സൂര്യനെ മോഹിച്ചവൾ: ഭാഗം 9

Suryane Mohichaval

രചന: ശിവ എസ് നായർ

"നിങ്ങളോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനാ ഇങ്ങോട്ട് വിളിപ്പിച്ചത്." മുഖവുരയോടെ അശോകൻ പറഞ്ഞു. "സാറിനെന്താ അറിയേണ്ടത്. ഞങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഞങ്ങൾ പറയാം." സുഗുണൻ വിനീതനായി അയാൾക്ക് മുന്നിൽ നിന്നു. "സുരേന്ദ്രനും സുശീലനും തമ്മിൽ ശത്രുതയിലായിരുന്നുവെന്ന് ഇയാൾ പറയുന്നത് വാസ്തവമാണോ? സുശീലനും കുടുംബവും അമ്പാട്ട് പറമ്പിൽ തറവാടിനോട് ചേർന്നുള്ള ചായ്‌പ്പിലാണോ താമസം." "അതേ സർ... വർഷങ്ങളായി ഇവർ തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ലായിരുന്നു. അതിന്റെ കാരണം സുശീലൻ പണ്ട് തറവാട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് ഇന്ദിരയെ ഉപദ്രവിക്കാൻ ശ്രമിച്ചതാണ്. അതിന്റെ പേരിൽ സുശീലനെ അയാളുടെ അച്ഛൻ അവിടുന്ന് അടിച്ച് പുറത്താക്കുകയും ചെയ്തിരുന്നു." സുഗുണൻ തനിക്കറിയുന്ന കാര്യങ്ങൾ പോലീസിനോട് പറഞ്ഞു. "എന്റെ പൊന്നു സാറേ... അന്ന് മുതൽ എല്ലാരോടും ഞാൻ പറയുന്നതാ ഞാനവളെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ലെന്ന്. അല്ലെങ്കിൽ തന്നെ ഞാൻ കൈവച്ച പെണ്ണിനെ ഞാൻ കെട്ടാതിരിക്കുമോ. അല്ലെങ്കിൽ എന്റെ അച്ഛൻ എന്നെകൊണ്ട് കെട്ടിക്കില്ലായിരുന്നോ?

എന്റെ ചേട്ടനാണ് അവളോട് തെറ്റ് ചെയ്തത് അതിൽ എന്നെ സമർത്ഥമായി പെടുത്തി. എന്നിട്ട് വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ എന്തോ മഹാ കാര്യം ചെയ്തവനെ പോലെ ഇന്ദിരയെ അവനവന്റെ ഭാര്യയാക്കുകയും ചെയ്തു. അച്ഛനെന്നെ പുറത്താക്കിയതോടെ എന്റെ സ്വത്തുക്കൾ ചേട്ടൻ കൈവശപ്പെടുത്തി. പിന്നീട് അച്ഛന്റെ മരണശേഷം സ്വത്ത്‌ ചോദിച്ചു ഞാൻ വീട്ടിൽ പോയപ്പോഴാണ് ഞാനും ചേട്ടനും നേരിട്ടൊരു പ്രശ്നമുണ്ടായത്. എന്നെയവിടുന്ന് ഇറക്കി വിടരുതെന്ന് പറഞ്ഞു എന്റെ അമ്മ ചേട്ടന്റെ കാല് പിടിക്കുംപോലെ കെഞ്ചിയത് കൊണ്ട് മാത്രാ ചായ്‌പ്പിലെങ്കിലും കിടക്കാൻ എനിക്കും കുടുംബത്തിനും കഴിഞ്ഞത് തന്നെ. എല്ലാവരുടെയും കണ്മുന്നിൽ ചേട്ടൻ നല്ലവനായതിനാൽ എന്റെ വാക്കുകൾ വിശ്വസിക്കാൻ ഒരാള് പോലുമില്ലായിരുന്നു." മുണ്ടിന്റെ തലപ്പിൽ കണ്ണീരൊപ്പി സുശീലൻ പറഞ്ഞു. "സുരേന്ദ്രൻ ചേട്ടൻ ആളൊരു നല്ലവനായിരുന്നു സർ. നാട്ടുകാർക്കൊക്കെ ഉപകാരി. ആർക്കും അദ്ദേഹത്തെ കുറിച്ച് ഒരു കുറ്റമോ പരാതിയോ പറയാനുണ്ടായിരുന്നില്ല. ഗ്രാമത്തിലെ ഓരോ വികസനത്തിനും കൈ മെയ് മറന്ന് സഹായം ചെയ്യാൻ മുൻപിൽ നിന്നിട്ടുള്ളതും അദ്ദേഹമാണ്. അങ്ങനെയുള്ളൊരു മനുഷ്യൻ ഇത്രേം വലിയൊരു തെറ്റ് ചെയ്തിരുന്നുവെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്നു സർ.

