സൂര്യപാർവണം: ഭാഗം 4

surya parvanam

രചന: നിള നിരഞ്ജൻ

പാർവണയുമായി സംസാരിച്ചു ഫോൺ വച്ചു കഴിഞ്ഞു നീലാംബരി ദേവി സമയം നോക്കി.. ഒൻപതര ആയിട്ടുണ്ട്‌.. പത്തു മണിക്കാണ് ഇവിടെ പഞ്ചായത്ത് തുടങ്ങുന്നത്. ശിവപുരത്തുകാർക്കും കൃഷ്ണപുരത്തുക്കാർക്കും ആറ് പോലെ തന്നെ പൊതുവായ ഒന്നാണ് ഇരുദേശപുരത്തെ പ്രസിദ്ധമായ ചാമുണ്ഡി ക്ഷേത്രം.. ഈ ചാമുണ്ഡിദേവിയാണ് ഗ്രാമത്തിന്റെ ഐശ്വര്യമായി ആളുകൾ കാണുന്നത്. അമ്പലമുറ്റത്തുള്ള വലിയ ആലിന്റെ ചുവട്ടിലാണ് പഞ്ചായത്ത് നടക്കുന്നത്. മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷ നേടാൻ അവിടെ ഒരു പന്തൽ പോലെ പണിതിട്ടുണ്ട്.. അതിനുള്ളിൽ അർദ്ധ വൃത്താകൃതിയിൽ നിർത്തിയിട്ടിരിക്കുന്ന21 കസേരകൾ. ഒത്ത നടുവിലത്തെ ഒരു കസേര..അതാണ്‌ അധ്യക്ഷന് ഇരിക്കാനുള്ള കസേര. അതിനു ഇരു വശത്തുമായി പത്തു കസേരകൾ വീതം.. വലതു വശത്തു കൃഷ്ണപുരത്തെ അംഗങ്ങൾക്കും ഇടതു വശത്തു ശിവപുരത്തെ അംഗങ്ങൾക്കും. അതിൽ നിന്നൊക്കെ കുറച്ചു മാറി അവർക്കു അഭിമുഖമായി പിന്നെയും കുറച്ചു കസേരകൾ കൂടി നിരത്തി ഇട്ടിട്ടുണ്ട്.. പരാതികാർക്കോ അവരുടെ കൂടെ വന്നവർക്കോ അല്ലെങ്കിൽ പഞ്ചായത്ത് കാണാൻ വരുന്നവർക്കോ ഒക്കെ ഇരിക്കാനാണ് ആ കസേരകൾ. നീലാംബരി ദേവി ചുറ്റും നോക്കി. പഞ്ചായത്തങ്ങൾ ഒക്കെ എത്തി തുടങ്ങിയിട്ടുണ്ട്.

" നീലു.. എന്തായി.. ആ പെണ്ണ് വരുമോ? " തൊട്ടപ്പുറത്തു നിന്നുള്ള ചോദ്യം കേട്ടു അവർ തന്റെ ഭർത്താവായ മാനവേന്ദ്രന്റെ കയ്യിൽ പിടിച്ചു. മാനവേന്ദ്രൻ കല്പകശ്ശേരിയിലെ ഇപ്പോഴത്തെ കാരണവർ ആണ്.നീലാംബരി ദേവിയെ പോലെ തന്നെ വിഷ്ണു ദത്തന്റെയും സൂര്യമഹാദേവന്റെയും നാശം കാണാൻ നടക്കുന്നവൻ. " വരും ഇന്ദ്രേട്ട.. ഞാൻ ഇപ്പോൾ വിളിച്ചിരുന്നു അവളെ.. അവൾ ഇങ്ങോട്ടേക്കു വന്നു കൊണ്ടിരിക്കുകയാണ്.. " " നീലു.. നിനക്ക് ഉറപ്പാണോ ഈ പെണ്ണ്... പഞ്ചായത്തിൽ നീ പറഞ്ഞു കൊടുത്തത് പോലെ ഒക്കെ ഇവൾ പറയുമെന്ന്. അല്ലെങ്കിൽ ഇന്നും നമ്മൾ നാണം കെടേണ്ടി വരും.. " " അവൾ പറയും ഇന്ദ്രേട്ട.. അവൾക്കു ഭയം ഒക്കെ ഉണ്ട്.. പക്ഷെ അതിലും ഒരുപാടു മുകളിൽ ആണ് അവൾക്കു മഹിയോടുള്ള ദേഷ്യം.. അവളെ സംബന്ധിച്ചിടത്തോളം അവൾ സ്നേഹിച്ച പുരുഷനെയും അവളുടെ കുടുംബവും എല്ലാം അവൾക്കു നഷ്ടപ്പെടാൻ അവൻ ആണ് കാരണക്കാരൻ.. അത് പോലെ നമ്മൾ വിചാരിക്കുന്ന ഒരു വെറും പാവം പെണ്ണല്ല അവൾ.. ഇന്നലെ ഞാൻ അടക്കം എല്ലാവരും അവനു മുന്നിൽ പേടിച്ചു നിന്നപ്പോഴും അവൾ മാത്രമാണ് മഹിയോട് ശബ്ദമുയർത്തി സംസാരിച്ചത്.. അത് പോലെ ആ കണ്ണുകളിലെ അഗ്നിയും ഞാൻ കണ്ടതാണ്.. അവളെ കൊണ്ട് ഇത് ചെയ്യാൻ സാധിക്കും.. ഇന്ദ്രേട്ടൻ സമാധാനായി ഇരുന്നോളു.." തന്റെ ഭാര്യയുടെ തീരുമാനങ്ങൾ അത്ര പെട്ടെന്നൊന്നും തെറ്റില്ല എന്ന വിശ്വാസം അയാൾക്കുണ്ടായിരുന്നു.

