സൂര്യപാർവണം: ഭാഗം 7

surya parvanam

രചന: നിള നിരഞ്ജൻ

സൂര്യമഹാദേവനും ഇരുദേശപൂരത്തിനും വിട.. എന്നെ കാണാനില്ല എന്നറിയുമ്പോളുള്ള അയാളുടെ മുഖ ഭാവം ഓർത്തു ചിരിച്ചു കൊണ്ട് ഞാൻ സീറ്റിലേക്ക് ചാരി ഇരുന്നു . " ടിക്കറ്റ്.. എങ്ങോട്ടാ? " കണ്ടക്ടർ ചോദിച്ചപ്പോൾ ഞാൻ പൈസയുമായി മറുപടി പറയാൻ തുടങ്ങിയതും എന്റെ തൊട്ടു പുറകിലെ സീറ്റിൽ നിന്നും ഒരു ശബ്ദം കേട്ടു.. " ടിക്കറ്റ് ഒന്നും വേണ്ട ഗിരിയേട്ടാ.. ഞങ്ങൾ അടുത്ത സ്റ്റോപ്പിൽ ആ ആശുപത്രിയുടെ അവിടെ ഇറങ്ങും.. " ആ ശബ്ദം എനിക്ക് പരിചിതമായത് കൊണ്ട് തിരിഞ്ഞു നോക്കാൻ ഞാൻ ഒന്ന് മടിച്ചു. എങ്കിലും എന്റെ തോന്നൽ ആണോന്നറിയാൻ ഞാൻ പതിയെ തിരിഞ്ഞു.. തലയിലെ കെട്ടു ഒരു കൈ കൊണ്ട് അഴിച്ചു കൊണ്ട് എന്റെ തൊട്ടു പിറകിലുരുന്നു സൂര്യമഹാദേവൻ എന്നെ കണ്ണിറുക്കി കാണിച്ചു. ചെകുത്താൻ കുരിശു കണ്ട പോലെ ഞാൻ അയാളെ തന്നെ നോക്കി ഇരുന്നു. " എന്താ...എന്റെ ഭാര്യ രാവിലെ കാറ്റു കൊള്ളാൻ ഇറങ്ങിയതാണോ? "

ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചപ്പോൾ ശബ്ദം പുറത്തു വരാതെ ഞാൻ ഇരുന്നു "ഞാൻ അപ്പോഴേ പറഞ്ഞില്ലേ നീ എന്ത് ചെയ്താലും ഞാൻ അറിയും എന്ന്.പിന്നെ എന്തിനാണ് ഈ സാഹസങ്ങളൊക്കെ? " അപ്പോഴും ഞെട്ടൽ വിട്ടു മാറാതെ ഞാൻ ഇരുന്നതേ ഉള്ളു . കുറച്ചു നിമിഷങ്ങൾക്ക് ശേഷം ബസ് നിന്നു. " ആശുപത്രി എത്തി മഹി.. ഇറങ്ങണേൽ ഇറങ്ങിക്കോ.. " കണ്ടക്ടർ പറഞ്ഞു. സൂര്യമഹാദേവൻ എന്റെ മടിയിൽ നിന്നു ബാഗുമെടുത്തു എന്നെ ഒന്ന് നോക്കി. ഒരു പാവയെ പോലെ ഞാൻ അയാളുടെ പിറകെ ബസിൽ നിന്നും ഇറങ്ങി. ഞങ്ങൾ തിരികെ ഗേറ്റിനുള്ളിൽ കയറുമ്പോൾ അവിടെ സെക്യൂരിറ്റി ഉണ്ടായിരുന്നു. അയാൾ ചിരിച്ചു കൊണ്ട് മഹിയെ കൈ പൊക്കി കാണിക്കുന്നതും ഇയാൾ തിരികെ കൈ കാണിക്കുന്നതും ഞാൻ കണ്ടു.

അപ്പോൾ എല്ലാവരും അറിഞ്ഞു കൊണ്ടായിരുന്നു.. എന്റെ കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീർ വാശിയോടെ ഞാൻ തൂത്തു കളഞ്ഞു. ഞങ്ങൾ തിരികെ മുറിയിൽ എത്തിയപ്പോൾ കാളിയമ്മ ഉണർന്നിരിക്കുകയായിരുന്നു. എനിക്ക് അവരുടെ മുഖത്ത് നോക്കാൻ ബുദ്ധിമുട്ട് തോന്നി. അവരോടു ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ. അത് കൊണ്ട് തല കുനിച്ചു ഞാൻ ബെഡിൽ പോയിരുന്നു. കാളിയമ്മ അയാളോട് എന്തോ പറയാൻ വന്നതും അയാൾ അവരുടെ തോളിൽ തട്ടി സമാധാനിപ്പിക്കുന്നത് ഞാൻ എന്റെ ഇടംകണ്ണിലൂടെ കണ്ടു. എന്റെ ബാഗ് മേശപ്പുറത്തു വച്ചു അയാൾ തിരികെ പോകാൻ തുടങ്ങി.. " എനിക്ക് പോകണം.. " ഇത്തവണ എന്റെ ശബ്ദത്തിൽ ദേഷ്യമോ വാശിയോ ഒന്നും ഇല്ലായിരുന്നു. നിസ്സഹായത ആയിരുന്നു.. " പറ്റില്ല.. " ഇങ്ങോട്ട് വന്ന മറുപടിയും ശാന്തമായിരുന്നു.

