സൂര്യനെ മോഹിച്ചവൾ: ഭാഗം 31

Suryane Mohichaval

രചന: ശിവ എസ് നായർ

"ദിവാകരനെ ജയിലിൽ വച്ച് കണ്ടുള്ള പരിചയമാണ് എനിക്ക്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പോകാൻ ഒരിടമില്ലെങ്കിൽ അങ്ങോട്ട്‌ ചെല്ലാൻ അവൻ പറഞ്ഞിരുന്നു. ഏഴ് കൊല്ലം ജയിലിൽ കിടന്നിട്ടും ഭാര്യയോ മക്കളോ അളിയന്മാരോ മറ്റ് ബന്ധുക്കളോ ഒന്നും എന്നെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. ഒരു അനാഥനെ പോലെ എന്നെ ഈ അവസ്ഥയിലാക്കിയത് നീ തന്നെയല്ലേ. ഇനി നിന്നോട് പൊരുതി ജയിക്കാനുള്ള ആരോഗ്യം എനിക്കില്ല. എനിക്കുണ്ടായ നഷ്ടങ്ങൾ സഹിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു. 

എങ്കിലും ജയിലിൽ നിന്ന് പുറത്ത് വരുമ്പോൾ ആരെങ്കിലും വിളിക്കാൻ വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ എന്നെ കൂട്ടികൊണ്ട് പോകാൻ വരാൻ ആരുമില്ലായിരുന്നു. അതുകൊണ്ട് കടത്തിണ്ണയിൽ കിടക്കണ്ടല്ലോന്ന് വിചാരിച്ചാ ദിവാകരന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത്. അതിന് നീ വേറെ അർത്ഥമൊന്നും കാണണ്ട സൂര്യാ." സുശീലൻ തന്റെ കള്ളത്തരം പിടിക്കപ്പെടാതിരിക്കാൻ വായിൽ വന്ന നുണകളൊക്കെ പറഞ്ഞെങ്കിലും സൂര്യൻ അതൊന്നും ചെവികൊണ്ടില്ല.

"നിങ്ങളെ കുരുട്ട് ബുദ്ധി എനിക്കറിയില്ലേ ചെറിയച്ഛാ. എന്നോട് വേണ്ട ഈ അടവൊന്നും. നിങ്ങൾ ജയിലിലായപ്പോൾ മുതൽ എന്റെ നിർദേശ പ്രകാരം അവിടുള്ള പോലീസുകാരിൽ ചിലർ നിങ്ങളെ നോട്ടമിട്ട് വച്ചിട്ടുണ്ടായിരുന്നു.

നിങ്ങൾക്കവിടെ ആരുമായിട്ടൊക്കെയാണ് ചങ്ങാത്തമെന്നും നിങ്ങളെ കാണാൻ ആരെങ്കിലും വരാറുണ്ടോ എന്നൊക്കെ ഞാൻ അന്വേഷിച്ചിരുന്നു. ഈ ഏഴ് വർഷത്തിനിടയ്ക്ക് ആറു മാസം മുൻപ് ശിക്ഷ കഴിഞ്ഞു പോയ ദിവാകരൻ മാത്രമാണ് നിങ്ങളെ കാണാനായി അവിടെ വന്നിട്ടുള്ളത്. അയാളെ പിടിച്ചു രണ്ടെണ്ണം കൊടുത്തപ്പോൾ തന്നെ ചെറിയച്ഛന്റെ പദ്ധതികൾ വള്ളിപുള്ളി വിടാതെ ദിവാകരൻ പറഞ്ഞു തന്നു.

ജയിലിൽ നിന്നിറങ്ങിയാൽ ദിവാകരന്റെ കൂട്ട് പിടിച്ചു എന്നെ കൊന്നിട്ട് സുഖിച്ചു കഴിയാമെന്ന് ഒരുപാടങ്ങ് വ്യാമോഹിച്ചല്ലോ നിങ്ങൾ. അല്ലെങ്കിലും പുറത്തിറങ്ങിയാൽ നിങ്ങൾ വെറുതെയിരിക്കില്ലന്ന് എനിക്കറിയാം. അതുകൊണ്ട് ഈ പത്തായ പുരയിൽ നിന്ന് പുറത്ത് പോകുമ്പോ ഈ ശരീരത്തിൽ ജീവിൻ മാത്രമേ ബാക്കി ഉണ്ടാവൂ."