അത് കൊണ്ട് തന്നെ പിന്നെ അയാൾ ഒന്നും പറയാൻ നിന്നില്ല. വളരെ നാളുകളായി തങ്ങൾ മനസ്സിൽ കൊണ്ട് നടന്നിരുന്ന ആഗ്രഹം ഇന്ന് പൂവണിയാൻ സാധ്യത ഉണ്ടെന്ന സന്തോഷത്തിൽ അവർ ഇരുവരും പാർവണയുടെ വരവിനായി കാത്തിരുന്നു. ഓരോന്നു ചിന്തിച്ചിരുന്നു സ്ഥലം എത്തിയെന്നു കണ്ടക്ടർ പറഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത്. പെട്ടെന്ന് തന്നെ ബാഗുമെടുത്തു ബസിൽ നിന്നിറങ്ങി. ഒരു ബസ് സ്റ്റോപ്പിലാണ് നിൽക്കുന്നതെന്ന് മനസിലായി. അപ്പുറത്തായി ഒരു ഓട്ടോ സ്റ്റാൻഡ് ഉണ്ട്.. ഭാഗ്യം.. ഞാൻ സമയം നോക്കി.. പത്തര ആയതേ ഉള്ളു.ഇവിടുന്നു ഒരു ഓട്ടോ പിടിച്ചാൽ പതിനൊന്നു മണി ആവുമ്പോഴേക്കും അങ്ങ് എത്താമായിരിക്കും.. ഞാൻ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു.ഏറ്റവും മുന്നിൽ കിടന്ന ഓട്ടോയുടെ അടുത്തെത്തി " ചേട്ടാ.. ഈ പഞ്ചായത്ത് നടക്കുന്ന സ്ഥലത്തു പോകണം.. " അയാൾ എന്നെ അതിശയത്തോടെ നോക്കി.. പഞ്ചായത്തു നടക്കുന്നിടത്തേക്കു പോകുന്ന ഈ നാട്ടിലെങ്ങും കണ്ടിട്ടില്ലാത്ത പെണ്ണ് ആരാണെന്നു ആണെന്ന് തോന്നുന്നു അയാൾ ഇപ്പോൾ ചിന്തിക്കുന്നത്. എന്നാലും ഒന്നും ചോദിക്കാതെ അയാൾ ഓട്ടോ സ്റ്റാർട്ട്‌ ആക്കുന്നത് കണ്ടപ്പോൾ ഞാൻ സമാധാനത്തോടെ പുറകിൽ കയറി ഇരുന്നു. എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു. ഒരു ആവേശത്തിന് ചാടി ഇറങ്ങി വന്നതാണ്.. ഇപ്പോൾ അബദ്ധമായെന്ന് വരെ തോന്നുന്നുണ്ട്.പരിചയമില്ലാത്ത ഒരു സ്ഥലത്തു പരിചയമില്ലാത്ത ആൾക്കാരുടെ മുന്നിൽ വന്നു ചാടി കൊടുത്തു.

എന്ത് സഹായത്തിനും നീലാംബരി അമ്മ ഉണ്ടാവുമെന്ന് വാക്ക് തന്നിട്ടുണ്ടെങ്കിലും നിരാലംബയായ ഒരു പെൺകുട്ടിയെ സഹായിക്കുന്നതിലും അപ്പുറം അവർക്കു വേറെന്തൊക്കെയോ ഉദ്ദേശം ഉണ്ടെന്നു ഒരു തോന്നൽ പോലെ. സൂര്യമഹാദേവനെ പറ്റി പറയുമ്പോഴൊക്കെ അവരുടെ കണ്ണിൽ ഒരു പകയുടെ ലാഞ്ചന തോന്നാറുണ്ട്.. ഈ ഓട്ടോയിൽ നിന്നിറങ്ങി അടുത്ത ബസിനു തിരികെ പോയാലോ എന്ന് വരെ ആലോചിച്ചു.. പക്ഷെ എങ്ങോട്ട്? ചെറിയമ്മയുടെ കയ്യോ കാലോ പിടിച്ചു തിരികെ കയറാം എന്ന് ഓർത്തെങ്കിലും അവിടുത്തെ നരക യാതനകളും അവഗണയും ഓർത്തപ്പോൾ മനസ്സ് പിറകോട്ടു വലിഞ്ഞു. എന്തായാലും ഇത്രയും വരെ എത്തി.. ഇനി മുന്നോട്ടു തന്നെ എന്ന് മനസിലിരുന്നു ആരോ പറഞ്ഞു. "ഈ അമ്പലമുറ്റത്താണ് പഞ്ചായത്ത് നടക്കുന്നത്.. " ഒരു വലിയ ക്ഷേത്രത്തിന്റെ പടവുകളുടെ മുന്നിൽ ഓട്ടോ നിർത്തി അയാൾ പറഞ്ഞു. ഞാൻ അയാളോട് നന്ദി പറഞ്ഞു പറഞ്ഞ കാശും കൊടുത്തു ആ പടവുകളിലേക്കു നോക്കി. കുറെയേറെ പടവുകൾ ഉണ്ട്. ഞാൻ അത് ഒന്നൊന്നായി കയറാൻ തുടങ്ങി. ഏറ്റവും മുകളിൽ എത്തിയപ്പോഴേക്കും ക്ഷീണവും വെയിലും കൊണ്ട് ഞാൻ ആകെ തളർന്നിരുന്നു. നെറ്റിയിലെ വിയർപ്പു ഷോളു കൊണ്ട് ഒപ്പി മുന്നിലേക്ക്‌ നോക്കിയ ഞാൻ സത്യത്തിൽ അമ്പരന്നു പോയി.

