സൂര്യനെ മോഹിച്ചവൾ: ഭാഗം 29

Suryane Mohichaval

രചന: ശിവ എസ് നായർ

അഭിഷേകിന്റെ പിന്തുണ കൂടെയുണ്ടായിരുന്നത് സൂര്യന് വലിയൊരു ധൈര്യമായിരുന്നു. സുശീലനെ ഇനിയെന്ത് ചെയ്യണമെന്നും അവർ നേരത്തെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അയാൾ ആശുപത്രിയിൽ നിന്ന് വരുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു അവർ.

രണ്ടാഴ്ചത്തെ ചികിത്സയ്ക്കൊടുവിൽ സുശീലൻ ഇന്ന് ആശുപത്രി വിടുകയാണ്. സൂര്യനെ കൊല്ലാനുള്ള പകയോടെ ഡിസ്ചാർജ് ആയി ഇറങ്ങിയ സുശീലനെ പക്ഷേ കാത്തിരുന്നത് പോലീസായിരുന്നു.

സുശീലന്റെ ഉപദ്രവം ഇനി ഉണ്ടാവാൻ പാടില്ലെന്ന് ഉറപ്പിച്ചാണ് അഭിഷേക് അയാളെ അകത്താക്കിയത്. സൂര്യനെ കള്ള കേസിൽ കുടുക്കി ജയിലിൽ അടച്ചതിനും അവനെ ഉപദ്രവിച്ചതിനുമൊക്കെ തെളിവുകൾ ഉണ്ടാക്കുകയും അഡ്വക്കേറ്റ് കൃഷ്ണ പ്രസാദ് അത് കോടതിയിൽ തെളിയിക്കുകയും ചെയ്തതോടെ സുശീലൻ ഇരുമ്പഴിക്കുള്ളിലായി. വിചാരകൾക്കൊടുവിൽ ഏഴ് വർഷത്തെ ജയിൽ വാസം സുശീലന് ലഭിച്ചു. തന്റെ ഉദ്ദേശം നടക്കാതെ പോയതിന്റെ വേദനയോടെയാണ് അയാൾ ജയിലിലേക്ക് പോയത്. 

തന്റെ അച്ഛനെയും അമ്മയെയും സുശീലൻ കൊലപ്പെടുത്തിയതാണെന്ന സംശയത്തിൽ അയാളെ കൊണ്ട് സത്യം പറയിക്കാൻ സൂര്യൻ പല രീതിയിലും ശ്രമിച്ചു നോക്കി. അഭിഷേകിന്റെ അടികൊണ്ട് സുശീലന്റെ ശരീരം നീര് വന്ന് വീർത്തല്ലാതെ മറ്റൊരു ഗുണവുമുണ്ടായില്ല. തങ്ങൾ അവരെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നെന്നും അപ്പോഴാണ് ആ ആക്‌സിഡന്റ് ഉണ്ടായി സുരേന്ദ്രനും ഭാര്യയും മരിച്ചതെന്ന് സുശീലൻ സമ്മതിച്ചു. അതോടെ അച്ഛന്റെയും അമ്മയുടെയും മരണത്തിൽ സുശീലന് പങ്കില്ലെന്നും അഥവാ ആ ആക്‌സിഡന്റ് ഉണ്ടായിട്ടില്ലായിരുന്നെങ്കിൽ അവരെ അയാൾ കൊല്ലുമായിരുന്നുവെന്നും എല്ലാവർക്കും ബോധ്യമായി. എന്തായാലും സുശീലൻ ചെയ്ത തെറ്റിന് അയാൾക്ക് കിട്ടേണ്ട പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ കൃഷ്ണ പ്രസാദിന് സാധിച്ചു.

സുശീലനൊപ്പം കൂട്ട് പ്രതികളായി അളിയന്മാരെയും അറസ്റ്റ് ചെയ്തെങ്കിലും കോമ്പൻസഷൻ കെട്ടി വച്ച് അവർ ജയിൽ വാസത്തിൽ നിന്നും രക്ഷപെട്ടു. അന്ന് കേസ് അന്വേഷിച്ചിരുന്ന എസ് ഐ അശോകനും മറ്റും സസ്പെൻഷനും കിട്ടി.

തെറ്റ് ചെയ്തവർക്കുള്ള ശിക്ഷ ലഭിച്ചെങ്കിലും സൂര്യന് സംഭവിച്ച നഷ്ടം ഒരിക്കലും നികത്താൻ കഴിയുന്നതല്ല. സ്വന്തമെന്ന് പറയാൻ അവനൊരു കൂടെപ്പിറപ്പ് പോലുമില്ല. അച്ഛന്റെയും അമ്മയുടെയും ഓർമ്മകളിൽ നീറിയുള്ള ജീവിതം സൂര്യനെ കൂടുതൽ പരുക്കൻ സ്വഭാവമുള്ളവനാക്കി മാറ്റി. സ്വന്തം വിഷമങ്ങൾ മറക്കാൻ അവൻ ദേഷ്യത്തിന്റെ മൂടുപടം അണിഞ്ഞു.