പക്ഷേ തെളിവുകൾ കാണുമ്പോ വിശ്വസിക്കാതിരിക്കാനും പറ്റുന്നില്ല." സുഗുണന്റെ അതേ അഭിപ്രായമായിരുന്നു കൂടെ വന്നവർക്കും. "അയാൾ പഠിച്ച കള്ളനാണെന്ന് ഇതിൽ കൂടുതൽ തെളിവെന്താ വേണ്ടത്. അല്ലെങ്കിൽ ഇത്രയും നല്ലവരായ മനുഷ്യരുണ്ടോ? നാട്ടിൽ വികസനങ്ങൾക്കും മറ്റും പണം വാരിയെറിയാൻ അയാൾക്ക് കാശ് കിട്ടുന്നത് ഏത് വഴിക്കാണെന്ന് ബോധ്യമായില്ലേ. വാരിക്കൂട്ടുന്ന കാശിൽ ഒരു പങ്ക് സഹായിക്കാനാണെന്ന പേരിൽ സുരേന്ദ്രൻ ചിലവാക്കിയിരുന്നത് നാട്ടിൽ അയാൾക്കൊരു നല്ലവന്റെ പരിവേഷം കിട്ടാനായിരുന്നു. ആളുകൾ സുരേന്ദ്രനെ ദൈവമായി കണ്ടപ്പോൾ നിങ്ങളുടെ മക്കളുടെ ഭാവിയെ തന്നെ നശിപ്പിക്കാനുള്ള ലഹരിയാണ് അയാൾ ഒളിച്ചു കടത്തിയിരുന്നത്. അല്ലെങ്കിലും ഇത്തരം കേസുകൾ വെളിച്ചത്തു വന്നാൽ നമ്മൾക്കാർക്കും വിശ്വസിക്കാൻ കഴിയാത്ത ആരെങ്കിലുമായിരിക്കും പ്രതികൾ. സുരേന്ദ്രൻ ജീവിച്ചിരുന്നെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ. അയാൾക്ക് പകരം ജയിലിൽ പോയി കിടക്കാൻ യോഗം മകനായിരുന്നു. നിൽക്ക കള്ളിയില്ലെന്ന് തോന്നിയിട്ടാ സുരേന്ദ്രൻ ലോറിക്ക് മുന്നിലേക്ക് വണ്ടി ഓടിച്ചു കയറ്റി ആത്മഹത്യ ചെയ്‍തത്." "സാർ പറഞ്ഞത് ശരിയാ...

