സൂര്യനെ മോഹിച്ചവൾ: ഭാഗം 14

Suryane Mohichaval

രചന: ശിവ എസ് നായർ

 ജയിലിൽവച്ചുതന്നെ ഡിഗ്രി പഠനം സൂര്യൻ തുടങ്ങി വച്ചു. സുശീലനോടുള്ള പ്രതികാരമാണ് അവനെഓരോ ദിവസവും ജീവിക്കാൻ തന്നെ പ്രേരിപ്പിച്ചിരുന്നത്. ദിവസങ്ങൾ കഴിയുംതോറും അന്റെയുള്ളിൽ നീറിപ്പുകയുന്ന പകയാൽ സൂര്യനെ പോലെയവൻ കത്തി ജ്വലിച്ചു കൊണ്ടിരുന്നു. ക്രിമിനൽ വാസനയുള്ളവരുടെ കൂടെയുള്ള ജീവിതം സൂര്യന്റെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ വരുത്തിയിരുന്നു. ഒരു ഉറുമ്പിനെ പോലും നോവിക്കാത്തവനായിരുന്ന സൂര്യനിപ്പോൾ ജയിലിനുള്ളിലെ നിലനിൽപ്പിനായി അടിക്കാനും ഇടിക്കാനുമൊക്കെ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. രണ്ട് വർഷത്തെ തടവ് ജീവിതം എങ്ങനെ കഴിഞ്ഞുപോയെന്ന് സൂര്യന് തന്നെ അറിയില്ലായിരുന്നു. ഇന്നാണ് അവൻ ജയിലിൽ നിന്നിറങ്ങുന്നത്. സൂര്യനെ ജയിലിൽ നിന്ന് കൂട്ടികൊണ്ട് പോകാൻ അഭിഷേകും വന്നിരുന്നു. ഫോർമാലിറ്റീസൊക്കെ പൂർത്തിയാക്കി അഭിഷേകിനൊപ്പം സൂര്യൻ നാട്ടിലേക്ക് മടങ്ങി. "നിനക്ക് നാട്ടിലേക്ക് തന്നെ തിരിച്ച് പോണോ സൂര്യാ. അവിടെ നിന്നെ ഒരാള് പോലും സ്വീകരിക്കാനുണ്ടാവില്ല.

നീയിവിടെ താമസിക്കും? എങ്ങനെയാ പട്ടിണിയില്ലാതെ മുന്നോട്ട് ജീവിക്കുന്നത്?" യാത്രയ്ക്കിടയിൽ അഭിഷേക് അവനോട് ചോദിച്ചു. "അതിനെക്കുറിച്ചൊന്നും എനിക്കറിയില്ല സർ. ആ നാട്ടിലേക്കല്ലാതെ വേറെങ്ങോട്ടാ ഞാൻ പോകേണ്ടത്?" "തല്ക്കാലം നിനക്കെന്റെ കൂടെ കാസറഗോഡേക്ക് വന്നൂടെ. അവിടെയാണ് എനിക്കിപ്പോ പോസ്റ്റിങ്ങ്‌ കിട്ടിയിരിക്കുന്നത്. ആറ് മാസം മുൻപാണ് പല്ലാവൂരിൽ നിന്നും കാസറഗോഡേക്ക് എനിക്ക് സ്ഥലമാറ്റം കിട്ടിയത്. എന്റെ കൂടെ വന്നാൽ അവിടെ നിനക്ക് പറ്റിയ എന്തെങ്കിലുമൊരു ജോലി കൂടി ഒപ്പിച്ച് തരാം ഞാൻ." "അതൊന്നും വേണ്ട സർ... എന്നെ സഹായിക്കാനുള്ള മനസ്സ് കാണിച്ചത് തന്നെ വലിയ കാര്യം. എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് വിട്ട് പോരാൻ സത്യത്തിൽ എന്റെ മനസ്സനുവദിക്കുന്നില്ല. എന്റെ അച്ഛനെയും അമ്മയെയും കൊന്നിട്ട് എന്നെ ജയിലിലുമാക്കി സ്വത്തുക്കൾ തട്ടിയെടുത്ത ചെറിയച്ഛനോട് പക വീട്ടാൻ ഞാൻ ആ നാട്ടിൽ തന്നെ ഉണ്ടാവണം. നഷ്ടപ്പെട്ടതൊക്കെ കേസ് പറഞ്ഞ് തിരിച്ചെടുക്കണമെനിക്ക്. അതിന് എത്ര കഷ്ടപ്പെടേണ്ടി വന്നാലും എല്ലാത്തിനും ഞാനൊരുക്കമാണ്."

