സ്വന്തം ❣️ ഭാഗം 100

swantham

രചന: ജിഫ്‌ന നിസാർ

 "കരയാതെ..." നെഞ്ചിൽ അടക്കി പിടിച്ചു കൊണ്ട് അജു നിരഞ്ജനയെ ആശ്വസിപ്പിച്ചു. ഇരുട്ടും മുന്നേ അവളെ തിരികെ ബസ് സ്റ്റോപ്പിൽ കൊണ്ട് വിടാൻ വന്നതായിരുന്നു അവൻ. വീട്ടിലാറിയാതെ അവളുടെ ഒരു ഫ്രണ്ടിനെ കാണാനെന്നും പറഞ്ഞു ചാടിയതാണ് അവൾ. അത് കൊണ്ട് തന്നെ വളരെ കുറച്ചു നേരം മാത്രം സീതയുടെയും പാറുവിന്റെയും അരികിൽ നിന്നിട്ട് അവൾ തിരിച്ചിറങ്ങിയിരുന്നു.

"ഒട്ടും സഹിക്കാൻ വയ്യെന്ന് തോന്നിയ എന്നെ വിളിച്ചേക്കണം. ഇല്ലെങ്കിൽ ഹരിയേട്ടനെയോ സീതേച്ചിയെയോ വിളിക്കാം." അജുവിന്റെ പതിഞ്ഞ സ്വരം. അവളോളം സങ്കടം അവന്റെ നെഞ്ചിലും പെരുകുന്നുണ്ട്. വിട്ടിട്ട് പോകണമല്ലോ എന്നുള്ള വേവലാതിയെക്കാൾ... പോയിട്ട് വരും വരെയും അവളെന്തെല്ലാം സഹിക്കണമെന്ന ഓർമയിൽ അവന്റെ ഹൃദയം വീണ്ടും വീണ്ടും വിറച്ചു. അവന്റെ കൈകൾ അവളിൽ കൂടുതൽ മുറുകി. പ്രണയഭാരം കൊണ്ട് രണ്ട് പേരും തളർന്നു പോയിരുന്നു.

"ഇനി... ഇനി പോയിക്കോ നിമ്മി. നേരം വൈകുന്നു." കൈകളുടെ മുറുക്കം ഒട്ടും കുറയാതെ അവനത് പറയുമ്പോൾ.. മനസ്സ് കൊണ്ട് അവളിൽ നിന്നുമകലാൻ അവന് കഴിഞ്ഞിരുന്നില്ല. നിമ്മി അവനിൽ നിന്നും മാറിയിരുന്നു കൊണ്ട് മുഖം തുടച്ചു. ചുവന്നു വിങ്ങിയ അവളുടെ മുഖം.. അപ്പോഴും നിറഞ്ഞു നിൽക്കുന്ന കണ്ണുകളിലെ വേദന.. അജുവിനുള്ളം വീണ്ടും വീണ്ടും വേദനിച്ചു. "ഞാൻ.. ഞാൻ കാത്തിരിക്കും " അവന്റെ കവിളിൽ കൈ ചേർത്ത് വെച്ച് കൊണ്ട് നിമ്മി പറഞ്ഞു. ആ കൈകളിൽ പിടുത്തമിട്ട് കൊണ്ട് അജു തലയാട്ടി.

"പോട്ടെ " നിമ്മി പതിയെ പറഞ്ഞു. അവളുടെ കൈ പിടിച്ചിട്ട് അതിൽ ചുണ്ട് ചേർത്തതിനു ശേഷമാണ് അജു ആ കൈകൾ വിട്ടത്. ഡോർ തുറന്നിറങ്ങി... പിൻതിരിഞ്ഞു നോക്കി കൊണ്ട് അവൾ നടന്നു മറയുന്നത് നോക്കി നിറഞ്ഞ കണ്ണോടെ.. ഹൃദയവേദനയോടെ അവനിരുന്നു. ❣️❣️❣️ തിരികെ അജു എത്തുമ്പോൾ ഫങ്ക്ഷൻ നല്ലത് പോലെ കൊഴുത്തിരുന്നു. ആട്ടും പാട്ടും ജോറാണ്. ഒൻപത് മണിയോടെ ഒരുവിധം എല്ലാം അവസാനിച്ചു. അല്ല... അവസാനിപ്പിച്ചു.

