സൂര്യനെ മോഹിച്ചവൾ: ഭാഗം 37

രചന: ശിവ എസ് നായർ

നിർമല പറഞ്ഞതൊക്കെ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സൂര്യൻ. അവനൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ആദ്യ രാത്രിയിൽ തന്നെ ഭാര്യയിൽ നിന്നും കേട്ടിരിക്കുന്നത്. അതിന്റെ ഞെട്ടലിൽ നിന്നും അവൻ മോചിതനായിട്ടില്ലായിരുന്നു. അവനൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും നിർമല ബാക്കി പറഞ്ഞ് തുടങ്ങി.

"വീടിനടുത്ത് വാടകയ്ക്ക് വന്നതായിരുന്നു മഹേഷേട്ടൻ. ആകെയുള്ളത് ഒരു ചേച്ചിയായിരുന്നു. അവർ താമസത്തിന് വന്നപ്പോഴൊന്നും ഇരുവരുമായും ആർക്കും അത്ര അടുപ്പമൊന്നുമില്ലായിരുന്നു. അവര് താമസത്തിന് വന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ ആ ചേച്ചി ട്രെയിൻ തട്ടി മരിച്ചുപോയി. പിന്നീടാ വീട്ടിൽ ഒറ്റപ്പെട്ട് പോയ മഹേഷേട്ടനെ ദിവസവും കണ്ട് കണ്ട് എനിക്ക് ഉള്ളിൽ ഒരിഷ്ടം തോന്നിപോയി.

സ്വന്തമെന്ന് പറയാനുണ്ടായിരുന്ന ചേച്ചിയും മരിച്ച് ഒറ്റപ്പെട്ട് ജീവിക്കുന്ന ആളോടുള്ള സഹതാപമാണ് പ്രണയത്തിന് വഴി മാറിയത്.

മഹേഷേട്ടൻ വരത്തനായതും നല്ലൊരു ജോലിയില്ലാത്തതുമൊക്കെയായിരുന്നു ഞങ്ങളുടെ പ്രണയം വീട്ടുകാർ എതിർക്കാൻ കാരണമായത്. ജാതക ദോഷം കാരണം വിവാഹം നീണ്ടു പോയപ്പോൾ എന്നെ കെട്ടാൻ ആരും വരാതായാൽ അച്ഛന്റെ മനസ്സ് മാറി ഞങ്ങളെ ചേർത്ത് വയ്ക്കുമെന്ന് വിശ്വസിച്ചു. പക്ഷേ ഞാൻ കെട്ടാതെ നിന്ന് പോയാലും എന്റെ ഇഷ്ടം നടത്തില്ലെന്ന് അച്ഛൻ പറഞ്ഞപ്പോൾ എനിക്കും വാശി തോന്നി.

മഹേഷേട്ടൻ ഒരു പാവമായിരുന്നു. കിട്ടുന്ന ജോലിക്കൊക്കെ പോകും. എന്ത് ചെയ്യാനും ഒരു മടിയുമില്ല. അത്രക്ക് പാവമായിരുന്നു. പക്ഷേ അച്ഛനും ബന്ധുക്കൾക്കും അദ്ദേഹത്തെ സംശയമായിരുന്നു. ഞങ്ങൾ തമ്മിൽ കാണാതിരിക്കാൻ ഏട്ടനെ അവിടുന്ന് വീട് മാറി താമസിപ്പിച്ചു. എന്നിട്ടും എങ്ങനെയെങ്കിലും എവിടെ വച്ചെങ്കിലും ഞങ്ങൾ കാണുകയും പരസ്പരം കത്തുകൾ കൈമാറുകയും ചെയ്തിരുന്നു. പക്ഷേ ഒന്ന് ചേരാൻ വിധിയുണ്ടായില്ല... ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമറിയില്ല..."

"മതി... ഇനി എനിക്കൊന്നും കേൾക്കണ്ട... കഴിഞ്ഞത് കഴിഞ്ഞു. താലി കെട്ടിയ പെണ്ണ് കന്യകയാണോ അല്ലയോ എന്നതൊന്നും എനിക്കൊരു വിഷയമല്ല... എന്നെ സ്നേഹിക്കാൻ നിനക്ക് കഴിയുമോ? പഴയതെല്ലാം മറക്കാൻ നിനക്ക് എത്ര സമയം വേണം. സ്നേഹിക്കാൻ മനസ്സുള്ള ഒരു പെണ്ണിനെയാണ് എന്റെ ഭാര്യയായി ഞാൻ ആഗ്രഹിക്കുന്നത്. എല്ലാം മറന്ന് അമ്പാട്ട് പറമ്പിൽ സൂര്യ നാരായണന്റെ ഭാര്യയായി ജീവിക്കാൻ നിനക്ക് കഴിയുമെങ്കിൽ പരസ്പര ധാരണയിൽ നമുക്ക് മുന്നോട്ട് ജീവിക്കാം.

