സൂര്യപാർവണം: ഭാഗം 8

surya parvanam

രചന: നിള നിരഞ്ജൻ

ദിവസങ്ങൾ പെട്ടെന്ന് തന്നെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു . നമ്മൾ എത്ര വേണ്ടെന്നു വച്ചാലും ചിലരിലേക്കു നമ്മുടെ മനസ്സ് അടുക്കുമെന്നു പറയുന്നത് സത്യമാണെന്നു എനിക്ക് മനസിലായി. ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കാളിയമ്മയും മണിയണ്ണനും ആയി ഞാൻ അടുത്തു . ഞങ്ങൾ മൂന്ന് പേരും കൂടിയാണ് ആ വീട്ടിൽ താമസിക്കുന്നത് എന്നത് അതിനു ഒരു പ്രധന കാരണം ആയിരുന്നു. പിന്നെ ഒരിക്കലും കിട്ടിയിട്ടില്ലാത്ത അമ്മയുടെ സ്നേഹം കാളിയമ്മയുടെ അടുത്തു നിന്നു കിട്ടുമ്പോൾ കണ്ടില്ലന്നു നടിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സൂര്യമഹാദേവൻ ഞാൻ അവിടെ വന്നതിനു ശേഷം കാശിയുടെ വീട്ടിലാണ് ഇപ്പോൾ കിടപ്പൊക്കെ. കുളിക്കാനും ഡ്രസ്സ്‌ മാറാനും ഇവിടെ വരാറുണ്ട്. പക്ഷെ അതൊക്കെ ഞാൻ എണീക്കുന്നതിനു മുന്നേ ആണ്.

അത് കൊണ്ട് ഞാൻ അയാളെ കാണാറേ ഇല്ല. അയാൾ എന്റെ മുന്നിൽ വരാതെ ഒഴിഞ്ഞു മാറി നടക്കുകയാണെന്ന് ആണ് എനിക്ക് തോന്നിയത്. എന്താണ് അയാളുടെ ഉദ്ദേശമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നും ഇല്ല.കാളിയമ്മയയെയും മണിയണ്ണനെയും കാവ്യ എന്തുകൊണ്ടാണ് റൊമാന്റിക് കപിൽസ് എന്ന് വിളിക്കുന്നതെന്ന് ആ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി. അത്ര സ്നേഹമാണ് രണ്ടാളും തമ്മിൽ. അടുക്കള പണിയാണെങ്കിലും, വീട് പണിയാണെങ്കിലും കൃഷി ആണെങ്കിലും ഒക്കെ രണ്ടാളും ഒരുമിച്ചാണ് ചെയ്യുന്നത്. കാളിയമ്മക്കും മണിയണ്ണനും പുറമെ കാശിയുടെ അനിയത്തി കാവ്യയുമായും എനിക്കിപ്പോൾ നല്ല അടുപ്പമാണ്. എല്ലാ ദിവസവും കോളേജ് വിട്ടു വന്നു കഴിഞ്ഞു ഒരു അഞ്ചു മണി ആവുമ്പോഴേക്കും അവൾ എന്നെ കാണാൻ വരും. പിന്നെ കോളേജിലെയും വീട്ടിലെയും നാട്ടിലെയും ഒക്കെയായി വാ തോരാതെ സംസാരം ആണ്.

ആദ്യമൊക്കെ അവൾ എന്ത് വിചാരിക്കും എന്ന് വിചാരിച്ചാണ് ഞാൻ കേട്ടിരുന്നതെങ്കിൽ ഇപ്പോൾ ഞാൻ വൈകുന്നേരം അവളുടെ വരവിനായി കാത്തിരിക്കാൻ തുടങ്ങി. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് തനു ഇത് പോലെ എന്റടുത്തു സംസാരിച്ചിരുന്നെങ്കിൽ എന്ന്. അന്നൊന്നും കിട്ടാത്തത് ഇപ്പോൾ ദൈവം തന്നത് പോലെ. അവളുടെ സംസാരത്തിനിടക്ക് സൂര്യമഹാദേവന്റെ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു. ഇടയ്ക്കു ഒന്ന് രണ്ടു പ്രാവശ്യം ഗായത്രി ചേച്ചിയും എന്നെ കാണാൻ വന്നിരുന്നു( ഡോക്ടർ എന്ന് വിളിച്ചപ്പോൾ ചേച്ചി എന്ന് വിളിച്ചാൽ മതി എന്നു പറഞ്ഞു ).ഞാൻ അന്ന് കിടന്നിരുന്നത് മാണിക്യമംഗലത്തു കാരുടെ ഹോസ്പിറ്റലിൽ ആയിരുന്നെന്നും ഗായത്രി ചേച്ചി അവിടുത്തെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ആണെന്നും അങ്ങനെ അറിയാൻ കഴിഞ്ഞു.

