സ്വന്തം ❣️ ഭാഗം 101

രചന: ജിഫ്‌ന നിസാർ

കണ്ണ് തുറക്കുമ്പോൾ കണ്ണന്റെ കൈ വലയത്തിലാണ്. നിധി പോലെയവൻ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. സീത മുഖം ഉയർത്തി കൊണ്ടവന്റെ മുഖത്തേക്ക് നോക്കി കിടന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ലായിരുന്നു. "ഒരു രാത്രി മുഴുവനും നിന്നെ പ്രേമിച്ചിട്ടും നിനക്കെന്നെ കണ്ട് മതിയായില്ലെടി ദുർഗാ ലക്ഷ്മി?" കണ്ണ് തുറക്കാതെ തന്നെ കണ്ണന്റെ ചോദ്യം. സീത ചമ്മലോടെ അവന്റെ കണ്ണുകൾ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു. കണ്ണനവളെ ഒന്നൂടെ വലിച്ചടുപ്പിച്ചു.

"വിട്ടേ... ഞാൻ എണീക്കട്ടെ കണ്ണേട്ടാ " സീത കുതറി കൊണ്ട് പറഞ്ഞു. "എങ്കിൽ പിന്നെ നിനക്കേഴുന്നേറ്റ് പോയ പോരായിരുന്നോ.. എന്നെ വായിൽ നോക്കി കിടന്നു കൊതിപ്പിച്ചത് എന്തിനാ? " പാതി തുറന്ന കണ്ണുകളിൽ ഉറക്കം തൂങ്ങി നിൽക്കുന്നുണ്ട്. അടഞ്ഞ ശബ്ദം. ചോദ്യതോടെപ്പം തന്നെ കണ്ണൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. സീതയവനെ തട്ടി മാറ്റി കൊണ്ട് എഴുന്നേറ്റു. "അയ്യടാ.. അങ്ങനിപ്പോ പൊന്നു മോൻ റോമാൻസിക്കേണ്ട.

മര്യാദക്ക് എഴുന്നേറ്റ് പല്ല് തേക്ക് ഡോക്ടറെ.. രാവിലെ ആദ്യം ചെയ്യേണ്ടത് അതാണ്‌ " അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടിയിഴകൾ വാരി പിടിച്ചു കെട്ടി കൊണ്ടാണ് സീത പറഞ്ഞത്. കട്ടിലിൽ നിന്നിറങ്ങി അവൾ അവനെ പുച്ഛത്തോടെ നോക്കി. "ഇതാ ഞാൻ പറഞ്ഞത്.. നിനക്കൊട്ടും റോമാൻസിക്കാൻ അറിയില്ലെന്ന്. എന്റെ ലച്ചു... ഈ മോർണിംഗ് റോമാൻസിന്റെ വൈബ്... അതുണ്ടല്ലോ.. പറഞ്ഞാൽ മനസ്സിലാവില്ല.. അനുഭവിച്ചറിയാനുള്ളതാ.. നീയിങ്ങ് വാ.. കണ്ണേട്ടൻ കാണിച്ചു തരാടി " കണ്ണൻ കൈ നീട്ടി പിടിക്കും മുന്നേ സീത ഒഴിഞ്ഞു മാറി. "തത്കാലം പല്ല് തേക്കാത്ത റോമാൻസിന് കണ്ണേട്ടൻ എന്നെ പ്രതീക്ഷിക്കണ്ട "

സീത ധൃതിയിൽ പോയി ബാത്റൂമിലേക്ക് കയറി. ഒരു നെടുവീർപ്പോടെ കണ്ണൻ കമിഴ്ന്നു കിടന്നു.. കണ്ണടച്ച് കിടന്നുവെങ്കിലും പിന്നെ അവനൊട്ടും ഉറക്കം വന്നില്ല. മനസ്സൊരു പട്ടം പോലെ.. വർണ്ണങ്ങൾ വാരി വിതറിയ ആകാശത്തു പാറി പറന്നു നടക്കുന്നു. സന്തോഷം കൊണ്ട് തുടി കൊട്ടുന്ന ഹൃദയം. ഇത്തിരി നേരം കഴിഞ്ഞു ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. പക്ഷേ കാത്തിരുന്നിട്ടും സീത അരികിൽ വന്നതിന്റെ യാതൊരു ലക്ഷണവുമില്ല. കണ്ണേട്ടാ "