ഇതുവരെയുള്ള നിന്റെ ജീവിതം എങ്ങനെയായിരുന്നുവെന്നത് എനിക്കൊരു വിഷയമല്ല. ഒരു പ്രണയം ഉണ്ടാകുന്നതും ഇങ്ങനെയെല്ലാം സംഭവിക്കുന്നതും സ്വാഭാവികം. പക്ഷേ ഇപ്പൊ നമ്മുടെ വിവാഹം കഴിഞ്ഞു കഴിഞ്ഞു. നീയിപ്പോ എന്റെ ഭാര്യയാണ്. ഇനി മുതൽ നിന്റെ മനസ്സും ശരീരവും എന്റെ മാത്രമായിരിക്കണം...

നിന്റെ മനസ്സിലെ വിഷമങ്ങൾ മാറാനും എന്നെ നീ സ്നേഹിച്ചു തുടങ്ങുന്നത് വരെ കാത്തിരിക്കാനും ഞാൻ തയ്യാറാണ്. എന്നെ പൂർണ്ണമായും ഉൾകൊള്ളാൻ നിനക്ക് കഴിയുന്ന ദിവസം മതി നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം തുടങ്ങുന്നത്. ഇനി തീരുമാനം നിനക്ക് വിട്ട് തരുന്നു. ഞാൻ പറഞ്ഞതിനോട് സമ്മതമുണ്ടെങ്കിൽ എന്റെ ഭാര്യയായി ഇവിടെ തുടരാം." സമചിത്തത വീണ്ടെടുത്ത സൂര്യൻ അവസാന തീരുമാനമെന്നോണം പറഞ്ഞു.

"ഒരു പെണ്ണിന് വേണ്ട പരിശുദ്ധി എനിക്കിപ്പോ ഇല്ല. മറ്റൊരുവനാൽ കളങ്കപ്പെട്ടവളായ എന്നെ സഹതാപം തോന്നി സ്വീകരിക്കാൻ മനസ്സ് കാട്ടിയതാണോ?"

"പെണ്ണിന് പരിശുദ്ധി വേണ്ടത് ശരീരത്തിനല്ല, മനസ്സിനാണ്. അങ്ങനെ വിശ്വസിക്കുന്നവനാണ് ഞാൻ. നിന്നോട് ഇഷ്ടമുണ്ടായിട്ട് തന്നെയാ ഞാൻ സ്വീകരിക്കാൻ മനസ്സ് കാണിച്ചത്. പൂർണ്ണ മനസ്സോടെയാ ഞാനിത് പറയുന്നത്." സൂര്യന്റെ മുഖം കണ്ടപ്പോൾ അവനത് ആത്മാർത്ഥമായി പറഞ്ഞതാണെന്ന് അവൾക്ക് ബോധ്യമായി.

"എനിക്ക് സമ്മതമാണ് സൂര്യേട്ടാ... ഒക്കെ മറക്കാനും നിങ്ങളെ സ്നേഹിക്കാനും എനിക്ക് പക്ഷേ സാവകാശം വേണം. എത്ര സമയം വേണമെന്ന് ചോദിച്ചാൽ.... അതെനിക്കറിയില്ല... പക്ഷേ എത്ര സമയമെടുത്തായാലും എല്ലാം മറന്ന് പുതിയ സാഹചര്യങ്ങളുമായി ഞാൻ പൊരുത്തപ്പെട്ടോളാം. അതിനെനിക്ക് കഴിയും. നിങ്ങളെ പോലൊരു വലിയ മനുഷ്യന്റെ ഭാര്യയാവാനായിരിക്കും എനിക്ക് യോഗം."

"നിനക്കാവശ്യമുള്ള സമയം നീ എടുത്തോ... ഞാൻ കാത്തിരുന്നോളാം."

"നന്ദിയുണ്ട് സൂര്യേട്ടാ... ഒത്തിരി നന്ദിയുണ്ട്. എന്നെ കേൾക്കാനും എന്നോട് ക്ഷമിക്കാനും മനസ്സ് കാണിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല." നിർമല കൂപ്പു കൈകളോടെ അവന് മുന്നിൽ നിന്നു.

