സ്വന്തം ❣️ ഭാഗം 104

swantham

രചന: ജിഫ്‌ന നിസാർ

അരവിന്ദ് ഷേണായിയുടെ മുഖത്തേക്ക് നോക്കി ടെൻഷനോടെ നിൽക്കുന്ന.. അജുവിന്റെ കയ്യിൽ മിത്തു മുറുകെ പിടിച്ചു. ഗൗരവത്തോടെ അവന്റെ സർട്ടിഫിക്കറ്റ് നോക്കുകയാണ് അയാൾ. ആ മുഖത്തെ മിന്നി മറയുന്ന ഭാവങ്ങളിലേക്കാണ് അർജുന്റെ ശ്രദ്ധ മുഴുവനും. "ഒക്കെ.. മിസ്റ്റർ അർജുൻ.." മുഖമുയർത്തി നോക്കിയതിൽ പിന്നെയാണ് അയാൾ അർജുന്റെ ടെൻഷൻ നിറഞ്ഞ മുഖം കാണുമ്പത്. മുഖത്തെ ഗൗരവം പറിച്ചു മാറ്റി അവിടെയൊരു നനുത്ത ചിരി മൊട്ടിട്ടു. "ഇരിക്ക്.. മിഥുൻ.. അർജുൻ." മുന്നിൽ കിടക്കുന്ന കസേരയിലേക്ക് ചൂണ്ടി അവരോട് പറയുന്നതിനൊപ്പം തന്നെ അദ്ദേഹവും ഒരു കസേരയിൽ ഇരുന്നു.

വളരെ കാര്യത്തോടെ അയാളോരോ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്. അതിനേറെയും ഉത്തരം പറയുന്നത് മിത്തുവാണ്. എന്താവോ തന്റെ കാര്യത്തിലുള്ള തീരുമാനം എന്നറിയാനുള്ള അർജുന്റെ വേവലാതി മുഴുവനും അവന്റെ മുഖത്തുണ്ട്. "അപ്പൊ... നാളെ ജോയിൻ ചെയ്യുകയല്ലേ അർജുൻ..?" ഒട്ടും പ്രതീക്ഷികാത്ത ആ ചോദ്യത്തിന്റെ ആദ്യനിമിഷം അവനൊന്നു പകച്ചുപോയി. മിത്തുവിനെ മിഴിച്ചു നോക്കി. അവന്റെ മുഖത്തും ഒരു ചിരിയുണ്ട്.

"യെസ് ഓർ നോ.. ഉത്തരം പറ അർജുൻ " ചിരിയോടെ വീണ്ടും ഷേണായി ആവിശ്യപെട്ടു. "യെസ് സർ.. വരാം.. വരാം " അർജുൻ വെപ്രാളത്തോടെ പറഞ്ഞു. മിത്തു ഉറപ്പ് പറഞ്ഞിരുന്നുവെങ്കിലും ഇത്രയും പെട്ടന്നൊരു ജോലി.. അതും നല്ലൊരു പോസ്സിലേക്ക്.. അർജുൻ കോരി തരിച്ചു പോയിരുന്നു. അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോഴും അവനെതോ മായാലോകത്തായിരുന്നു. നേർത്തൊരു ചിരിയോടെ മിത്തു അതെല്ലാം നോക്കിയിരുന്നു. ❣️❣️❣️

"കരയരുത്.. അറ്റ്ലീസ്റ്റ് നമ്മുടെ മോളുടെ മുന്നിലെങ്കിലും " ജോണിന്റെ കൈകൾ മരിയയെ പൊതിഞ്ഞു പിടിച്ചു. പുറത്തെ ബാൽകണിയിൽ നിന്നും ആ ലോകത്തൊന്നുമല്ലെന്ന് പോലിരിക്കുന്ന റിമിയെ നോക്കുമ്പോഴെല്ലാം ആ അമ്മ സ്വയം മറന്നു കരഞ്ഞു. കണ്ണുകൾ പെയ്തില്ലയെങ്കിലും അത്രയും തന്നെ നോവിന്റെ പേമാരി ജോണും നെഞ്ചിൽ ഒതുക്കി പിടിച്ചിരുന്നു. "അവളല്ല.. നമ്മളാണ് കുറ്റക്കാർ. നേർവഴി പറഞ്ഞു കൊടുക്കുന്നതാണ് സ്നേഹം. അല്ലാതെ വാശിക്കും ദേഷ്യത്തിനും കൂട്ടിരുന്നു കൂടുതൽ വളമിട്ട് കൊടുക്കുന്നതിന്റെ പേര് സ്നേഹമെന്നല്ല.. വാത്സല്യമെന്നല്ല.. അത് അഹങ്കാരമാണ്.. അഹന്തയാണ്.

