സൂര്യപാർവണം: ഭാഗം 9

surya parvanam

രചന: നിള നിരഞ്ജൻ

പിന്നിൽ നിന്നും ആരുടെയോ ചിരി കേട്ടപ്പോൾ സൂര്യമഹാദേവൻ തിരിഞ്ഞു നോക്കി. മുഖം പൊത്തി തന്നെ നോക്കി ഇളിച്ചു കൊണ്ട് നിൽക്കുന്ന കാശിനാഥനെ കണ്ടതും അവനു ദേഷ്യം വന്നു.. " എന്താടാ കിളിക്കുന്നത്? " "അല്ല.. ഇതിനെ മെരുക്കാൻ നീ കുറെ കഷ്ടപ്പെടുമല്ലോ എന്നോർത്ത് ചിരിച്ചതാണ്." " അത് ഞാൻ കഷ്ടപെട്ടോളാം.. നീ നിന്റെ കാര്യം നോക്കാൻ നോക്കു.. കുറെ നാളായില്ലേ ഒരുത്തിടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്.. ഇത് വരെ അവളോട്‌ ഇഷ്ടമാണെന്നു പറയാനുള്ള ധൈര്യം പോലും ഉണ്ടായിട്ടില്ലല്ലോ" കാശിയുടെ ചിരി സ്വിച്ചിട്ടതു പോലെ നിന്നു. മഹിയെ ഒന്ന് കടുപ്പിച്ചു നോക്കി അവൻ അവിടെ നിന്നു പോയി. പാർവണ കയറി പോയ വഴിയേ ഒരിത്തിരി നേരം കൂടി നോക്കി നിന്ന ശേഷം മഹിയും വിഷ്ണു ദത്തന്റെ അടുത്തേക്ക് പോയി.

പിന്നീടുള്ള ദിവസങ്ങൾ ഇരുദേശപുരം കാർക്ക് ഉത്സവത്തിന്റെ നാളുകൾ ആയിരുന്നു. അവരിൽ ഒരാളായി ഞാനും ഉത്സവം കൂടാനും മറ്റുമായി പൊയ്ക്കൊണ്ടിരുന്നു. എപ്പോൾ പോയാലും സൂര്യമഹാദേവനെ കാണുന്നത് പതിവായിരുന്നു.കൂടെ വാല് പോലെ കാശിയേട്ടനും ഉണ്ടാവും. മിക്കവാറും വിഷ്ണുവേട്ടന്റെ കൂടെ ഉത്സവത്തിന്റെ എന്തെങ്കിലും കാര്യങ്ങളൊക്കെയായി ഓടി നടക്കുന്നതാവും കാണാറ് . അല്ലെങ്കിൽ ആരെന്കിലുമായി തല്ലുണ്ടാക്കുകയാവും. എത്ര തല്ലുണ്ടാക്കിയാലും അയാളെ ആളുകൾക്ക് ഇഷ്ടമാണെന്നുള്ളത് എനിക്ക് അതിശയം ആയിരുന്നു. ആ ഇഷ്ടത്തിന്റെ കുറച്ചൊക്കെ അയാളുടെ ഭാര്യ എന്ന നിലയിൽ ആളുകൾ എന്നോടും കാണിക്കാറുണ്ടായിരുന്നു. അതേ സമയം തന്നെ അയാളെ ആഗ്രഹിച്ചു നടന്നിരുന്ന പല തരുണീമണികൾക്കും ഞാൻ ശത്രുവും ആയിരുന്നു. കാവ്യ അതൊക്കെ പറഞ്ഞു എന്നെ എപ്പോഴും കളിയാക്കി കൊണ്ടിരുന്നു.

കാശിയേട്ടൻ എന്നോട് ഇപ്പോൾ വന്നു സംസാരിക്കാറും മറ്റും ഉണ്ട്. സൂര്യമഹദേവന്റെ കൂട്ടുകാരൻ ആണ് എന്നുള്ളത് അല്ലാതെ കാശിയേട്ടനിൽ വേറെ കുറ്റങ്ങളൊന്നും കണ്ടു പിടിക്കാൻ എന്നെ കൊണ്ട് സാധിക്കാത്തതു കൊണ്ട് ഞാനും മിണ്ടാറുണ്ട്. കാശിയേട്ടന്റെയും കാവ്യയുടെയും അമ്മയുമായും ഇപ്പോൾ എനിക്ക് നല്ല അടുപ്പമാണ്. സത്യം പറഞ്ഞാൽ അച്ഛൻ മരിച്ചതിനു ശേഷം ഇത്രയും കരുതൽ എനിക്ക് കിട്ടുന്നത് ആദ്യമായാണ്. അച്ഛൻ ഉള്ളപ്പോഴും അച്ഛൻ എന്നെ സ്നേഹിക്കുന്നതിനു എന്നും കുറ്റം പറച്ചിലും പതം പറയലും ആയിരുന്നു. അത് കൊണ്ട് എന്നും ഒരു സമാധാനക്കുറവുണ്ടായിരുന്നു. സൂര്യമഹാദേവനെ ഒഴിച്ച് നിർത്തിയാൽ ഞാൻ ആ നാടിനെയും നാട്ടുകാരെയുമൊക്കെ അംഗീകരിച്ചു തുടങ്ങിയിരുന്നു. പക്ഷെ എന്നെ ആ നാടുമായി ബന്ധിപ്പിച്ചു നിർത്തുന്ന ഘടകം അയാളാണെന്നുള്ളത് എപ്പോഴും ഒരു അസ്വസ്ഥതയായി തന്നെ നില നിന്നു. ഇന്ന് എട്ടാം ഉത്സവം ആണ്..