അവനാ ചിന്തിച്ചാ നിമിഷം തന്നെയാണ് സീതയുടെ പതിഞ്ഞ വിളി കേട്ടതും. തല ഉയർത്തി നോക്കാതെ തന്നെ അവൻ വിളി കേട്ടു. "കണ്ണേട്ടാ..." വീണ്ടും വിളി. കണ്ണൻ തല ചെരിച്ചു നോക്കി. ബാത്റൂമിന്റെ വാതിൽ പാതി തുറന്നു വെച്ചിട്ട് തല മാത്രം പുറത്തേക്ക് നീട്ടിയാണ് അവൾ വിളിക്കുന്നത്. "മ്മ്.. എന്തേ?" കണ്ണൻ കിടന്നിടത്തു കിടന്നു കൊണ്ട് തന്നെ ചോദിച്ചു. "അതുണ്ടല്ലോ..." സീത വിക്കി കൊണ്ട് വീണ്ടും പറഞ്ഞു. "മ്മ്മ്... അതുണ്ട്.. ബാക്കി പറ.?" "ഞാൻ മാറിയിടാൻ ഡ്രസ്സ്‌ എടുത്തില്ല.. ആ ഷെൽഫിൽ നിന്നും ഒന്നെടുത്തു തരുവോ?" അവളുട ആവിശ്യം കേട്ടിട്ട് കണ്ണൻ കള്ളചിരിയോടെ എഴുന്നേറ്റു. മുണ്ട് മുറുക്കി എടുത്തു കൊണ്ടവൻ ഷെൽഫ് തുറന്നു.

ആദ്യം കയ്യിൽ തടഞ്ഞൊരു ചുരിദാർ വലിച്ചെടുത്തു കൊണ്ടവൻ ബാത്റൂമിന് നേർക്ക് നടന്നു. "ഇങ്ങ് താ " അവന്റെ ഭാവത്തിൽ ഒരു വശ പിശക് തോന്നിയിട്ട് സീത ധൃതിയിൽ കൈ നീട്ടി. "പിന്നെ... ഷെൽഫിൽ നിന്നും ഇതെടുക്കാനറിയാമെങ്കിൽ.. നിന്നെയത് ഉടുപ്പിച്ചു തരാനും നിന്റെ കണ്ണേട്ടന് അറിയാം " അവനിലെ കള്ളത്തരം മനസ്സിലാക്കി സീത വാതിൽ ചേർത്തടക്കും മുന്നേ കണ്ണനത് തള്ളി തുറന്നു കൊണ്ട് അകത്തേക്ക് കയറി ലോക്ക് ചെയ്തു.

"മോളെന്താ പറഞ്ഞത്..." മീശയൊന്ന് പിരിച്ചു കൊണ്ട് കണ്ണൻ പുരികം പൊക്കി. സീത ചുവരിലേക്ക് ചാരി. "മോർണിംഗ് റോമാൻസിന് നിന്നെ കിട്ടൂല ന്ന്.. അല്ലേ?" കണ്ണന്റെ നോട്ടത്തിൽ പതറി കൊണ്ടവൾ തല കുനിച്ചു. "ദൈവം എന്റെ കൂടെയാണെടി പരട്ട ചീതാ ലക്ഷ്മി " നനഞ്ഞു കുതിർന്നു നിൽക്കുന്നവളെ അതേ നനവോടെ തന്നെ കണ്ണൻ നെഞ്ചിലേക്ക് ഒതുക്കി പിടിച്ചു. പുലരി കുളിരിന്റെ അസ്ഥി തുളക്കുന്ന തണുപ്പിലും.. രണ്ടു പേരും പരസ്പരം ചൂട് പകർന്നു. മറ്റൊരു പ്രണയത്തിന്റെ വസന്തം അവിടെ പൂക്കാലം തീർക്കുകയാണ്... ❣️❣️❣️