ചേച്ചി ഗൈനക് ആയതു കൊണ്ടാണ് പിന്നെ എന്നെ നോക്കാൻ വരാതിരുന്നത്. വന്നപ്പോൾ അവരുടെ മോൻ അമ്പാടിയെയും കൂട്ടി ആണ് വന്നത്. അവനുമായി ഞാൻ പെട്ടെന്ന് കൂട്ടായി. വിഷ്ണു ദത്തനെ അന്നത്തേതിൽ പിന്നെ കണ്ടതേ ഇല്ല.എന്റെ ഫോൺ ആണെങ്കിൽ തിരികെ കിട്ടിയതും ഇല്ല. ഞാൻ അതിനു വേണ്ടി നിർബന്ധം പിടിക്കാനും പോയില്ല. അത് കിട്ടിയാലും ഇവിടുന്നു എങ്ങോട്ടും ഓടി പോകാനൊന്നും പറ്റില്ലാന്ന് എനിക്ക് മനസ്സിലായിരുന്നു. ഇത് സൂര്യമഹാദേവന്റെ നാടാണ്.. ഇവിടെയുള്ളവർ എല്ലാം അയാളുടെ ആൾക്കാരാണ്.. എന്തിനാണ് ഇയാളെ പോലെ ഒരു ഗുണ്ടയെ ആൾക്കാർ ഇത്ര കണ്ടു സ്നേഹിക്കുന്നത് എന്ന കാര്യം എപ്പോഴും എനിക്ക് അന്യമായി തന്നെ നിലനിന്നു. എല്ലാത്തിനും ഉപരി എന്നെ തിരക്കി എന്റെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആരും വന്നതും ഇല്ല.

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം വൈകുന്നേരം കാവ്യ വന്നപ്പോൾ പിറ്റേ ദിവസം മുതൽ അവരുടെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുകയാണെന്നും അത് കൊടിയേറുന്നതു കാണാൻ വരുന്നുണ്ടോ എന്നും എന്നോട് ചോദിച്ചത്. ഈ നാട്ടിലുള്ളവർക്കൊക്കെ ഞാൻ ആരാണെന്നും എന്താണ് അന്ന് പഞ്ചായത്തിൽ നടന്നതെന്നും ഒക്കെ അറിയാം. ആ സ്ഥിതിക്ക് അവരെയൊക്കെ ഫേസ് ചെയ്യാൻ ഉള്ള മടി കൊണ്ട് ഞാൻ എങ്ങോട്ടും ഇറങ്ങാതെ ഇരിക്കുകയായിരുന്നു. പക്ഷെ സത്യം പറഞ്ഞാൽ വീട്ടിൽ തന്നെ ഇരുന്നു ഞാനും മടുത്തിരുന്നു.അത് കൊണ്ട് അവൾ നിർബന്ധിച്ചപ്പോൾ ഞാനും പോകാമെന്നു സമ്മതിച്ചു. ഞായറാഴ്ച ആയതു കൊണ്ട് അവൾക്കു ക്ലാസ്സ്‌ ഇല്ലായിരുന്നു. പറഞ്ഞതു പോലെ രാവിലെ ഒരു ഏഴു മണിയായപ്പോൾ അവൾ ഒരുങ്ങി വന്നു.

കാളിയമ്മയോട് പറഞ്ഞു ഞാൻ അവൾക്കൊപ്പം അമ്പലത്തിലേക്ക് പോയി.ക്ഷേത്രത്തിലേക്ക് അധികം ദൂരം ഇല്ലായെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങൾ നടന്നാണ് പോയത്. കുറച്ചു ദിവസത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ വല്ലാത്ത ഒരു ആശ്വാസം തോന്നി എനിക്ക്. ശുദ്ധ വായു ഒക്കെ ശ്വസിച്ചപ്പോൾ ഒരു ഉണർവ് വന്നത് പോലെ. പോകുന്ന വഴിക്കു കാവ്യയോട് പലരും വന്നു മിണ്ടുന്നതും അവൾ തിരികെ സംസാരിക്കുന്നും ഒക്കെ ഉണ്ടായിരുന്നു. അവരും ക്ഷേത്രത്തിലേക്ക് തന്നെ ഉള്ളവർ ആയിരുന്നു.പിന്നെ എല്ലാവരും കൂടിയാണ് പോയത്. അവൾ എന്നെ അറിയാൻ പാടില്ലാത്തവർക്കു സൂര്യമഹാദേവന്റെ ഭാര്യയാണ് എന്ന് പരിചയപെടുത്തി കൊടുത്തപ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ക്ഷേത്ര മുറ്റത്തു എത്തിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. ഞാൻ അന്ന് പഞ്ചായത്തിന് വന്നപ്പോൾ കണ്ട അമ്പല പരിസരമേ അല്ല.