ഇനി രണ്ടു ദിവസം കൂടിയേ ഉത്സവം കഴിയാൻ ബാക്കി ഉള്ളു. ഇന്നത്തെ പ്രധാന പരിപാടി ഒരു പ്രശസ്തയായ നർത്തകിയുടെ ഡാൻസ് ആണ്. ഡാൻസ് കാണാൻ ഞങ്ങൾ എല്ലാവരും കൂടി പോയി. എല്ലാവരും നല്ല ഒരു സ്ഥലം നോക്കി ഇരിപ്പുറപ്പിച്ചു എങ്കിലും അടങ്ങി ഇരിക്കാൻ അമ്പാടിക്ക് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ആദ്യം കുറെ നേരം കാവ്യ അവന്റെ പുറകെ നടന്നു. അവൾ മടുത്തു എന്ന് തോന്നിയപ്പോൾ ഞാൻ ആ ദൗത്യം ഏറ്റെടുത്തു. അവൻ ഓടി നടക്കുന്നതിനു പുറകെ അവനെയും നോക്കി നടക്കുമ്പോഴാണ്" പാറു" എന്ന വിളി കേട്ടത്. ആ ശബ്ദം തിരിച്ചറിഞ്ഞതും ഒരു നിമിഷം എന്റെ ഹൃദയം മിടിക്കാൻ മറന്നു നിന്നു. " സന്ദീപേട്ടൻ "..ഞാൻ തിരിഞ്ഞു നോക്കാൻ ഒന്ന് മടിച്ചു.അയാളോട് സംസാരിച്ചാൽ ശരിയാവില്ല എന്ന് വിചാരിച്ചു അമ്പാടിയെയും കൊണ്ട് അവിടുന്ന് തിരികെ കാവ്യയുടെ ഒക്കെ അടുത്തേക്ക് തിരികെ പോകാൻ തുടങ്ങുമ്പോഴേക്കും ഒന്നുടെ വിളി വന്നു.. "

പാറു..ഞാനാണ് വിളിക്കുന്നതെന്ന് അറിഞ്ഞിട്ടും കേൾക്കാത്ത പോലെ പോവുകയാണോ? " ഞാൻ അമ്പാടിയെയും കയ്യിലെടുത്തു സന്ദീപേട്ടന് നേരെ തിരിഞ്ഞു. ഞാൻ കണ്ടിട്ടുള്ള സന്ദീപേട്ടനിൽ നിന്നു വലിയ മാറ്റം ഒന്നുമില്ല. കുറച്ചു താടി വന്നിട്ടുണ്ട്. അത് മാത്രം.. ആ കണ്ണുകളിൽ നിറയെ സങ്കടമോ കുറ്റബോധമോ അങ്ങനെ എന്തൊക്കെയോ? സന്ദീപേട്ടന്റെ കണ്ണുകൾ എന്റെ കഴുത്തിൽ കിടക്കുന്ന മഞ്ഞ ചരടിലേക്കു നീണ്ടു. ശേഷം എന്റെ സിന്ദൂരരേഖയിലേക്കും. അവിടെ സിന്ദൂരം കാണാതെ വന്നപ്പോൾ ആ കണ്ണുകളിൽ ചെറിയൊരു തിളക്കം വന്നൊന്നൊരു സംശയം. ഉറപ്പാവുന്നതിന് മുന്നേ തന്നെ വീണ്ടും സങ്കടം അവിടെ സ്ഥാനം പിടിച്ചു . "പാറു.. എന്നോട് ദേഷ്യമാണോ? " ഞാൻ ഒന്നും പറഞ്ഞില്ല. സന്ദീപേട്ടനോട് എനിക്ക് ഇപ്പോഴുള്ള വികാരം എന്താണെന്ന് എനിക്കും അറിയില്ലായിരുന്നു.

സന്ദീപേട്ടനെ പറ്റി ഓർക്കുമ്പോഴൊക്കെ ഇപ്പോൾ എന്റെ മനസിലേക്ക് സന്ദീപേട്ടൻ ആ പെൺകുട്ടിയെ താലി ചാർത്തുന്ന ചിത്രമാണ് തെളിയുന്നത്. പിന്നെ അതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കാനും എനിക്ക് കഴിയാറില്ല. " പാറു.. നിനക്കു സംഭവിച്ചതൊക്കെ ഞാൻ അറിഞ്ഞു. നിന്റെ ജീവിതം ഇങ്ങനെയൊക്കെ ആയതിന്റെ കാരണക്കാരൻ ഞാനും കൂടി ആണല്ലോ എന്നോർക്കുമ്പോൾ നെഞ്ച് നീറുവാണ് . ഞാൻ നിന്നോട് അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അന്ന് ജീവഭയം മൂലം എനിക്ക് അവർ പറയുന്നത് അനുസരിക്കേണ്ടി വന്നു. ഇപ്പോൾ തോന്നുന്നു ജീവൻ പോയാലും അന്ന് നിന്നെ വിട്ടു കളയാൻ പാടില്ലായിരുന്നു എന്ന്. " സന്ദീപേട്ടന്റെ കണ്ണുകളിൽ നഷ്ടബോധം നിറഞ്ഞു നിന്നു. " നിനക്കറിയാമോ പാറു.. ഓരോ നിമിഷവും ചത്തു ജീവിക്കുകയാണ് ഞാൻ.നിന്നെ വിട്ടു വന്നതിനു ശേഷം ഒരു സന്തോഷവും എനിക്ക് ഉണ്ടായിട്ടില്ല. എന്റെ ജീവിതവും..." സന്ദീപേട്ടൻ ഒന്ന് നിർത്തി തല കുടഞ്ഞു..

