സൂര്യനെ മോഹിച്ചവൾ: ഭാഗം 23

Suryane Mohichaval

രചന: ശിവ എസ് നായർ

ഇത്രയും പ്രശ്നങ്ങൾക്കിടയിലും സൂര്യൻ തന്റെ ബിരുദം പൂർത്തിയാക്കിയതിൽ അഭിഷേകിനും രാമചന്ദ്രനുമൊക്കെ സന്തോഷമായിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ ഒരു ദുഃഖ വാർത്ത അവന് നേരിടേണ്ടി വന്നു. ഒരു ദിവസം, വീട്ട് മുറ്റത്തെ ചെടികൾക്ക് വെള്ളം നനച്ച് കൊണ്ട് നിൽക്കുമ്പോഴാണ് രാമചന്ദ്രൻ പെട്ടെന്ന് കുഴഞ്ഞുവീഴുന്നത്. ഉടനെ തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് ഡോക്ടർമാരുടെ വിശദമായ പരിശോധനയിലാണ് അറിയുന്നത് രാമചന്ദ്രന് സ്ട്രോക്ക് വന്ന് ഒരു വശം പൂർണ്ണമായും തളർന്ന് പോയെന്നത്. കുറേ നാളത്തെ ആശുപത്രി വാസത്തിന് ശേഷം അദ്ദേഹത്തെ വീട്ടിൽ കൊണ്ട് വന്നു. ചികിത്സയൊക്കെ മുറയ്ക്ക് നടത്തുന്നുണ്ടെങ്കിലും രാമചന്ദ്രനിൽ ഒരു മാറ്റവും കണ്ടില്ല. അദ്ദേഹം എഴുന്നേറ്റ് നടക്കാൻ സാധ്യത കുറവാണെന്ന ഡോക്റിന്റെ വാക്കുകൾ ഏവരെയും നിരാശരാക്കി. അതോടെ ആവണിശ്ശേരി ഒരു മരണ വീടിന് സമാനമായി മാറി. എല്ലാവരുടെയും മുഖത്ത് ദുഃഖം തളം കെട്ടി നിന്നു. നീലിമ സ്കൂളിൽ പോലും പോകാതെ അച്ഛനരികിൽ കരഞ്ഞു തളർന്നിരുന്നു. രാമചന്ദ്രന്റെ കാര്യങ്ങളെല്ലാം ഒരു മടിയും കൂടാതെ ചെയ്ത് പോന്നിരുന്നത് ജാനകിയാണ്.

സൂര്യനെ അയാൾക്കടുത്തേക്ക് പോകാൻ പോലും അവൾ സമ്മതിച്ചിരുന്നില്ല. "നീയെന്ന് ഈ വീട്ടിൽ കാല് കുത്തിയോ അന്ന് തുടങ്ങി അദ്ദേഹത്തിന്റെ പതനം. പാവത്തിനെ തളർത്തി കിടത്തിയപ്പോ നിനക്ക് തൃപ്തിയായില്ലേ. അല്ലെങ്കിൽ തന്നെ നിനക്ക് നശിച്ച സമയമാണ്. അതുകൊണ്ടല്ലേ സ്വന്തം വീട്ടിൽ നിന്ന് പോലും പുറത്താക്കപ്പെട്ടത്. എന്നിട്ട് ഇങ്ങോട്ട് വന്ന് കയറി ഞങ്ങളെ കൂടി കണ്ണീരിലാക്കിയല്ലോ നീ. ഇനിയും ഇവിടെ നിന്നിട്ട് ഞങ്ങളുടെ ജീവനെടുക്കുന്നത് കൂടി കാണണോ നിനക്ക്." അവസരം കിട്ടുമ്പോഴൊക്കെ സൂര്യനെ കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിക്കുകയാണ് ജാനകി. എല്ലാം കേട്ടുകൊണ്ട് മിണ്ടാതെ തല കുനിച്ച് പോവുകയാണ് അവൻ ചെയ്യാറ്. ജാനകിയുടെ ശകാര വർഷങ്ങൾ കേട്ടുകേട്ട് സൂര്യനും ചിലപ്പോൾ തോന്നും തന്നെ കൂടെ കൂട്ടിയിട്ടാണ് രാമചന്ദ്രൻ കിടപ്പിലായി പോയതെന്ന്. ഇനിയും അവിടെ കടിച്ച് തൂങ്ങി നിന്ന് മറ്റുള്ളവർക്ക് കൂടി താൻ കാരണം ഒരു ദോഷമുണ്ടാകരുതെന്ന് കരുതി സൂര്യൻ ആവണിശ്ശേരി വിട്ട് പോകാൻ തീരുമാനിച്ചു.

