സൂര്യനെ മോഹിച്ചവൾ: ഭാഗം 4

Suryane Mohichaval

രചന: ശിവ എസ് നായർ

"എന്റെ അച്ഛനെയും അമ്മയെയും അപകടപ്പെടുത്തിയത് ചെറിയച്ഛനാണോ മാമാ..." "എനിക്കും അങ്ങനെയൊരു സംശയം തോന്നുന്നുണ്ട് മോനെ... ഇത്രയും വർഷം നിന്റെ അച്ഛനെ പേടിച്ച് മിണ്ടാതെ കഴിഞ്ഞിരുന്നവന് ഇപ്പൊ സ്വത്ത്‌ ചോദിക്കാനുള്ള ധൈര്യം എവിടുന്ന് കിട്ടി?" പരമുപിള്ളയ്ക്കും അക്കാര്യത്തിൽ നല്ല സംശയമുണ്ടായിരുന്നു. "ഇനി നമ്മളെന്ത് ചെയ്യും മാമാ. എനിക്ക്... എനിക്കറിയില്ല മുന്നോട്ടെന്താ എങ്ങനെയാ എന്നൊന്നും." സൂര്യന്റെ ശബ്ദമിടറി. "മോൻ ഒന്നിനെക്കുറിച്ചോർത്തും സങ്കടപ്പെടരുത്. എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം. ഇപ്പൊ നീ കിടന്നുറങ്ങ്. ഞാനില്ലേ കൂടെ." പരമു പിള്ള അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ആ രാത്രി പരമുപിള്ളയുടെ വീട്ടിൽ സൂര്യൻ അന്തിയുറങ്ങി. അയാളെകൂടാതെ ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് പരമുപിള്ളയുടെ കുടുംബം. മൂത്ത മകൾക്ക് പതിനഞ്ചും ഇളയവൾക്ക് പത്ത് വയസ്സുമാണ് പ്രായം. ഇരുളിൽ കണ്ണുകൾ തുറന്ന് വച്ച് ചിന്തയിലാണ്ട് കിടക്കുകയാണ് സൂര്യൻ.

ഇത്രയും വർഷങ്ങൾ തന്നെ പൊതിഞ്ഞു പിടിച്ചിരുന്ന അച്ഛന്റെ കരുതലും അമ്മയുടെ വാത്സല്യവും ഒരു പകൽ കൊണ്ട് നഷ്ടമായിരിക്കുകയാണ്. നാളെയിനി എന്തെന്ന് പോലും അവനറിയില്ല. മുന്നോട്ട് എങ്ങനെ ജീവിക്കുമെന്നോ തുടർന്നെങ്ങനെ പഠിക്കുമെന്നോ സൂര്യനറിയില്ല. അച്ഛന്റെയും അമ്മയുടെയും ഓർമ്മയിൽ അവന്റെ മിഴികൾ നിറഞ്ഞൊഴുകി. 🍁🍁🍁🍁🍁 അതേസമയം അമ്പാട്ട് പറമ്പിൽ തറവാട്ടിൽ സുരേന്ദ്രനോടുള്ള തന്റെ പക സൂര്യനോട് ഏതെല്ലാം വിധത്തിൽ തീർക്കാമെന്ന ആലോചനയിലായിരുന്നു സുശീലൻ. ജനസമ്മതനായി ജീവിച്ചിരുന്ന സുരേന്ദ്രന്റെ പേരിന് കളങ്കം വരുത്തി തീർക്കാനും അതുപോലെ സൂര്യനെ ഒരു തെരുവ് തെണ്ടിയായി എങ്ങനെ മാറ്റിയെടുക്കണമെന്നുള്ള കുടില ചിന്തയായിരുന്നു അയാളുടെ മനസ്സിൽ നിറഞ്ഞ് നിന്നത്. ഒപ്പം അന്നാട്ടിൽ തനിക്കുള്ള ദുഷ്പേര് മാറ്റിയെടുത്ത് നല്ല പേര് നേടാനും ജനപ്രീതി പിടിച്ചുപറ്റാനും എന്തെല്ലാം ചെയ്യണമെന്ന് വ്യക്തമായൊരു ധാരണ സുശീലന്റെ മനസ്സിൽ തെളിഞ്ഞുവന്നു.