നമ്മൾ മനസിലാക്കാൻ വൈകി.. നമ്മുടെ ജീവിതത്തിൽ പകർത്താൻ വൈകി.. നമ്മുടെ മോളിലേക്ക് പകർന്നു കൊടുക്കാൻ വൈകി " അങ്ങേയറ്റം കുറ്റബോധമുണ്ട് ജോണിന്റെ സ്വരത്തിൽ. മരിയ ദുഃഖം സഹിക്കാൻ വയ്യെന്നത് പോലെ അയാളുടെ നെഞ്ചിൽ മുഖം വച്ചുരച്ചു. പണകൊഴുപ്പിന്റെ ഹുങ്ക് നുരഞ്ഞ ആ കണ്ണുകൾ മകളെയോർത്തു നിർത്താതെ പെയ്തു. അവരുടെ ശ്വാസമാണ്... നിർജീവമായ മിഴികളോടെ പ്രതീക്ഷയറ്റ് പോയിരിക്കുന്നത്.

"ഇത് വരെയും നമ്മളവരുടെ കൂടെ നിൽക്കുകയായിരുന്നില്ല മരിയ.. നമ്മൾ അറിയാതെ തന്നെ അവളെ നശിപ്പിക്കുകയായിരുന്നു. അവളിലൊരു പിശാചിനെ വളർത്തിയെടുക്കുകയിരുന്നു. അതിനുള്ള ശിക്ഷയാണ് കിട്ടിയത്. നമ്മൾക്കും അവൾക്കും " അത്യന്തീകം വേദനകൊണ്ട് ജോണിന്റെ മുഖം ചുളിഞ്ഞു. "ഇനിയാണ് നമ്മൾ അവളുടെ രക്ഷകരാവേണ്ടത്. ഇനിയാണ് അവൾക്ക് നമ്മളെ ഏറ്റവും കൂടുതൽ ആവിശ്യം. നമ്മൾക്ക് അവളെയും..

തിരിച്ചു പിടിക്കണ്ടേ നമ്മുടെ മോളെ..?തിരികെ കൊണ്ട് വരണ്ടേ അവളെ...?" കരയുന്ന മരിയയുടെ കവിളിൽ അലിവോടെ കൈകൾ ചേർത്ത് വെച്ചു കൊണ്ടാണ് ജോൺ അത് പറഞ്ഞത്. നിറഞ്ഞ കണ്ണോടെ തന്നെ അവർ തലയാട്ടി. "വേണം... വേണമിച്ചായ.. എനിക്കെന്റെ മോളെ വേണം.. അവളെ അവളായിട്ട് തന്നെ തിരികെ വേണം. ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചു പോകും. അവളില്ലങ്കിൽ ഞാനുണ്ടോ..? അവൾക്ക് വേണ്ടിയല്ലേ ഞാൻ..ജീവിക്കുന്നത് ?

