സൂര്യനെ മോഹിച്ചവൾ: ഭാഗം 17

Suryane Mohichaval

രചന: ശിവ എസ് നായർ

സൂര്യന്റെ അടികൊണ്ട് കൈയ്യും കാലും ഒടിഞ്ഞ് ശരീരമൊന്ന് അനക്കാൻ കൂടി കഴിയാനാവാതെ വേദന കൊണ്ട് ഞരങ്ങുകയായിരുന്നു സുശീലൻ. ആരെങ്കിലുമൊന്ന് ആ വഴി വന്നിരുന്നെങ്കിലെന്ന് അതിയായി അയാൾ ആഗ്രഹിച്ചു. പക്ഷേ ഈ രാത്രി ആ പറമ്പിലേക്ക് ആരും വരാനില്ലെന്ന സത്യം സുശീലനെ നിരാശനാക്കി. അയാൾ കിടക്കുന്നതിനു തൊട്ടടുത്താണ് സുരേന്ദ്രനെയും ഇന്ദിരയെയും ദഹിപ്പിച്ചത്. ചുറ്റിനും കുറ്റാ കൂരീരുട്ടാണ്, ഒന്ന് നിലവിളിച്ചാൽ പോലും കേൾക്കാനാരുമില്ല. രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ടുള്ള ചീവീടുകളുടെ ശബ്ദം സുശീലനെ അസ്വസ്ഥനാക്കി തുടങ്ങിയിരുന്നു. ഒപ്പം കാലങ്ങളായി അമ്പാട്ട് പറമ്പിൽ തറവാട്ടിൽ മരിച്ചു പോയവരെയൊക്കെ അടക്കം ചെയ്യുന്ന തെക്കേ പറമ്പിൽ ഒറ്റയ്ക്കുള്ള ആ കിടത്തം അയാളെ ഭീതിയിലാഴ്ത്തി. ഭയത്തോടെ ചുറ്റിനും നോക്കി കിടക്കുമ്പോഴാണ് ഇടി വെട്ടി മഴ പെയ്യുന്നത്. എണീക്കാൻ വയ്യാണ്ടിരിക്കുമ്പോ തന്നെ ഇടിയും മിന്നലും മഴയും കണ്ട് സുശീലനാകെ വെപ്രാളപ്പെട്ടു.

എണീറ്റൊന്ന് മാറാൻ പോലും കഴിയാതെ ആ മഴ മുഴുവനും കൊണ്ട് മൊത്തത്തിൽ നനഞ്ഞു കുതിർന്ന് അയാൾ തണുത്ത് വിറയ്ക്കാൻ തുടങ്ങി. കാറ്റും മഴയും കൊണ്ട് കടുത്ത വേദനയും സഹിച്ച് വെറും നിലത്ത് കിടക്കുമ്പോൾ ഈ അവസ്ഥ തനിക്ക് വരുത്തിയ സൂര്യനെ ഇഞ്ചിഞ്ചായി നോവിക്കണമെന്ന് സുശീലൻ മനസ്സിൽ പ്രതിജ്ഞയെടുത്ത് കഴിഞ്ഞിരുന്നു. "ഈ കിടപ്പിൽ നിന്ന് ഞാനൊന്ന് എണീറ്റ് വന്നോട്ടെ... എന്റെ കൈകൊണ്ട് തന്നെ നിനക്കുള്ള പണി ഞാൻ തരുന്നുണ്ട്. മൂർഖൻ പാമ്പിനെയാണ് നീ നോവിച്ചു വിട്ടതെന്ന് വൈകാതെ നീ അറിയും സൂര്യാ." കണ്ണുകൾ ഇറുക്കിയടച്ച് എല്ലാം സഹിച്ചയാൾ കിടന്നു. 🍁🍁🍁🍁🍁 രാത്രി വൈകുവോളം നീണ്ടുനിന്ന മഴ പുലർച്ചെയാണ് തോർന്നത്. പഴയ ചണ ചാക്കിൽ ചുരുണ്ടുകൂടി തന്റെ കൈവശമുണ്ടായിരുന്ന പഴയൊരു പുതപ്പ് കൊണ്ട് ശരീരമാകെ മൂടി പുതച്ച് കിടക്കുകയായിരുന്നു സൂര്യൻ. രാത്രി മുഴുവൻ തണുത്ത് വിറച്ച് എപ്പോഴോ അവൻ മയങ്ങി പോയിരുന്നു. അവനിൽ നിന്ന് കുറച്ചകലം പാലിച്ച് തലേ ദിവസം അവൻ ബിസ്കറ്റ് കൊടുത്ത നായ്ക്കുട്ടിയും ഉണ്ടായിരുന്നു.

