സ്വന്തം ❣️ ഭാഗം 103

swantham

രചന: ജിഫ്‌ന നിസാർ

 "ഞങ്ങൾക്ക് മനസ്സിലാവും.. നിങ്ങളുടെ അവസ്ഥ. പക്ഷേ നിങ്ങൾ ഓർക്കേണ്ടുന്ന ഒന്നുണ്ട്. പേരും പെരുമയും നാളും ജാതകവും ആളും ആരവങ്ങളുമായി ഒരു കല്യാണം നിരഞ്ജനക്ക് നേടി കൊടുക്കാൻ നിങ്ങൾക്കായേക്കും. പക്ഷേ.. അവൾക്കൊരു ഹൃദയമുണ്ട്. ആ ഹൃദയത്തിൽ അവളവളുടെ പ്രാണൻ പോലെ കൊണ്ട് നടക്കുന്നൊരു ചെക്കനുണ്ട്. അവനൊപ്പം അവളൊരു ജീവിതം മോഹിക്കുന്നുണ്ട് " കണ്ണൻ കടുപ്പത്തിൽ പറഞ്ഞത് കേട്ടിട്ട് നിരഞ്ജന അച്ഛനും ആങ്ങളയും പരസ്പരം നോക്കുന്നതും ശേഷം ആ നോട്ടം വാതിൽ പടിയിൽ ചാരി നിൽക്കുന്ന നിരഞ്ജനയിലേക്ക് നീളുന്നതും ഹരിയും കണ്ണനും നോക്കിയിരുന്നു.

"നിങ്ങൾക്ക് വേണ്ടി മറ്റൊരു ജീവിതം അവൾക്ക് തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ... ഇല്ലാതായി പോകുന്നത് രണ്ടു പേരുടെ സ്വപ്നമാണ്.. ആഗ്രഹങ്ങളാണ്. ഇതിനെല്ലാം പുറമെ ജീവിച്ചിരിക്കാനുള്ള അവരുടെ പ്രതീക്ഷകളാണ്. അറിഞ്ഞു കൊണ്ടത് ഇല്ലാതെയാക്കാണോ? ഒന്നാലോചിച്ചു നോക്ക് രണ്ടാളും " ഹരി നിരഞ്ജനയെ കൂടി നോക്കിയാണ് ആ പറഞ്ഞത്. പൊഴിഞ്ഞു വീഴാൻ പാകത്തിനൊരുങ്ങി നിൽക്കുന്നൊരു മഞ്ഞു തുള്ളിയെ പോലെ...

അവളാ ചുവരിൽ ആശ്രയം പോലെ ചാരി. സമ്മതിക്കൂ... എന്നെ എന്റെ പ്രിയപ്പെട്ടവനൊപ്പം ചേരാൻ.. അനുഗ്രഹിക്കൂ എന്നാ മിഴികളുടെ വിലാപം.. ഹരിക്കും കണ്ണനുമത് മനസ്സിലായി. "ഇപ്പൊ നിങ്ങളുടെ സ്റ്റാറ്റസിന് ചേരുന്ന മരുമകന്റെ ക്വാളിറ്റികളൊന്നും അർജുന് ഇല്ലായിരിക്കും. പക്ഷേ.. എനിക്കുറപ്പുണ്ട്.. അവന് മുന്നിൽ വിശാലമായൊരു ലോകം കാത്തിരിപ്പുണ്ടെന്ന്.അവനൊരു അവസരമൊരുക്കിയാൽ... വലിയൊരു പൊസിഷൻ അലങ്കരിക്കാനുള്ള കഴിവുള്ളവനാണ്.നിങ്ങളുടെ മകളുടെ ജീവിതം അവന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്ന് ഞങ്ങൾ രണ്ടാളും ഉറപ്പ് തരുന്നു.." കണ്ണൻ വീണ്ടും അവളുടെ അച്ഛനെ നോക്കി.