എനിക്കെന്റെ മോളെ വേണമിച്ചായ " ആവേശത്തിൽ പറഞ്ഞു തുടങ്ങിയ മരിയ ഒരു പൊട്ടികരച്ചിലോടെ.. ജോണിന്റെ നെഞ്ചിലെക്ക് ചാഞ്ഞു. അയാൾ അവളെ പൊതിഞ്ഞു പിടിച്ചു. പ്രണയിച്ചു വിവാഹം കഴിച്ചു.. നീണ്ട പത്തു വർഷത്തോളം കൊതിച്ചും കരഞ്ഞും.. കർത്താവിന്റെ കരുണ തെണ്ടിയും ധാനം പോലെ കിട്ടിയ കണ്മണി.. റിമി മരിയ ജോൺ.. അവൾക്ക് വേണ്ടി.. അവൾ പറഞ്ഞാൽ ആ സന്തോഷത്തിന് വേണ്ടി മരിക്കാൻ പോലും യാതൊരു മടിയുമില്ലാത്ത ഒരമ്മയുടെ കരച്ചിൽ ചീളുകൾ അയാളെ ഉലയിച്ചു കളഞ്ഞു. റിമിക്ക് വേണ്ടി...

മകൾക്ക് വേണ്ടി അവരെന്തും ചെയ്യുമായിരുന്നു.. എന്തും. കാരണം വാത്സല്യം.. ഭ്രാന്തമായൊരു വികാരമായി അവരെ ചുറ്റി വരിഞ്ഞു പിടിച്ചിരുന്നു. ഭ്രാന്തനെ മനുഷ്യനാക്കാനും.. മനുഷ്യനെ ഭ്രാന്തനാക്കാനും സ്നേഹത്തിനോളം കഴിവ് മറ്റെന്തിനാണ്....? ❣️❣️❣️ കണ്ണനെ മിത്തു ചേർത്ത് പിടിച്ചപ്പോൾ.. ആദ്യഫ്ലൈറ്റ് യാത്രയുടെ ആലസ്യവും വെപ്രാളവും നിറഞ്ഞ സീതയെ അജു ഇറുകെ കെട്ടിപിടിച്ചു. നഷ്ടപെട്ടതെന്തോ തിരിച്ചു കിട്ടിയ ഭാവത്തിൽ.. അവനും അവളും പരസ്പരം ചേർന്നു നിന്നു. മിത്തുവും കണ്ണനും കൂടിയാണ് ലാഗേജ്‌ എല്ലാം വണ്ടിയിലേക്ക് എടുത്തു വെച്ചത്.

ആദ്യമായി വന്നു പെട്ടതിന്റെ കൗതുകത്തോടെ സീതയുടെ കണ്ണുകൾ ചുറ്റും പാറി നടക്കുന്നത് കണ്ടിട്ട് മിത്തുവും കണ്ണനും പരസ്പരം നോക്കി ചിരിച്ചു. മിത്തുവിനോപ്പം കണ്ണൻ മുന്നിലേക്ക് കയറിയപ്പോൾ.. അജുവിന്റെ കൈ വിടാതെ തന്നെ സീത പിന്നിലേക്ക് കയറി. അപ്പോഴും അവളുടെ കണ്ണുകൾ ഓരോ കാഴ്ചകളെയും ആവേശത്തിൽ ഉള്ളിലേക്ക് ആവാഹിക്കുന്ന തിരക്കിലായിരുന്നു. ❣️❣️❣️ "കിടക്കായിരുന്നില്ലേ? വരുമ്പോൾ ഞാൻ വിളിക്കില്ലേ?"

ഉള്ളിലെ അമിത ആഹ്ലാദം മറച്ചു വെക്കാതെ തന്നെ കണ്ണിലൊരു സൂര്യനെ കാത്ത് വെച്ചിട്ടാണ് ഹരി പാറുവിനോട് ചോദിച്ചത്. കണ്ണനെയും സീതയെയും യാത്രയാക്കി ഒരുപാട് നേരം വൈകിയാണ് അന്നവൻ വീട്ടിലേക്ക് എത്തിയത്. അവനെ വീട്ടിലിറക്കി ആദിയും സിദ്ധുവും തിരിച്ചു പോയ്‌. കോളിങ് ബെൽ അടുക്കുന്നതിനും മുന്നേ അവന് മുന്നിൽ വാതിൽ തുറന്നു കൊണ്ട് നിൽക്കുന്ന പാറു തന്നേ കാത്തിരിക്കുകയായിരുന്നു എന്നായോർമ പോലും അവനെ അങ്ങേയറ്റം സന്തോഷിപ്പിച്ചു.

