സൂര്യനെ മോഹിച്ചവൾ: ഭാഗം 22

Suryane Mohichaval

രചന: ശിവ എസ് നായർ

രാമചന്ദ്രൻ, സൂര്യനെ തന്നോടൊപ്പം കൂട്ടിയ ശേഷം അവനെ ഹോട്ടലിൽ പണിയെടുക്കാനൊന്നും വിട്ടിട്ടില്ല. സുഹൃത്തായ തന്റെ വക്കീൽ മുഖാന്തരം സൂര്യന്റെ സ്വത്തുക്കൾ തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലായിരുന്നു രാമചന്ദ്രൻ. അവരുടെ നീക്കങ്ങളൊക്കെ സുശീലനും അളിയന്മാരും അറിയുന്നുണ്ടായിരുന്നു. എന്തെങ്കിലും ഉടനെ ചെയ്യേണ്ടതുണ്ടെന്ന് അവിരും തീരുമാനിച്ചു. "മാധവാ... സ്വത്തുക്കൾ തിരിച്ച് പിടിക്കാൻ വേണ്ടി ഏതോ വക്കീലിനെ കൂട്ട് പിടിച്ച് സൂര്യൻ എനിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യാനുള്ള ശ്രമത്തിലാ." അമർഷത്തോടെ കൈയിലിരുന്ന മദ്യ ഗ്ലാസ്‌ സുശീലൻ ഒറ്റയടിക്ക് കാലിയാക്കി. "മ്മ്മ്... ഞാനും അറിഞ്ഞു." മാധവൻ ആലോചനയോടെ പറഞ്ഞു. "എന്തെങ്കിലും ഉടനെ ചെയ്യണ്ടേ?" മുകുന്ദൻ ആശങ്കയോടെ രണ്ട് പേരേം നോക്കി. "ആ ചെറുക്കനെ അങ്ങ് തീർത്താലോ?" സുശീലനാണ്. "സ്റ്റേഷനിൽ ഇപ്പൊ പഴയ എസ് ഐ അല്ല സുശീലാ. ഈ അവസരത്തിൽ ആ ചെറുക്കന് എന്തെങ്കിലും പറ്റിയാൽ നീയാണ് ചെയ്‌തെന്ന് നാട്ടുകാർക്ക് മൊത്തം മനസ്സിലാകും." "പിന്നെ ഞാനെന്ത് ചെയ്യാനാ. കേസും വഴക്കുമൊക്കെയായാൽ ഒടുവിൽ വിധി വരുമ്പോൾ ഇതെല്ലാം അവന് തന്നെ കിട്ടില്ലേ?"

"അതെന്തായാലും ഉറപ്പായും അവന് തന്നെ കിട്ടും. പക്ഷേ അവനെ കൊന്നിട്ട് ഈ സ്വത്തുക്കൾ നിനക്ക് അനുഭവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ. അവനെ കൊന്ന കേസിൽ ജയിലിൽ കേറി ഇറങ്ങാനേ നമുക്ക് നേരം കാണൂ. ഇപ്പോഴത്തെ എസ് ഐ കൈക്കൂലി ഒന്നും വാങ്ങിക്കാത്തവനാ. അതുകൊണ്ട് വെറുതെ പണി ഇരന്നു മേടിക്കണ്ട. പിന്നെ കേസ് കൊടുത്തെന്ന് കരുതി നാളെത്തന്നെ വിധി വരുകയൊന്നുമില്ല. നല്ലൊരു വക്കീലിനെ വച്ച് നമുക്കിത് മുന്നോട്ട് നീട്ടികൊണ്ട് പോകണം. അതിനിടയ്ക്ക് ഊറ്റാവുന്നതിന്റെ മാക്സിമം ഇവിടെ നിന്ന് അടിച്ചെടുക്കണം. കോടതിയിൽ കേസ് വന്ന സ്ഥിതിക്ക് സ്റ്റേ ഓർഡർ വന്നാൽ പിന്നെ ഇത് വിൽക്കാനൊന്നും നമുക്ക് പറ്റില്ല. അതിന് മുൻപേ നമുക്ക് വേണ്ടതെല്ലാം സ്വന്തമാക്കണം. അനുകൂല വിധി കിട്ടി അവനിവിടെ തിരിച്ചെത്തുമ്പോൾ നശിച്ച് തുടങ്ങുന്ന അമ്പാട്ട് പറമ്പിൽ തറവാട് കണ്ട് അവൻ വേദനിക്കണം." മാധവന്റെ ആശയം സുശീലനും മുകുന്ദനും ഇഷ്ടപ്പെട്ടു. "അത് നല്ലൊരു ഐഡിയയാണല്ലോ. പക്ഷേ എനിക്കിത് വരെ അവന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ പറ്റിയിട്ടില്ല. ആ രാമചന്ദ്രന്റെ കൂടെ സഹവാസം തുടങ്ങിയതിൽ പിന്നെ അവനെ കാണാൻ കൂടി കിട്ടുന്നില്ല. അന്ന് രാത്രി അയാളവിടെ വന്നിട്ടില്ലായിരുന്നെങ്കിൽ സൂര്യനെ ഞാൻ ചവിട്ടയരച്ചേനേ."