"വേണ്ട സൂര്യാ... എന്നെ വിട്ടേക്ക്. അപ്പോഴത്തെ ദേഷ്യത്തിൽ ദിവാകരനോട്‌ അങ്ങനെ പറഞ്ഞെങ്കിലും നിന്നെ ഞാനൊന്നും ചെയ്യാൻ വരില്ലായിരുന്നു. പണ്ടത്തെ സൂര്യനല്ല നീയെന്ന് എനിക്കറിയില്ലേ. അപ്പോപ്പിന്നെ ഒരു മണ്ടത്തരം കാണിക്കാൻ ഞാൻ നിൽക്കുമോ?" തന്റെ പദ്ധതി അവൻ മനസ്സിലാക്കിയെന്ന അറിവ് സുശീലനെ തളർത്തി.

"പതിനേഴാം വയസ്സിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് അനാഥനായതാണ് ഞാൻ. എന്റെ സ്വത്തുക്കൾ കുറേ നിങ്ങളും കട്ട് മുടിച്ചു. അവിടുന്നൊന്ന് കര കയറി ഈ നിലയിൽ എത്താൻ ഞാൻ കുറെ കഷ്ടപ്പെട്ടു. എനിക്കും ഇനി ജീവിക്കണം കുടുംബമായിട്ട്, ഭാര്യയും മക്കളുമൊക്കെ വേണം. അവരെയൊപ്പം എനിക്ക് സമാധാനത്തോടെ ജീവിക്കണമെങ്കിൽ നിങ്ങൾ തളർന്ന് കിടന്നേ പറ്റു. അല്ലെങ്കിൽ എന്നെ ഏത് വിധേനയും നശിപ്പിക്കണമെന്ന ചിന്തയിൽ ആരെയെങ്കിലും കൂട്ട് പിടിച്ച് എന്ത് ചെയ്യാനും മടിക്കില്ല നിങ്ങൾ.

കുടുംബവും കുട്ടികളുമൊക്കെയായി സ്വസ്ഥമായി ജീവിക്കാൻ എനിക്കിത് ചെയ്തേ പറ്റു ചെറിയച്ഛാ." കയ്യിലൊരു ഇരുമ്പ് വടിയുമായി സൂര്യൻ അയാൾക്ക് നേരെ ചുവടുകൾ വച്ചു.

"അരുത് സൂര്യാ... ഇനി നിന്റെ കൺവെട്ടത്ത് പോലും ഞാൻ വരില്ല. ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം. സ്വത്തും പണവുമൊന്നും എനിക്ക് വേണ്ട. എന്നെയൊന്നും ചെയ്യാതിരുന്നാൽ മാത്രം മതി." അവനെന്താണ് ചെയ്യാൻ പോകുന്നതെന്നറിയാതെ സുശീലൻ ഭയന്ന് പിന്നോട്ട് മാറി.

"നിങ്ങളെ കൈയ്യും കാലും തല്ലിയൊടിച്ച് എണീറ്റ് നടക്കാൻ പറ്റാത്ത രീതിയിലാക്കാൻ പോവാ ഞാൻ. അവസാന നിമിഷം വരെ കിടന്ന കിടപ്പിൽ കിടന്ന് നരകിച്ചു ചാവണം... അതാണ് എന്നോട് ചെയ്ത് കൂട്ടിയതിന് ഞാൻ തരുന്ന ശിക്ഷ.

പിന്നെ കിടപ്പിലായി പോയാൽ ആരു നോക്കുമെന്ന് ഓർത്ത് ചെറിയച്ഛൻ വിഷമിക്കണ്ട. ജീവനോടെ തിരികെ എത്തിച്ചാൽ മരിക്കും വരെ നോക്കിക്കോളാമെന്ന് ചെറിയമ്മ പറഞ്ഞിട്ടുണ്ട്. അവര് നിങ്ങളെ ജയിലിൽ വന്ന് കാണാത്തത് മനഃപൂർവം തന്നെയാ. പുറത്തിറങ്ങുന്ന ദിവസം നിങ്ങളുടെ മനസ്സിൽ നിന്ന് പകയും ദേഷ്യവും മാറി ഇനിയെങ്കിലും മര്യാദക്ക് ജീവിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ ചെറിയമ്മയെയും മക്കളെയും തേടി നിങ്ങൾ ചെല്ലുമായിരുന്നെന്ന് അവർ പ്രതീക്ഷിച്ചു. എന്തായാലും അത് നടന്നില്ല... ചെറിയച്ഛന്റെ മനസ്സിലെ ദുഷ്ടത്തരം ഒരിക്കലും മാറില്ലല്ലോ..." അത്രയും പറഞ്ഞതും സൂര്യന്റെ കയ്യിലെ ഇരുമ്പ് കമ്പി വായുവിൽ ഉയർന്ന് പൊങ്ങി അയാളുടെ കാലിന്മേൽ ശക്തിയിൽ പ്രഹരമേൽപ്പിച്ചു.