"എടാ സൂര്യാ... നിന്റെ തന്തയോടുള്ള പക നേരിട്ടെനിക്ക് വീട്ടാൻ പറ്റിയില്ല. അതിന് മുൻപേ കാലനവനെ കൊണ്ടുപോയി. അവനോടുള്ള എന്റെ പക നിന്നോട് ഞാനെങ്ങനെയാ തീർക്കാൻ പോകുന്നതെന്ന് നീ കാത്തിരുന്ന് കണ്ടോ. ഈശ്വരനിപ്പോ എന്റെ കൂടെയാടാ... നീ അനുഭവിക്കാൻ പോകുന്നതേയുള്ളു. സമ്പത്തിന്റെയും സുഖലോലുപതയുടെയും മടിത്തട്ടിൽ വളർന്ന നീയിനി പട്ടിണിയും ദാരിദ്ര്യവുമറിയും. തെരുവ് തെണ്ടിയായി നീ അലഞ്ഞുനടക്കുന്നത് കണ്ട് നിന്റെ തന്തേടെ ആത്മാവിന് ഒരിക്കലും ഗതി പിടിക്കില്ലെടാ. പരമുപിള്ളയുടെ വീട്ടിൽ നിന്ന് നിന്നെ പുകച്ചു പുറത്ത് ചാടിക്കാൻ എനിക്കറിയാം." കടപ്പല്ലുകൾ ഞെരിച്ചമർത്തി സുശീലൻ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു. 🍁🍁🍁🍁🍁 അതിരാവിലെ വാതിലിൽ ആരോ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ടാണ് പരമുപിള്ള ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. ഒരുനിമിഷം അയാളുടെ കണ്ണുകൾ അരികിൽ കിടന്നുറങ്ങുന്ന സൂര്യന് നേർക്ക് നീണ്ട് ചെന്നു. കരഞ്ഞു കരഞ്ഞു രാത്രിയിലെപ്പോഴോ അവൻ തളർന്നുറങ്ങുകയായിരുന്നു.

വാതിലിൽ വീണ്ടും തുടരെ തുടരെ മുട്ട് കേട്ടു. ഭിത്തിയിൽ പതിപ്പിച്ചിരുന്ന ഘടികാരത്തിലേക്ക് നോക്കിയപ്പോൾ സമയം അഞ്ചുമണി കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഈ കൊച്ച് വെളുപ്പിന് ആരായിരിക്കും വാതിലിന് മുട്ടുന്നതെന്നറിയാനുള്ള ആകാംക്ഷയോടെ അയാൾ ചാടിപ്പിടഞ്ഞ് എണീറ്റു. അഴിഞ്ഞുപോയ മുണ്ട് അരയിൽ മുറുക്കിയുടുത്തുകൊണ്ട് പരമുപിള്ള മുൻവാതിലിന് നേർക്ക് നടന്നു. അപ്പോഴേക്കും ശബ്ദം കേട്ട് മക്കളുടെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന യശോധയും എഴുന്നേറ്റ് വരുന്നുണ്ടായിരുന്നു. "നീ പോയി കിടന്നോ... ആരാ വന്നതെന്ന് ഞാൻ പോയി നോക്കാം." അവരുടെ മറുപടിക്ക് കാത്ത് നിൽക്കാതെ പരമുപിള്ള മുന്നോട്ട് നടന്നു. "ആരാ അവിടെ..." ഉമ്മറത്തെ വെളിച്ചം തെളിയിച്ചു കൊണ്ട് അയാൾ ഉറക്കെ ചോദിച്ചു. പൊടുന്നനെ കുറച്ചു സമയം അവിടെയാകെ ഒരു നിശബ്ദത പരന്നു.