"മോളെന്താ ഇവിടിരിക്കുന്നെ? " വരദയുടെ ചോദ്യം കേട്ടിട്ടാണ് പാറു ഞെട്ടി തിരിഞ്ഞു നോക്കിയത്. എന്നും എഴുന്നേൽക്കുന്ന നേരമായതും ശീലം പോലെ ഉറക്കം വിട്ടേഴുന്നേറ്റ അവൾക്ക് മുറിയിലിരിക്കാൻ തോന്നിയില്ല. ഇനിയും അതിനകത്തു തന്നെ കുത്തിയിരുന്നാൽ പുറത്തുള്ളവർ എന്ത് വിചാരിക്കും എന്നൊരു അനാവശ്യ ഭയം വന്നു കയറിയാ നിമിഷം മുതൽ അവളെ ഭരിക്കുന്നുണ്ട്. ഇവരെല്ലാം എത്രയൊക്കെ സ്വന്തമെന്ന് കരുതിയാലും..

ഉള്ളിലെ അപകർഷതാ ബോധമെന്നൊരു ചെകുത്താൻ ഇടക്കൊക്കെ അവളെ ഭയപ്പെടുത്തി രസിക്കുന്നുണ്ട്. ഹരിയുടെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ പറ്റി ചേർന്ന് കിടക്കുന്ന ലല്ലു... സന്തോഷത്തിനും ആശ്വാസത്തിനുമപ്പുറം... വല്ലാത്തൊരു സമാധാനമാണ് അവളില്ലന്നേരം നിറഞ്ഞു നിന്നിരുന്നത്. ഹരിയുടെയും മോളുടെയും ഉറക്കത്തിനൊരു കോട്ടം തട്ടരുതെന്നുള്ളത് കൊണ്ട് തന്നെ പരമാവധി സൂക്ഷിച്ചു കൊണ്ടാണ് പാറു എഴുന്നേറ്റു ബാത്റൂമിലേക്ക് നടന്നത്. കുളിച്ചു ഫ്രഷ് ആയിട്ട് പതിയെ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു. നീണ്ട മുടിയിഴകൾ ഒന്നൂടെ കൈ കൊണ്ട് കോതി ഒതുക്കി.

മാഞ്ഞു പോയ സിന്ദൂരത്തേ ഒന്നുകൂടി ചുവപ്പിച്ചു കൊടുക്കുമ്പോൾ കണ്ണുകൾ അറിയാതെ ഹരിക്ക് നേരെ നീണ്ടു. സിന്ദൂരം പോലെ.. അവളുടെ കവിളിലും ചുവപ്പ് രാശി പടർന്നു. വാതിൽ തുറന്നു പുറത്തേക്ക് നടന്നു. വെളിച്ചം പരന്നു തുടങ്ങിയിട്ടില്ല. ഹാളും കടന്ന് അടുക്കളയിൽ ചെന്നു. ഇനിയെന്ത് ചെയ്യണമെന്നൊരു ശൂന്യത അവളെ ചുറ്റി പറ്റി നിന്നു. പുറത്തിട്ട ബൾബിന്റെ നേരിയ വെട്ടമുണ്ട്. കൈ എത്തിച്ചു സ്വിച്ച് ഇട്ട് അടുക്കളയിൽ ലൈറ്റിടാൻ കൂടി അവൾ മടിച്ചു....

പേടിച്ചു. ഭയം... സർവത്ര ഭയം. ചുറ്റുമുള്ള സകലത്തിനെയും ഭയം. അത് മാറ്റണമെന്നും... എല്ലാവരെയും പോലെ മനസ്സറിഞ്ഞു സന്തോഷത്തിൽ ജീവിക്കണമെന്നും മോഹമുണ്ടെങ്കിൽ കൂടിയും.. ഈ പറയപ്പെട്ട ഭയമാണ് പലപ്പോഴും ഭരിക്കുന്നത്. അവരെന്തു വിചാരിക്കും എന്നതിൽ നിന്നും അവരെന്തു വിചാരിച്ചാലും എനിക്കെന്താ എന്ന് ചിന്തിക്കാൻ തോന്നുന്ന മനസ്സിനെ കൊന്നു കളയുന്ന ഭയം. അടുക്കളയിലിട്ട കുഞ്ഞു മേശലേക്ക് തല ചേർത്ത് വെച്ച് കിടക്കുമ്പോഴും പാറു അവളെതന്നെ ഓർത്തു.. അവളെ ചുറ്റി പറ്റി തിരിഞ്ഞിരുന്ന സീതയെയും അജുവിനെയും ഓർത്തു.

