സൂര്യനെ മോഹിച്ചവൾ: ഭാഗം 18

Suryane Mohichaval

രചന: ശിവ എസ് നായർ

സൂര്യന്റെ കാര്യത്തിൽ ഒരു തീരുമാനമായതോടെ നാട്ടുകാർ പലവഴിക്ക് പിരിഞ്ഞുപോയി. മുന്നോട്ട് എങ്ങനെ ജീവിക്കുമെന്നാലോചിച്ച് എല്ലാവരും പോകുന്നത് നോക്കി നിർവികാരനായി സൂര്യൻ നിന്നു. ആളുകളുടെ പരിഹാസവും പുച്ഛവും കലർന്ന നോട്ടം അവനെ തളർത്തി. ആളുകളെല്ലാം പോയി കഴിഞ്ഞപ്പോൾ ആ കുഞ്ഞ് നായ്ക്കുട്ടി എവിടെ നിന്നോ അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു. സൂര്യനിൽ നിന്ന് കുറച്ചകലം പാലിച്ച് അവനെയും നോക്കി നായ്ക്കുട്ടി വഴിയോരത്തു കിടന്നു. സൂര്യൻ കൃത്യമായി അത് കാണുകയും ചെയ്തു. ആ മിണ്ടാപ്രാണിയുടെ കണ്ണുകളിൽ തന്നോടുള്ള നന്ദിയും സ്നേഹവും കണ്ടപ്പോൾ അവന്റെ മനസ്സ് നിറഞ്ഞു. "നിനക്കെങ്കിലും എന്നോട് സ്നേഹമുണ്ടല്ലോ.. എനിക്കത് മതി." സൂര്യൻ പറഞ്ഞത് കേട്ട് നായ്ക്കുട്ടി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. തന്റെ കൈയ്യിൽ അവശേഷിച്ചിരുന്ന ബിസ്കറ്റ് പാക്കറ്റ് പൊട്ടിച്ച് കുറച്ചു ബിസ്കറ്റ് എടുത്ത് സൂര്യൻ അതിന്റെ മുന്നിലേക്ക് ഇട്ടുകൊടുത്തു. കാത്തിരുന്നതെന്തോ കിട്ടിയ ആവേശത്തിൽ ആ നായ ബിസ്കറ്റ് വേഗത്തിൽ കടിച്ചെടുത്ത് ആർത്തിയോടെ ഭക്ഷിച്ചു.

അത് നോക്കികൊണ്ട് അവനും മിച്ചമുണ്ടായിരുന്നത് കഴിച്ച് തീർത്തു. 🍁🍁🍁🍁🍁 പിറ്റേ ദിവസം രാവിലെ പറമ്പിൽ കിളയ്ക്കാനെത്തിയ പണിക്കാരാണ് അവശനായി കിടക്കുന്ന സുശീലനെ കണ്ടത്. അവർ ഉടൻ തന്നെ സുധർമ്മയെയും കാര്യസ്ഥനെയും വിവരമറിയിച്ച ശേഷം അവരുടെ നേതൃത്വത്തിൽ അയാളെ വേഗം ഹോസ്പിറ്റലിലേക്ക് മാറ്റി. സുധർമ്മയുടെ ആങ്ങളമാരും വിവരമറിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ടായിരുന്നു. "ഈ നാട്ടിൽ ഏത് നായിന്റെ മോനാ അളിയന്റെ ദേഹത്ത് കൈവച്ചത്. ആളെ അറിയാമെങ്കിൽ പറ അളിയാ അവന്റെ കൈയ്യും കാലും തല്ലിയൊടിച്ച് ഇതുപോലെ കിടത്തും ഞങ്ങൾ." രോഷം കൊണ്ട് സുധർമ്മയുടെ മൂത്ത ആങ്ങള മാധവൻ പറഞ്ഞു. അയാളുടെ ചോദ്യം കേട്ട് സത്യം പറയണോ വേണ്ടയോ എന്ന ചിന്തയിൽ സുശീലൻ മൗനം ദീക്ഷിച്ച് കിടന്നു. "പറ അളിയാ ആരാ അളിയനെ ഈ അവസ്ഥയിലാക്കിയത്. ആ ചെറ്റയെ നമുക്ക് തല്ലി കൊല്ലണം." മുകുന്ദനും കലിയടങ്ങുന്നുണ്ടായിരുന്നില്ല. "ഇത് അവനാ ചെയ്തത്, സൂര്യൻ. ആ തെണ്ടി ചെക്കൻ ഇന്നലെ ജയിലിൽ നിന്നിറങ്ങി നേരെ വന്നത് അവന്റെ തന്തേടേം തള്ളേടേം കുഴിമാടം കാണാനാ.