"എനിക്കുറക്കം വന്നില്ല " തിരികെ വാതിൽ കുറ്റിയിടുന്നതിനിടെ പാറു പറഞ്ഞു. നേർത്തൊരു ചിരിയോടെ ഹരി അവളെ നോക്കി. "ചോറ്..." പാറു അവനെ നോക്കി. "വേണം. ഒന്നും കഴിച്ചില്ല. അതിന് പറ്റിയൊരു മൂഡിൽ ആയിരുന്നില്ല " ഹരി പറഞ്ഞു. പാറുവിന്റെയും മുഖം മങ്ങി. "വിശക്കുന്നു പാറു " അതറിഞ്ഞത് പോലെ ഹരി പെട്ടന്ന് പറഞ്ഞു. അത് കേട്ടതും പാറു ധൃതിയിൽ അടുക്കളയിലേക്ക് ചെന്നു. "ലല്ലു മോളെപ്പഴാ ഉറങ്ങിയേ?" ഹാളിലെ മേശയിൽ ഇരിക്കാതെ..

അടുക്കളയിലെ കുഞ്ഞു മേശയിലേക്ക് ഇരുന്നു കൊണ്ട് ഹരി ചോദിച്ചു. "ഇച്ചിരി മുന്നേ.. ഇത്രേം നേരം കാത്തിരിപ്പായിരുന്നു " ചോറ് വിളമ്പി അവന്റെ മുന്നിലേക്ക് നീക്കി വെച്ചു കൊടുത്തു കൊണ്ട് പാറു പറഞ്ഞു. "ആരെ?" ഹരി കുസൃതിയോടെ ചോദിച്ചു. അവന്റെ മുഖം കണ്ടതും പാറു അത് വരെയുമില്ലാത്ത വെപ്രാളത്തോടെ തിരിഞ്ഞു നിന്നു. ഹരി ചിരിച്ചു കൊണ്ട് അവളെ നോക്കി. "നീ കഴിച്ചോ?" കറി എടുത്തു ഒഴിച്ച് കൊണ്ട് ഹരി പാറുവിനെ നോക്കി. "മ്മ്.."

അവന്റെ മുന്നിലെ കപ്പിലേക്ക് വെള്ളം ഒഴിച്ച് കൊടുത്തു കൊണ്ട് പാറു മൂളി. "എന്നാലും ഇവിടിരിക്ക്.. എനിക്കൊരു കമ്പനിക്ക് " പാറു എന്തെങ്കിലും പറയും മുൻപ് ഹരി അവളുടെ കൈ പിടിച്ചു വലിച്ചു അരികിലെക്കിരുത്തി. "നാളെ മുതൽ എനിക്ക് ഓഫീസിൽ പോയ്‌ തുടങ്ങണം " കഴിക്കുന്നതിനിടെ ഹരി പറഞ്ഞു തുടങ്ങി. വെറുതെ മൂളി കേട്ട് കൊണ്ട് പാറു അവന് കൂട്ടിരുന്നു. അവളൊന്നും പറഞ്ഞില്ലങ്കിൽ കൂടിയും ഹരിയേറെ നിർവൃതിയിലായിരുന്നു.

അത്രയും മനോഹരമായ നിമിഷങ്ങളാണ് അവയോരൊന്നും അവന്റെ ജീവിതത്തിൽ. അവളെല്ലാം കേൾക്കുന്നുണ്ട്.. കൗതുകത്തോടെ മൂളുന്നുണ്ട്. അത് മതി.. അത്രയും മതിയായിരുന്നു അവന്റെ ഉള്ളൊരു സന്തോഷത്തിന്റെ പെരുംമഴകാലത്തിന്റെ കുളിരിൽ മുങ്ങി നിവരാൻ.. കാരണം.. അവനവളെ അത്രമേൽ സ്‌നേഹിക്കയല്ലേ...? മിണ്ടിയാലും മിണ്ടാതെയിരുന്നാലും അവളവന് പ്രിയപെട്ടവനാണ്... നിബന്ധനകളില്ലാത്ത സ്നേഹത്തെക്കാൾ മനോഹരമായി മറ്റെന്തെങ്കിലുമുണ്ടോ.. ഈ ലോകത്ത്... ❣️❣️❣️