അങ്ങനെ പറയുന്നതാവും കൂടുതൽ ശരി. യാത്ര പറഞ്ഞു കൊണ്ട് ഓരോരുത്തരായി പിരിഞ്ഞു പോയി കൊണ്ടിരുന്നു. വിയർത്തു കുളിച്ചു കൊണ്ടാണ് മിത്തു കണ്ണന്റെ അരുകിലേക്ക് വന്നത്. പത്തരക്കാണ് അവരുടെ ഫ്ലൈറ്റ്. ലാഗേജ്‌ എല്ലാം ഹോട്ടൽ റൂമിൽ പാക്ക് ചെയ്തു വെച്ചിട്ടുണ്ട്. അവിടെ നിന്നും അതെടുത്തു കൊണ്ട് വേണം പോകാൻ. എയർപോർട്ടിലേക്ക് അര മണിക്കൂർ നേരത്തെ യാത്രയൊള്ളു. കണ്ണനും ഹരിയും കൂടിയാണ് എയർപോർട്ടിൽ കൊണ്ട് വിടാൻ ഉദ്ദേശിച്ചിരുന്നത്. അത് വേണ്ടന്ന് പറഞ്ഞത് മിത്തു തന്നെയാണ്. "ഒന്നാമതെ രാവിലെ മുതൽ തുടങ്ങിയ ഓട്ടമാണ് നിങ്ങൾ രണ്ട് പേരും.

ഇനി ഒരു യാത്രക്ക് പറ്റിയ അവസ്ഥയിലല്ല. അത് കൊണ്ട് നിങ്ങൾ രണ്ടു പേരും നേരെ വീട്ടിലോട്ട് വിട്ടേക്ക്.. എയർപോർട്ടിലേക്ക് ഞങ്ങൾ പോയിക്കൊള്ളാം " മിത്തു കട്ടായം പോലെ പറഞ്ഞു. കണ്ണനും ഹരിയും ഒരുപാട് എതിർത്തു പറഞ്ഞു നോക്കിയെങ്കിലും അവനാ തീരുമാനത്തിൽ ഉറച്ചു നിന്നിരുന്നു. ഒടുവിൽ ആദിയും സിദ്ധുവും ആ റോൾ ഏറ്റെടുത്തു. എയർപോർട്ടിൽ അവർ കൊണ്ട് വിട്ടോളാം എന്ന് പറഞ്ഞത്... കണ്ണനും ഹരിയും സമ്മതിച്ചു. ❣️❣️❣️❣️

പാറുവിനാണ് സങ്കടം സഹിക്കാൻ വയ്യാത്തത്. അജുവിനെ ചുറ്റി പിടിച്ചു കൊണ്ടവൾ കരച്ചിലാണ്. നാളെ വൈകിട്ട് അവനരികിലേക്ക് എത്തി പെടാനായെക്കും എന്നുള്ള വിചാരത്തിൽ പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും സീതയുടെ ഉള്ളിലും നോവ് തന്നെയാണ്. ആദ്യമായിട്ടാണ് അവൻ തനിയെ... ആദ്യമായയിട്ടമാണ് അവനെ പിരിയുന്നത്. വൺഡേ ട്രിപ്പ്‌ അല്ലാത്തൊരു ടൂറ് പോലും പോവാറില്ല. കാശില്ലെന്നത് പോട്ടെ.. ചേച്ചിമാരെ പിരിയാൻ വയ്യെന്നുള്ള കാരണമാണ് ആ തീരുമാനത്തിന് പിന്നിലെന്ന് അവനല്ലാതെ ആർക്കുമറിയില്ല.

ഇപ്പോഴും അവൻ കരയുന്നില്ല. ചുവന്നു വിങ്ങിയ മുഖം.. ഗൗരവത്തിന്റെ ഒരു പട ചട്ട കൊണ്ട് മൂടി പിടിച്ചിരിക്കുന്നു. പാറു കരയുന്നത് കണ്ടിട്ട് ലല്ലു മോൾക്കും സങ്കടം വരുന്നുണ്ട്. വിങ്ങി തുടങ്ങിയ അവളെ ഹരി എടുത്തു. അവന്റെ തോളിൽ കൈ ചുറ്റി കൊണ്ട് അവൾ ചേർന്ന് കിടന്നു. "ധൈര്യമായിട്ട് പോയിട്ട് വാ അജു.." ഹരിയവന്റെ തോളിൽ തട്ടി. "അവനെ കൂടി സങ്കടപെടുത്തല്ലേ.പാറു ." ഹരി പറഞ്ഞതോടെ പാറു മുഖം തുടച്ചു കൊണ്ട് അവനിൽ നിന്നും അകന്ന് മാറി.