"നീ വിഷമിക്കണ്ട സുശീലാ... ഒരവസരം കിട്ടുന്നത് വരെ നമുക്ക് കാത്തിരിക്കാം. രാമചന്ദ്രന്റെ സുഹൃത്തായ വക്കീൽ മുഖേനയാണ് അവർ കേസ് കൊടുത്തിരിക്കുന്നത്. അയാൾക്ക് നല്ല പണവും പിടിപാടുമുള്ളത് കൊണ്ട് നമ്മൾ വെറുതെ ഒരു പ്രശ്നത്തിന് നിൽക്കണ്ട. പ്രതീക്ഷിക്കാതിരിക്കുമ്പോൾ വേണം തിരിച്ചടിക്കാൻ." മാധവൻ അളിയനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "ഈ തറവാട് ആ തെണ്ടിക്ക് കിട്ടുന്നത് ഓർക്കുമ്പോൾ എനിക്ക് സഹിക്കുന്നില്ല അളിയാ. അത്രേം ആശിച്ചു സ്വന്തമാക്കിയതാണ് ഞാനിത്." സുശീലന് തറവാട് കൈവിട്ടു പോകുന്നതോർത്തു വിഷമം തോന്നി. "കേസ് മാക്സിമം നമുക്ക് നീട്ടി നീട്ടി കൊണ്ട് പോകാം... അതിനിടയ്ക്ക് അവനെ തട്ടികളയാൻ ഒരവസരം കിട്ടിയാൽ പിന്നെ ഇതെല്ലാം നിനക്ക് തന്നെ കിട്ടും. അഥവാ നമ്മൾ വിചാരിച്ചത് പോലെയല്ല കാര്യങ്ങൾ നടക്കുന്നനതെങ്കിൽ കിട്ടാവുന്നതും കൊണ്ടെ നമുക്കിവിടുന്ന് ഇറങ്ങാവൂ. അതിനിടയ്ക്ക് നീ ചാടിക്കേറി സ്വയം ഓരോന്നും തീരുമാനിച്ചു ചെയ്യാൻ നിൽക്കണ്ട. വികാരത്തിനേക്കാൾ വിവേകത്തിന് വേണം ഇവിടെ മുൻ‌തൂക്കം കൊടുക്കാൻ." മാധവൻ സുശീലനെ ഓർമിപ്പിച്ചു. "മ്മ്മ്മ്മ്മ്...." "നിങ്ങൾക്കൊന്നും ഇതുവരെ മതിയായില്ലേ. ആ ചെക്കനോട് എന്തൊക്കെ ദ്രോഹം ചെയ്തു.