"വേണമെങ്കിൽ നിനക്കിതൊക്കെ എന്നിൽ നിന്ന് മറച്ച് വയ്ക്കാമായിരുന്നു. ഞാനിതൊന്നും ഒരിക്കലും അന്വേഷിച്ചു കണ്ട് പിടിക്കാനും പോകുന്നില്ലായിരുന്നു. പക്ഷേ അവസരം കിട്ടിയപ്പോൾ ഇന്നുതന്നെ എല്ലാം നീയെന്നോട് പറയാൻ തയ്യാറായത് കൊണ്ട് മാത്രമാണ് എല്ലാം ക്ഷമിക്കാൻ എനിക്കും കഴിഞ്ഞത്.

ഇനി പഴയ കാര്യങ്ങളോർത്ത് വിഷമിച്ചിരിക്കാതെ കിടന്നുറങ്ങാൻ നോക്ക്." അവളെ നോക്കി പുഞ്ചിരിച്ച് കൊണ്ട് സൂര്യൻ കട്ടിലിന് ഓരത്തേക്ക് ചെന്ന് കിടന്നു. 

മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കി വച്ച സമാധാനത്തിൽ നിർമ്മലയും കട്ടിലിൽ അവനരികിലായി കിടന്നു.


കാലം തെറ്റി വന്ന മഴ പുറത്ത് തകർത്ത് പെയ്യുന്നുണ്ട്. അതിന്റെ ആരവത്തിൽ ചെവി കൂർപ്പിച്ച് ആ രാത്രി നിർമ്മല ഉറങ്ങാതെ കഴിച്ച് കൂട്ടി. ജീവിതത്തിലെ നല്ലൊരു ദിവസമായിട്ട് സൂര്യനും അന്ന് ഒരുപോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. നിർമലയുടെ ഏറ്റ് പറച്ചിൽ അവന്റെ മനസ്സിനെ അത്രയേറെ വിഷമിപ്പിച്ചിരുന്നു. ഒക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കിലും അവനവളെ ഉപേക്ഷിക്കുമായിരുന്നില്ല. എങ്കിലും നിർമലയ്ക്ക് ആദ്യമേ എല്ലാം പറയാമായിരുന്നു എന്നവന് തോന്നി. അങ്ങനെയെങ്കിൽ അവൾക്കെല്ലാം മറക്കാനും തങ്ങളുടെ കല്യാണത്തിനും കുറച്ച് കൂടെ സാവകാശം എടുക്കുമായിരുന്നു സൂര്യൻ. ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്നതിനാൽ ഒരു നെടുവീർപ്പോടെ ഇരുളിലേക്ക് നോക്കി അവനും നിശബ്ദനായി കിടന്നു.
ആദ്യരാത്രിയിൽ വധൂവരന്മാർക്ക് കുടിക്കാനായി കൊണ്ട് വച്ച പാൽ തണുത്തുറഞ്ഞ് പാട മൂടിയിരുന്നു. 

🍁🍁🍁🍁🍁

പിറ്റേന്ന് അതിരാവിലെ തന്നെ എഴുന്നേറ്റ സൂര്യൻ കുളത്തിൽ പോയി മുങ്ങി കുളിച്ച ശേഷം പഴയൊരു കാവി മുണ്ടും ഉടുത്ത് കൈക്കോട്ടുമായി പറമ്പിലേക്ക് പോയി. പോകും മുൻപ് നിർമലയോട് പറയാനും അവൻ മറന്നില്ല.

"പത്ത് മണിയാകുമ്പോൾ കഴിക്കാൻ വരുന്നുണ്ട് ഞാൻ. അടുക്കളയിൽ കയറി പണിയൊന്നും ചെയ്യാൻ നിൽക്കണ്ട. ഇന്ന് മുതൽ അടുക്കള പണിക്ക് രാധമ്മയോട് വരാൻ പറഞ്ഞിട്ടുണ്ട് ഞാൻ.

പിന്നെ രാവിലെ കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കിൽ അടുക്കളയിൽ കാപ്പി ഉണ്ടാക്കി വച്ചിട്ടുണ്ട്, എടുത്ത് കുടിച്ചോളൂ. ഞാൻ പോയി വരാം."

"മ്മ്മ്..." നിർമല അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.


പുലരി വെട്ടം വീണ് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. കൈയ്യിൽ കൈക്കോട്ടുമായി പറമ്പിലേക്ക് നടന്ന് മറയുന്നവനെ കണ്ണ് ചിമ്മാതെ നോക്കി നിന്നു അവൾ. സൂര്യൻ കാഴ്ചയിൽ നിന്ന് മറഞ്ഞതും അകത്തേക്ക് കയറി അവൾ വാതിലടച്ച് തഴുതിട്ടു.

