സൂര്യപാർവണം: ഭാഗം 5

surya parvanam

രചന: നിള നിരഞ്ജൻ

നീലാംബരി അമ്മ വീണ്ടും പഞ്ചായത്തിന് നേരെ തിരിഞ്ഞു.. " ഇവിടെ ഉള്ള എല്ലാവർക്കും ഓർമ ഉണ്ടാവുമല്ലോ കുറച്ചു നാൾ മുൻപ് എന്റെ മകൻ ഇവിടെ ഒരു പെൺകുട്ടിയോട് എന്തോ പറഞ്ഞു എന്ന് പറഞ്ഞു ഈ നിൽക്കുന്ന മഹിയും അവന്റെ കൂട്ടുകാരും കൂടി അവനെ തല്ലിയത്..അന്ന് പഞ്ചായത്തു വിളിച്ചു കൂട്ടി അവനെ താക്കീതു ചെയ്യുകയും അവനെ കൊണ്ട് മാപ്പ് പറയിക്കുകയും ഇനി അവനോടു കൃഷ്ണപുരത്തു കാല് കുത്തരുതെന്നു വിലക്കുകയും ചെയ്തത് ഈ വിഷ്ണു ദത്തൻ തന്നെയാണ്.. ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നതായിരുന്നു അന്ന് അവന്റെ പേരിൽ ചാർത്തപ്പെട്ട കുറ്റം. എന്നിട്ട് ഇന്ന് അതേ വിഷ്ണു ദത്തന്റെ കൂട്ടുകാരൻ ഒരു പെൺകുട്ടിയുടെ ജീവിതം വച്ചു കളിച്ചിരിക്കുന്നു.. അതിനു എന്ത് മറുപടിയാണ് അധ്യക്ഷന് പറയാൻ ഉള്ളത്? " ഓഹോ..അപ്പോൾ എന്റെ ഊഹം ശരിയായിരുന്നു. എന്നെ സഹായിക്കൽ മാത്രമല്ല ലക്ഷ്യം. പഴയ കണക്കുകൾ പലതും തീർക്കാനും ഉണ്ട് ഇവർക്കു . അതാണ്‌ നീലാംബരി അമ്മയുടെ കണ്ണുകളിൽ സൂര്യമഹാദേവനോട് ഇത്രയും പക . വിഷ്ണു ദത്തൻ അപ്പോഴും മൗനമായിരുന്നു. നീലാംബരി അമ്മ തുടർന്നു.. " ഈ പറയുന്ന മാഷിന്റെ മകൾ വിദ്യയും സന്ദീപും തമ്മിൽ അങ്ങനൊരു അടുപ്പം ഉണ്ടായിരുന്നെങ്കിൽ അത് ആരെങ്കിലും അറിയേണ്ടതല്ലേ?

ഇവിടെ ആർക്കെങ്കിലും അങ്ങനെ ഒരു അടുപ്പത്തെ പറ്റി അറിയാമായിരുന്നോ? ഇല്ലായിരുന്നു.. അതിനർത്ഥം അങ്ങനെ ഒന്നും ഇല്ലായിരുന്നു എന്നല്ലേ? അത് പോലെ തന്നെ വിദ്യക്ക് അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ അതുമായി പഞ്ചായത്തിന് മുന്നിൽ വരമായിരുന്നല്ലോ? സന്ദീപിന്റെ കല്യാണം പാർവണയുമായി ഉറപ്പിച്ചിട്ടു ഇപ്പോൾ ഏകദേശം ഒരു മാസമായി. കല്യാണ ദിവസം വരെ എന്തിനു അവൾ കാത്തിരുന്നു. അതിൽ തന്നെ എന്തോ കള്ളം തോന്നുന്നില്ലേ? പിന്നെ നമുക്കെല്ലാം അറിയുന്ന പോലെ വിദ്യയുടെ സഹോദരൻ വിനു മഹിയുടെ അടുത്ത സുഹൃത്തുമാണ്. ഇനി ഇതെല്ലാം പോകട്ടെ.. മഹി പറഞ്ഞത് പോലെ വൈകിയാണ് അറിഞ്ഞതെങ്കിലും ഈ ഗ്രാമത്തലവനും പഞ്ചായത്തിന്റെ അധ്യക്ഷനുമായ വിഷ്ണു ദത്തനും മഹിയുമായുള്ള അടുപ്പം നമുക്ക് എല്ലാവർക്കും അറിയുന്നതാണ്.. വിഷ്ണു ദത്തൻ അറിയാതെ മഹി ഒന്നും ചെയ്യില്ല.. ഇതും വിഷ്ണു ദത്തന്റെ അറിവോടെ തന്നെ ആവാനാണ് സാധ്യത.ഇങ്ങനെ ഒക്കെ തോന്ന്യാസങ്ങൾ ചെയ്തു കൂട്ടുന്ന ഒരാൾക്ക് ഈ അധ്യക്ഷ സ്ഥാനത്തു തുടരാൻ അർഹതയുണ്ടോ എന്ന് തന്നെ എനിക്ക് സംശയം ഉണ്ട്. " " മഹി ചെയ്തത് ശരിയല്ല എന്നുള്ള കാര്യം ഞങ്ങളും അംഗീകരിക്കുന്നു.. പക്ഷെ അതിനു വിഷ്ണു ദത്തനെ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ? "