തെക്കേ പറമ്പിൽ തന്തയെയും തള്ളയെയും ദഹിപ്പിച്ച ചിതയ്‌ക്കരികിൽ നിൽക്കുന്ന അവനെ കണ്ട് കലി കയറിയ ഞാൻ അവനിട്ട് കാല് മടക്കി ഒരു ചവിട്ട് കൊടുത്തു. രണ്ടാമതൊന്ന് കൂടി ചവിട്ടാനായി തൊഴിച്ചതും നായിന്റെ മോൻ മാറികളഞ്ഞു. നില തെറ്റി ഞാൻ തറയിലേക്ക് കമഴ്ന്നടിച്ചു വീണ തക്കത്തിന് അവനെനിക്കിട്ട് നല്ലോണം പണിതതാ ഈ കാണുന്നത് മുഴുവൻ." ദേഷ്യം കൊണ്ട് സുശീലൻ അടിമുടി വിറച്ചു. "ആ ചെറ്റയ്ക്ക് ഇത്ര ധൈര്യമോ? അളിയനെ കൈ വയ്ക്കാൻ മാത്രം അവൻ വളർന്നോ?" മാധവൻ രോഷം പൂണ്ടു. "തക്കം കിട്ടിയാൽ അളിയനെ കൊല്ലാനും അവൻ മടിക്കില്ലല്ലോ. അവനെവിടെയാണെങ്കിലും ഇന്ന് രാത്രിക്ക് മുൻപ് തന്നെ കണ്ട് പിടിച്ച് തീർക്കുന്ന കാര്യം ഞങ്ങളേറ്റു." ആവേശത്തോടെ ചാടി പുറപ്പെടാൻ നിന്ന മുകുന്ദനെ സുശീലൻ തടഞ്ഞു. "വേണ്ട മുകുന്ദാ... ഇപ്പൊ എടുത്ത് ചാടി അവനെയൊന്നും ചെയ്യാൻ നിൽക്കണ്ട. അവനുള്ള പണി ഞാൻ തന്നെ കൊടുക്കുന്നുണ്ട്." "അളിയനീ കിടപ്പിൽ നിന്ന് എണീക്കാൻ തന്നെ മാസങ്ങളെടുക്കും.

അതുവരെ ആ തെണ്ടി വിലസി നടക്കുന്നത് കാണാൻ എനിക്ക് പറ്റില്ല." മുകുന്ദൻ തന്റെ എതിർപ്പ് പ്രകടമാക്കി. "നീ മിണ്ടാതിരിക്ക് മുകുന്ദാ. ഒന്നും മനസ്സിൽ കാണാതെ അളിയനങ്ങനെ പറയില്ല." മാധവൻ അനിയനെ സമാധാനിപ്പിച്ചു. "ഇപ്പൊ അവനെയൊന്നും ചെയ്യണ്ടെന്ന് ഞാൻ പറഞ്ഞത് വേറൊന്നും കൊണ്ടല്ല. അവനെന്നെ ഈ അവസ്ഥയിലാക്കിയ സ്ഥിതിക്ക് ഒരു തിരിച്ചടി സൂര്യനും പ്രതീക്ഷിക്കും. അതുകൊണ്ട് നിനച്ചിരിക്കാത്ത നേരത്ത് അവനെ ആക്രമിക്കണം. എന്റെയീ കൈകൾ കൊണ്ട് തന്നെ അവന്റെ രണ്ട് കാലും എനിക്ക് തല്ലിയൊടിക്കണം. അതുവരെ അവൻ ഞെളിഞ്ഞു നടക്കട്ടെ. എന്നെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത് പോലെ ആ തെണ്ടിയെയും ഞാൻ കിടത്തിക്കും. ഒരു പട്ടി പോലും തിരിഞ്ഞു നോക്കാനില്ലാതെ തെരുവിൽ കിടന്ന് അവൻ നരകിക്കണം. എന്നാലേ എന്റെ കലിയടങ്ങു." കിതപ്പോടെ സുശീലൻ പറഞ്ഞു. "അളിയന്റെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. എന്തായാലും അവന്റെ നീക്കങ്ങളൊക്കെ ഞാൻ കുറച്ചു നാൾ നിരീക്ഷിക്കുന്നുണ്ട്. മറ്റ് വല്ല ദുരുദ്ദേശത്തോടെയാണോ അവൻ വന്നിരിക്കുന്നതെന്ന് അറിയില്ലല്ലോ." മാധവന്റെ അഭിപ്രായം മറ്റ് രണ്ട് പേർക്കും സ്വീകാര്യമായിരുന്നു. "അത് വേണം അളിയാ. ഇക്കാര്യം ഞാൻ പറയാൻ വരുവായിരുന്നു.

