സൂര്യനെ മോഹിച്ചവൾ: ഭാഗം 15

Suryane Mohichaval

രചന: ശിവ എസ് നായർ

 "എന്റെ തറവാട്ടിലേക്ക് കേറി വരാൻ ഞാനെന്തിന് നാണക്കേട് വിചാരിക്കണം. എന്റെ അച്ഛനെയും അമ്മയെയും കൊന്നിട്ട് ഞങ്ങടെ സ്വത്തുക്കൾ തട്ടിപ്പറിച്ചു സ്വന്തമാക്കിയ നിങ്ങൾക്കല്ലേ നാണവും മാനവും ഉളുപ്പുമില്ലാത്തത്." സൂര്യൻ കിതച്ചുകൊണ്ട് പറഞ്ഞു നിർത്തി. "ഛീ... നിർത്തെടാ നായിന്റെ മോനേ." വലത് കൈവീശി സുശീലൻ അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. അയാളിൽ നിന്ന് ഒരടി പ്രതീക്ഷിച്ചിരുന്ന സൂര്യൻ സുശീലൻ കൈവീശിയപ്പോൾ തന്നെ പെട്ടെന്ന് പുറകിലേക്ക് ഒഴിഞ്ഞു മാറിയിരുന്നു. അതുകൊണ്ട് തന്നെ അവനെ അടിക്കാൻ വീശിയ കൈ വായുവിലൂടെ തെന്നിപ്പോയി. "നിനക്ക് ഇത്രയ്ക്ക് അഹങ്കാരമായോ തെണ്ടി ചെക്കാ." സൂര്യനെ അടിക്കാൻ പറ്റാത്ത കലിയിൽ അയാൾ വലത് കാൽ നീട്ടി അവന്റെ അടിനാഭി നോക്കി തൊഴിച്ചു. സുശീലൻ കാല് പൊക്കിയതും ഞൊടിയിടയിൽ സൂര്യൻ വലത് വശത്തേക്ക് നീങ്ങി. നില തെറ്റിപ്പോയ സുശീലൻ നിലത്തേക്ക് മലർന്നടിച്ച് വീണുപോയി. ആ അവസരം മുതലാക്കി കൈയ്യിൽ കിട്ടിയൊരു വടിയെടുത്ത് അയാളുടെ ഇരുകാലിലും സൂര്യൻ മാറി മാറി തല്ലി. വിജനമായ പറമ്പിൽ നിന്നുള്ള സുശീലന്റെ ഉറക്കെയുള്ള നിലവിളി ശബ്ദം നാല് ദിക്കും മുഴങ്ങി കേട്ടുകൊണ്ടിരുന്നു.

ആ പരിസരത്തെങ്ങും ഒരു പൂച്ചകുഞ്ഞ് പോലുമില്ലാത്തത് കൊണ്ട് അവനയാളെ തല്ലുന്നത് ആരും കണ്ടില്ല. അമ്പാട്ട് പറമ്പിൽ തറവാടിന്റെ തെക്കേ അറ്റത്തുള്ള ആളൊഴിഞ്ഞ കാട് പിടിച്ച പറമ്പിൽ വച്ചാണ് ആ സംഭവം അരങ്ങേറിയത്. അതുകൊണ്ട് തന്നെ സുശീലന്റെ കരച്ചിൽ കേൾക്കാനും ഒരു മനുഷ്യ ജീവിപോലും ആ പരിസരത്തെങ്ങുമില്ലായിരുന്നു. "എടാ... നായിന്റെ മോനേ... എന്നെ തല്ലാൻ മാത്രം വളർന്നോടാ നീ. ഇന്ന് നിന്റെ അവസാനമാടാ ചെറ്റേ." കിടന്നിടത്ത് നിന്ന് ചാടിയെണീക്കാൻ അയാളൊരു ശ്രമം നടത്തി. "നിങ്ങളെ തല്ലുകയല്ല കൊല്ലുകയാ വേണ്ടത്. പക്ഷേ നിങ്ങളെ കൊന്നിട്ട് വീണ്ടും ജയിലിൽ പോയി കിടക്കാൻ എനിക്ക് വയ്യ. നിങ്ങള് കാരണം ചെയ്യാത്ത തെറ്റിനാ ഞാൻ രണ്ട് കൊല്ലം അവിടെ കിടന്നത്." കൈയിലിരുന്ന വടി കൊണ്ട് അവൻ സുശീലനെ തലങ്ങും വിലങ്ങും തല്ലി. "ഇതിന് നിന്നോട് ഞാൻ പകരം ചോദിക്കുമെടാ തെണ്ടി ചെക്കാ. നിന്നെ ഞാൻ കൊല്ലാതെ കൊല്ലും. ഈ നാട്ടിൽ നിന്നെ ജീവിക്കാൻ സമ്മതിക്കില്ലെടാ ഞാൻ. ജീവൻ വേണോങ്കി എന്റെ കൺവെട്ടത്ത് നിന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകുന്നതാ നിനക്ക് നല്ലത്." വേദന കടിച്ചമർത്തി അയാൾ മുരണ്ടു. "നിങ്ങളെ പേടിച്ച് ഞാനെവിടെയും നാട് വിട്ട് പോകാനൊന്നും പോകുന്നില്ല.

