സൂര്യപാർവണം: ഭാഗം 6

surya parvanam

രചന: നിള നിരഞ്ജൻ

" എങ്കിൽ ഞാൻ തനിയെ ഊരിക്കൊളാം." അതും പറഞ്ഞു ഞാൻ ആ വള്ളിയിൽ പിടിത്തമിട്ടതും എന്റെ കൈകൾക്കു മേലെ ബലമുള്ള മറ്റൊരു കൈ സ്ഥാനം ഉറപ്പിച്ചിരുന്നു. മുഖമുയർത്തി നോക്കാതെ തന്നെ അത് ആരാണെന്നു എനിക്ക് മനസ്സിലായിരുന്നു. " എന്റെ കയ്യിൽ നിന്നു കയ്യെടുക്കു " മുഖത്തേക്ക് നോക്കാതെ ഞാൻ പറഞ്ഞു. സാധിക്കില്ലെന്ന് പറയും എന്ന് വിചാരിച്ചെങ്കിലും അയാൾ കയ്യെടുത്തു. ഞാൻ പിന്നെയും ഡ്രിപ് വലിച്ചൂരാൻ നോക്കിയപ്പോൾ പിന്നെയും ആ കൈകൾ എന്നെ തടഞ്ഞു. ഇത്തവണ ഞാൻ ആ മുഖത്തേക്ക് നോക്കി.. അയാളെ ചുട്ടെരിക്കാനുള്ള പക എന്റെ കണ്ണുകളിൽ ഉണ്ടായിരുന്നെങ്കിലും അയാൾക്ക്‌ അതൊന്നും ഒരു പ്രശ്നമേ അല്ലെന്നു തോന്നുന്നു.. എന്നെ നോക്കുന്ന സൂര്യമഹാദേവന്റെ കണ്ണുകളിൽ ശാന്തത ആയിരുന്നു. ഒപ്പം അവയിൽ ഒരു ചെറിയ ചിരിയും ഒളിഞ്ഞിരിപ്പില്ലേ എന്ന് എനിക്ക് സംശയം തോന്നി. അത് എന്റെ ദേഷ്യം കൂട്ടിയതേയുള്ളൂ. പക്ഷെ ശബ്ദത്തിൽ പരമാവധി ശാന്തത കൈവരുത്തി ഞാൻ പറഞ്ഞു " കയ്യെടുക്കു.. എനിക്ക് പോണം.. " " എങ്ങോട്ട്? " " അതെന്തിനാ നിങ്ങൾ അറിയുന്നത്? " " പിന്നെ.. എന്റെ ഭാര്യ എങ്ങോട്ടാണ് പോകുന്നതെന്ന് ഞാൻ അറിയണ്ടേ.. " അയാൾ എന്നെ ഭാര്യ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത്. അത് എന്റെ മുഖത്തും പ്രതിഫലിച്ചു എന്ന് തോന്നുന്നു അയാൾ എന്നെ നോക്കി ഒരു പുരികമുയർത്തി എന്താണെന്നു ചോദിച്ചു

" ആരും ചോദിക്കാനും പറയാനുമില്ലാത്ത നിരാലംബയായ ഒരു പെണ്ണിനെ വലിച്ചിഴച്ചു കൊണ്ട് പോയി ഏതോ ഒരു മരത്തിൽ കെട്ടിയിരുന്ന മഞ്ഞ ചരട് പൊട്ടിച്ചെടുത്തു കഴുത്തിയാൽ കെട്ടിയാൽ അത് കല്യാണം ആണോ? " " എനിക്ക് ആണ്.. ഞാൻ ആ മഞ്ഞ ചരട് നിന്റെ കഴുത്തിൽ കെട്ടിയതു ഞാൻ വിശ്വസിക്കുന്ന ചാമുണ്ഡേശ്വരിയുടെ മുന്നിൽ എന്റെ ഏട്ടന്റെ അനുവാദത്തോടെ ആണ്.. എന്നെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.. " " നിങ്ങളെ സംബന്ധിച്ചിടത്തോളം.. പക്ഷെ ഇത് നിങ്ങളെ മാത്രം സംബന്ധിക്കുന്ന കാര്യം അല്ലെങ്കിലോ? ഇത് എന്നെയും കൂടി സംബന്ധിക്കുന്ന കാര്യമാണ്.. നിങ്ങളെ എന്റെ ഭർത്താവായി അംഗീകരിക്കാൻ ഞാൻ തയ്യാറല്ല.. " ഞാൻ തീർത്തു പറഞ്ഞു. " ഹ്മ്മ്.. അതൊരു പ്രശ്നമാണ്.. പക്ഷെ സാരമില്ല.. പതിയെ പതിയെ ശരിയാക്കാവുന്നതേ ഉള്ളു.. " അയാൾ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടു അവിശ്വസനീയതയോടെ ഞാൻ അയാളെ നോക്കി. " പതിയെ ശരിയാവുമെന്നോ.. എന്ത് ശരിയാവുമെന്നു..ഈ ലോകത്തു ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയാണ് നിങ്ങൾ. എന്റെ ജീവിതവും സ്വപ്നങ്ങളും നശിപ്പിച്ചവൻ.. എന്നിട്ട് അത് ചോദിക്കാൻ വന്ന എന്നെ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം എന്ന പേരിൽ നിർബന്ധിച്ചു താലി കെട്ടി.. ഇങ്ങനെയൊക്കെ ചെയ്ത നിങ്ങളെ ഞാൻ എന്നെങ്കിലും സ്നേഹിക്കുമെന്നു നിങ്ങള്ക്ക് തോന്നുണ്ടോ? " ഞാൻ പറയുന്നത് കേട്ടു