അവൾക്കുള്ളം വേദനിച്ചു. സീതയെ ഓർത്തു സന്തോഷം തോന്നിയെങ്കിലും.. അജുവിനെ ഓർക്കുമ്പോൾ അവളിലെ അമ്മയാണ് വേദനിച്ചത്. അറിയപ്പെടാത്തൊരു സ്ഥലത്തേക്ക് സ്വന്തം മകനെ പറഞ്ഞയച്ച അതേ വേവലാതി അവളിൽ നിറഞ്ഞു. അവനൊന്ന് വിളിച്ചില്ലല്ലോ എന്ന് പരിഭവം പറഞ്ഞതത്രയും ഹൃദയമാണ്. തനിക്ക് ഫോണില്ലെങ്കിലും.. ഹരിയുടെ ഫോണിലേക്ക് വിളിക്കാമല്ലോ എന്നോർത്ത് വീണ്ടും വീണ്ടും വേദനിച്ചു. "എന്നും ഈ നേരത്ത് ഉണരാറുണ്ടാവും ല്ലേ മോളെ?"

വരദ വാത്സല്യത്തോടെ അവളെ നോക്കി. "മ്മ്.." പാറു ചിരിച്ചു കൊണ്ട് മൂളി. "ഞാൻ.. ഞാൻ ന്താ ചെയ്യണ്ടേ?" അടുക്കളയുടെ പുറത്തേക്കുള്ള വാതിൽ തുറക്കാൻ ശ്രമിക്കുന്ന വരദയെ നോക്കി പാറു ചോദിച്ചു. "നമ്മടെ വീടല്ലേ മോളെ.. അത് പോലെ കണ്ടാൽ മതി ട്ടോ " പുഞ്ചിരിയോടെ വരദ പറഞ്ഞു. അതിലുണ്ടായിരുന്നു അവൾക്കുള്ള ഉത്തരം. ഉടുത്തിരുന്ന സാരിതലപ്പൊന്നു ഇടുപ്പിലേക്ക് കുത്തി പാറു പെട്ടന്ന് തന്നെ സജ്ജമായി. ഒരു പാത്രത്തിൽ വെള്ളം പിടിച്ചു കൊണ്ട് ചായ തിളപ്പിക്കാൻ വെച്ചു.

കഴിക്കാൻ എന്തുണ്ടാക്കും എന്നോർത്ത് കൊണ്ട് കണ്ണുകൾ ചുറ്റും പരതി. പരിചയകുറവിന്റെ ഒരു സ്പീഡ് കുറവുണ്ട്. എങ്കിലും പെട്ടന്ന് തന്നെ അതിനെ അതിജീവിക്കാൻ അവൾക്കായി. അടുക്കള സ്ലാബിൾ മൂടി വെച്ചിരുന്ന പാത്ര ത്തിന്റെ അടപ്പ് തുറന്നു നോക്കിയപ്പോൾ ദോശമാവാണ്. തകൃതിയായി നടക്കുന്ന പണികൾക്കിടയിലേക്കാണ് വരദ കയറി വന്നത്. പാറു ചെയ്യുന്ന ജോലി നിർത്തി അവർക്കൊരു ഗ്ലാസ്സിലേക്ക് ചായ പകർന്നു കൊടുത്തു. "അടുക്കള ജോലിക്ക് ഒരാൾ വരും മോളെ. എനിക്ക് വയ്യാത്തതാണെന്നും പറഞ്ഞു ഹരി ഏർപാട് ചെയ്തതാ.. ആ ചെക്കന്റെ ഓരോ ഭ്രാന്ത്.. എനിക്കിപ്പോ അതിന് മാത്രം അസുഖമെന്തന്നാ"