" നിന്നെ ഒന്ന് കാണാനും സംസാരിക്കാനും ഞാൻ കുറച്ചു ദിവസമായി ഞാൻ ശ്രമിക്കുന്നു. പക്ഷെ എപ്പോഴും നിന്നോടൊപ്പം ആളുകൾ ഉണ്ടാവും.അത് കൊണ്ടാണ് മാറി നടന്നത്.." "നിനക്ക് സുഖമാണോ? " കുറച്ചു നേരം മിണ്ടാതെ നിന്നിട്ടു സന്ദീപേട്ടൻ ചോദിച്ചു. ഒന്നും മിണ്ടാൻ തോന്നാത്തത് കൊണ്ട് ഞാൻ തലയാട്ടി. എന്തോ പഴയ പോലെ സന്ദീപേട്ടനോട് സംസാരിക്കാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു പക്ഷെ സന്ദീപേട്ടന് ഇപ്പോൾ മറ്റൊരു അവകാശി ഉണ്ടെന്ന തിരിച്ചറിവാകാം അതിനു കാരണം. കുറച്ചു നേരത്തേക്ക് സന്ദീപേട്ടനും മൗനമായിരുന്നു. എനിക്ക് അവിടുന്ന് എങ്ങനെയെങ്കിലും പോയാൽ മതിയെന്നായി തുടങ്ങിയിരുന്നു. എല്ലാം മറക്കാൻ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ ഓരോന്ന് ഓര്മിപ്പിക്കാനായി ആൾക്കാർ മുന്നിൽ വന്നു ചാടുന്നത്. " ഞാൻ ചെല്ലട്ടെ സന്ദീപേട്ട.. ഞങ്ങളെ കാണാതെ അവർ അന്വേഷിക്കുന്നുണ്ടാവും.. "

അതും പറഞ്ഞു ഞാൻ അമ്പാടിയെയും കൊണ്ട് പോകാനായി തുടങ്ങിയതും"പാറൂ പോകല്ലേ" എന്ന് പറഞ്ഞു കൊണ്ട് സന്ദീപേട്ടന്റെ കൈ എന്റെ കയ്യിൽ പിടിക്കാനായി നീണ്ടു.. " ഡാ.. " എന്നൊരലർച്ച കേട്ടു ആ കൈകൾ തനിയെ താണു . ഞങ്ങളുടെ ഇടയിലേക്ക് കയറി വന്ന സൂര്യമഹാദേവന്റെ കണ്ണുകളിൽ തീ ആയിരുന്നു.അയാൾ എന്നെ തിരിഞ്ഞു തറപ്പിച്ചു ഒരു നോട്ടം നോക്കി. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാനും ആ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കി. രണ്ടു നിമിഷം എന്റെ കണ്ണുകളിൽ കോർത്തു നിന്ന ശേഷം അവ എന്നെ വിട്ടു സന്ദീപേട്ടന്റെ മുഖത്തേക്കായി.. എനിക്ക് അപ്പോൾ കുറച്ചു പേടി തോന്നി. ഇനി ഇയാൾ സന്ദീപേട്ടനെ എങ്ങാനും ഉപദ്രവിക്കുമോ? സന്ദീപേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ രക്തമയം വറ്റിയ പോലെ ആണ്. അത്രയ്ക്ക് ഭയന്നിരുന്നു. സന്ദീപേട്ടന്റെ അടുത്തേക്ക് അയാൾ രണ്ടടി വച്ചപ്പോൾ സന്ദീപേട്ടൻ പിറകിലേക്ക് മാറി.

സൂര്യമഹാദേവന്റെ പിടി എന്റെ നേരെ നീണ്ട സന്ദീപേട്ടന്റെ കൈകളിൽ വീണു.. " ഇത് നിനക്കുള്ള ലാസ്റ്റ് വാണിംഗ് ആണ്.. മേലാൽ നിന്റെ നിഴൽ പോലും ഇവളുടെ കണ്വെട്ടത്തു കണ്ടു പോകരുത്..അങ്ങനെ വന്നു എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ നീ ഉണ്ടാവില്ല. മനസിലായല്ലോ? " താൻ പറഞ്ഞത് ഊട്ടി ഉറപ്പിക്കാൻ എന്ന പോലെ രണ്ടു നിമിഷം കൂടി സന്ദീപേട്ടന്റെ കൺകളിൽ നോക്കി നിന്നിട്ടു എന്റെ കയ്യും പിടിച്ചു ആൾക്കൂട്ടത്തിനിടയിലൂടെ സൂര്യമഹാദേവൻ അവിടെ നിന്നും നടന്നകന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ദേഷ്യത്തോടെയും സങ്കടത്തോടെയും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന സന്ദീപേട്ടനെ കണ്ടു. ഡാൻസിന്റെ പാട്ട് നല്ല ഉച്ചത്തിൽ ആയതു കൊണ്ട് അവിടെ നടന്നതൊന്നും ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