കേസിനും കൂട്ടത്തിനും നിൽക്കാതെ അവന്റെ സ്വത്തുക്കൾ തിരിച്ചു നൽകി നമ്മുടെ ഭാഗം മാത്രം വാങ്ങി എങ്ങോട്ടെങ്കിലും പോയി ജീവിക്കാം. അർഹിക്കാത്ത ചോറ് നിന്നും സുഖ സൗകര്യങ്ങൾ അനുഭവിച്ചും എനിക്കും എന്റെ മക്കൾക്കും മടുത്ത് തുടങ്ങി. സ്വന്തം ചേട്ടനിൽ നിന്ന് തട്ടിപ്പറിച്ചെടുത്തതാണ് നിങ്ങളിതെല്ലാം. ഇതൊന്നും അധികകാലം നില നിൽക്കുമെന്ന് വിചാരിക്കണ്ട. വീണ്ടും പഴയ ദാരിദ്ര്യത്തിൽ എത്താതെ ഉള്ളത് കൊണ്ട് എവിടെയെങ്കിലും പോകാം നമുക്ക്. ഇപ്പൊ നിങ്ങളുടെ കൂടെ കൂടിയിരിക്കുന്ന എന്റെ ചേട്ടന്മാരൊന്നും നമ്മൾ കഷ്ടപ്പെട്ട സമയത്ത് ഒപ്പമില്ലായിരുന്നുവെന്ന് നിങ്ങളോർക്കണം. പത്ത് കാശ് നിങ്ങളുടെ കയ്യിൽ വന്നപ്പോഴാ എന്റെ വീട്ടുകാർ നിങ്ങളുടെ അടുത്ത് വന്നത്. അത് പോയാൽ ഇവരൊന്നും കൂടെ കാണുമെന്ന് നിങ്ങൾ പ്രതീക്ഷിക്കണ്ടാ." ചേട്ടന്മാരുടെയും ഭർത്താവിന്റെയും സംസാരം കേട്ട് വന്ന സുധർമ്മ തുറന്നടിച്ചു പറഞ്ഞു. "പ്ഫാ... ചൂലേ... നിന്നോട് ആരാടി അഭിപ്രായം ചോദിച്ചത്. കേട്ടില്ലേ അളിയാ പുന്നാര പെങ്ങൾ പറഞ്ഞത്."

ഭാര്യയുടെ വാക്കുകളെ സുശീലൻ പുച്ഛിച്ചു. "എടീ... സുധർമ്മേ... അളിയനീ ബുദ്ധിയൊക്കെ പണ്ടേ ഉപദേശിച്ച് കൊടുത്തത് ഞാനാ. എല്ലാം നീയും മക്കളും നന്നായി ജീവിക്കാൻ വേണ്ടി തന്നെയാ. അല്ലാതെ ഇവനിൽ നിന്ന് ഞങ്ങൾക്കൊന്നും നേടാനില്ല. ഒരേയൊരു പെങ്ങൾ ഇവിടുത്തെ കരിയും പുകയും കൊണ്ട് നരകിച്ചു ജീവിക്കുന്നത് കണ്ട് മടുത്തപ്പോ വിചാരിച്ചതാ ഇതിൽ നിന്നൊക്കെ നിങ്ങളെ രക്ഷപ്പെടുത്താൻ. നമ്മുടെ അച്ഛൻ ഇതുവരെ ഭാഗം വയ്ക്കാത്തത് കൊണ്ട് നിന്നെ കയ്യിന്നിട്ട് സഹായിക്കാൻ ഞങ്ങളുടെ കൈയ്യിൽ ഒന്നുമില്ലാതായി പോയി. അതുകൊണ്ട് നീ വെറുതെ ഞങ്ങളെ തമ്മിൽ തല്ലിക്കാൻ നോക്കാതെ പോയി കിടന്നുറങ്ങാൻ നോക്ക്. ഞങ്ങൾക്കറിയാം എന്താ ചെയ്യേണ്ടതെന്ന്." സഹോദരിയുടെ വാക്കുകളെ ചെവി കൊള്ളാതെ മാധവൻ പറഞ്ഞു. "അന്നും ഇന്നും എന്നും സൂര്യനെ ദ്രോഹിക്കുന്നതിന് ഞാൻ എതിര് നിന്നിട്ടേയുള്ളു. ഇനി നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ട് എന്തെങ്കിലും സംഭവിച്ചാൽ ഞാനും മക്കളും കൂടെ ഉണ്ടാവുമെന്ന് വിചാരിക്കണ്ട. എന്റെ പിള്ളേരേം കൊണ്ട് ഞാൻ എങ്ങോട്ടെങ്കിലും പോകും. ഈ കാണിച്ചു കൂട്ടുന്നതൊക്കെ ഞങ്ങൾക്ക് വേണ്ടിയാണെന്നുള്ള പറച്ചിലാ സഹിക്കാത്തത്.