പഞ്ചായത്തിന്റെ വലതു വശത്തെ പത്തു പേരിൽ ഒരാൾ ചോദിച്ചു.. അയാൾ കൃഷ്ണപുരത്തുകാരൻ ആകാമെന്ന് ഞാൻ ഊഹിച്ചു. " വിഷ്ണു ദത്തൻ അറിയാതെയാണ് മഹി ഇങ്ങനെയൊക്കെ ചെയ്തതെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്.. അലങ്കോലമായതു കല്പകശ്ശേരിയിലെ ഒരു ചെറുക്കന്റെ കല്യാണം ആണ്. അപ്പോൾ പിന്നെ അതിൽ മാണിക്യമംഗലത്തുകാർക്ക് പങ്കില്ലാതെ ഇരിക്കുമോ? വിഷ്ണു ദത്തൻ തന്നെയാവും മഹിയെ അങ്ങോട്ടേക്ക് പറഞ്ഞു വിട്ടത്. വിഷ്ണു ദത്തന് കൃഷ്ണപുരത്തുകാരോടാണ് കൂറ് എന്ന് ഈയിടെയായി പരക്കെ ഒരു ആക്ഷേപം ഉയരുന്നുണ്ട് . " അത് ഇടതു വശത്തു നിന്നായിരുന്നു. അതായതു ശിവപുരത്തുകാരൻ.അടുത്ത അഭിപ്രായവും ഇടത്തു നിന്നു തന്നെയാണ് വന്നത് " അത് തന്നെ.. ഇനി വിഷ്ണു ദത്തൻ അറിയാതെയാണ് മഹി ഇത് ചെയ്തതെങ്കിൽ പോലും സ്വന്തം കൂട്ടത്തിൽ ഉള്ള ഒരുത്തനെ നിയന്ത്രിക്കാൻ പറ്റാത്ത വിഷ്ണു ദത്തൻ ഇനി ഈ അധ്യക്ഷ സ്ഥാനത്തു തുടരുന്നത് ശരിയാണോ? " " നിർത്തു.. " ഇന്നലെ കല്യാണമണ്ഡപത്തിൽ കേട്ട അതേ അലർച്ച വീണ്ടും അവിടെ തൊട്ടടുത്തു നിന്നു കേട്ടപ്പോൾ ഞാൻ ഞെട്ടി പോയി. ഇത്രയും നേരം തല കുനിച്ചു നിന്നിരുന്ന സൂര്യമഹാദേവൻ തല ഉയർത്തി അവരെ നോക്കുന്നത് ഞാൻ കണ്ടു.അപ്പോൾ ആ കണ്ണുകളിൽ ഇന്നലത്തെ രൗദ്ര ഭാവം ആയിരുന്നു.

അവിടെ ഉള്ള എല്ലാവരും പെട്ടെന്ന് നിശബ്ദരായി. ഇത്രയും നേരം അയാൾക്കെതിരെ സംസാരിച്ചു കൊണ്ടിരുന്ന ആൾക്കാർ ഭയത്തോടെ പുറകോട്ടു രണ്ടടി മാറി നിൽക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ ഭയം എന്റെ ഉള്ളിലും നുരഞ്ഞു പൊന്തി.ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ ഞാൻ അയാളെയും നോക്കി നിന്നു. " ഇന്നലെ ഞാൻ തൃശൂർ പോയതും സന്ദീപിന്റെ കല്യാണം വിദ്യയുമായി നിർബന്ധിച്ചു നടത്തിയതും സത്യമായ കാര്യമാണ്. അത് ഞാൻ നിഷേധിക്കുന്നില്ല. പക്ഷെ അതിൽ വിഷ്ണുവേട്ടന് യാതൊരു പങ്കും ഇല്ല. വിഷ്ണു ഏട്ടനു ഇന്ന് ഇവൾ ഇവിടെ വന്നു പരാതി പറയുന്നത് വരെ ഒന്നും അറിയില്ലായിരുന്നു. ഞാൻ ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. പിന്നെ എന്തിന്റെ പേരിലാണ് നിങ്ങൾ ഇവിടെ കിടന്നു ഏട്ടനെ കുറ്റക്കാരനാക്കി ബഹളം വയ്ക്കുന്നത്? ഞാൻ പ്രശനമുണ്ടാക്കിയത് സന്ദീപിന്റെ കല്യാണത്തിനാണ്.. ഈ പറയുന്ന സന്ദീപിനെയോ അവന്റെ അച്ഛനെയോ അമ്മയെയോ നിങ്ങൾ ഇവിടെ കാണുന്നുണ്ടോ? അവനെ കൊണ്ട് നിർബന്ധിച്ചു ഞാൻ വിദ്യയെ കല്യാണം കഴിപ്പിച്ചതിൽ പരാതി ഉണ്ടെന്നു അവർ ആരെങ്കിലും ഇവിടെ വന്നു പറഞ്ഞിട്ടുണ്ടോ? അവൻ ഇപ്പോൾ വിദ്യയുടെ കൂടെ സന്തോഷമായി ഉണ്ട്. അല്ലെങ്കിൽ അവൻ പറയട്ടെ അവനോ അവന്റെ മാതാപിതാക്കൾക്കോ പരാതി ഉണ്ടെന്നു.