അവന്റെ പുറകിൽ മറ്റാരെങ്കിലും സംരക്ഷണത്തിനുണ്ടെന്ന ധൈര്യമാണോ എന്നെ കൈവയ്ക്കാൻ അവനെ പ്രേരിപ്പിച്ചതെന്ന് അറിയണം." "അതൊക്കെ നമുക്ക് കണ്ട് പിടിക്കാം." "പിന്നെ, സൂര്യൻ തല്ലി ചതച്ചിട്ടാണ് ഞാൻ കിടപ്പിലായതെന്ന് നമ്മൾ മൂന്നു പേരല്ലാതെ വേറാരുമറിയരുത്. എന്നോട് ചോദിച്ചവരോടോക്കെ വീണതാണെന്നാണ് ഞാൻ പറഞ്ഞത്. നിങ്ങളും അതുതന്നെ പറയണം. സത്യാവസ്ഥ നാട്ടുകാർ അറിഞ്ഞാൽ എനിക്കാ അതിന്റെ നാണക്കേട്." "ഞങ്ങളോട് ആരെങ്കിലും ചോദിച്ചാലും വീണതാണെന്നെ പറയുന്നുള്ളു. സുധർമ്മയും പിള്ളേരും അങ്ങനെ തന്നെ വിചാരിച്ചോട്ടെ. ഈ കാര്യം നമുക്ക് മൂന്ന് പേർക്കിടയിൽ നിന്നാൽ മതി." "അളിയനിത്രയും പറഞ്ഞത് കൊണ്ട് മാത്രം തല്ക്കാലം ഞാൻ ക്ഷമിക്കുന്നു. ഇനിയവന്റെ കൈ അളിയന് നേരെ പൊങ്ങാത്ത രീതിയിൽ അവനെ ശരിക്കും പെരുമാറി വിടണം." "അത് നീ പ്രത്യേകം പറയേണ്ട ആവശ്യമില്ല മുകുന്ദാ. അവന്റെ രണ്ട് കൈയ്യും കാലും തല്ലിയൊടിച്ച് തെരുവിലിടും ഞാൻ. ആരും തിരിഞ്ഞ് നോക്കാതെ അവിടെ കിടന്ന് അവൻ നരക യാതന അനുഭവിക്കണം.

ഒരു രാത്രി മുഴുവൻ ആ പെരുമഴയത്ത് ശരീരം അനക്കാനോ നിലവിളിക്കാനോ പോലും കഴിയാതെ തണുത്തു വിറച്ച് കിടന്നത് ഞാൻ മറന്നിട്ടില്ല. അവനെയും അതുപോലെ അനുഭവിപ്പിക്കും ഞാൻ. ഈ നാട്ടിൽ ഒരുത്തനും അവനെ തിരിഞ്ഞു നോക്കില്ല." സുശീലന്റെ മനസ്സിൽ സൂര്യനോടുള്ള പക ആളികത്തി. 🍁🍁🍁🍁🍁 സുശീലന്റെ ഭാഗത്ത്‌ നിന്നും തിരിച്ചടികളൊന്നും വരാതിരുന്നത് സൂര്യൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നാട്ടിൽ മുഴുവൻ സുശീലൻ, വീണ് പരിക്ക് പറ്റി കിടക്കുകയാണെന്ന ശ്രുതി പരന്നത് അവന്റെ ചെവിയിലുമെത്തിയിരുന്നു. തനിക്കിട്ട് മുട്ടനൊരു പണി തരാൻ വേണ്ടിയാണ് അയാളിപ്പോ പതുങ്ങി ഇരിക്കുന്നതെന്ന തിരിച്ചറിവിൽ സൂര്യൻ സദാ ജാഗരൂകനായി കാണപ്പെട്ടു. അതേസമയം സൂര്യനറിയാതെ അവനെ രഹസ്യമായി വീക്ഷിച്ച് അവന്റെ വരവിൽ മറ്റ് ദുരുദ്ദേശങ്ങളിലെന്നും അവനൊറ്റയ്ക്കാണെന്നും സഹായിക്കാൻ മാറ്റാരുമില്ലെന്നും ഉറപ്പാക്കിയതോടെ സുശീലനും അളിയന്മാർക്കും സമാധാനമായി.