കണ്ണനെയും സീതയെയും റൂമിൽ ആക്കി കൊടുത്തതിന് ശേഷമാണ് മിത്തു അജുവിനെയും കൂട്ടി ഇറങ്ങിയത്. കുറച്ചു മാറി തന്നെയാണ് അവരുടെ റൂമും. കണ്ണന്റെ ഫ്ലാറ്റിൽ.. രണ്ടു റൂം ഉണ്ടായിരുന്നു. പക്ഷേ അവർക്കൊരു പ്രൈവസി വേണമല്ലോ എന്നോർത്താണ് അജുവിനെ അവൻ കൂടെ കൂട്ടിയത്. അന്നൊരു ദിവസം അവിടെ നിൽക്കാൻ കണ്ണനും സീതയും ഒരുപാട് നിർബന്ധിച്ചു പറഞ്ഞുവെങ്കിലും... അർജുൻ മിത്തുവിന്റെ കൂടെ തന്നെയിറങ്ങി. "എന്താണ്.. ഇങ്ങനെ ഒടിഞ്ഞു തൂങ്ങി പോയത് ന്റെ ദുർഗാ ലക്ഷ്മി . മ്മ്?"

വാതിൽ അടച്ചു കുട്ടിയിട്ടതിനു ശേഷം ഹാളിലെ സോഫയിൽ തളർന്നിരിക്കുന്ന സീതയെ നെഞ്ചിൽ അടക്കി പിടിച്ചു കൊണ്ട് കണ്ണൻ ചോദിച്ചു. "മടുത്തു പോയോ ലച്ചു?" കണ്ണൻ വാത്സല്യത്തോടെ അവളെ നോക്കി. ഇല്ലെന്ന് സീത തലയാട്ടി. അപ്പോഴും മുഖം ഉയർത്തി നോക്കുന്നില്ല. "ലച്ചു... എന്തേ ടി?" ആ മൗനം കണ്ടിട്ടാണ് കണ്ണൻ അവളുടെ മുഖം പിടിച്ചുയർത്തി നോക്കിയത്. നിറഞ്ഞു തൂവാനായ അവളുടെ കണ്ണുകൾ.

"എനിക്ക്... എനിക്കെന്റെ വീട്ടില് പോണം കണ്ണേട്ടാ " അത് വരെയും ആ കണ്ണിൽ കണ്ടിരുന്ന കൗതുകമില്ലായിരുന്നു അവളിലപ്പോൾ. ആദ്യമായി വീട് വിട്ട് നിന്നൊരു കുഞ്ഞു പെണ്ണിന്റെ പരിഭവം പോലെ.. കണ്ണന് ചിരി വന്നു അവളുടെ വീർത്ത കവിളും ചുണ്ടും കണ്ടിട്ട്. "അപ്പോപ്പിന്നെ.. എനിക്കാരാ ന്റെ ലച്ചു..?" അവൻ അരുമയോടെ അവളെ തഴുകി. സീത വേദനയോടെ അവനെ നോക്കി. "ഒന്നുല്ലഡേയ്.. ആദ്യമായിട്ട് വീട് വിട്ട് നിൽക്കുന്ന ഏതൊരാൾക്കും ഉണ്ടാവുന്ന ഇമോഷൻ. അതാ ന്റെ ദുർഗാ ലക്ഷ്മിക്കും. രണ്ടൂസം കഴിയുമ്പോ ഇതങ് മാറില്ലേ? ഇല്ലെങ്കിൽ സ്നേഹം കൊണ്ട് നിന്റെയീ കണ്ണേട്ടൻ ഇതങ് മാറ്റില്ലേ.

