സൂര്യനെ മോഹിച്ചവൾ: ഭാഗം 5

Suryane Mohichaval

രചന: ശിവ എസ് നായർ

കുറച്ചുദൂരം വയൽ വരമ്പത്തുകൂടി ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്ന സൂര്യൻ ചെമ്മൺ പാതയിലേക്ക് തിരിഞ്ഞതും അവന്റെ മുന്നിലേക്ക് ഒരു പോലിസ് ജീപ്പ് വന്ന് ബ്രേക്കിട്ട് നിന്നു. അതിൽ നിന്നും ചാടിയിറങ്ങിയ കാക്കി വേഷധാരികളായ രണ്ട് പോലീസുകാർ അവനെ പിടിച്ചുവലിച്ച് ജീപ്പിനുള്ളിലേക്കിട്ട് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കണ്ണടച്ച് തുറക്കുന്ന നിമിഷത്തിലാണ് എല്ലാം നടന്നത്. പോലീസുകാർ തന്നെയെന്തിനാ പിടിച്ചു കൊണ്ട് പോകുന്നതെന്ന് സൂര്യന് മനസ്സിലായില്ല. "സർ... എന്നെയെങ്ങോട്ടാ കൊണ്ട് പോകുന്നത്? ഞാനെന്ത് തെറ്റാ ചെയ്തത്? എന്നെ വിടൂ." കരുത്തരായ ആ പോലീസുകാരുടെ പിടിയിൽ നിന്നും കുതറി പിടഞ്ഞവൻ ഇരുവരോടും മാറി മാറി തന്നെ പിടിച്ചുകൊണ്ട് പോകുന്നതെന്തിനാന്ന് ചോദിച്ചു കൊണ്ടിരുന്നു. "വായടച്ച് മിണ്ടാതിരിക്കെടാ ചെക്കാ. നിന്നെ എന്തിനാ കൊണ്ട് പോകുന്നതെന്ന് സ്റ്റേഷനിൽ ചെല്ലുമ്പോൾ നിനക്ക് മനസ്സിലാകും. ഇപ്പൊ മിണ്ടാതെ അടങ്ങിയിരുന്നില്ലെങ്കിൽ അടിച്ച് നിന്റെ മോന്തേടെ ഷേപ്പ് മാറ്റും ഞാൻ." ഇടിമുഴക്കം പോലെയുള്ള പോലീസുകാരന്റെ ശബ്ദത്തിൽ സൂര്യൻ കിടുങ്ങിപ്പോയി. ചെറിയച്ഛൻ തന്നെ ഏതോ കെണിയിലാക്കിയതാണെന്ന് അവനൊരു തോന്നലുണ്ടായി. അത് സത്യമായിരുന്നു.

സൂര്യനെയും വഹിച്ചു കൊണ്ട് ചെന്ന പോലീസ് ജീപ്പ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കയറ്റി നിർത്തിയതും പോലീസുകാരിൽ ഒരുവൻ സൂര്യനെ ജീപ്പിൽ നിന്ന് വലിച്ചിറക്കി ലോക്കപ്പിൽ കൊണ്ട് പോയി അടച്ചിട്ടു. പോലീസുകാർ എന്ത് കുറ്റത്തിനാണ് തന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് വന്നതെന്ന് അറിയില്ലെങ്കിലും എന്തോ ഒരു ചതി നടക്കുന്നുണ്ടെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. ലോക്കപ്പിന്റെ അഴികളിൽ പിടിച്ച് തന്റെ മുന്നിലൂടെ നടന്ന് പോകുന്ന പോലീസുകാരെ ദയനീയമായി അവനൊന്ന് നോക്കി. ആരും അവനെ ഗൗനിച്ചില്ല. സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു. അപ്പോഴാണ് സ്റ്റേഷന് മുന്നിൽ ഒരു ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്. സൂര്യനെ പിടിച്ചുകൊണ്ട് വന്ന കൂട്ടത്തിലുള്ള ഒരു പോലിസുകാരൻ ധൃതിയിൽ പുറത്തേക്കിറങ്ങി പോകുന്നത് അവൻ കണ്ടു. അൽപ്പ സമയം കഴിഞ്ഞ് എസ് ഐ അശോകൻ അയാൾക്കൊപ്പം അവിടേക്ക് കടന്ന് വന്നു. പല്ലാവൂർ പോലീസ് സ്റ്റേഷനിലെ ഇപ്പോഴത്തെ എസ് ഐ ആറ് മാസങ്ങൾക്ക് മുൻപ് പുതുതായി ചാർജടുത്തയാളാണ്. കാശിന് വേണ്ടി എന്ത് നെറികേടിനും കൂട്ടുനിൽക്കാൻ മടിയില്ലാത്ത മുരടനായ അയാൾ സുശീലന്റെ സ്വന്തം ആൾ തന്നെയായിരുന്നു. "തോമസേ... ഇവനാണല്ലേ സുശീലൻ പറഞ്ഞ ആ ചെക്കൻ?"

