സ്വന്തം ❣️ ഭാഗം 102

രചന: ജിഫ്‌ന നിസാർ

ആദ്യമായി വീട് വിട്ട് നിൽക്കുന്നതിന്റെ എല്ലാ ആശങ്കകളും അജുവിൽ പ്രകടമായി തന്നെ ഉണ്ടായിരുന്നു. വിശാലമായൊരു മുറിയിൽ തനിച്ചു കിടക്കുമ്പോൾ.. വീട്ടിലെ ഹാളിൽ വിരിച്ചിട്ട പായയിൽ അവനുള്ളം കയറി കിടന്നു. പാറുവിനെയും സീതയെയും കാണാൻ തോന്നി. പാറുവിന്റെ വാത്സല്യം കൊതിച്ചതിനൊപ്പം തന്നെ.. സീതയുടെ ശാസനകളും അവനിൽ പിടി മുറുക്കി... കണ്ണ് നനയിച്ചു. അതിനെല്ലാം പുറമെ നിരഞ്ജനയുടെ ദയനീയത നിറഞ്ഞ മുഖം... അവനെ ജീവനോടെ ചുട്ടെരിയിച്ചു. "എനിക്ക് മനസ്സിലാവും അർജുൻ. എല്ലാവരും ആദ്യദിവസങ്ങളിൽ ഇങ്ങനൊക്കെ തന്നെയാവും.

അതിന്റെ അതിജീവിക്കാൻ പഠിക്കാതെ അവയിൽ നിന്നും ഓടിയോളിക്കാൻ ശ്രമിച്ചാൽ ജീവിതം എങ്ങുമെത്തില്ല. നിന്റെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ടെൻർണിങ് പോയിന്റാവാം ഒരുപക്ഷെ യിത് .അത് കൊണ്ട് ധൈര്യമായി നേരിടാൻ ഒരുങ്ങുക." വന്നിറങ്ങിയുടനെ മിത്തു അവന്റെ തോളിൽ ചേർത്ത് പിടിച്ചു പുറത്ത് തട്ടി കൊണ്ട് പറഞ്ഞു. മങ്ങിയൊരു ചിരിയോടെ അവനെ നോക്കി എന്നതല്ലാതെ അജു ഒന്നും പറഞ്ഞില്ല. റിമിയെയും ജോണിനെയും അവരുടെ ഫ്ലാറ്റിൽ ആക്കി കൊടുത്തതിനു ശേഷമാണ് മിത്തു അവന്റെ മുറിയിലേക്ക് പോന്നത്. "പോയിട്ട് നന്നായൊന്ന് ഉറങ്ങി എന്നീക്ക് നീ.നല്ല ആശ്വാസം കിട്ടും.

പിന്നിൽ ഉപേക്ഷിച്ചു പോന്നതൊന്നിനെ കുറിച്ചും വേവലാതി വേണ്ട അർജുൻ.നിനക്കുള്ളതെങ്കിൽ നിന്നെ വിട്ട് പോകില്ല. എന്തും നിനക്കെന്നോട് പറയാം. രാത്രിയിലെ ഫ്‌ളൈറ്റിൽ നിന്റെ സീതേച്ചിയും കണ്ണേട്ടനും വരും. നമ്മക്ക് രണ്ടാൾക്കും പോയിട്ട് അവരെ പിക്ക് ചെയ്യണം. ഒക്കെയല്ലേ?" മിതു പറഞ്ഞത് കേട്ട് ചെറിയൊരു ആശ്വാസം അർജുനിൽ വന്നു ചേർന്നിരുന്നു. "ചെല്ല്. അതാ റൂം. പോയെന്ന് ഫ്രെഷായി കയറി കിടന്നുറങ്ങിക്കോ.