അന്ന് ശാന്തമായിരുന്ന ആ പരിസരം മുഴുവനും ജനങ്ങളായിരുന്നു. അതുപോലെ വിശാലമായ അമ്പലമുറ്റത്തു മുഴുവനും ചെറിയ ചെറിയ കച്ചവടക്കാർ സ്ഥാനം പിടിച്ചിരുന്നു. അമ്പലത്തിന്റെ ഗോപുരം വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു. എല്ലാം നോക്കിയും കണ്ടും ഞാൻ അവളോടൊപ്പം നടന്നു. ആൾക്കൂട്ടങ്ങൾക്കിടയിലൂടെ എന്റെ നേരെ വരുന്ന ചില നോട്ടങ്ങൾ ഞാൻ കണ്ടില്ലന്നു വച്ചു. കൊടിയേറ്റ് നന്നായി കാണാൻ പറ്റുന്ന ഒരു ഭാഗത്തായി ഞങ്ങൾ രണ്ടാളും നിലയുറപ്പിച്ചു. കൊടിയേറ്റ് തുടങ്ങാൻ ഇനിയും കുറച്ചു സമയം കൂടിയുണ്ട്. പെട്ടെന്നാണ് പുറകിൽ നിന്നും ആരോ കാവ്യയെ വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ കാവ്യയുടെ പ്രായമുള്ള മൂന്നാല് പെൺകുട്ടികൾ ആണ്. നല്ല ദാവണി ഒക്കെ ഉടുത്തു സുന്ദരികൾ ആയിട്ടുണ്ട്‌ എല്ലാവരും. അവർ കാവ്യയോട് വന്നു സംസാരിക്കുന്നത് കേട്ടതിൽ നിന്നു അവളുടെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന കൂട്ടുകാരികൾ ആണെന്ന് മനസിലായി.

പക്ഷെ അവർ ഇടയ്ക്കിടെ എന്നെ നോക്കുന്ന നോട്ടത്തിൽ എന്തോ ഇഷ്ടക്കേടുള്ളതായി എനിക്ക് തോന്നുകയും ചെയ്തു.അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ അത് കാവ്യയോട് പറഞ്ഞു.. " അത് ചേച്ചി കാര്യമാക്കണ്ട.. ഇവരൊക്കെ മഹിയെട്ടന്റെ ഫാൻസ്‌ അസോസിയേഷനിലെ ആൾക്കാർ ആയിരുന്നു. നമ്മുടെ ദേവൂനെ പോലെ.. അവരുടെ ഹീറോയെ ചേച്ചി ചുളുവിൽ അടിച്ചെടുത്തതിന്റെ ദേഷ്യമാണ് ആ കാണിക്കുന്നത്... " അങ്ങേരുടെ പുറകെ നടക്കാനും പെൺകുട്ടികളോ .. പിന്നെ കാണാനൊന്നും വലിയ മോശം ഇല്ലല്ലോ.. അത് കൊണ്ടായിരിക്കും.. എന്നാലും അവൾ പറഞ്ഞ ഒരു കാര്യം എന്നിൽ കൗതുകം ഉണർത്തി. " വിഷ്ണുവേട്ടന്റെ പെങ്ങൾ ദേവൂന് അയാളെ ഇഷ്ടം ആയിരുന്നോ? " " ആഹ്.. പിന്നെ..അവൾക്കു മഹിയേട്ടനെ ഭയങ്കര ഇഷ്ടം ആണ്. . ഞാൻ പോലും മഹിയെട്ടനോട് അടുത്തു ഇടപഴകുന്നത് അവൾക്കു ഇഷ്ടം അല്ല.കൃഷ്ണപുരത്തെ ഒരു പെൺകുട്ടിയെയും മഹിയെട്ടന്റെ അടുത്തേക്ക് പോലും അടുപ്പിക്കില്ലായിരുന്നു. "

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. " പിന്നെയെന്താ അയാൾ? വിഷ്ണു ദത്തന് ഇഷ്ടമല്ലായിരുന്നോ? " " അതൊന്നുമല്ല. മഹിയെട്ടന് അവളോട്‌ അങ്ങനെ ഉള്ള ഇഷ്ടം ഒന്നും ഇല്ല. എന്നെ പോലെയേ അവളെയും കണ്ടിട്ടുള്ളു . അത് വിഷ്ണുവേട്ടനും ഗായത്രി ഏട്ടത്തിക്കും എല്ലാം അറിയുകയും ചെയ്യാം. ദേവൂനോട് എല്ലാവരും ഒരുപാടു തവണ അതൊക്കെ പറഞ്ഞു മനസിലാക്കാൻ നോക്കിയതാ. പക്ഷെ അവൾ അവളുടെ വാശിയിൽ തന്നെ ഉറച്ചു നിന്നു. മഹിയെട്ടനിൽ നിന്നു അകന്നു നിന്നോട്ടെ എന്ന് വിചാരിച്ചാണ് വിഷ്ണു ഏട്ടൻ അവളെ എറണാകുളത്തെ ഹോസ്റ്റലിലേക്ക് പറഞ്ഞു വിട്ടത്. മഹിയേട്ടനുമായുള്ള ചേച്ചിയുടെ കല്യാണം നടന്നത് എങ്ങനെയോ അറിഞ്ഞു വന്നിട്ടാണ് അന്ന് ബഹളം വച്ചതു. വിഷ്ണുവേട്ടൻ അവളെ അന്ന് തന്നെ വഴക്ക് പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു. " അതും പറഞ്ഞു കൊണ്ടിരുന്നപ്പോൾ കൊടിയേറാൻ സമയമായി എന്ന് അവിടെ വിളിച്ചു പറഞ്ഞു .അതോടെ ഞങ്ങൾ ആ സംസാരം അവിടെ നിർത്തി. " ദേ മഹിയെട്ടനും വിഷ്ണുവേട്ടനും കാശിയേട്ടനും..