കാവ്യയുടെയും മറ്റും അടുത്തെത്തിയപ്പോൾ അയാൾ എന്റെ കയ്യിലെ പിടി വിട്ടു. "കൊച്ചിനെ ഇങ്ങു താ.. ഞാൻ നോക്കിക്കൊള്ളാം. " അയാൾ കൈ നീട്ടിയപ്പോൾ അവൻ ചിരിച്ചിണ്ട് ചാടി പോയി. ഞാൻ കൈ കുഴ തിരുമ്മി കൊണ്ട് ദേഷ്യത്തോടെ അങ്ങേരെ നോക്കി. " ഇനി അവിടെയും ഇവിടെയും അലഞ്ഞു തിരിഞ്ഞു നടക്കാൻ പോകാതെ ഇവരുടെ കൂടെ തന്നെ നിന്നോണം." " ഞാൻ നിങ്ങൾ വിചാരിക്കുന്ന പോലെ ആരുടേയും കൂടെ അലഞ്ഞു തിരിയാൻ പോയതല്ല.. സന്ദീപേട്ടൻ ഇവിടെ ഉണ്ടാവുമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. " എന്തിനെന്നു പോലും അറിയാതെ ഞാൻ അയാളുടെ മുന്നിൽ എന്നെ ന്യായീകരിക്കാൻ ശ്രമിച്ചു. അയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. "അത് എനിക്കും അറിയാം. പക്ഷെ നിനക്ക് അറിയാത്തതായി ഇത് മാത്രം അല്ല.. വേറെയും ഒരുപാടു കാര്യങ്ങൾ ഉണ്ട്. സൂക്ഷിച്ചും കണ്ടും നടന്നാൽ നിനക്ക് തന്നെ കൊള്ളാം"

അതും പറഞ്ഞു അമ്പാടിയെയും എടുത്തു അയാൾ ആൾക്കൂട്ടത്തിനുള്ളിൽ മറഞ്ഞു.അയാൾ പറഞ്ഞത് ഒന്നും മനസിലാവാതെ അയാൾ പോകുന്നതും നോക്കി ഞാൻ നിന്നു. "ഭർത്താവിനെ പറ്റിച്ചു പഴയ കാമുകനോട് സൊള്ളാൻ പോയ പെണ്ണ്" അയാൾ എന്നെ കുറിച്ച് വിചാരിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയായിരിക്കും എന്നോർത്തപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ഒരു പോലെ വന്നു. അയാൾ എന്തോര്ത്താലും എനിക്ക് ഒന്നുമില്ല എന്ന് സമാധാനിക്കാൻ ശ്രമിച്ചെങ്കിലും എന്റെ ആത്മാഭിമാനത്തിനു മുറിവേറ്റത് ഉള്ളിൽ ഒരു വിങ്ങലായി തന്നെ കിടന്നു. ഡാൻസ് കഴിഞ്ഞു വീട്ടിലെത്തി കാളിയമ്മയോടൊപ്പം കിടക്കുമ്പോഴും എന്റെ മനസ്സ് പ്രക്ഷുബ്ദം ആയിരുന്നു. സന്ദീപേട്ടനും സൂര്യമഹാദേവനുമെല്ലാം മാറി മാറി എന്റെ ചിന്തകളിൽ നിറഞ്ഞു നിന്നു.സന്ദീപേട്ടൻ ഇന്ന് എന്നോട് വന്നു സംസാരിച്ചത് എന്തിനാണ്.. കുറ്റബോധം മാത്രമാണോ കാരണം?

സന്ദീപേട്ടന്റെ ജീവിതവും സന്തോഷകരം അല്ലായെന്ന മട്ടിൽ അല്ലേ ഏട്ടൻ സംസാരിച്ചത്? ഇത്രയും ദിവസത്തിനിടക്ക് ഒരിക്കൽ പോലും ഞാൻ സന്ദീപേട്ടനെ കണ്ടതേ ഇല്ല. സന്ദീപേട്ടനും ഞാനും സംസാരിക്കുന്നത് കണ്ടപ്പോഴും സൂര്യമഹാദേവൻ സന്ദീപേട്ടനോട് മാത്രമേ ദേഷ്യപ്പെട്ടുള്ളു. എന്നെയും ചീത്ത പറയുമെന്ന് കരുതിയെങ്കിലും കാര്യമായി ഒന്നും പറഞ്ഞില്ല. പിന്നെ അയാൾ എന്താണ് എനിക്ക് ഒന്നും അറിയില്ലായെന്നു പറഞ്ഞത്. സൂര്യമഹാദേവന് എന്നോടുള്ള പെരുമാറ്യം ഇപ്പോഴും എനിക്കൊരു അത്ഭുദം ആണ്.. അയാൾക്ക്‌ എന്നോട് ദേഷ്യമാണോ സഹതാപമാണോ സ്നേഹമാണോ.. ഒന്നും മനസിലാവുന്നില്ല. ഓരോന്നോർത്തു എപ്പോഴോ ഞാൻ ഉറങ്ങി പോയി. പിറ്റേ ദിവസം രാവിലെ ഞാൻ അല്പം വൈകിയാണ് എഴുന്നേറ്റത്. ബാത്‌റൂമിൽ നിന്നു കുളിച്ചു ഇറങ്ങി വന്നപ്പോൾ പതിവില്ലാതെ ഹാളിൽ നിന്നു ആരുടെയൊക്കെയോ സംസാരം ഒക്കെ കേട്ടു..