താടിയുഴിഞ്ഞുകൊണ്ട് അശോകൻ ലോക്കപ്പിന് മുന്നിൽ വന്ന് നിന്ന് സൂര്യനെ അടിമുടി നോക്കി. "അതേ സാറേ... കുറച്ചു മുൻപാ ഇങ്ങോട്ട് കൊണ്ട് വന്നത്." "നമുക്ക് ഇന്നുതന്നെ ഇവനെ കോടതിയിൽ ഹാജരാക്കണം. ഉടനെയൊന്നും പുറത്ത് വരാത്ത രീതിയിലൊരു ചാർജ് ഷീറ്റ് വേണം താനെഴുതാൻ." അശോകൻ കൈകൾ കൂട്ടിത്തിരുമി. "സാർ ഉദ്ദേശിക്കുന്നത്..." സംശയത്തോടെ കോൺസ്റ്റബിൾ തോമസ് അയാളെ നോക്കി. "ചാർജ് ഷീറ്റിൽ എന്താ എഴുതേണ്ടതെന്ന് ഞാൻ പറഞ്ഞു തരാം. രണ്ട് കിലോ കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചതിനും സ്കൂൾ കുട്ടികൾക്ക് രഹസ്യമായി കഞ്ചാവ് കൊടുക്കുകയും ചെയ്താണ് ഇവൻ ചെയ്ത കുറ്റം. ഇവന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവാണ് ഇതെന്ന് കോടതിയിൽ കാണിക്കണം." പ്ലാസിക് കവറിൽ പൊതിഞ്ഞിരുന്ന രണ്ട് കിലോ കഞ്ചാവ് അടങ്ങിയ പാക്കറ്റ് അശോകൻ കോൺസ്റ്റബിൾ തോമസിന് കൈമാറി. ഇരുവരുടെയും സംഭാഷണങ്ങൾ കേട്ടുകൊണ്ട് നിന്ന സൂര്യൻ ഒരുൾക്കിടിലത്തോടെ എസ് ഐ യെ നോക്കി.

"അയ്യോ... സാറേ... എന്നോട് ഇങ്ങനെയൊന്നും ചെയ്യരുത്. എന്റെ ഭാവി നിങ്ങളെല്ലാരും കൂടി നശിപ്പിക്കരുത്. ചെറിയച്ഛൻ എന്റെ അച്ഛനോടുള്ള പക വീട്ടുകയാണ്. അയാളാണ് എന്റെ അച്ഛനെയും അമ്മയെയും ലോറി ഇടിപ്പിച്ച് കൊന്നത്." ലോക്കപ്പിന്റെ അഴികളിൽ പിടിച്ച് അവൻ കരഞ്ഞുപറഞ്ഞു. അത് കേട്ടതും എസ് ഐ അശോകൻ ലോക്കപ്പ് തുറന്ന് അകത്തേക്ക് കയറി. തന്റെ തൊട്ട് മുന്നിൽ വന്ന് നിന്ന് വല്ലാത്ത ഭാവത്തിൽ ചുഴിഞ്ഞുനോക്കുന്ന ആ പോലിസ് ഉദ്യോഗസ്ഥനെ സൂര്യൻ പേടിയോടെ നോക്കി. അയാൾ അവന്റെ നേർക്ക് നടന്നടുത്തപ്പോൾ സൂര്യൻ ഭയന്ന് പിന്നോട്ട് ചുവടുകൾ വച്ചു. "മിണ്ടാതെ അടങ്ങി കിടക്കെടാ ചെക്കാ. എന്ത് ചെയ്യണം എന്ത് ചെയ്യണ്ടെന്ന് നീയെന്നെ പഠിപ്പിക്കാൻ വരണ്ട. മര്യാദക്ക് നാളെ കോടതിയിൽ കുറ്റമേറ്റ് പറഞ്ഞാൽ നിന്റെ ജീവനെങ്കിലും ബാക്കി കിട്ടും. അല്ലെങ്കിൽ കൊന്ന് കെട്ടിതൂക്കി ആത്മഹത്യയാക്കാൻ ഞങ്ങൾക്കറിയാം." അവന്റെ അടിവയറ്റിൽ കാൽമുട്ട് കൊണ്ട് ആഞ്ഞു തൊഴിച്ച് അശോകൻ മുരണ്ടു. "ഹമ്മേ...." ഇരുകൈകൾ കൊണ്ട് വയറ് പൊത്തി സൂര്യൻ നിലത്തേക്കിരുന്നുപോയി. അശോകൻ അവനെ കോളറിൽ തൂക്കിയെടുത്ത് ഭിത്തിയോട് ചേർത്ത് കവിളിൽ മാറി മാറി തല്ലി.