എന്താവിശ്യമുണ്ടെങ്കിലും വിളിക്ക്.. ഞാൻ അപ്പുറത്തുണ്ട് " മിത്തു അർജുനെ നോക്കി പറഞ്ഞു കൊണ്ട് തിരിഞ്ഞ് നടന്നു. "മിത്തേട്ടാ..' പിന്നിൽ നിന്നും അർജുൻ വിളിക്കുന്നത് കേട്ടാണ് മിത്തു തിരിഞ്ഞു നോക്കിയത്. "വീട്ടിലേക്കൊന്നു വിളിക്കാൻ. വല്യേച്ചിയും സീതേച്ചിയും കാത്തിരിക്കും " നന്നേചെറിയൊരു ശബ്ദത്തിലാണ് അർജുൻ പറഞ്ഞത്. "എയർപ്പോട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ കണ്ണനും ഹരിക്കും ഞാൻ മെസ്സേജ് ഇട്ടിരുന്നു. അവർ പറഞ്ഞിട്ട് ചേച്ചിമാർ അറിഞ്ഞു കാണില്ലേ? " മിത്തു ചോദിച്ചു. അർജുൻ തല കുലുക്കി. "ഇനി വിളിക്കണോ ടാ?" അവന്റെ നിൽപ്പ് കണ്ടിട്ട് മിത്തു വീണ്ടും ചോദിച്ചു. "വേണ്ട മിത്തേട്ട..."

അർജുൻ ചിരിയോടെ പറഞ്ഞു. "ഒക്കെ.. എങ്കിൽ പോയി കിടന്നുറങ്ങു കുറച്ചു നേരം. വൈകുന്നേരം നമ്മക്ക് ഷേണായി സാറിനെ കാണാൻ പോവേണ്ടതുണ്ട്." മിതു ഓർമിപ്പിച്ചു. "അരവിന്ദ് ഷേണായി.. ഇവിടുത്തെ വല്ല്യ ബിസിനസ്സമാനാണ്. അദ്ദേഹമാണ് നിനക്കുള്ള ജോലി ഓഫർ ചെയ്തിരിക്കുന്നത്. നീ എത്തിയിട്ട് കൂട്ടി കൊണ്ട് ചെല്ലാൻ പറഞ്ഞിരുന്നു " അർജുന്റെ കണ്ണിലെ സംശയങ്ങൾ കണ്ടിട്ടാണ് മിത്തു വിശദീകരണം പോലെ പറഞ്ഞത്. "ടെൻഷനാവണ്ട അർജുൻ. എനിക്കറിയാവുന്ന ആളാണ് ഷേണായി സർ." വീണ്ടും അർജുന്റെ മുഖത്തെ അങ്കലാപ്പ് കണ്ടിട്ട് മിത്തു ആശ്വാസിപ്പിച്ചു. പിന്നൊന്നും പറയാതെ..

അർജുൻ അവന്റെ ബാഗും എടുത്തു കൊണ്ട് മിതു ചൂണ്ടി കാണിച്ചു കൊടുത്ത മുറിയിലേക്ക് കയറി പോയി. അന്നാദ്യമായി അവന് വീട്ടിലെ ഹാളിലെ ആ ഇടുങ്ങിയ മൂലയിൽ വിരിച്ച പായയിൽ കിടന്നുറങ്ങാൻ തോന്നി. പതുപതുത്ത മെത്തയിൽ... മുള്ള് കുത്തുന്നത് പോലെ അവൻ പുളഞ്ഞു. എസിയുടെ കുളിർമയെക്കാളും... ചെവി പൊട്ടുമാറുച്ചതിൽ ശബ്ദമുണ്ടാക്കി മുരൾച്ചയോടെ കറങ്ങുന്ന വീട്ടിലെ ഫാനിനെ അവനോർത്തു. പരിമിതികൾ ഒന്നും ഓർക്കാതെ ഒറ്റക്കൊരു മുറി വേണമെന്ന് സീതയോട് വാശി പിടിച്ചു വഴക്കിട്ടത് ഓർത്തു. ഇന്നിപ്പോൾ.. വലിയൊരു മുറിയിൽ... തനിയെ.. അവന്റെ കവിളിൽ കൂടി കണ്ണുനീർ പടർന്നിറങ്ങി.