"പോയിട്ട് വാ " സീതക്ക് മുന്നിൽ പോയിട്ട് നിന്നവന്റെ മുടിയൊന്നു ചിക്കി കൊണ്ട് സീത അവന്റെ കവിളിൽ തട്ടി. കണ്ണനെ കൂടി നോക്കി കണ്ണുകൾ കൊണ്ടൊരു യാത്ര പറഞ്ഞിട്ട് അജു വേഗം കാറിലേക്ക് കയറിയിരുന്നു. അവന്റെ ലാഗേജെല്ലാം ഹരി കാറിന്റെ ടിക്കിയിലേക്ക് എടുത്തു വെച്ച് കൊടുത്തു. "പോട്ടെന്നങ്ങു വരില്ലേ കണ്ണാ? " ജോൺ കണ്ണനെ നോക്കി ചോദിച്ചു. "ഉവ്വ്.. നാളെ വൈകുന്നേരത്തേക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട്. '

കണ്ണൻ അയാളുടെ നീട്ടി പിടിച്ച കയ്യിലേക്ക് കൈകൾ ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു. പോട്ടെ... കാണാം " ഹരിയോടും സീതയോടും പാറുവിനോടും കൂടി യാത്ര പറഞ്ഞിട്ടാണ് അയാൾ തിരിഞ്ഞു നടന്നത്. ഒരക്ഷരം മിണ്ടാതെ കണ്ണനെയും ഹരിയെയും ചേർത്ത് പിടിച്ചു കൊണ്ടാണ് മിത്തു യാത്ര പറഞ്ഞത്. സീതയോടും പാറുവിനോടും നേർത്തൊരു ചിരി മാത്രം. റിമിയുടെ മൗനം... അതവനെ കൂടി ബാധിച്ചിരിക്കുന്നുവെന്ന് തോന്നി അവർക്കെല്ലാം. "സോറി... "

റിമിക്ക് പറയാൻ അപ്പോഴും അത് മാത്രമേ ഉണ്ടായിരുന്നുള്ളു. അതവരെ ഒരുപാട് വേദനിപ്പിച്ചു. "ആർക്കുമിവിടെ നിന്നോടൊരു വിരോധവുമില്ല റിമി. സ്നേഹം മാത്രമേയുള്ളു. നീ സോറി പറഞ്ഞു ഓർമ്മിപ്പിക്കുമ്പോൾ മാത്രമാണ് ഞങ്ങളെല്ലാം അങ്ങനൊരു സംഭവം നടന്നത് തന്നെ ഓർക്കുന്നത് " സീതയവളുടെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "ഒരുമിച്ച് ഒപ്പം കളിച്ചു വളർന്ന എന്റെയാ പഴയ കൂട്ടുകാരിയോട് എനിക്കിന്നും നിറയെ ഇഷ്ടമാണ്.

അതിനിടയിൽ കുറച്ചു കാലം നിന്റെ മനസ്സിൽ കയറി കൂടിയ ആ തെറ്റെന്ന ചെകുത്താനെയാണ് ഞാൻ അടക്കമുള്ളവർ വെറുക്കുന്നത്. അപ്പോഴും... അപ്പോഴും നിയെനിക് പ്രിയപ്പെട്ടവളാണ് റിമി.." കണ്ണൻ റിമിയുടെ തോളിൽ കൈ ചേർത്ത് ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു. "കഴിഞ്ഞു പോയ എല്ലാ മോശം അനുഭവങ്ങളെയും ഇവിടെ തന്നെ വലിച്ചെറിഞ്ഞു വേണം നീ തിരികെ മടങ്ങുവാൻ. ഞാനങ്ങോട്ട് തിരിച്ചു വരുമ്പോൾ പഴയപോലെയുള്ള .. എല്ലാത്തിനോടും പൊട്ടി ചിതറി നടക്കുന്ന ആ പഴയ റിമിയായി എനിക്ക് നിന്നെ കാണണം.." കുഞ്ഞൊരു ചിരിയോടെ കണ്ണനെ നോക്കി എന്നല്ലാതെ റിമി അതിനുത്തരമൊന്നും പറഞ്ഞില്ല. ❣️❣️❣️❣️

പത്തു മണിയോടെ അവരെല്ലാം ശ്രീ നിലയത്തിൽ എത്തിയിരുന്നു. പോയത് പോലുള്ള എനർജി അവരിൽ ആരിലും അവശേഷിക്കുന്നില്ല. എങ്കിലും.. സീത ഫ്രഷ് ആയിട്ട് വരുന്നത് വരെയും അവരെല്ലാം കാത്തിരുന്നു. നിറഞ്ഞ സന്തോഷത്തോടെ... സ്നേഹത്തോടെ അവളെ കണ്ണന്റെ മുറിയിലാക്കി കൊടുത്തു കൊണ്ടാണ് അവരെല്ലാം പിരിഞ്ഞത്. സീത ചെല്ലുമ്പോൾ കണ്ണൻ അകത്തുണ്ടായിരുന്നു. അവളെ കാത്തെന്നത് പോലെ.