പിന്നെ അവനെ കുനിച്ച് നിർത്തി മുതുകിൽ മുഷ്ടി ചുരുട്ടി മൂന്നിടി ഇടിച്ചു. അയാളുടെ ഓരോ പ്രഹരത്തിലും അച്ഛനെയും അമ്മയെയും വിളിച്ച് അവൻ ഉറക്കെ കരഞ്ഞു. ഒടുവിൽ ചോര തുപ്പി തളർന്ന് വീണ സൂര്യനെ ബൂട്ട് കൊണ്ട് ചവുട്ടി അശോകൻ തന്റെ കടമ നിർവഹിച്ചു. "കുറച്ചു കഴിഞ്ഞ് കോടതിയിലേക്ക് കൊണ്ട് പോകുമ്പോ അവിടെ നീ എന്ത് പറയണമെന്ന് തോമസ് പറഞ്ഞു തരും. അത്‌ അതുപോലെ അനുസരിച്ചാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ തന്തേടേം തള്ളടേം പിറകേ മോനെയും അയക്കേണ്ടി വരും." സൂര്യന്റെ മുഖത്തിനിട്ട് ഒരു ചവിട്ട് കൂടി കൊടുത്തിട്ട് അയാൾ സെല്ലിന് പുറത്തേക്കിറങ്ങി പോയി. ലോക്കപ്പിനുള്ളിൽ വെറും നിലത്ത് അടികൊണ്ട് ചതഞ്ഞ ശരീരവുമായി നീറുന്ന മനസ്സോടെ സൂര്യൻ കിടന്നു. ഇതൊക്കെ അനുഭവിക്കാൻ മാത്രം താനെന്ത് തെറ്റാണ് ചെയ്തതെന്നോർത്ത് സ്വയം പരിതപിക്കാനേ അവന് കഴിഞ്ഞുള്ളൂ. ഒരിറ്റ് ദാഹ ജലത്തിനായി അവന്റെ തൊണ്ട വരണ്ടുപൊട്ടി. കുടിക്കാനൊരു ഗ്ലാസ്‌ വെള്ളം ചോദിക്കാനുള്ള ശേഷി പോലുമില്ലാതെ കണ്ണുകൾ അടച്ച് നിശബ്ദമായി തേങ്ങികൊണ്ട് സൂര്യൻ ആ കിടപ്പ് കിടന്നു. 🍁🍁🍁🍁

"ഇന്നത്തോടെ ആ പീറ ചെക്കന്റെ കാര്യത്തിൽ തീരുമാനമാകും." മുന്നിലിരുന്ന ഗ്ലാസിലേക്ക് മദ്യം പകർന്ന് കൊണ്ട് തനിക്ക് ചുറ്റും വട്ടമിട്ടിരുന്ന് വെള്ളമടിക്കുന്ന അളിയന്മാരെ നോക്കി സുശീലൻ പറഞ്ഞു. "എന്തായാലും കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ചതിനേക്കാൾ വേഗത്തിൽ നടന്നു." സുധർമ്മയുടെ മൂത്ത ആങ്ങള മാധവമായിരുന്നു അത്. "നമ്മളും ഒരു ആക്‌സിഡന്റിലൂടെ അവരെ തീർക്കാൻ പ്ലാൻ ചെയ്തിരുന്നതല്ലേ. അതിന് മുൻപേ കാലൻ തന്നെ ആ ജോലി ഏറ്റെടുത്ത് ഭംഗിയാക്കിയത് കൊണ്ട് ഒരു കൊലക്കുറ്റം തലയിൽ നിന്നൊഴിഞ്ഞു കിട്ടി. പക്ഷേ ആ നാറിക്ക് വേണ്ടി അവന്റെ ആരുമല്ലാത്ത എന്റെ അമ്മ ഹൃദയം പൊട്ടി മരിച്ചത് മാത്രം എനിക്ക് സഹിച്ചിട്ടില്ല. അമ്മയുടെ മരണം ഞാനൊട്ടും പ്രതീക്ഷിച്ചതല്ല. പക്ഷേ ഇപ്പൊ ഓർക്കുമ്പോ തോന്നുന്നു അവരും ചത്തത് നന്നായെന്നാ. അവസാന നിമിഷവും അവർക്ക് സ്വന്തം മോനേക്കാൾ സ്നേഹക്കൂടുതൽ ആ ചെറ്റയോടല്ലായിരുന്നോ. അമ്മ മരിച്ചിട്ടില്ലായിരുന്നെങ്കിൽ ആ തെണ്ടി ചെക്കനെയും ഇറക്കി വിടാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് അവർ മരിച്ചതോർക്കുമ്പോ ഇപ്പൊ വിഷമമൊന്നും തോന്നുന്നില്ല." ഗ്ലാസിലിരുന്ന മദ്യം സുശീലൻ ഒറ്റവലിക്ക് കുടിച്ച് തീർത്തു.