വലിയ ഒരു ക്ഷേത്രമുറ്റം.. അവിടെ അങ്ങിങ്ങായി ഒരുപാട് മരങ്ങൾ. ഓരോ മരത്തിനു ചുവട്ടിലും കുടിവെള്ളവും.. അത് കൊടുക്കാനായി ഓരോ ആളുകളും.. മിക്കതും ചെറുപ്പക്കാർ തന്നെയാണ്. ഞായറാഴ്ച ആയതു കൊണ്ടോ എന്തോ കുറെ ആളുകൾ ഉണ്ട്.എങ്കിലും വലിയ ഒച്ചയോ ബഹളമോ ഒന്നുമില്ലാതെ വളരെ ശാന്തമാണ് അന്തരീക്ഷം. അങ്ങ് ദൂരെയായി ക്ഷേത്രത്തിന്റെ ഗോപുരം കാണാം. അതിനു കുറച്ചു മാറി ഒരു വലിയ ആലിന്റെ ചുവട്ടിലായി ഒരു പന്തലും അവിടെ കുറച്ചു ആളുകളെയും ഞാൻ കണ്ടു. പഞ്ചായത്ത് അവിടെയാവും നടക്കുന്നതെന്ന് ഞാൻ ഊഹിച്ചു. തർക്കങ്ങൾ പരിഹരിക്കാനും തീരുമാനങ്ങൾ എടുക്കാനും പറ്റിയ സ്ഥലം. ദൈവത്തിന്റെ സന്നിധിയിൽ, അതും വിവേകത്തിന്റെ പ്രതീകമായ ആൽമരത്തിന്റെ ചുവട്ടിൽ.. ഞാനും അങ്ങോട്ടേക്ക് നടന്നു.. ഇന്നലെ നീലാംബരി അമ്മ പറഞ്ഞത് അനുസരിച്ചു ഇനിയുള്ള രണ്ടാഴ്ചത്തേക്കുള്ള പ്രധാന തീരുമാനങ്ങളും എന്തെങ്കിലും പരിപാടികൾ ഉണ്ടെങ്കിൽ അതുമാണ് പഞ്ചായത്തിൽ ആദ്യം ചർച്ച ചെയ്യുക, അതിനു ശേഷമാണ് പരാതികൾ കേൾക്കുന്നത്. ആ സമയത്താണ് എന്നോട് സംസാരിക്കാൻ നീലാംബരി അമ്മ പറഞ്ഞിരിക്കുന്നത്.. " പഞ്ചായത്ത് നടക്കുന്നത് ഇവിടെയല്ലേ? "

ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ ആൾ പരിചയമില്ലാത്ത ഒരാളെ കണ്ടിട്ടാണെന്നു തോന്നുന്നു സംശയരൂപേണ എന്നെ നോക്കി. അമ്പലമുറ്റത്തു കൂടി ബാഗും തൂക്കു നടന്നു വരുമ്പോഴും ഈ നോട്ടം പലരുടെയും മുഖത്ത് ഞാൻ കണ്ടിരുന്നു. ഈ ചെറിയ ഗ്രാമത്തിൽ എല്ലാവരും എല്ലാവരെയും അറിയുന്നത് കൊണ്ടാവാം അതെന്നു ഞാൻ ഓർത്തു. " അതെ.. ഇവിടെ തന്നെയാണ്.. " ഒട്ടൊരു നിമിഷം എന്നെ നോക്കിയിട്ട് അയാൾ പറഞ്ഞു.. " പരാതികൾ കേൾക്കാൻ തുടങ്ങിയോ? " " ഇല്ല.. തുടങ്ങിയിട്ടില്ല.. ഇപ്പോൾ തുടങ്ങും.. കുട്ടി എവിടുന്നാ? " " ഞാൻ കുറച്ചു ദൂരെ നിന്നാണ്.. " പിന്നീടുള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ ഞാൻ ആ പന്തലിനു അടുത്തേക്ക് കുറച്ചു മാറി നിന്നു. മുന്നിലുള്ള ആൾക്കാരെ കാരണം എനിക്ക് പന്തലിനകത്തു നടക്കുന്നത് വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. നീലാംബരി അമ്മയെ വിളിച്ചു ഞാൻ ഇവിടെ എത്തി എന്ന കാര്യം പറഞ്ഞാലോ എന്ന് ഓർത്തെങ്കിലും അമ്മയെ അറിയാമെന്നു ഇവിടെ ആരുടെ അടുത്തും പറയരുതെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അത് വേണ്ടാന്ന് വച്ചു. ഇനിയെന്ത് എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് പന്തലിനകത്തു നിന്നു ഒരു ഗാംഭീര്യമുള്ള പുരുഷശബ്ദം ഉയർന്നു കേട്ടത്.. " ഇന്നത്തെ പഞ്ചായത്തിൽ ചർച്ച ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം പൂർത്തി ആയിരിക്കുകയാണ്..

ഇനി ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ മറ്റോ പഞ്ചായത്തിന് മുന്നിൽ ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ ആവാം.. " ഒരു നിമിഷം എന്റെ തൊണ്ടയിലെ ഉമിനീര് വറ്റി പോയപോലെ തോന്നി.. ഞാൻ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് മനസിലായതേ ഇല്ല. ആരോ പറഞ്ഞ വാക്കും കേട്ടു ഇത്ര ദൂരം ഓടി പിടിച്ചു വരാൻ വട്ടായിരുന്നോ എനിക്ക്.. അല്ലെങ്കിലും ഇവിടെ വന്നത് കൊണ്ട് ഞാനെന്താ ഉദ്ദേശിക്കുന്നത്.. അയാൾക്കെതിരെ പരാതി കൊടുക്കാൻ ഇതെന്താ പോലീസ് സ്റ്റേഷനോ കോടതിയോ മറ്റോ ആണോ? തിരിച്ചു പോകാനുള്ള വെമ്പൽ ശക്തമായി കൊണ്ടിരുന്നു..അതിനു വേണ്ടി തന്നെയാണ് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും.. അപ്പോഴാണ് എന്റെ മനസ്സിലെ കനലുകളെ വീണ്ടും ചുട്ടു പൊള്ളിച്ചു കൊണ്ട് അയാളെ വീണ്ടും ഞാൻ കണ്ടത്.. സൂര്യമഹാദേവനെ. ഇന്നലെ കല്യാണമണ്ഡപത്തിൽ അയാളോടൊപ്പം വന്ന ഒരുവൻ ഇപ്പോളും അയാളുടെ കൂടെ ഉണ്ട്. ഒരു കയ്യിൽ ഗ്ലാസും പിടിച്ചു മറു കൈ കൂട്ടുകാരന്റെ തോളിലുമിട്ടു അവനോടു എന്തോ തമാശ പറഞ്ഞു ചിരിച്ചു കൊണ്ട് അയാൾ ആ പന്തലിനുള്ളിലേക്കു കയറി പോയി. സുഹൃത്തിന്റെ കൂടെ കളിച്ചു ഉല്ലസിച്ചു നടക്കുമ്പോൾ ഇന്നലെ നടന്നതൊന്നും അയാൾക്ക്‌ ഓർമ പോലും ഉണ്ടെന്നു തോന്നുന്നില്ല.