ഓരോ നോട്ടങ്ങളിടയുമ്പോഴും പൊള്ളുന്നത് പോലെ സീത തല വെട്ടിക്കും. കണ്ണനത് കണ്ടിട്ട് അമർത്തി ചിരിക്കും. കുറച്ചു നേരമായി തുടരുന്ന കലാപരിപാടിയാണിത്. "കണ്ണേട്ടാ.." ഒടുവിൽ അവന്റെ നോട്ടത്തിന് മുന്നിൽ ഇനിയും പിടിച്ചു നിൽക്കാൻ വയ്യന്നത് പോലെ സീത ചുണ്ട് കൂർപ്പിച്ചു കൊണ്ട് കയ്യിലുള്ള ചീർപ്പ് മേശയിലെക്ക് വെച്ച് കൊണ്ട് അവനെ നോക്കി. "മ്മ് " കള്ളചിരിയോടെ കണ്ണൻ അവളെ നോക്കി പുരികമുയർത്തി. കിടക്കയിൽ.. തലയിണ കട്ടിൽ ക്രസ്സിനോട് ചേർത്തിട്ട് അതിലേക്ക് ചാരിയാണ് അവനിരിക്കുന്നത്.

ആദിയുടെയും സിദ്ധുവിന്റെയും മേൽനോട്ടത്തിൽ മണിയറ നന്നായി അലങ്കരിച്ചിട്ടുണ്ട്. ഓഡിറ്റൊറിയത്തിലെ തിരക്കുകൾക്കിടയിൽ നിന്നും അവരെങ്ങനെ ഇത്രേം മനോഹരമായി ചെയ്തു തീർത്തുവെന്ന് കണ്ണൻ ഓർത്തു. പാതി വിരിഞ്ഞ മുല്ല മൊട്ടുകൾ മേശയിൽ സ്ഥാനം പിടിച്ചിരിക്കുന്നു.അവയിൽ നിനുമുള്ള സുഖമുള്ളൊരു ഹൃദ്യമായൊരു ഗന്ധം... അവിടമിൽ പൊതിഞ്ഞു നിൽക്കുന്നുണ്ട്. അതിനൊക്കെ പുറമെയാണ് കണ്ണന്റെ കൊല്ലുന്ന നോട്ടവും ചിരിയും. സീതയ്ക്ക് വെപ്രാളം കൂടി വന്നു.കിടക്കയിൽ ഇരുന്നു കൊണ്ടൊരുവൻ അതും ആസ്വദിക്കുന്ന തിരക്കിലാണ്.

പതിവുപോലെ ശാന്തമായിരിക്കുന്ന അവനെ നോക്കുമ്പോഴൊക്കെയും സീതയുടെ ഉള്ളിലേക്ക് പ്രണയമിരമ്പി. പക്ഷേ ആ അരികിലേക്ക് പോവാനാവുന്നില്ല. അദൃശ്യമായൊരു മായാവലയത്തിൽ പെട്ടത് പോലെ. "നോക്കിയിരുന്നു നേരം വെളുപ്പിക്കാനാണോ ടി ദുർഗാലക്ഷ്മി ഞാനിത്രേം കൊതിച്ചു കാത്തിരുന്നു നിന്നെ സ്വന്തമാക്കിയത്?" കൈ നീട്ടി കൊണ്ട് കുസൃതിയോടെയുള്ള അവന്റെ ചോദ്യം. ആ കയ്യിലേക്ക് ചേർന്ന് നിൽക്കാൻ മാത്രം പ്രണയം തുടിച്ചു നിന്നിരുന്നു കണ്ണന്റെ വാക്കുകളിൽ.

"നീ എന്തിനാണ് ലച്ചു ഇത്രേം വെപ്രാളപെടുന്നത്? നമ്മളാദ്യമായിട്ടാണോ ഈ മുറിയിൽ തനിച്ചാവുന്നത്? ആദ്യമായിട്ടല്ല എന്റെ പെണ്ണായിട്ട് നീ എന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നതും.. അന്നൊന്നും തോന്നാതാ ആ ഭയം.. അതിപ്പോഴെന്തിനാ ന്റെ പെണ്ണേ " കാതിൽ തേൻ മഴ പോലെയുള്ള അവന്റെ വാക്കുകൾ.. ഒന്നാകെ തഴുകി തലോടി പോകുന്ന ശ്വാസകാറ്റിന്റെ കുളിരിൽ അവളൊന്നു കൂടി അവനിലേക്ക് പതുങ്ങി.