നാട്ടിലേക്ക് വന്നതിൽ പിന്നെ കോൺസ്റ്റബിൾ അഭിഷേകുമായുള്ള ബന്ധവും സൂര്യൻ ഉപേക്ഷിച്ചിരുന്നു. മാസത്തിലൊരിക്കൽ എവിടെയെങ്കിലും വച്ച് തമ്മിൽ കാണാമെന്ന് ഉറപ്പ് നൽകിയാണ് ഇരുവരും പിരിഞ്ഞത്. അഭിഷേക് തന്നെ സഹായിക്കാൻ ശ്രമിക്കുന്നത് സുശീലനറിഞ്ഞിട്ട് അവനെ ഉപദ്രവിക്കണ്ട എന്ന് വിചാരിച്ചാണ് സൂര്യൻ അങ്ങനെയൊരു തീരുമാനം എടുത്തത്. ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു... പരിചയക്കാരോടൊക്കെ ഒരു ജോലി ചോദിച്ച് ആ ഗ്രാമം മുഴുവൻ തെണ്ടി തിരിഞ്ഞ് നടന്ന് വലഞ്ഞതിനൊടുവിൽ പല്ലാവൂർ ഗ്രാമാതിർത്തിയോട് ചേർന്ന ഒരു ഹോട്ടലിൽ സൂര്യന് ഒരു ജോലി തരപ്പെട്ട് കിട്ടി. കഞ്ചാവ് കേസിൽ പ്രതിയായവന് ജോലി കൊടുക്കാൻ ആർക്കും താല്പര്യമുണ്ടായിരുന്നില്ല. അവൻ കരഞ്ഞു കാല് പിടിച്ച് തന്റെ അവസ്ഥ വളരെ മോശമാണെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഹോട്ടലുടമസ്ഥന് സൂര്യനോട് ചെറിയൊരു മനസ്സലിവ് തോന്നി ജോലി നൽകിയത്. എച്ചിൽ പാത്രങ്ങൾ കഴുകിയും തീൻ മേശ തുടച്ചും ആളുകൾക്ക് ഭക്ഷണം വിളമ്പിയും അവൻ രാവന്തിയോളം കഷ്ടപ്പെട്ടു.

വളരെ തുച്ഛമായ കൂലിയാണെങ്കിലും തനിക്ക് പിടിച്ചു നിൽക്കാൻ ഒരു ജോലി ആവശ്യമായതിനാൽ കഷ്ടപ്പാടുകൾ സഹിച്ച് സൂര്യൻ അവിടെ തുടർന്ന് പോന്നു. ഹോട്ടലിൽ നിന്ന് തന്നെ മൂന്ന് നേരം ഭക്ഷണവും അടുക്കളയിൽ ഒരു മൂലയിൽ അവന് അന്തിയുറങ്ങാനുള്ള സൗകര്യം ലഭിച്ചതും സൂര്യൻ ഭാഗ്യമായി കരുതി. അവനൊപ്പം കൂട്ടായി ആ നായ്ക്കുട്ടി ഉണ്ടായിരുന്നത് സൂര്യനൊരു ആശ്വാസമായിരുന്നു. ഇടയ്ക്കിടെ മറ്റാരും കാണാതെ ഹോട്ടലിൽ നിന്നും കിട്ടുന്ന ഭക്ഷണത്തിൽ ഒരു പങ്ക് അവൻ നായ്ക്കുട്ടിക്കും കൊടുത്തു. മാസാമാസം കൂലിയായി തനിക്ക് കിട്ടുന്ന പൈസയൊക്കെ അവൻ ഒരു രൂപ പോലും ചിലവഴിക്കാതെ ഭാവിയിലേക്ക് വേണ്ടി സ്വരൂപിച്ചു വയ്ക്കുന്നുണ്ടായിരുന്നു. കുറേ നാളത്തെ ആശുപത്രി വാസം കഴിഞ്ഞ് സുശീലൻ ഡിസ്ചാർജായി അമ്പാട്ട് പറമ്പിലേക്ക് മടങ്ങിയിരുന്നു. കുറഞ്ഞത് എട്ടൊൻപത് മാസമാണെങ്കിലും വേണം അയാൾക്ക് എണീറ്റ് നടക്കണമെങ്കിലെന്ന് ഡോക്ടർ പറഞ്ഞത് സുശീലനെ നിരാശയിലാഴ്ത്തിയിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story