"ആ നാട്ടിൽ ഒരാൾക്ക് പോലും നിന്നെയിനി ഇഷ്ടമായിരിക്കില്ല സൂര്യാ. നാട്ടുകാരുടെ കണ്ണിൽ നീയും അച്ഛനുമൊക്കെ തെറ്റുകാരാണ്. ഈ രണ്ട് വർഷക്കാലം കൊണ്ട് നിന്റെ അച്ഛൻ നേടിയെടുത്ത സൽപ്പേരൊക്കെ സുശീലൻ സ്വന്തം പേരിലാക്കി കഴിഞ്ഞു. പണവും ആൾബലവുമുള്ള നിന്റെ ചെറിയച്ഛൻ വിചാരിച്ചാൽ ഇരുചെവി അറിയാതെ നിന്നെ കൊന്ന് തള്ളാനും സാധിക്കും. അയാളോട് പ്രതികാരം വീട്ടാനാണ് നിന്റെ മടങ്ങി വരവെന്ന് അറിഞ്ഞുകഴിഞ്ഞാൽ പിന്നെ ആ നാട്ടിൽ നിനക്ക് ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നോ?" സൂര്യനെ കുറിച്ചോർത്തുള്ള ആശങ്കയായിരുന്നു അവനിൽ നിറയെ. "അയാളോട് പോരാടാനുറച്ച മനസ്സുമായി തന്നെയാണ് എന്റെയീ വരവ്. എന്നെ അയാൾ ഉപദ്രവിക്കാൻ ശ്രമിക്കുമെന്ന കാര്യത്തിലെനിക്ക് സംശയമൊന്നുമില്ല... പക്ഷേ ഇത്രയൊക്കെ സഹിച്ച് ഇവിടെ വരെയെത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ മറ്റെന്തും നേരിടാൻ എനിക്ക് കഴിയില്ലേ സർ." "നീ രണ്ടും കല്പിച്ചാണല്ലോ... എന്തായാലും സുശീലനെ നീ ഭയക്കണം. എന്തും ചെയ്യാൻ മടിക്കാത്തവനാണത്."

"നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവൻ മറ്റുള്ളവരെ ഭയക്കേണ്ട കാര്യമെന്താ സർ. എനിക്ക് നഷ്ടപ്പെടാനുള്ളതൊക്കെ നഷ്ടപ്പെട്ട് കഴിഞ്ഞു. അതുകൊണ്ട് എനിക്കയാളെ പേടിയില്ല." "നിനക്കെന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കാൻ മടിക്കരുത്." "ഉറപ്പായും വിളിക്കും സർ... എന്തെങ്കിലും ആവശ്യത്തിന് വിളിക്കാൻ എനിക്കിപ്പോ സർ മാത്രമേയുള്ളൂ." സൂര്യന്റെ സ്വരമൊന്നിടറി. "പല്ലാവൂരിൽ പോകണമെന്ന് നിനക്ക് നിർബന്ധമാണോ സൂര്യാ. കുറച്ചു ദിവസത്തേക്കെങ്കിലും എനിക്കൊപ്പം നിൽക്കാൻ വരുന്നോ നീ." "ഇല്ല സർ... ആരുടെയെങ്കിലും സഹായം സ്വീകരിച്ചു നിന്നാൽ തന്നെ എത്രനാൾ ഞാനങ്ങനെ ജീവിക്കും. എന്റെ ലക്ഷ്യങ്ങളിലേക്ക് എനിക്കെത്തിയല്ലേ പറ്റു. അല്ലെങ്കിൽതന്നെ എത്രയെന്ന് വച്ചാണ് ഞാൻ സാറിനെ ബുദ്ധിമുട്ടിക്കുന്നത്. ഇപ്പൊത്തന്നെ എന്റെ പഠനത്തിന് വേണ്ട സഹായമൊക്കെ സാറല്ലേ ചെയ്ത് തന്നത്. അതുകൊണ്ട് ഞാൻ കാരണം സാറിന് ഇനിയും ബുദ്ധിമുട്ട് വേണ്ട. എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ വിളിച്ചോളാം." അഭിഷേകിന്റെ കൈകളിൽ മുറുകിപ്പിടിച്ച് അവനത് പറയുമ്പോൾ സൂര്യനെ ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് അഭിഷേകും തിരിച്ചറിയുകയായിരുന്നു. സൂര്യനെ നാട്ടിലേക്കുള്ള ബസ് കയറ്റി വിട്ട ശേഷം അഭിഷേക് തന്റെ ജോലി സ്ഥലത്തേക്ക് മടങ്ങി. 🍁🍁🍁🍁

ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞ നേരത്താണ് സൂര്യ നാരായണൻ പല്ലാവൂരിൽ എത്തിച്ചേർന്നത്. ഉച്ച സമയമായതിനാൽ വഴിയിലെങ്ങും ആരുമുണ്ടായിരുന്നില്ല. ബസ് ഇറങ്ങി വയൽ വരമ്പിലൂടെ നടക്കവേ അവന്റെ മനസ്സിൽ ഓടിയെത്തിയത് അച്ഛന്റെയും അമ്മയുടെയും മുഖമാണ്. തറവാട്ടിലേക്ക് പോയി രണ്ട് പേരുടെയും ചിതയ്‌ക്കരികിൽ കുറച്ചു നേരമിരിക്കണമെന്ന് അവന് തോന്നി. പറമ്പിലേക്ക് കയറുന്നത് ചെറിയച്ഛൻ കണ്ടാൽ അപ്പൊത്തന്നെ അടിച്ചൊടിക്കുമെന്ന് അവനറിയാം. അതുകൊണ്ട് പറമ്പിന് അതിര് കെട്ടിയിരുന്ന വേലിയുടെ പൊളിഞ്ഞു കിടന്ന ഭാഗത്തൂടെയാണ് സുരേന്ദ്രനെയും ഇന്ദിരയെയും ദഹിപ്പിച്ചിടത്തേക്ക് നടന്നത്. കാട് പിടിച്ച് കിടക്കുന്ന മൺകൂനയ്ക്കരികിൽ നിറഞ്ഞ കണ്ണുകളോടെ അവനിരുന്നു.. മാതാപിതാക്കൾക്കൊപ്പമുള്ള നല്ല നിമിഷങ്ങൾ വേദനയോടെ സൂര്യനോർത്തു. അവസാനമായി കാണുമ്പോൾ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ നൽകി വേഗം തിരികെ വരാമെന്ന് പറഞ്ഞു പോയവരാണ് ഇപ്പൊ ആറടി മണ്ണിനുള്ളിൽ അന്ത്യവിശ്രമം കൊള്ളുന്നത്.