"സീതയ്ക്ക് ഉത്തമൻ രാമനായേക്കും.. പക്ഷേ... ജീവന്റെ.. ജീവിതത്തിന്റെ ഓരോ അണുകൊണ്ടും സീതയെന്ന ഭ്രാന്ത് ഹൃദയത്തിൽ നിറച്ചു വെച്ച രാവണനാവണം എനിക്ക് നിന്റെ മുന്നിൽ." കണ്ണന്റെ കൈകൾ അവളുടെ കവിളിൽ ചേർത്ത് വെച്ചു. "അസുരനായ രാവണന്റെ ചെയ്തികളെ ലോകം കണ്ടിട്ടുള്ളു. അത് മാത്രമേ ലോകം അടയാളപെടുത്തിയിട്ടൊള്ളു. സീതയിൽ സ്വയം വീണലിയാൻ കൊതിച്ചൊരു രാവണെനെന്ന കാമുകനെ..

ആരും അറിഞ്ഞില്ല..സീതയ്ക്ക് വേണ്ടി എന്തും ചെയ്യാനൊരുക്കമായിരുന്നു രാവണൻ.വാക്കുകൾ കൊണ്ടൊരു കൊട്ടാരം പണിഞ്ഞിട്ടില്ല എന്നതിനൊപ്പം തന്നെ.. മറ്റുള്ളവരുടെ വാക്കുകൾ വിശ്വാസിച്ചു സീതയെ സംശയിച്ചിട്ടില്ല.. ഒറ്റയ്ക്ക് ഉപേക്ഷിച്ചു പോയിട്ടില്ല.. അക്നിശുദ്ധിനടത്താൻ ആവിശ്യപെട്ടതുമില്ല.. പകരം... മരണം പോലും ഭയപ്പെടാതെ സീതയെ സ്നേഹിച്ച രാവണനാവണം എനിക്ക്. സീതയ്ക്ക് വേണ്ടി മരിക്കാൻ പോലും മടിയില്ലാത്ത രാവണൻ.."

വികാരക്ഷോഭതാൽ കണ്ണന്റെ സ്വരം വിറച്ചു. സീതയുടെ കൈകലും അവനിൽ മുറുകി.. നിറഞ്ഞ സീതയുടെ മിഴിയാഴങ്ങളിൽ അവൻ വീണലിഞ്ഞു പോയിരുന്നു. അവനെന്ന വർണ്ണ കടലിലെ അലയെടുങ്ങാത്ത തിര പോലെ അവളും. പ്രണയിക്കപെടാൻ... തമ്മിലാ പ്രണയം പകുത്തു നൽകുവാൻ രണ്ടു പേരുടെയും ഉള്ളം തുടിച്ചു.. നേർത്തൊരു ശലഭം പോലെ.. അവളിൽ പറന്നിറങ്ങിയവൻ...വിരൽ തുമ്പിൽ പോലും വസന്തമൊളിപ്പിച്ച മായാ ജാലകാരനായിരുന്നു കണ്ണനപ്പോൾ..

അവൻ തൊടുമ്പോൾ പൂത്തുലഞ്ഞു പോകുന്നൊരു പൂക്കാലം പോലെ സീതയും. വാക്കുകൾ കൊണ്ട്.. നോട്ടം കൊണ്ട് അവൾക്ക് മുന്നിൽ പ്രണയത്തിന്റെ രാജകുമാരനായവൻ... അന്ന് പ്രവർത്തികൾ കൊണ്ടും അങ്ങനെയാണെന്ന് തെളിയിച്ചു. അവന്റെ പ്രണയമഴയിൽ തളരുമ്പോൾ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടവൻ വീണ്ടും വീണ്ടും അവളിൽ ആവേശം നിറച്ചു. കൊതിച്ചും... കൊതിപ്പിച്ചു.. അവരാ രാവിനെ കൂടുതൽ കൂടുതൽ മനോഹരമാക്കി.. ❣️❣️❣️❣️

കല്യാണത്തിന് വന്നവരിൽ ഇനിയും മടങ്ങി പോകാത്തവരുണ്ടായിരുന്നു. അവർക്കിടയിൽ നിന്നും ഭദ്രയാണ് പാറുവിനെ രക്ഷപെടുത്തി കൊണ്ട് പോയത്. "ഇനി മതി ഏട്ടത്തി. പോയി കിടന്നോളു.. നേരം ഒത്തിരിയായില്ലേ?" നന്ദിയോടെ ഭദ്രയെ നോക്കുന്ന പാറുവിനോട് അവൾ അലിവോടെ പറഞ്ഞു. ആൾക്കൂട്ടങ്ങളെ പാറു അത്രത്തോളം ഭയത്തോടെയാണ് അഭിമുഖികരിക്കുന്നതെന്ന് ഇതിനോടകം ഭദ്ര മനസ്സിലാക്കിയിരിന്നു.