അയാളൊന്നും മിണ്ടുന്നില്ല എന്നതവരുടെ ആശങ്ക കൂട്ടിയിരുന്നു. നിരഞ്ജനയുടെ സഹോദരൻ നിഖിലിന്റെ മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു. "തീരുമാനം.. ഞങ്ങൾ അറിയിക്കാം.. അത് പോരെ? " ഒട്ടും സൗഹൃദപരമായിരുന്നില്ല അവന്റെ പെരുമാറ്റം. "ശെരി.. ഞാനും എന്റെ വൈഫും ഇന്ന് രാത്രി ബാംഗ്ലൂരിലേക്ക് തിരികെ പോകും. ഞാനവിടെ ഡോക്ടറാണ്. അർജുൻ ഇപ്പോഴുള്ളത് എനിക്കൊപ്പമാണ്. ഹരി നാട്ടിലുണ്ടാവും. എന്തുണ്ടങ്കിലും അവനെ അറിയിച്ച മതി " കണ്ണൻ പറഞ്ഞു.

ഹരിയും കണ്ണനും എഴുന്നേറ്റു. "വെള്ളം കുടിച്ചിട്ട് പോയ മതി ഏട്ടാ " പോവാനിറങ്ങും മുന്നേ നിരഞ്ജന അവർക്ക് മുന്നിലേക്ക് രണ്ടു ഗ്ലാസ് ലൈം കൊണ്ട് വന്നു. ഹരിയും കണ്ണനും അവളെ നോക്കി ചിരിച്ചു. "ടെൻഷനാവരുത്. എല്ലാം ശെരിയാവും.. ഇല്ലെങ്കിൽ നമ്മൾ ശെരിയാക്കും. എന്തുണ്ടങ്കിലും ഏട്ടന്മാരെ വിളിക്കാൻ മടിക്കരുത്. നല്ലത് പോലെ എക്സാം അറ്റന്റ്ചെയ്യണം. ഒക്കെ.. മനസ്സിലാവുന്നുണ്ടോ?"

കണ്ണൻ അവളെ നോക്കി. ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ട് തലയാട്ടിയപ്പോൾ കണ്ണുനീർ തുള്ളികൾ അവളുടെ കവിളിലേക്ക് തെറിച്ചു വീണു. "കരയേണ്ട.. നിന്റെ അച്ഛനും ഏട്ടനുമാണ്. നിന്നെ.. നിന്റെ സങ്കടത്തേ.. ആഗ്രഹത്തേ അവരോളം മനസ്സിലാക്കാൻ കഴിയുന്നത് മാറ്റാർക്കാണ്. ഒന്നും ഓർത്തു വിഷമിക്കണ്ട. കേട്ടോ " ഹരി അവളുടെ തോളിൽ മൃദുവായി തട്ടി കൊടുത്തു. കുടിച്ച് തീർത്ത ഗ്ലാസ്‌ അവളുടെ കയ്യിലേക്ക് തിരിച്ചു കൊടുത്തു.

"ഞങ്ങളിറങ്ങട്ടെ... മോള് അകത്തേക്ക് ചെല്ല് " ഹരി നിരഞ്ജനയെ നോക്കി പറഞ്ഞു. നേർത്തൊരു ചിരിയോടെ തലയാട്ടിയിട്ട് അവൾ അകത്തേക്ക് കയറി പോയി. "നിങ്ങളുടെ ഉത്തരം വൈകുന്തോറും അവളുടെ ഉള്ളിലെ പിടച്ചിൽ കൂടി കൊണ്ടേയിരിക്കും. അവൾക്ക് വേണമെങ്കിൽ അർജുനൊപ്പം പോവാം. അതിനുള്ള പ്രായമൊക്കെയായെന്നു അവൾക്കും നിങ്ങൾക്കുമെല്ലാം അറിയാം. അതവൾ ചെയ്യാത്തത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടന്നിരിക്കെ..