"അങ്കിൾ... അങ്കിളിന്റെ ഈ കിടപ്പ് കാണുമ്പോ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു. എന്റെ കഷ്ടകാലം ഞാൻ അങ്കിളിനു കൂടി പകർന്ന് തന്നത് പോലെ തോന്നുവാ. ഇനിയും ഇവിടെ നിന്ന് ഞാൻ കാരണം ആർക്കുമൊരു ബുദ്ധിമുട്ട് ഉണ്ടാവരുതെന്നാ എന്റെ ആഗ്രഹം. അതുകൊണ്ട് ഞാനിവിടെ നിന്ന് പോവാ... അങ്കിൾ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണം. അത്‌ കണ്ടാലേ എനിക്ക് സമാധാനമാകൂ." മിണ്ടാനോ അനങ്ങാനോ കഴിയാനാവാതെ കിടക്കുന്ന രാമന്റെ അരികിലിരുന്ന് അയാളുടെ കരം കവർന്ന് സൂര്യനത് പറയുമ്പോൾ ഇരുവരുടെയും മിഴികൾ ഈറനായി. അവനോട് പോകരുതെന്ന് പറയണമെന്നുണ്ടെങ്കിലും സംസാരിക്കാൻ കഴിയാത്തതിനാൽ പറയാൻ വെമ്പിയതൊക്കെ ഉള്ളിലടക്കി കണ്ണീർ ഒഴുക്കാനേ അയാൾക്ക് സാധിച്ചുള്ളൂ. രാമചന്ദ്രന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങികൊണ്ട് സൂര്യൻ ആവണിശ്ശേരിയുടെ പടിപ്പുര കടന്ന് പോയി. അവനോട് പോകരുതെന്ന് കെഞ്ചി നീലിമ മോൾ പിന്നാലെ ചെന്നെങ്കിലും മനസ്സ് കല്ലാക്കി അവളുടെ പിൻവിളി അവഗണിച്ചുകൊണ്ട് സൂര്യൻ അവിടം വിട്ടു.

വീണ്ടും പഴയ കടത്തിണ്ണയിൽ തന്നെ ശരണം പ്രാപിക്കുമ്പോൾ കൂട്ടിനായി പഴയ നായ്ക്കുട്ടി മാത്രമേ അവനൊപ്പം ഉണ്ടായിരുന്നുള്ളൂ. രാത്രി ഏറെ വൈകിയ നേരം സൂര്യനെ ആക്രമിക്കാനായി പദ്ധതിയിട്ട സുശീലനും അളിയന്മാരും ഇരുമ്പ് വടിയുമായി അവൻ കിടക്കുന്ന കടത്തിണ്ണ ലക്ഷ്യമാക്കി നടന്ന് വരികയാണ്. ആവണിശ്ശേരിയിൽ നിന്ന് ഇറങ്ങിയതിന്റെ മനോവിഷമത്തിൽ ഇങ്ങനെയൊരു അപകടം തന്നെ കാത്തിരിക്കുന്നുണ്ടെന്നത് അവൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. നടും പുറത്തിനിട്ട് ശക്തമായിട്ടൊരു ചവിട്ട് കിട്ടിയപ്പോഴാണ് അമ്മേയെന്ന് ഉറക്കെ അലറി കൊണ്ട് സൂര്യൻ ചാടി എഴുന്നേറ്റത്. അവന് ചിന്തിക്കാൻ അവസരം കൊടുക്കും മുൻപേ കൈയിലിരുന്ന ഇരുമ്പ് വടികൊണ്ട് സുശീലൻ സൂര്യന്റെ മുട്ട് കാലിൽ അടുത്ത പ്രഹരം നൽകി കഴിഞ്ഞിരുന്നു. അവന് എന്തെങ്കിലും തിരിച്ച് ചെയ്യാൻ കഴിയുന്നതിനു മുൻപ് തന്നെ മൂവരും കൂടി ചേർന്ന് സൂര്യനെ അടിച്ചവശനാക്കി. വേദന കൊണ്ട് അവനൊരു പുഴുവിനെ പോലെ നിലത്ത് കിടന്ന് പിടഞ്ഞു. അവനെ തല്ലുന്നത് കണ്ട് മൂവർക്കും നേരെ കുരച്ചുകൊണ്ട് ഓടി വന്ന നായ്ക്കുട്ടിയെ, മാധവൻ വലം കാല് കൊണ്ട് തൊഴിച്ചെറിഞ്ഞു.