സുരേന്ദ്രൻ നടത്തികൊണ്ടിരുന്ന ബിസിനസൊക്കെ അയാളുടെ മരണത്തോടെ സുശീലൻ നശിപ്പിച്ചിരുന്നു. എല്ലാം കട്ട് മുടിച്ച് തറവാടും പറമ്പുമൊക്കെ ആകെ നാശമായി തുടങ്ങിയിരുന്നു. എല്ലാം ആദ്യമുതലേ തുടങ്ങണം. കൈമോശം വന്ന സമ്പത്ത് സൂര്യന് തിരിച്ചു പിടിക്കേണ്ടത് അത്യാവശ്യമാണ്. തന്നെയും തന്റെ കുടുംബത്തെയും ഒന്നുമല്ലാതാക്കി തീർത്ത ആ നാട്ടുകാർക്ക് മുൻപിൽ തന്നെ അന്തസ്സോടെ ജീവിക്കാൻ വേണ്ടിയുള്ള പരിശ്രമം സൂര്യൻ തുടങ്ങി വച്ചു.

എത്ര കഷ്ടപ്പെടാനും മടിയില്ലാത്തവനാണ് അമ്പാട്ട് പറമ്പിലെ സൂര്യ നാരായണനെന്ന് തന്റെ പ്രവർത്തിയിലൂടെ അവൻ തെളിയിച്ചു തുടങ്ങി.


നാശമായി കിടന്ന തെങ്ങിൻ തോപ്പൊക്കെ കിളച്ചിട്ട് തെങ്ങിന് തടമെടുത്തതൊക്കെ സൂര്യൻ ഒറ്റയ്ക്കാണ്. ഒരാഴ്ച കൊണ്ടാണ് അവനാ പണി ചെയ്ത് തീർത്തത്. ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ പുല്ലുകൾ ചെത്തി കളഞ്ഞ് വേലി കെട്ടി തിരിച്ച് ഒരു വശത്ത് വാഴയും മറു വശത്ത് പച്ചക്കറി തൈകളും ചേമ്പും മരിച്ചീനിയും കാച്ചിലുമൊക്കെ സൂര്യൻ നട്ട് വളർത്തി. സൂര്യന് വേണ്ടുന്ന സഹായവുമായി പരമു പിള്ളയും ശാരദയും ഒപ്പമുണ്ട്.

രാവന്തിയോളം എല്ല് മുറിയെ പണിയെടുക്കുന്നതിനാൽ രാത്രിയാകുമ്പോൾ അവന് ശരീരം മൊത്തം കടച്ചിലും അസഹനീയമായ വേദനയുമാണ്. ആ വേദനയ്ക്ക് മരുന്നായി സൂര്യൻ ഇടയ്ക്കിടെ മദ്യപിക്കാൻ തുടങ്ങി. അതവന് ശരീരത്തിന്റെയും മനസ്സിന്റെയും വേദന മറക്കാനുള്ള നല്ലൊരു ഔഷധമായി തോന്നി.

വല്ലപ്പോഴും മാത്രമാണ് മദ്യപാനമെങ്കിലും നാട്ടുകാർക്കിടയിൽ അവനൊരു സ്ഥിരം കുടിയനായി മാറി. ഒപ്പം വേശ്യയായ ശാരദയ്ക്കൊപ്പമുള്ള സഹവാസം സൂര്യന് ചീത്തപ്പേര് നേടാൻ കാരണമായി.

"മുട്ടേന്ന് വിരിയുന്നതിന് മുൻപ് തന്നെ അമ്പാട്ടെ ചെക്കൻ കഞ്ചാവും കള്ളും സേവിക്കുന്നവനും പെണ്ണ് പിടിയനുമായി മാറിയെന്ന് ആളുകൾ അടക്കം പറഞ്ഞു നടന്നു. അതെല്ലാം സൂര്യന്റെ ചെവിയിലും എത്താറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതൊന്നും ആരും അവന്റെ മുഖത്ത് നോക്കി പറയാനോ അവൻ കേൾക്കെ പറയാനോ ധൈര്യപ്പെട്ടില്ല. കാരണം സ്വന്തം അച്ഛന്റെ അനിയനെ പോലും പ്രതികാര ബുദ്ധിയോടെ നാട്ടുകാർക്ക് മുന്നിലൂടെ അടിച്ചോടിച്ചവനാണ് സൂര്യൻ. അവന് നഷ്ടപ്പെടാൻ ഒന്നുമില്ല. അങ്ങനെയുള്ളവനെ ഭയക്കണമെന്നും അവൻ എന്തും ചെയ്യാൻ മടിക്കാത്തവനായി മാറിയെന്നുമാണ് പല്ലാവൂർ ഗ്രാമവാസികൾ ചിന്തിച്ചു വച്ചിരിക്കുന്നത്.

സുശീലനെ അടിച്ചോടിച്ച സംഭവം അരങ്ങേറിയതോടെ നാട്ടുകാർക്കിടയിൽ അവനോടൊരു ഒരു ഭയം തോന്നിയിട്ടുണ്ട്. നേർക്ക് നേരെ വന്നാൽ സൂര്യനെ കളിയാക്കിയിരുന്നവരും പുഴുത്ത പട്ടിയെ പോലെ അവനെ ആട്ടിയോടിച്ചിരുന്നവരും സൂര്യനെ പേടിച്ചു തുടങ്ങി.