അവനില്ലാത്ത പരാതിയാണോ അവന്റെ കാര്യത്തിൽ നീലാംബരി അമ്മക്ക്? " നീലാംബരി അമ്മയോടായിരുന്നു ചോദ്യമെങ്കിലും അത് തുളഞ്ഞു കയറിയത് എന്റെ നെഞ്ചിലേക്കാണ്. സന്ദീപേട്ടൻ മറ്റൊരു പെണ്കുട്ടിയോടൊത്തു സന്തോഷമായിട്ടു ഇരിക്കുന്നു എന്ന് കേട്ടതും എന്റെ ഹൃദയം വല്ലാതെ മുറിഞ്ഞു. ഒരു ദിവസം കൊണ്ട് ഏട്ടൻ എന്നെ മറന്നോ? അത്രയുമേ ഉള്ളായിരുന്നോ ഏട്ടന് ഞാൻ. സൂര്യമഹാദേവന്റെ ഒച്ചയാണ് എന്നെ അതിൽ നിന്നും പുറത്തു കൊണ്ട് വന്നത്.. " എനിക്കെതിരെ പരാതിയുമായാണ് ഇവൾ ഇന്നിവിടെ വന്നത്. ഇവളുടെ പരാതിയിൽ എപ്പോഴെങ്കിലും വിഷ്ണുവേട്ടന്റെ പേര് പറഞ്ഞിരുന്നോ? ഇല്ലല്ലോ.. പിന്നെ എങ്ങനെയായാണ് എനിക്കെതിരെയുള്ള പരാതി വിഷ്ണുവേട്ടന് എതിരെ ആയതു? അതോ ഇവളെ ഉപയോഗിച്ച് എനിക്കും വിഷ്ണുവേട്ടനുമെതിരെ ആരെങ്കിലും കരുതി കൂട്ടി പ്ലാൻ ചെയ്തതാണോ ഇതൊക്കെ ? " നീലാംബരി അമ്മയുടെ കണ്ണുകളിലേക്കു നോക്കി സൂര്യമഹാദേവൻ അത് ചോദിച്ചപ്പോൾ അവർ ഒന്ന് പതറി. എങ്കിലും പെട്ടെന്ന് തന്നെ സംയമനം വീണ്ടെടുത്തു.. " ഓഹോ.. നീ ഓരോന്ന് ചെയ്തു വച്ചിട്ട് ഇപ്പോൾ വാദിയെ പ്രതിയാക്കുന്നോ? സ്വന്തം കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടി വെച്ച് രക്ഷപെടാനുള്ള നിന്റെ അടവ് ഇവിടെ ആർക്കും മനസിലാവില്ലെന്നു കരുതിയോ? നീ ചെയ്ത തെറ്റിന് നീ പ്രായശ്ചിത്തം ചെയ്യുക തന്നെ വേണം.ഈ പെൺകുട്ടിയോട് ചെയ്ത അനീതിക്ക് നീ സമാധാനം പറയുക തന്നെ വേണം.. "