"അതൊക്കെ വിടളിയാ... ഇനിയീ സ്വത്തുക്കളൊക്കെ നിന്റെ പേരിലേക്ക് ആക്കിയെടുക്കാനാ നീ ശ്രമിക്കേണ്ടത്. അതുപോലെ നിന്റെ ചേട്ടൻ ഈ നാട്ടുകാർക്കിടയിൽ ഉണ്ടാക്കിയെടുത്ത സൽപ്പേര് ഇല്ലാതാക്കുകയും പകരം ആളുകൾ നിന്നെ ആ സ്ഥാനത്തേക്ക് കാണുകയും വേണം. ആ ചെക്കന്റെ പേരിലുള്ള കഞ്ചാവ് കേസ് നാട്ടുകാർ അറിയുമ്പോൾ തന്നെ നമ്മുടെ പണി പകുതി കുറഞ്ഞുകിട്ടും." സുധർമ്മയുടെ രണ്ടാമത്തെ ആങ്ങള മുകുന്ദനാണ് അത് പറഞ്ഞത്. "നിങ്ങളുടെ പുന്നാര പെങ്ങൾക്ക് നമ്മളീ ചെയ്ത് കൂട്ടിയതൊന്നും പിടിച്ചിട്ടില്ല." തങ്ങളുടെ പ്രവർത്തികളിൽ അനിഷ്ടം പ്രകടിപ്പിച്ച് മാറിയിരിക്കുന്ന ഭാര്യയെ നോക്കി സുശീലൻ പറഞ്ഞു. "ഞങ്ങളുടെ വീട്ടിൽ രാജകുമാരിയെ പോലെ ജീവിച്ച നിനക്ക് ഇവിടെ വന്ന് കേറിയപ്പോ മുതൽ നരകജീവിതമല്ലായിരുന്നോ. ഇത്രയും വർഷം ഇങ്ങനെ ജീവിച്ചിട്ട് നിനക്ക് മതിയായില്ലേ. നിനക്കും പിള്ളേർക്കും കൂടി വേണ്ടിയാ ഞങ്ങളിതൊക്കെ ചെയ്തത്. നിന്റെ ഭർത്താവിനും കൂടി അവകാശപ്പെട്ട തറവാടും സ്വത്തുക്കളുമാണ് ഇത്ര കാലം ഇവന്റെ ചേട്ടൻ ഒറ്റയ്ക്ക് അടക്കിഭരിച്ച് കൊണ്ടിരുന്നത്. ഞങ്ങള് അവനെ തീർക്കണോന്ന് വിചാരിച്ചത് സത്യമാ. പക്ഷേ അതിന് മുൻപ് തന്നെ ശല്യം ഒഴിഞ്ഞു പോയി.