"ആ... അമ്മേ...." ഒരാർത്തനാദം സുശീലന്റെ കണ്ഠനാളത്തിൽ കുരുങ്ങി നിന്നു.


ഇനിയൊരിക്കലും സുശീലന് തന്റെ നേർക്ക് ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത രീതിയിൽ സൂര്യനയാളെ കീഴ്പ്പെടുത്തി.

മരണം വരെ സുശീലനിനി എഴുന്നേറ്റ് നടക്കാൻ കഴിയില്ല. ആരെയെങ്കിലും സഹായത്തോടെ എഴുന്നേറ്റ് ഇരിക്കാൻ മാത്രമേ അയാൾക്ക് കഴിയുള്ളു. പ്രതികാര ചിന്തയോടെ സുശീലൻ തനിക്ക് പിന്നാലെ ഒരിക്കലും വരാതിരിക്കാൻ വേണ്ടിയാണ് സൂര്യൻ അയാളെ എന്നന്നേക്കുമായി തളർത്തി കിടത്തിയത്.

സുശീലന്റെ പേർക്ക് തന്റെ അച്ഛൻ എഴുതി വച്ചിരുന്ന പുരയിടത്തിന്റെ ആധാരം സുധർമ്മയ്ക്ക് കൊടുക്കുമ്പോൾ സൂര്യൻ അതിലൊരു ചെറിയ വീടും അവർക്കായി പണി കഴിപ്പിച്ചു കൊടുത്തിരുന്നു. കിടപ്പിലായ ഭർത്താവിനെ സുധർമ്മ അവിടെ കൊണ്ട് പരിപാലിച്ചു പോന്നു. ഇനി അയാളിൽ നിന്നൊരു ഉപദ്രവം ഉണ്ടാവില്ലെന്ന് സുധർമ്മയും അവന് വാക്ക് നൽകിയിരുന്നു.

🍁🍁🍁🍁🍁

പ്രശ്നങ്ങളൊക്കെ ഒഴിഞ്ഞു സൂര്യനിപ്പോൾ സമാധാനത്തോടെ കഴിയാമെന്ന അവസ്ഥയിലായി. തന്നെ സ്നേഹിക്കാൻ മനസ്സുള്ള ഒരു പെൺകുട്ടിയെ കല്യാണം കഴിച്ച് പുതിയൊരു ജീവിതം തുടങ്ങാൻ അവന് ആഗ്രഹം തുടങ്ങിയിട്ട് കുറച്ചായി. തറവാട്ടിലെ ഒറ്റപ്പെട്ടുള്ള ജീവിതം അവന് മടുത്തു തുടങ്ങിയിരുന്നു. പകൽ സമയങ്ങളിൽ കാര്യസ്ഥൻ പരമുപിള്ള കൂടെയുണ്ടാവാറുണ്ട്. രാത്രി കാലങ്ങളിൽ ഇടയ്ക്കൊക്കെ ശാരദേച്ചിക്ക് കൂട്ട് കിടക്കാനായി അവരുടെ പുഴക്കരയിലുള്ള വീട്ടിലേക്ക് സൂര്യൻ പോകാറുണ്ട്. അവൻ അങ്ങോട്ട്‌ വരുന്നതിനെ ശാരദ വിലക്കുമെങ്കിലും സൂര്യനത് ചെവികൊള്ളില്ല. നാട്ടുകാർ അവരെ പറ്റി നുണകഥകൾ മെനയുന്നത് അവനൊരു പ്രശ്നമായിരുന്നില്ല. നാളെ അവന്റെ ജീവിതത്തിലൊരു പെൺകുട്ടി വന്നാൽ തന്റെ പേര് ചൊല്ലിയൊരു പ്രശ്നം വരണ്ടെന്ന് കരുതിയാണ് സൂര്യൻ അത്രയേറെ നിർബന്ധിച്ചു വിളിച്ചിട്ടും ശാരദ അമ്പാട്ട് പറമ്പിൽ തറവാട്ടിലേക്ക് പോകാത്തത്. 