" പ്ലീസ്.. ഞാൻ.. എനിക്ക് ഇവിടെ പറ്റില്ല.. എനിക്ക് നിങ്ങളോടൊപ്പം പറ്റില്ല.. എന്നെ വിട്ടേക്ക്.. പ്ലീസ്.. " ഇത്തവണ ഞാൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. അത് മനസിലായിട്ടെന്ന വണ്ണം അയാൾ എന്റെ അടുത്തേക്ക് വന്നു. കസേര വലിച്ചിട്ടു എന്റെ മുന്നിലായി ഇരുന്നു. ആ കണ്ണുകളിൽ അപ്പോൾ അലിവും മറ്റെന്തോ വികാരവും ആയിരുന്നു. " എനിക്ക് നിന്നെ എങ്ങോട്ടും വിടാൻ കഴിയില്ല പാർവണ.. " ആദ്യമായാണ് അയാൾ എന്റെ പേര് വിളിക്കുന്നത്. " അത് കൊണ്ട് തത്കാലം ഇവിടുന്നു എങ്ങോട്ടെങ്കിലും പോകാം എന്ന ചിന്ത മാറ്റി വച്ചേക്കു . നീ എന്തൊക്കെ ചെയ്താലും അത് നടക്കില്ല. സോറി.." അയാൾ അലിവോടെ എന്റെ മുടിയിൽ തലോടി. " നേരം വെളുക്കാൻ ഇനിയും സമയം ഉണ്ട്. കുറച്ചു നേരം കൂടി ഉറങ്ങിക്കോ. ഞാൻ രാവിലെ ഡോക്ടർ വരുമ്പോഴേക്കും എത്താം. "

അത്രയും പറഞ്ഞു കാളിയമ്മയെ ഒന്ന് നോക്കി അയാൾ പോയി. ഇവിടുന്നു ഒരു രക്ഷപെടൽ സാധ്യമല്ല എന്ന ചിന്തയിൽ ഞാൻ കട്ടിലിലേക്ക് വീണു.. എന്നിട്ട് മനസ്സ് തുറന്നു കരഞ്ഞു. ഹോസ്പിറ്റലിലെ ഫോര്മാലിറ്റീസ് ഒക്കെ കഴിഞ്ഞു ഡിസ്ചാർജ് ആയപ്പോൾ ഉച്ചയാവാറായിരുന്നു. വെളുപ്പിനെ പറഞ്ഞിട്ട് പോയ പോലെ ഡോക്ടർ വരുന്ന സമയം ആയപ്പോഴേക്കും ആളെത്തിയിരുന്നു. അയാൾക്കും കാളിയമ്മക്കും ഒപ്പം കാറിൽ ഇരിക്കുമ്പോഴും എങ്ങോട്ടാണ് പോകുന്നത് എന്ന് ഞാൻ ചോദിച്ചില്ല. അറിയണമെന്ന് ആഗ്രഹവും തോന്നിയില്ല. എങ്ങോട്ടാണെങ്കിലും ഇയാളുടെ ഒപ്പം ജീവിക്കാനല്ലേ എന്ന തോന്നൽ ആയിരുന്നു . കാർ നിന്നപ്പോൾ കാളിയമ്മക്കൊപ്പം ബാക്ക് സീറ്റിൽ നിന്നു ഞാൻ പുറത്തേക്കിറങ്ങി. സാമാന്യം വലുപ്പമുള്ള ഒരു ഒറ്റ നില വീടിനു മുന്നിലാണ് ഞാൻ നിൽക്കുന്നത്.

ആ വീടിനേക്കാൾ എന്നെ ആകർഷിച്ചത് അതിന്റെ ചുറ്റുപാടാണ്.പല വിധത്തിലും ഉള്ള കായ്‌ഫലങ്ങളാൽ സമ്പുഷ്ടമായിരുന്നു ചുറ്റുപാടും.. മാവും പ്ലാവും തെങ്ങുമൊക്കെ അതിൽ പെടും.. മുന്നിൽ ഒരു ചെറിയ പൂന്തോട്ടം. അതിൽ പല വർണങ്ങളിൽ ഉള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ട്. " പുറത്തു തന്നെ നിൽക്കാതെ അകത്തേക്ക് കയറാം കേട്ടോ.. " ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ അങ്ങോട്ടേക്ക് നോക്കി. ഞാൻ ആദ്യം നോക്കിയപ്പോൾ ശൂന്യമായിരുന്ന വീടിന്റെ പൂമുഖത്തു ഇപ്പോൾ നിറയെ ആളുകൾ നിൽപ്പുണ്ട്.ഒന്ന് വിഷ്ണു ദത്തൻ ആണ്, അയാളുടെ ഒക്കത്തായി ഏകദേശം നാല് വയസ്സ് പ്രായം വരുന്ന ഒരു ആൺകുട്ടിയും ഉണ്ട്. പിന്നെ അന്ന് പഞ്ചായത്തിൽ വച്ചു കണ്ട മഹിയുടെ കൂട്ടുകാരൻ കാശി, പിന്നെ ഒരു അൻപതു വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീ, അറുപതു വയസ്സോളം പ്രായം വരുന്ന മറ്റൊരു മനുഷ്യനും. സൂര്യമഹാദേവനും കാളിയമ്മയും ഇപ്പോഴും വീട്ടിലേക്കു കയറാതെ മുറ്റത്തു തന്നെ നിൽക്കുകയാണ്..