വായുവിലൂടെ ഉയർന്നു പൊങ്ങിയ നായ കുറച്ച് ദൂരെ മാറി നിലത്തടിച്ചു വന്നു വീണു. വീഴ്ചയിൽ നല്ല പരിക്ക് പറ്റിയതിനാൽ അതിനിവിടെ നിന്ന് എഴുന്നേറ്റ് സൂര്യന്റെ അടുത്തേക്ക് വരാൻ കഴിഞ്ഞില്ല. ഞരങ്ങിയും മൂളിയും സൂര്യനെ അവർ തല്ലി ചതയ്ക്കുന്നത് നോക്കി നായ്ക്കുട്ടി നിസ്സഹായനായി കിടന്നു. എഴുന്നേറ്റ് തിരിച്ചടിക്കാൻ കഴിയാതെ സൂര്യൻ അവരുടെ അടിയും തൊഴിയും ഏറ്റുവാങ്ങി വേദന കടിച്ചമർത്തി. അവന്റെ മനസ്സും ശരീരവും ഒരുപോലെ നീറിപ്പുകയുന്നുണ്ട്. "മതി സുശീലാ... ഇനിയവനെ തല്ലിയാൽ ചത്ത്‌ പോകും." തന്റെ കലിയടങ്ങും വരെ അയാളവനെ പൊതിരെ തല്ലി ചതച്ചിരുന്നു. "ഇപ്പോഴാ എനിക്ക് സമാധാനമായത്. നീയന്ന് എന്നെ കൈവച്ചപ്പോഴേ ഞാൻ മനസ്സിൽ കുറിച്ചതാ നിന്നെയിങ്ങനെ തെരുവിലിട്ട് പട്ടിയെ പോലെ തല്ലി ചതയ്ക്കാൻ. അതേതായാലും നടന്നു. ഒരു മനുഷ്യൻ പോലും തിരിഞ്ഞു നോക്കാനില്ലാതെ പുഴുത്ത പട്ടിയെ പോലെ നീയിവിടെ കിടന്ന് നരകിച്ചു ചാവുമെടാ. അതെനിക്ക് കാണണം..." കൈയിലിരുന്ന വടി ദൂരേക്ക് വലിച്ചെറിഞ്ഞ് സൂര്യനെ നോക്കി അട്ടഹസിച്ചു കൊണ്ട് സുശീലൻ അളിയന്മാർക്കൊപ്പം മടങ്ങി. മൂവരും കൂടി ചേർന്ന് അവനെ അടിച്ച് മൃതപ്രായനാക്കിയിരുന്നു. ശരീരം നുറുങ്ങുന്ന വേദനയിൽ എത്ര നേരം ആ കിടപ്പ് കിടന്നെന്ന് സൂര്യന് തന്നെ അറിയില്ലായിരുന്നു.

മുഷിഞ്ഞ ഒരു പഴംതുണി കെട്ടുപോലെ പൂട്ടികിടക്കുന്ന കടയുടെ മുന്നിൽ അവൻ ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്നു. പതിയെ അവന്റെ ബോധവും മറഞ്ഞിരുന്നു. സൂര്യന്റെ കൈകാലുകൾ സുശീലൻ അടിച്ചൊടിച്ചിരുന്നു. അവനോടുള്ള പ്രതികാരം വീട്ടിയ സന്തോഷത്തിൽ സുശീലൻ, നാളുകൾക്ക് ശേഷം അന്ന് നിറഞ്ഞ മനസ്സോടെ ഉറങ്ങി. 🍁🍁🍁🍁🍁 ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥനെ പോലെ അബോധാവസ്ഥയിൽ കടത്തിണ്ണയിൽ കിടന്ന സൂര്യനെ ഒരു ഓട്ടോ വിളിച്ച് അതിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോയത് അന്നാട്ടിലെ പേര് കേട്ട വേശ്യയായ ശാരദയാണ്. ആർക്കും അവനോട് തോന്നാത്ത ദയവ് തോന്നിയത് അവർക്ക് മാത്രമാണ്. ആവണിശ്ശേരിയിലെ രാമചന്ദ്രൻ വീണതോടെ ശാപം കെട്ടൊരു ജന്മമായിട്ടാണ് സൂര്യനെ എല്ലാവരും കണ്ടിരുന്നത്. അവനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ രാമചന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നതിനാൽ അടികൊണ്ട് കടത്തിണ്ണയിൽ ബോധമില്ലാതെ കിടക്കുന്ന സൂര്യനെ സഹായിക്കാൻ ഒരാളും മുന്നോട്ട് വന്നിരുന്നില്ല.

അവനെ ഈ സ്ഥിതിയിലാക്കിയത് സുശീലനായിരിക്കുമെന്നും നാട്ടുകാർ ഊഹിച്ചിരുന്നു. അവർ കുടുംബക്കാർ തമ്മിലുള്ള അവര് തന്നെ തമ്മിൽ തല്ലി തീർത്തോട്ടെ എന്ന ഭാവത്തിൽ ആരും അതിലിടപെടാൻ മിനക്കെട്ടില്ല. അങ്ങനെയാണ് കവലയിൽ സാധനം വാങ്ങിക്കാനെത്തിയ ശാരദ മനസ്സലിവ് തോന്നി സൂര്യനെ ആശുപത്രിയിൽ എത്തിച്ചത്. കുറേ ദിവസം സീരിയസായി അവൻ ഐ സി യുവിനുള്ളിൽ തന്നെയായിരുന്നു. ആശുപത്രിയിൽ സൂര്യന് വേണ്ടി കൂട്ടിരിക്കാനും ചികിത്സയ്ക്കാവശ്യമായ പണം മുടക്കാനും ശാരദയ്ക്ക് മടിയൊന്നും തോന്നിയില്ല. ദിവസങ്ങൾക്ക് ശേഷമാണ് സൂര്യന് ബോധം വീഴുന്നത്. കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് അവൻ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി. സൂര്യനെ തന്നെ നോക്കി പുഞ്ചിരി തൂകി നിൽക്കുകയാണ് ശാരദ. അവനൊന്ന് കണ്ണ് തുറന്ന് കണ്ടപ്പോൾ ആശ്വാസത്തോടെ അവർ നെഞ്ചിൽ കൈവച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story