അയാൾ ദേഷ്യപെടുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. എന്റെ ചോദ്യത്തിന് ശാന്തനായി തന്നെ അയാൾ മറുപടി തന്നു.. " തോന്നുന്നുണ്ട്.. തോന്നൽ അല്ല.. വിശ്വാസമാണ്.. ഞാൻ കെട്ടിയ ഈ താലി നീ അംഗീകരിക്കും എന്ന വിശ്വാസം.. " എന്റെ കണ്ണുകൾ എരിഞ്ഞു.. " ഈ താലിയോ...? " എന്റെ കഴുത്തിലുള്ള മഞ്ഞ ചരട് ഉയർത്തി പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.. "താലി എന്നാൽ അതിന്റെ അർത്ഥം എന്താണെന്ന് അറിയാമോ നിങ്ങള്ക്ക്? അതിന്റെ പവിത്രത അറിയുമോ? ഇതൊന്നും അറിയാത്ത നിങ്ങൾ കെട്ടിയ ഇതിനു എന്ത് വിലയാണ് ഉള്ളത്.. എന്നെ സംബന്ധിച്ചിടത്തോളം ഇത് വെറും മഞ്ഞ ചരട് മാത്രമാണ്.. ഇത് എന്റെ കഴുത്തിൽ കിടക്കുന്നതിന്റെ പേരിൽ അല്ലെ നിങ്ങൾ എന്റെ മേൽ അധികാരം പറയുന്നത്.. ഇത് ഞാൻ ഇപ്പോളെ അങ്ങു പൊട്ടിച്ചു തന്നേക്കാം." അതും പറഞ്ഞു ഞാൻ അത് വലിച്ചു പൊട്ടിക്കാൻ തുടങ്ങിയതും എന്റെ കയ്യിൽ പിടിത്തം വീണിരുന്നു..ഇത്രയും നേരം ശാന്തമായിരുന്നു ആ കണ്ണുകളിൽ വീണ്ടും രൗദ്രത നിറഞ്ഞിരുന്നു.. " അതിലെങ്ങാനും തൊട്ടാലുണ്ടല്ലോ? " അതൊരു ഭീഷണി ആയിരുന്നു. " തൊട്ടാൽ നിങ്ങൾ എന്ത് ചെയ്യും? " " സൂര്യമഹാദേവൻ പറയാറില്ല.. പ്രവർത്തിക്കാറേ ഉള്ളു.. പക്ഷെ എന്റെ പ്രവർത്തി താങ്ങാനുള്ള ആരോഗ്യമൊന്നും മോളുടെ ഈ കുഞ്ഞു ശരീരത്തിനില്ല.. പ്രത്യേകിച്ചും ഈ അവസ്ഥയിൽ.അത് കൊണ്ട് അടങ്ങി ഒതുങ്ങി ഇരുന്നാൽ നിനക്ക് തന്നെ കൊള്ളാം.. " ഞാൻ അതിനു മറുപടി പറയാൻ തുടങ്ങിയതും എനിക്ക് പിന്നെയും വല്ലാത്ത ഒരു ക്ഷീണവും തലയ്ക്കു ആകെ മൊത്തം ഒരു ഭാരവും അനുഭവപ്പെടാൻ തുടങ്ങി. അറിയാതെ ഞാൻ തല കുനിച്ചു അവിടെ ഇരുന്നു പോയി.

" മഹി " എന്ന് ശാസനാഭാവത്തിൽ ഉള്ള ഒരു വിളി കേട്ടു ഞങ്ങൾ രണ്ടു പേരും അങ്ങോട്ട്‌ നോക്കി. അപ്പോഴാണ് ഇവിടെ നടന്നതെല്ലാം കണ്ടു കൊണ്ട് ആ ഡോക്ടർ അവിടെ ഉണ്ടായിരുന്നു എന്ന കാര്യം എനിക്ക് ബോധ്യം വന്നത്. അവർ വിളിച്ചത് കൊണ്ടോ എന്റെ വയ്യായ്ക മനസിലായത് കൊണ്ടോ അയാൾ ഏതായാലും എന്റെ കൈ മോചിപ്പിച്ചു. ഞാൻ പതിയെ കട്ടിലിലേക്ക് തന്നെ തിരികെ കിടന്നു. പക്ഷെ പിന്നെയും ആ താലി വലിച്ചു പൊട്ടിക്കാനുള്ള ധൊര്യമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഈ അസുരൻ എന്താണ് കാണിച്ചു കൂട്ടുക എന്നറിയില്ലല്ലോ.. ഞാൻ ഒന്നും മിണ്ടാതെ അടങ്ങി കിടക്കുന്നത് കണ്ടാവണം അയാളുടെ ചുണ്ടിൽ ഒരു വിജയച്ചിരി വിരിഞ്ഞു.. " അപ്പോൾ പറഞ്ഞത് പോലെ ഇവരൊക്കെ പറയുന്നതും കേട്ടു മര്യാദക്ക് ഇവിടെ റസ്റ്റ്‌ എടുത്തോ.ഇവിടുന്നു എങ്ങോട്ടെങ്കിലും പോയേക്കാം എന്നുള്ള അതിമോഹമൊന്നും വേണ്ട.. ഇത് എന്റെ സ്ഥലമാണ്. എനിക്ക് ഇവിടെ എല്ലായിടത്തും കണ്ണുകളും കാതുകളും ഉണ്ട്. പിന്നെ രണ്ടു ദിവസം ഇവിടെ കിടക്കേണ്ടി വരും എന്നാണ് ഡോക്ടർ പറഞ്ഞത്. അത് കൊണ്ട് നിനക്ക് ഇവിടെ കൂട്ടിനും സഹായത്തിനുമായി ഒരാളെ ഞാൻ കൊണ്ട് വന്നിട്ടുണ്ട്. " "കാളിയമ്മാ.. " അയാളുടെ വിളി കേട്ടു ഞാനും പുറത്തേക്കു നോക്കി..