പെട്ടെന്ന് ഉമ്മറത്തെ ബൾബ് ആരോ എറിഞ്ഞുടച്ചത് പോലെ തകർന്ന് വീണ ഒച്ച കേട്ട് പരമുപിള്ള ഞെട്ടിപ്പോയി. "ഏതവനാടാ ബൾബ് എറിഞ്ഞുടച്ചത്." ആക്രോശിച്ചു കൊണ്ട് ഓടാമ്പൽ നീക്കി വാതിൽ തുറന്ന് അയാൾ പുറത്തേക്കിറങ്ങി. ഒരു നിമിഷം തൊട്ടുമുന്നിലെ കാഴ്ച കണ്ട് പരമുപിള്ള പകച്ചുപോയി. ഗുണ്ടകളെ പോലെ തോന്നിക്കുന്ന നാല് മല്ലന്മാർക്ക് നടുവിൽ ക്രൂരമായൊരു പുഞ്ചിരിയോടെ നിൽക്കുകയാണ് സുശീലൻ. "സുശീലനെന്താ ഇവിടെ?" മുഖത്തെ പതർച്ച മറച്ച് അയാൾ ചോദിച്ചു. "ഇന്നലെ ഞാനൊരുത്തനെ അമ്പാട്ട് നിന്ന് ഇറക്കി വിട്ടിരുന്നു. അവനെ നിങ്ങൾ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്ന സ്ഥിതിക്ക് എനിക്കും വന്നല്ലേ പറ്റു. അപ്പോ വളച്ച് കെട്ടില്ലാതെ നേരെ കാര്യത്തിലേക്ക് വരാം. എന്റെ ചേട്ടൻ മരിച്ച സ്ഥിതിക്ക് ഇനിമുതൽ അമ്പാട്ടെ കാരണവർ ഞാനായിരിക്കും. എന്നെ അനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ മാത്രം നിങ്ങളവിടെ കാര്യസ്ഥപണി തുടർന്നാൽ മതിയാകും. അതുപോലെ നിങ്ങളിവിടെ കേറ്റി താമസിപ്പിച്ചവനെ ഇപ്പോതന്നെ ഇവിടുന്ന് ഇറക്കി വിട്ടോണം."

"സുശീലാ... അത് നിന്റെ ചേട്ടന്റെ മോനാണ്. സുരേന്ദ്രൻ അങ്ങുന്നിനോടുള്ള ദേഷ്യം സുശീലൻ അവനോട് കാട്ടുന്നത് ശരിയല്ല." ധൈര്യം സംഭരിച്ചയാൾ അത്രയും പറഞ്ഞതും മുഖമടച്ചൊരു ആട്ടാണ് മറുപടിയായി കിട്ടിയത്. "പ്ഫാ... നായിന്റെ മോനേ... ആരാടാ നിന്റെ സുശീലൻ. ഇനിമുതൽ നീയെന്നെ സുശീലൻ മുതലാളിയെന്ന് വിളിക്കണം. നിന്റെ മറ്റവൻ കൂടെയുണ്ടായിരുന്നപ്പോഴുള്ള ഭരണം ഇനി എന്റെയടുത്ത് വേണ്ട. ഭാര്യയ്ക്കും പിള്ളേർക്കും മൂന്ന് നേരം ഉണ്ടുറങ്ങി കഴിയാനുള്ള കാശ് വേണോങ്കി മര്യാദക്ക് എന്നെ അനുസരിച്ചു നിന്നോ, അതാ നിനക്ക് നല്ലത്." പരമുപ്പിള്ളയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്ത് സുശീലൻ മുരണ്ടു. അയാളോട് ഏറ്റുമുട്ടാനുള്ള കെൽപ്പില്ലാതെ ഭയന്ന് ചൂളിപ്പോയ പരമുവിനെ സുശീലൻ നിലത്തേക്ക് വീഴ്ത്തി മുതുകിന് ആഞ്ഞുചവുട്ടി. പിന്നെ കൂടെയുള്ള ഗുണ്ടകളെ നോക്കി കണ്ണുകൾ കൊണ്ട് എന്തോ ആംഗ്യം കാണിച്ച് അയാളൊരു സിഗരറ്റിന് തീ കൊളുത്തി. ഉടനെ ആ നാല് മല്ലന്മാർ ചേർന്ന് വീണ് കിടക്കുന്ന പരമുവിനെ നിലത്തിട്ട് തല്ലി ചതച്ചു.