മുടി തോർത്തിൽ കെട്ടി വച്ചു ഒരു ഷോളുമെടുത്തിട്ടു ഞാൻ ഹാളിലേക്ക് ചെന്നു. ഹാളിൽ ഇരിക്കുന്ന വിഷ്ണുവേട്ടനെയും ഗായത്രി ചേച്ചിയേം കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും അപ്പുറത്തെ സോഫയിൽ ഇരിക്കുന്ന സൂര്യമഹാദേവനെ കണ്ടപ്പോൾ എന്റെ മുഖം മങ്ങി. " ഞങ്ങൾ പാറുവിനെ കാണാൻ വന്നതാ. " കാളിയമ്മ കൊണ്ട് കൊടുത്ത ചായ കുടിച്ചു കൊണ്ട് വിഷ്ണുവേട്ടൻ പറഞ്ഞു. ഞാൻ അതിശയത്തോടെ അവരെ നോക്കി.. " എന്നെയോ? എന്തിനു? " " രണ്ടു കാര്യങ്ങളുണ്ട്.. " എന്റെ അടുത്തേക്ക് വന്നു കൊണ്ട് ഗായത്രി ചേച്ചി പറഞ്ഞു. "ആദ്യം കഴിഞ്ഞ ദിവസം വിഷ്ണുവേട്ടനെ രക്ഷിച്ചതിനു.. എങ്ങനെയാ നന്ദി പറയേണ്ടത് എന്നെനിക്കറിയില്ല. നീ അപ്പോൾ അയാളെ കണ്ടു അങ്ങനെ ഒന്നും ചെയ്തില്ലായിരുന്നെങ്കിൽ ചിലപ്പോൾ.. " എന്റെ നേരെ നിറകണ്ണുകളോടെ കൂപ്പിയിരുന്ന ചേച്ചിയുടെ കൈകൾ കൂട്ടി പിടിച്ചു ഞാൻ അരുതെന്നു കാണിച്ചു.

" ഇങ്ങനൊന്നും പറയരുത് ചേച്ചി.. " ചേച്ചി കണ്ണുകൾ അമർത്തി തുടച്ചു മുഖത്ത് വീണ്ടും പുഞ്ചിരി വരുത്തി. " രണ്ടാമത്തേത് ഒരു ജോലി കാര്യമാണ്.. " " ജോലി കാര്യമോ? " " അതേ.. ഞങ്ങൾക്ക് ഇവിടുത്തെ സ്ഥാപനങ്ങളിലെ കണക്കുകളും മറ്റും നോക്കികൊണ്ടിരുന്ന ടീമിലെ ഒരാൾ പെട്ടെന്ന് ഇവിടുന്നു മാറി പോയി. അയാൾക്ക്‌ പകരം ഞങ്ങൾക്ക് ഒരാളുടെ ആവശ്യമുണ്ടായിരുന്നു. അങ്ങനെ തപ്പി കൊണ്ടിരുന്നപ്പോഴാണ് പാറു ബികോം നല്ല മാർക്കോടെ പാസ്സായതാണെന്നു അറിഞ്ഞത്. എന്നാൽ പിന്നെ പാറുവിനു സമ്മതം ആണെങ്കിൽ താൻ തന്നെ ആയികൊട്ടെന്നു ഞങ്ങളും കരുതി" വിഷ്ണുവേട്ടൻ മറുപടി പറഞ്ഞു. " എന്തായാലും പാറു ഇവിടെ ചുമ്മാതെ ഇരിക്കുകയല്ലേ? ഇതാവുമ്പോൾ പാറുവിനു സമയവും പോകും, ഒരു വരുമാനവും ആകും. ഞങ്ങൾക്കും പരിചയം ഉള്ള ആളാകുമ്പോൾ അത്രയും എളുപ്പം" ചേച്ചിയും പറഞ്ഞു. പെട്ടെന്ന് കേട്ടപ്പോൾ എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു. ഒരു ജോലി വേണമെന്ന് ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ഈ ജോലി ഞാൻ സ്വീകരിച്ചാൽ എന്നെന്നേക്കുമായി ഞാൻ ഇവിടെ സൂര്യമഹാദേവനോടൊപ്പം പെട്ടു പോകും എന്ന പേടി എന്നെ പിറകിലോട്ടു വലിച്ചു