ആളുകൾ തന്നെപറ്റി എന്ത് പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കുന്നതായി സൂര്യന് തോന്നിയില്ല. അവൻ, താൻ ചെയ്യേണ്ടുന്ന കാര്യങ്ങൾ കൃത്യമായി ചെയ്ത് പോന്നു. സൂര്യനൊപ്പം അമ്പാട്ടെ തറവാട്ടിൽ വന്ന് നിൽക്കാൻ ശാരദയെ അവൻ കുറേ നിർബന്ധിച്ചെങ്കിലും പുഴക്കരയിലെ തന്റെ ചെറിയ വീട് വിട്ട് എങ്ങോട്ടുമില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞതിനാൽ അവൻ ഇടയ്ക്കിടെ അവർക്കൊപ്പം അവിടെ തങ്ങാറുണ്ട്. കൂടെപ്പിറപ്പില്ലാത്ത സൂര്യന് അവൾ സ്വന്തം ചേച്ചിയെ പോലെയാണ്. പക്ഷേ മറ്റുള്ളവർ അവരുടെ ബന്ധത്തെ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചത്. സത്യങ്ങൾ അറിയാവുന്ന പരമു പിള്ള അവനെയൊരിക്കലും കുറ്റപ്പെടുത്തിയിരുന്നില്ല.


🍁🍁🍁🍁🍁


ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്ന് പോയി....

അമ്പാട്ട് പറമ്പിലെ സൂര്യ നാരായണനിന്ന് വയസ്സ് ഇരുപത്തിയേഴ്‌ തികയുന്ന ദിവസമാണ്. അവനിന്ന് പഴയ പീറ ചെക്കനല്ല. ആറടി പൊക്കവും ഒത്ത വണ്ണവും, സദാ ഗൗരവം നിറഞ്ഞ മുഖഭാവവും അവന്റെ പ്രത്യേകതയാണ്. പണിയെടുത്തു തഴമ്പിച്ച കൈകൾ കൊണ്ട് ഒരടി കിട്ടിയാൽ അടി കൊണ്ടവന്റെ കാര്യത്തിൽ തീരുമാനമാകും.

സ്വന്തം അധ്വാനം കൊണ്ട് സൂര്യനിപ്പോൾ പൂർണ്ണ ശോഭയോടെ കത്തി ജ്വലിച്ചു നിൽക്കുകയാണ്. പല്ലാവൂർ ഗ്രാമത്തിലെ മികച്ച കർഷകനാണ് അവനിന്ന്.

വാഴയും, കപ്പയും, ചേമ്പും ചേനയും പച്ചക്കറികളും സ്വന്തമായി കൃഷി ചെയ്ത് പട്ടണത്തിൽ കൊണ്ട് പോയി വിൽക്കുന്നത് സൂര്യനാണ്. അവന്റെ പറമ്പിൽ വിളയിച്ചുണ്ടാക്കുന്ന ഒന്നും തന്നെ സൂര്യൻ പല്ലാവൂർ ഗ്രാമത്തിലെ ചന്തയിൽ വിൽക്കാറില്ല. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ നാടിനോടും ആ നാട്ടുകാരോടുമുള്ള അവന്റെ വെറുപ്പ് ഇതുവരെ മാറിയിട്ടില്ല.

സ്വന്തം പറമ്പിൽ ഒരു പണിക്കാരനെ പോലെ പണിയെടുത്തു തുടങ്ങിയ സൂര്യനിന്ന് അനേകം തൊഴിലാളികൾക്ക് തൊഴിൽ കൊടുക്കുന്നവനായി മാറി കഴിഞ്ഞു. കൃഷിയിൽ സഹായത്തിനായി അയൽ ഗ്രാമത്തിൽ നിന്നുള്ള പത്ത് പതിനഞ്ച് ആളുകളെ കൂടി അവൻ വച്ചിട്ടുണ്ട്. അവർക്കൊപ്പം അവരിലൊരാളായി സൂര്യനും എല്ല് മുറിയെ അധ്വാനിക്കാറുണ്ട്.

കൃഷിയിൽ നിന്നും മിച്ചം പിടിച്ചു കൂട്ടി വച്ച തുക കൊണ്ട് കവലയിൽ രണ്ട് കടമുറികളും സൂര്യൻ സ്വന്തമാക്കിയിട്ടുണ്ട്. പിന്നെ അവന് സഞ്ചരിക്കാനൊരു ജീപ്പും. ഇത്രയുമാണ് ഇന്നത്തെ സൂര്യന്റെ സമ്പാദ്യം. 

ഏഴ് വർഷത്തെ ജയിൽ വാസം കഴിഞ്ഞു പുറത്തിറങ്ങിയ സുശീലൻ, സൂര്യന്റെ വളർച്ച കണ്ട് അസൂയ പൂണ്ടു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story