പക്ഷെ ഞാനോ.. ഇന്നലത്തെ ഇയാൾ ഉണ്ടാക്കിയ കോലാഹലങ്ങൾ കാരണം ഒന്നുമില്ലാതെ ആരുമില്ലാതെ എങ്ങോട്ട് പോണം എന്ത് ചെയ്യണം എന്നറിയാതെ ഒരു അന്യ നാട്ടിൽ വന്നു പകച്ചു നിൽക്കുന്നു..എന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്താൻ തുടങ്ങി. എന്റെ പിന്നിൽ നിന്നു പിന്നെയും ആ ഗാംഭീര്യ ശബ്ദം ഉയർന്നു കേട്ടു.. " ആർക്കെങ്കിലും എന്തെങ്കിലും പരാതി പറയാൻ ഉണ്ടോ.. ഇല്ലെങ്കിൽ പഞ്ചായത്തിന്റെ നടപടികൾ നമുക്ക് ഇന്നത്തേക്ക് അവസാനിപ്പിക്കാം.. " ഇത്തവണ എന്റെ തൊണ്ടക്കു യാതൊരു വരൾച്ചയും അനുഭവപ്പെട്ടില്ല. ശബ്ദവും വിറച്ചില്ല.. " ഉണ്ട്.. എനിക്ക് ഉണ്ട്.. എനിക്ക് ഒരു പരാതി ഇവിടെ പറയാൻ ഉണ്ട്.. " ഞാൻ നിന്നിടത്തു തന്നെ നിന്നു എന്നെ കൊണ്ട് ആവുന്നത്രയും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. എന്റെ മുന്നിൽ നിന്നവരൊക്കെ ശബ്ദം കേട്ടു എന്നെ തിരിഞ്ഞു നോക്കി. മിക്കവരുടെയും നോട്ടത്തിൽ സംശയവും അത്ഭുദവും ഒരു പോലെ കലർന്നിരുന്നു. ഞാൻ ആ നോട്ടങ്ങൾ തത്കാലം കണ്ടില്ലെന്നു നടിച്ചു. " ആരാ അത്? ആർക്കാണ് പരാതി ഉള്ളത്? ഒന്ന് മുന്നോട്ടു വന്നാൽ നന്നായിരുന്നു.. " എന്റെ മുന്നിൽ ഉള്ള ആളുകൾ പതിയെ എനിക്ക് പന്തലിനുള്ളിലേക്കു പോകാൻ വഴി മാറി തന്നു. ഞാൻ എന്റെ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടു പിന്നെ ബാഗെടുത്തു തോളിലിട്ട് പന്തലിനുള്ളിലേക്കു നടന്നു

ആളുകളുടെ നടുവിലൂടെ നടക്കുമ്പോൾ എന്റെ കണ്ണുകൾ അയാളെ തേടുകയായിരുന്നു. പന്തലിന്റെ ഒരു ഒഴിഞ്ഞ കോണിൽ തന്റെ കൂട്ടുകാരനോടൊപ്പം നിൽക്കുന്ന അയാളെ കണ്ടതും എന്റെ കണ്ണുകളിൽ തീയാളി. അപ്പോഴേക്കും ആയാലും എന്നെ കണ്ടിരുന്നു. ആ കണ്ണുകളിൽ ആദ്യം തിരിച്ചറിവും പിന്നെ പതിയെ അതൊരു ഞെട്ടലിലേക്കും വഴി മാറുന്നത് ഞാൻ കണ്ടു.എന്നെ അയാൾ ഇവിടെ തീരെ പ്രതീക്ഷിച്ചിട്ടില്ല എന്ന് അപ്പോൾ എനിക്ക് മനസിലായി. അയാളുടെ കൂടെ ഉള്ളവനും അപ്പോഴേക്കും എന്നെ മനസ്സിലായിരുന്നു. അവൻ അയാളോട് എന്തോ ചെവിയിൽ പറയുന്നതും അയാൾ തല കുലുക്കുന്നതും ഞാൻ കണ്ടു.. ഇടം കണ്ണിലൂടെ ഞാൻ നീലാംബരി അമ്മയെയും തിരഞ്ഞു..അവർ ആണല്ലോ എനിക്കുള്ള ധൈര്യം.. പന്തലിലേക്ക് കയറി വരുന്ന എന്നെ കണ്ടപ്പോൾ നീലാംബരി അമ്മയുടെ മുഖത്ത് ആശ്വാസം കലർന്ന ഒരു ചിരി ആയിരുന്നു. ഒരു പക്ഷെ ഞാൻ വരില്ലയെന്നു അവർ കരുതി കാണും. " കുട്ടി ആരാ? എവിടുന്നാണ് വരുന്നത്? കുട്ടിയാണോ ഇപ്പോൾ പറഞ്ഞത് എന്തോ പരാതി ബോധിപ്പിക്കാനുണ്ടെന്നു. എന്ത് പരാതിയാണ് ഇവിടെ പറയാൻ ഉള്ളത്? " അപ്പോഴാണ് ഞാൻ ആ പന്തലിനു ഉള്ളിലുള്ള ബാക്കി ഉള്ളവരെ ശ്രദ്ധിക്കുന്നത്.