പാറു നീട്ടിയ ചായ വാങ്ങിച്ചു കൊണ്ട് വരദ പറഞ്ഞു. "നീ കുടിച്ചില്ലേ?" വരദ ചോദിച്ചു. "ഞാൻ കുടിച്ചോളാം " പാറു ചിരിയോടെ പറഞ്ഞു. "ഒരു ഗ്ലാസ്‌ ചായ എടുത്തങ്ങു കുടിക്ക് പെണ്ണേ " അൽപ്പം ശാസനയോടെ വരദ അവളെ നോക്കി കണ്ണുരുട്ടി. പാറു ചിരിയോടെ ഒരു ഗ്ലാസ്‌ എടുത്തു കൊണ്ട് ചായ പകർന്നു. "ശാന്ത ഇപ്പൊ വരും... അവള് ചെയ്തോളും ബാക്കി ജോലികൾ " ആ വീട്ടില് വരാറുള്ള ജോലികാരിയാവും ശാന്ത എന്ന് പാറുവിനു മനസ്സിലായി. "എനിക്ക് ചെയ്യാവുന്ന ജോലികളെ ഒള്ളു.." പാറു പതിയെ പറഞ്ഞു.

അപ്പോഴും അതവർക്ക് ഇഷ്ടമാവുമോ എന്നുള്ള പേടിയാണ്. "അതിന് എന്റെ മോളിവിടെ അടുക്കളക്കാരി ആയിട്ടല്ലല്ലോ വന്നത്? എന്റെ ഒരേയൊരു മോന്റെ പെണ്ണിനെ തത്കാലം ഞാനങ്ങനെ കാണാനും ഉദ്ദേശിച്ചിട്ടില്ല " പാറുവിന്റെ നേരെ നോക്കി വരദ പറഞ്ഞു. പാറുവിന്റെ മനസ്സിലൊരു തണുപ്പ് വീണു. എന്റെ മോന്റെ പെണ്ണ്... ആ വാക്കുകൾ ഒരേ സമയം അവളിൽ ആശ്വാസവും കുറ്റബോധവും നൽകി. ആ മകനോട് നീതികേട് ചെയ്യുന്നുണ്ടോ എന്നതാണ് അപ്പോഴവളിൽ മുന്നിട്ട് നിന്ന സംശയം.

ചായ കുടിച്ച് കഴിഞ്ഞു പാറു വീണ്ടും അവൾ ചെയ്തിരുന്ന ജോലിയിലേക്ക് തന്നെ തിരിഞ്ഞു. കറിക്കുള്ള കഷ്ണങ്ങൾ നുറുക്കി കൊണ്ട് വരദയും അവൾക്കൊപ്പം കൂടി. അവര് രണ്ടു പേരുമുള്ള ലോകത്തിൽ... ലല്ലുവിനോളം ചെറിയൊരു കുഞ്ഞിനെ വരദ പാറുവിൽ നിന്നും കണ്ടെടുത്തിരുന്നു.. സ്നേഹത്തോടെയൊന്നു സംസാരിക്കാൻ ശ്രമിച്ചതിൽ പിന്നെ... അവൾക്കും നിറയെ പറയാനുണ്ടായിരുന്നു. അവൾക്കും നിറയെ സംശയങ്ങളുണ്ടായിരുന്നു. വരദക്കവളോട് വാത്സല്യം തോന്നും വിധം നിഷ്കളങ്ക നിറഞ്ഞൊരു കുഞ്ഞു പെൺകുട്ടിയായ് മാറിയിരുന്നു പാറു. ❣️❣️❣️❣️

"ഉള്ളിലുള്ള പ്രണയം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാവുന്നതിലും അധികമാവുമ്പോഴാണ് ന്റെ ഭാര്യേ.. മനുഷ്യനത് പ്രവർത്തി കൊണ്ട് തെളിയിക്കുന്നത്. അതിനാണോ നീ ഈ വിധം എന്നെ നോക്കി പേടിപ്പിക്കുന്നത് " കണ്ണൻ സീതയുടെ മൂക്കിൽ പിടിച്ചുലച്ചു. "സ്നേഹം വല്ലാണ്ട് കൂടുന്നുണ്ട് ട്ടോ.. " സീതയവന്റെ കൈ തട്ടി മാറ്റി കൊണ്ട് കണ്ണുരുട്ടി. "എനിക്കത്രേം ഇഷ്ടമുണ്ടായിട്ടല്ലേ ടി ദുർഗാ ലക്ഷ്മി " കണ്ണനവളെ പൊക്കിയെടുത്ത് വട്ടം ചുറ്റി.. "കണ്ണേട്ടാ... താഴെ ഇറക്കിക്കേ..." സീത പിടഞ്ഞു കൊണ്ടവനെ ചുറ്റി പിടിച്ചു. "നീ മടുത്തു പോയോടി?"