നേരം പുലർന്ന് തുടങ്ങിയപ്പോൾ ആളുകളുടെ കലപില സംസാരവും വണ്ടികൾ പോയി വരുന്ന ശബ്ദമൊക്കെ കേൾക്കാൻ തുടങ്ങിയപ്പോൾ നായ്ക്കുട്ടി എഴുന്നേറ്റ് എങ്ങോട്ടോ പോയി. സൂര്യൻ കിടക്കുന്നതിന് നേരെ എതിർവശത്ത് ഒരു ഹോട്ടലാണ്. അവിടെ ചായ കുടിക്കാൻ വന്നവരാണ് അടച്ചിട്ട കടത്തിണ്ണയ്ക്ക് മുന്നിൽ പുതച്ചുറങ്ങുന്ന സൂര്യനെ കാണുന്നത്. തലേന്ന് വരെ ഒഴിഞ്ഞു കിടന്ന കട തിണ്ണയിൽ ആരാണ് കിടക്കുന്നതെന്നറിയാൻ ആളുകൾ ചുറ്റും കൂടി. സാധാരണ ആ ഗ്രാമത്തിൽ അങ്ങനെയൊരു കാഴ്ച ആദ്യമായിരുന്നു. അവിടെയുള്ള ഒരാൾക്കും കിടപ്പാടമില്ലാതെ തെരുവിൽ കിടക്കേണ്ട അവസ്ഥ വന്നിട്ടില്ല. അശരണരായവർക്കും ഭിക്ഷക്കാർക്കുമൊക്കെ പാർക്കാൻ സൂര്യന്റെ അച്ഛനാണ് ആ ഗ്രാമത്തിൽ ഒരു അഗതി മന്ദിരം സ്ഥാപിച്ചത്. അക്കാരണത്താൽ തന്നെ അവിടെ തെരുവിൽ ഉറങ്ങുന്ന ഒരാള് പോലുമില്ലെന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് വന്ന ആരോ ആയിരിക്കും അവിടെ കേറി കിടന്നതെന്ന് വിചാരിച്ച് നാട്ടുകാരിൽ ചിലർ ഒത്തുചേർന്ന് പൂട്ടിക്കിടന്ന കടയ്ക്ക് മുന്നിലെത്തി.

അതിലൊരുവൻ മുന്നോട്ട് ചെന്ന് മുഖം മറച്ചിരുന്ന പുതപ്പ് വലിച്ച് മാറ്റിയതും സൂര്യൻ ഞെട്ടി എണീറ്റു. പകപ്പോടെ തനിക്ക് ചുറ്റും കൂടിയ ആളുകളെ നോക്കുമ്പോൾ അവനെ തിരിച്ചറിഞ്ഞ മാത്രയിൽ അവരുടെയെല്ലാം മുഖത്ത് വിരിയുന്ന വെറുപ്പ് ദുഃഖഭാരത്തോടെയാണ് അവൻ നോക്കി കണ്ടത്. "ഇത് അമ്പാട്ടെ ചെക്കനല്ലേ... ഇവനെന്നാ ജയിലിൽ നിന്നിറങ്ങിയത്." നാട്ടുകാരിൽ ആരൊക്കെയോ പരസ്പരം പിറുപിറുക്കുന്നത് കേട്ടു. "തന്തേം തള്ളേം ചത്ത്‌ തുലഞ്ഞില്ലേ. പിന്നെ ആരാ കാണാനാണ് ഇവനിങ്ങോട്ട് എഴുന്നള്ളിയത്." മോനേന്ന് തന്നെ തികച്ച് വിളിക്കാത്തവരാണ് ഇപ്പൊ അസഭ്യം പറയുന്നതും വെറുപ്പോടെ നോക്കുന്നതും. അവന് വല്ലാത്തൊരു നൊമ്പരം തോന്നി. "നീ എപ്പഴാടാ ജയിലീന്ന് ഇറങ്ങിയത്?" ആരുടെയോ ചോദ്യം കേട്ടു. "ഇന്നലെ ഇറങ്ങി..." ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു. "നിന്റെ തന്തേം തള്ളയുമൊക്കെ ചത്ത്‌ പോയില്ലേ. നിന്റെ ബന്ധുക്കൾക്കും നിന്നെ വേണ്ട. പിന്നെയെന്തിനാ നീ ജയിലിൽ നിന്ന് ഇറങ്ങിയപാടെ ഇങ്ങോട്ട് തന്നെ വന്നത്.

