സൂര്യനെ മോഹിച്ചവൾ: ഭാഗം 6

Suryane Mohichaval

രചന: ശിവ എസ് നായർ

ആരോ ലോക്കപ്പ് തുറക്കുന്ന ശബ്ദം കേട്ടാണ് സൂര്യൻ നിലത്ത് നിന്നും തലയുയർത്തി നോക്കിയത്. ഒരു പോലീസുകാരൻ അകത്തേക്ക് വരുന്നതും അവന്റെ അടുത്ത് വന്ന് മുട്ടുകുത്തിയിരിക്കുന്നതും കണ്ട് അടഞ്ഞുപോയ മിഴികൾ വലിച്ച് തുറന്ന് അവൻ ബദ്ധപ്പെട്ട് മുന്നിൽ വന്നിരുന്നയാളെ നോക്കി. "കു... ടി... കുടി... കുടിക്കാൻ കു... കുറച്ച് വെള്ളം തരോ സാ...ർ." വാക്കുകൾ എണ്ണിപ്പെറുക്കി അവൻ ചോദിച്ചു. സൂര്യന്റെ ചോദ്യം കേട്ട് അയാൾ എഴുന്നേറ്റ് സെല്ലിന് പുറത്തേക്ക് പോയി കയ്യിലൊരു ഗ്ലാസ്‌ വെള്ളവുമായി അവന്റെയടുത്തേക്ക് വന്നു. സൂര്യന്റെ മുന്നിലേക്ക് കോൺസ്റ്റബിൾ അഭിഷേക് ആ ഗ്ലാസും വെള്ളവും നീക്കി വച്ചു. അത് കണ്ടതും ആർത്തിയോടെ സൂര്യൻ ഗ്ലാസ്‌ കയ്യെത്തി പിടിക്കാൻ ശ്രമിച്ചു. പരസഹായമില്ലാതെ ഒന്ന് എഴുന്നേറ്റിരിക്കാൻ പോലും അവന് കഴിയുന്നില്ലെന്ന് കണ്ട അഭിഷേക് സൂര്യനെ താങ്ങിപ്പിടിച്ച് എണീപ്പിച്ച് ഭിത്തിയോട് ചേർത്തിരുത്തി. ശേഷം ഗ്ലാസ്‌ അവന്റെ ചുണ്ടോട് ചേർത്ത് കൊടുത്തു. നന്ദിയോടെ തന്റെ മുന്നിലിരിക്കുന്ന പോലീസുകാരനെ നോക്കി അവൻ ആർത്തിയോടെ വെള്ളം കുടിച്ചു.

"ഇനിയും വേണോ..?" അലിവോടെ അഭിഷേക് ചോദിച്ചു. "മ്മ്മ്മ് വേണം..." ആയാസപ്പെട്ട് അവൻ മറുപടി പറഞ്ഞു. അഭിഷേക് പുറത്തേക്ക് പോയി ഒരു കുപ്പിയിൽ വെള്ളം നിറച്ച് കൊണ്ടുവന്ന് സൂര്യന് കുടിക്കാനായി കൊടുത്തു. അത്യധികം ആർത്തിയോടെ അവൻ കുപ്പിയിലെ വെള്ളം മുഴുവനും ഒറ്റയടിക്ക് കുടിച്ച് തീർക്കുന്നത് അഭിഷേക് നോക്കി നിന്നു. ആ സ്റ്റേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ പോലിസ് ഉദ്യോഗസ്ഥനാണ് അഭിഷേക്. ഇരുപത്തിയൊന്ന് വയസ്സ് പ്രായം. അഭിഷേകിന് ജോലിയിൽ പ്രവേശിച്ചയുടനെ ആദ്യ പോസ്റ്റിങ്ങ്‌ കിട്ടിയത് പല്ലാവൂർ സ്റ്റേഷനിലാണ്. അവനവിടെ ജോയിൻ ചെയ്തിട്ട് കഷ്ടിച്ച് രണ്ട് ദിവസമാകുന്നേയുള്ളു. അഭിഷേകിന്റെ അച്ഛൻ ദിവാകരൻ രണ്ട് വർഷം മുൻപ് സർവീസിലിരിക്കുമ്പോൾ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞതാണ്. അങ്ങനെ അച്ഛന്റെ ജോലിയാണ് മകന് ലഭിച്ചത്. "സാർ... ഞാ... ൻ... ഞാൻ നിരപരാധിയാണ് സാർ. ഒരു തെറ്റും ചെയ്യാത്ത എന്നെ കള്ള കേസിൽ കുടുക്കിയാണ് ഇവരിവിടെ പിടിച്ചു വച്ചിരിക്കുന്നത്.