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. " നിൽക്കു മോളെ.. ആദ്യമായി ഭർത്താവിന്റെ വീട്ടിൽ കയറുന്നതല്ലേ? ആരതി ഉഴിഞ്ഞു നിലവിളക്കുമായി വേണം കയറാൻ.. " വീടിനു അകത്തേക്ക് കയറാൻ തുടങ്ങവേ പ്രായമായ സ്ത്രീ എന്നോട് പറഞ്ഞു. ഓഹോ.. അപ്പോൾ ഇതാണോ സൂര്യമഹാദേവന്റെ വീട്..ഗുണ്ടയാസവുമായി നടക്കുന്ന ഇങ്ങേർക്ക് ഇത്ര നല്ല വീടോ? " ഗായത്രി.. ആ ആരതി ഇങ്ങു എടുത്തോ" അകത്തു നിന്നു താലവുമായി നടന്നു വരുന്ന പെണ്ണിനെ കണ്ടു ഞാൻ അതിശയിച്ചു പോയി. അത് ഞാൻ ഹോസ്പിറ്റലിൽ വച്ചു കണ്ട ആ ലേഡി ഡോക്ടർ ആയിരുന്നു. ഇവർ എങ്ങനെ ഇവിടെ? ഇവരുടെ പേരാണോ ഗായത്രി. എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. അവർക്കു പിറകെ കയ്യിൽ തിരിയിട്ട നിലവിളക്കുമായി ഇരുപതു വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. " മഹി.. നീ കൂടി ഇങ്ങോട്ട് അടുത്ത് നിൽക്കു " ആരതിയുമായി എന്റെ മുന്നിൽ വന്നു നിന്നു ഡോക്ടർ പറഞ്ഞു.

അയാൾ എന്റെ അടുത്ത് വന്നു നിൽക്കുന്നത് ഞാൻ അറിഞ്ഞു. ഡോക്ടർ ഞങ്ങൾക്ക് രണ്ടാൾക്കും ആരതി ഉഴിയാൻ തുടങ്ങി. ഞാൻ നോക്കിയപ്പോൾ ചുറ്റും ഞങ്ങളെ നോക്കി നിൽക്കുന്ന മുഖങ്ങളിൽ ഒക്കെയും നിറഞ്ഞ സന്തോഷം ആണ്.. എന്തിനാണെന്ന് മാത്രം മനസിലായില്ല. മൂന്നു വട്ടം ആരതി ഉഴിഞ്ഞു, രണ്ടാളുടെയും നെറ്റിയിൽ കുങ്കുമം കൊണ്ട് കുറി തൊട്ടു അവർ എന്റെ കയ്യിലേക്ക് നിലവിളക്കു വച്ചു തന്നു. അതുമായി അകത്തേക്ക് കയറാൻ തുടങ്ങിയതും.. " നിൽക്ക് .. " ഇനിയിതാരാണ് എന്ന മട്ടിൽ ഞാനും, ഞാനല്ലാതെ ഈ ഡയലോഗ് പറയാൻ ആരാണെന്ന മട്ടിൽ സൂര്യമഹാദേവനും ഒരുമിച്ചു തിരിഞ്ഞു നോക്കി. ഏകദേശം എന്റെ പ്രായമുള്ള ചുരിദാർ ഇട്ട സുന്ദരിയായ പെൺകുട്ടിയാണ് ഇത്തവണ മുടക്കാനായി വന്നിരിക്കുന്നത്.

" ദേവൂ.. നിന്നോട് ആരാ ഇപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞത്? " വിഷ്ണു ദത്തൻ മുറ്റത്തേക്കിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു കൊണ്ട് അവളോട്‌ ചോദിച്ചു " ആരും പറഞ്ഞില്ല.എന്നാലും ഞാൻ എല്ലാം അറിഞ്ഞു. എന്നെ മണ്ടിയാക്കി കൊണ്ട് നിങ്ങൾ എല്ലാവരും കൂടി മഹിയെട്ടന്റെ കല്യാണം നടത്തിയത്." അവൾ ദേഷ്യത്തോടെ ചോദിച്ചു. " നിന്നെ മണ്ടിയാക്കാനായി ആരും ഒന്നും ചെയ്തില്ല മോളെ.. എല്ലാം അങ്ങനെ സംഭവിച്ചു പോയതാണ്.. " മഹിയുടെ സ്വരത്തിൽ വാത്സല്യം കലർന്നിരുന്നു. " സംഭവിച്ചു പോയതോ? ഒരു കല്യാണം കഴിക്കുന്നതാണോ സംഭവിച്ചു പോകുന്നതു. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നു ദിവസം ആയില്ലേ? എന്നിട്ട് നിങ്ങൾ ആരെന്കിലും എന്നെ അറിയിച്ചോ? നിങ്ങൾ എല്ലാവരും കൂടി മനഃപൂർവം ചെയ്തതാണ്.. എനിക്കറിയാം.. " അവൾ എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു " അങ്ങനെ അല്ല മോളെ.. നിന്നോട് പറയാൻ തന്നെ ഇരിക്കയായിരുന്നു.. "