അതേ ഇഷ്ടം അവളോടും നിങ്ങൾക്ക് കാണിക്കാലോ.. ഇഷ്ടമില്ലാത്തൊരു ജീവിതം മുഴുവനും ഉരുകി ജീവിക്കാൻ അവളെ വിട്ട് കൊടുക്കണോ..? ഒരേയൊരു മോളല്ലേ..? എല്ലാത്തിനും വലുതല്ലേ അവളുടെ സന്തോഷം..?" ഇറങ്ങി പോകും മുന്നേ ഹരി പറഞ്ഞു തീർത്ത വാക്കുകൾ ആ ഹാളിലാകെ മുഴങ്ങി കേട്ടിരുന്നു.. പ്രതീക്ഷയുടെ മെഴുകുതിരി വെട്ടം പോലെ.. ❣️❣️❣️ നിരഞ്ജനയുടെ വീട്ടിൽ നിന്നും തിരികെ വീടെത്തുവോളം ഹരിയും കണ്ണനും പതിവില്ലാതെ നിശബ്‍ദരായിരുന്നു. കാരണമറിയാത്തൊരു നോവ് രണ്ടു പേരുടെ ഉള്ളിലും വിങ്ങി. പ്രണയത്തിന്റെ.. വിരഹത്തിന്റെ സുഖവും വേദനയും ആവേളം അറിഞ്ഞത് കൊണ്ടായിരിക്കും...

നിരഞ്ജനയുടെ കരച്ചിൽ... വിങ്ങുന്ന മുഖം... ഇതെല്ലാമവരിൽ മുറിവുകൾ തീർത്തത്. ഹരിയുടെ വീട്ടിലേക്ക് തന്നെയാണ് മടങ്ങിയത്. ഉച്ചയൂണ് അവിടെ നിന്ന് മതിയെന്ന് കൈമൾ മാഷും വരദയും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു. സ്നേഹത്തോടെയുള്ള ആ നിർബന്ധം നിരസിക്കാനും വയ്യായിരുന്നു. "നിങ്ങൾ പോയിട്ട് വരുമ്പോഴേക്കും ഊണ് റെഡിയാവും. രാത്രിയിൽ രണ്ടാളും പോവല്ലേ? ഇനി എപ്പഴാ ഇങ്ങോട്ട് വരാനാവുന്നത്. ഒരു ഒഴിവും പറയേണ്ട കണ്ണാ..

ഇപ്പൊ നിങ്ങൾ രണ്ടാളും പോയിട്ട് വാ " വരദ കട്ടായം പോലെ പറഞ്ഞു. നിരഞ്ജനയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് സീതക്കും പാറുവിനും അറിയാമായിരുന്നു. "അവിടെ നിന്നുള്ള നിസ്സഹകരനമൊന്നും ആ പെണ്ണുങ്ങളോട് പോയി പറയാൻ നിക്കണ്ട ഹരി. പിന്നെ രണ്ടിനും അത് മതിയാവും വേദനിക്കാൻ. അജു അവർക്ക് അനിയനല്ലല്ലോ? മകനല്ലേ " ഹരിയുടെ വീട്ടിലെത്തി ഡോർ തുറന്നിട്ട് പുറത്തേക്കിറങ്ങും മുന്നേ കണ്ണൻ ഓർമിപ്പിച്ചു.

"ഞാനത് നിന്നോട് പറയാൻ വരുവായിരുന്നു" ഹരി ചിരിയോടെ പറഞ്ഞു. "പോവാനുള്ളതെല്ലാം സെറ്റല്ലേ?" ഹരി വീണ്ടും കണ്ണനെ നോക്കി. "അതെല്ലാം റെഡിയാണ്. നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഇവിടുന്ന് പായ്ക്ക് ചെയ്യുകയെന്നതാവും ഞാൻ നേരിടാൻ പോകുന്ന ഏറ്റവും വലിയൊരു വെല്ലുവിളി എന്നെനിക്ക് തോന്നുന്നു " ചിരിച്ചു കൊണ്ട് കണ്ണൻ പറഞ്ഞു. "അതുറപ്പല്ലേ.. കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ചവളാണ്. അവളുടെ ഫീലിംഗ്സെല്ലാം ഇവിടെയുള്ള ഓരോ പുൽകൊടികളെ പോലും ഡിപ്പന്റ് ചെയ്തിട്ടിള്ളതായിരിക്കും..