കണ്ണൻ സീതയുടെ കണ്ണിലേക്കു നോക്കി. ഒരു നിമിഷം പോലും താമസമില്ലാതെ സീത ഇല്ലെന്ന് തലയാട്ടി. "എനിക്കീ കണ്ണനോട് ഭ്രാന്തല്ലേ?" സീതയവന്റെ കവിളിൽ കൈ ചേർത്ത് വെച്ചു. "നമുക്കിന്നു രാത്രിയാണ് ഫ്ലൈറ്റ്. അതിന് മുന്നേ ഹരിയുടെ അരികിലേക്കൊന്നു പോണം.. നിരഞ്ജനയുടെ വീട്ടില് ചെന്ന് സംസാരിക്കാമെന്ന് അവൾക്ക് വാക്ക് കൊടുത്തതാണ് " കണ്ണൻ സീതയെ താഴെയിറക്കി കൊണ്ട് പറഞ്ഞു. "നീ വരുന്നോ..? ഞാൻ വരും വരെയും പാറുവിന്റെ അരികിൽ നിൽക്കാൻ."

ഷെൽഫിൽ നിന്നോരു ഷർട്ട് എടുത്തിടുന്നതിനിടെ കണ്ണൻ ചോദിച്ചു. "ഞാനും വരുന്നു... എനിക്കിവിടെ നിന്നിട്ട് എന്തോ പോലെ " സീത പറഞ്ഞു. "എങ്കിൽ റെഡിയായിക്കോ. നമ്മൾക്ക് ഒരുമിച്ച് പോകാം " കണ്ണൻ പറഞ്ഞു. ഒന്ന് തലയാട്ടി കൊണ്ട് സീതയും ഒരുങ്ങാൻ തുടങ്ങി. കുസൃതിയും കുറുമ്പുമായി ഓരോ നിമിഷവും അവരാഘോഷിക്കുകയാണ്. ഗൗരവകാരിയായ സീതാ ലക്ഷ്മിയെ അവനവളിൽ കണ്ടതേയില്ല.

കുറുമ്പും കുസൃതിയും ആവേളം അറിയാവുന്ന അവന്റെ പെണ്ണായിരുന്നു അവളപ്പോൾ. ആ സന്തോഷം... യാതൊരു മുഷിച്ചിലുമില്ലാതെയാണ് ശ്രീ നിലയത്തിലെ ഓരോരുത്തരും കണ്ടു നിന്നതും. നാരായണി മുത്തശ്ശിക്കായിരുന്നു കൂടുതൽ സന്തോഷം. അവരന്നു തിരിച്ചു ബാംഗ്ലൂരിലേക്ക് പോകും എന്നത് മാത്രമൊരു കുഞ്ഞു നോവായി അവർക്കുള്ളിൽ നിറഞ്ഞു. എങ്കിലും ഒന്നും പറഞ്ഞില്ല.. കാരണം.. ഒത്തിരി സങ്കടപെട്ടവരാണ്. അവരിനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണം എന്നൊരു ആഗ്രഹമാണ് അതിനേക്കാൾ കൂടുതൽ നിറഞ്ഞു നിന്നതും.. ❣️❣️❣️ ഹരി ഉറക്കം വിട്ട് എഴുന്നേൽക്കുമ്പോൾ നേരം നല്ലത് പോലെ തെളിഞ്ഞിരുന്നു.

ഒരു നിമിഷം അതേ കിടപ്പ് തുറന്നവൻ ഏതോ ഓർമ പോലെ.. കിടക്കയിലേക്ക് തിരിഞ്ഞു നോക്കി. പാറുവും ലല്ലുവുമില്ല. എത്രയോ നാളുകൾക്ക് ശേഷമായിരിക്കും താനൊന്നു മനസ്സ് തുറന്നുറങ്ങുന്നത്. അത് കൊണ്ടായിരിക്കും.. പതിവില്ലാതെ ഉറങ്ങി പോയതും. ഹരി എഴുന്നേറ്റു ഫ്രഷ് ആവാൻ പോയി. വീട്ടിൽ അവശേഷിക്കുന്ന ബന്ധുക്കൾ തിരിച്ചു പോവാനുള്ള ഒരുക്കത്തിലാണ്. ഹരി ഹാളിലേക്ക് ചെല്ലുമ്പോൾ വരദയുടെ പിന്നിൽ നിന്ന് കൊണ്ടാണെങ്കിൽ പോലും...

