സ്വന്തം ❣️ ഭാഗം 1

swantham

രചന: ജിഫ്‌ന നിസാർ

ഒതുക്കുകല്ലുകൾ കയറി ചെല്ലുമ്പോൾ  സീത കണ്ടിരുന്നു, ഉമ്മറപടിയിൽ മുട്ട്കാൽ മടക്കി വെച്ചിട്ട് അതിലേക്ക് താടി ചേർത്ത് വെച്ചിരിക്കുന്ന ലല്ലു മോളെ.

എന്ത് പറ്റിയാവോ.?

ഇല്ലെങ്കിൽ ഈ നേരം മുറ്റത്തും അകത്തും ഓടി പാഞ്ഞു നടക്കാറുണ്ട്.

സീതയുടെ നെറ്റി ചുളിഞ്ഞു.

ആ ഇരിപ്പ് കണ്ടപ്പോൾ.

നീറുന്ന ഒരുപാട് പ്രശ്നങ്ങളുള്ള മരുന്നാണ് അവളുടെയാ കുഞ്ഞു മുഖം.

അധികം വികൃതിയൊന്നും ഇല്ലാത്ത ഒരു ചിരികുടുക്ക.

തോളിൽ കിടന്ന പഴകി പിന്നിയ  ബാഗ് അരതിണ്ണയിൽ വെച്ച് കൊണ്ട് സീത ലല്ലുവിന്റെ അരികിൽ പോയിരുന്നു.

അടുത്തവൾ ഇരുന്നതറിഞ്ഞ് ലല്ലു പതിയെ ഒന്ന് മുഖം ചരിച്ചു നോക്കി.

അൽപ്പം വീർത്തു നിൽക്കുന്ന ആ കവിളിൽ ഒരു കുത്ത് വെച്ച് കൊടുക്കാൻ തോന്നി സീതക്ക്.

"മ്മ്..
അവളുടെ നോട്ടം കണ്ടിട്ടാണ്.. ലല്ലുവിന് വല്ലാത്ത ഗൗരവം.

മ്മ്..

അവൾ ചോദിച്ചത് പോലെ തന്നെ സീതയും ചോദിച്ചു.

"ഒന്നുല്ല "
ലല്ലു വീണ്ടും തല താങ്ങി ഇരുന്നു.
"എന്തോ ഉണ്ടല്ലോ. ഇല്ലെങ്കിൽ ഈ ചുന്ദരിയെ  ഇങ്ങനെ കാണില്ലല്ലോ "
സീത അവൾക്ക് നേരെ തിരിഞ്ഞിരുന്നു.

"ചിറ്റയോട് പറ ലല്ലുസേ. അമ്മ തല്ലിയോ? "

സീത അവളുടെ താടി പിടിച്ചു കൊണ്ട് ചോദിച്ചു.

"ഇല്ല."

ലല്ലു വീണ്ടും പറഞ്ഞു.
"പിന്നെന്താടാ..? "

സീത അവളെ വാരി എടുത്തു കൊണ്ട് തന്നെ അകത്തേക്കു നടന്നു.
ലല്ലു അവളുടെ കഴുത്തിൽ കൈ ചുറ്റി കിടന്നു.
പോകുമ്പോൾ ബാഗ് കൂടി വലിച്ചെടുത്തു.അത് ഹാളിലെ കസേരയിൽ ഇട്ടിട്ട് സീത നേരെ അടുക്കളയിലേക്കാണ് നടന്നത്.

"എന്തിനാടി ചേച്ചി എന്റെ കൊച്ചിന്റെ മുഖം വാടിയിരിക്കുന്നേ.? നീ വല്ലതും ചെയ്‌തോ? "

സീത അടുക്കളയിൽ ഉണ്ടായിരുന്നു പാർവതിയോട് ചോദിച്ചു.

"അമ്മയൊന്നും ചെയ്തില്ല ചിറ്റേ "
വീണ്ടും ലല്ലു സീതയെ തോണ്ടി കൊണ്ട് പറഞ്ഞു.

"ചേച്ചി.."

പാർവതി തിരിഞ്ഞു പോലും നോക്കാതെ നിൽക്കുന്നത് കണ്ടിട്ട് സീത വീണ്ടും വിളിച്ചു.