ആ വിളിക്കു കാതോർത്തു എന്ന പോലെ പുറത്തു നിന്നു നല്ല കടുത്ത കളർ സാരിയുടുത്ത ഏകദേശം അൻപതു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അകത്തേക്ക് കയറി വന്നു.അവരുടെ നെറ്റിയിലും ഉണ്ടായിരുന്നു ഒരു വലിയ ചുവന്ന വട്ട പൊട്ടു. കറുത്തിട്ടാണെങ്കിലും മുഖത്ത് നല്ല ഐശ്വര്യം തോന്നുന്ന ഒരു സ്ത്രീ ആയിരുന്നു അവർ.അവർ എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു. പക്ഷെ ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചു കിടന്നതേ ഉള്ളു. " കാളിയമ്മ ഇവിടെ നിന്റെ എല്ലാ കാര്യങ്ങളും നോക്കി കൊള്ളും..നിന്റെ അഹങ്കാരം പിടിച്ച സ്വഭാവം ഒന്നും അവരുടെ അടുത്ത് എടുക്കാൻ നിൽക്കണ്ട.. " അത് പറഞ്ഞപ്പോൾ ഞാൻ അയാളെ ഒന്ന് നോക്കി.. എനിക്ക് അഹങ്കാരമോ? അപ്പോൾ ഈ പറയുന്ന ആൾക്കോ.എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായിട്ടെന്ന മട്ടിൽ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. " അപ്പോൾ കാളിയമ്മ.. മാഡത്തിന്റെ മേൽ ഒരു പ്രത്യേക കണ്ണ് വേണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി " എന്നിട്ട് എന്റെ നേരെ തിരിഞ്ഞു. " അപ്പൊ ഞാൻ പോയിട്ട് പിന്നെ വരാം. വേറെ കുറച്ചു പണി ഉണ്ട്.. " അതും പറഞ്ഞു എന്നെ ഒന്ന് ഇരുത്തിനോക്കി അയാൾ പോയി. അയാൾ പോയിക്കഴിഞ്ഞപ്പോൾ ഡോക്ടർ മേശയിൽ നിന്നു

ബിപി നോക്കുന്ന മെഷീനും സ്റ്റെതസ്കോപ്പും എടുത്തു എന്റെ അടുത്തേക്ക് വന്നു. എന്റെ ബിപി നോക്കിയ ശേഷം അവർ പറഞ്ഞു " ഞാൻ നേരത്തെ തന്നെ പറഞ്ഞില്ലേ പാർവണയുടെ ബിപി വളരെ കൂടുതൽ ആണ്. കുറച്ചു ഒന്ന് കുറഞ്ഞതായിരുന്നു. ഇപ്പോൾ മഹിയുടെ അടുത്ത് ഒച്ച വച്ചു പിന്നെയും കൂടി. അതാണ്‌ പെട്ടെന്ന് ക്ഷീണം തോന്നിയത്.അത് കൊണ്ട് തത്കാലം നന്നായി റസ്റ്റ്‌ എടുത്തു ആരോഗ്യം വീണ്ടെടുക്കാൻ നോക്കു.തത്കാലം ഞാൻ ഉറങ്ങാൻ ഒരു ഇൻജെക്ഷൻ തരാം.കുട്ടി ഒന്ന് നന്നായി ഉറങ്ങൂ. " അവർ കാളിയമ്മയുടെ നേരെ തിരിഞ്ഞു. " ക്യാന്റീനിൽ നിന്നു കഞ്ഞി വാങ്ങി കൊടുത്തോളു.. ഉപ്പു വേണ്ട.. ഭക്ഷണം കഴിച്ചു കഴിയുമ്പോൾ നഴ്സിനോട് പറഞ്ഞാൽ മതി. ഇൻജെക്ഷൻ എടുക്കും " അവർ എല്ലാത്തിനും തലയാട്ടി. എന്നെ ഒന്ന് കൂടി നോക്കിയ ശേഷം ഡോക്ടറും പോയി. ഞാനും കാളിയമ്മയും മാത്രമായി. " എന്നാൽ ഞാൻ പോയി കുഞ്ഞിന് കഴിക്കാൻ കഞ്ഞി വാങ്ങി വരാം.. " കുറച്ചു കഴിഞ്ഞപ്പോൾ കാളിയമ്മ എന്നോട് പറഞ്ഞു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അവർ പോയി കഴിഞ്ഞപ്പോൾ കയ്യിലെ സൂചിയും വലിച്ചൂരി എങ്ങോട്ടെങ്കിലും പോയാലോ എന്ന് ഞാൻ ആലോചിച്ചു. പക്ഷെ ഇപ്പോഴത്തെ എന്റെ ആരോഗ്യസ്ഥിതി വച്ചു ഞാൻ ആ വാതിലിനപ്പുറം കടക്കില്ല എന്നുറപ്പുള്ളതു കൊണ്ട് ആ ചിന്ത വേണ്ടായെന്നു വച്ചു. പക്ഷെ എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷപെട്ടെ പറ്റൂ.ആ അസുരന്റെ കൂടെ ജീവിക്കേണ്ടി വരുന്നതിലും ഭേദം മരണമാണ്. ചെറിയമ്മയുടെ അടുത്തേക്ക് തന്നെ പോകാം. എങ്ങനെയെങ്കിലും ഉള്ള ഡിഗ്രി വച്ചു ഒരു ജോലി കാംഡെതാണ് പറ്റിയാൽ വല്ല ലേഡീസ് ഹോസ്റ്റലിലേക്കും മാറാമായിരുന്നു.