. " എനിക്കറിയില്ല ചേച്ചി... അതൊന്നും ശരിയാവുമെന്നു തോന്നുന്നില്ല. എനിക്ക് യാതൊരു പ്രവർത്തിപരിചയവും ഇല്ല" " അതൊന്നും സാരമില്ല.. പാറു അവിടെ ഒറ്റക്കല്ലല്ലോ.. എല്ലാം ഒന്ന് പരിചയം ആയി വരുന്ന വരെ കൂടെ ഉള്ളവരൊക്കെ നിന്നെ സഹായിക്കും. പിന്നെ പാറു പഠിച്ച മേഖല തന്നെ അല്ലേ? അത് കൊണ്ട് അധികം ബുദ്ധിമുട്ടില്ലാതെ എല്ലാം മനസിലാക്കാൻ സാധിക്കും" ഞാൻ പഠിച്ച കോഴ്സ് ഒക്കെ ഏതാണെന്നു ഇവർ എങ്ങനെ അറിഞ്ഞു. എന്റെ ബാഗിലെ ഫോൺ മാത്രമല്ല എല്ലാം ഇയാൾ നന്നായി പരിശോധിച്ചിട്ടുണ്ടെന്നു എനിക്ക് മനസിലായി. അവരോടു എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ നിന്നു. " ഒന്ന് രണ്ടു ദിവസം വന്നു ശ്രമിച്ചു നോക്കു.. പറ്റില്ലെങ്കിൽ പിന്നെ വിട്ടേക്ക്" വിഷ്ണുവേട്ടൻ പിന്നെയും പറഞ്ഞപ്പോഴും എന്ത് പറയണം എന്നറിയാതെ ഞാൻ മൗനമായിരുന്നു. " ഞാൻ അപ്പോഴേ ഏട്ടനോടും ഏട്ടത്തിയോടും പറഞ്ഞതല്ലേ ഇവളോട് ഇതൊന്നും ചോദിക്കാൻ പോകണ്ടാന്നു..

വേറെ പരിചയസമ്പത്തുള്ള വല്ലവരെയും നോക്കാമെന്നു . ഇവളെ കൊണ്ട് ഇതിനൊന്നും പറ്റില്ല.. അപ്പോൾ നിങ്ങൾക്കായിരുന്നില്ലേ നിർബന്ധം.. പഠിച്ച കുട്ടിയല്ലേ? അറിയാവുന്ന കുട്ടിയല്ലേ എന്നൊക്കെ പറഞ്ഞു" ഇത്രയും നേരം ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമായ അല്ലായെന്ന മട്ടിൽ ഫോണിലേക്കും നോക്കിയിരിക്കുന്ന സൂര്യമഹാദേവൻ പെട്ടെന്ന് കയറി പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം ഇരച്ചു കയറി.. " എന്നെ കൊണ്ട് പറ്റുമോ ഇല്ലയോ എന്നൊക്കെ താനാണോ തീരുമാനിക്കുന്നത്? " ഞാൻ അയാളോട് ചോദിച്ചു " അതിപ്പോ എന്താ ഇത്ര തീരുമാനിക്കാൻ.. അത് കൊണ്ടല്ലേ വെറുതെ ഓരോ കാരണങ്ങളും പറഞ്ഞു ഒഴിഞ്ഞു മാറുന്നത് ? " അയാൾ പുച്ഛത്തോടെ പറഞ്ഞു.. " ഞാൻ ഒഴിഞ്ഞു മാറിയതൊന്നുമല്ല.. പിന്നെ കുറച്ചു ട്രൈനിംഗ് കിട്ടിയാൽ എന്നെ കൊണ്ട് ഈ ജോലി ചെയ്യാൻ പറ്റുകയും ചെയ്യും"

" ആണോ.. എന്നാൽ ചുമ്മാ വർത്തമാനം പറയാതെ ചെയ്തു കാണിച്ചു താ.. അപ്പോൾ സമ്മതിക്കാം" " തന്നെ ഞാൻ കാണിച്ചു തരാം എന്നെ കൊണ്ട് എന്താ പറ്റുന്നതെന്നു.. " ഞാൻ മനസ്സിൽ പറഞ്ഞു.. " വിഷ്ണുവേട്ട എനിക്ക് സമ്മതമാണ്.. എന്ന് മുതലാണ് ഞാൻ ജോലിക്ക് വരേണ്ടത്? " വിഷ്ണുവേട്ടനെ നോക്കി ഞാൻ അത് പറഞ്ഞപ്പോൾ എന്റെ പുറകിലിരുന്നു സൂര്യമഹാദേവൻ ഗായത്രി ചേച്ചിയെ കണ്ണിറുക്കി ചിരിച്ചു കാണിക്കുന്നത് ഞാൻ കണ്ടില്ല. " അടുത്ത തിങ്കളാഴ്ച മുതൽ ആയിക്കോട്ടെ.. തിങ്കളാഴ്ച രാവിലെ മഹി നിന്നെ നമ്മുടെ കമ്പനിയിൽ കണ്ടു വന്നു ആക്കും . അവിടുത്തെ ആളുകളെ ഒക്കെ പരിചയപ്പെടുത്തിയും തരും.. " അയാളോടൊപ്പം പോകണം എന്ന് കേട്ടപ്പോൾ എനിക്ക് വലിയ താല്പര്യം തോന്നിയില്ല. പക്ഷെ ഇനി അത് പറഞ്ഞാൽ എനിക്ക് ധൈര്യമില്ല എന്ന് പറഞ്ഞു അങ്ങേരു ഇനിയും പുച്ഛിക്കും. അത് കൊണ്ട് ഞാൻ സമ്മതിച്ചു. കാളിയമ്മ ഭക്ഷണം കഴിച്ചിട്ട് പോകാമെന്നു പറഞ്ഞെങ്കിലും അത് നിരസിച്ചു കൊണ്ട് അവർ ഇറങ്ങി