ഒരു മൂളൽ പോലുമില്ല.

അടുപ്പത്തിരിക്കുന്ന എന്തോ ഒന്ന് അലസമായി ഇളക്കി കൊണ്ട് നിൽക്കുന്നു.
മനസ് ഇവിടെങ്ങും അല്ലെന്ന് ആ നിൽപ്പു കാണുമ്പോൾ തന്നെ അറിയാം.

മോളിവിടെയിരിക്ക് ട്ടോ "
ലല്ലുവിനെ അടുക്കളയിൽ ചുവരിനോട് ചേർത്തിട്ടിരിക്കുന്ന മരത്തിന്റെ ഒരു മേശയിൽ ഇരുത്തി കൊണ്ട് സീത പാർവതിയുടെ അടുത്തെത്തി.

"പാറുവേച്ചി..."

സീത വിളിക്കുമ്പോൾ നിറഞ്ഞ കണ്ണോടെ പാർവതി അവളെ ഒന്ന് നോക്കി.

"എന്താടി ചേച്ചി. എന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നെ?"
സീത വെപ്രാളത്തോടെ ചോദിച്ചു.

"അതീ പുക കൊണ്ടാ സീതേ. നീ പോയി മേല് കഴുകി വാ. ഞാൻ ചായ എടുത്തു വെക്കാം. മുഷിഞ്ഞു വന്നതല്ലേ "

നിറഞ്ഞ കണ്ണുകൾ അവളിൽ നിന്നും മറക്കാനുള്ള ധൃതിയോടെ പാർവതി തിരിഞ്ഞു നിന്നു.

"അതൊക്കെ ഞാൻ ചെയ്‌തോളാം.നീ ആദ്യം കാര്യം പറ മോളെ.മുത്തശ്ശി വല്ലതും പറഞ്ഞോ നിന്നെ?"

സീതയുടെ മുഖം വലിഞ്ഞു മുറുകി.

"മുത്തശ്ശി പറഞ്ഞതിൽ യാതൊരു തെറ്റുമില്ല സീതേ.."
പാർവതി ഒന്ന് വിതുമ്പി.

"തെറ്റും ശെരിയും അവിടെ നിൽക്കട്ടെ. എന്താ ഇന്നത്തെ പ്രശ്നം. നീ അത് പറ ആദ്യം."
സീത പാർവതിയെ പിടിച്ച് അവിടെ ഉണ്ടായിരുന്ന പഴകിയ കസേരയിൽ ഇരുത്തി.

"ഒന്നുല്ലെടി. ഇന്ന് ലല്ലു സ്കൂളിൽ നിന്നും വന്നപ്പോ പറഞ്ഞു.."
പാർവതി പാതി പറഞ്ഞു കൊണ്ട് ലല്ലുവിനെ നോക്കി.

ആ കുഞ്ഞു മുഖം ഒന്നൂടെ വാടി പോയിരിക്കുന്നു.
സീത വേഗം ചെന്നിട്ട് ലല്ലുവിനെ എടുത്തു.

"എന്താ ലല്ലു പറഞ്ഞേ?"
സീതയുടെ കണ്ണുകൾ വീണ്ടും പാർവതിക്ക് നേരെ കൂർത്തു.

"അവളുടെ സ്കൂളിൽ എല്ലാ കുട്ടികളും അച്ഛന്റെ കൂടെയാണ് വരാറുള്ളത്. അവൾക്കെന്നാ അങ്ങനെ പോവാനാവുന്നത് എന്ന് "

പാർവതി കരഞ്ഞു പോയി.

സീതയുടെ മുഖത്തും സങ്കടം നിറഞ്ഞു.

"നിന്നോട് ഞാൻ അപ്പഴേ പറഞ്ഞതല്ലേ സീതേ .. അത്രയും വലിയ സ്കൂളിലൊന്നും ലല്ലുവിനെ ചേർത്തണ്ടന്ന് "

പാർവതി സീതയെ നോക്കി.

"സ്കൂൾ ആണോ ചേച്ചി പ്രശ്നം.?

സീത പാർവതിയെ നോക്കി ചോദിച്ചു.

"മോളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം."
സീതയുടെ സ്വരം നേർത്തു.