അതിനു ആദ്യം ആരോഗ്യം വീണ്ടെടുക്കണം. തത്കാലം അത് കൊണ്ട് അയാൾ പറയുന്നത് അനുസരിക്കണം. രണ്ടു ദിവസം എന്തായാലും ഇവിടെ കിടക്കണം എന്നല്ലേ ഡോക്ടർ പറഞ്ഞത്.. അതിനുള്ളിൽ എന്തെങ്കിലും മാർഗം കണ്ടെത്താം.. ഞാൻ മനസ്സിൽ ഓർത്തു. കാളിയമ്മ കഞ്ഞിയുമായി വന്നപ്പോൾ ഞാൻ വലിയ പ്രശ്നം ഒന്നും ഉണ്ടാക്കാതെ അത് കുടിച്ചു. അത് അവർക്കും വലിയ ആശ്വാസം ആയി എന്ന് തോന്നുന്നു. അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത് പോലെ അവർ പോയി നഴ്സിനെ വിളിച്ചു കൊണ്ട് വന്നു. അവർ വന്നു ഒരു ഇൻജെക്ഷൻ തന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കണ്ണുകൾക്ക്‌ ഭാരം അനുഭവപ്പെടാൻ തുടങ്ങി. കണ്ണുകളിൽ മയക്കം തഴുകുമ്പോൾ ഞാൻ ആഗ്രഹിച്ചത് ഇതെല്ലാം ഒരു വലിയ ദുസ്വപ്നം ആവണേ എന്നാണ്.. ഈ ഉറക്കം ഉണരുമ്പോൾ എല്ലാം പഴയതു പോലെ ആവണേയെന്നു. ഞാൻ ഇപ്പോഴും ചെറിയമ്മയുടെ തൃശ്ശൂർ ഉള്ള വീട്ടിൽ ആവണേയെന്നു .എന്റെ കല്യാണം മുടങ്ങിയിട്ടുണ്ടാവല്ലേയെന്നു . സന്ദീപേട്ടൻ മറ്റൊരു കല്യാണം കഴിച്ചിട്ടുണ്ടാവല്ലേയെന്നു . സൂര്യമഹാദേവൻ എന്നൊരു മനുഷ്യനെ ഞാൻ പരിചയപെട്ടിട്ടേ ഉണ്ടാവല്ലേയെന്നു.. അതേ സമയം ശിവപുരത്തെ കല്പകശ്ശേരി തറവാട്ടിൽ തന്റെ ആട്ടുകട്ടിലിൽ വലിയ ചിന്തയിൽ ആയിരുന്നു മാനവേന്ദ്രൻ. ഇന്ന് എന്തായാലും ആ സൂര്യമഹാദേവനെയും വിഷ്ണു ദത്തനെയും തറ പറ്റിക്കാമെന്നു കരുതിയിരുന്നതാണ്. ആ പെണ്ണ് അതിനുള്ള ഒരു നല്ല വഴിയായിരുന്നു. അവൾ നീലു പറഞ്ഞു കൊടുത്തത് പോലെയൊക്കെ പറഞ്ഞതുമാണ്. അവളുടെ കദന കഥ കേട്ടപ്പോൾ പഞ്ചായത്ത് അംഗങ്ങൾ ഒക്കെ അവളുടെ വശത്തേക്ക് ചായ്ഞ്ഞതുമായിരുന്നു. പക്ഷെ അപ്പോഴാണ് അവൻ..

അവൻ ഇങ്ങനെ ഒരു സാഹസം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. " ഛെ" അയാൾ ദേഷ്യത്തോടെ തന്റെ കൈ കൊണ്ട് ഭിത്തിയിൽ ആഞ്ഞിടിച്ചു.. " മഹിയോടുള്ള ദേഷ്യം സ്വന്തം കയ്യിൽ തീർക്കുന്നതിൽ എന്ത് കാര്യമാണ് ഇന്ദ്രേട്ട? " അയാളുടെ ചെയ്തികൾ കണ്ടു കൊണ്ട് വന്ന നീലാംബരി അമ്മ അയാളോടൊപ്പം ആട്ടുകട്ടിലിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു. " പിന്നെ.. ഇന്ന് എന്തായാലും അവനെ ഈ നാട്ടിൽ നിന്നു തന്നെ ഓടിക്കാമെന്നു കരുതിയതാണ്.. അപ്പോഴല്ലേ അവൻ.. " " അങ്ങനെയൊന്നും തോറ്റു പോകുന്ന ജന്മം അല്ല സൂര്യമഹാദേവന്റേതു.. നല്ല ബുദ്ധിയും അതിനൊപ്പം ശക്തിയും ഉണ്ട് അവനു. നമ്മൾ ആ പെണ്ണിനെ വച്ചു അവനു എതിരെ കളിച്ചപ്പോൾ അവൻ ആ പെണ്ണിനെ തന്നെ അങ്ങ് സ്വന്തമാക്കി.. പക്ഷെ അതിപ്പോൾ നമുക്ക് ഉപകാരമായി " " എങ്ങനെ? നീ എന്തൊക്കെയാ ഈ പറയുന്നത്? " " ആദ്യമേ തന്നെ തന്റെ കല്യാണം മുടക്കിയ മഹിയോട് അവൾക്കു കടുത്ത പക ഉണ്ടായിരുന്നു. ഇപ്പോൾ അവളുടെ സമ്മതമില്ലാതെ അവളെ കല്യാണം കഴിച്ചപ്പോൾ അത് ഇരട്ടി ആയിട്ടുണ്ടാവും. അത് പോലെ നമ്മൾ ഇപ്പോളും അവളുടെ കണ്ണിൽ അവളുടെ അഭ്യുദയകാംക്ഷികൾ ആണ്. ഒന്ന് നോക്കിയും കണ്ടും കളിച്ചാൽ മാണിക്യമംഗലത്തു നമ്മുക്ക് സ്വന്തമായി ഒരാൾ ഉണ്ടാവും." " പക്ഷെ ഇപ്പോൾ അവൾ അവന്റെ ഭാര്യ അല്ലേ? അവൾ നമ്മൾ പറഞ്ഞാൽ അനുസരിക്കുമോ? " അതിനു മറുപടിയായി നീലാംബരി ദേവി ഒന്ന് ചിരിച്ചു.. "