പരിഭവങ്ങളും പരാതികളുമായി കൊണ്ട് നടന്നവയെല്ലാം എത്ര പെട്ടാന്നാണ് പ്രിയപ്പെട്ടത്തിന്റെ പട്ടികയിലേക്ക് ചെർക്കപെട്ടതെന്ന് അർജുൻ അതിശയത്തോടെ ആലോചിച്ചു. ❣️❣️❣️ അജു വിളിച്ചില്ലല്ലോയെന്ന് ഹരിയോട് ചോദിക്കാൻ വന്നതായിരുന്നു പാറു. പക്ഷേ സിറ്റൗട്ടിൽ ഹരിയുടെ കൂടെ ലല്ലുവും കുഞ്ഞിയുമല്ലാതെ... കൈമൾ മാഷിനെ കൂടി കണ്ടതോടെ പാറു അവിടെ തന്നെ നിന്ന് പോയി. മറ്റുള്ളവരുടെ അരികിൽ നിന്നും ഹരിയോട് മിണ്ടാൻ അപ്പോഴും അവൾക്കൊരു ചമ്മലുണ്ടായിരുന്നു.

"എന്തെ മോളെ?" അവർ കാണാതെ പിറകിലേക്ക് വലിയാമെന്ന് തോന്നിയ തൊട്ടടുത്ത നിമിഷം കൈമൾ മാഷിന്റെ ചോദ്യമെത്തി. അപ്പോഴാണ് ഹരിയും അവളെ കാണുന്നത്. അവന്റെ മുഖത്തൊരു നിലാവുദിച്ചു. "ഏയ്‌.. ഒന്നുല്ല.. മാഷേ. ഞാൻ.. വെറുതെ " വിരൽ തമ്മിൽ കോരുത്തും അഴിച്ചും വിളറി കൊണ്ട് പറയുന്നവളെ കാണെ അവൾക്കെന്തോ പറയാനുണ്ടെന്ന് ഹരിക്കുറപ്പായിരുന്നു. അച്ഛൻ ഉണ്ടായത് കൊണ്ടായിരിക്കും അവളത്‌ പറയാതെ നിന്നതെന്നും അവൻ ഊഹിച്ചു.

അത് കൊണ്ട് തന്നെ അവിടെ വെച്ചവൻ ഒന്നും ചോദിച്ചില്ല. പാറു അകത്തേക്ക് പോയതും ഹരി ലല്ലുവിനോടും കുഞ്ഞിയോടും ഇപ്പൊ വരാമെന്നു പറഞ്ഞിട്ട് അകത്തേക്ക് ചെന്നു. "പാറു... ഒന്നിങ്ങു വന്നേ" മുറിയിലേക്ക് കയറും മുന്നേ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു. "ചെല്ല് മോളെ.. ഹരി വിളിക്കുന്നത് കേട്ടില്ലേ?" വിളി നല്ലത് പോലെ കേട്ടിട്ടും അനങ്ങാതെ നിൽക്കുന്ന പാറുവിനോട് വരദ പറഞ്ഞു. വിളറിയ ചിരിയോടെ ഒന്ന് തലയാട്ടി കൊണ്ട് അവളും മുറിയിലേക്ക് നടന്നു. ഫോണിലെന്തോ നോക്കി കൊണ്ട് ഹരി കിടക്കയിലിരിപ്പുണ്ട്. "എന്താ.. നിനക്കെന്നോട് പറയാൻ?" അവളെ കണ്ടതും ഹരി ചോദിച്ചു.