" പാറു ഇത്ര പെട്ടെന്ന് സമ്മതിക്കുമെന്നു ഞാൻ കരുതിയില്ല" വിഷ്ണു തിരിച്ചു പോകുന്ന വഴിക്കു മഹിയോട് പറഞ്ഞു. "മഹിയുടെ ഐഡിയ എന്തായാലും ഫലിച്ചു" ഗായത്രി ചിരിച്ചു കൊണ്ട് പറഞ്ഞു. " വെറുതെ പറഞ്ഞാൽ അവൾ സമ്മതിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അത് കൊണ്ടാണ് ഒന്ന് വാശി കേറ്റി കൊടുത്തത്. എന്നോടുള്ള ദേഷ്യം കൂടിയായപ്പോൾ പിന്നെ എല്ലാം ശരിയായി.. " " എത്ര നാളാണ് മഹി ഇങ്ങനെ? ഞാനും വിഷ്ണുവേട്ടനും കൂടി പാറൂനോട് കാര്യങ്ങളൊക്കെ സംസാരിക്കാം.. " ഗായത്രി പറഞ്ഞപ്പോൾ മഹി നിഷേധാര്ഥത്തിൽ തലയാട്ടി. " അത് കൊണ്ട് കാര്യമില്ല ഏട്ടത്തി.. നിങ്ങൾ എനിക്ക് വേണ്ടി എന്ത് പറഞ്ഞാലും അത് ഞാൻ പറഞ്ഞു പറയിപ്പിക്കുന്നത് ആണെന്നെ അവൾ കരുതൂ..ഞാൻ ആരാണെന്നും എന്താണെന്നും അവൾ സ്വയം കണ്ടു മനസിലാക്കണം.. എങ്കിലേ അവളുടെ മനസ്സിൽ എന്നോടുള്ള വെറുപ്പ്‌ മാറൂ. " അവൻ പറഞ്ഞപ്പോൾ അത് ശരിയാണെന്നു വിഷ്ണുവിനും ഗായത്രിക്കും തോന്നി. പത്താം ഉത്സവത്തിന്റെ അന്ന് വൈകുന്നേരം ഞാനും കാവ്യയും കൂടി വീണ്ടും ക്ഷേത്രത്തിൽ പോയി.

ഇന്ന് അമ്പലത്തിൽ പോകാൻ അവൾക്കെന്തോ പ്രത്യേക താല്പര്യം ഉണ്ടെന്നു തോന്നി. സന്ദീപേട്ടന്റെ കണ്ണിൽ ഒന്നും ചെന്നു പെടരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ പോയത് . കഴിഞ്ഞ തവണ കാണിച്ച ക്ഷമ ഇത്തവണ സൂര്യമഹാദേവൻ കാണിക്കുമെന്ന് തോന്നുന്നില്ല. പിന്നെ സന്ദീപേട്ടന് അയാളെ നല്ല പേടിയുള്ളതു കൊണ്ട് എന്നെ കണ്ടു സംസാരിക്കാനുള്ള സാഹസത്തിനു മുതിരില്ല എന്ന് എനിക്ക് തോന്നി. അമ്പലത്തിൽ തൊഴുതു ഇറങ്ങി കഴിഞ്ഞ ഉടനെ തന്നെ കാവ്യ കണ്ണുകൾ കൊണ്ട് ആരെയോ നോക്കുന്ന പോലെ ചുറ്റും പരതാൻ തുടങ്ങി. " നീ ആരെയാ നോക്കുന്നെ? " " കാശിയേട്ടനെയും മഹിയെട്ടനെയും.. " " എന്തിനു? " " ഇന്ന് ഉത്സവത്തിന്റെ അവസാന ദിവസം അല്ലേ.. ഇന്ന് എനിക്ക് കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി തരാമെന്നു രണ്ടാളും പറഞ്ഞിട്ടുണ്ട്. " കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ മാറി നിന്നു ആരോടോ സംസാരിക്കുന്ന മഹിയെയും കാശിയെയും കാവ്യ കണ്ടെത്തി. കാവ്യാ എന്നെയും കൂട്ടി അവരുടെ അടുത്തേക്ക് വച്ചു പിടിച്ചു. "