നിങ്ങൾ ആണുങ്ങൾക്ക് ഒരിക്കലും മനസിലാക്കാൻ പറ്റാത്ത ഒന്നുണ്ട്.. ഒരു പെണ്ണിന്റെ മനസ്സ്. ശക്തി കൊണ്ട് തന്നെ കീഴ്പ്പെടുത്തുന്ന ഒരുവനെ ഒരിക്കലും ഒരു പെണ്ണ് അംഗീകരിക്കില്ല. പ്രത്യേകിച്ച് പാർവണയെ പോലെ ആത്മാഭിമാനമുള്ള ഒരു പെണ്ണ്. സൂര്യമഹാദേവന്റെ നാശം നമ്മൾ നിഡോയെടുക്കാൻ പോകുന്നത് അവളിലൂടെയാണ്.. " നീലാംബരി അത്രയും ഉറപ്പോടെ പറഞ്ഞെങ്കിലും മാനവേന്ദ്രന് അപ്പോഴും സംശയം ബാക്കി ആയിരുന്നു. പക്ഷെ തന്റെ ഭാര്യയോട് തർക്കിക്കുക എന്നത് അത്ര നല്ല കാര്യമല്ലാത്തതു കൊണ്ട് അയാൾ ഒന്നും മിണ്ടിയില്ല. നല്ലൊരു ഉറക്കത്തിൽ നിന്നു ഞാൻ ഉണരുമ്പോൾ മുറിയിൽ മുഴുവൻ സൂര്യപ്രകാശം നിറഞ്ഞിരുന്നു. ഞാൻ ഉണർന്നു എന്ന് കണ്ടപ്പോൾ കാളിയമ്മ പോയി നഴ്സിനെ വിളിച്ചു കൊണ്ട് വന്നു.അവർ എന്റെ കയ്യിലെ സൂചി മാറ്റി തന്നപ്പോൾ ഞാൻ പതിയെ എഴുനേറ്റു ബാത്റൂമിലേക്കു പോയി. കാളിയമ്മയും പല്ല് തേക്കാനും കുളിക്കാനും ഒക്കെ സഹായിച്ചു കൊണ്ട് എന്നോടൊപ്പം ഉണ്ടായിരുന്നു.അത് കഴിഞ്ഞപ്പോൾ അവർ എനിക്ക് ചായയും രാവിലത്തെ കാപ്പിയും എടുത്തു തന്നു. ഞാൻ ഉണരുന്നതിനു മുന്നേ പോയി വാങ്ങി വന്നത് ആവണം. ഞാൻ അങ്ങോട്ട്‌ ഒന്നും പറയാത്തത് കൊണ്ടാവണം അവർ എന്റെ എല്ലാ കാര്യങ്ങളും ചെയ്തു തരുന്നുണ്ടെങ്കിലും എന്നോട് ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. രാവിലേ എന്നെ നോക്കാൻ വന്ന ഡോക്ടർ ഇന്നലെ വന്ന ലേഡി ഡോക്ടർ ആയിരുന്നില്ല..

പകരം ഒരു ആണായിരുന്നു. അയാൾ എന്റെ ബിപി ഒക്കെ നോക്കിയിട്ട് നാളെ കഴിഞ്ഞു മറ്റന്നാൾ ആവുമ്പോഴേക്കും പോകാമെന്നു പറഞ്ഞു. ഡോക്ടർ പോയിക്കഴിഞ്ഞതും ഞാൻ ഉറങ്ങുന്നത് പോലെ കണ്ണടച്ച് കിടന്നു. ഇവിടുന്നു എങ്ങനെ രക്ഷപെടാം എന്നുള്ളത് മാത്രമായിരുന്നു എന്റെ ചിന്ത മുഴുവനും. ആരുടെയെങ്കിലും സഹായം ഇല്ലാതെ എനിക്ക് രക്ഷപെടാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ ആദ്യം ഓർമ വന്നത് നീലാംബരി അമ്മയുടെ മുഖമാണ്. അവർ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ടേക്കു വന്നത്. എന്ത് പ്രശ്നം വന്നാലും എന്നെ സംരക്ഷിച്ചോളാം എന്ന് പറഞ്ഞത് അവർ അല്ലേ? പക്ഷെ നീലാംബരി അമ്മയെ എങ്ങനെ വിവരം അറിയിക്കും. അപ്പോഴാണ് ഞാൻ എന്റെ ഫോണിനെ പറ്റി ഓർത്തത്‌. അതിൽ അവരുടെ നമ്പർ ഉണ്ട്. എന്റെ ഫോൺ പഞ്ചായത്തിന് കയറുന്നതിന്ന് മുന്നേ ഞാൻ ബാഗിൽ വച്ചിരുന്നു. ഞാൻ കണ്ണ് തുറന്നു ചുറ്റും നോക്കി.. എന്റെ ബാഗ് കസേരയിൽ ഇരിപ്പുണ്ടെന്നു കണ്ടതും സമാധാനമായി. ഞാൻ ചുറ്റും നോക്കി.. കാളിയമ്മ ഒരു ബുക്കും വായിച്ചു ഇരിക്കുകയാണ്.. രാവിലേ മുതൽ അവർ എന്റെ കൂടെ എല്ലാത്തിനും ഉണ്ടെങ്കിലും ഇത് വരെ ഞാൻ അവരോടു ഒന്നുമേ മിണ്ടിയിട്ടില്ല. ഇപ്പോൾ പെട്ടെന്ന് മിണ്ടണമല്ലോ എന്നോർത്തപ്പോൾ ഒരു മടി. പിന്നെ എന്റെ ആവശ്യം ആയതു കൊണ്ട് ഞാൻ പതിയെ വിളിച്ചു . " കാളിയമ്മേ.. " എന്റെ വിളി കേട്ടു അവർ സന്തോഷത്തോടെയും അതിശയത്തോടെയും എന്നെ നോക്കി.