നീലാംബരി അമ്മ പറഞ്ഞത് പോലെ കുറച്ചു ആളുകൾ കസേരയിൽ അർദ്ധ വൃത്താകൃതിയിൽ ഇരിക്കുന്നുണ്ട്.. അതിൽ ഒരു കസേരയിലാണ് നീലാംബരി അമ്മയും ഇരിക്കുന്നത്. അപ്പുറവും ഇപ്പുറവും ഇരിക്കുന്ന മിക്കവരും ഏകദേശം തന്നെ അവരുടെ പ്രായം തന്നെ ഉള്ളവരാണ്. പക്ഷെ എന്നോട് ഇപ്പോൾ ചോദിച്ചത് ഇവരുടെ ഒക്കെ ഒത്ത നടുക്കായുള്ള കസേരയിൽ ഇരിക്കുന്ന ആളാണ്. അയാളുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഒരു നിമിഷം ഞെട്ടി പോയി.. ആ കസേരയിൽ ഇരിക്കുന്ന ആൾക്ക് ഏറ്റവും കൂടിപോയാൽ ഒരു മുപ്പത്തിയഞ്ചു വയസ്സ് കാണും.. നാടുവിലത്തെ കസേരയിൽ ഇരിക്കുന്ന ആളാണ് പഞ്ചായത്ത് അധ്യക്ഷനും ഗ്രാമത്തലവനും എന്നല്ലേ ഇന്നലെ നീലാംബരി അമ്മ പറഞ്ഞത്.. വിഷ്ണു ദത്തൻ അപ്പോൾ ഇയാളാണോ? ഞാൻ ഒരു അറുപതു വയസ്സോളം പ്രായമുള്ള ഒരു മനുഷ്യൻ ആണെന്നായിരുന്നു കരുതിയിരുന്നത്. ഇതിപ്പോൾ ഒരു ചെറുപ്പക്കാരൻ ആണല്ലോ.ഇത്രയും ചെറിയ ആളാണോ പഞ്ചായത്ത് അധ്യക്ഷൻ? പ്രായം കുറവെങ്കിലും ഒരു വിവേകം ഉള്ള ആളുടെ മുഖമായിരുന്നു അയാൾക്ക്‌. കണ്ണുകളിലും നോട്ടത്തിലും ഒരു പ്രത്യേക തേജസ്സു തന്നെ ഉണ്ട്.അങ്ങനെ എന്റെ ചിന്തകൾ വട്ടമിട്ടു പറക്കുമ്പോഴാണ് വീണ്ടും അയാളുടെ ശബ്ദം ഉയർന്നത്..

" പറയൂ.. കുട്ടിയാണോ എന്തോ പരാതി ബോധിപ്പിക്കണം എന്ന് നേരത്തെ വിളിച്ചു പറഞ്ഞത്.. " ഞാൻ ചുറ്റും ഒന്ന് നോക്കി. എല്ലാ കണ്ണുകളും എന്നിലേക്കാണ്.ഇനിയും ഒന്നും മിണ്ടാതെ നിന്നാൽ ശരിയാവില്ല എന്നു എനിക്ക് മനസിലായി. " അതെ.. ഞാൻ ആണ് പറഞ്ഞത്. " " പറയൂ.. എന്ത് പരാതിയാണ് കുട്ടിക്ക് പറയാൻ ഉള്ളത്.. " " എന്റെ പേര് പാർവണ.. പാർവണ ലക്ഷ്മി. ഞാൻ ഇപ്പോൾ വരുന്നത് തൃശൂർ നിന്നാണ്.. ഈ നിൽക്കുന്ന സൂര്യമഹാദേവനെയും അയാളുടെ സുഹൃത്തുക്കളെ പറ്റിയുമാണ് എനിക്ക് പരാതിയുള്ളതു.. " പന്തലിന്റെ ഒരു കോണിലായി മാറി എന്നെ തന്നെ ഉറ്റു നോക്കി കൊണ്ട് നിൽക്കുന്ന അയാളെ ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ടു അവിടെ എല്ലാവരും ഒന്ന് ഞെട്ടി എന്ന് വ്യക്തം. വിഷ്ണു ദത്തന്റെ മുഖത്ത് ആ ഞെട്ടൽ പ്രകടമായിരുന്നു. വിഷ്ണു ദത്തൻ മഹിയെ ഇടം കണ്ണിട്ടു നോക്കി. മഹിയാണെങ്കിൽ ഞാൻ ഈ നാട്ടുകാരനേ അല്ല എന്ന മട്ടിലാണ് നിൽക്കുന്നത്. എന്നാലും അവന്റെ മുഖത്ത് ഒരു മുറുക്കം ഉണ്ടെന്നു തോന്നി. അപ്പോൾ തന്നെ അവൻ എന്തോ ഒപ്പിച്ചിട്ടുണ്ടെന്നു വിഷ്ണു ദത്തന് മനസിലായി.എങ്കിലും ചോദിച്ചു. " മഹിയെ പറ്റിയോ? മഹിയെ പറ്റി എന്താണ് നിങ്ങള്ക്ക് പരാതി..? " " ഇന്നലെ ഈ നാട്ടിലെ സന്ദീപ് ശിവദാസനുമായി നടക്കാനിരുന്ന എന്റെ വിവാഹം ഇയാളും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് മുടക്കി..