അത് പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.. " ഞാൻ എനിക്ക് പറ്റിയ തെറ്റ് നിഷേധിക്കുന്നില്ല.. അത് വേറെ ആരുടേയും തലയിൽ കെട്ടി വയ്ക്കാനും ശ്രമിക്കുന്നില്ല. അതിനു വേണ്ടി ഒന്നുമറിയാത്ത വിഷ്ണുവേട്ടനെ തെറ്റുകാരനാക്കി ഈ അധ്യക്ഷസ്ഥാനം കയ്യടക്കാമെന്നു ആരും വിചാരിക്കണ്ടയെന്നെ ഞാൻ പറയുനുള്ളു.. പിന്നെ ഇവളുടെ കാര്യം.. " സൂര്യമഹാദേവൻ എന്റെ നേരെ തിരിഞ്ഞു.. ഇയാൾ ഇനി എന്നെ എന്താണ് ചെയ്യാൻ പോകുന്നതെന്നുള്ള ഭയത്തിൽ ഞാൻ നിന്നു.. " നിന്നെ പറ്റിയോ നിന്റെ അവസ്ഥയെ പറ്റിയോ ഒന്നും എനിക്ക് അറിയില്ലായിരുന്നു . ഇനി അറിഞ്ഞിരുന്നെങ്കിലും ഞാൻ ഇത് തന്നെയേ ചെയ്യുമായിരുന്നുള്ളു. ചിലപ്പോൾ അത് ചെയ്ത രീതി കുറച്ചു വ്യത്യസ്തമായേനെ. അത്രേയുള്ളൂ. കാരണം ഞാൻ ചെയ്തത് എന്റെ ശരിയാണ്. മാപ്പ് എന്നൊരു വാക്ക് കൊണ്ട് ഒന്നിനും പരിഹാരം ആകില്ല എന്നെനിക്കറിയാം.ഞാൻ കാരണം നിനക്കുണ്ടായ നഷ്ടങ്ങൾ നികത്താനും എന്നെ കൊണ്ട് സാധിക്കില്ല.അത് കൊണ്ട് നിന്നോട് ചെയ്ത തെറ്റിന് എനിക്ക് ശരിയെന്നു തോന്നുന്ന ഒരു പരിഹാരം ഞാൻ ചെയ്യാൻ പോവുകയാണ്.. " എന്താണ് ചെയ്യാൻ പോകുന്നതു എന്ന് മനസിലാവാതെ അയാളെ തന്നെ നോക്കി ഞാൻ നിന്നു. മഹി നേരെ പോയത് വിഷ്ണു ദത്തന്റെ മുന്നിലേക്കാണ്.. അയാളുടെ മുന്നിൽ തന്റെ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു " ഏട്ടാ.. ഇന്നലെ സന്ദീപിന്റെ കാര്യത്തിൽ ഏട്ടനോട് പറയാതെ എനിക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു.

അത് കൊണ്ടാണ് ഏട്ടന് ഇന്ന് എല്ലാവരുടെയും മുന്നിൽ ഉത്തരമില്ലാതെ നിൽക്കേണ്ടി വന്നത്. അതിനു ഏട്ടൻ എന്നോട് ക്ഷമിക്കണം " വിഷ്ണു ദത്തൻ അവന്റെ തോളിൽ ചെറുതായി തട്ടി. " ഞാൻ ചെയ്തത് തെറ്റാണെന്നു ഇപ്പോളും തോന്നുന്നില്ല എങ്കിലും അത് കാരണം ഒന്നുമറിയാത്ത ഒരു പെൺകുട്ടിയുടെ ജീവിതം തകർന്നു. അതിനു ഞാൻ എന്നാൽ കഴിയുന്ന ഒരു പ്രായശ്ചിത്തം ചെയ്യാൻ പോവുകയാണ്.ഏട്ടന്റെ അനുഗ്രഹവും അനുവാദവും ഉണ്ടാവണം.." അത്രയും പറഞ്ഞു കൊണ്ട് സൂര്യമഹാദേവൻ ഒന്നും മനസിലാവാതെ നിൽക്കുന്ന എന്റെ അടുത്തേക്ക് വന്നു. " ഇനി ഞാൻ ചെയ്യാൻ പോകുന്നതും എന്റെ ശരിയാണ്.. അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു.. സോറി " ഒന്നും മനസിലാവാതെ ഞാൻ നിന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ആ പന്തലിനു പുറത്തേക്കു നടന്നു. പുറത്തേക്കു നടക്കുന്ന വഴി അയാൾ "കാശി" എന്ന് ഉറക്കെ വിളിക്കുന്നതും അത് കേട്ട ഉടനെ തന്നെ അയാളോടൊപ്പം നേരത്തെ കണ്ട അയാളുടെ കൂട്ടുകാരൻ ഞങ്ങളുടെ പുറകെ വരുന്നതും കണ്ടു. ആദ്യത്തെ ഞെട്ടലിൽ നിന്നു മുക്തയായ ഞാൻ എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ അയാളുടെ പിടിത്തം അത്രയും ശക്തി നിറഞ്ഞതായിരുന്നു. " നിങ്ങളെന്താണ് ഈ കാണിക്കുന്നത്.. എങ്ങോട്ടാ ഈ പോകുന്നത്? എന്റെ കൈ വിട്..വിടാനാണ് പറഞ്ഞത്. " പക്ഷെ ഞാൻ ചോദിക്കുന്നതിനൊന്നും ഒരു മറുപടിയും കിട്ടിയില്ല.