വല്ലാത്തൊരു അപകർഷതാ ബോധമാവും അവളെ അന്നേരം ഭരിക്കുന്നത്. ഭയം തുടിക്കുന്ന കണ്ണുകൾ ഒരിടത്തും തങ്ങി നിൽക്കാതെ ഇടം വലം പിടക്കും. "പോയി കിടന്നോളു " റൂമിനരികിൽ വരെയും പാറുവിനോപ്പം ചെന്നിട്ട് ഭദ്ര പറഞ്ഞു. പാറു അകത്തേക്ക് കയറാതെ അവിടെ തന്നെ ചുറ്റി തിരിഞ്ഞു. "മോള്...." ഒടുവിൽ പതിയെ ചോദിച്ചു. "അവൾ കുഞ്ഞിക്കൊപ്പം എന്റെ മുറിയിലുണ്ട്. ഇന്നവിടെ കിടന്നോട്ടെ ഏട്ടത്തി " ഭദ്ര പറഞ്ഞു.

അത് വേണ്ടന്ന് പറയാനും.. ഞാൻ അരികിലില്ലാതെ അവളുറങ്ങില്ലെന്നു പറയാനും പാറുവിലെ അമ്മ മനം കൊതിച്ചു. പക്ഷേ അത് പറയാനുള്ള ധൈര്യം അവൾക്കപ്പോഴുമുണ്ടായിരുന്നില്ല.പറഞ്ഞാൽ അവരെന്തു കരുതുമെന്ന ഭയമായിരുന്നു മുന്നിട്ട് നിന്നിരുന്നത്. ഭദ്ര തിരിച്ചിറങ്ങി പോയിട്ടും പാറു ആ വാതിൽക്കൽ തന്നെ നിന്നു. എങ്ങാനും ലല്ലു മോളെ കണ്ടാൽ വിളിച്ചു കൊണ്ട് പോകാം എന്ന ചിന്തയോടെ.

ഇത്തിരി നേരം കഴിഞ്ഞു കയ്യിലൊരു ഗ്ലാസ് പാലുമായി ഭദ്ര വന്നതും പാറു വിളറി വെളുത്തു കൊണ്ടവളെ നോക്കി. "അവർക്കിടയിലൂടെ ഏട്ടത്തിക്ക് ഇത് കൊണ്ട് പോരാൻ ബുദ്ധിമുട്ടാവും ന്ന് കരുതിയിട്ടാ.. ഞാൻ കൊണ്ട് വന്നത്. അകത്തേക്ക് വെച്ചോളൂ.വെറുമൊരു ചടങ്ങായി കൂട്ടിയ മതി" പാറുവിന് നേരെ ഗ്ലാസ്‌ നീട്ടി ഭദ്ര ചിരിച്ചു. കയ്യിന്റെ വിറയൽ കാരണം പാല് തുളുമ്പി പോകുന്നുണ്ട്. "എന്തിനാ ഇത്രേം പേടിക്കണേ.. നമ്മൾ അറിയാത്തവരോന്നുമല്ലല്ലോ?

കൂടെ കൂടിയവനും ഏട്ടത്തിയുടെ പ്രിയപ്പെട്ട കൂട്ടുകാരനല്ലേ.? സന്തോഷിക്കയല്ലേ വേണ്ടേ.? ഇനിയങ്ങോട്ട് ഈ ഏട്ടത്തി ഞങ്ങളിൽ ഒരാളല്ലേ..? ഞങ്ങളൊക്കെയും ഏട്ടത്തിയുടെ സ്വന്തമല്ലേ?" ഭദ്ര അലിവോടെ അവളുടെ കവിളിൽ തട്ടി. പാറു ഒന്നും പറഞ്ഞില്ല. ഭദ്ര തിരിച്ചു പോയതോടെ വിറച്ചു കൊണ്ട് തന്നെ അവളകത്തേക്ക് കയറി. അനുഭവിച്ചു തീർത്ത ഒരു ആദ്യരാത്രിയുടെ ഓർമകൾ നീരാളി പോലെ അവളിൽ പിടി മുറുക്കി..

അന്ന് അനുഭവിച്ച വേദനകളോരോന്നും വീണ്ടും ഭയപെടുത്തി. അവളാ കിടക്കയുടെ മൂലയിലേക്ക് ചുരുങ്ങി. മുട്ടുകാൽ മടക്കി അതിലേക്ക് മുഖം പൂഴ്ത്തിയിരുന്നു.. എത്ര നേരമാ ഇരിപ്പ് തുടർന്നെന്ന് അവൾക്കുമറിയില്ലായിരുന്നു. ഹരി വന്നു വാതിൽ തുറന്നു അകത്തു കയറിയതും അവൾ ഭയത്തോടെ ചാടി എഴുന്നേറ്റു. ചുവരിലേക്ക് ഒന്ന് കൂടി പറ്റിച്ചേർന്നു. ഹരിയുടെ നെറ്റി ചുളിഞ്ഞു. "എന്താ പാറു..?" അവനാദ്യം അവളുടെ അവസ്ഥയെ മനസ്സിലായില്ല. "സമയം ഒത്തിരിയായി. നീ കിടക്കാഞ്ഞതെന്തേ.? ഞാൻ കരുതി ഉറങ്ങി കാണുമെന്നു." ഹരി ചിരിയോടെ തന്നെ പറയുന്നത് നോക്കി അവളിരിരുന്നു.