ഇത്രയൊക്കെ ധന സഹായം നൽകാനുള്ള പണം അദ്ദേഹത്തിന് നേരായ മാർഗത്തിൽ നിന്ന് കിട്ടാൻ യാതൊരു സാധ്യതയുമില്ലെന്ന് ഇപ്പൊ തോന്നുന്നുണ്ട്. ഞങ്ങളെയെല്ലാരെയും ഒരർത്ഥത്തിൽ സുരേന്ദ്രൻ കബളിപ്പിക്കിക്കുവായിരുന്നല്ലോന്ന് ഓർക്കുമ്പോൾ സങ്കടമുണ്ട് സർ. ഞങ്ങൾക്കെല്ലാം അദ്ദേഹം ദൈവ തുല്യനായിരുന്നു. ഇങ്ങനെയൊരു വഞ്ചന തീരെ പ്രതീക്ഷിച്ചതല്ല." "ഇനിയെങ്കിലും ഇത്തരം പകൽ മാന്യന്മാരെ ശ്രദ്ധിച്ചോ." "ഇനിയാരെയും ഇതുപോലെ വിശ്വസിക്കില്ല സർ." സുഗുണൻ തീർപ്പ് കൽപ്പിക്കുംപോലെ പറഞ്ഞു. "സുശീലൻ പറഞ്ഞതൊക്കെ നേര് തന്നെയല്ലേ. ഇയാളും ചേട്ടനും തമ്മിൽ വഴക്ക് കൂടുന്നതൊക്കെ നിങ്ങളും കണ്ടിട്ടുണ്ടോ.?" എസ് ഐ അശോകൻ സുഗുണനൊപ്പം വന്ന അമ്പാട്ടെ അയൽപ്പക്കത്തു താമസിക്കുന്നവരോട് ചോദിച്ചു. "ഉവ്വ് സർ... അമ്പാട്ടെ തറവാട്ടിൽ ഒരു ആശ്രിതനെ പോലെയായിരുന്നു സുശീലൻ കഴിഞ്ഞിരുന്നത്. അവിടുത്തെ പറമ്പിലെ പണികളായിരുന്നു സുരേന്ദ്രൻ ചേട്ടൻ ഇയാളെ ചുമതലപ്പെടുത്തിയിരുന്നത്. ഏൽപ്പിച്ച പണികൾ കൃത്യമായി ചെയ്ത് തീരാതിരിക്കുമ്പോൾ പലപ്പോഴും സുരേന്ദ്രൻ ചേട്ടൻ ഇയാളെ മറ്റ് പണിക്കാർക്ക് മുന്നിൽ വച്ച് തന്നെ മുഖത്തടിക്കുന്നതും വഴക്ക് പറയുന്നതുമൊക്കെ ഞങ്ങൾ കണ്ടിട്ടുണ്ട്.

സുശീലനോട് സുരേന്ദ്രൻ ചേട്ടന് നല്ല ദേഷ്യമുണ്ടായിരുന്ന കാര്യം എല്ലാവർക്കുമറിയാവുന്നതുമാണ്. പക്ഷേ അതിന് പിന്നിലെ യഥാർത്ഥ കാരണം സുശീലൻ കുറച്ചു മുൻപ് പറഞ്ഞതാണെന്ന് ഇപ്പോഴാ ഞങ്ങൾക്ക് പോലും ബോധ്യമായത്." അയൽക്കാരുടെ സംസാരം കേട്ട് സുശീലൻ ഉള്ളിൽ ചിരിച്ചു. തന്റെ കുബുദ്ധി ഏറ്റുവെന്ന് അയാൾക്ക് മനസ്സിലായി. "പിന്നെ സാറേ... അമ്പാട്ടെ കാര്യസ്ഥൻ പരമുപിള്ളയാണ് തറവാട്ടിലെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിശ്വസ്ഥനായിരുന്നു അയാൾ." അയൽക്കാരിലൊരുവൻ കൂട്ടിച്ചേർത്തു. "എന്നിട്ട് ഇന്ന് ഞാനവിടെ വന്നപ്പോൾ താങ്കളീ പറഞ്ഞ കാര്യസ്ഥനെ അവിടെയെങ്ങും കണ്ടില്ലല്ലോ." അശോകൻ ചോദിച്ചു. "ചേട്ടന്റെ മരണ വാർത്തയറിഞ്ഞ് അയാളാകെ തകർന്ന് പോയി സർ. വയ്യാതെ കിടക്കുവാണെന്നാ കേട്ടത്." സുശീലനാണ് അത് പറഞ്ഞത്. "ആ കാര്യസ്ഥനെ നാളെത്തന്നെ ഇവിടേക്ക് കൂട്ടികൊണ്ട് വരണം. അയാളെ ഇവിടെ ഹാജരാക്കേണ്ട ജോലി തനിക്കാണ്." അശോകൻ മെമ്പറെ നോക്കി.