" കാവ്യ പറയുന്നത് കേട്ടു നോക്കിയപ്പോൾ ക്ഷേത്രത്തിലെ തിരുമേനിയുടെ പുറകെ വലതു വശത്തു കൂടി നടന്നു വരുന്ന അവരെ മൂവരെയും ഞാൻ കണ്ടു. പക്ഷെ എന്റെ ശ്രദ്ധയാകര്ഷിച്ചത് തിരുമേനിയുടെ ഇടതു വശത്തു കൂടി നടന്നു വരുന്ന നീലാംബരി അമ്മയും അവരുടെ കൂടെയുള്ള അറുപതു വയസ്സ് പ്രായം വരുന്ന ഒരു പുരുഷനും ആണ്. നീലാംബരി അമ്മയോട് എനിക്ക് ഒന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ.ഇവിടുന്നു എന്നെ എങ്ങനെയെന്കിലും രക്ഷപെടുത്താൻ പറയാമായിരുന്നു. അവർക്കു എന്തായാലും ഇവിടെ പരിചയമുള്ള പോലീസുകാർ ഉണ്ടാവും. എന്തായാലും എന്റെയും സൂര്യമഹാദേവന്റെയും വിവാഹം നിയമപരം ഒന്നുമല്ല.. ഞങ്ങൾ എവിടെയും ഒപ്പിട്ടിട്ടു ഒന്നുമില്ലല്ലോ.. അത് കൊണ്ട് എങ്ങനെയെന്കിലും ആരോടെങ്കിലും പറഞ്ഞു എന്നെ ഒന്ന് രക്ഷപെടുത്താൻ നീലാംബരി അമ്മയോട് പറയാം.

പക്ഷെ കാവ്യയുടെ കണ്ണിൽ പെടാതെ എങ്ങനെ നീലാംബരി അമ്മയോട് സംസാരിക്കും. അവിടെ കൊടിമരത്തിൽ കൊടി ഉയരുമ്പോഴും എന്റെ ചിന്ത അതൊക്കെ തന്നെ ആയിരുന്നു. കൊടിയേറ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾ അമ്പലത്തിനു അകത്തു കയറാൻ പോയി . ക്ഷേത്രത്തിനു തൊട്ടു മുന്നിലായി നിൽക്കുന്ന രുദ്രാക്ഷമരത്തിൽ എന്റെ കണ്ണുകൾ ഉടക്കി. അതിൽ താലി കോർത്ത മഞ്ഞ ചരടുകൾ ഒരുപാടു തൂങ്ങി കിടക്കുന്നുണ്ട്. ഒരുപാട് ചെറുപ്പക്കാർ താലി കോർത്ത മഞ്ഞ ചരടുകൾ അതിൽ കെട്ടുന്നതും ഞാൻ കണ്ടു . " അതെന്താ അത്? " ഞാൻ കാവ്യയോട് ചോദിച്ചു. " അത് ഇവിടുത്തെ ഒരു ആചാരമാണ്. കല്യാണം ആകാത്ത ചെറുപ്പക്കാർ ഈ രുദ്രാക്ഷമരത്തിൽ താലി കോർത്ത മഞ്ഞ ചരടുകൾ കെട്ടും. ഇങ്ങനെ കെട്ടുന്ന ചെറുപ്പകാർക്ക് അവരുടെ മനസ്സിൽ ആഗ്രഹിച്ച പെണ്ണുങ്ങളെ വധുവായി കിട്ടുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം." അറിയാതെ എന്റെ നോട്ടം ഷോളിനു ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന മഞ്ഞ ചരടിലേക്കു പോയി.

ആരോ ആരെയോ ആഗ്രഹിച്ചു കൊണ്ട് ആ മരത്തിൽ കെട്ടിയ താലിയാണ് ഇപ്പോൾ എന്റെ കഴുത്തിൽ ഉള്ളതെന്ന് ഓർത്തപ്പോൾ എനിക്ക് വല്ലായ്മ തോന്നി. അന്ന് ഞാൻ കാഷായ വസ്ത്രം അണിഞ്ഞു മരച്ചുവട്ടിൽ കണ്ട ആ സ്ത്രീ ഇന്ന് അവിടെ ഉണ്ടായിരുന്നില്ല. അതോ അന്ന് എനിക്ക് തോന്നിയതാണോ? അന്ന് സൂര്യമഹാദേവൻ എന്റെ കഴുത്തിൽ താലി കെട്ടിയ ദിവസം കണ്ട ആ വലിയ ചാമുണ്ഡേശ്വരിയുടെ തന്നെ ഒരു ചെറിയ വിഗ്രഹം ആയിരുന്നു ക്ഷേത്രത്തിനുള്ളിൽ. അകത്തെ പ്രാർത്ഥന കഴിഞ്ഞു പ്രദക്ഷിണം വച്ചു വീണ്ടും ഞാൻ ആ വലിയ ചാമുണ്ഡേശ്വരി രൂപത്തിന് മുന്നിൽ തന്നെ എത്തി . അന്നത്തെ കാര്യങ്ങൾ വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നപ്പോൾ അത് മായ്ക്കാൻ എന്ന വണ്ണം ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു .അമ്പലത്തിൽ തൊഴുന്ന സമയത്തൊക്കെ എന്റെ കണ്ണുകൾ നീലാംബരി അമ്മക്കായി തിരഞ്ഞെങ്കിലും അവിടെയൊന്നും കണ്ടില്ല.