"കല്യാണത്തിന് വന്നവരിൽ ഇനിയും തിരിച്ചു പോകാത്തവരുണ്ട്. അല്ലെങ്കിൽ തന്നെ കല്യാണം പെട്ടന്ന് നടത്തിയ നീരസം അവരിൽ ബാക്കിയാണ്. അതിനിടയിൽ ഞാനിനി പുറത്തിറങ്ങി കിടക്കുന്നത് കൂടി കണ്ടാൽ അത് മതിയാവും. ഇന്നൊരു ദിവസം നീ അഡ്ജസ്റ്റ് ചെയ്യണം പാറു " അകത്തേക്ക് വന്നതിന്റെ കാരണം വിശദീകരിച്ചു കൊടുക്കുകയാണ് ഹരി. അവന്റെ മുഖത്തെ ചിരിയിൽ പാറുവിന്റെ ഹൃദയം ശാന്തമായി മിടിക്കാൻ തുടങ്ങി.

അവളെ പൊതിഞ്ഞു നിന്നിരുന്ന ഭയത്തിന്റെ പടച്ചട്ട പൊഴിഞ്ഞു വീണിരുന്നു. "കിടന്നോ... ഞാനൊന്ന് കുളിച്ചു വരാം " ഹരി എഴുന്നേറ്റു. "മോളെവിടെ?" കിടക്കയിലേക്ക് നോക്കിയ അവന്റെ മുഖം ചുളിഞ്ഞു. "പാറു... ലല്ലു എവിടെ ന്ന്?" മിണ്ടാതെയിരിക്കുന്ന പാറുവിനെ നോക്കി ആ ചോദ്യം ഒന്ന് കൂടി ആവർത്തിച്ചു. "അവള്... ഭദ്രയുടെ കൂടെ " മുഖം കുനിച്ചു കൊണ്ടാണ് പാറു ഉത്തരം പറഞ്ഞത്. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് പാറു നോക്കും മുന്നേ ഹരിയിറങ്ങി പോയിരുന്നു.

എല്ലാവരും ഉറക്കം പിടിച്ചു തുടങ്ങിയിരിക്കുന്നു. ഹരി ഭദ്രയുടെ മുറിയുടെ മുന്നിൽ ചെന്ന് നിന്നിട്ട് തട്ടി വിളിച്ചു. "ന്തേ ഏട്ടാ?" വാതിൽ തുറന്ന ഭദ്ര അമ്പരപ്പോടെ ഹരിയെ നോക്കി. "പിള്ളേര് ഉറങ്ങിയോ മോളെ?" ഹരി ചോദിച്ചു.. "മ്മ്.. ഇപ്പൊ ഉറങ്ങിയിട്ടേയൊള്ളു. രണ്ടും കൂടി നല്ല വാർത്താനവും ചിരിയുമായിരുന്നു ഇത് വരെയും " കിടക്കയിലേക്ക് ഒന്ന് തല ചെരിച്ചു നോക്കിയിട്ടാണ് ഭദ്ര പറഞ്ഞത്. "ലല്ലുമോൾക്ക് ഇരുട്ട് പേടിയാണ്. പാറുവിന്റെ കൂടെയല്ലാതെ അവളിത് വരെയും കിടന്നിട്ടില്ല.

ഇന്നിപ്പോ കുഞ്ഞിയെ കിട്ടി അവളുറങ്ങിയെങ്കിലും അവൾ അരികിലില്ലാതെ ഉറക്കം വരാത്തൊരു അമ്മ അവിടിരിപ്പുണ്ട്.അറിഞ്ഞു കൊണ്ട് നമ്മളവളെ വേദനിപ്പിക്കാൻ പാടുണ്ടോ മോളെ...?" ഹരി നേർത്തൊരു ചിരിയോടെ ചോദിച്ചു. "അയ്യോ.. ഏട്ടാ.. ഞാൻ ലല്ലു കുഞ്ഞിയുടെ കൂടെ കിടന്നപ്പോ..." ഭദ്ര വേവലാതിയോടെ പറഞ്ഞു. "ഏയ്‌.. അതിന് ഏട്ടൻ മോളെ തെറ്റ് പറഞ്ഞതല്ല. ഇന്ന് വന്നവരല്ലേ? അവർക്കെല്ലാം അംഗീകരിക്കാൻ നമ്മളിത്തിരി സാവകാശം കൊടുത്തേ മതിയാവൂ.