സാറെങ്കിലും ദയവ് തോന്നി എന്നെ രക്ഷിക്കണം. എനിക്ക് സഹായം ചോദിക്കാനാരുമില്ല..." അഭിഷേകിന്റെ കാലിൽ വീണ് അവൻ കേണപേക്ഷിച്ചു. "ഹേയ്... താനെന്തായീ കാണിക്കുന്നത്..." അഭിഷേക് ഒരു ചുവട് പിന്നോട്ട് വച്ച് നിലത്ത് മുട്ടൂന്നി സൂര്യന്റെ കൈകൾ തന്റെ കാൽക്കൽ നിന്ന് അടർത്തി മാറ്റി. "ഇവിടെ സാറ് മാത്രമാണ് എന്നോടിത്രയെങ്കിലും ദയ കാണിച്ചത്. ഇന്നലെ, ടൗണിൽ വച്ച് നടന്ന ആക്‌സിഡന്റിൽ എന്റെ അച്ഛനും അമ്മയും മരിച്ചുപോയി സർ. സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടി എന്റെ ചെറിയച്ഛൻ കരുതി കൂട്ടി നടത്തിയ ആക്‌സിഡന്റാണോന്നും എനിക്ക് സംശയമുണ്ട്... അച്ഛന്റേം അമ്മേടേം മരണ വാർത്തയറിഞ്ഞ് അച്ഛമ്മയും അറ്റാക്ക് വന്ന് മരിച്ചു. മൂവരുടെയും അടക്കം കഴിഞ്ഞതിന്റെ തൊട്ട് പിന്നാലെ എന്റെ ചെറിയച്ഛനെന്നെ തറവാട്ടിൽ നിന്നടിച്ച് പുറത്താക്കി. അതും പോരാഞ്ഞ് പോലീസുകാരെ സ്വാധീനിച്ച് കള്ളകേസിൽ കുടുക്കി ലോക്കപ്പിലുമാക്കി.

ഇത്രയൊക്കെ ദ്രോഹം എന്നോട് ചെയ്യാൻ മാത്രം ഞാനൊരു തെറ്റും ചെയ്തിട്ടില്ല സർ. എന്റെ അച്ഛനോടുള്ള പക അയാൾ എന്നോട് വീട്ടുകയാണ്. എന്നെ സഹായിക്കാനോ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനോ ആരുമില്ല." തന്റെ മുന്നിൽ സഹായത്തിനായി അപേക്ഷിക്കുന്ന സൂര്യനെ നിസ്സഹായതയോടെ നോക്കി കാണാനേ അഭിഷേകിനായുള്ളു. "ഞാനീ സ്റ്റേഷനിൽ ചാർജെടുത്തിട്ട് തന്നെ രണ്ട് ദിവസമേ ആയുള്ളൂ. ഇവിടെയുള്ള പോലീസുകാരെ നിന്റെ ചെറിയച്ഛൻ നേരത്തെ തന്നെ പണം കൊടുത്ത് സ്വാധീനിച്ച് കഴിഞ്ഞു. എനിക്കൊറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല സൂര്യാ. അവരെല്ലാവരും കൂടി നിന്നെ ട്രാപ്പിലാക്കിയിരിക്കുകയാ. രക്ഷപ്പെടുത്താനോ രക്ഷപ്പെടാനോ ഒരു വഴിയുമില്ല. ഇവിടുന്ന് തുറന്ന് വിടാമെന്ന് വച്ചാൽ നിന്റെ ചെറിയച്ഛന്റെ കൈക്കൂലി വാങ്ങിക്കാത്തത് കൊണ്ട് ഞാൻ നിന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചാലോന്ന് കരുതി സ്റ്റേഷനിൽ നല്ല സെക്യൂരിറ്റി ഏർപ്പെടുത്തിയിട്ടുണ്ട് ആ എസ് ഐ."