"അജു... അവൻ വിളിച്ചില്ല " പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു. "ആര് പറഞ്ഞു..? ഇന്ന് വെളുപ്പിനെ എത്തിയെന്നു പറഞ്ഞിട്ട് മിത്തുവിന്റെ മെസേജ് ഉണ്ടായിരുന്നു. ഞാനും രാവിലെയാണ് കണ്ടത്. അത് പറയാൻ നിന്നെ അന്വേഷിച്ചു വന്നപ്പോൾ നീയവിടെ നല്ല കത്തിയടിയായിരുന്നു. അതിന് തടസ്സം വരുത്തണ്ടെന്ന് കരുതി മാറി പോയതാ ഞാൻ..സെറ്റായോ ഇവിടെ? " ചിരിയോടെ ഹരി ചോദിച്ചു. പാറു ഒന്നും പറയാതെ വെറുതെ തലയാട്ടി.

"ദേ.. ഈ ഭാവവും നിർത്തവും കാണുമ്പോൾ നിന്നോട് ഞാനെന്തോ തെറ്റ് ചെയ്തത് പോലൊരു ഫീലാണ് എനിക്കിപ്പോഴും..." മനസ്സിലുള്ളത് ഹരി തുറന്നു പറഞ്ഞു. കാരണം ഇത്തിരി മുന്നേ അവളുടെ മുഖത്തുള്ള ഭാവമല്ല. തനിക് മുന്നിലെത്തുമ്പോൾ ഏതോ അപരിചിതയെ പോലെയുള്ള പെരുമാറ്റം.. അതവനെ നോവിക്കുന്നുണ്ട്. "ഒരു നോട്ടം കൊണ്ട് പോലും ഞാൻ ശല്യം ചെയ്യുന്നില്ലല്ലോ പാറു.? ഇനിയും... ഇനിയുമെന്താ ഞാൻ വേണ്ടത്.? നീ തന്നെ പറഞ്ഞു താ.. ഹരിയെന്ന ഭർത്താവിനെ നീ മൈന്റ് ചെയ്യാത്തത്തിൽ എനിക്ക് നിന്നോട് യാതൊരു പരിഭവവുമില്ല. പക്ഷേ.. പക്ഷേ ഹരിയെന്ന നിന്റെ കൂട്ടുകാരന് ഈ അവഗണന സഹിക്കാൻ അൽപ്പം പ്രയാസമാണ്. അത് മറക്കല്ലേ "

പാറു പിടച്ചിലോടെ മുഖമുയർത്തി അവനെ നോക്കി. "എനിക്ക്.. ഞാൻ.. ശ്രമിക്കുന്നുണ്ട് ഹരി.." അവളാ പറഞ്ഞത് നൂറു ശതമാനം സത്യമാണെന്ന് ഹരിക്കുമറിയാം. "എനിക്കറിയാം പാറു.. പക്ഷേ..." പിന്നെയും പറഞ്ഞിട്ട് അവളെ വേദനിപ്പിക്കാൻ അവനൊരുക്കമായിരുന്നില്ല. അത് കൊണ്ട് തന്നെ ആ പക്ഷേ അവിടെ പൂരിപ്പിക്കപ്പെടാതെ അവശേഷിച്ചു. "അജുവിനെ വിളിക്കണോ നിനക്ക്?" ഹരി ചോദിച്ചു. മ്മ്.. പാറു ഒരു നിമിഷം പോലും ആലോചിച്ചു നോക്കാതെ ഉത്തരം പറഞ്ഞു.

മിത്തുവിന്റെ നമ്പർ ഡയൽ ചെയ്തു കൊണ്ട് ഹരി ഫോണ് കാതോട് ചേർത്തു. "ഹാ.. മിത്തു... ഹരിയാണ് " ചിരിയോടെ പറഞ്ഞു തുടങ്ങിയവനെ നോക്കി പാറു നിന്നു. "അവനുറങ്ങാൻ കിടന്നെന്ന് . മിത്തു ഫോണ് കൊടുക്കാൻ പോയിട്ടുണ്ട്." ഇത്തിരി നേരത്തെ വിശേഷം പറച്ചിലിനൊടുവിൽ ഹരി പാറുവിനെ നോക്കി പറഞ്ഞു. "ദാ അജുവാണ്...സംസാരിക്ക്.." ഹരി നീട്ടിയ ഫോണ് ധൃതിയോടെയാണ് അവൾ വാങ്ങിയത്. "ഹലോ.. മോനെ.. അജു "