അതുകൊണ്ട് കാര്യങ്ങൾ ഉദ്ദേശത്തിനേക്കാൾ എളുപ്പത്തിലായി. എന്നും നിങ്ങൾക്കിങ്ങനെ ദാരിദ്ര്യത്തിൽ കഴിഞ്ഞാൽ മതിയോ?" മുഖം തിരിച്ചിരിക്കുന്ന പെങ്ങളെ നോക്കി മാധവൻ ചോദിച്ചു. "എന്റെ ഭർത്താവിന് അവകാശപ്പെട്ട ഒരേക്കർ പുരയിടവും അത്യാവശ്യം നല്ലൊരു ബാങ്ക് ബാലൻസും സുരേന്ദ്രൻ ചേട്ടൻ കൊടുത്തപ്പോ സുശീലേട്ടനല്ലേ അത് മാത്രം പോരെന്നും ഈ തറവാട്ടിലും അവകാശം വേണമെന്ന് പറഞ്ഞ് വാശി പിടിച്ചത്. തന്നതും വാങ്ങി പോയി സുഖമായി ജീവിക്കാമായിരുന്നല്ലോ. അത് ചെയ്യാതെ നിങ്ങളെല്ലാരും കൂടി സ്വത്ത്‌ തട്ടിയെടുക്കാൻ അവരെ രണ്ട് പേരെയും കൊല്ലാൻ തീരുമാനിച്ചത് തന്നെ മാപ്പർഹിക്കാത്ത തെറ്റാണ്. ഈ പാപത്തിൽ നിന്ന് പങ്ക് പറ്റാൻ എനിക്ക് പറ്റില്ല. ഒരു തെറ്റും ചെയ്യാത്ത ആ പാവം ചെക്കനെ കൂടി കഞ്ചാവ് കേസിൽ പെടുത്തി പോലീസിനെ കൊണ്ട് പിടിപ്പിച്ചില്ലേ നിങ്ങൾ. അവന്റെ പ്രായമല്ലെങ്കിലും നമുക്കും മക്കളുണ്ടെന്ന് ആരും ഓർത്തില്ലല്ലോ. ഇതിനെല്ലാം നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും. പട്ട് മെത്തയും സുഖ സൗകര്യങ്ങളുമില്ലെങ്കിലും ജീവിക്കാൻ കഴിയുമെന്ന് ഈ ചതിയന്റെ കൂടെ ഇറങ്ങിപ്പോയപ്പോ എനിക്ക് ബോധ്യമായതാ.

പ്രായത്തിന്റെ പക്വതയില്ലായ്മയിൽ എനിക്ക് പറ്റിയൊരു അബദ്ധമായിരുന്നു മുന്നും പിന്നും നോക്കാതെ ഇയാളുടെ കപട സ്നേഹത്തിന് മുന്നിൽ മയങ്ങി ഇറങ്ങി വന്നത്. ആ തെറ്റിനുള്ള ശിക്ഷയായി ഞാനീ ജീവിതത്തെ കാണുന്നുണ്ട്. അതുകൊണ്ട് ചായ്‌പ്പിലായാലും തെരുവിലായാലും ഞാൻ ജീവിക്കാൻ പഠിച്ച് കഴിഞ്ഞു. അതുകൊണ്ട് ചതിയിലൂടെ നിങ്ങൾ നേടിയെടുത്തതൊന്നും എനിക്കും പിള്ളേർക്കും വേണ്ട." വാശിയോടെ പറഞ്ഞുകൊണ്ട് സുധർമ്മ അവർക്കരികിൽ നിന്ന് എഴുന്നേറ്റ് ചായ്‌പ്പിലേക്ക് തന്നെ പോയി. "അവള് പറഞ്ഞിട്ട് പോയതൊന്നും നീ കാര്യമാക്കണ്ട. നീ രണ്ട് പെഗ് കൂടി ഒഴിച്ചേ." മുകുന്ദൻ സുശീലന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു.

തികട്ടി വന്ന കോപത്തെ കടിച്ചമർത്തി സുശീലൻ ഗ്ലാസ്സിലേക്ക് വീണ്ടും പെഗ് ഒഴിച്ചു. ആ നിമിഷം ഭാര്യയുടെ ചെകിടടിച്ച് പൊളിക്കാനുള്ള ദേഷ്യം അയാളിലുണ്ടായി. അളിയന്മാർ ഒപ്പമുള്ളത് കൊണ്ട് മാത്രം സുശീലൻ കോപമടക്കാൻ ശ്രമിച്ചു. അതേസമയം ചായ്‌പ്പിലേക്ക് ഓടിപ്പോയ സുധർമ്മ ഉറങ്ങിക്കിടക്കുന്ന തന്റെ രണ്ട് മക്കളെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. സുശീലന്റെ സ്വഭാവം നന്നായിയറിയാവുന്ന അവർക്ക് അയാൾ ഇനി എന്തൊക്കെയാണ് ചെയ്ത് കൂട്ടാൻ പോകുന്നതെന്നോർത്തിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. 🍁🍁🍁🍁🍁 ആരോ ലോക്കപ്പ് തുറക്കുന്ന ശബ്ദം കേട്ടാണ് സൂര്യൻ നിലത്ത് നിന്നും തലയുയർത്തി നോക്കിയത്. ഒരു പോലീസുകാരൻ അകത്തേക്ക് വരുന്നതും അവന്റെ അടുത്ത് വന്ന് മുട്ടുകുത്തിയിരിക്കുന്നതും കണ്ട് അടഞ്ഞുപോയ മിഴികൾ വലിച്ച് തുറന്ന് അവൻ ബദ്ധപ്പെട്ട് മുന്നിൽ വന്നിരുന്നയാളെ നോക്കി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story