" എന്റെ ബാഗ് ഒന്ന് എടുത്തു തരാമോ? ഒരു കാര്യം നോക്കാനാ.. " മടിച്ചു മടിച്ചു ഞാൻ ചോദിച്ചു. അവർ വേഗം തന്നെ എന്റെ ബാഗ് എടുത്തു എന്റെ മുന്നിൽ വച്ചു തന്നു. എന്നിട്ട് മാറി നിന്നു. ഞാൻ ബാഗിന്റെ മുന്നിലത്തെ സിബ് തുറന്നു അതിൽ കയ്യിട്ടു നോക്കി. കുറച്ചു പേപ്പറുകൾ അല്ലാതെ ഒന്നും കയ്യിൽ ഉടക്കിയില്ല. ഞാൻ ഒന്ന് കൂടി തപ്പി നോക്കി... ഫോൺ ഇല്ല. പക്ഷെ എന്റെ ഫോൺ ഞാൻ ഇവിടെ തന്നെയാണ് വച്ചിരുന്നതു. ഇനി എനിക്ക് തെറ്റിയതാണോ? ഞാൻ ആ ബാഗ് മുഴുവനും നോക്കി. ഫോൺ ഇല്ല.. ഫോൺ ബാഗിൽ വച്ചു എന്ന കാര്യം എനിക്ക് ഉറപ്പാണ്. ഇനി അത് ആരെങ്കിലും എടുത്തു കൊണ്ട് പോയത് ആയിരിക്കുമോ? പക്ഷെ എന്റെ ബാഗിൽ കല്യാണത്തിന്റെ സ്വർണം ഉണ്ടായിരുന്നത് അത് പോലെ തന്നെ ഉണ്ട്.നീലാംബരി അമ്മ തന്ന പൈസയുടെ ബാക്കിയും ഉണ്ട്. കള്ളന്മാർ ആണെങ്കിൽ അതല്ലേ ആദ്യം എടുക്കേണ്ടത്? ഇതിപ്പോൾ ആ പഴയ ഫോൺ മാത്രമാണ് പോയിട്ടുള്ളത്. അത് മാത്രാമായി ആര് എടുക്കാനാണ്? എന്തിനു? ഞാൻ അത് ഉപയോഗിച്ച് ആരെയും വിളിക്കരുത് എന്ന് കരുതുന്ന ഒരാൾ.. അപ്പോൾ തന്നെ എന്റെ ഫോൺ ആരുടെ കയിലാണെന്നു എനിക്ക് മനസിലായി. അസുരൻ എല്ലാം പ്ലാൻ ചെയ്തു തന്നെയാണ്. പക്ഷെ അതേ സമയം അയാൾ എന്റെ പൈസയും സ്വർണവും എടുക്കാഞ്ഞതും എനിക്ക് അതിശയമായി. ഞാൻ നിരാശയോടെ ബാഗ് മാറ്റി വച്ചു. ഇനി എന്ത് ചെയ്യും.. കാളിയമ്മയോടു അവരുടെ കയ്യിൽ ഫോൺ ഉണ്ടോന്നു ചോദിച്ചാലോ? പക്ഷെ നീലാംബരി അമ്മയുടെ നമ്പർ ഇല്ലല്ലോ.. നമ്പർ ഫോണിൽ സേവ് ചെയ്ത് കഴിഞ്ഞപ്പോൾ നമ്പർ എഴുതിയിരുന്ന ആ പേപ്പർ കളയുകയും ചെയ്തു. ഇനിയിപ്പോൾ എന്താ ചെയ്യാ..

തനിക്കറിയുന്ന ആരോടെങ്കിലും സഹായം ചോദിക്കാൻ ഫോൺ ഉണ്ടായാലേ പറ്റൂ.എന്ത് ചെയ്യണം എന്നാലോചിച്ചു കൊണ്ട് വീണ്ടും കണ്ണടച്ച് കട്ടിലിലേക്ക് തന്നെ കിടന്നു . വൈകുന്നേരം ഒരു ആറ് മണി കഴിഞ്ഞപ്പോഴാണ് അയാൾ പിന്നെയും വന്നത്.കയ്യിൽ രണ്ടു കവർ ഒക്കെ കൊണ്ടാണ് വന്നത്. എന്തോ പഴങ്ങൾ ഒക്കെ ആണെന്ന് തോന്നുന്നു. എന്നോട് ഒന്നും മിണ്ടിയില്ല. പക്ഷെ കാളിയമ്മയോടു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ആദ്യം അങ്ങോട്ട്‌ പോയി മിണ്ടാൻ എനിക്ക് മടിയായിരുന്നു. അയാൾ ഇങ്ങോട്ട് എന്തെന്കിലും പറയുകയാണെങ്കിൽ ഫോണിന്റെ കാര്യം ചോദിക്കാമെന്ന് വിചാരിച്ചു ഞാൻ ഇരുന്നു. പക്ഷെ അയാൾ തന്റെ ഫോണും പിടിച്ചു കസേരയിൽ വന്നിരുന്നതേ ഉള്ളു. ഞാൻ ഇടയ്ക്കിടെ ഇടംകണ്ണിട്ടു നോക്കിയെങ്കിലും അവിടുന്ന് യാതൊരു മൈൻഡും ഇല്ല. കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് അയാൾ കാളിയമ്മയോടു നാളെ വരാമെന്നു പറഞ്ഞു പോകാൻ തുടങ്ങി. ഇനിയും ചോദിച്ചില്ലെങ്കിൽ ശരിയാവില്ല എന്നെനിക്കു മനസിലായി.. " ടോ.. " പോകാൻ തുടങ്ങിയ ആൾ എന്നെ തിരിഞ്ഞു എന്താ എന്ന ഭാവത്തിൽ നോക്കി.. " എന്റെ ഫോൺ എവിടെ? ഈ ബാഗിൽ ഉണ്ടായിരുന്നു.. " " ഫോൺ ഒക്കെ എന്റെ കയ്യിൽ ഉണ്ട്.. ഞാൻ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.. " " അതെനിക്ക് വേണം.. " " തരാലോ.. പക്ഷെ ഇപ്പോൾ പറ്റില്ല.. കുറച്ചു ദിവസം കഴിഞ്ഞു തരാം.." " അതൊന്നും പറ്റില്ല.. എനിക്കിപ്പോൾ തന്നെ വേണം.എനിക്ക് കുറച്ചു ആളുകളെ ഒക്കെ വിളിക്കാനുണ്ട്.എന്നെ..