എനിക്ക് അതും ഇതുമൊക്കെ വാങ്ങി തരാമെന്നു പറഞ്ഞിട്ട് ഇവിടെവന്നു ഒളിച്ചു നിൽക്കുവാണോ രണ്ടാളും കൂടെ? " അവൾ മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു. " ആര് പറഞ്ഞു ഒളിച്ചു നിന്നതാണെന്നു.. നിന്നെ കാത്തു നിന്നതല്ലേ? വാ പോവാം.. " അതും പറഞ്ഞു എല്ലാവരും കൂടി കടകൾക്കടുത്തേക്കു നടന്നു. ഉത്സവത്തിന്റെ അവസാന ദിവസമായതിനാൽ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ഉള്ളതിനേക്കാൾ വഴിയോരക്കച്ചവടക്കാർ കൂടുതലായിരുന്നു അന്ന്. പെണ്ണുങ്ങൾ ആയതു കൊണ്ട് തന്നെ ചിന്തിക്കടയുടെ മുന്നിലേക്കാണ് ആദ്യം പോയത്. എന്തൊക്കെയാ വേണ്ടതെന്നു വച്ചാൽ വാങ്ങിക്കൊള്ളാൻ പറഞ്ഞിട്ടു അവർ രണ്ടാളും മാറി നിന്നു. കാവ്യ എന്തൊക്കെയോ വാങ്ങി കൂട്ടുന്നുണ്ടായിരുന്നു. ഞാൻ അതൊക്കെ കണ്ടു കൊണ്ട് ഇടയ്ക്കിടയ്ക്ക് അവൾ ചോദിക്കുമ്പോൾ ഓരോ അഭിപ്രായം പറഞ്ഞു കൊണ്ട് അവളുടെ കൂടെ നിന്നു. അവളോടൊപ്പം കുപ്പിവളകൾ നോക്കി കൊണ്ട് നിൽക്കുമ്പോഴാണ് ആ ചുവന്ന വളകൾ എന്റെ കണ്ണിൽ പെട്ടത്.

മെല്ലെ ഞാൻ അത് എടുത്തു എന്റെ കയ്യിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കി. ചുവന്ന നിറം പണ്ടേ എന്റെ ഫേവറേറ്റ് ആണ്. അത് എന്റെ കയ്യിൽ അണിഞ്ഞാൽ എങ്ങനെയുണ്ടാവുമെന്നു ഞാൻ ഒന്ന് സങ്കല്പിച്ചു നോക്കി. കുറച്ചു നേരം അത് കയ്യിൽ പിടിച്ചു നിന്ന ശേഷം അത് പോലെ തന്നെ തിരികെ നേരത്തെ ഇടുന്നിടത്തേക്കു വച്ചു. " പാറു ഒന്നും വാങ്ങിയില്ലല്ലോ എന്ത് പറ്റി? " കാവ്യയുടെ ഷോപ്പിംഗ് കഴിഞ്ഞപ്പോൾ കാശിയേട്ടൻ ചോദിച്ചു. " എനിക്ക് ഒന്നും വേണ്ട കാശിയേട്ടാ.. " തിരികെ പോകുന്നതിനു മുന്നേ കാശിയേട്ടൻ ഞങ്ങൾക്ക് രണ്ടു പേർക്കും ഐസ് ക്രീമും വാങ്ങി തന്നാണ് വിട്ടത്. ഈ സമയമൊക്കെയും സൂര്യമഹാദേവനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലും എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. ഞാനും തിരികെ മൈൻഡ് ചെയ്യാൻ പോയില്ല.രാത്രി കിടക്കാൻ ഞാൻ മുറിയിൽ ചെന്നപ്പോഴാണ് കട്ടിലിനു മുകളിൽ ഒരു ചെറിയ പൊതി ഇരിക്കുനത് കണ്ടത്.

കൗതുകത്തോടെ ചെന്നു അതെടുത്തു തുറന്നു നോക്കി.നേരത്തെ കടയിൽ ഞാൻ നോക്കിയ ആ ചുവന്ന കുപ്പിവളകൾ.. ആരോ എനിക്കായി വാങ്ങി എന്റെ കട്ടിലിൽ കൊണ്ട് വച്ചിരിക്കുന്നു.. ആരായിരിക്കും എന്ന് ചിന്തിച്ചപ്പോൾ എന്ത് കൊണ്ടോ സൂര്യമഹാദേവന്റെ മുഖമാണ് ഓർമ വന്നത്. പക്ഷെ അയാൾ എങ്ങനെ? താൻ അറിയുന്നില്ലെങ്കിലും അയാളുടെ ഒരു കണ്ണ് എപ്പോഴും തന്റെ മേൽ ഉണ്ടെന്നു എനിക്ക് തോന്നി. ആ തിരിച്ചറിവ് എന്റെ ഉള്ളിൽ ദേഷ്യമാണോ സന്തോഷമാണോ ഉണ്ടാക്കുന്നതെന്നു പോലും എനിക്ക് മനസിലായില്ല. കുറച്ചു നേരം അതും കയ്യിൽ പിടിച്ചു ഇരുന്ന ശേഷം ഞാൻ അത് മുറിയിലെ ചവറ്റുകൊട്ടയിൽ കൊണ്ടിട്ടു. സൂര്യമഹാദേവന്റെ ഒരു ഔദാര്യവും എനിക്ക് ആവശ്യമില്ല. കാളിയമ്മയുടെ കൂടെ ഉറങ്ങാൻ കിടന്നിട്ടും നിദ്രദേവി എന്നെ കടക്ഷിച്ചില്ല. മനസ്സ് ആ കുപ്പിവളകളേ ചുറ്റി പറ്റി തന്നെ ആയിരുന്നു.കുറെ നേരത്തെ ആലോചനയ്ക്കു ശേഷം ചവറ്റുകൊട്ടയിൽ നിന്നും അതെടുത്തു അലമാരിയിൽ എന്റെ തുണികൾക്കിടയിൽ ഒളിച്ചു വച്ചു ഞാൻ ഉറങ്ങാൻ കിടന്നു. ഇത്തവണ കിടന്ന ഉടനെ തന്നെ ഞാൻ ഉറങ്ങി പോയി....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story