അഭിഷേകിന്റെ വാക്കുകൾ കേട്ട് അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട സൂര്യൻ നിലത്തേക്ക് കുഴഞ്ഞിരുന്നു. "മരിക്കാൻ എനിക്ക് പേടിയാ സർ... അല്ലെങ്കിൽ അച്ഛന്റെയും അമ്മയുടെയും കൂടെ ഞാനും പോകുമായിരുന്നു. ഇതിപ്പോ ഒരു തെറ്റും ചെയ്യാതെ കുറ്റമേൽക്കേണ്ട ഗതികേടാണല്ലോ എനിക്ക്." "കോടതിയിൽ നീ കുറ്റമേറ്റ് പറഞ്ഞില്ലെങ്കിൽ രഹസ്യമായി കൊന്ന് കളയാനാ അവരുടെ പദ്ധതി. ആ എസ് ഐ ഫോണിലൂടെ ആരോടോ പറയുന്നത്ഞാൻ കേട്ടതാ." അഭിഷേക് ശബ്ദം താഴ്ത്തി അവനോട് പറഞ്ഞു. "വേണ്ട സർ... എനിക്ക് മരിക്കണ്ട..." "നീ തളരരുത് സൂര്യാ... പക്ഷെ ഇവിടെ നിന്ന് നിന്നെ രക്ഷിക്കാൻ എനിക്ക് കഴിയില്ല." "എനിക്ക് മനസ്സിലാകും സർ... സാറെങ്കിലും എന്നോടിത്തിരി ദയവ് കാണിച്ചല്ലോ, അതുമതി." "കോടതിയിൽ നീ കുറ്റം സമ്മതിച്ചാൽ നിന്നെ നേരെ വിടുന്നത് ജുവൈനൽ ഹോമിലായിരിക്കും. അവിടെ കഴിഞ്ഞ് കൂടാൻ നീ കഷ്ടപ്പെടും സൂര്യാ." "എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാൻ ഞാൻ തയ്യാറാണ് സർ. അവരെ കൊന്ന ചെറിയച്ഛനോട് പ്രതികാരം വീട്ടാനെങ്കിലും ഞാൻ ജീവിച്ചിരുന്നേ മതിയാകൂ."

അത്രയും സമയം കരഞ്ഞു തളർന്നിരുന്നവന്റെ മിഴികളിൽ പകയുടെ കനലെരിയുന്നത് അഭിഷേക് വ്യക്തമായി കണ്ടു. "സൂര്യാ... നീയിപ്പോഴും ചെറുപ്പമാണ്. എടുത്ത് ചാടി പ്രവർത്തിക്കാതെ ബുദ്ധി ഉപയോഗിച്ച് വേണം നീ പിടിച്ചു നിക്കാൻ. നിന്റെ അച്ഛന്റെ സ്വത്തുക്കളൊക്കെ അയാൾ കൈക്കലാക്കി കഴിഞ്ഞാൽ അയാളെ തളർത്താൻ നീ കുറച്ച് ബുദ്ധിമുട്ടും. അതുകൊണ്ട് നീ നിന്റെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കണം. ജയിലിൽ പോയാലും പഠിപ്പ് മുടക്കരുത്. നിന്നെകൊണ്ട് പറ്റുന്നത് പോലെ പഠിക്കാൻ ശ്രമിക്കണം നീ." "ഇനിയെന്റെ ജീവിതം ഏത് വഴിക്ക് പോകുമെന്ന് എനിക്കറിയില്ല സർ. എങ്കിലും സാർ പറയുന്നത് ഞാൻ കേൾക്കാം. ഞാനിനി എന്താ ചെയ്യേണ്ടേതെന്ന് പറഞ്ഞുതരാൻ പോലും എന്റെ കൂടെയാരുമില്ല." "അതൊന്നും ഓർത്ത് നീ വിഷമിക്കണ്ട സൂര്യാ. നിന്റെ കൂടെ ഞാനുണ്ട്. എന്നെകൊണ്ട് പറ്റുന്ന സഹായം ഞാൻ ചെയ്തുതരാം." സൂര്യന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് അഭിഷേക് പുറത്തേക്ക് പോയി. 🍁🍁🍁🍁

പത്തുമണിയോടെ സൂര്യനെയും വഹിച്ചുകൊണ്ട് പോലിസ് ജീപ്പ് കോടതിയിലേക്ക് പുറപ്പെട്ടു. "ഡാ ചെക്കാ... മര്യാദക്ക് നീ കോടതിയിൽ കേസ് ഏറ്റെടുത്തോ. അല്ലെങ്കിൽ പിന്നെ നിന്നെ തീർത്തേക്കാനാ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. ജീവനെങ്കിലും ശരീരത്തിൽ ബാക്കി ഉണ്ടാവണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മര്യാദക്ക് ഞങ്ങൾ പറയുന്നത് അനുസരിക്കുന്നതാ നിനക്ക് നല്ലത്." ഭീഷണിയുടെ സ്വരത്തിൽ എസ് ഐ അശോകൻ അവനോട് പറഞ്ഞു. "സാർ പറയുന്നത് പോലെ ഞാൻ അനുസരിച്ചോളാം. എനിക്ക് മരിക്കാൻ പേടിയാ സാറേ..." എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ മുഖം കുനിച്ച് അവൻ അയാൾക്ക് മുന്നിലിരുന്നു. "അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാം. തോമസേ ഇവന് കാര്യങ്ങളൊക്കെ ഒന്ന് വിശദമായി പറഞ്ഞു കൊടുത്തേക്ക്." കോൺസ്റ്റബിൾ തോമസിന് അയാൾ നിർദേശം നൽകി. കോടതിയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോ എന്തൊക്കെ പറയണമെന്ന് തോമസ് അവനോട് വിശദമായി പറഞ്ഞു കൊടുത്തു. മറുത്തൊരക്ഷരം ഉരിയാടാതെ അയാൾ പറഞ്ഞതിനൊക്കെ അവൻ തലയനക്കി സമ്മതം മൂളി.