"ഉവ്വ് സർ... ഞാൻ കൂട്ടികൊണ്ട് വരാം." "പിന്നെ ഗ്രാമത്തിലെ സ്കൂളുകളുടെ പരിസരമൊക്കെ ഒരു ശ്രദ്ധിക്കാൻ നാട്ടുകാരോട് പറയണം. മിട്ടായിൽ വരെ ലഹരി കലർത്തി കൊടുക്കുന്ന കാലമാണ്. ആ സുരേന്ദ്രന്റെ മോനെ അതിനാണ് അകത്താക്കിയത്. അവനെപ്പോലെ ആരെങ്കിലും ഇനിയും ഉണ്ടോന്ന് നമുക്കറിയില്ലല്ലോ. സുരേന്ദ്രൻ മരിച്ചതോടെ അയാൾക്ക് ഇത്രയധികം ലഹരി എവിടുന്നാണ് കിട്ടിയിരുന്നതെന്ന് കണ്ടെത്താൻ കഴിയാതെ പോയി." നിരാശയോടെ എസ് ഐ പറഞ്ഞു നിർത്തി. "ഞങ്ങൾ ശ്രദ്ധിച്ചോളാം സർ... എന്തായാലും ഇങ്ങനെയൊരു സംഗതി കേട്ടപ്പോൾ തന്നെ നാട്ടിലെല്ലാവരും പിള്ളേരെ ശ്രദ്ധിക്കുന്നുണ്ട്." "മ്മ്മ്മ്... എങ്കിൽ പിന്നെ നിങ്ങൾക്ക് പോകാം." അശോകൻ അവർക്ക് പോകാൻ അനുവാദം നൽകി. "സാറേ... ഞാനും പൊയ്ക്കോട്ടേ..." അപേക്ഷാ ഭാവത്തിൽ സുശീലൻ ഓഫീസറെ നോക്കി. "തല്ക്കാലം നീയിപ്പോ പൊയ്ക്കോ... സ്റ്റേഷനീന്ന് എപ്പോ വിളിപ്പിച്ചാലും ഇവിടെ എത്തിയിരിക്കണം." അയാൾക്ക് പോകാൻ എസ് ഐ അനുവാദം നൽകി. ഇരുവരും പരസ്പരം അർത്ഥഗർഭമായ നോട്ടം സമ്മാനിച്ചു.

പുറമേ ഗൗരവ ഭാവത്തിൽ അശോകൻ നിന്നപ്പോൾ വിനയത്തോടെ തലയനക്കി കൊണ്ട് സുശീലൻ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി. അയാളോടൊപ്പം മെമ്പർ സുഗുണനും അയൽക്കാരും ഒപ്പം കൂടി. "എന്നാലും സുശീലാ നിന്റെ ചേട്ടൻ ഇത്തരക്കാരനാണെന്ന് അറിഞ്ഞില്ലല്ലോടാ നമ്മളാരും. നമ്മുടെ മുന്നിലൂടെ മാന്യനെ പോലെ നടന്നിട്ട് ഇടയിൽ കൂടെ പണിതത് കണ്ടില്ലേ." നടക്കുന്നതിനിടയിൽ സുഗുണൻ പറഞ്ഞു. "നിങ്ങളുടെ മുന്നിലല്ലേ അയാൾ മാന്യനായി നടന്നിരുന്നത്. എന്റെ ചേട്ടനെ നിങ്ങളെയെല്ലാരേക്കാൾ എനിക്ക് നന്നായി അറിയാമല്ലോ. പക്ഷേ ഇത്രേം ഞാനും പ്രതീക്ഷിച്ചിരുന്നില്ല. അവന്റെ കഞ്ചാവ് കടത്ത് ഞാനറിയാതിരിക്കാനാകും ഇത്രേം കാലം തരാതെ ഒരുമിച്ച് അനുഭവിച്ചിരുന്ന സ്വത്തുക്കളിൽ നിന്നും എന്റെ ഓഹരിയെന്ന് പറഞ്ഞ് നക്കാപ്പിച്ച തന്ന് ഒഴിവാക്കാൻ നോക്കിയത്." എല്ലാവർക്കും വിശ്വസനീയമായ രീതിയിൽ കള്ളം പറഞ്ഞ് സുരേന്ദ്രന്റെ സൽപ്പേരിന് മേൽ കരിവാരി തേയ്ക്കാൻ സുശീലന് സാധിച്ചു.