എന്തിനാണ് തന്നെ തല്ലി ചതയ്ക്കുന്നതെന്ന് ചോദിക്കാനായി വായ തുറന്നതും മുഖമടച്ചൊരു അടി അയാളുടെ മുഖത്തിന്‌ കിട്ടി. "അയ്യോ... അതിയാനെ തല്ലല്ലേ..." അടിപിടി ശബ്ദം കേട്ട് ഉമ്മറത്തേക്ക് ഓടി വന്ന യശോദ ഭർത്താവിനെ രക്ഷിക്കാനായി അവർക്കിടയിലേക്ക് തടസ്സമായി വീണു. ഗുണ്ടകളിൽ ഒരുവൻ യശോദയയുടെ മുടിക്കുത്തിൽ കടന്ന് പിടിച്ച് തൂക്കിയെടുത്ത് കവിളിൽ ആഞ്ഞുതല്ലി. ഒരാർത്തനാദത്തോടെ അവർ ഭിത്തിയിൽ ശിരസ്സിടിച്ച് പരമുവിനരികിലായി വീണു. വീഴ്ചയിൽ യശോദയുടെ നെറ്റിപൊട്ടി ചോരയൊഴുകി. "ആ തെണ്ടി ചെക്കനെ ഇപ്പൊതന്നെ ഇവിടുന്ന് ഇറക്കി വിട്ടില്ലെങ്കിൽ എന്റെ കൈയ്യിൽ നിന്ന് ഇനിയും നിനക്ക് കിട്ടും. പോരാത്തതിന് രണ്ട് പെൺപിള്ളേരല്ലേ നിനക്ക്. അതുങ്ങളെ ജീവനോടെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അവനെ സംരക്ഷിക്കാതിരിക്കുന്നതാണ് നിനക്ക് നല്ലത്." വലിച്ച് കൊണ്ടിരുന്ന സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞ് ഗുണ്ടകളെയും കൂട്ടി സുശീലൻ അവിടുന്ന് പോയി.

യശോദയുടെ സഹായത്തോടെ അടികൊണ്ട് വീങ്ങിയ ശരീരവുമായി പരമുപിള്ള ഒരുവിധം എഴുന്നേറ്റിരുന്നു. "നിന്റെ നെറ്റി മുറിഞ്ഞ് ചോര വരുന്നുണ്ടല്ലോ യശോധേ..." ആധിയോടെ അയാൾ ഭാര്യയെ നോക്കി. "അത് സാരമില്ല... അവന്മാർ നിങ്ങളെ കൊല്ലാതെ വിട്ടത് ഭാഗ്യം. വേഗം ആ ചെക്കനെ ഇവിടുന്ന് പറഞ്ഞ് വിട്ടോ. ആ സുശീലൻ എന്തും ചെയ്യാൻ മടിക്കാത്തവനാണെന്ന് ഇപ്പൊ മനസ്സിലായില്ലേ." സാരിയുടെ മുന്താണി കൊണ്ട് നെറ്റിയിലെ ചോര ഒപ്പിയെടുക്കുന്നതിനിടയിൽ അവർ പറഞ്ഞു. "നമ്മളിറക്കി വിട്ടാൽ സൂര്യനെങ്ങോട്ട് പോവാനാടി. ജീവിച്ചിരുന്നപ്പോ അവന്റെ അച്ഛൻ ചെയ്ത് തന്ന സഹായങ്ങളൊന്നും മറക്കാൻ പാടില്ല." "അത്‌ മറന്നിട്ടില്ല ഞാൻ. പക്ഷേ നമ്മുടെ മക്കളെ സുശീലൻ അപകടപ്പെടുത്തില്ലെന്ന് ആര് കണ്ടു. സ്വന്തം സഹോദരനെ കൊന്നവൻ ഒന്നും കാണാതെ നമ്മളെ ഭീഷണിപ്പെടുത്തില്ലല്ലോ. അതുപോലെ അമ്പാട്ടെ കാര്യസ്ഥ പണിയല്ലേ നമ്മുടെ ഏക വരുമാന മാർഗ്ഗം. അതൊക്കെ ഉപേക്ഷിക്കാൻ പറ്റുമോ?" "നീ പറഞ്ഞതൊക്കെ ശരിയായ കാര്യമാണ് യശോധേ.