രണ്ട് കിലോ കഞ്ചാവ് കൈവശം വച്ചതിനും സ്കൂൾ കുട്ടികളെ ലഹരിക്ക് അടിമയാക്കാൻ ശ്രമിച്ചതുമൊക്കെ ചേർത്ത് കോടതി സൂര്യനെ രണ്ട് വർഷത്തെ കഠിന തടവിന് ഉത്തരവിട്ടു. തലയും താഴ്ത്തി അവൻ കോടതി വരാന്തയിലൂടെ പുറത്തേക്ക് നടക്കുമ്പോൾ തിങ്ങി കൂടിയ ജനങ്ങളുടെ രോഷം അവനെതിരായിരുന്നു. എത്ര പെട്ടെന്നാണ് ഒരു രാത്രി കൊണ്ട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതെന്ന് സൂര്യൻ ചിന്തിച്ചു. തങ്ങളുടെ കുട്ടികളെ കഞ്ചാവിന് അടിമയാക്കാൻ ശ്രമിച്ചവനാണ് സൂര്യനെന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാട്ടിൽ പടർന്നിരുന്നു. അതുവരെ സുരേന്ദ്രനെ വാഴ്ത്തി പാടിയിരുന്നവർ അതോടെ കളം മാറ്റി ചവിട്ടി. പോലീസിന് തെറ്റില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന് നിരപരാധിയായ സൂര്യനെ നാട്ടുകാരും അപരാധിയാക്കി . അത്രയും വർഷങ്ങൾ അവന്റെ അച്ഛൻ ആ നാട്ടുകാർക്ക് വേണ്ടി ചെയ്തിരുന്ന സത്പ്രവർത്തികൾ എല്ലാവരും പാടെ മറന്നു. സുരേന്ദ്രന്റെ മകൻ ഇത്രയും മോശം പയ്യനായിരുന്നോ എന്നാണ് കേട്ടവരൊക്കെ ചിന്തിച്ചത്. ആരും അതിന് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് ചിന്തിക്കാനോ അന്വേഷിക്കാനോ മുതിർന്നില്ല എന്നതാണ് സത്യം.

ചിലർ സുരേന്ദ്രനെ പോലൊരു നല്ല മനുഷ്യന് ഇത്രയും മോശം സ്വഭാവമുള്ളൊരു പയ്യൻ എങ്ങനെയുണ്ടായി എന്നും മകന്റെ കഞ്ചാവ് വിൽപ്പന അച്ഛൻ അറിഞ്ഞോണ്ടാണോ അറിയാതെയാണോ എന്ന തരത്തിൽ പല അഭ്യൂഹങ്ങളും നാട്ടിൽ പരക്കാൻ തുടങ്ങിയിരുന്നു. ഓർമ്മ വച്ച നാൾ മുതൽ സൂര്യനൊപ്പം ഉറ്റ സുഹൃത്തുക്കളെ പോലെ കളിച്ചു നടന്നിരുന്ന അനന്തനും ബിനീഷും വരെ ഈയൊരു കേസ് വന്നപ്പോൾ അവനെ അവിശ്വസിച്ചു. ഒടുവിൽ സുശീലൻ, താൻ വിചാരിച്ച പോലെത്തന്നെ കാര്യങ്ങൾ എത്തിച്ചേരുന്നത് കണ്ട് മനസ്സ് കൊണ്ട് സന്തോഷിച്ചു. വർഷങ്ങളായി സ്വന്തം ചേട്ടനോട് മനസ്സിൽ കൊണ്ട് നടന്ന പക അയാളുടെ മകനോട് വീട്ടാൻ പറ്റിയതിന്റെ സംതൃപ്തി അയാളുടെ മുഖത്ത് പ്രകടമായിരുന്നു. കൈയ്യിൽ വിലങ്ങുമായി നാട്ടുകാർക്ക് നടുവിൽ കൂടി അപമാനിതനായി തലയും കുനിച്ച് നടന്ന് സൂര്യൻ ജീപ്പിലേക്ക് കയറി ഇരുന്നു. കോടതി മുറ്റവും കടന്ന് പോലിസ് ജീപ്പ് അവനെയും കൊണ്ട് പോകുമ്പോൾ സുശീലൻ പരിഹാസത്തോടെ സൂര്യനെ നോക്കി ചിരിച്ചു. അവനും അയാളെ കണ്ടു... കണ്ണിൽ ആളികത്തുന്ന പകയോടെ കടുത്ത മുഖത്തോടെ സൂര്യനും അയാളെ നോക്കി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story