പോലിസ് സ്റ്റേഷനിൽ വച്ച് സുശീലനെ ചോദ്യം ചെയ്തപ്പോൾ അയാൾ പോലീസിനോട് പറഞ്ഞ കാര്യങ്ങൾ മെമ്പർ വഴി നാട്ടിൽ പാട്ടാകാൻ അധികം താമസമെടുത്തില്ല. കേട്ടവരൊക്കെ സുശീലൻ സൃഷ്ടിച്ച കൃത്രിമ തെളിവുകളുടെ നിജസ്ഥിതി തിരിച്ചറിയാതെ സുരേന്ദ്രൻ മോശക്കാരനാണെന്ന് ചിന്തിച്ച് ആളുകൾ അദ്ദേഹത്തെ വെറുക്കാൻ തുടങ്ങി. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ സഹായം സ്വീകരിച്ചിരുന്നിരുന്നവർ വരെ സുരേന്ദ്രനെ അവിശ്വസിച്ചു. ഇതൊക്കെ കണ്ട് മനസ്സ് വിഷമിക്കാൻ അയാൾ ജീവനോടെ ഇല്ലല്ലോന്ന് കരുതി ആശ്വസിക്കാനേ പരമുപിള്ളയ്ക്ക് കഴിഞ്ഞുള്ളു. പിറ്റേന്ന് സുഗുണനൊപ്പം പോലിസ് സ്റ്റേഷനിൽ പോയപ്പോൾ സുശീലന്റെ ഭീഷണിയുള്ളതിനാൽ തറവാട്ടിലെ കാര്യസ്ഥ പണിക്ക് പുറമേ മറ്റൊന്നും തനിക്കറിയില്ലെന്നും ബിസിനസ്‌ സംബന്ധമായ കാര്യങ്ങൾ രതീഷുമായിട്ടാണ് പങ്ക് വയ്ക്കാറുള്ളതെന്നുമാണ് അയാൾ മൊഴി കൊടുത്തത്.

എസ് ഐ അശോകൻ സുശീലന്റെ ആളായത് കൊണ്ട് താൻ സത്യം പറഞ്ഞാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് പരമുപിള്ള തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് സത്യങ്ങളെല്ലാം ഉള്ളിലടക്കി വയ്ക്കാനേ അയാൾക്കായുള്ളു. എന്തായാലും എല്ലാം സുശീലൻ വിചാരിച്ചത് പോലെത്തന്നെ നടന്നു. നാട്ടുകാർക്ക് മുന്നിൽ സുരേന്ദ്രൻ വെറുക്കപ്പെട്ടവനായി മാറുകയും പകരം സുശീലനോട് എല്ലാവർക്കും ഒരു സഹതാപം ഉടലെടുക്കുകയും ചെയ്തു. 🍁🍁🍁🍁🍁 പല്ലാവൂരിൽ അരങ്ങേറിയ സംഭവ വികാസങ്ങളൊന്നുമറിയാതെ സൂര്യ നാരായണൻ ജയിലിലെ തന്റെ ആദ്യ ദിനം മടുപ്പോടെ തള്ളി നീക്കാൻ ശ്രമിക്കുകയായിരുന്നു. ആ രാത്രി തന്നെ അപ്പാടെ വിഴുങ്ങാൻ കാത്തിരിക്കുന്ന അപകടം അപ്പോഴവൻ അറിഞ്ഞിരുന്നില്ല.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story