പതിഞ്ഞതെങ്കിലും ഒരമ്മയുടെ വാത്സല്യം മുഴുവനും പകർന്നു നൽകുന്ന അവളുടെ വിളി. ജനാലരികിൽ പോയി നിന്നിട്ടാണ് സംസാരിക്കുന്നത്. മുറിയിലിരിക്കുന്ന ഹരിക്ക് പോലും അത് കേൾക്കാൻ കഴിയുന്നില്ല. എങ്കിലും മറുവശം നെഞ്ച് കത്തി പടർന്നു കൊണ്ടിരിക്കുന്നവനൊരു മഞ്ഞു മഴയിൽ കുതിർന്നത് പോലെയാവും അവളുടെ വാക്കുകളെന്ന് ഹരിക്കറിയാം. അവളെ തന്നെ നോക്കി ഹരി ചിരിയോടെയിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് സംസാരം അവസാനിപ്പിച്ചു കൊണ്ട് പാറു തിരിയും വരെയും ഹരി അവളെ നോക്കി പ്രണയിച്ചു

അവളെറിയാതെ അവളിലെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുന്നൊരു കാമുകന്റെ മനസ്സ് തനിക്കിനിയും കൈമോശം വന്നിട്ടില്ലെന്ന് ഹരിയോർത്തു. പാറുവിന്റെ അനക്കമൊന്നും കേൾക്കാഞ്ഞിട്ടാണ് അവൻ വീണ്ടും അവളിലേക്ക് നോട്ടം നീട്ടിയത്. ഫോണിലേക്കും അവനെയും മാറി മാറി നോക്കി കൊണ്ട് നിൽക്കുന്നു. ഹരി ചമ്മലോടെ കണ്ണടച്ച് കൊണ്ട് തലയിൽ തട്ടി. ഫോണിലെ സ്ക്രീൻ പിക്ചർ ആയിട്ടുള്ള അവളുടെ ഫോട്ടോ ആയിരിക്കും ആ നോക്കുന്നതെന്ന് ഹരിക്കുറപ്പായിരുന്നു.

അവൻ പതിയെ കിടക്കയിൽ നിന്നും എഴുന്നേറ്റു. പാറു അവനെ നോക്കാതെ ഫോണ് നീട്ടി. "കോളേജിൽ നിന്നെപ്പഴോ നീ അറിയാതെ എടുത്തൊരു ഫോട്ടോ ആയിരുന്നു. അന്നൊരു കൗതുകത്തിന്.. എപ്പോഴും കാണാമല്ലോ എന്ന് കരുതി സ്ക്രീൻ പിക്ചറായി ചേർത്തു. പിന്നെയത് മാറ്റാൻ എന്ത് കൊണ്ടോ എനിക്കായില്ല. മോഹിച്ചു വാങ്ങിയ ഫോണിൽ... ആദ്യമായി മോഹിച്ച നിന്നെ പകർത്തി വെക്കുമ്പോൾ അതന്റെ മനസ്സിലേക്ക് കൂടിയായിരുന്നു.."