എന്നെ കാണാതെ വിഷമിക്കുന്നവരെ. " " അതാരാ അങ്ങനെ നിന്നെ കാണാതെ വിഷമിക്കാൻ.. നിന്റെ ചെറിയമ്മയാണോ? അവരോടു ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് നമ്മുടെ കല്യാണം കഴിഞ്ഞെന്നും നീ എന്റെ കൂടെ ഉണ്ടെന്നും ഇനി നിന്നെ തിരക്കി വരണ്ടന്നും. നിന്റെ ശല്യം ഒഴിഞ്ഞതിൽ അവരിപ്പോ ഭയങ്കര ഹാപ്പി ആണ്" ഞാൻ വായും പൊളിച്ചു അയാളെ നോക്കി ഇരുന്നു പോയി. ഇയാൾ ചെറിയമ്മയെ വിളിച്ചെന്നോ. സത്യമാണോ കള്ളമാണോ എന്ന് പോലും മനസിലാവുനില്ലലോ ദൈവമേ. " അപ്പോൾ അറിയിക്കാനുള്ളവരെ ഒക്കെ ഞാൻ അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് നിനക്ക് ഇപ്പോൾ ഫോണിന്റെ ആവശ്യം ഇല്ല. ആവശ്യം ഉണ്ടെന്നു തോന്നുമ്പോൾ ഞാൻ അത് തിരികെ തന്നേക്കാം " " എന്റെ ആവശ്യവും അനാവശ്യവും താനാണോ തീരുമാനിക്കുന്നത്? " എനിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു. " അതേല്ലോ..തത്കാലം അതൊക്കെ ഞാനാണ് തീരുമാനിക്കുന്നത്.." അത് കേട്ടതും ചാടി എഴുനേൽക്കാൻ തുടങ്ങിയ എന്നെ കാളിയമ്മ പിടിച്ചു കട്ടിലിൽ ഇരുത്തി.. സൂര്യമഹാദേവൻ എന്റെ അടുത്തേക്ക് വന്നു. " അതേയ്.. വെറുതെ ടെൻഷൻ അടിച്ചു പിന്നെയും ബിപി കൂട്ടണ്ട . ഇന്നലെ എന്താ സംഭവിച്ചതെന്ന് ഓർമ ഉണ്ടല്ലോ? വെറുതെ ആശുപത്രി വാസം ഇനിയും നീളും." അതും പറഞ്ഞു അയാൾ പോയി. അപ്പോൾ ഫോൺ കിട്ടില്ലെന്ന്‌ ഉറപ്പായി. ആരെയെങ്കിലും വിളിച്ചു രക്ഷപെടാം എന്ന പ്ലാൻ ഇനി നടക്കില്ല. ഞാൻ തന്നെ എന്തെങ്കിലും ചെയ്തേ മതിയാവൂ..

പക്ഷെ എന്ത്? പിറ്റേ ദിവസം ഡോക്ടർ വന്നു നോക്കിയിട്ട് നാളെ രാവിലേ ഡിസ്ചാർജ് ആയി പോകാം എന്ന് പറഞ്ഞു. എനിക്ക് ഇവിടുന്നു രക്ഷപെടാൻ ഇന്നൊരു ദിവസമേ ഉള്ളു എന്നെനിക്കു മനസിലായി. നാളെ ഇവിടുന്നു വിട്ടാൽ പിന്നെ അയാൾ എന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് ആർക്കറിയാം . വല്ലയിടത്തും കൊണ്ട് പൂട്ടിയിട്ടാൽ എനിക്ക് വേണ്ടി തിരക്കി വരാൻ പോലും ആരും ഇല്ല. എന്തായാലും അയാൾ എന്നെ വിവാഹം കഴിച്ചത് സ്നേഹം കൊണ്ടൊന്നും അല്ല. ഞാൻ പഞ്ചായത്തിൽ വന്നു അയാൾക്കെതിരെ സംസാരിച്ചതിന്റെ പ്രതികാരം ചെയ്യാൻ ആവും. ഓരോന്ന് ഓർക്കുന്തോറും ഭയം ഏറി വന്നു. എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷപെട്ടേ പറ്റൂ. മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടത്തി രാത്രി ആവാൻ ഞാൻ കാത്തിരുന്നു. ഭാഗ്യത്തിന് ഉച്ച കഴിഞ്ഞപ്പോഴേക്കും എന്റെ ഡ്രിപ് മാറ്റിയിരുന്നു. അല്ലെങ്കിൽ പിന്നെ വലിച്ചൂരേണ്ടി വന്നേനെ. ഞാൻ അവിടുന്ന് രക്ഷപെടാൻ നോക്കുന്നതിന്റെ ഒരു സൂചനയും കാളിയമ്മക്ക് കൊടുക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ പ്രതീക്ഷയും അവസാനിച്ചവളെ പോലെ ഞാൻ അവർ പറയുന്നതും കേട്ടു അവിടെ കിടന്നു.ഇന്നലത്തെ പോലെ വൈകുന്നേരം ആയപ്പോൾ അയാൾ വന്നു. ഇന്ന് ഞാൻ യാതൊരു വഴക്കിനും പോയില്ല. അത് അയാൾക്കും അതിശയം ആയെന്നു തോനുന്നു.. ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

നാളെ ഡിസ്ചാർജിന്റെ സമയം ആകുമ്പോഴേക്കും വരാം എന്ന് പറഞ്ഞാണ് അയാൾ അവിടെ നിന്നും ഇറങ്ങിയത്. ഇത് അയാളുമായുള്ള അവസാനത്തെ കൂടി കാഴ്ച ആവണേയെന്നു ഞാനും പ്രാർത്ഥിച്ചു. അന്ന് രാത്രി ഞാൻ ഉറങ്ങിയതേ ഇല്ല. രാത്രി കാളിയമ്മ തന്ന മരുന്നുകൾ കഴിക്കുന്നത് പോലെ കാണിച്ചെങ്കിലും അവരുടെ ശ്രദ്ധ മാറിയപ്പോൾ ഞാൻ മാറ്റി വച്ചു. ഓരോ മിനിറ്റിനും മണിക്കൂറുകളുടെ ദൈർഖ്യം എനിക്ക് അനുഭവപെട്ടു. വെളുപ്പിന് ഏകദേശം മൂന്നര കഴിഞ്ഞപ്പോൾ ഒച്ചയുണ്ടാക്കാതെ ഞാൻ പതിയെ എഴുനേറ്റു. ഇന്നലെ കാളിയമ്മ ഭക്ഷണം വാങ്ങാൻ ക്യാന്റീനിൽ പോയ സമയത്തു ഞാൻ ഒരു നഴ്സിനോട് ചോദിച്ചു ബസ് സ്റ്റോപ്പും ബസിന്റെ സമയവും മനസിലാക്കി വെച്ചിട്ടുണ്ടായിരുന്നു. വെളുപ്പിന് നാലരക്ക് ഒരു ബസ് ഉണ്ട് ഇവിടുന്നു ടൗണിലേക്ക്. ഇവിടുന്നു സാധനങ്ങൾ ഒക്കെ ചന്തയിലേക്ക് കൊണ്ട് പോകാൻ ഉള്ള സൗകര്യത്തിനു ഇട്ടിരിക്കുന്ന ബസ് ആണ്. ആ ബസിനു പോകാം.. കാളിയമ്മയെ നോക്കി അവർ നല്ല ഉറക്കമാണെന്നു ഉറപ്പിച്ചു. അവരുമായി അടുപ്പം ഇല്ലെങ്കിലും ഞാൻ കാരണം ഇനി ആ അസുരൻ ഇവരെ എന്തെന്കിലും ചെയ്താലോ എന്നൊരു പേടി എനിക്ക് തോന്നി. അത് കൊണ്ട് തന്നെ ഒരു പേപ്പർ എടുത്തു ഞാൻ പോകുന്നത് കാളിയമ്മ അറിയാതെ ആണെന്നും അതിൽ അവരുടെ യാതൊരു കുറ്റവും ഇല്ലായെന്നും എഴുതി ടേബിളിനു മുകളിൽ വച്ചു. പിന്നെ ബാഗുമെടുത്തു ഒച്ച ഉണ്ടാക്കാതെ മുറിക്കു വെളിയിൽ ഇറങ്ങി.