സൂര്യനൊരു വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ പരമു പിള്ളേ അവനു വേണ്ടി പെണ്ണ് അന്വേഷിച്ചു തുടങ്ങിയിരുന്നു. പക്ഷേ ആ നാട്ടിൽ പെണ്മക്കളുള്ള അച്ഛന്മാർക്കൊന്നും തങ്ങളുടെ മകളെ സൂര്യന് കെട്ടിച്ചു കൊടുക്കാൻ പൂർണ്ണ സമ്മതമുണ്ടായിരുന്നില്ല. സൂര്യന്റെ ഇപ്പോഴത്തെ സ്വത്തും പണവുമൊക്കെ കണ്ട് കെട്ടിച്ചാലോ എന്ന് ചിന്തിച്ചാലും പെൺകുട്ടികളുടെ സമ്മതക്കുറവും മറ്റ് കാരണങ്ങളും അവരെ പിന്നോട്ട് വലിച്ചു.

പ്രധാന കാരണങ്ങൾ, ചെറിയ പ്രായത്തിൽ തന്നെ കഞ്ചാവ് കേസിൽ ജയിലിൽ പോയ ആളാണ് സൂര്യൻ. അത് കഴിഞ്ഞ് പിന്നീട് മദ്യപാനവും പുകവലിയും വേശ്യക്കൊപ്പമുള്ള സഹവാസവും പുറമേ നിന്ന് കാണുന്നവർക്ക് സൂര്യന്റെ കുറവുകൾ തന്നെയായിരുന്നു. ആ നാട്ടിലെ മിക്ക പെൺപിള്ളേർക്കും സൂര്യനെ കാണുന്നതേ പേടിയാണെന്ന് വിവാഹലോചന തുടങ്ങിയപ്പോഴാണ് അവനും അറിയുന്നത്. അവരൊക്കെ നോക്കുമ്പോ, ഇപ്പോഴും പ്രായത്തിൽ മുതിർന്ന സ്ത്രീയുമായി അവിഹിത ബന്ധമുള്ള കള്ള് കുടിയും പുകവലിയുമായി നടക്കുന്നവനാണ് സൂര്യൻ. അധ്വാനിക്കുന്നൊരു കർഷകൻ, സ്വന്തമായി വലിയൊരു തറവാട്, ഏത് പെണ്ണും മോഹിക്കുന്ന സൗന്ദര്യമുള്ള പുരുഷൻ ഇതൊക്കെ അവന്റെ മേന്മകൾ ആണെങ്കിലും ഇതിനേക്കാളൊക്കെ അവനിലെ കുറവുകളാണ് മറ്റുള്ളവരുടെ കണ്ണിൽ മുഴച്ചു നിൽക്കുന്നത്. അതുകൊണ്ട് തന്നെ ആ നാട്ടിൽ നിന്ന് സൂര്യനൊരു പെണ്ണ് കിട്ടില്ലെന്ന്‌ കുറെയേറെ നാളത്തെ അലച്ചിലിനൊടുവിൽ പരമുപിള്ള തിരിച്ചറിഞ്ഞു.


സൂര്യന് പെണ്ണ് നോക്കി തളർന്ന്, അവസാനം പരമു പിള്ള ആ ഉദ്യമം ഉപേക്ഷിച്ചിരിക്കുമ്പോഴാണ് ബ്രോക്കർ വഴി അടുത്ത നാട്ടിൽ നിന്നൊരു പെൺകുട്ടിയുടെ ആലോചന സൂര്യന് വരുന്നത്. സൂര്യന്റെ ചുറ്റുപാടുകളൊക്കെ അറിഞ്ഞ് സമ്മതം മൂളി പെണ്ണ് കാണാൻ വരാനായി പെൺകുട്ടിയുടെ വീട്ടുകാർ ക്ഷണിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ കാര്യസ്ഥനെയും കൂട്ടികൊണ്ട് അങ്ങോട്ട്‌ പോകാൻ സൂര്യൻ തീരുമാനിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story