അയാൾ എന്നെയും കൊണ്ട് എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാവാതെ ഞാൻ ചുറ്റും നോക്കി നോക്കി.. ആളുകളൊക്കെ നോക്കി നിൽക്കുന്നുണ്ടെങ്കിലും ആരും ഞങ്ങളുടെ അടുത്തേക്ക് വരികയോ അയാളെ തടയാൻ ശ്രമിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. അയാളെ ആ നാട്ടിലുള്ള എല്ലാവർക്കും ഭയമാണെന്നു നീലാംബരി അമ്മ പറഞ്ഞത് ഞാൻ ഓർത്തു. അങ്ങനെ ഒരാളുമായി യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ട നിമിഷത്തെ ഞാൻ മനസ്സിൽ ശപിച്ചു. അപ്പോഴേക്കും അയാളുടെ ബലമേറിയ പിടിത്തത്തിൽ എന്റെ കൈ വേദനിച്ചു തുടങ്ങിയിരുന്നു. അത് മനസിലാക്കിയിട്ടെന്ന വണ്ണം ആ പിടിത്തം തെല്ലൊന്നയഞ്ഞു.. പക്ഷെ അപ്പോഴും എനിക്ക് അതിൽ നിന്നു രക്ഷപെടാൻ പാകത്തിൽ ആയിരുന്നില്ല.അപ്പോഴേക്കും അയാൾ എന്നെയും കൊണ്ട് ക്ഷേത്രത്തിന്റെ തൊട്ടു മുന്നിൽ എത്തിയിരുന്നു.എന്നെയും വലിച്ചു കൊണ്ട് പോകുന്ന വഴിക്കു അവിടെ നിന്നിരുന്ന ഒരു മരത്തിൽ നിന്നു അയാൾ എന്തോ പറിച്ചെടുക്കുന്നത് കണ്ടു. ഞാൻ ആ മരത്തിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ കുറെ മഞ്ഞ നിറത്തിലുള്ള വള്ളികൾ മാത്രാമാണ് കണ്ടത്.പക്ഷെ ആ മരത്തിന്റെ തണലിൽ ഇരുന്നു കഷായവസ്ത്രം അണിഞ്ഞ ഒരു സ്ത്രീ ഞങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നത് ഞാൻ കണ്ടു. എന്നാൽ അവരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. അയാൾ ആ മരത്തിൽ നിന്നു പറിച്ചെടുത്ത് എന്ത് തന്നെയായാലും അത് മറ്റേ കയ്യിൽ ഭദ്രമായി ചുരുട്ടി പിടിച്ചിട്ടുണ്ട്.

എന്നെയും കൊണ്ട് അമ്പലത്തിനു അകത്തേക്കാണ് പോകുന്നത് എന്ന് ഞാൻ കരുതിയെങ്കിലും അത് തെറ്റിച്ചു കൊണ്ട് അയാൾ അമ്പലത്തിന്റെ നട കടന്നു പ്രദക്ഷിണ വഴിയിലേക്കാണ് പോയത്. ഞങ്ങളിൽ നിന്നു കുറച്ചു ദൂരം വിട്ടു മാറി പിറകെ അപ്പോഴും അയാളുടെ കൂട്ടുകാരൻ ഉണ്ടായിരുന്നു. ഞങ്ങൾ മൂന്നു പേരും അല്ലാതെ അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല.അത് കൊണ്ട് ഉഷപൂജ കഴിഞ്ഞു ക്ഷേത്രത്തിന്റെ നട അടച്ച സമയം ആയിരിക്കും എന്ന് എനിക്ക് തോന്നി. പ്രദക്ഷിണം വഴിയിലൂടെ കുറച്ചു മുന്നോട്ടു നീങ്ങി ഒരു വലിയ കല്ലിൽ കൊരുത്ത രൂപത്തിന് മുന്നിൽ അയാൾ നിന്നു.എന്റെ അപ്പോഴത്തെ അവസ്ഥയിലും കുറച്ചു നേരത്തേക്ക് അതെല്ലാം മറന്നു ഞാൻ ആ രൂപത്തിലേക്ക് അതിശയത്തോടെ നോക്കി നിന്നു പോയി.. എന്റെ രണ്ടിരട്ടിയോളം ഉയരവും വണ്ണവുമുള്ള വലിയ ഒരു ദേവിയുടെ രൂപമായിരുന്നു അത്. ദേവിയുടെ നാവു പുറത്തേക്കായിരുന്നു. തലയിൽ വലിയ കിരീടം.നെറ്റിയിൽ വലിയ ചുവന്ന വട്ട പൊട്ടു. കയ്യിൽ ശൂലം.. ദേഹം മുഴുവൻ ചുവന്ന പട്ടിനാൽ മൂടിയിട്ടുണ്ട്.. കഴുത്തിൽ വലിയ മാലകളും മറ്റു ആടയാഭരണങ്ങളും. മുഖം ഐശ്വര്യപൂർണമെങ്കിലും കണ്ണുകളിൽ രൗദ്രത ആയിരുന്നു. എന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന ആളെ പോലെ തന്നെ.. "