എന്റെ മുന്നിൽ വച്ചു എന്റെ കല്യാണം നടക്കാനിരുന്ന മണ്ഡപത്തിൽ വച്ചു തന്നെ മറ്റൊരു പെൺകുട്ടിയെ സന്ദീപേട്ടനെ കൊണ്ട് നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചു." അത് പറഞ്ഞപ്പോൾ മനഃപൂർവം അല്ലെങ്കിൽ പോലും എന്റെ ശബ്ദം ഇടറി പോയി. ഇത്തവണ വിഷ്ണു ദത്തൻ മഹിയെ ദേഷ്യത്തോടെ തന്നെ നോക്കി.. ഇന്നലെ അത്യാവശ്യമായി ഒന്ന് പുറത്തു പോണം എന്ന് പറഞ്ഞു ഇവൻ പോയത് ഇതിനായിരുന്നു അല്ലെ? " മഹി.. ഇങ്ങോട്ട് വാ.. " വിഷ്ണു വിളിച്ചപ്പോൾ അയാൾ എന്റെ മുന്നിലായി വന്നു നിന്നു. അപ്പോഴും അയാളുടെ മുഖത്ത് യാതൊരു കൂസലും ഇല്ലായിരുന്നു. അത് എന്റെ ഉള്ളിലെ അയാളോടുള്ള ദേഷ്യത്തെ ഇരട്ടിയാക്കി. ചെയ്തതിനെ പറ്റി യാതൊരു കുറ്റബോധവും ഇല്ലാത്ത ഒരു അസുരൻ. " ഈ പെൺകുട്ടി ഇപ്പോൾ ഇവിടെ പറഞ്ഞതൊക്കെ സത്യമാണോ? " " അതെ.. " ചോദിച്ചതിന് ഉടനെ തന്നെ മറുപടി വന്നു.. " നീയെന്തിനാ അങ്ങനെ ചെയ്തത്? " " അത് അവൻ നമ്മുടെ പ്രഭാകരൻ മാഷിന്റെ മൂത്ത മകൾ വിദ്യയെ കല്യാണം കഴിച്ചോളാം എന്ന് വാക്ക് പറഞ്ഞു പറ്റിച്ചതിന് ശേഷം അവളോട്‌ ഒരു വാക്ക് പോലും പറയാതെ മറ്റൊരു കല്യാണം കഴിച്ചു ജീവിക്കാനുള്ള ശ്രമത്തിലായിരുന്നു. മാഷും കുടുംബവും അത് കൊണ്ട് വല്ലാത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു.

തന്നെ അത് കൊണ്ടാണ് അങ്ങനെ ചെയ്തത്.. " " പ്രഭാകരൻ മാഷിന്റെ മകൾ എന്ന് പറയുമ്പോൾ നിന്റെ കൂട്ടുകാരൻ വിനുവിന്റെ പെങ്ങളോ? " ഓഹോ.. അപ്പോൾ നീലാംബരി അമ്മ പറഞ്ഞത് സത്യമായിരുന്നു.. ഇയാളുടെ കൂട്ടുകാരന്റെ പെങ്ങൾക്ക് വേണ്ടിയുള്ള പ്രഹസനം ആയിരുന്നു. " അതെ ഏട്ടാ.. " വിഷ്ണു ദത്തൻ കുറച്ചു നേരം ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു. അവനു ഇനിയും എന്തൊക്കെയോ തന്നോട് പറയാൻ ഉണ്ടെന്നു അവനു തോന്നി.. പക്ഷെ എന്ത് കൊണ്ടോ അവൻ ഒന്നും പറയുന്നില്ല. തന്നോട് എല്ലാ കാര്യങ്ങളും പറയാറുള്ള മഹി എന്ത് കൊണ്ട് ഈ കാര്യം മറച്ചു വച്ചു എന്ന് വിഷ്ണുവിന് മനസിലാവുന്നുണ്ടായിരുന്നില്ല. എന്നാൽ ഒരു തെറ്റ് ചെയ്തതിന്റെ യാതൊരു കുറ്റബോധവും അവന്റെ കണ്ണുകളിൽ കാണാനും ഇല്ല.ഈ പ്രശ്നം ഇലയ്ക്കും മുള്ളിനും കേടില്ലാതെ എങ്ങനെ പരിഹരിക്കാം എന്നായി പിന്നീട് അവന്റെ ചിന്ത.. പക്ഷെ അപ്പുറത്ത് നിൽക്കുന്നത് ഒരു പെൺകുട്ടിയാണ്.ഒറ്റയ്ക്ക്. അതും കണ്ടില്ലെന്നു നടിക്കാൻ ആവില്ലല്ലോ. ഒരു മയത്തിലൊക്കെ കാര്യങ്ങൾ ഈ പെൺകുട്ടിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കാം.. " മോളെ.. നിന്നോട് ഇവനും കൂട്ടുകാരും ചെയ്തത് ശരിയല്ല എന്നത് സത്യം തന്നെയാണ്. പക്ഷെ സന്ദീപ് വിദ്യയോട് ചെയ്തതും ശരിയല്ലല്ലോ..

ഒരു പെൺകുട്ടിക്ക് വാക്ക് കൊടുത്തു പറ്റിച്ചിട്ടു മാറ്റിയൊരുത്തിയെ കല്യാണം കഴിക്കുന്നത് എന്ത് മര്യാദയാണ്? " അയാൾ തന്റെ കൂട്ടുകാരനെ ന്യായീകരിക്കുന്നത് കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു പോയി.. അതും മര്യാദയുടെ പേരും പറഞ്ഞു. " അങ്ങനെയാണെങ്കിൽ കല്യാണ മുഹൂർത്തം വരെ നോക്കി നിന്നിട്ടു താലി കെട്ടാൻ തുടങ്ങുമ്പോൾ അത് വന്നു മുടക്കുന്നത് മര്യാദയാണോ? ഇവർക്ക് അത് മുടക്കണമെങ്കിൽ അതിനു മുൻപേ ആവാമായിരുന്നല്ലോ? ഇതിപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും എല്ലാം മുന്നിൽ നാണം കെട്ടില്ലേ ഞാൻ?ഇവരോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അത് സന്ദീപേട്ടൻ ആണ്. അതിനു വേണ്ടി പക്ഷെ അപമാനം നേരിട്ടത് മുഴുവൻ ഞാനല്ലേ? നഷ്ടങ്ങൾ മുഴുവനും ഒരു തെറ്റും ചെയ്യാത്ത എനിക്കല്ലേ ഉണ്ടായതു? അത് മര്യാദയാണോ? " എന്റെ മനസ്സിലെ വിഷമവും ദേഷ്യവും എല്ലാം ഞാൻ പോലും അറിയാതെ പുറത്തേക്കു വരികയായിരുന്നു. നീലാംബരി അമ്മ ഇപ്പോൾ എങ്ങനെ ഉണ്ട് എന്ന ഭാവത്തിൽ തന്റെ ഭർത്താവിനെ നോക്കി.. അയാൾ അവരെ നോക്കി സന്തോഷത്തോടെ തലയാട്ടി. നീലാംബരി പറഞ്ഞതു പോലെ തന്നെ മാഹിക്കെതിരെ സംസാരിക്കാൻ പറ്റിയ പെണ്ണാണ് ഞാനെന്നു അയാൾക്കും ബോധ്യമായിരുന്നു.