അച്ഛന്റെ കഞ്ചാവ് കച്ചവടം ഏറ്റെടുക്കാൻ വേണ്ടിയാണോ?" പരിഹാസ ചുവയോടെയുള്ള ചോദ്യം സൂര്യൻ കേട്ടില്ലെന്ന് നടിച്ചു. "ഡാ... നിന്നോടാ ഞങ്ങൾ ചോദിക്കുന്നത്." അവന്റെ മൗനം കണ്ട് മറ്റാരോ ചോദിച്ചു. "ഞാൻ പിന്നെ എങ്ങോട്ടാ പോവാ. ഇതല്ലേ ഞാൻ ജനിച്ചു വളർന്ന നാട്. എന്റെ അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ഈ മണ്ണിലല്ലാതെ മറ്റെവിടെ പോകാനാ ഞാൻ." "എന്തായാലും നിന്റെ അച്ഛൻ അടക്കി ഭരിച്ച് വച്ചിരുന്ന തറവാടിപ്പോ അർഹിച്ച കൈകളിൽ തന്നെയുണ്ട്. ഇനി പഴയ ബന്ധവും പറഞ്ഞു കൊണ്ട് അങ്ങോട്ട്‌ കയറി ചെന്നാൽ സുശീലൻ മുതലാളി നിന്നെ ആട്ടിയിറക്കും. നിന്റെ അച്ഛൻ അയാളെ അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട്." "എന്റെ അച്ഛനും ഞാനുമൊന്നും ഒരു തെറ്റും ചെയ്തിട്ടില്ല. നടന്ന കാര്യങ്ങൾ നിങ്ങളെയൊക്കെ എങ്ങനെയാ പറഞ്ഞു വിസിപ്പിക്കുകയെന്ന് എനിക്കറിയില്ല. എനിക്ക് ഓർമ്മവച്ച നാൾ മുതൽ ഈ നാടിനെയും നാട്ടുകാരെയും അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള വ്യക്തിയാണ് എന്റെ അച്ഛൻ. അങ്ങനെയുള്ള മനുഷ്യനെയാണ് എന്റെ ചെറിയച്ഛന്റെ വാക്കും കേട്ട് നിങ്ങളെല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്നത്." "നിന്റെ അച്ഛൻ ചെയ്ത സഹായങ്ങളെ കുറിച്ച് നീയധികം വീമ്പ് പറയണ്ട. അതൊക്കെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള അങ്ങേരെ തന്ത്രമല്ലായിരുന്നോ.

അതുകൊണ്ട് നീയിനി വെറുതെ ഓരോ നുണകഥകൾ പറഞ്ഞു കഷ്ടപ്പെടണമെന്നില്ല." അവജ്ഞയോടെയുള്ള നാട്ടുകാരുടെ സംസാരം സൂര്യനെ തീർത്തും നിരാശനാക്കിയിരുന്നു. അവരോട് എന്ത് പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് അവന് ബോധ്യമായി. തന്നെയും തന്റെ അച്ഛനെയും വിശ്വസിക്കുന്ന ചുരുക്കം ചില ആളുകളെങ്കിലും കാണുമെന്ന് കരുതിയവന് നിരാശയായിരുന്നു ഫലം. അവൻ ഒന്നും മിണ്ടാതെ മുഖം താഴ്ത്തിയിരുന്നു. "എന്നാലും നാല് നേരം വെട്ടി വിഴുങ്ങി സുഖലോലുപതയിൽ ആറാടി പട്ടുമെത്തയിൽ കിടന്നുറങ്ങിയിരുന്നവന്റെ ഗതി കണ്ടില്ലേ. എന്തായാലും ഒരു കാര്യം പറഞ്ഞേക്കാം, പഴയ പരിപാടി വീണ്ടും തുടങ്ങാമെന്ന ഉദേശത്തിലാണ് വീണ്ടും വലിഞ്ഞുകേറി വന്നതെങ്കിൽ ഞങ്ങളുടെ കയ്യുടെ ചൂട് നീയറിയും." "ഇവനെയൊക്കെ ഈ നാട്ടിൽ നിന്ന് തന്നെ അടിച്ച് ഓടിക്കണം. തെണ്ടി ചെക്കൻ വീണ്ടും വന്നേക്കുവാ ഓരോ ഉടായിപ്പുമായിട്ട്." അഭിപ്രായങ്ങൾ പലതും കേട്ടു. "സ്കൂളിൽ പഠിക്കാൻ പോണ പിള്ളേർക്ക് കഞ്ചാവ് കൊടുത്ത് ലഹരിക്കടിമയാക്കാൻ നടന്ന ഇവനൊക്കെ രണ്ട് പൊട്ടിക്കണം. എന്നാലേ ഒരു പേടി കാണൂ." ഒരുവൻ മുണ്ട് മടക്കി കുത്തി സൂര്യന് നേർക്ക് വന്നു. "അതൊന്നും വേണ്ട ചേട്ടാ... ഇവന്റെ കോലം കണ്ടാൽ അറിയില്ലേ...