ഇടനാഴി ആ സമയത്തു വിജനം ആയിരുന്നു. ആരാണ് എന്ന് മനസിലാവാതെ ഇരിക്കാൻ തലയിലൂടെ ഒരു ഷാൾ എടുത്തു ഇട്ടു. പിന്നെ ആരുടേയും കണ്ണിൽ പെടാതെ പുറത്തെത്താനായി ശ്രമം.പാത്തും പതുങ്ങിയും ഒച്ച ഉണ്ടാക്കാതെ ഞാൻ ഇടനാഴിയിലൂടെ നടന്നു. ഭഗവതിയുടെ അനുഗ്രഹം കൊണ്ട് പോകുന്ന വഴി ഒന്നും ആരെയും കണ്ടില്ല. ഹോസ്പിറ്റലിന് പുറത്തെത്തി ശുദ്ധ വായു ശ്വസിച്ചപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത് . ഗേറ്റിന്റെ അവിടെ സെക്യൂരിറ്റിയെ കാണാത്തതിൽ അത്ഭുദം തോന്നിയെങ്കിലും എന്റെ ഭാഗ്യത്തെ സ്തുതിച്ചു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി. അങ്ങനെ ഞാൻ ഫ്രീ ആയിരിക്കുന്നു. മനസ്സിൽ സൂര്യമഹാദേവന് ഒരായിരം പുച്ഛം വാരി വിതറി ഞാൻ പുറത്തേക്കോടി. നല്ല തണുപ്പുണ്ടായിരുന്നു.ഞാൻ ഷോൾ ഒന്ന് കൂടി ദേഹത്തേക്ക് ചേർത്തു പിടിച്ചു കൊണ്ട് ആ നേഴ്സ് പറഞ്ഞ വഴിയേ പോയി.ബസ് സ്റ്റോപ്പിലേക്ക് കുറച്ചു ദൂരം നടക്കാൻ ഉണ്ടായിരുന്നു. ഇരുട്ടത്ത് ഒറ്റയ്ക്ക് നടക്കാൻ പേടി ഉണ്ടായിരുന്നെങ്കിലും ഈ നാട്ടിൽ സൂര്യമഹാദേവൻ കെട്ടിയ താലി ഉണ്ടെങ്കിൽ ആരും അടുക്കില്ലായെന്നു മനസ്സിൽ ഒരു ധൈര്യം ഉണ്ടായിരുന്നു. ആ മഞ്ഞ ചരട് കൊണ്ട് അത്രയെങ്കിലും ഉപകാരം ഉണ്ടാവട്ടെ. ഏകദേശം അരമണിക്കൂറോളം നടന്നിട്ടാണ് ഞാൻ ബസ്റ്റോപ്പിൽ എത്തിയത്.

കുറച്ചു ആളുകൾ ചാക്ക് കെട്ടും ഒക്കെയായി നിൽക്കുന്നത് കണ്ടു. അപ്പോൾ ബസ് പോയിട്ടില്ല. അല്ലെങ്കിലും ഈ ബസ് ആ ഹോസ്പിറ്റലിന്റെ മുന്നിലൂടെ തന്നെയാണ് ടൗണിലേക്ക് പോകുന്നതെന്നു നേഴ്സ് പറഞ്ഞിരുന്നു. കടന്നു പോയിരുന്നെങ്കിൽ ഞാൻ കണ്ടേനെ.. ഞാൻ അവരുടെ അടുത്തേക്ക് പോകാതെ മാറി നിന്നു. എങ്കിലും ഉയരമുള്ള തലയിൽ കെട്ടും കെട്ടി കൈലി മുണ്ടും ഉടുത്തു നിൽക്കുന്ന ഒരാൾ എന്നെ അവിടെ നിന്നു ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ഇരുളിലേക്ക് മാറി ഷോൾ കൊണ്ട് മുഖം മൂടി അങ്ങനെ നിന്നു. ബസ് ഒന്ന് വേഗം വന്നിരുന്നണെങ്കിൽ എന്ന് മാത്രാമായിരുന്നു അപ്പോൾ എന്റെ പ്രാർത്ഥന. അത് ദൈവം കേട്ട പോലെ അല്പസമയത്തിനുള്ളിൽ ബസിന്റെ വെളിച്ചം കണ്ടു. ആൾക്കാരൊക്കെ കയറിയിട്ട് പുറകെ കയറാമെന്നു കരുതി ഞാൻ പതിയെ നിന്നു. എന്നെ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നവൻ ഒരു വലിയ ചാക്കും കൊണ്ട് പുറകു വഴി കയറുന്നുണ്ടായിരുന്നു. ബസിൽ കയറി ഒഴിഞ്ഞ ഒരു സീറ്റ്‌ കണ്ടെത്തി ഞാൻ വിൻഡോ സൈഡിൽ ഇരുന്നു. ബസ് പതിയെ നീങ്ങാൻ തുടങ്ങിയതും ഞാൻ ആശ്വാസത്തോടെ പുഞ്ചിരിച്ചു.. സൂര്യമഹാദേവനും ഇരുദേശപൂരത്തിനും വിട.. എന്നെ കാണാനില്ല എന്നറിയുമ്പോളുള്ള അയാളുടെ മുഖ ഭാവം ഓർത്തു ചിരിച്ചു കൊണ്ട് ഞാൻ സീറ്റിലേക്ക് ചാരി ഇരുന്നു ......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story