സാക്ഷാൽ ചാമുണ്ഡേശ്വരി ആണ്.ഈ നാടിന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണക്കാരി.ഒന്ന് തൊഴുതോ.. " സൂര്യമഹാദേവന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ അയാളെ നോക്കി..അയാൾ പറഞ്ഞത് അനുസരിക്കാൻ എനിക്ക് താല്പര്യം ഇല്ലെങ്കിലും ദേവിയായതു കൊണ്ട് ഞാൻ തൊഴുതു. ഞാൻ കണ്ണ് തുറന്നു നോക്കിയായപ്പോഴും അയാൾ പ്രാർഥനയിൽ ആണ്. " എന്നെ എന്തിനാണ് ഇങ്ങോട്ട് കൊണ്ട് വന്നത്" അയാൾ കണ്ണ് തുറന്നപ്പോൾ ഞാൻ ചോദിച്ചു. " നിന്നോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ഈ ദേവിയുടെ മുന്നിൽ വച്ചു ഞാൻ നിന്നെ താലി കെട്ടാൻ പോവുകയാണ്.. " അയാൾ പറഞ്ഞത് എന്താണെന്ന് മനസിലാക്കാൻ എനിക്ക് കുറച്ചു സമയം എടുത്തു. പക്ഷെ എനിക്ക് എതെന്കിലും രീതിയിൽ എന്തെങ്കിലും പ്രതികരിക്കാൻ കഴിയുന്നതിനു മുന്നേ തന്നെ അയാളുടെ കയ്യിൽ ചുരുട്ടിപിടിച്ചിരുന്ന ആ മഞ്ഞ ചരടിൽ കോർത്ത താലി അയാളുടെ കൈ കൊണ്ട് എന്റെ കഴുത്തിൽ വീണു കഴിഞ്ഞിരുന്നു. അയാൾ തന്റെ വലത്തേ കൈ ചാമുണ്ഡേശ്വരിയുടെ ശൂലത്തിലൂടെ ഉരയ്ക്കുന്നതും അതിലൂടെ ഒരു ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുന്നതും ഞാൻ കണ്ടു. രണ്ടു നിമിഷങ്ങൾക്ക് ശേഷം എന്റെ സീമന്ത രേഖയിൽ ചെറു ചൂടുള്ള ഒരു നനവ് അനുഭവപെട്ടു. ഇതെല്ലാം ഞാൻ അറിയുന്നുണ്ടെങ്കിലും പ്രതികരിക്കാൻ ഞാൻ അശക്ത ആയിരുന്നു. എന്റെ ശരീരവും മനസ്സും ഒരു പോലെ മരവിച്ചു പോയിരുന്നു. രണ്ടു നിമിഷങ്ങൾക്ക് ശേഷം എന്റെ കാലുകൾ തളർന്നു പോകുന്നത് പോലെ എനിക്ക് തോന്നി.

രണ്ടു ദിവസമായി നേരം വണ്ണം ഭക്ഷണം കഴിക്കാത്തതും, ഉറങ്ങാത്തതും, യാത്രാക്ഷീണവും, ഞാൻ അനുഭവിച്ച മനസികസമ്മര്ദങ്ങളും എല്ലാം കൂടിയായപ്പോൾ എന്റെ ശരീരവും മനസ്സും ഒരു പോലെ തളർന്നിരുന്നു. അവസാനമായി എന്റെ ഓർമ നിലം പതിക്കാതെ എന്നെ താങ്ങിയ ബലമുള്ള രണ്ടു കരങ്ങളാണ്. ഒരു വലിയ മയക്കത്തിൽ നിന്നെന്ന പോലെ എന്റെ മനം ഉണർന്നു കഴിഞ്ഞിരുന്നു. എന്റെ അടുത്ത് നിന്നും എന്തൊക്കെയോ അവയ്ക്തമായ സംഭാഷണങ്ങൾ ഒക്കെ കേൾക്കുന്നുണ്ട്.. ഒരു പെണ്ണിന്റെയും ആണിന്റേയുമൊക്കെ ശബ്ദം പോലെ തോന്നുന്നുണ്ട്. കണ്ണ് തുറന്നു എനിക്കെന്താണ് സംഭവിച്ചതെന്ന് അറിയണം എന്നുണ്ടെങ്കിലും വേണ്ട എന്ന് ഉള്ളിലിരുന്നു ആരോ വിലക്കി. കണ്ണ് തുറന്നാൽ ഞാൻ വീണ്ടും ഈ സുഖമുള്ള അവസ്ഥയിൽ നിന്നു യാഥാർഥ്യത്തിലേക്ക് തിരിച്ചു വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ ഓർക്കാൻ പോലും ഇഷ്ടപെടാത്ത ആ യാഥാർഥ്യം. അത് കൊണ്ട് ഒരു വേദനകളും അറിയാത്ത അവസ്ഥ തന്നെ തിരഞ്ഞെടുത്തുകൊണ്ട് ഞാൻ വീണ്ടും മയക്കത്തിലേക്ക് തന്നെ വഴുതി വീണു.. " പാർവണ.. പാർവണ.. കണ്ണ് തുറക്ക് മോളെ.. ഞാൻ പറയുന്നത് കേൾക്കാമോ.. കണ്ണ് തുറക്ക് കുട്ടി.. "