"എന്താ.. എന്താ ഞാൻ ന്റെ മോളോട് പറയേണ്ടത്. ഇനി ഒരിക്കലും വരാൻ കഴിയാത്ത അത്ര ദൂരേക്ക് അവളുടെ അച്ഛൻ ഞങ്ങളിൽ നിന്നും അകന്ന് പോയെന്നോ..?അവളുടെ അച്ഛനിപ്പോ പുതിയൊരു അവകാശിയുണ്ടന്നോ?"

പാർവതി തേങ്ങി കൊണ്ട് ചോദിക്കുമ്പോൾ സീതയുടെ കൈകൾ ലല്ലുവിന്റെ മേൽ മുറുകി.

പുക പിടിച്ച ആ ചുവരിലേക്ക് അവളും തളർന്നു ചാരി.

"എനിക്കതിനു കഴിയോടി.. ഞാൻ അത്ര സ്നേഹിച്ചിട്ടും എന്നെ ഒറ്റക്കാക്കി പോയില്ലേ. മകനെ നേർവഴിക്കു നടത്തിയില്ലെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്നവർക്കിടയിൽ ഞാൻ ഒറ്റക്കായി പോയില്ലേ? എന്റെ മോളെ കൂടി ഗിരീഷേട്ടന്റെ വീട്ടുകാർ വെറുത്തു പോയില്ലേ? "

പാർവതി കരച്ചിൽ അമർത്താൻ കഴിയാതെ വാ പൊതിഞ്ഞു പിടിച്ചു.

"കരയെല്ലടി ചേച്ചി. നമ്മൾ തളർന്നു പോയ പിന്നെ ലല്ലു മോൾക്ക് ആരാടി "

സീത ദുർബലമായി പാർവതിയെ ആശ്വാസിപ്പിച്ചു.

"സാരമില്ല.. മോളോട് ഞാൻ പറഞ്ഞു കൊടുക്കാം. എത്ര കാലം നമ്മളവളെ പറ്റിക്കും ചേച്ചി. അവൾക്കെല്ലാം അറിയാവുന്ന പ്രായമായി തുടങ്ങുവല്ലേ "

സീത പറയുമ്പോൾ പാർവതി അവളെ ഒന്ന് നോക്കി.

"കരഞ്ഞു കൊണ്ടിരുന്ന അതിനെ നേരം കാണൂ. നമ്മളെ പോലെ ലല്ലു ആവരുത്. അതിന് വേണ്ടതെല്ലാം നമ്മൾ ചെയ്തു കൊടുക്കണം. അച്ഛനില്ല എന്നത് തളർന്നിരിക്കാനൊരു കാരണമാക്കാൻ പറ്റുവോ?.എന്റെ മോൾക്ക് രണ്ടമ്മമാരുണ്ട്. തത്കാലം അത് മതി. അമ്മയ്ക്കും കഴിയും മക്കൾക്ക് നന്മ പറഞ്ഞു കൊടുക്കാൻ. നല്ല രീതിയിൽ വളർത്താൻ."

സീതയുടെ വാക്കുകൾ വല്ലാതെ ഉറച്ചു പോയിരുന്നു.

പാർവതിയുടെ നേർത്ത തേങ്ങൽ അവളിൽ അസ്വസ്ത്ഥത തോന്നിച്ചു.
ആരോടൊക്കെയോ ദേഷ്യം വിറച്ചു കയറുന്നുണ്ട്.
ഒന്നും ഓർക്കാൻ വയ്യ.

ഓർമയുടെ ആദ്യപടിയിൽ വെച്ച് തന്നെ അവൾക്ക് തല കടഞ്ഞു.

"കൊറച്ചു ചായ താടി ചേച്ചി.. എനിക്ക് വിശന്നിട്ടു വയ്യ."
സീത മുഖം ചുളിച്ചു കൊണ്ട് പറയുമ്പോൾ പാർവതി വേഗം എഴുന്നേറ്റു.. മുഖം തോളിൽ കിടന്ന തോർത്തിൽ തുടച്ചു.

"ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട്. രാവിലെ ഉണ്ടാക്കിയ അടയുണ്ട്. അത് മതിയോ. അതോ ചോറ് വേണോ "

ഗ്ലാസ്സിലേക്ക് ചായ ഒഴിക്കുന്നതിനിടെ പാർവതി സീതയെ തല ചെരിച്ചു നോക്കി കൊണ്ട് ചോദിച്ചു.