വിഷ്ണു ദത്തന് എന്റെ ചോദ്യങ്ങൾക്കു ഉത്തരം ഇല്ലായിരുന്നു. അയാൾ മഹിയെ ഒന്ന് നോക്കി. അവന്റെ കണ്ണുകൾ അപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയിൽ ആയിരുന്നു. അതിലെ ഭാവം വിഷ്ണു ദത്തന് മനസിലാവുന്നും ഉണ്ടായിരുന്നില്ല.. " മഹി.. നിനക്കൊന്നും പറയാൻ ഇല്ലേ?" " അത് ഏട്ടാ..വളരെ വൈകിയാണ് സന്ദീപും വിദ്യയും തമ്മിൽ ഉള്ള ബന്ധം ഞങ്ങൾ അറിയുന്നത്..പിന്നെ അപ്പോൾ അങ്ങനെ ചെയ്യുക അല്ലാതെ വേറെ നിവർത്തി ഉണ്ടായിരുന്നില്ല" അത് പറയുമ്പോഴും അവൻ പിന്നെയും എന്തൊക്കെയോ മറയ്ക്കുന്നുണ്ടെന്നു വിഷ്ണു ദത്തന് തോന്നി. വിഷ്ണു ദത്തൻ വീണ്ടും എനിക്ക് നേരെ തിരിഞ്ഞു. അപ്പോൾ അയാളുടെ കണ്ണുകളിൽ നിറയെ അലിവായിരുന്നു. "മോളെ.. സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു.കഴിഞ്ഞതൊന്നും ഇനി മാറ്റാൻ നമ്മളെ കൊണ്ട് സാധിക്കില്ലല്ലോ.കുട്ടിയോട് ഇവർ ചെയ്ത തെറ്റിന് ക്ഷമ ചോദിക്കാൻ മാത്രമേ എനിക്കും ഇവർക്കും ഇപ്പോൾ സാധിക്കൂ. നിന്നോട് ഇവർ എല്ലാവരും മാപ്പ് ചോദിക്കും. അതിനു ശേഷം നീ നിന്റെ വീട്ടിലേക്കു തന്നെ മടങ്ങി പോകണം." ഞാൻ അയാളെ പുച്ഛത്തോടെ ഒന്ന് നോക്കി.. വീട്ടിലേക്കു പോണം പോലും.. " വീടോ? ഏതു വീട്..? ഏതു വീട്ടിലേക്കാണ് ഞാൻ പോകേണ്ടത്..

ഒരു നല്ല ജീവിതം ഉണ്ടാവാനുള്ള എന്റെ അവസാന പ്രതീക്ഷയാണ് ഇയാൾ ഇന്നലെ ഇല്ലാതാക്കിയത്.. നിങ്ങൾക്കറിയുമോ? " വിഷ്ണു ദത്തൻ ഒന്നും മനസിലാവാതെ എന്നെ നോക്കി..സൂര്യമഹാദേവനും.ആ ക്ഷേത്രമുറ്റത്ത് ആ പഞ്ചായത്തിന് മുന്നിൽ ഞാൻ എന്റെ കഥ പറയാൻ തുടങ്ങി. അവർ എല്ലാവരും നിശബ്ദമായി അത് കേട്ടിരുന്നു. അത് പറയുമ്പോൾ പലപ്പോഴും ഞാൻ കരഞ്ഞു പോകുന്നുണ്ടായിരുന്നു.. ഇന്നലെ എല്ലാവരും ഉപേക്ഷിച്ചു ആ കാവിന്റെ മുന്നിൽ ഒറ്റയ്ക്കായതു പറഞ്ഞപ്പോളേക്കും എന്റെ നിയന്ത്രണം മൊത്തത്തിൽ നഷ്ടപ്പെട്ടിരുന്നു. ഒരു പ്രായമായ മനുഷ്യൻ ഒരു ഗ്ലാസ്‌ വെള്ളവും തന്നു എന്നെ ഒരു കസേരയിൽ ഇരുത്തി.. ഞാൻ പരവേശത്തോടെ ആ വെള്ളം മൊത്തം കുടിച്ചു തീർത്തു. അപ്പോഴും അവിടെ എല്ലാവരും നിശബ്‌ദരായിരുന്നു. എനിക്ക് നിയന്ത്രണം തിരിച്ചു കിട്ടി എന്ന് തോന്നിയപ്പോൾ ആ കസേരയിൽ നിന്നു ഞാൻ എണീറ്റു. " ഇനി പറ.. ഏതു വീട്ടിലേക്കാണ് ഞാൻ പോകേണ്ടത്? ഇന്നലെ ഒരു രാത്രി ഞാൻ ആ കാവിലെ ഊട്ടുപുരയിലാണ് കഴിച്ചു കൂട്ടിയത്. ചെറിയമ്മയുടെ അടുത്തേക്ക് തിരികെ പോകുന്നതിലും ഭേദം മരണമാണെന്നാണ് ഞാൻ കരുതുന്നത്. ആ നരക ജീവിതത്തിൽ എനിക്ക് ആകെ ഉള്ള ആശ്വാസം സന്ദീപേട്ടൻ ആയിരുന്നു.