പിന്നെ എന്നെ വിട്ട് പോകുന്നത് ഓർക്കുമ്പോൾ തന്നെ നിനക്ക് ശ്വാസം മുട്ടും " കണ്ണൻ അവളെ തലോടി ആശ്വാസം പകർന്നു കൊടുത്തു. "ഇപ്പൊ എല്ലാംകൂടി കുഴഞ്ഞു മറിഞ്ഞു കിടക്കുഞ്ഞൊരു മനസാ നിനക്ക്. പോയിട്ടൊന്നു ഫ്രാഷായി നന്നായ് കിടന്നുറങ്ങിയ തീരാവുന്ന പ്രശ്നമേയുള്ളൂ.. ബാ എണീക്ക് " വീണ്ടും തന്നിലേക്ക് പറ്റി കൂടുന്നവളെ കണ്ണൻ തന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു. കണ്ണൻ സീതയെ ചേർത്ത് പിടിച്ചു കൊണ്ടാണ് മുറിയിലേക്ക് കടന്നത്. വാതിൽ തുറന്നു അകത്തു കയറി അവൻ കൈ എത്തിച്ചു ലൈറ്റ് ഓൺ ചെയ്തു.

അത്ഭുതം കൊണ്ട് സീതയുടെ മിഴികൾ വിടർന്നു. കണ്ണനെ നോക്കിയപ്പോൾ ഒരു സർപ്രൈസ് ഒരുക്കിയ സന്തോഷത്തിൽ വിടർന്ന മുഖം. മനസിലെ ആഹ്ലാദം മനോഹരമാക്കിയ ഒരു ചിരിയുണ്ടായിരുന്നു അവന്റെ മുഖം നിറയെ. "കണ്ണേട്ടാ..." ചുറ്റും നോക്കി കൊണ്ട് തിരിയുന്നതിനിടെ തന്നെ സീത ആവേശത്തിൽ വിളിച്ചു. അവളുടെയും അവന്റെയും മനോഹരമായ അനവധി നിമിഷങ്ങളുടെ പകർപ്പ് ആ മുറിയിൽ നിറഞ്ഞു നിന്നിരുന്നു. ഒരുമിച്ച് കൂടുമ്പോഴൊക്കെയും കണ്ണനത് സെൽഫിയാക്കി ഫോണിൽ സൂക്ഷിച്ചു വെച്ചിരുന്നത് ഇതിന് വേണ്ടിയായിരുന്നു എന്നവൾക്ക് മനസ്സിലായി.

പല ഭാവത്തിൽ പകർത്തി വെച്ച ചിത്രങ്ങൾക്കെല്ലാം പ്രണയത്തിന്റെ മാസ്മരിക ഭാവം.. സീത തൊട്ടും തലോടിയും അവയിലെല്ലാം അലഞ്ഞു നടന്നു.. കഴിഞ്ഞു പോയ മനോഹരനിമിഷങ്ങൾ ഒന്നുകൂടി ആവർത്തനം ചെയ്യുമ്പോലെ.. അവളെ ചുവപ്പിച്ചു.. രസിപ്പിച്ചു. "ഇഷ്ടമായോ?" കാതിൽ കുളിര് പടർത്തി കൊണ്ടവന്റെ ചോദ്യം. പിന്നിൽ നിന്നും പൊതിഞ്ഞു പിടിച്ചിട്ടുണ്ട്. "മ്മ് " അവനെ നോക്കി മൂളുമ്പോൾ.. ആ നെഞ്ചിൽ ഒതുങ്ങി ചേരുമ്പോൾ... സീതയുടെ കണ്ണുകൾ നിറഞ്ഞത് സന്തോഷം കൊണ്ടായിരുന്നു.

"പറഞ്ഞതല്ലേ ഞാൻ... നിനക്കായ് ഞാനൊരു സ്വർഗമൊരുക്കി കാത്തിരിപ്പാണെന്ന്.." പ്രണയത്തിന്റെ ഭാരം കൊണ്ട് അവൻ കിതച്ചു പോയിരുന്നു. "ഈ ഫ്ലാറ്റിലെ കാറ്റിന് പോലും നിന്നെ പരിചിതമാണ് ലച്ചു... എന്റെയീ പ്രാണനെ കുറിച്ച് ഞാനിവിടെല്ലാം രേഖപെടുത്തി വെച്ചിട്ടുണ്ട്.." ഹൃദയമന്ത്രം പോലെ സ്വകാര്യമായി കണ്ണൻ പറഞ്ഞു. സീത കൂടുതൽ കൂടുതൽ അവനിലേക്ക് ചേർക്കപെട്ടു. "എല്ലാം.. എല്ലാം ഞാൻ നിന്നിലേക്ക് പകർന്നു നൽകും..