എല്ലാവരോടും നന്നായി സംസാരിക്കാൻ ശ്രമിക്കുന്ന പാറുവിൽ അവന്റെ കണ്ണുകൾ ഉടക്കി നിന്നിരുന്നു. അലസമായി വാരി ചുറ്റിയ സാരിയും.. കുളി കഴിഞ്ഞു വിടർത്തിയിട്ട മുടിയിഴകൾ.. ആ നെറ്റിയിൽ ജ്വലിക്കുന്ന സിന്ദൂരചുവപ്പ്.. അവനുള്ളിലെ പ്രണയത്തിന്റെ ആഴം കൂട്ടി. നിറഞ്ഞൊരു ചിരിയോടെ അവർക്കിടയിലേക്ക് ചെല്ലാതെ ഹരി സിറ്റൗട്ടിലേക്കാണ് പോയത്. താൻ ചെല്ലുമ്പോൾ പാറു സംസാരിക്കാൻ ബുദ്ധിമുട്ടുമെന്ന് അവനറിയാമായിരുന്നു.

സിറ്റൗട്ടിൽ ചാരു പടിയിലിരുന്ന് കൊണ്ട്.. ലല്ലുമോളും കുഞ്ഞിയും നല്ല വർത്താനത്തിലാണ്. "ആഹാ.. ഇവിടെ ഉണ്ടായിരുന്നോ ന്റെ മുത്ത്മണികൾ.. ഞാനെവിടെല്ലാം തിരഞ്ഞു " ഹരി ചിരിയോടെ അവർക്കടുത്തേക്ക് ചെന്നു. "അതിന് ആരായിപ്പോ മാമനോട് മിണ്ടുന്നത്?" കുഞ്ഞി അവന് നേരെ മുഖം തിരിച്ചു. "യ്യോ... ഞാനതിനു എന്തോ ചെയ്തു?" ഹരി അവളെ ചേർത്ത് പിടിക്കാൻ നോക്കിയത് കുതറി തെറിപ്പിച്ചു കൊണ്ട് കുഞ്ഞി നീങ്ങിയിരുന്നു.

"എന്ത് പറ്റി ലല്ലൂസേ?" ഹരിയെ ലല്ലുവിനെ നോക്കി. "എനിക്കറിയില്ല.. അങ്കി.. അല്ല.. അ..." അവനെ എന്ത് വിളിക്കുമെന്നറിയാത്തൊരു സംശയം അവളുടെ വാക്കുകളിൽ തെളിഞ്ഞു. "അച്ഛൻ... ലല്ലു മോളുടെ അച്ഛനാണ് ട്ടോ " അവർക്കരികിലേക്ക് വന്ന കൈമൾ മാഷാണ് അവൾക്കുത്തരം കൊടുത്തത്. ഹരി അയാളെ നോക്കി ചിരിച്ചു. "എന്താ ഇവിടെ ന്റെ കുഞ്ഞിടെ മുഖത്തൊരു വെളിച്ചമില്ലാത്തത്. എന്താ ലല്ലു പെണ്ണേ?" കുഞ്ഞിയുടെയും ലല്ലുവിന്റെയും താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ടാണ് കൈമൾ മാഷ് ചോദിച്ചത്. "മാമനിപ്പോ എന്നേക്കാൾ ഇഷ്ടം ലല്ലുവിനോടാ മുത്തശ്ശ..." കുഞ്ഞിയുടെ സങ്കടം നിറഞ്ഞ സ്വരം.