" വേണ്ട എനിക്കൊന്നും കേൾക്കേണ്ട.. ഇവളെ ഇപ്പോൾ ഇവിടെ നിന്നു പറഞ്ഞു വിടണം.. " അവൾ എന്നെ നോക്കി കൊണ്ട് എല്ലാവരോടുമായി പറഞ്ഞു. " നീയെന്താ ദേവൂ ഈ പറയുന്നേ? ഇവൾ മഹിയുടെ ഭാര്യയാണ്. ഇവളെ എങ്ങോട്ട് പറഞ്ഞു വിടാനാണ്.നീ ആവശ്യമില്ലാത്ത വാശി കാണിക്കാതെ കാര്യങ്ങൾ മനസിലാക്കണം " " അതൊന്നും എനിക്കറിയേണ്ട.. ഇവൾ ഇവിടെ വേണ്ട.. " അതും പറഞ്ഞു എന്റെ കയ്യിലെ വിളക്ക് അവൾ തട്ടിപ്പറിക്കാൻ വന്നു. " ദേവൂ.." വിഷ്ണു ദത്തന്റെ ആ വിളി കേട്ടതും അവളുടെ കൈ പുറകിലേക്ക് വലിഞ്ഞു. "വീട്ടിൽ പോ.. ഇപ്പോൾ തന്നെ " അതൊരു ആജ്ഞയായിരുന്നു. " മഹിയെട്ടന്റെ ഭാര്യയായി ഇവിടെ അധിക കാലം വിലാസമെന്നു നീ കരുതേണ്ട. ഈ ദേവനന്ദ ജീവനോടെ ഉള്ളിടത്തോളം കാലം അത് നടക്കില്ല. " എന്നെ നോക്കി അവൾ പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ എഫക്ട് കാരണം അത് കേട്ടപ്പോഴും എനിക്ക് പ്രത്യേകിച്ച് ഭയമോ ടെൻഷനോ ഒന്നും തോന്നിയില്ല. എന്നെയും മഹിയെയും മാറി മാറി ദേഷ്യത്തോടെ നോക്കി കൊണ്ട് അവൾ തിരിഞ്ഞു നടന്നു പോയി. " മോൾ അതൊന്നും കാര്യമാക്കണ്ട.. വിളക്കുമായി അകത്തേക്ക് കയറിക്കൊള്ളു.. " ഞാൻ അകത്തേക്ക് കയറി വിളക്ക് കൊണ്ട് പൂജാമുറിയിൽ വച്ചു. അസുരൻ എന്തായാലും പൂജ മുറിയിലേക്ക് വന്നില്ല. അവിടെ ഒരു വലിയ ചാമുണ്ഡേശ്വരി രൂപം മാത്രമേ ഉണ്ടായിരുന്നുള്ളു. എനിക്ക് പ്രത്യേകിച്ചൊന്നും പ്രാർത്ഥിക്കാൻ ഇല്ലാത്തതിനാൽ ഞാൻ കണ്ണടച്ച് നിന്നതേ ഉള്ളു. തിരികെ ഇറങ്ങിയപ്പോഴേക്കും എല്ലാവരും ഹാളിൽ ഒത്തു കൂടിയിരുന്നു.

വേറെ എങ്ങോട്ട് പോകണം എന്നറിയാത്ത കൊണ്ട് ഞാനും അങ്ങോട്ടേക്ക് ചെന്നു. "മഹിയെട്ട.. ഞങ്ങളെ ഒന്നും ചേച്ചിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നില്ലേ? " ഗായത്രി ഡോക്ടറോടൊപ്പം നിലവിളക്കുമായി എന്നെ സ്വീകരിക്കാൻ വന്ന പെൺകുട്ടി അസുരനോട് ചോദിച്ചു. " അതൊക്കെ നീ തന്നെ അങ്ങ് പരിചയപ്പെട്ടത് മതി.. " അയാൾ പറഞ്ഞപ്പോൾ ആ പെൺകുട്ടി വന്നു എന്റെ കയ്യിൽ പിടിച്ചു.. " എന്നാൽ ഞാൻ തന്നെ എല്ലാവരെയും ചേച്ചിക്ക് പരിചയപ്പെടുത്തി തരാം കേട്ടോ.എന്റെ പേര് കാവ്യ. വിഷ്ണുവേട്ടനെ ചേച്ചിക്ക് അറിയാമല്ലോ? ചേച്ചിടെ ഭർത്താവ് സൂര്യമഹാദേവന്റെ ജീവനാണ് ആ നിൽക്കുന്ന വിഷ്ണുവേട്ടൻ. വിഷ്ണുവേട്ടന്റെ ഭാര്യയാണ് ഗായത്രി ചേച്ചി.. " അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. വിഷ്ണു ദത്തന്റെ ഭാര്യയാണോ ഡോക്ടർ?? " അവരുടെ കുഞ്ഞാണ് ഈ നിൽക്കുന്ന അമ്പാടി .