അതിനുള്ള കാത്തിരിപ്പിന് വല്ലാത്ത സുഖമുണ്ടായിരുന്നു " കവിളിൽ കൈ ചേർത്ത് പിടിച്ചു സീതയുടെ നെറ്റിയിലൊരുമ്മ കൊടുത്തു കൊണ്ട് കണ്ണൻ പറഞ്ഞു. പ്രണയതിളക്കമുണ്ടെങ്കിൽ കൂടിയും യാത്ര ക്ഷീണം ആ മിഴികളിൽ പ്രകടമായത് കൊണ്ട് തന്നെ.. കണ്ണനവളെ കൂടുതൽ സ്നേഹിച്ചു ബുദ്ധിമുട്ടിക്കാൻ ഒരുക്കമായിരുന്നില്ല. ❣️❣️❣️ "നീയെപ്പോ വന്നു?" നേർത്തൊരു ചിരി പോലുമില്ല റിമിയിൽ. നിസംഗത നിറഞ്ഞ അതേ മുഖം. പഴയ തിളക്കം മാഞ്ഞ കണ്ണുകൾ.. ആരെയും നേരിടാൻ പാകത്തിനുള്ള വീറും വാശിയും നിറഞ്ഞ ചേഷ്ടകളിൽ ഒരു തരം മരവിപ്പ് കടന്ന് കൂടിയിരിക്കുന്നു.

മിത്തുവിന്റെ ഹൃദയം പിടച്ചു.. വീണ്ടും വീണ്ടും. "ഡാഡി വിളിച്ചിട്ടും നീയെന്തേ ഓഫീസിൽ പോകഞ്ഞേ?" ഒട്ടും പ്രതീക്ഷിക്കാത്ത അവന്റെ ചോദ്യം. റിമി ഒന്നും പറയാനില്ലാത്ത പോലെ ബാൽകണിയിൽ നിന്നും താഴെ കാണുന്ന നഗര തിരക്കിലേക്ക് മിഴികൾ നീട്ടി. "റിമി നിന്നോടാണ് ഞാൻ ചോദിച്ചത്..? എനിക്കുത്തരം വേണം " മിത്തു അവളെ ബലമായി അവന് മുന്നിലേക്ക് തിരിച്ചു നിർത്തി. മുഖം ഉയർത്തി തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിൽക്കുന്നവൾക്ക് മുന്നിൽ മിത്തു തോറ്റു പോയി.

ആ നോട്ടത്തിൽ.. പറയാൻ വന്നതൊക്കെയും അവൻ മറന്നു പോയ്‌. പതറി... പിടഞ്ഞു... "വേണ്ടന്ന് ഒരായിരം പ്രാവശ്യം പറഞ്ഞിട്ടും.. എനിക്ക് കൂട്ടിരുന്നിട്ടല്ലേ നിന്റെ ജോലി പോയത്..?അതെന്തിനായിരുന്നു മിത്തു.?അതിനെ കുറിച്ച് നിനക്കൊന്നും പറയാനില്ലേ?" തികച്ചും ശാന്തമായിട്ടായിരുന്നു ആ ചോദ്യമെങ്കിൽ കൂടിയും മിത്തുവിന്റെ ഹൃദയം വിറച്ചു. ഇവളെങ്ങനെ അറിഞ്ഞാവോ.. ജോലി പോയത്.? അല്ലെങ്കിലേ ഒരു കാരണം കാത്ത് നിന്നിരുന്ന ആ മാനേജർ ചെന്നിറങ്ങിയതിന്റെ പിറ്റേന്ന് തന്നെ തിരിച്ചു ചെല്ലണമെന്നും ഇല്ലെങ്കിൽ ഇനിയീ ജോലി പ്രതീക്ഷിക്കരുതെന്നും പറഞ്ഞപ്പോൾ പോലും ഹൃദയമൊരിക്കൽ പോലും മാറി ചിന്തിച്ചില്ല.