കാവ്യയോട് ചോദിചാൽ ശരിയാവില്ല എന്നറിയാമായിരുന്നു . ഇത്രയും ദിവസം കൊണ്ട് തന്നെ മാണിക്യമംഗലത്തുകാരും കല്പകശ്ശേരിക്കാരും ബദ്ധശത്രുക്കൾ ആണെന്ന് ഞാൻ മനസിലാക്കിയിരുന്നു. തൊഴുതു കഴിഞ്ഞപ്പോൾ തിരികെ പോകാമെന്നു കാവ്യ പറഞ്ഞപ്പോൾ നിരാശയോടെ ഞാനും സമ്മതിച്ചു . ഉത്സവം പത്തു ദിവസം ഉണ്ട്. എന്തായാലും നീലാംബരി അമ്മ ഇനിയും വരാതെ ഇരിക്കില്ല. എപ്പോഴെങ്കിലും കണ്ടു സംസാരിക്കാൻ ഒരു അവസരം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അപ്പോഴാണ് അമ്പലത്തിന്റെ പരിസരത്ത് നിന്നും ഭയങ്കര ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നത് . ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു. ആൾക്കാർ കൂടി നിൽക്കുന്നത് കൊണ്ട് ഒന്നും കാണാൻ സാധിക്കുന്നില്ല.. " എന്താ ബഹളം? " കാവ്യ അടുത്തു നിൽക്കുന്ന ഒരു സ്ത്രീയോട് ചോദിച്ചു.. " ശിവപുരത്തു നിന്നു കുറച്ചു ആളുകൾ വന്നു ഇവിടെ ഉത്സവകടയിലൊക്കെ കയറി എന്തോ പ്രശ്നമുണ്ടാക്കി..

അത് ചോദിക്കാൻ ചെന്ന മഹിയുടെ കൂട്ടുകാരനെ അവന്മാർ എല്ലാം കൂടി തല്ലി .. പിന്നെ പറയണ്ടല്ലോ? " " വാ ചേച്ചി.. നല്ല ഒന്നാതരം ഫൈറ്റ് കാണാം.. " അതും പറഞ്ഞു കാവ്യ എന്നെയും വലിച്ചു കൊണ്ട് ആളുകൾക്കിടയിലൂടെ മുന്നിലേക്ക്‌ നടന്നു. അവിടെ ഒരു മരച്ചുവട്ടിൽ ചെറിയ തിട്ടു പോലെ കെട്ടിയിരിക്കുന്നതിന്റെ മുകളിൽ കയറി നിന്നു. ഇപ്പോൾ അടി നടക്കുന്നത് നല്ല വ്യക്തമായി കാണാം. സൂര്യമഹാദേവനും കാശിനാഥനും അതിന്റെ മുന്നിൽ തന്നെ ഉണ്ട്.കുറച്ചു നേരം അയാളുടെ അടി കണ്ടു കൊണ്ട് നിന്നപ്പോൾ തന്നെ അയാൾക്ക്‌ ഇത്രയും പെണ്ണുങ്ങൾ ഫാൻസ്‌ ഉള്ളത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലായി . അത് പോലത്തെ മെയ്‌വഴക്കവും മൂവ്‌മെൻസും ആണ്.ഒറ്റ ഒരുത്തനും അങ്ങേരുടെ അടുത്തു പിടിച്ചു നിൽക്കാൻ പോലും പറ്റുന്നില്ല. കൂടെയുള്ള കാശിനാഥനും മോശം ഒന്നും അല്ല. കാവ്യ അവരുടെ ഫൈറ്റിൽ മതി മറന്നു നിൽക്കുകയാണ്.

ഇടയ്ക്കിടയ്ക്ക് "അടിക്കു ഇടിക്കു" എന്നൊക്കെ പറയുന്നുമുണ്ട്.ഈ സമയത്തു ചുമ്മാതൊന്നു ചുറ്റും നോക്കിയപ്പോഴാണ് നീലാംബരി അമ്മ ഒരു കാറിൽ ചാരി നിൽക്കുന്നത് കണ്ടത്. ആരുടേയും ശ്രദ്ധയിൽ പെടാതെ അവരോടു പോയി സംസാരിക്കാൻ പറ്റിയ സമയം ആണ് ഇതെന്ന് ഞാൻ ഓർത്തു. അടിപിടിയുടെ മട്ടും ഭാവവും കണ്ടു കുറച്ചു നേരം കൂടെ ഉണ്ടാവും. അത് വരെ കാവ്യ എന്നെ ശ്രദ്ധിക്കുമെന്ന് തോന്നുന്നില്ല. ആ നേരം കൊണ്ട് നീലാംബരി അമ്മയോട് എപ്പോഴെങ്കിലും ഒന്ന് തമ്മിൽ കാണണം എന്ന് പറഞ്ഞിട്ട് ഓടി വരാം. ഞാൻ അവിടുന്ന് ആളുകൾക്കിടയിലൂടെ നീലാംബരി അമ്മ നിൽക്കുന്നിടം ലക്ഷ്യമാക്കി നടന്നു. അവരുടെ അടുത്തു എത്താറായപ്പോഴാണ് ഒരാൾ എന്നെ ശക്തിയായി തട്ടി മാറ്റി കൊണ്ട് മുന്നോട്ടു പോയത്. ദേഷ്യത്തോടെ അയാളെ രണ്ടു ചീത്ത പറയണം എന്ന് വിചാരിച്ചു നോക്കിയപ്പോഴാണ് അയാളുടെ കയ്യിലെ തിളങ്ങുന്ന കത്തി എന്റെ ശ്രദ്ധയിൽ പെട്ടത്.