" നാലുവയസ്സുകാരനെ ചൂണ്ടികാണിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ ഞാൻ അവനെ മാത്രം നോക്കി ചിരിച്ചു. " പിന്നെ വിഷ്ണുവേട്ടൻ മഹിയെട്ടന്റെ ജീവൻ ആണെങ്കിൽ മഹിയെട്ടന്റെ ആത്മാവാണ് ദേ ആ നിൽക്കുന്ന എന്റെ സ്വന്തം ചേട്ടൻ കാശിനാഥൻ.കാശിയേട്ടനും മഹിയെട്ടനും കട്ട ചങ്കുകൾ ആണ്.എപ്പോഴും ഒരുമിച്ചേ കാണൂ. കാശിയേട്ടന്റെ അപ്പുറത്ത് നിൽക്കുന്നതാണ് ഞങ്ങളുടെ അമ്മ " സെറ്റ് സാരി അണിഞ്ഞ അൻപതു വയസ്സോളം തോന്നുന്ന ആ സ്ത്രീ എന്നെ നോക്കി സ്നേഹപൂർവ്വം ചിരിച്ചു. " പിന്നെ കാളിയമ്മയും മണിയണ്ണനും...ഈ റൊമാന്റിക് കപ്പിൾസ് ഇവിടുത്തെ ഓൾ ഇൻ ഓൾ ആണ്." കാവ്യ കളിയായി അത് പറഞ്ഞപ്പോൾ കാളിയമ്മ അവളെ തല്ലാൻ വരുന്നത് പോലെ ആക്ഷൻ കാണിച്ചു. അവൾ ചിരിച്ചിട്ട് കൊണ്ട് എന്റെ പുറകിലേക്ക് മാറി നിന്നു. " പിന്നെ.. ഒരാളും കൂടി ഉണ്ട്.. നേരത്തെ ഇവിടെ വന്നു ചേച്ചിയുടെ അടുത്ത് ബഹളം വച്ചിട്ട് പോയില്ലേ .. ആ ആള്..

വിഷ്ണുവേട്ടന്റെ പെങ്ങൾ ആണ്.. ദേവനന്ദ..ദേവു.. ഈ ബഹളം ഒക്കെയേ ഉള്ളു കേട്ടോ.. ആള് പാവം ആണേ.." കാവ്യ ചിരിയോടെ പറഞ്ഞു. എനിക്ക് അത്രയ്ക്ക് പാവമാണെന്നൊന്നും തോന്നിയില്ല എന്ന് പറയണം എന്നുണ്ടായിരുന്നു. പിന്നെ വേണ്ടായെന്നു വച്ചു . " ഡീ.. മതി മതി.. ഇപ്പോൾ നിന്റെ പരിചയപ്പെടുത്തൽ കഴിഞ്ഞല്ലോ? ഇനി പാറു പോയി വിശ്രമിക്കട്ടെ ..ആ കുട്ടിയെ ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ചെയ്തെന്നെ ഉള്ളു.. റസ്റ്റ്‌ ഇനിയും വേണം.. " കാശിയുടെ അമ്മ അത് പറഞ്ഞപ്പോൾ അതിശയത്തോടെ ഞാൻ അങ്ങോട്ടേക്ക് നോക്കി. അച്ഛന്റെ മരണശേഷം എന്നെ പാറു എന്ന് അങ്ങനെ ആരും വിളിക്കാറുണ്ടായിരുന്നില്ല. ചെറിയമ്മയും തനുവും എന്റെ പേര് പോലും വിളിക്കാറില്ലായിരുന്നു. സന്ദീപേട്ടൻ ഇടയ്ക്കു പാറുക്കുട്ടി എന്ന് വിളിച്ചിട്ടുണ്ട്.

സന്ദീപേട്ടന്റെ ഓർമ വന്നപ്പോൾ വീണ്ടും എനിക്ക് അവിടെ ഒരു ശ്വാസം മുട്ടൽ അനുഭവപെട്ടു. അത് കണ്ടിട്ടെന്ന പോലെ ഗായത്രി ഡോക്ടർ എന്റെ അടുത്തേക്ക് വന്നു.. " പാറു പോയി വിശ്രമിചോളൂ.. അതാണ്‌ മുറി.. " അത് സൂര്യമഹാദേവന്റെ മുറി ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു . അയാളുടെ മുറിയിലേക്ക് പോകാൻ മനസ്സ് അനുവദിച്ചില്ല. " ഇത് അല്ലാതെ ഇവിടെ വേറെ മുറി ഉണ്ടോ ഡോക്ടർ? " ഡോക്ടർ എന്ത് ചെയ്യണം എന്ന് സൂര്യമഹാദേവനെ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ സാരമില്ലെന്ന് കണ്ണടച്ച് കാണിച്ചു. ഡോക്ടർ എന്നെ പൂജ മുറിക്കു അടുത്തുള്ള മറ്റൊരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. അത് തുറന്നപ്പോൾ തന്നെ മനസിലായി അത് ആരും ഉപയോഗിക്കാറില്ലാത്ത മുറി ആണെന്ന്.