തന്നെ സ്വീകരിക്കാൻ കാണിച്ച സൂര്യന്റെ വലിയ മനസ്സ് അവളിൽ അമ്പരപ്പ് നിറച്ചു. എല്ലാം തുറന്ന് പറയുമ്പോൾ ഒരു പൊട്ടിത്തെറിയും അടിയും വഴക്കും അവസാനം അവിടുന്ന് ഇറക്കി വിടുമെന്നൊക്കെയാണ് നിർമല വിചാരിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ല... പകരം തന്റെ കുറവുകൾ അറിഞ്ഞു പൂർണ്ണ മനസോടെ സ്വീകരിക്കുകയാണ് ചെയ്തത്.

തന്റെ മനസ്സിൽ പ്രതിഷ്ഠിച്ച പുരുഷനെ മറന്ന് തനിക്ക് സൂര്യനെ സ്നേഹിക്കാൻ കഴിയണേയെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി.

ഓരോന്നാലോചിച്ചുകൊണ്ട് നിർമല നേരെ പോയത് അടുക്കളയിലേക്കാണ്. പോകുമ്പോൾ വൃത്തിയോടെയും അടുക്കും ചിട്ടയോടുകൂടിയും സൂക്ഷിച്ചിരിക്കുന്ന അകത്തളങ്ങളും നടുമുറ്റവും അടുക്കളയുമൊക്കെ കണ്ട് അവളൊരു നിമിഷം അമ്പരക്കാതിരുന്നില്ല.

ഒറ്റയ്ക്ക് താമസിക്കുന്നൊരു പുരുഷന് ഇത്രയും വൃത്തിയിൽ വീടും പരിസരവും സൂക്ഷിക്കാൻ കഴിയുമോന്ന് ഓർത്ത് അവൾ അത്ഭുതപ്പെട്ടു.

മഹേഷിനെ മറന്നാൽ മാത്രമേ സൂര്യനോടൊപ്പം ഒരു ജീവിതം നിർമലയ്ക്ക് കഴിയുകയുള്ളൂ. ആരെയാണോ നമ്മൾ മറക്കാൻ ശ്രമിക്കുന്നത് അവരുടെ മുഖം കൂടുതൽ മിഴിവോടെ നമ്മളുടെ മനസ്സിലേക്ക് കടന്ന് വരും. ആദ്യ പ്രണയം കൂടിയാണെങ്കിൽ മറക്കാൻ പ്രയാസമേറും.

സൂര്യന്റെ മുഖം മനസ്സിലേക്ക് വരെ നിർമലയ്ക്ക് കുറ്റബോധമേറി. ഇത്രയും നല്ലൊരു മനുഷ്യന് കൊടുക്കാൻ പരിശുദ്ധമായ ശരീരം പോലും തനിക്കില്ല. അതോർക്കവേ അവൾക്ക് ആത്മനിന്ദ തോന്നി.

പറമ്പിൽ പണിക്കാരൊപ്പം പണിയെടുക്കുമ്പോഴൊക്കെ തലേ ദിവസം നിർമല പറഞ്ഞ കാര്യങ്ങളായിരുന്നു സൂര്യന്റെ മനസ്സ് നിറയെ. അവളുടെ ഇഷ്ടം നേടാൻ താനിനിയും എത്ര നാൾ കാത്തിരിക്കണം. ആളൊരു സാധു പെൺകുട്ടിയാണ്. ഒരാളെ സ്നേഹിച്ച് പോയത് ഒരു കുറ്റമല്ല. പക്ഷേ നഷ്ടമായ ജീവിതം ഓർത്ത് ദുഖിച്ചിട്ട് ഇനി കാര്യമില്ല. എല്ലാം മറന്ന് തന്നെ സ്നേഹിക്കാൻ അവൾക്ക് എത്രയും പെട്ടെന്ന് കഴിയണമെന്ന ആഗ്രഹം മാത്രമേ ആ നിമിഷം അവന്റെ മനസ്സിലുണ്ടായിരുന്നുള്ളു.

കടുത്ത അഗ്നിപരീക്ഷണങ്ങൾ താണ്ടി വന്ന സൂര്യന് ഇനിയും കടമ്പകൾ മുന്നോട്ട് ഏറെയുണ്ടെന്നത് അവനപ്പോൾ അറിഞ്ഞിരുന്നില്ല....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story