അമ്മയ്ക്കും മോൾക്കും. നമ്മൾ അവൾക്കിടയിലേക്ക് ബലമായി കയറി കൂടാൻ ശ്രമിക്കരുത്.. ഒരിക്കൽ... ഒരിക്കൽ അവരായി തന്നെ നമ്മളെ ചേർത്ത് നിർത്തും.മനസിലാവുന്നുണ്ടോ?" ഹരി അവളുടെ മൂക്കിൽ പിടിച്ചുലച്ചു. ഭദ്ര ചിരിച്ചു കൊണ്ട് തലയാട്ടി. ഗുഡ്.. ഹരി അവളുടെ കവിളിൽ തട്ടി കൊണ്ട് അകത്തേക്ക് കയറി. ഉറങ്ങി കിടക്കുന്ന കുഞ്ഞിയുടെ തലയിൽ വാത്സല്യത്തോടെ ഒന്ന് തഴുകി.. ആ നെറ്റിയിൽ ചുണ്ട് ചേർത്തു.

ലല്ലു മോളെ വാരി എടുത്തു തോളിൽ കിടത്തി. "വാതിൽ അടച്ചിട്ട് കിടന്നോ ട്ടോ " തിരിച്ചിറങ്ങി ഹരി പറഞ്ഞു. ഭദ്ര പതിയെ തല കുലുക്കി. "ഈ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ആരെന്ന് ചോദിച്ചാൽ മോൾക്ക് ധൈര്യമായി ഉത്തരം പറയാം അത് നിന്റെ ഏട്ടനാണെന്ന്." ചിരിയോടെ തിരിഞ്ഞു നിന്നിട്ട് ഹരിയാ പറഞ്ഞത് ഭദ്രയുടെ ഉള്ളിലുള്ള ചോദ്യത്തിനുത്തരമായിട്ടായിരുന്നു. ലല്ലു മോളെയും കൊണ്ട് കയറി വന്ന ഹരിയെ പാറു സംശയത്തോടെ നോക്കി.

"മോളിന്ന് നമ്മുടെ കൂടെ കിടന്നാൽ മതി. ഒരച്ഛന്റെ നെഞ്ചിൽ ചേർന്നുറങ്ങുന്നതിന്റെ സുഖം.. എന്റെ മോളൊന്ന് അറിയട്ടെടി " ലല്ലു മോളെ ശ്രദ്ധയോടെ കിടക്കയിലേക്ക് കിടത്തി കൊണ്ട് ഹരി പറഞ്ഞു. "കിടന്നോ..ക്ഷീണമുണ്ടാവും " പാറുവിനോട് കൂടി പറഞ്ഞിട്ട് ഹരി ബാത്റൂമിലേക്ക് കയറി. "ഡിം ലൈറ്റ് ഓഫ് ചെയ്യണ്ട.. കുഞ്ഞ് പേടിക്കും " വാതിൽ അടക്കും മുന്നേ ഹരി ഓർമിപ്പിച്ചു. മെല്ലെ ലല്ലുവിന് അരികിലേക്ക് ചേർന്ന് കിടക്കുമ്പോൾ..

പാറുവിന്റെ ഉള്ളിലുണ്ടായിരുന്ന ഭയത്തിന്റെ അവസാന കണികയും അലിഞ്ഞു പോയിരുന്നു. കൂടെയുള്ളത് ഹരിയാണ്. പ്രിയപ്പെട്ട കൂട്ടുകാരൻ ഹരി. താൻ പറയാതെ തന്നെ അറിയാൻ കഴിയുന്ന... ഹരി. അവനെ ഭയക്കേണ്ടതെന്തിന്...? മനസ്സിലേക്ക് അരിച്ചെത്തുന്ന തണുപ്പിൽ പാറുവിന്റെ മിഴികൾ അടഞ്ഞു തുടങ്ങി. കുളി കഴിഞ്ഞു ഹരി വരുന്നതും... ലല്ലുവിനോട് ചേർന്ന് കിടക്കുന്നതും ഒരു കൈ കൊണ്ടവളിൽ തലോടി ചേർത്ത് പിടിക്കുന്നതും.. പാതി ഉറക്കത്തിലെന്നത് പോലെ പാറു അറിഞ്ഞിരുന്നു. അപ്പോഴും ഹരിയുടെ വിരൽ തുമ്പ് പോലും പാറുവിലേക്ക് നീണ്ടിരുന്നില്ല.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story