വൃത്തിയായി തന്നെയാണ് കിടക്കുന്നതെങ്കിലും ഒരു പൊടി മണം തങ്ങി നിന്നിരുന്നു. ഒരു കട്ടിലും അലമാരയും ഉണ്ട് മുറിയിൽ. മറ്റൊന്നും ഇല്ല. ഗായത്രി ഡോക്ടർ ജനലൊക്കെ തുറന്നിട്ട്‌ കിടക്ക ഒക്കെ ഒന്ന് പൊടി തട്ടി തന്നു. ഞാൻ കട്ടിലിലേക്ക് കയറി ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു. മുറിയുടെ വാതിൽ അടയുന്ന ഒച്ച കേട്ടപ്പോൾ അവർ പോയി എന്ന് മനസിലായി. എന്താണ് ഇപ്പോൾ ഇവിടെ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. ഇവിടെ എല്ലാവരും എത്ര നോർമൽ ആയാണ് എന്നോട് പെരുമാറുന്നത്. ഒരു സാധാരണ കല്യാണം കഴിഞ്ഞു വന്ന പെണ്ണിനെ പോലെ.. പക്ഷെ എന്റെ മനസ്സിന് അതൊന്നും ഒട്ടും അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഈ കല്യാണമോ, സൂര്യമഹാദേവനെയോ, അയാളുടെ വീടോ ആൾക്കാരെയോ ഒന്നും എനിക്ക് അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാനാണ് തോന്നുന്നത്.

പക്ഷെ അതിനു സാധിക്കില്ലല്ലോ.. കണ്ണുകൾ ഇറുക്കെ അടച്ചു അങ്ങനെ കിടന്നു . എപ്പോഴോ ഉറങ്ങി പോയി. വൈകിട്ട് ഒരു ഏഴു മണി കഴിഞ്ഞപ്പോൾ കാളിയമ്മ ഭക്ഷണവുമായി വന്നു വിളിച്ചപ്പോഴാണ് ഞാൻ ഉറക്കം ഉണർന്നത്. ഇത്രയും നേരം ഉറങ്ങി പോയതിൽ ശരിക്കും എനിക്ക് തന്നെ അതിശയം തോന്നി. നല്ല വിശപ്പും ഉണ്ടായിരുന്നു. അത് കൊണ്ട് ഒന്ന് മേൽ കഴുകി വന്നു ഞാൻ ആ ഭക്ഷണം എടുത്തു കഴിച്ചു. പുറത്തു നിന്നു ഒച്ചയും അനക്കവും ഒന്ന് കേൾക്കുന്നില്ല. രാവിലെ ഉണ്ടായിരുന്നവരൊക്കെ പോയി എന്ന് തോന്നുന്നു. മുറിക്കു പുറത്തിറങ്ങി നോക്കാനും മനസ്സ് വന്നില്ല. ഞാൻ കഴിച്ചു കഴിഞ്ഞപ്പോൾ കാളിയമ്മ തന്നെ എനിക്ക് മരുന്നും എടുത്തു തന്നു. " ഞാൻ കൂട്ട് കിടക്കണോ മോളെ? " മരുന്ന് കഴിച്ചു കഴിഞ്ഞപ്പോൾ അവർ എന്നോട് ചോദിച്ചു. രാത്രിയിൽ സൂര്യമഹാദേവൻ എങ്ങാനും കയറി വന്നാലോ എന്ന പേടി കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ വേണമെന്ന് പറഞ്ഞു.

എത്ര നാൾ ഇങ്ങനെ കാളിയമ്മയെ കൂട്ട് പിടിച്ചു രക്ഷപെടും എന്നറിയില്ല എങ്കിലും ഞാൻ ഇത്രയധികം വെറുക്കുന്ന ഒരാളോടൊപ്പം.എനിക്ക് സങ്കൽപ്പിക്കാൻ കൂടെ കഴിയുന്നുണ്ടായിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ കാളിയമ്മ ഒരു പായുമായി മുറിയിലേക്ക് വന്നു. അവർ താഴെ പായ വിരിക്കാൻ തുടങ്ങുന്നതു കണ്ടപ്പോൾ ഞാൻ എന്നോടൊപ്പം കട്ടിലിൽ കിടന്നു കൊള്ളാൻ പറഞ്ഞു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് ഞാൻ നിർബന്ധിച്ചപ്പോൾ എന്നോടൊപ്പം കിടന്നു. ഉച്ച മുതൽ വൈകുന്നേരം വരെ കിടന്നുറങ്ങിയത് കൊണ്ട് എനിക്ക് ഉറക്കം തീരെ വരുന്നുണ്ടായിരുന്നില്ല. എന്റെ വിധിയെ പഴിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി. പിറ്റേ ദിവസം രാവിലെ ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ കാളിയമ്മ എന്റെ അടുത്ത് ഉണ്ടായിരുന്നില്ല. ഇനിയും ഈ മുറിയിൽ തന്നെ ഇങ്ങനെ ഓരോന്ന് ഓർത്തിരുന്നാൽ ഭ്രാന്തവുമെന്നു എനിക്ക് തന്നെ തോന്നി. ഞാൻ വേഗം എഴുനേറ്റു കുളിച്ചു ഫ്രഷ് ആയി മുറിക്കു പുറത്തേക്കിറങ്ങി. ആരുടേയും ഒച്ചയും അനക്കവും ഒന്നും ഇല്ല.