"അട മതി. എനിക്കും എന്റെ ലല്ലുനും . ല്ലേ മോളെ "
ഒക്കത്തിരുത്തിയ ലല്ലുവിനെ മേശയിൽ ഇരുത്തി,ഒരു കസേരയിൽ സീതയും ഇരുന്നു.

"അജു വന്നില്ലെടി ചേച്ചി "
അട മുറിച്ചെടുത്ത് ലല്ലുവിന്റെ വായിൽ വെച്ച് കൊടുക്കുന്നതിനിടെ സീത ചോദിച്ചു.

"അവനിന്ന് ഉച്ചക്ക് തന്നെ വന്നു. കോളേജിൽ സമരമാണ് പോലും.വന്നു കയറി അപ്പൊ തന്നെ എങ്ങോട്ടോ ചാടിയിറങ്ങി പോവുകയും ചെയ്തു "

ചെയ്യുന്ന ജോലിക്കിടെ പാർവതി പറഞ്ഞു.

"ഈയിടെ ആയിട്ട് ഒന്നരാടം കോളേജിൽ സമരം ആണല്ലോ ചേച്ചി? "

സീത പാർവതിയെ നോക്കി ചോദിച്ചു.

"എനിക്കും അങ്ങനെ തോന്നി. ചെക്കന്റെ പോക്കത്ര ശെരിയല്ലട്ടോ സീതേ "
പാർവതി ഓർമിപ്പിച്ചു.

സീത പതിയെ ഒന്ന് മൂളി.

"അനക്കമൊന്നും കേൾക്കുന്നില്ലല്ലോ. ഇവിടുത്തെ പുരാവസ്തുക്കൾ ഉറക്കമാണോ?"
സീത ചായ വലിച്ചു കുടിച്ചു കൊണ്ട് എഴുന്നേറ്റു.

"ആവോ.ഞാൻ നോക്കിയില്ല. അച്ഛൻ മിണ്ടാതെ കിടക്കുന്നുണ്ടാവും.നിന്റെ ശബ്ദം കേട്ട പിന്നെ നമ്മടച്ചൻ നല്ലക്കുട്ടിയല്ലേ.മുത്തശ്ശി ഇന്നേരം വരെയും അവിടെ കിടന്നു തൊള്ള കീറുന്നുണ്ടായിരുന്നു.തളർന്നപ്പോൾ ഉറങ്ങി കാണും "
പാർവതി അലസമായി പറഞ്ഞു.

ചായ കുടിച്ച ഗ്ലാസ്‌ കഴുകി റാക്കിൽ വെച്ച് കൊണ്ട് സീത ലല്ലുവിനെ മേശയിൽ നിന്നും താഴെ ഇറക്കി വെച്ചു.

"മോള് പോയി കളിച്ചോട്ടോ . ചിറ്റ ഒന്ന് കുളിച്ചിട്ട് ഓടി വരാം. എന്നിട്ട് നമ്മൾക്ക് ഒന്നിച്ച് ഹോം വർക് ചെയ്യണം "

അവളെ പറഞ്ഞു വിട്ടിട്ട് വീണ്ടും സീത ഹാളിലേക്ക് തന്നെ ചെന്നു.

ബാഗ് എടുത്തു കൊണ്ട് അടഞ്ഞു കിടക്കുന്ന അവളുടെ കുഞ്ഞു മുറിയിലേക്ക് കയറി.

ചെറിയൊരു കട്ടിൽ..

നിറം മങ്ങി മുഷിഞ്ഞ ചുവരിൽ കുറുകെ വലിച്ചു കെട്ടിയ ഒരു അയലുണ്ട്.

ചെറിയൊരു അലമാര ചുവരിനെ ചേർത്തിട്ടിരിക്കുന്നു.

കയ്യിലെ വാച് അഴിച്ചു കൊണ്ടവൾ ജനൽ പടിയിൽ വെച്ചു.
പിൻ ചെയ്ത ഷാൾ അഴിച്ചു മാറ്റുന്നതിനിടെ തന്നെ തൊട്ടപ്പുറത്തെ മുറിയിൽ നിന്നും ഉച്ചത്തിലുള്ള ചുമ കേട്ടിരുന്നു.

