കളെ.. " മഹിയുടെ വെല്ലുവിളി കേട്ടതും അവന്മാർ ദേഷ്യത്തോടെ ഓടി അവന്റെ അടുത്തേക്ക് അടുത്തു. അവൻ ഒഴിഞ്ഞു മാറിക്കൊണ്ട് ആദ്യം ഓടിയെത്തവനിൽ നിന്നു തന്നെ തുടങ്ങി. മഹിയുടെ മെയ്‌വഴക്കവും ധൈര്യവും സുധിയേയും സുഭദ്രയെയും തനുവിനെയും ഒരുപോലെ അമ്പരപ്പിച്ചു.. അധികം വൈകാതെ തന്നെ സുധിയുടെ ആളുകളിൽ രണ്ടു പേരുടെ കാര്യത്തിൽ ഒരു തീരുമാനം ആയിരുന്നു. മഹിക്കാണെങ്കിൽ ഒരു കുലുക്കവും ഇല്ല താനും.മൂന്നാമനും അധിക നേരം പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന് സുധിക്കു മനസിലായി തുടങ്ങിയിരുന്നു. മഹി രണ്ടാമനെ അടിക്കുന്ന തിരക്കിൽ ആയപ്പോൾ സുധി പതിയെ ചുറ്റും കണ്ണ് കൊണ്ട് പരതി .കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ എന്തോ കണ്ട പോലെ തിളങ്ങി.. അവൻ മുറിയുടെ മൂലയ്ക്ക് കിടന്ന ഒരു വലിയ കമ്പി എടുത്തു.. മഹി കാണാതെ അവന്റെ പിറകിലൂടെ അവന്റെ തല ലക്ഷ്യമാക്കി ചെന്നു.. തനുവിന്റെ തൊണ്ടയിൽ നിന്നും ഒരു നിലവിളി പുറത്തേക്കു വന്നു.....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story