ഹാളിൽ ചെന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരും ഇല്ല. പുറത്തേക്കുള്ള മുൻ വാതിൽ അടച്ചിരിക്കുകയാണ്. ഇന്നലെ ഗായത്രി ഡോക്ടർ കാണിച്ചു തന്ന സൂര്യമഹാദേവന്റെ മുറിയും അടഞ്ഞു കിടക്കുകയാണ്. ഞാൻ പെട്ടെന്ന് അവിടെ നിന്നു തിരികെ പുറകിലേക്ക് വന്നു. ഞാൻ കിടന്ന മുറിയും കഴിഞ്ഞു മറ്റൊരു മുറി കണ്ടു.അത് തുറന്നപ്പോൾ ഒരു സ്റ്റോർ റൂം ആണെന്ന് മനസിലായി. കുറെ കൃഷി പണിക്കുള്ള സാധനങ്ങൾ അതിൽ വച്ചിട്ടുണ്ട്. ഇവിടെ ആരാ പോലും കൃഷി ചെയ്‌യുന്നത്? ഇനി മണിയണ്ണൻ ആയിരിക്കുമോ? ഞാൻ ആ മുറിയിൽ നിന്നും ഇറങ്ങി നോക്കിയപ്പോഴാണ് അടുക്കള കണ്ടത്. കാളിയമ്മ അവിടെ കാണും എന്നോർത്ത് അങ്ങോട്ട്‌ ചെന്നപ്പോൾ അവിടെയും ആരുമില്ല. എന്നെ ഈ വീട്ടിൽ ഒറ്റക്കാക്കി എല്ലാവരും എവിടെ പോയെന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് അടുക്കള വശത്തു പുറകിൽ നിന്നു ഒച്ച കേട്ടത്. ഞാൻ പതിയെ അങ്ങോട്ടേക്ക് ഇറങ്ങി.

അടുക്കള കഴിഞ്ഞു ഒരു ചെറിയ വർക്ക്‌ ഏരിയ ഉണ്ട്. അതിന്റെ പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കയാണ്.അവിടെ നിന്നാണ് ഒച്ച കേൾക്കുന്നത് .ഞാൻ പുറത്തേക്കിറങ്ങിയതും അവിടുത്തെ കാഴ്ച കണ്ടു ഞെട്ടി പോയി. അടുക്കളയുടെ മുറ്റം കഴിഞ്ഞാൽ പുറകിലേക്ക് അത്യാവശ്യം വലിയൊരു പറമ്പാണ്. അതിനെ പറമ്പെന്നു വിളിക്കുന്നതിലും നല്ലത് ഒരു പച്ചക്കറി തോട്ടം എന്ന് വിളിക്കുന്നത് ആയിരിക്കും എന്നെനിക്കു തോന്നി. നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന ഒരു മാതിരി പച്ചക്കറി എല്ലാം ഉണ്ട് അവിടെ. ഞാൻ തോട്ടത്തിലേക്കിറങ്ങി അതിനിടയിലൂടെ സൂക്ഷിച്ചു ചെടികളിൽ ഒന്നും ചവിട്ടാതെ സംസാരം കേൾക്കുന്നിടത്തേക്കു നടന്നു. അവിടെ പടർന്നു കിടക്കുന്ന കോവലിൽ നിന്നു എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് കോവക്ക പറിക്കുകയാണ് കാളിയമ്മയും മണിയണ്ണനും. കുറച്ചു കഴിഞ്ഞപ്പോഴാണ് അവർ എന്നെ കണ്ടത്.. "

മോൾ ഉണർന്നായിരുന്നോ? ഒത്തിരി നേരമായോ? നല്ല ഉറക്കമായതു കൊണ്ടാണ് ഞാൻ വിളിക്കാതെ ഇരുന്നത്.. വരൂ.ഞാൻ ചായ എടുത്തു തരാം" " ഇതൊക്കെ ആരാ ഇവിടെ കൃഷി ചെയ്യുന്നത്? കാളിയമ്മയും മണിയണ്ണനും ആണോ? " അവരോടൊപ്പം അടുക്കളയിൽ ചായ കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ ഞാൻ ചോദിച്ചു.. " ഏയ്.. ഞങ്ങൾ ഒന്നുമല്ല.. ഇതൊക്കെ മഹിയുടെ കൃഷിയാണ്.. " " അയാളുടെയോ? " എന്റെ അവിശ്വസനീയത ശബ്ദത്തിൽ വ്യക്തമായിരുന്നു.കാളിയമ്മ ചിരിച്ചു. " മഹി നല്ല ഒന്നാതരം കൃഷിക്കാരൻ ആണ്" കൃഷിയും ഗുണ്ടായിസവും.. യാതൊരു ബന്ധവും ഇല്ലാലോ എന്ന് ഞാൻ ഓർത്തു.ഇനി അയാളെ എന്റെ മുന്നിൽ നന്നാക്കി കാണിക്കാൻ വേണ്ടി ഇവർ കള്ളം പറയുന്നതായിരിക്കുമോ? ചിലപ്പോൾ ആവാൻ സാധ്യത ഉണ്ട്. ഇവർക്ക് അയാളോട് ഇത്രയും അടുപ്പം വരാൻ എന്താ കാരണം.. അയാൾ ആരുമില്ലാത്തവൻ ആണെന്നല്ലേ അന്ന് നീലാംബരി അമ്മ പറഞ്ഞത്? "