സന്ദീപേട്ടന്റെ കൂടെ സന്തോഷത്തോടെ ഒരു ജീവിതം ഉണ്ടാവുമെന്നുള്ള സ്വപ്നമായിരുന്നു എന്റെ ജീവിതത്തിലെ പ്രതീക്ഷ. എന്റെ സ്വപ്നങ്ങളും ജീവിതവുമാണ് ഇന്നലെ ഒരു വീണ്ടുവിചാരവും ഇല്ലാതെ ഇയാൾ തച്ചുടച്ചു കളഞ്ഞത്. അതിനു ഒരു മാപ്പ് പറഞ്ഞാൽ മതിയാവുമോ? " അതിനു മറുപടി ഇല്ലാതെ വിഷ്ണു ദത്തൻ നിന്നു. അയാൾ മഹിയെ നോക്കിയപ്പോൾ അവന്റെ തല കുനിഞ്ഞിരിക്കുകയായിരുന്നു. തന്റെ ജീവിതത്തിൽ ആദ്യമായാണ് അവൻ തല കുനിച്ചു നിൽക്കുന്നത് താൻ കാണുന്നത്. അതിനർത്ഥം അവനു തെറ്റ് പറ്റി എന്നല്ലേ? " എന്താ പഞ്ചായത്തിന്റെ അധ്യക്ഷൻ ഒന്നും മിണ്ടാതെ നിൽക്കുന്നത്? ഈ നാട്ടിലെ എല്ലാ പരാതികൾക്കും പരിഹാരം ഉള്ള വിഷ്ണു ദത്തന്റെ നാവു ഇറങ്ങി പോയോ? " നീലാംബരി അമ്മയുടെ പരിഹാസരൂപേണ ഉള്ള ചോദ്യം കേട്ടു എല്ലാവരും അങ്ങോട്ട്‌ നോക്കി.സത്യം പറഞ്ഞാൽ എന്റെ മനസ്സിലെ ഭാരങ്ങൾ ഇറക്കി വയ്ക്കുന്ന തിരക്കിൽ ഞാൻ നീലാംബരി അമ്മയെ പറ്റി മറന്നേ പോയിരുന്നു.ഞാൻ ഒന്ന് തുടങ്ങി തന്നാൽ മതി ബാക്കി അവർ നോക്കിക്കൊള്ളാം എന്ന് അവർ പറഞ്ഞത് എന്റെ മനസ്സിൽ വന്നു. അവർ അതിനുള്ള പുറപ്പാടാണെന്നു തോന്നുന്നു. ഞാൻ വിഷ്ണു ദത്തന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ എന്തോ ചിന്തയിൽ ആണെന്ന് തോന്നി..

പക്ഷെ നീലാംബരി അമ്മയുടെ ചോദ്യത്തിന് ഉത്തരം ഒന്നും പറഞ്ഞില്ല.. " ഇന്നലെ മഹി വന്നു മുടക്കിയ കല്യാണത്തിന് ഞാനും പോയിരുന്നു. അത് എന്റെ സഹോദരൻ ശിവദാസിന്റെ മകൻ സന്ദീപിന്റെ വിവാഹം ആയിരുന്നു. ഞാൻ മാത്രമല്ല ശിവപുരത്തു നിന്നു വേറെയും കുറച്ചാളുകൾ ഉണ്ടായിരുന്നു." അവർ അത് പറഞ്ഞപ്പോൾ അവിടെ ഇരിക്കുന്നവരിൽ ഒന്ന് രണ്ടാളുകൾ അതേയെന്ന അർത്ഥത്തിൽ തലയാട്ടി.. " ഈ പെൺകുട്ടി പറഞ്ഞതൊക്കെ സത്യമാണെന്നു നേരിട്ടു കണ്ടവരാണ് ഞങ്ങൾ.കല്യാണ ശേഷം പിന്നെ ഒരിക്കലും അവരുടെ അടുത്തേക്ക് തിരിച്ചു ചെല്ലില്ല എന്ന വ്യവസ്ഥയിലാണ് ഈ പെൺകുട്ടിയുടെ വീട്ടുകാർ സന്ദീപുമായുള്ള കല്യാണം നടത്താൻ സമ്മതിച്ചത് തന്നെ. അത് മുടങ്ങിയപ്പോൾ കാലു പിടിച്ചു കരഞ്ഞിട്ട് പോലും ഇവളെ കൂടെ കൊണ്ട് പോകാൻ തയ്യാറാവാതെ ഈ കുട്ടിയുടെ രണ്ടാനമ്മയും വീട്ടുകാരും ആ അമ്പലനടയിൽ ഉപേക്ഷിച്ചിട്ട് പോകുന്നതിന് ഞങ്ങളും ദൃക്‌സാക്ഷികളാണ്.. ഈ കുട്ടി പറഞ്ഞത് അത്രയും സത്യമാണ്..

അനാഥയും നിരാലംബയും ആയ ഒരു പെൺകുട്ടി ആണ് ഇത്. " " അതെ വിഷ്ണു ദത്താ.. ഈ പറഞ്ഞതൊക്കെ ഉള്ളതാണ്.. മഹി എടുത്തു ചാടി എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ ഒന്ന് കൂടി ഒന്ന് ആലോചിക്കേണ്ടതായിരുന്നു. ഇപ്പോൾ ഒരു പെൺകുട്ടിയുടെ ജീവിതം രക്ഷിക്കാൻ എന്ന പേരിൽ ആണെങ്കിലും മറ്റൊരു പെൺകുട്ടിയുടെ ജീവിതം തുലാസിൽ ആയില്ലേ? " നീലാംബരി അമ്മയുടെ കൂടെ ഉള്ള ഒരാൾ അമ്മയെ അനുകൂലിച്ചു കൊണ്ട് പറഞ്ഞു. നീലാംബരി അമ്മ അവിടെ മാറി നിൽക്കുന്ന തന്റെ കൂട്ടാളി ശേഖരനെ നോക്കി. കല്യാണം മുടങ്ങിയിട്ടും ഇന്നലെ ആളുകളെ കുറച്ചു നേരം കൂടി അവിടെ തന്നെ നിർത്തിയതിന്റെ കാര്യം ഇപ്പോൾ മനസിലായോ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം. നീലാംബരി അമ്മ വീണ്ടും പഞ്ചായത്തിന് നേരെ തിരിഞ്ഞു.....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story