അയാൾ അതുമായി ആരെയോ ലക്ഷ്യം വച്ചാണ് നടക്കുന്നത്.അതാണ്‌ മറ്റാരെയും ശ്രദ്ധിക്കാത്തത് . അയാളുടെ നോട്ടം പോകുന്ന ഭാഗത്തേക്ക്‌ ഞാനും നോക്കി. അവന്റെ ലക്ഷ്യം ആരാണെന്നു കണ്ട ഞാൻ വീണ്ടും ഞെട്ടി.. ഒരു ചുവപ്പും കറുപ്പും കലര്ന്ന ഓപ്പൺ ജീപ്പിൽ ചാരി നിന്നു തന്റെ ഫോണിൽ മുഴുകി ഇരിക്കുന്ന വിഷ്ണു ദത്തൻ. അയാളെ കുത്താൻ ലക്ഷ്യം വച്ചാണ് ഇവന്റെ പോക്ക്. എന്ത് ചെയ്യണം എന്നാലോചിച്ചപ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് വന്നത് കാവ്യയുടെ വാക്കുകൾ ആയിരുന്നു. സൂര്യമഹാദേവന്റെ ജീവനായ വിഷ്ണുദത്തൻ.അപ്പോൾ വിഷ്ണു ദത്തന് എന്തെങ്കിലും സംഭവിച്ചാൽ അയാൾക്ക്‌ നോവും. പക്ഷെ അടുത്ത നിമിഷം എന്റെ കണ്ണിന് മുന്നിലേക്ക്‌ ഗായത്രി ചേച്ചിയുടെയും അമ്പാടിയുടെയും ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. സൂര്യമഹാദേവനോടുള്ള ദേഷ്യത്തിന് ഞാൻ എന്തൊക്കെയാണ് ചിന്തിക്കുന്നത്.

പിന്നെ അവിടുന്ന് ഒരോട്ടമായിരുന്നു. ആൾക്കൂട്ടത്തിനടിയിലൂടെ എങ്ങനെയെന്കിലും വിഷ്ണു ദത്തനു മുന്നറിയിപ്പ് കൊടുക്കണം എന്ന് മാത്രമായിരുന്നു അപ്പോൾ ചിന്ത. അപ്പോഴേക്കും ആ ആക്രമി വിഷ്ണു ദത്തന്റെ അടുത്തെത്തിയിരുന്നു. അയാൾ കത്തി വീശിയതും " വിഷ്ണുവേട്ടാ മാറ്.. കത്തി " എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ അയാൾക്കിട്ടു ശക്തമായി ഒരു ഉന്തു വച്ചു കൊടുത്തു. അയാൾ താഴെ വീണില്ലെങ്കിലും അയാളുടെ കത്തി ലക്ഷ്യം കണ്ടില്ല. തന്റെ ശ്രമം പാളി എന്ന് മനസ്സിലായതും അയാൾ ആൾക്കൂട്ടത്തിനിടയിലേക്ക് ഓടി. ആദ്യം ഒന്ന് അമ്പരന്നെങ്കിലും അടുത്ത നിമിഷം എന്താണ് നടന്നതെന്ന് മനസിലാക്കി വിഷ്ണുവേട്ടൻ അയാൾക്ക്‌ പുറകെ കുതിച്ചു. അപ്പോഴേക്കും ഈ സംഭവം ഒക്കെ കണ്ട കുറച്ചു ആളുകൾ എന്താണ് സംഭവിച്ചത് എന്നറിയാൻ എന്റെ ചുറ്റും കൂടിയിരുന്നു.