എന്റെ സമാധാനപരമായ മയക്കത്തെ ശല്യപെടുത്തിക്കൊണ്ടു ഒരു സ്ത്രീ ശബ്ദം എന്റെ കാതുകളിലേക്കു തുളച്ചു കയറിക്കൊണ്ടിരുന്നു. ഒപ്പം ആരോ എന്റെ മുഖത്തേക്ക് വെള്ളം തളിക്കുകയും കവിളുകളിൽ മെല്ലെ തട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. ഇനിയും മയക്കത്തിനെ കൂട്ട് പിടിച്ചു വസ്തുതകളിൽ നിന്നു രക്ഷപെടാൻ എനിക്കാവില്ല എന്ന് മനസിലായി. അത് കൊണ്ട് ഞാൻ പതിയെ കണ്ണ് തുറന്നു.. ആദ്യമൊക്കെ ഒരു വല്ലാത്ത മൂടൽ ആയിരുന്നു. പതിയെ പതിയെ എന്റെ മുന്നിലെ കാഴ്ചകൾ തെളിഞ്ഞു വന്നു.. കയ്യിൽ ഒരു ഗ്ലാസും പിടിച്ചു നിൽക്കുന്ന ചുരിദാർ അണിഞ്ഞ ഒരു വളരെ സുന്ദരിയായ ചെറുപ്പക്കാരിയെയാണ് ഞാൻ ആദ്യം കണ്ടത്. ഞാൻ കണ്ണ് തുറന്നു എന്ന് കണ്ടതും അവർ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.. " പാർവണക്കു ഇപ്പോൾ എങ്ങനെ ഉണ്ട്? " അവരുടെ ചിരിയും മുഖവും പോലെ സൗമ്യവും സുന്ദരവുമായിരുന്നു അവരുടെ ശബ്ദവും. " തലക്കൊക്കെ വല്ലാത്ത ഒരു ഭാരം പോലെ.. " " പാർവണയുടെ ബിപി വളരെ കൂടുതൽ ആയിരുന്നു. ഭക്ഷണവും ഉറക്കവും ശരിയാവാത്തിന്റെയും വളരെയധികം ടെൻഷൻ അടിച്ചതിന്റെയും ഒക്കെ ക്ഷീണം കൊണ്ടാണ്.. നല്ല ഭക്ഷണം ഒക്കെ കഴിച്ചു രണ്ടു ദിവസം നന്നായി ഒന്ന് റസ്റ്റ്‌ എടുത്താൽ ശരിയായിക്കൊള്ളും കേട്ടോ.. " അവർ പതിയെ എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. പക്ഷെ എന്റെ ശ്രദ്ധ അപ്പോഴേക്കും എന്റെ ചുറ്റുപാടുകളിലേക്കു മാറിയിരുന്നു. ഞാൻ ഒരു മുറിയിലാണ് ഉള്ളതെന്ന് മനസിലായി..