റിസ്കാണ് മോനെ " ഹരി കൂടി അത് സമ്മതിച്ചു കൊടുത്തു. "ആ... കൊണ്ട് പോവാതെ പറ്റില്ലല്ലോ.. ആ ദുർഗാ ലക്ഷ്മി ഇപ്പോഴെന്റെ ഹൃദയമല്ലേ " മനോഹരമായൊരു ചിരിയോടെ കണ്ണൻ ഹരിയെ നോക്കി കണ്ണടച്ച് കാണിച്ചിട്ട് ഡോർ തുറന്നിറങ്ങി. ബന്ധുക്കളെല്ലാം അരങ്ങോഴിഞ്ഞു പോയിരുന്നു അവരത്തുന്നതിനു മുന്നേ തന്നെ. വിഭവങ്ങൾ നിറഞ്ഞ സദ്യ.... അവരെല്ലാം ഒരുമിച്ചിരുന്നു കൊണ്ടാണ് ആഘോഷിച്ചത്. കളിയും ചിരിയും കളിയാക്കലുമായി ധന്യമായ കുറച്ചു മുഹൂർത്തങ്ങളുടെ ഓർമകൾ കണ്ണൻ ഹൃദയത്തിലെകാവാഹിച്ചു.. സീത ലക്ഷ്മിയെ പ്രണയിച്ചത് കൊണ്ട് മാത്രം തനിക് കൈ വന്ന ഭാഗ്യങ്ങൾ. പ്രണയം നുരയുന്ന അവന്റെ മിഴികൾ..

സീതയെ തേടി. ഹരിയുടെ അരികിൽ... ഏറെ സന്തോഷത്തോടെ നിറഞ്ഞു ചിരിച്ചു കൊണ്ട് അവളും അപ്പോഴവനെ നോക്കുന്നുണ്ടായിരുന്നു. കൊതി തീരാതെ.. ❣️❣️❣️❣️ അധികം ഒഴുക്കില്ലാത്ത തെളിഞ്ഞ വെള്ളത്തിൽ ലല്ലുവും കുഞ്ഞിയും കുത്തി മറിയുന്നുണ്ട്. കണ്ണൻ ആ കൈ തോടിന്റെ മനോഹാരിതയിൽ സ്വയം മറന്നെന്നത് പോലെ നിൽപ്പാണ്. ഭക്ഷണം കഴിച്ചതിനു ശേഷം ഹരിയാണ് ഇങ്ങനൊരു സംഭവത്തേ കുറിച്ച് പറഞ്ഞത്.

അവരുടെ പറമ്പിലെ ഏറ്റവും താഴെ.. മരങ്ങൾ തണൽ വിരിച്ച ഒരു തോട് ഒഴുകി പോകുന്ന കാര്യം. അവന്റെ വാക്കുകളിൽ പക്ഷേ ഇതിത്ര സുന്ദരിയാണെന്ന് അറിഞ്ഞിരുന്നില്ല. അതികം ആഴമൊന്നുമില്ല. ഉരുളൻ കല്ലുകൾ നിറഞ്ഞ അടിവശം മുഴുവനും കാണാം. ലല്ലുവിനും കുഞ്ഞിക്കും ഉത്സവം പോലാണ്. കഴിച്ചു കഴിഞ്ഞു അടുക്കള ഒതുക്കി.. ഭദ്രയുടെ കൂടെയാണ് സീതയും പാറുവും അങ്ങോട്ട് എത്തിയത്. തലേന്നത്തെ ഓട്ടപാച്ചിലിന്റെ ക്ഷീണം തീർക്കാൻ കൈമൾ മാഷും വരദയും ഉച്ചമയക്കത്തിലേക്ക് പോയിരുന്നു. സീതയെ കണ്ടത് മുതൽ കണ്ണന്റെ മിഴികൾ പ്രണയത്തോടെ അവളെ തഴുകി തലോടി കടന്ന് പോകുന്നത് അറിയുമ്പോഴേല്ലാം പാറു ഹരിയെയൊന്നു പാളി നോക്കും.