സീത വേഗം അങ്ങോട്ട്‌ ചെന്നു.

"ഇത്തിരി കൂടി ഈ ചൂടുള്ള വെള്ളം കുടിക്ക് അച്ഛാ. അപ്പൊ ശെരിയാവും. "

പാർവതി കയ്യിലുള്ള വെള്ളഗ്ലാസ്‌ അച്ഛനെ താങ്ങി പിടിച്ചു എഴുനേൽപ്പിച്ചു കൊണ്ട് ചുണ്ടിൽ മുട്ടിച്ചു.

ശോഷിച്ചു തീർന്ന ആ രൂപത്തെ സീത വാതിൽ പടിയിൽ നിന്നിട്ട് നിസംഗതയോടെ നോക്കി.

"മരുന്ന് തീർന്ന് പോയോടി ചേച്ചി?"

സീതയുടെ ചോദ്യം കേട്ടിട്ട് പാർവതി തല ചെരിച്ചു നോക്കി.

കൂടെ തന്നെ സുധാകരനും.

"അത് തീർന്നിട്ട് രണ്ടൂസം ആയി "
അച്ഛനെ പതിയെ കിടക്കയിലേക്ക് കിടത്തി കൊണ്ട് പാർവതി പറഞ്ഞു.

"എന്നിട്ടെന്താ.. ഇവിടെ ഉള്ളവരുടെ നാവ് പണയത്തിലായിരുന്നോ? എനിക്ക് ദിവ്യദൃഷ്ടിയൊന്നുമില്ല . എല്ലാം പറയാതെ അറിയാൻ "
സീതക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു.

സുധാകരൻ ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ടിട്ട് പാർവതിക്ക് നല്ല സങ്കടം വന്നിരുന്നു.

"നിന്റെ കയ്യിൽ ഉണ്ടാവില്ലന്ന് അറിഞ്ഞിട്ട് തന്നെ പറയാഞ്ഞതാ സീതേ. എല്ലാം കൂടി നീ ഒറ്റയ്ക്ക് വലിച്ചിട്ട് നീങ്ങുന്നില്ല. എന്നാ പിന്നെ ഞാൻ കൂടി വല്ല ജോലിക്കും പോവാ ന്ന് പറഞ്ഞാലോ,അത് നീ കേൾക്കുന്നുമില്ല "

പാർവതി ആ മുറിയുടെ ജനാല ചേർത്തടച്ചു കൊണ്ട് പറഞ്ഞു.

മുറിയിൽ... ലൈറ്റ് ഇട്ട് കൊണ്ട് കട്ടിൽ പടിയിൽ വെച്ച വെള്ളഗ്ലാസും എടുത്തു പാർവതി സീതയുടെ അരികിലെത്തി.

"നീ പോയി കുളിച്ചു പോരെ. മരുന്നൊക്കെ ഇനി നാളെ വാങ്ങിക്കാം "

പാർവതി സീതയുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ദേഷ്യം കണ്ടിട്ട് അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

"വാടി.. ഇനി ഇവിടെ നിന്ന് വല്ലതും വിളിച്ചു പറഞ്ഞിട്ട് പിന്നെ അതിന്റെ പേരിൽ നേരം വെളുക്കുവോളം ഇരുന്നു പതം പറയാനല്ലേ നിനക്ക്.. പോ പെണ്ണെ. പോയി കുളിച്ചു വാ "
അവളെ തള്ളി പുറത്തേക്ക് നടക്കുന്നതിനിടെ പാർവതി പറഞ്ഞു.

കാരണം അവൾക്കറിയാം.. സീതയുടെ മനസ്സിൽ, ഇപ്പോഴും കരിയാത്ത ഒരു പച്ച മുറിവുണ്ട്.

അവളെ നീറ്റി നീറ്റി കൊല്ലുന്നൊരു മുറിവ്.

പിന്നൊന്നും പറയാൻ നിൽക്കാതെ സീത വേഗം മുറിയിലേക്ക് പോയി.

മാറി ഇടാനുള്ള ഡ്രസ്സും എടുത്തു കൊണ്ടവൾ പിറകിലെ കുളിമുറിയിലേക്ക് നടന്നു.