ജയിലിൽ നിന്നുതന്നെ നല്ലത് കിട്ടിയിട്ടുണ്ട് ഇവന്. ഇനി പഴയ പരിപാടിക്ക് നിന്നാൽ തടി കേടാവുമെന്ന് അവന് തന്നെ അറിയാം." മറ്റൊരാൾ അവനെ അടിക്കാൻ വന്നവനെ തടഞ്ഞു കൊണ്ട് പറഞ്ഞു. "ഒരു പ്രശ്നത്തിനായി വന്നതല്ല ഞാൻ. എന്നെയിവിടെ ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതി. ആർക്കും ശല്യമാകാതെ ഞാനിവിടെ എവിടെയെങ്കിലും കഴിഞ്ഞോളം." അപേക്ഷാ ഭാവത്തിൽ അവൻ എല്ലാവരെയും നോക്കി. താനവിടേക്ക് വന്നത് ആർക്കും ഇഷ്ടമായിട്ടില്ലെന്നും മിക്കവരും തന്നെ ഈ നാട്ടിൽ നിന്നുതന്നെ അടിച്ചോടിക്കാൻ കാത്തിരിക്കുകയാണെന്നും നാട്ടുകാരുടെ അഭിപ്രായങ്ങളിൽ നിന്ന് സൂര്യൻ ഊഹിച്ചു. പല്ലാവൂരിൽ തുടർന്ന് ജീവിക്കേണ്ടത് തന്റെ ആവശ്യമായതിനാൽ ആരെയും വെറുപ്പിക്കാതെ പരമാവധി താണ് കേണ് അപേക്ഷിക്കും മട്ടിൽ പറഞ്ഞാലേ അവിടെ പിടിച്ചുനിൽക്കാൻ പറ്റുള്ളൂ എന്നുള്ളതിനാൽ വാക്കുകളിൽ ദയനീയത വരുത്തി കണ്ണ് നിറച്ച് അവൻ നിന്നു.

"ഇവനെക്കൊണ്ട് ഇനിയെന്ത് ശല്യമുണ്ടാകാനാ... ഇവിടെയെവിടെയെങ്കിലും ഒതുങ്ങി കൂടി ജീവിച്ച് പോട്ടെ. നമ്മുടെയൊക്കെ ഒരു ശ്രെദ്ധ ഇവനിൽ ഉണ്ടായാൽ പോരേ. ഒന്നുല്ലേലും അവൻ ജനിച്ചു വളർന്ന സ്ഥലമല്ലേ. ഇവിടം വിട്ട് എങ്ങോട്ട് പോവാനാ." മെമ്പർ സുഗുണനാണ് അത് പറഞ്ഞത്. കവലയിലെ സംഭവവികാസങ്ങൾ ആരോ അറിയിച്ചതിനെ തുടർന്ന് അങ്ങോട്ട്‌ വന്നതായിരുന്നു മെമ്പർ. എന്തായാലും അയാളുടെ വാക്കുകൾ മറ്റുള്ളവർക്കും സ്വീകാര്യമായിരുന്നു. സൂര്യന്റെ കാര്യത്തിൽ ഒരു തീരുമാനമായതോടെ നാട്ടുകാർ പലവഴിക്ക് പിരിഞ്ഞുപോയി. മുന്നോട്ട് എങ്ങനെ ജീവിക്കുമെന്നാലോചിച്ച് എല്ലാവരും പോകുന്നത് നോക്കി നിർവികാരനായി സൂര്യൻ നിന്നു. ആളുകളുടെ പരിഹാസവും പുച്ഛവും കലർന്ന നോട്ടം അവനെ തളർത്തി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story