അവൻ പക്ഷേ സന്തോഷത്തോടെ സീതയോടും.. ഭദ്രയോടും ഓരോന്നു പറയുന്നുണ്ട്. കരയിൽ ഇട്ടൊരു ഉരുളൻ കല്ലിൽ ഇരുന്നു കൊണ്ട് വെള്ളത്തിലേക്ക് കാൽ നീട്ടിയിരിക്കുന്നവനെ കുഞ്ഞിയും ലല്ലുവും ചേർന്ന് വെള്ളം തേവി നനച്ചു കളിക്കുന്നു. അവർക്കൊപ്പം യാതൊരു പരിഭവവുമില്ലാതെ ഹരിയും ചേരുന്നുണ്ട്. "ഇനി പോയിട്ട് എന്താണ് കണ്ണാ... തിരികെയിങ്ങോട്ട്?" കണ്ണനോടത് ചോദിക്കുമ്പോഴും ഹരിയുടെ കണ്ണുകൾ സീതയുടെ നേരെയായിരുന്നു.

"എനിക്കെന്റെ കൂട്ടുകാരിയെ മിസ് ചെയ്യും എന്നാ മുഖത്തു നിന്നും അറിയാനാവുന്നുണ്ട്. "തിരിച്ചിങ്ങോട്ട് വരണോ എന്നത് തന്നെ ഞാൻ ഓർത്തിട്ടില്ല " കണ്ണന്നത് പറഞ്ഞത് തമാശയായിട്ടാണ്. പക്ഷേ കേട്ട് നിന്നവരുടെ മുഖം മങ്ങി. സീതയും പാറുവും പരസ്പരം നോക്കി. പറഞ്ഞറിയിക്കാനാവാത്തൊരു നോവ് രണ്ടു പേരിലും നീന്തി തുടിച്ചു. "പക്ഷേ വരാതെ പറ്റില്ലല്ലോ ഹരി. സീതയുടേതെന്ന പോലെ എന്റെയും പ്രിയപ്പെട്ടവർ ഇപ്പൊ ഇവിടല്ലേ...

അതങ്ങനെ ഇട്ടെറിഞ്ഞു പോവാനാവില്ലല്ലോ.ഞാനെന്റെ ഹൃദയം കൊടുത്തു സ്വന്തമാക്കിയതല്ലേ?" മനോഹരമായൊരു ചിരിയോടെ കണ്ണൻ പറഞ്ഞു. "ഞാൻ വരുന്നതും വരാത്തതുമൊന്നും നോക്കണ്ട..രണ്ടാളും വരണം. ഞങ്ങളുടെ അടുത്തേക്ക്. ഹണിമൂൺ നമ്മക്ക് അവിടെ ഒരുമിച്ച് ആഘോഷിക്കണം " ഒറ്റ കണ്ണിറുക്കി കണ്ണൻ പറഞ്ഞത് കേട്ട് ഹരിയുടെ കണ്ണുകൾ നീണ്ടത് പാറുവിന്റെ നേരെയാണ്. അതേ നിമിഷം തന്നെയാണ് അവളുടെയും നോട്ടം അവനിൽ പതിഞ്ഞത്.