അധികം വലുപ്പമില്ലാത്ത ഒരു മുറി തന്നെ ആയിരുന്നു അത്.അതിന്റെ നടുക്കായി ഇട്ടിരിക്കുന്ന ഒരു വലിയ കട്ടിലിലാണ് ഞാൻ കിടക്കുന്നത്. എന്റെ തലയ്ക്കു മുകളിൽ ഒരു ഫാൻ കറങ്ങുന്നുണ്ട്. ഒരു മേശയും കസേരയും ഉണ്ട്. അത് പോലെ തന്നെ ഒരു ജനാലയും .മുറിയുടെ മെയിൻ വാതിൽ അല്ലാതെ അപ്പുറത്തായി ചെറിയ ഒരു വാതിൽ കൂടി ഉണ്ട്.. ബാത്റൂമിലേക്കു ഉള്ളത് ആവാമെന്ന് എനിക്ക് തോന്നി. ഈ കട്ടിൽ അല്ലാതെ മറ്റൊരു കട്ടിൽ കൂടി അപ്പുറത്തായി ഉണ്ട്. മുറിയിൽ നിന്നു പുറത്തേക്കുള്ള വാതിൽ അടച്ചിരിക്കുകയാണ്. കണ്ടിട്ട് ഒരു ഹോസ്പിറ്റൽ മുറി ആണെന്ന് തോന്നുന്നു.മുറിയിൽ ഞാനും അവരും അല്ലാതെ മറ്റാരെയും കാണാത്തതു എനിക്ക് ആശ്വാസമായി. ഞാൻ പതിയെ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. അപ്പോഴാണ് കൈയിൽ എന്തോ കുത്തിയിരിക്കുന്നത് പോലെ തോന്നിയത്. നോക്കിയപ്പോൾ ഡ്രിപ് ഇട്ടിട്ടുണ്ട്. ഞാൻ എഴുനേൽക്കാൻ നോക്കുകയാണെന്നു മനസിലായപ്പോൾ ആ പെണ്ണ് കൂടി എന്നെ സഹായിച്ചു.. " ഞാൻ എവിടെയാ? " പതിയെ ചാരി ഇരുന്നു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു " ഹോസ്പിറ്റലിൽ ആണ്.. " നടന്നതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ തന്നെ ഒരുപാടു ചിത്രങ്ങൾ മുന്നിൽ തെളിഞ്ഞു. എന്റെ കഴുത്തിൽ ഇപ്പോഴും ആ താലി ഉണ്ടോ എന്ന് തൊട്ടു നോക്കണം എന്ന് തോന്നി. അയാൾ ആയിരിക്കുമോ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്നത്. എന്നെ ഇവിടെ കൊണ്ടാക്കി അയാൾ എവിടെ പോയി? ചോദ്യങ്ങൾ ഒരുപാടു ഉണ്ടായിരുന്നെങ്കിലും ചോദിക്കാൻ മടിച്ചു ഞാൻ ഇരുന്നു. പിന്നെ ചോദിക്കാതെ ഇരിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ ചോദിച്ചു.. " എന്നെ ആരാണ് ഇവിടെ കൊണ്ട് വന്നത്? " " മഹിയും കാശിയും കൂടെയാണ് കൊണ്ട് വന്നത്.. " ആയാളും അയാളുടെ കൂട്ടുകാരനും. അറിയാതെ എന്റെ കൈ കഴുത്തിലേക്ക് നീണ്ടു..

കയ്യിൽ ഉണ്ടാക്കിയ മഞ്ഞ ചരടും അതിന്റെ അറ്റത്തു തൂങ്ങിയാടുന്ന താലിയും കണ്ടതും അത് പൊട്ടിച്ചെറിയാനാണ് തോന്നിയത്. അത് എന്റെ കഴുത്തിൽ ചുറ്റി വരിഞ്ഞു എന്നെ ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി. പെട്ടെന്ന് എന്തോ ഓർത്ത പോലെ ഞാൻ കട്ടിലിൽ നിന്നു ചാടി എഴുനേൽക്കാൻ നോക്കിയതും ആ പെണ്ണ് എന്നെ പിടിച്ചു കട്ടിലിലേക്ക് തന്നെ ഇരുത്തി.. "പാർവണ എന്താ ഈ കാണിക്കുന്നത്? അവിടെ കിടക്കു.. കുട്ടിക്ക് ഇപ്പോൾ റസ്റ്റ്‌ വേണം.. തന്നെയുമല്ല കയ്യിൽ ഡ്രിപ്പും ഉണ്ട്. " " എന്റെ കയ്യിൽ ഉള്ള ഡ്രിപ് ഊരി തരാൻ ഇവിടുത്തെ ഡോക്ടറിനോട് പറ. എനിക്ക് പോകണം.. " ഉറച്ചതായിരുന്നു എന്റെ ശബ്ദം.. " ഇവിടുത്തെ ഡോക്ടറാണ് ഞാൻ. ആ ഞാൻ പറയുന്നു ഈ ഡ്രിപ് ഊരിതരാൻ കഴിയില്ല. ഇപ്പോൾ പാർവണയ്ക്ക് എവിടെയും പോകാനും കഴിയില്ല." അവരുടെ ശബ്ദവും ഉറച്ചതായിരുന്നു. ഞാൻ അവരെ ഞെട്ടി നോക്കി.. ഇവർ ഡോക്ടറോ. എന്തേലുമാവട്ടെ.. " അതൊന്നും പറഞ്ഞാൽ പറ്റില്ല.. എനിക്ക്.. എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല.നിങ്ങൾ എന്റെ കയ്യിലെ ഈ സൂചി മാറ്റി തരുന്നുണ്ടോ ഇല്ലയോ? അത് മാത്രം അറിഞ്ഞാൽ മതി എനിക്ക്.. " ഞാൻ വാശിയോടെ പറഞ്ഞു. അവരുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഉണ്ടായില്ല. " ഇല്ല.. " " എങ്കിൽ ഞാൻ തനിയെ ഊരിക്കൊളാം." അതും പറഞ്ഞു ഞാൻ ആ വള്ളിയിൽ പിടിത്തമിട്ടതും എന്റെ കൈകൾക്കു മേലെ ബലമുള്ള മറ്റൊരു കൈ സ്ഥാനം ഉറപ്പിച്ചിരുന്നു......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story