നേർത്തൊരു ചിരിയോടെ ഹരി പറഞ്ഞു. പറയാതെ പോയ അവന്റെ സ്നേഹത്തിനാഴങ്ങളിൽ വീണ് പാറു പകച്ചുപോയി. "ഗിരീഷിന്റെ ഭാര്യയായതോടെ ഇനി മറന്നു കളയണമെന്ന വാശിയോടെയായിരുന്നു ഞാനീ ഫോട്ടോ നോക്കിയിരുന്നത്. അപ്പോഴും ഡിലീറ്റ് ചെയ്തു കളയാൻ തോന്നിയില്ല.. അതെന്തെന്ന് ചോദിച്ചാൽ... എനിക്കറിയില്ല.. അന്നും ഇന്നും." കണ്ണടച്ച് കാണിച്ചു മനോഹരമായൊരു ചിരിയോടെ ഹരി പറഞ്ഞു. അവനോടെന്ത് പറയണമെന്നറിയാതെ പാറു നിന്ന് പോയി. സന്തോഷമായിരുന്നു അവളിൽ മുഴുവനും. നിന്നെ ഞാനൊരുപാട് സ്നേഹിക്കുന്നുവെന്ന് മുന്നിൽ നിന്നോരുത്തൻ സ്നേഹത്തോടെ പറയുമ്പോൾ സന്തോഷമല്ലാതെ പിന്നെന്തു തോന്നാൻ?

കൈപ്പേറിയ അനുഭവങ്ങളെല്ലാം അവന്റെ സ്നേഹത്തിന്റെ മധുരം കൊണ്ടില്ലാതായി പോകുന്നു. പകരമാവിടെ... പ്രണയത്തിന്റെ ജ്വാലകൾ ആളി തുടങ്ങി.. അവനിനി സ്വന്തമാണല്ലോ എന്നയോർമ അവളെ കുളിരണിയിച്ചു. ഹരി... " പുറത്ത് നിന്നും കൈമൾ മാഷ് വിളിക്കുന്നത് കേട്ട് കൊണ്ടാണ് ഹരി പാറുവിനെ നോക്കിയത്. "അമ്മേ.. ചിറ്റ വന്നിരിക്കുന്നു " പുറത്ത് നിന്നും ലല്ലുവിന്റെ വിളി.. പാറു ഹരിയെ ഒന്ന് നോക്കിയിട്ട് ധൃതിയിൽ പുറത്തേക്ക് നടന്നു. "അത് ശരി.. നിന്റെ ചിറ്റ മാത്രമാണോ വന്നത്?ഞാൻ പിന്നെ ഇവിടെ ഉണ്ടായിരുന്നോടി കള്ളി? " കണ്ണൻ ലല്ലുവിന്റെ കവിളിൽ പിടിച്ചു വലിക്കുന്നത് കണ്ടിട്ടാണ് ഹരിയും പാറുവും ഇറങ്ങി വന്നത്.

കണ്ണന്റെ കയ്യിലിരുന്നു കൊണ്ടാണ് ലല്ലു ചിറ്റ വന്നെന്ന് വിളിച്ചു കൂവിയത്. ഇനിയും തിരികെ പോകാത്ത ബന്ധുക്കൾക്ക് സീതയെ ചേർത്ത് പിടിച്ചു കൊണ്ട് പരിചയപെടുത്തുവാണ് വരദ. കണ്ണനെ നോക്കി ഒന്ന് ചിരിച്ചിട്ട് പാറു വേഗം അങ്ങോട്ടേക്ക് നീങ്ങി. "ലല്ലുമോളും അവന്റെ കയ്യിൽ നിന്നും ചാടിയിറങ്ങി കൊണ്ട് സീതയുടെ അരികിലേക്ക് ചെന്നു. "എന്താണ്... ഏതു നേരവും മുറിയിലാണല്ലോ?" "ഒരാക്കി ചിരിയോടെ കണ്ണൻ ഹരിയെ നോക്കി താടി ഉഴിഞ്ഞു. "അത്രേം ആക്രാന്തം കാണിക്കാൻ എന്റെ പേര് കിരൺ വർമ്മ എന്നല്ല " ഹരിയും വിട്ട് കൊടുത്തില്ല. ഉവ്വാ.. ഉവ്വാ " ചിരിയോടെ തന്നെ കണ്ണൻ സെറ്റിയിലേക്കിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story