ഇവിടെ തന്നെ ഞാൻ ജീവിക്കും. അല്ലെങ്കിൽ തന്നെ ഞാനെന്തിനാ നിങ്ങളെ പേടിച്ച് നാട് വിടാൻ നിൽക്കുന്നത്. എനിക്കതിന്റെ യാതൊരു ആവശ്യവുമില്ല." സുശീലന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പികൊണ്ടാണ് അവനത് പറഞ്ഞത്. "പ്ഫാ... നായേ... നിന്നെയിവിടെ ഞാൻ ജീവിക്കാൻ സമ്മതിക്കില്ല. ഈ സുശീലനാരാണെന്ന് നീ അറിയാനിരിക്കുന്നതേയുള്ളൂ." അസ്ഥി നുറുങ്ങുന്ന വേദനയിലും സൂര്യനോടുള്ള പക അയാളുടെ സ്വരത്തിൽ നിറഞ്ഞു നിന്നിരുന്നു. "ആദ്യം നിങ്ങടെ ഒടിഞ്ഞ കൈയ്യും കാലും ശരിയാക്കി വാ. ഞാൻ ഇവിടെയൊക്കെ തന്നെ കാണും." സുശീലന്റെ ഇരുകൈകളും സൂര്യൻ പിരിച്ചൊടിച്ചു. "ആ.... ആആആആ...." വേദന കൊണ്ടയാൾ പുളഞ്ഞുപോയി. സുശീലനോടുള്ള വെറുപ്പും പകയും സൂര്യന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു. ഒരു നികൃഷ്ട ജീവിയെ നോക്കുന്നത് പോലെ തന്നെ നോക്കി നിൽക്കുന്ന അവന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ട പുച്ഛ ഭാവം സുശീലനെ ചൊടിപ്പിച്ചു. "നിന്നെ ഞാൻ കൊല്ലുമെടാ പട്ടി..." മുരണ്ടുകൊണ്ടയാൾ ആരെയെങ്കിലും സഹായത്തിന് കിട്ടുമോന്നറിയാൻ ചുറ്റിനുമൊന്ന് കണ്ണോടിച്ചു. ആളൊഴിഞ്ഞ പറമ്പിലേക്ക് ഈ സമയം ആരും വരാനില്ലെന്ന് നിരാശയോടെ സുശീലൻ തിരിച്ചറിഞ്ഞു.

സൂര്യനിന്ന് ജയിലിൽ നിന്നിറങ്ങുമെന്നറിഞ്ഞ അയാൾ സന്ധ്യയ്ക്ക് തറവാട്ടിലെത്തിയപ്പോൾ ആരും അവനെ കുറിച്ചൊന്നും പറഞ്ഞു കേൾക്കാത്തോണ്ട് അവൻ പല്ലാവൂരിൽ വന്നിട്ടുണ്ടാവില്ലെന്നാണ് വിചാരിച്ചത്. പക്ഷേ പിന്നീടോർത്തപ്പോൾ സൂര്യൻ തന്റെ അച്ഛനെയും അമ്മയെയും ദഹിപ്പിച്ചിടത്തു ഉണ്ടാകുമോന്നൊരു സംശയം സുശീലന് തോന്നി. അങ്ങനെ വെറുതെ ഒരു കൗതുകത്തിനാണ് അയാൾ തെക്കേ പറമ്പിൽ വന്ന് നോക്കിയത്. ചെന്ന് നോക്കിയപ്പോഴാണ് തന്റെ ഊഹം ശരിയായിരുന്നുവെന്ന് സുശീലന് ബോധ്യമായത്. ഇത്രയൊക്കെ നാറ്റിച്ചിട്ടും ജയിലിൽ നിന്ന് ഇറങ്ങിയപാടെ ഒരു നാണവുമില്ലാതെ അവനങ്ങോട്ട് തന്നെ വന്നത് അയാളിൽ അവനോടുള്ള പക വർദ്ധിപ്പിക്കാൻ കാരണമായി. മുൻപത്തെ പോലെ സൂര്യനെ അവിടുന്ന് തല്ലിയോടിക്കാനുള്ള ത്വരയിലാണ് സുശീലവനെ തൊഴിച്ചിട്ടത്. പക്ഷെ സൂര്യന്റെ തിരിച്ചടി അയാളുടെ പ്രതീക്ഷകളെ പാടെ തെറ്റിച്ചു. തന്റെ കലിയടങ്ങും വരെ സുശീലനെ അവൻ തല്ലിച്ചതച്ചു. ഒടുവിൽ കയ്യും കാലും ഒടിഞ്ഞു തൂങ്ങിയ അയാളെ ആ പറമ്പിൽ ഉപേക്ഷിച്ച് സൂര്യൻ അവിടെ നിന്നിറങ്ങിപോയി. ശരീരമനക്കാൻ കഴിയാതെ ഒന്നുറക്കെ നിലവിളിക്കാനുള്ള ശേഷി പോലുമില്ലാതെ വേദന കൊണ്ട് ഞരങ്ങിയ സുശീലൻ ആ രാത്രി മുഴുവൻ അവിടെ കിടക്കേണ്ടി വന്നു.