ഞാൻ അവരോടു കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോഴേക്കും കാവ്യ വന്നു. അവളുടെ മുഖം കണ്ടപ്പോഴേ അവൾ ആകെ പേടിച്ചിട്ടുണ്ടെന്നു എനിക്ക് മനസിലായി. അത് കൊണ്ട് ഇനി അവിടെ നിൽക്കാതെ വീട്ടിലേക്കു പോകാമെന്നു ഞാൻ പറഞ്ഞു. കാവ്യയെയും കൂട്ടി തിരിച്ചു പോരാൻ തുടങ്ങുമ്പോഴാണ് നീലാംബരി അമ്മയുടെ കാര്യം ഞാൻ പിന്നെയും ഓർത്തത്‌. അവർ നിന്നിടത്തേക്കു തിരിഞ്ഞു നോക്കിയപ്പോൾ ആ കാറും നീലാംബരി അമ്മയും അവിടെ നിന്നു പോയിരുന്നു. ഞങ്ങൾ അമ്പലത്തിന്റെ പടികളിറങ്ങി റോഡിലേക്ക് എത്തിയപ്പോഴേക്കും പിറകിൽ നിന്നു വിളി കേട്ടു. നോക്കിയപ്പോൾ സൂര്യമഹാദേവനും കാശിനാഥനും ആണ്. അടിപിടിയുടെ ചെറിയ ചെറിയ അടയാളങ്ങൾ രണ്ടാളുടെയും വസ്ത്രത്തിലും ശരീരത്തിലും ഒക്കെ ഉണ്ട് . " എന്താ പറ്റിയത്? നിങ്ങള്ക്ക് കുഴപ്പം ഒന്നുമില്ലല്ലോ? വിഷ്ണുവേട്ടൻ എവിടെ? ആരോ എന്തോ പ്രശ്നമുണ്ടാക്കി എന്നൊക്കെ പറയുന്നത് കേട്ടല്ലോ? " കാശി കാവ്യയോട് ചോദിച്ചു. അവരുടെ രണ്ടാളുടെയും മുഖത്ത് പേടി നിറഞ്ഞിരുന്നു.

അവൾ എന്നെ നോക്കി. ഞാൻ നടന്നതൊക്കെ കാശിയോട് പറഞ്ഞു. ഞാൻ പറഞ്ഞു കഴിഞ്ഞതും സൂര്യമഹാദേവന്റെ മുഖമൊക്കെ ദേഷ്യത്തിൽ വലിഞ്ഞു മുറുകി.. കണ്ണുകളിലെ രൗദ്രത വല്ലാതെ കൂടിയ പോലെ.. " കാശി വാടാ " എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞതും "മഹി" എന്ന് വിളിച്ചു കൊണ്ട് വിഷ്ണുവേട്ടൻ ഞങ്ങളുടെ അടുത്തേക്ക് പടിയിറങ്ങി വരുന്നത് കണ്ടു. " ഏട്ടാ.. അവനെ കിട്ടിയോ? ആരാ അവൻ? ഏട്ടനെന്തെങ്കിലും പറ്റിയോ? " വിഷ്ണുവേട്ടനെ തിരിച്ചും മറിച്ചും ഒക്കെ നോക്കികൊണ്ട്‌ അവർ ചോദിച്ചു. അവരുടെ രണ്ടു പേരുടെയും ആകുലത വാക്കുകളിൽ വ്യക്തമായിരുന്നു. " അവനെ കിട്ടിയില്ല. അമ്പലത്തിൽ ഉത്സവത്തിന്റെ തിരക്കല്ലേ? ആൾക്കൂട്ടത്തിനിടയിലേക്ക് കയറിയാൽ പിന്നെ ബുദ്ധിമുട്ടാണ്.. അതുമല്ല ഞാൻ അവനെ ശരിക്കും കണ്ടുമില്ല.. അത് കൊണ്ട് തിരിച്ചറിയാനും പറ്റുന്നുണ്ടായിരുന്നില്ല.. " വിഷ്ണുവേട്ടൻ തല കുടഞ്ഞു കൊണ്ട് പറഞ്ഞു.

" പാറൂ കണ്ടില്ലേ ആളെ? നിനക്ക് ഇനിയും കണ്ടാൽ തിരിച്ചറിയാൻ കഴിയില്ലേ? ". കാശി എന്നോട് ചോദിച്ചു. ഞാൻ തിരിച്ചറിയാനാവുമെന്ന അർത്ഥത്തിൽ തലയാട്ടി. അവർ മൂവരും എന്തോ ചിന്തയിൽ മുഴുകി നിൽക്കുകയായിരുന്നു. ഇനി അയാളെ കണ്ടെത്തി നാലെണ്ണം കൊടുത്താലേ ഇവർക്ക് സമാധാനം ഉണ്ടാവൂ എന്നെനിക്കു തോന്നി. " നമുക്ക് പോകാം.. " ഞാൻ കാവ്യയോട് പറഞ്ഞു.. " നിൽക്കു..ഒറ്റയ്ക്ക് പോകണ്ട. വീട്ടിൽ ആക്കി തരാം.. " സൂര്യമഹാദേവൻ പറഞ്ഞപ്പോൾ ഞാൻ അയാളെ കൂർപ്പിച്ചു ഒന്ന് നോക്കി.. " വേണ്ട.. ഞങ്ങൾ തനിയെ നടന്നു പൊയ്ക്കൊള്ളാം. " " നിങ്ങൾ നടന്നു പോകുന്നില്ല.. മര്യാദക്ക് വന്നു വണ്ടിയിൽ കയറിയാൽ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ എന്റെ സ്വഭാവം നിനക്ക് അറിയാല്ലോ? തൂക്കിയെടുത്തു വണ്ടിയിലിട്ടു കയ്യും കാലും കെട്ടിയാണെങ്കിലും ഞാൻ കൊണ്ട് പോകും.. "