എത്ര നേരം അവിടെ ഇരുന്നുവെന്ന് അവന് തന്നെ അറിയില്ലായിരുന്നു. മൺകൂനയ്ക്ക് മുകളിൽ പടർന്ന് കിടന്ന കാട്ട് വള്ളികൾ കൈകൊണ്ട് വകഞ്ഞുമാറ്റി അതിന് മുകളിലായി തല വച്ച് സൂര്യൻ കിടന്നു. ആരെങ്കിലും കാണുന്നത് വരെ മാത്രമേ തനിക്കവിടെ ഇരിക്കാൻ കഴിയുള്ളുവെന്ന് അവനറിയാം. ഇരിയൊരുപക്ഷേ അച്ഛനും അമ്മയ്ക്കുമൊപ്പം ഇങ്ങനയൊരവസരം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് വീണ് കിട്ടിയ അവസരം മുതലാക്കി കൊതി തീരുവോളം സൂര്യൻ തന്റെ മാതാപിതാക്കൾ അന്തിയുറങ്ങുന്ന മണ്ണിൽ ഏറെനേരമിരുന്നു. നഷ്ടപ്പെട്ട് പോയ അവരുടെ സ്നേഹവാത്സല്യങ്ങളോർത്ത് അവൻ പൊട്ടി പൊട്ടി കരഞ്ഞു. അച്ഛന്റെയും അമ്മയുടെയും മരണത്തോടെ ഈ ലോകത്ത് താൻ അനാഥനായി തീർന്നിരിക്കുന്നുവെന്ന സത്യം അവന്റെ ഹൃദയത്തെ പൊള്ളിച്ചു. അച്ഛൻ ജീവനോടെ ഇരിക്കുമ്പോൾ ബന്ധുക്കളുടെയും നാട്ടുകാരുടെയും സ്നേഹവും ബഹുമാനവും ആവോളം അനുഭവിച്ചറിഞ്ഞതാണ്. പക്ഷേ ഇപ്പൊ അവരുടെയൊക്കെ മുന്നിൽ താനും തന്റെ അച്ഛനുമൊക്കെ തെറ്റ് കാരാണ്.

കഴിഞ്ഞുപോയ രണ്ട് വർഷം കൊണ്ട് പല്ലാവൂർ ഗ്രാമത്തിൽ നാട്ടുകാർക്കിടയിൽ ജനസമ്മതനായൊരു വ്യക്തിയായി സുശീലൻ മാറിക്കഴിഞ്ഞിരുന്നു. സുരേന്ദ്രന്റെ ബിസിനസൊക്കെ ഇപ്പൊ ഏറ്റെടുത്ത് നടത്തുന്നത് അയാളാണ്. നാട്ടിലെല്ലാവരും സുരേന്ദ്രനെയും സൂര്യ നാരായണനെയുമൊക്ക മറന്ന മട്ടാണ്. ചുറ്റിനും ഇരുട്ട് പരന്ന് തുടങ്ങിയപ്പോഴാണ് സൂര്യൻ മടങ്ങിപ്പോകാനായി എഴുന്നേറ്റത്. ദേഹത്ത് പറ്റിയ മണ്ണ് തട്ടികുടഞ്ഞുകൊണ്ട് മൂരി നിവർന്നപ്പോഴാണ് അവന്റെ പുറം ഭാഗത്തിനിട്ട് ഊക്കോടെ ആരോ ചവിട്ടിയത്. അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്തിൽ നിലത്ത് മണ്ണിൽ മുഖമടച്ചവൻ വീണുപോയി. "ഇന്ന് നീ ജയിലിൽ നിന്നിറങ്ങുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ നേരെയിങ്ങോട്ട് കെട്ടിയെടുക്കുമെന്ന് വിചാരില്ല.

അടിച്ച് പുറം പൊളിച്ച് ഇവിടുന്ന് ഇറക്കി വിട്ടിട്ടും നാണമില്ലാതെ കേറി വരാൻ നിനക്കെങ്ങനെ സാധിച്ചു. പഴയ അവകാശവും പറഞ്ഞ് ഇവിടെകിടന്ന് കറങ്ങാതെ ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്." സുശീലന്റെ ഗർജ്ജനത്തിന് മുന്നിൽ സൂര്യൻ പതറിയില്ല. "എന്റെ തറവാട്ടിലേക്ക് കേറി വരാൻ ഞാനെന്തിന് നാണക്കേട് വിചാരിക്കണം. എന്റെ അച്ഛനെയും അമ്മയെയും കൊന്നിട്ട് ഞങ്ങടെ സ്വത്തുക്കൾ തട്ടിപ്പറിച്ചു സ്വന്തമാക്കിയ നിങ്ങൾക്കല്ലേ നാണവും മാനവും ഉളുപ്പുമില്ലാത്തത്." "ഛീ... നിർത്തെടാ നായിന്റെ മോനേ." വലത് കൈവീശി സുശീലൻ അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story