രാത്രി പെയ്ത മഴ മുഴുവൻ കൊണ്ട് തണുത്ത് വിറച്ച് കിടക്കുമ്പോൾ സൂര്യനെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള പകയായിരുന്നു അയാൾക്ക്. ഇടയ്ക്കിടെ സുശീലൻ കച്ചവട ആവശ്യത്തിനായി യാത്ര പോയാൽ രാത്രി വരുന്ന പതിവില്ലാത്തത് കൊണ്ട് ആ രാത്രി അയാളെ കാണാതായപ്പോൾ എവിടെയെങ്കിലും പോയതായിരിക്കുമെന്ന് കരുതി സുധർമ്മയും ഭർത്താവിനെ അന്വേഷിക്കാൻ മിനക്കെട്ടില്ല. 🍁🍁🍁🍁🍁 ഇരുളിൽ മുങ്ങി നിൽക്കുന്ന അമ്പാട്ട് പറമ്പിൽ തറവാട്ടിലേക്ക് നോക്കി നിൽക്കവേ സൂര്യന്റെ മിഴികൾ ഈറനായി. സ്വന്തമായതെല്ലാം ഇന്ന് തനിക്ക് കൈമോശം വന്നിരിക്കുന്നുവെന്ന് അവൻ നോവോടെ മനസിലാക്കി. തന്റെ അച്ഛന്റെയും അമ്മയുടെയും ആത്മാവ് ഇപ്പോഴും ശാന്തി കിട്ടാതെ അവിടെയൊക്കെ അലഞ്ഞു നടക്കുന്നുണ്ടാവുമെന്ന് സൂര്യനോർത്തു. നെഞ്ചിലെന്തോ ഭാരം കയറ്റി വച്ചത് പോലെ അവന് വേദനിച്ചു. നഷ്ടമായതൊക്കെ തിരിച്ചു പിടിക്കാനുള്ള വാശി അവനിൽ നിറഞ്ഞു. ഇപ്പൊ താൻ അടിച്ചവശനാക്കിയ സുശീലൻ സുഖം പ്രാപിച്ച് വന്നാൽ അടങ്ങിയിരിക്കില്ലെന്ന് സൂര്യന് അറിയാം. പക്ഷേ ഭയന്നോടാതെ എന്തും നേരിടാനുള്ള ചങ്കുറപ്പും മനോബലവും അവനിപ്പോ ഉണ്ട്. പക്ഷേ ആ മണ്ണിൽ ഒന്ന് വേരുറച്ച ശേഷമേ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂ.

അതിന് വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അവനൊരുക്കമായിരുന്നു. അവസാനമായി ഒന്നുകൂടി തറവാട്ടിലേക്കും തെക്കേ പറമ്പിലേക്കും മിഴി പായിച്ച ശേഷം സൂര്യൻ മുറ്റം വിട്ട് ചെമ്മൺ പാതയിലേക്കിറങ്ങി. അവന്റെ മനസ്സിലപ്പോൾ, സുശീലൻ തങ്ങളിൽ നിന്നും പിടിച്ചെടുത്ത തറവാടും സ്വത്തുക്കളും സ്വന്തമാക്കിയിട്ടേ ഇനിയൊരു തിരിച്ചുവരവുണ്ടാകൂ എന്ന് സൂര്യൻ മനസ്സിൽ പ്രതിജ്ഞയെടുത്തിരുന്നു. ഇരുട്ട് വീണ വഴിയിലൂടെ അവൻ ധൃതിയിൽ നടന്നുകൊണ്ടിരുന്നു. മനസ്സിൽ ഒരു ലക്ഷ്യമുണ്ടെങ്കിലും എങ്ങനെയാണ് അവിടേക്ക് എത്തേണ്ടതെന്ന് അവനൊരു രൂപവുമുണ്ടായിരുന്നില്ല. കിടക്കാൻ കിടപ്പടമില്ലാതെ കഴിക്കാൻ ഭക്ഷണമില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. ഒരു ജോലി അനിവാര്യമാണ്. ഈ അവസ്ഥയിൽ തനിക്കാരെങ്കിലും ജോലി തരുമോന്ന് പോലും സൂര്യന് അറിയില്ലായിരുന്നു. "മോനേ... സൂര്യാ..." ചിന്തകളിൽ മുഴുകി അവനങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി കേട്ടത്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story