തണുത്ത വെള്ളം കോരി ഒഴിച്ചിട്ടു കൂടി അണയാതെ നിൽക്കുന്ന ഹൃദയചൂട്..

അവളോർത്തത് അവളെ തന്നെയാണ്.

ഏറെ കൊതിച്ചിട്ടും.. ആഗ്രഹിച്ചിടത് എത്താതെ പോയ സീത ലക്ഷ്മിയെന്ന അവളുടെ സ്വപ്നങ്ങളെയാണ്.എത്രയൊക്കെ ആഞ്ഞു തുഴഞ്ഞിട്ടും എങ്ങുമെത്താതെ പോകുന്ന അവളുടെ ജീവിതത്തെയാണ്.

സുധാകരനും... ഭാര്യ വിജയമ്മയും. മൂന്ന് മക്കളാണ്.

പാർവതി.. സീത ലക്ഷ്മി.. അർജുൻ.

നരച്ചൊരു പഴംതുണി പോലുള്ള ബാല്യം.

തടിമില്ലിൽ അന്തി ചുവക്കുവോളം എല്ല് മുറിയെ അച്ഛൻ പണിയെടുത്തിരുന്നുവെന്നത് സത്യം തന്നെ.

പക്ഷേ.. ദാരിദ്രത്തിന്റെ മാറാപ്പ് താങ്ങി നിൽക്കുന്ന കുടുംബത്തിലേക്ക് അതിൽ പത്തിലൊന്നു മാത്രം കിട്ടി. അതും അമ്മ കരച്ചിലും പിഴിച്ചിലും ആരംഭിച്ചു കഴിയുമ്പോൾ മാത്രം.

ഓർക്കാൻ.. ഓർക്കുമ്പോൾ മനസ്സ് നിറയ്ക്കാൻ പാകത്തിന് ഒന്നുമില്ല. ഒന്നും.
എന്നിട്ടും കണ്ടിരുന്ന സ്വപ്നങ്ങൾക്ക് മഴവില്ലഴകാണ്.

അച്ഛൻ കൊടുക്കാത്ത സ്നേഹവും പരിഗണനയും.. തുണിതരങ്ങൾ എടുത്തിട്ട് മാസ തവണകളായി അടച്ചു തീർക്കാനുള്ള ബിസിനസുമായി നാട്ടിൽ വന്നു കൂടിയ മുരുകൻ എന്ന തമിഴ്നാട്ടുകാരൻ അമ്മയ്ക്ക് കൊടുത്തു തുടങ്ങിയെന്നും.. അമ്മ അതിൽ പരിപൂർണ സംതൃപ്തയാണെന്നും തിരിച്ചറിഞ്ഞത് അയാൾക്കൊപ്പം അമ്മ ഇറങ്ങി പോയപ്പോഴാണ്.

കള്ള് അകത്തു ചെന്നാൽ മേല് നോവിക്കുന്ന അച്ഛനെ അമ്മ മറന്നോട്ടെ..

നൊന്തുപെറ്റ മക്കളെ അച്ഛനെന്ന കള്ള് കുടിയന് മുന്നിൽ നിഷ്കരുണം വലിച്ചെറിഞ്ഞു കൊണ്ട്... അച്ഛൻ കുടിച്ചു ബോധം പോയി കിടന്ന ഏതോ രാത്രിയിൽ അമ്മ മുരുകണ്ണന്റെ കൂടെ പോയി.

കണ്ണീർ പോലും വരാതെ മരവിച്ചിരിന്ന മൂന്നു മക്കളെ.. അന്ന് അച്ഛനും ഓർത്തില്ല.
ഇങ്ങനെ ഒരു ഭാര്യ തനിക്കില്ലെന്ന് പറഞ്ഞു കൊണ്ട്.. അമ്മയുടേതായ എല്ലാം മുറ്റത്തേക്ക് വലിച്ചിട്ട് തീ കൊളുത്തി.

ഉയരങ്ങളിൽ ആളുന്ന ആ തീയെക്കാൾ ഉള്ള് പൊള്ളിയ നിമിഷം.

നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ അമ്മ പോയതിന് പിറകെ മറ്റൊരു കാരണം കൂടിയായി ഈ കാണിച്ചു കൂട്ടുന്നതൊക്കെ എന്ന് തുറിച്ചു നോക്കുന്ന കണ്ണിലെ അവജ്ഞതകൾ മനസ്സിലാക്കി തന്നു.

പിന്നീട് അങ്ങോട്ട് മുഴു കുടിയൻ ആയി മാറാൻ അച്ഛനൊരു കാരണം കൂടി കിട്ടി.

പാതി ബോധം പോയി വീട്ടിൽ വരുമ്പോൾ ആ കീശയിൽ മിച്ചം വരുന്നത് നുള്ളി പൊറുക്കി അടുത്തുള്ള കടയിലേക്ക് അജുവിനൊപ്പം കയ്യിലുള്ള ടോർച്ചിന്റെ മങ്ങിയ വെട്ടത്തിൽ നടക്കുമ്പോൾ പലപ്പോഴും തളർന്നു വീഴാൻ ആഞ്ഞത് ഉള്ളിലെ വിശപ്പ് കൊണ്ടായിരുന്നു.

അമ്മയ്‌ക്കൊപ്പം അച്ഛനോട്‌ കൂടി ദേഷ്യം തോന്നി തുടങ്ങിയെന്നു മനസ്സിലായി.വെറുപ്പ് നിറഞ്ഞു തുടങ്ങി.

അതൊന്നും പക്ഷേ തിരിച്ചറിയാൻ പാകത്തിനുള്ള കോലത്തിൽ അച്ഛൻ വീട്ടിൽ വരാറുമില്ല.

നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനുള്ള മൂന്നാലു നികൃഷ്ട ജീവികൾ.
ബന്ധുകൾക്ക് കൂടി ഇരിക്കുമ്പോൾ ചർച്ചക്കെടുക്കാൻ പാകത്തിന് ജീവിക്കുന്ന നാല് ശവങ്ങൾ..

"സീതേ..."
വാതിലിൽ തട്ടി കൊണ്ടുള്ള ചേച്ചിയുടെ വിളിയാണ് ഓർമകളിൽ നിന്നും വലിച്ചു താഴെ ഇട്ടത്.

"കഴിഞ്ഞില്ലെടി പെണ്ണെ. നേരം എത്രയായി നീ അതിനകത്തു കയറി കൂടിയിട്ട്. ഈ മോന്തിക്ക് ഉള്ള വെള്ളം മുഴുവനും തലയിൽ കോരി ഒഴിച്ചിട്ട് നീറിറക്കം പിടിക്കട്ടെ നിനക്ക്. ഇങ്ങ് ഇറങ്ങിക്കേ നീ "

പുറത്ത് നിന്നും പാർവതിയുടെ ഓർമപ്പെടുത്തൽ.

തണുത്തു വിറക്കുന്ന ദേഹത്ത് സ്നേഹത്തിന്റെ ചൂട് കൊള്ളും പോലെ.

സീതേ.". അകത്തു നിന്നും മറുപടി ഇല്ലാഞ്ഞിട്ടാണ്.

വീണ്ടും ആകുലതയോടെയുള്ള ആ വിളി വീണ്ടും.

"ആഹ്.. വരുന്നെടി ചേച്ചി. കഴിഞ്ഞു "

വാക്കുകൾ തണുപ്പേറ്റ് വിറച്ചു പോയിരുന്നു.
അവളെ പോലെ!

തുടരും..

പുതിയൊരു കഥ.

പുതിയ കഥാപാത്രങ്ങൾ.

അങ്ങനെ വേണം കഥയിലേക്ക് കാലെടുത്തു വെക്കാൻ.
സ്ട്രോങ്ങ്‌ ആയിട്ടുള്ള നായികമാരെ എഴുതിയിട്ട് കുറച്ചേറെ നാളായി.
സീത ലക്ഷ്മി അതിനൊരു പരിഹാരമാവട്ടെ. ഇഷ്ടമായെന്ന് കരുതുന്നു. മനസ്സിൽ തോന്നുന്നത് കുറിച്ച് വെച്ചിട്ട് പോണേ..

കൂടെയുണ്ടാവും എന്ന വിശ്വാസത്തോടെ തന്നെ തുടങ്ങുന്നു..
സ്നേഹപൂർവ്വം..

Share this story