പിടച്ചിലോടെ പാറു കണ്ണുകൾ വെട്ടിച്ചു മാറ്റിയപ്പോൾ.. നേർത്തൊരു ചിരിയോടെ ഹരി കണ്ണനെ നോക്കി. "അപ്പൊ ഞാം വരണ്ടേ അങ്കിളെ?" ലല്ലു ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു. "പിന്നെ.. വേണ്ടേ. അങ്കിലിന്റെ ലല്ലുസ് ഇല്ലാതെ എന്താഘോഷമാണ് " അവളുട മൂക്കിൽ പിടിച്ചുലച്ചു കൊണ്ട് കണ്ണൻ പറഞ്ഞു. "അപ്പൊ ഞാനോ?" കുഞ്ഞിക്കും പരിഭവം. കണ്ണൻ കൊഞ്ചലോടെ അതും തീർത്തു കൊടുത്തു. ഒരുപാട് നേരത്തെ കളി ചിരികൾക്കിടയിൽ നിന്നും തിരിച്ചു പോവാൻ അവർക്കാർക്കും ഒട്ടും മനസ്സുണ്ടായിരുന്നില്ല.

പക്ഷേ ചില വേർപാട് അനിവാര്യമാണ്! ഹരി കൂടി എയർപോർട്ടിലേക്ക് പോകുന്നുണ്ട്. അതവൻ അങ്ങോട്ട് ആവിശ്യപെട്ടതാണ്. കൈമൾ മാഷിനോടും ഭദ്രയോടും... വരദയോടുമെല്ലാം യാത്ര പറഞ്ഞിട്ടാണ് സീത പാറുവിന്റെ മുന്നിൽ പോയി നിന്നത്. ഹൃദയമൊന്നാകെ പിടഞ്ഞു ചോര പൊടിയുന്നുണ്ടെങ്കിലും.. രണ്ടു പേരും കരഞ്ഞില്ല. "പോട്ടെ ടി ചേച്ചി..." സീത പാട്ടുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് യാത്ര ചോദിച്ചു.

"പോയിട്ട് വാ " ഒരുമിച്ചൊരു നോവ് കടൽ നീന്തി കടന്നതിന്റെ മായ്ച്ചു കളയാനാവാത്തൊരു അവശേഷിപ്പ് പാറുവിന്റെ വാക്കുകൾ കടമെടുത്തു. പുറമെ കരയാതെ പിടിച്ചു നിൽക്കുന്നവരുടെ ഉള്ളം ആർത്തു കരയുന്നത് പ്രിയപെട്ടവർക്ക് കേൾക്കാനായിരുന്നു. "സന്തോഷയിട്ടിരിക്കണം.. കഴിഞ്ഞു പോയതെല്ലാം വീണ്ടും വീണ്ടും ഓർത്തിരുന്നു വേദനിച്ചിട്ട് ന്റെ കൂട്ടുകാരനെ കൂടി നീ സങ്കടപെടുത്തരുത്. നീയൊന്നു കൂടെ നിന്ന് കൊടുത്താൽ മാത്രം മതിയാവുമെടി ചേച്ചി...

ഒരിക്കലും... ഒരിക്കലും ഇനിയൊരു കുഞ്ഞു നോവ് കൂടി നിന്നിലേക്ക് കടന്നു വരാത്തത് പോലെ... അവൻ നിന്നെ പൊതിഞ്ഞു പിടിച്ചു കൊണ്ട് നടന്നോളും... ഇനിയും...ഇനിയും....അവനെ നോവിക്കല്ലേ നീ " ഹരിയുടെ നേരെ നോക്കി അത് പറയുമ്പോൾ എന്ത് കൊണ്ടോ പാറുവിനും സീതയ്ക്കും ഒരുപോലെ കണ്ണ് നിറഞ്ഞു. ഇവനെന്റെ കൂട്ടുകാരനാണ്.. നിന്നെ പോലെ എനിക്കിവൻ പ്രിയപ്പെട്ടവനാണ് എന്നുള്ള സ്നേഹവും അവകാശപെടലും സീതയെ ഉലയിച്ചു കളഞ്ഞു. പോട്ടെ ഹരി..? "