മുന്നിലെ പ്രതീക്ഷികൾ മരവിച്ചു കൊണ്ടിരിക്കുന്നവളിലായിരുന്നു തന്റെ ജീവനും ജീവിതവും. അതിനേക്കാൾ വലുതാണ് ആ ജോലിയെന്നത് ഈ നിമിഷം വരെയും തോന്നിയിട്ടില്ല. 'ഉത്തരം എനിക്കും വേണം മിത്തു. ഇത്രേം റിസ്‌ക്കെടുക്കാൻ ആരാ നിനക്ക് ഞാൻ..? പറഞ്ഞു താ? " ചോദ്യത്തിനൊപ്പം റിമിയുടെ നോട്ടവും.. അവന്റെ ഹൃദയതിനകത്തേക്ക് തുളച്ചു കയറി. "നീ... നീ എനിക്കെന്റെ കൂട്ടുകാരി..." മിത്തു പതർച്ചയോടെ പറഞ്ഞിട്ട് തിരിഞ്ഞു നിന്നു. "ആണോ.. ആണോടാ?" അതേ സ്പീഡിൽ തന്നെ റിമി അവനെ തിരിച്ചു നിർത്തി. ദുർബലമായി മിത്തു വീണ്ടും ഒന്ന് മൂളി. "നീ എനിക്കെന്റെ കൂട്ടുകാരിൽ ഒരാൾ മാത്രം ആയിരുന്നു മിത്തു.

എന്നെ ഏറെ തിരുത്തിയ.. ഞാനത്രയൊന്നും ഇമ്പോർടന്റ്റ്‌ തരാത്ത വെറും കൂട്ടുകാരൻ. പക്ഷേ.. പക്ഷേ... എനിക്ക് തോന്നുന്നു.. നിനക്ക് ഞാൻ അങ്ങനല്ലെന്ന്.. കഴിഞ്ഞു പോയ.. നിന്നോടൊപ്പമുള്ള ഓരോ നിമിഷത്തിലും... ഞാൻ വീണ്ടും വീണ്ടും കയറിയിറങ്ങി.. ഒന്നല്ല.. ഒരുപാട് തവണ.. അവിടെയൊന്നും മിത്തു എന്നാ കൂട്ടുകാരനെ മാത്രം ഞാൻ കണ്ടില്ലല്ലോ " റിമി അവനെ പിടിച്ചുലച്ചു.. "കാണില്ല.." ശ്വാസമെടുത്തു കൊണ്ട് വളരെ പതിയെ തന്നെ പിടിച്ചുലക്കുന്ന റിമിയുടെ കൈകളിൽ അവൻ പിടിച്ചു. "കണ്ണനെന്ന ഒറ്റ മന്ത്രത്തിൽ ജീവിച്ച.. ജീവിക്കാൻ ആഗ്രഹിച്ച റിമി മരിയ ജോൺ... അവളെ മാത്രം മോഹിച്ചു ജീവിക്കുന്ന..

ജീവനും ജീവിതവും അവൾക്ക് സമർപ്പിക്കാൻ മാത്രം ഇഷ്ടവും പ്രണയവും ഹൃദയത്തിൽ നിറച്ചു ജീവിച്ച മിഥുനെ കണ്ട് കാണില്ല... കാണില്ല " നേർത്തൊരു ചിരിയോടെ അത് പറഞ്ഞു നിർത്തുമ്പോൾ അത് വരെയും അവനിൽ നിറഞ്ഞു നിന്നിരുന്ന ശ്വാസം മുട്ടൽ അപ്പാടെ നിലച്ചു പോയിരുന്നു.. തിരയോടുങ്ങിയ കടൽ പോലെ അവനുള്ളം ശാന്തമായപ്പോൾ.. കൂറ്റൻ തിരമാലകൾ വന്നടിച്ചു റിമിയുടെ ഹൃദയഭിത്തികൾ പ്രകമ്പനം കൊണ്ടിരുന്നു.. അപ്പോൾ മുതൽ.. .......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story