അയാൾ പറയുന്നത് കേട്ടു കയ്യും കാലും തരിച്ചു വന്നെങ്കിലും ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു. ബാക്കി മൂന്നു പേരും ചിരിയടക്കാൻ പാട് പെടുകയായിരുന്നു. നേരത്തെ വിഷ്ണുവേട്ടൻ ചാരി നിൽക്കുന്നത് കണ്ട ചുവപ്പും കറുപ്പും കൂടിയ മഹീന്ദ്രയുടെ ഒരു ഓപ്പൺ ജീപ്പിലായിരുന്നു ഞങ്ങളുടെ തിരികെയുള്ള യാത്ര. സൂര്യമഹാദേവൻ ആയിരുന്നു ഡ്രൈവിംഗ്.. കോ ഡ്രൈവർ സീറ്റിൽ വിഷ്ണുവേട്ടനും. പിറകിലായി ഞാനും കാവ്യയും കാശിയും കയറി. വിഷ്ണുവേട്ടന്റെ പിറകിലായി കാവ്യയും കാശിയും ഇരുന്നതു കൊണ്ട് സൂര്യമഹാദേവന്റെ പുറകിലായാണ് ഇരുന്നത്. ഇടയ്ക്കിടെ റിയർവ്യു മിററിലൂടെ ആ നോട്ടം എന്റെ നേരെ വരുന്നുണ്ടെന്നു കണ്ടതും ഞാൻ മുഖം ദേഷ്യത്തോടെ വീർപ്പിച്ചു തന്നെ ഇരുന്നു. ഞങ്ങളുടെ വീടിനു മുന്നിൽ എത്തിയപ്പോൾ ഞാൻ ഞെട്ടി പോയി. അവിടെ നിറയെ ആളുകളായിരുന്നു. ഞങ്ങളുടെ ജീപ്പ് കണ്ട ഉടനെ ഗായത്രി ചേച്ചി ഓടി വന്നു. ചേച്ചി കരയുക ആയിരുന്നു എന്ന് തോന്നി എനിക്ക്.

വിഷ്ണുവേട്ടൻ ഇറങ്ങി ചേച്ചിയെ ചേർത്തു പിടിക്കുന്നതും ഒന്നുമില്ലയെന്നു പറഞ്ഞു സമാധാനിപ്പിക്കുന്നതും ഞാൻ കണ്ടു. അതൊക്കെ കണ്ടപ്പോൾ സൂര്യമഹാദേവനോടുള്ള ദേഷ്യത്തിന്റെ പേരിൽ അബദ്ധമൊന്നും കാണിക്കാത്തതിൽ എനിക്ക് സന്തോഷം തോന്നി. കാളിയമ്മയും മണിയണ്ണനും അങ്ങനെ ഒന്നിന് പുറകെ ഒന്നായി ആളുകൾ വിഷ്ണുവേട്ടനെ പൊതിഞ്ഞു. വിഷ്ണുവേട്ടനെ ആക്രമിക്കാൻ ആരോ വന്ന കാര്യം അറിഞ്ഞു വന്നവരാണ് അവരെല്ലാം എന്നറിഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. ഇത്രയ്ക്കു കാര്യമായിരുന്നോ എല്ലാവർക്കും വിഷ്ണുവേട്ടനെ.. അവിടുത്തെ ബഹളത്തിനടിയിലൂടെ ഞാൻ പതിയെ വീടിനകത്തേക്ക് നടന്നു.. " പാർവണ..." ആ ശബ്ദം അറിയാവുന്നതു കൊണ്ട് ഗൗരവത്തിൽ തന്നെ തിരിഞ്ഞു.. " എന്താ..? "

എന്നോട് എന്തോ പറയാൻ ബുദ്ധിമുട്ടി നിൽക്കുന്ന സൂര്യമഹാദേവനെ നോക്കി കയ്യും കെട്ടി ഞാൻ നിന്നു. ഇപ്പോഴെന്താ ഇയാളുടെ നാവിറങ്ങി പോയോ? നേരത്തെ എന്തൊക്കെയായിരുന്നു? തൂക്കി എടുക്കുന്നു.. വണ്ടിയിൽ കയറ്റുന്നു.. " നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ? എനിക്ക് പോണം.. " "താങ്ക്സ്.. " ഞാൻ കേട്ടത് മാറിപ്പോയോ എന്ന സംശയത്തിൽ അയാളെ നോക്കി.. " വിഷ്ണുവേട്ടനെ രക്ഷിച്ചതിനു.. ഏട്ടന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.. എന്റെ ജീവനാണ് പാർവണ കാത്തത്.. " എന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു.. " അതറിയാം.. അത് കൊണ്ട് തന്നെ ഒരു വട്ടം ആലോചിച്ചു രക്ഷപെടുത്തണോയെന്നു.. പിന്നെ ഗായത്രി ചേച്ചിയുടെയും അമ്പാടിയുടെയും മുഖം ഓർത്തത്‌ കൊണ്ടാണ്.. " അതും പറഞ്ഞു മറുപടിക്ക് കാക്കാതെ വെട്ടിത്തിരിഞ്ഞു ഞാൻ അകത്തേക്ക് നടന്നു.....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story