പാറിവിന്റെ അരികിൽ നിന്നും സീത ഹരിയുടെ നേരെ ചെന്ന് നിന്ന് പറഞ്ഞു. "എനിക്കറിയാവുന്ന എന്റെ കൂട്ടുകാരി സ്ട്രോങ്ങ്‌ അല്ലേ? പിന്നെ എന്തിനാടി ഈ കരച്ചില്?" ഹരി കൈ നീട്ടി അവളുടെ കവിൾ തുടച്ചു കൊടുത്തു. "എന്നോട് നീ എന്തിനാ സീതേ യാത്ര പറയുന്നത്. നമ്മളകലുന്നില്ലല്ലോ.. എന്നെ നിനക്കും എനിക്ക് നിനെയും നന്നായി അറിയാവുന്നതല്ലേ? ധൈര്യമായി.. സന്തോഷത്തോടെ പോയിട്ട് വാ.. ഈ മുഖത്തുള്ള സന്തോഷവും സമാധാനവുമേ ഞാനെന്നും ആഗ്രഹിചിട്ടുള്ളു. അതെന്നും അങ്ങനെ കാണാൻ കഴിയണേ എന്നതാണ് എന്റെ പ്രാർത്ഥനയും" ഹരി അവളുടെ തോളിൽ പിടിച്ചു കൊണ്ട് ചേർത്ത് നിർത്തി.. ❣️❣️❣️❣️

നന്നായി വരും " യാത്ര പറയാൻ ചെന്ന സീതയുടെ തലയിൽ കൈ ചേർത്ത് കൊണ്ട് നാരായണി മുത്തശ്ശി അനുഗ്രച്ചു. സന്തോഷത്തോടെ ജീവിക്കണം രണ്ടാളും. സമയം കിട്ടുമ്പോൾ വല്ലപ്പോഴും ഇങ്ങോട്ട് ഓടി വരണം. പണ്ടത്തെ പോലല്ല.. ഇവിടെയിപ്പോ നിങ്ങളെ സ്നേഹിക്കാനും കാത്തിരിക്കാനും നിരവധി ആളുകളുണ്ട്. അതോർമ വേണം. " കണ്ണന്റെ കൈ പിടിച്ചു കൊണ്ട് മുത്തശ്ശി ഓർമിപ്പിച്ചു. അവനൊന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് തലയാട്ടി.

ആ പറഞ്ഞത് ശെരിയാണെന്ന് അവനും അറിയാമായിരുന്നു. നോട്ടം കൊണ്ടും പ്രവർത്തി കൊണ്ടും ശ്രീ നിലയത്തിലുള്ളവരുടെ സ്നേഹം തിരിച്ചറിയാൻ അവനും കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും കാരണമറിയാത്തൊരു അകൽച്ച അവരോട് തോന്നുന്നത് കഴിഞ്ഞു പോയ അനുഭവങ്ങൾ നൽകിയ മുറിവിന്റെ ഇനിയും മായാതെ കിടക്കുന്ന പാടുകളാണ്. ഒരിക്കൽ അവഗണനയുടെ ചൂടറിഞ്ഞാൽ പിന്നെയെത്ര ചേർത്ത് പിടിച്ചു കുളിര് നൽകിയാലും...