കാളിയമ്മയും മണിയണ്ണനും ഇവിടെയാണോ താമസിക്കുന്നത്? " " മഹി ഈ വീട്ടിലേക്കു മാറിയത് മുതൽ ഞങ്ങളും ഇവിടെയാണ്‌. ഞങ്ങളെ കൂടി നിർബന്ധിച്ചു അവൻ ഇങ്ങോട്ടേക്കു കൊണ്ട് വന്നു.. " അവർ തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചാൽ ഇഷ്ടപ്പെടുമോ എന്നൊരു ഭയം കാരണം ഞാൻ ഒന്നും ചോദിച്ചില്ല. " മഹി ഞങ്ങൾക്ക് മകൻ ആണ്. മക്കൾ ഇല്ലാതെ ജീവിച്ച മണിയണ്ണനും എനിക്കും ചാമുണ്ഡേശ്വരി തന്ന മകൻ " അത് കേട്ടപ്പോൾ ഞാൻ അവരെ അതിശയത്തോടെ നോക്കി. ഈ നാട്ടിലുള്ളവർക്ക് മനസ്സ് വായിക്കാനുള്ള കഴിവുണ്ടോ? " എനിക്ക് മോളുടെ മാനസികാവസ്ഥ മനസിലാക്കാൻ കഴിയും. മഹിയെ പറ്റി ഞാനിപ്പോൾ എന്ത് നല്ലത് പറഞ്ഞാലും മോൾക്ക്‌ അതൊന്നും ഉൾകൊള്ളാൻ കഴിയണമെന്നില്ല.

അത് മോളുടെ അനുഭവങ്ങളും മോൾ അവനെ കുറിച്ച് അറിഞ്ഞ കാര്യങ്ങളും ഒക്കെ കാരണം ആണ്.പക്ഷെ ചിലപ്പോൾ ചില സാഹചര്യങ്ങളിൽ നമ്മൾ അറിയുന്നതിനും കാണുന്നതിനും ഒക്കെ പിന്നിൽ പിന്നെയും ഒരുപാട് കാര്യങ്ങൾ ഉണ്ടാവാം. ഇനിയിപ്പോൾ മോൾ ഇവിടെ തന്നെയുണ്ടല്ലോ? സൂര്യമഹാദേവൻ എന്താണെന്നു തനിയെ കണ്ടു മനസിലാക്കിയാൽ മതി. " അവർ എനിക്ക് കാപ്പി വിളമ്പി കൊണ്ട് പറഞ്ഞു. അവർക്കു അയാളോടുള്ള വാത്സല്യം ആ വാക്കുകളിൽ വ്യക്തമായിരുന്നു. പക്ഷെ എനിക്ക് അയാളോടുള്ള വെറുപ്പ്‌ ഒരിക്കലും മാറാൻ പോകുന്നില്ല എന്ന് അറിയാവുന്നതു കൊണ്ട് ഞാൻ മിണ്ടാതെ ഇരുന്നു.

പിന്നീടുള്ള സമയം മുഴുവൻ ഞാൻ കാളിയമ്മയുടെ കൂടെ അടുക്കളയിലും എന്റെ മുറിയിലും ഒക്കെയായി സമയം തള്ളി നീക്കി. സൂര്യമഹാദേവനെ അവിടെയെങ്ങും കണ്ടേയില്ല. കുറച്ചു കഴിഞ്ഞപ്പോൾ മനസിലായി അയാൾ ഇവിടെ ഇല്ലായെന്ന്. എവിടെ തല്ലും വഴക്കും ഉണ്ടാക്കാൻ പോയതാണോ ആവോ? വൈകുന്നേരം ആയപ്പോഴേക്കും കാവ്യ വന്നു. അവളുടെ സംസാരത്തിൽ നിന്നു അയാൾ അവരുടെ വീട്ടിൽ ആയിരുന്നു ഇന്നലെ രാത്രി എന്ന് മനസിലാക്കാൻ സാധിച്ചു . കുറച്ചു നേരം അതും ഇതും പറഞ്ഞു ഇരുന്നിട്ടാണ് അവൾ പോയത് . രാത്രി കാളിയമ്മ അന്നും എനിക്ക് കൂട്ട് കിടക്കാൻ വന്നു.ഉറങ്ങുന്ന വരെയും സൂര്യമഹാദേവനെ അന്നത്തെ ദിവസം ഞാൻ കണ്ടതേ ഇല്ല......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story