പക്ഷേ അവന്റെ മുഖത്ത് നോക്കി ഞാനെങ്ങനെയാ ഇവിടുന്നിറങ്ങി പോവാൻ പറയണേ. സുശീലനെന്തെങ്കിലും ചെയ്തോട്ടെ. നമുക്ക് വരുന്നിടത്തു വച്ച് കാണാം." കിതച്ചുകൊണ്ട് അയാളത് പറയുമ്പോൾ യശോദ ഭർത്താവിനെ മിഴിച്ചു നോക്കി. "ഇപ്പൊത്തന്നെ അവര് നിങ്ങളെ തല്ലിക്കൊന്നില്ലെന്നേയുള്ളൂ. നിങ്ങൾക്കെന്തേലും പറ്റിപ്പോയാൽ അനാഥരായി പോകുന്നത് ഞങ്ങളാണ്." "നമ്മള് കയ്യൊഴിഞ്ഞാ സൂര്യൻ എങ്ങോട്ട് പോകും?" ചോദ്യഭാവത്തിൽ പരമു ഭാര്യയെ നോക്കിയപ്പോ അവർക്കും അതിന് ഉത്തരമില്ലായിരുന്നു. "എനിക്ക് വേണ്ടി നിങ്ങളാരും അടി കൊള്ളണ്ട മാമാ. ഞാനെങ്ങോട്ടെങ്കിലും പൊയ്ക്കോളാം. ഇവിടെ നടന്നതൊക്കെ ഞാൻ വാതിലിന് മറവിൽ നിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ പേടിച്ചിട്ടാ പുറത്തേക്കിറങ്ങി വരാതിരുന്നത്.

എന്റെ അച്ഛനെയും അമ്മയെയും വണ്ടി ഇടിപ്പിച്ചു കൊന്ന ദുഷ്ടൻ നിങ്ങളെ കൊല്ലാനും മടി കാണിക്കില്ല. അതുകൊണ്ട് ഞാനിവിടുന്ന് പോവാ. എന്നെ സഹായിച്ചതിന്റെ പേരിൽ മാമനും മാമിക്കും ഇനി ചെറിയച്ഛന്റെ ഉപദ്രവം ഉണ്ടാവാൻ പാടില്ല." അത്രയും പറഞ്ഞതും സൂര്യൻ കരഞ്ഞുപോയി. "നീ സങ്കടപ്പെടല്ലേ മോനേ... മാമൻ എന്തെങ്കിലും വഴി കണ്ട് പിടിക്കാം." "മാമനൊന്നും ചെയ്യാൻ പറ്റില്ല... ചെറിയച്ഛൻ എന്തൊക്കെ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് അറിയില്ല. അയാളുടെ പ്രതികാരം എന്നോടല്ലേ, തീർത്തോട്ടെ... എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ... ഇപ്പൊത്തന്നെ അവരുടെ അടിയും തൊഴിയും കൊണ്ട് മാമന്റെ ദേഹമൊക്കെ നീര് വച്ചിട്ടുണ്ട്... മാമിയുടെ നെറ്റി പൊട്ടി ചോര വരുന്നുണ്ടല്ലോ... ഇതൊക്കെ ഞാൻ കാരണമല്ലേ.... എന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് കൊണ്ടല്ലേ ഇങ്ങനെയെല്ലാം നടന്നത്...

ഇനിയൊരു നിമിഷം പോലും ഞാനിവിടെ നിൽക്കില്ല മാമാ... മാമി ഞാൻ പോവാ..." ഇരുവരെയും നോക്കി യാത്ര ചോദിച്ച് പരമു പിള്ളയുടെ പിൻവിളി കാര്യമാക്കാതെ അവൻ നാട്ടുവഴിയിലേക്ക് ഇറങ്ങി നടന്നു. കുറച്ചുദൂരം വയൽ വരമ്പിലൂടെ ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്ന സൂര്യൻ ചെമ്മൺ പാതയിലേക്ക് തിരിഞ്ഞതും അവന്റെ മുന്നിൽ ഒരു പോലിസ് ജീപ്പ് വന്ന് ബ്രേക്കിട്ട് നിന്നു. അതിൽ നിന്നും ചാടിയിറങ്ങിയ കാക്കി വേഷധാരികളായ രണ്ട് പോലീസുകാർ അവനെ പിടിച്ചുവലിച്ച് ജീപ്പിനുള്ളിലേക്കിട്ട് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story