വീണ്ടും തളിർക്കണമെന്നില്ല.. പൂക്കണമെന്നില്ല.. "സമയം കിട്ടുമ്പോൾ തിരികെ വരണം. ഇവിടെല്ലാരും കാത്തിരിക്കും " യാത്ര പറഞ്ഞു സീതയെയും ചേർത്ത് പിടിച്ചിട്ടിറങ്ങുമ്പോൾ പ്രധാപ് വർമ്മ ഒന്നൂടെ ഓർമിപ്പിച്ചു. "വരാം വല്ല്യമ്മാമ " നേർത്തൊരു ചിരിയോടെ ആ കയ്യിൽ പിടിച്ചു കൊണ്ട് കണ്ണൻ വാക്ക് കൊടുത്തു. ആദിയും സിദ്ധുവും കൂടി ഉണ്ടായിരുന്നു. തമ്മിൽ ചേരുമ്പോൾ പറയാറുള്ളത് പോലുള്ള ചളികളൊന്നുമില്ലാതെ രണ്ടു പേരും അന്ന് മൗനമാണ്. അത് മനസ്സിലായിട്ടും കണ്ണനോ സീതയോ അവരോടൊന്നും ചോദിച്ചില്ല. കാരണം അവരെ പോലെതന്നെയൊരു വിങ്ങുന്ന അവസ്ഥയിൽ തന്നെയായിരുന്നു അവരും.

യാത്ര പറച്ചിലിന്റെ ഭീകരത അവരെയും ഉലച്ചു കളഞ്ഞിരുന്നു. പാതിയിൽ നിന്നും അവർക്കൊപ്പം ചേർന്ന ഹരിയുടെയും അവസ്ഥയിൽ വലിയ മാറ്റമൊന്നുമില്ല. മനസ്സിലെ ദുഃഖം മുഖവും പ്രവർത്തികളും ഏറ്റടുത്തു കഴിഞ്ഞിരുന്നു. ഒരുമിച്ച് കൂടലിനെ ആഘോഷമാക്കിയവർ അന്ന് വാക്കുകൾക്ക് ക്ഷാമമെന്നത് പോലെ മൗനം കൂട്ട് പിടിച്ചു. എയർപോർട്ടിൽ എത്തും വരെയും അതങ്ങനെ അവരെ പിടിച്ചു ഞെരിയിച്ചു. പലപ്പോഴും ശ്വാസം മുട്ടി പിടഞ്ഞു..

ലാഗേജ്‌ എടുത്തു വെച്ചതെല്ലാം ആദിയും സിദ്ധുവും കൂടിയാണ്. സീത ഹരിയുടെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് നിന്നു. "പോട്ടെ ടാ " ആദിയെയും സിദ്ധുവിനെയും ഒരു ജന്മത്തിന്റെ കടപ്പാടുള്ളത് പോലെ കണ്ണൻ ഇറുകെ പുണർന്നു. "രണ്ടാളും കൂടി ലീവെടുത്തു കൊണ്ട് ബാംഗ്ലൂരിലേക്ക് വാടാ. കുറച്ചു ദിവസം നമ്മൾക്ക് അവിടെ കൂടാം " കണ്ണൻ രണ്ടു പേരെടുമായി പറഞ്ഞു. "വരാം കണ്ണാ " രണ്ടാളും സമ്മതിച്ചു. ഹരിക്ക് മുന്നിൽ നിൽക്കുമ്പോൾ വീണ്ടും കണ്ണന് ശ്വാസം മുട്ടി.

ഇത്തിരി കാലം കൊണ്ട് ഒട്ടേറെ ആഴത്തിൽ ഉള്ളിലേക്കിറങ്ങിയ മായജാലകാരനാണ്. അവനോടെങ്ങനെ യാത്ര പറയുമെന്നവന് അപ്പോഴും അറിയില്ലായിരുന്നു. "വിളിച്ചോണ്ട് പോടാ.. " തന്റെ കയ്യിൽ നിന്നും സീതയുടെ കൈകൾ വലിച്ചെടുത്തു കൊണ്ട് ഹരി അവളെ അവനരികിലേക്ക് തള്ളി. കണ്ണന്റെ കൈകളിൽ വീണെങ്കിലും... സീതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് ഹരി തിരിഞ്ഞ് നടന്നത് നോക്കി.. സീത കണ്ണന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story