ചായ്‌പ്പിൽ കിടക്കേണ്ടി വന്നിട്ട് കൂടി ഒരു പരാതിയും പറയാതെ ഒപ്പം കഴിഞ്ഞവളാ ഞാൻ. സ്വത്തുക്കൾക്ക് നടുവിൽ ജീവിച്ചവളുമാണ്. കാശ് കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്ന സ്വാഭാവം എനിക്കില്ല. നിങ്ങളീ ചെയ്ത് കൂട്ടുന്നതൊക്കെ നിങ്ങളുടെ മനസുഖത്തിന് വേണ്ടിയാണെന്ന് എനിക്കറിയാം. ഒരു ദിവസം സഹികെട്ട് ഞാൻ ഇറങ്ങിപ്പോകും. അപ്പോ ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരും. ഈ ചെയ്ത് കൂട്ടുന്നതിന് ഒരു തിരിച്ചടി ഉറപ്പാ." കിതച്ചുകൊണ്ടവൾ മുറിവിട്ട് പുറത്തേക്ക് പോയി. സ്വത്തുക്കൾക്ക് വേണ്ടി ഒരാളെ കൊല്ലാൻ പോലും മടിക്കാത്തവരായി തന്റെ ഭർത്താവും സഹോദരന്മാരും മാറിയത് അവളെ ഭയപ്പെടുത്തി. അവരെ കൈകൊണ്ട് സൂര്യന് ആപത്തൊന്നും ഉണ്ടാകരുതേയെന്ന് സുധർമ്മ ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചു. 🍁🍁🍁🍁🍁 സൂര്യന്റെ നീക്കങ്ങളറിഞ്ഞ സുശീലനും അളിയന്മാരും സുരേന്ദ്രനിൽ നിന്ന് പിടിച്ചെടുത്ത ഭൂസ്വത്തുക്കളിൽ കുറെയൊക്കെ രഹസ്യമായി വിറ്റ് പണം വാങ്ങിയിരുന്നു. കുറേ പാടങ്ങളും തെങ്ങിൻ തോപ്പുകളും നല്ല വില വാങ്ങി പലർക്കും രഹസ്യമായി മറിച്ചുവിറ്റ് സുശീലൻ കുറെ കാശുണ്ടാക്കി. കോടതിയിൽ കേസ് കൊടുത്ത് സൂര്യൻ സ്റ്റേ ഓർഡർ വാങ്ങിയാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് സുശീലനറിയാം.

എന്തായാലും സുശീലനും മാധവനുമൊക്കെ ഊഹിച്ചത് പോലെത്തന്നെ സംഭവിച്ചു. രാമചന്ദ്രന്റെ സുഹൃത്തായ അഡ്വക്കേറ്റ് കൃഷ്ണ പ്രസാദിന്റെ സഹായത്തോടെ സൂര്യൻ കേസ് ഫയൽ ചെയ്തു. സുശീലനും വിട്ട് കൊടുക്കാൻ തയ്യാറാവാതെ നല്ലൊരു വക്കീലിനെ തന്നെ കേസ് വാദിക്കാൻ വച്ചു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഇരു കൂട്ടരും കേസിന് പിന്നാലെ കോടതി കേറിയിറങ്ങി നടന്നു. ഒന്നും എവിടെയും എത്താതെ മുന്നോട്ട് പോയി. സൂര്യന് ധൈര്യവും ആത്മവിശ്വാസവും പകർന്ന് രാമചന്ദ്രൻ ഒപ്പം തന്നെ ഉണ്ടായിരുന്നു. അതിനിടയിൽ കോൺസ്റ്റബിൾ അഭിഷേകുമായുള്ള സൂര്യന്റെ ബന്ധം നല്ലൊരു സുഹൃത്ത് ബന്ധത്തിലേക്ക് വഴി മാറിയിരുന്നു. ഇത്രയും പ്രശ്നങ്ങൾക്കിടയിലും സൂര്യൻ തന്റെ ബിരുദം പൂർത്തിയാക്കിയതിൽ അഭിഷേകിനും രാമചന്ദ്രനുമൊക്കെ സന്തോഷമായിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ ഒരു ദുഃഖ വാർത്ത അവന് നേരിടേണ്ടി വന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story