എടീ കുശുമ്പി... ഹരി ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. ലല്ലു ഹരിയെയും അവളെയും മാറി മാറി നോക്കി. "എന്തേയിപ്പോ ന്റെ കുഞ്ഞിക്ക് അങ്ങനെ തോന്നാൻ?" ഹരി കുഞ്ഞിയുടെ മുഖം പിടിച്ചുയർത്തി. "ഇന്നലെ.. മാമൻ ലല്ലുവിനെ മാത്രമല്ലേ എടുത്തോണ്ട് പോയത്. ഞാനും മാമനൊപ്പം കിടക്കണം ന്ന് കരുതി കാത്തിരുന്നതല്ലേ.. എന്നിട്ട് എന്നെ കൊണ്ട് പോയില്ലല്ലോ.അപ്പൊ എന്നെ ഇഷ്ടല്ലാത്തൊണ്ടല്ലേ.. ലല്ലുവിനോട് ഒത്തിരി ഇഷ്ടമുണ്ടായിട്ടല്ലേ?" ഇപ്രാവശ്യം ആ സ്വരം നിറഞ്ഞ വേദന ഹരിയെ കൂടി പൊള്ളിച്ചു. തന്നെ നിശ്വാസം പോലെ കൊണ്ട് നടക്കുന്നവളാണ്. തനിക്ക് നോവുമ്പോൾ ആദ്യം കണ്ണ് നിറക്കുന്നവളാണ്.

അവന്റെ കണ്ണുകൾ ലല്ലുവിന് നേരെ നീണ്ടു. ചെയ്ത കുറ്റം എന്തെന്ന് അറിയില്ലെങ്കിലും ആ മുഖത്തും സങ്കടമാണ്. ഹരി അവളെ കൂടി വലിച്ചു നീക്കി ചേർത്ത് പിടിച്ചു. കൈമൾ മാഷ് ചിരിയോടെ അവനെ നോക്കി നിൽക്കുകയാണ്. ഹരി അയാളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു. "കുഞ്ഞി കൈ കൊണ്ട് ഒരു കണ്ണ് പൊത്തി പിടിച്ചു നോക്കിക്കേ..." ഹരി കുഞ്ഞിയെ നോക്കി പറഞ്ഞു. ഒന്ന് സംശയിച്ചു നോക്കിയെങ്കിലും ഹരി വീണ്ടും പറഞ്ഞപ്പോൾ അവളെങ്ങനെ ചെയ്തു.

"ഈ സൈഡിൽ എന്തെങ്കിലും കാണുന്നുണ്ടോ?" ഹരി അവൾ പൊതിഞ്ഞു പിടിച്ചു ഭാഗത്തു തൊട്ട് ചോദിച്ചു. ഇല്ലെന്ന് കുഞ്ഞിയുടെ മറുപടി. "ഇനി ഈ കണ്ണ് പൊതിഞ്ഞു പിടിച്ചു നോക്കൂ " ഹരി വീണ്ടും ആവിശ്യപെട്ടു. പൊതിഞ്ഞു പിടിച്ച കൈ തൊട്ട് അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു. ഇല്ലെന്ന് കുഞ്ഞിയുടെ ഉത്തരം. ഇനി കൈ എടുക്ക് " ഹരി തന്നെ അവളുടെ കൈകൾ എടുത്തു മാറ്റി. "രണ്ടു കണ്ണിൽ കുഞ്ഞിക്ക് ഏതാ ഇഷ്ടം..?"

അവന്റെ ചോദ്യം.. കുഞ്ഞി നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി. "ഇതാ.. കുഞ്ഞിയുടെ ഈ രണ്ടു മനോഹരമായ കണ്ണുകൾ പോലെയാണ് എനിക്ക് നിങ്ങൾ രണ്ടു പേരും. കുഞ്ഞി ഇല്ലെങ്കിൽ എന്റെ ഈ ഭാഗവും.. ലല്ലു ഇല്ലെങ്കിൽ എന്റെ ഈ ഭാഗവും എനിക്ക് കാണാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ നിങ്ങൾ രണ്ടു പേരും വേണം എനിക്ക്. കൂടുതലിഷ്ടം കുറവിഷ്ടം...അങ്ങനൊന്നുമില്ല. എന്റെ ജീവനാണ് ഈ രണ്ടു ചുന്ദരി കുട്ടികളും.. മനസിലായോ...?" നിറഞ്ഞ ചിരിയോടെ തന്നെ ഹരി രണ്ടു പേരെയും പൊതിഞ്ഞു പിടിച്ചു. ലല്ലുമോളുടെയും കുഞ്ഞിയുടെയും കണ്ണിലൊരായിരം നക്ഷത്രങ്ങൾ പൂത്തുലഞ്ഞു... അത് കേട്ടപ്പോൾ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story