സ്വന്തം ❣️ ഭാഗം 105

രചന: ജിഫ്‌ന നിസാർ

തെളിഞ്ഞൊരു പകളിലേക്കാണ് അന്ന് കണ്ണ് തുറന്നത്. ലല്ലു മോൾ പറ്റിപിടിച്ചു കിടക്കുന്നുണ്ട്. പാറു കിടന്നയിടം ശൂന്യമാണ്. എന്നിട്ടും ആ ഇത്തിരി സ്ഥലത്താണ് തന്റെ സന്തോഷം മുഴുവനും കുടിയിരിക്കുന്നതെന്ന് തോന്നി ഹരിക്ക്. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത വിധമൊരു സന്തോഷം ഹൃദയമൊന്നാകെ ചുറ്റി വരിഞ്ഞു പിടിച്ചിരുന്നു. ലല്ലുമോളെ ഒന്ന് കൂടി ഒതുക്കി പിടിച്ചു കൊണ്ടവൻ ആ നെറുകയിൽ ചുണ്ടുകൾ ചേർത്തു.

ഇന്ന് മുതൽ ഓഫീസിൽ പോയി തുടങ്ങേണ്ടതുണ്ട്. ഇനി ശീലങ്ങൾ മാറേണ്ടതുണ്ട്. ഒരുപാട് ദിവസങ്ങളിലെ ലീവ്.. പുതിയ സ്ഥലം.. എല്ലാം കൂടി നിന്ന് തിരിയാൻ സമയമുണ്ടാവില്ലെന്ന് ഉറപ്പാണ്. ആറ് മണിയുടെ അലാറം അടിക്കുന്നത് കേട്ടിട്ടാണ് ലല്ലുവിനെ ഒന്ന് കൂടി ഉമ്മ വെച്ചു കൊണ്ട് ഹരി എഴുന്നേറ്റത്. അവന്റെ ചൂടിൽ നിന്നും പെട്ടന്ന് തണുപ്പിലേക്ക് എടുത്തെറിയപെട്ടത് പോലെ..

ചുരുണ്ടു കൂടിയ അവളെ നന്നായി പുതപ്പിച്ചു കൊടുത്തു കൊണ്ടവൻ ആ തലയിൽ വാത്സല്യത്തോടെ തഴുകി. കുഞ്ഞിന്റെ ഉറക്കത്തിനൊരു ഭംഗം വരുത്തരുതെന്നുള്ളത് കൊണ്ട് തന്നെ അവന്റെ ചെയ്തികളിൽ ഒരു സൂക്ഷ്മതയുണ്ടായിരുന്നു. പല്ല് തേപ്പും കുളിയുമെല്ലാം കഴിഞാണ്‌ ഹരി പുറത്തേക്കിറങ്ങിയത്. അടുക്കളയിൽ നിന്നും പാറുവിന്റെയും വരദയുടെയും ശബ്ദം കേൾക്കാം. പുറത്തേക്കുള്ള വാതിൽ പടിയിൽ ഉറക്കം തൂങ്ങി കൊണ്ട് ഭദ്രയും ഇരിപ്പുണ്ട്.

ഹൃദയം നിറഞ്ഞ സന്തോഷം നൽകുന്ന ആ കാഴ്ച കണ്ടു കൊണ്ടാണ് ഹരി അങ്ങോട്ട്‌ ചെന്നതും. അവൻ ചെന്ന് വാതിൽ പടിയിൽ നിന്നതൊന്നും അവർ മൂന്നാളും അറിഞ്ഞിട്ടില്ല. നിറഞ്ഞ ചിരിയോടെ... സംസാരിക്കുന്ന പാറുവിലാണ് ഹരിയുടെ കണ്ണുകൾ. കുളിയൊക്കെ കഴിഞ്ഞു ഒരു തോർത്ത്‌ ചുറ്റി കെട്ടി വെച്ചിട്ടുണ്ട് തലയിൽ. ജോലി ചെയ്യാനുള്ള എളുപ്പത്തിനാവും.. സാരി തലപ്പ് എളിയിലേക്കെടുത്തു കുത്തിയിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് തന്നെ..

അവിടെ അവൾക്ക് പരിചിതമാണെന്ന് തെളിയിക്കും വിധം.. ജോലികൾക്കെല്ലാം ഒരു ചടുലതയുണ്ട്. പതിയെ പതിയെ തന്നിലേക്കും അവൾ നടന്നു കയറുമല്ലോ എന്നയോർമ അവനെ ഒന്നാകെ പൊതിഞ്ഞു. "നിനക്കിന്ന് ഓഫീസിൽ പോണ്ടേ ഹരി?" പിന്നിൽ നിന്നും കൈമൾ മാഷ് ചോദിക്കുന്നത് കേട്ടാണ് ഹരി ഞെട്ടി തിരിഞ്ഞു നോക്കിയതും.. അവനവിടെ ഉണ്ടായിരുന്നുവെന്ന് മറ്റുള്ളവർ മനഡിലാക്കിയതും. "ഉണ്ട് അച്ഛാ.. ഇന്ന് മുതൽ ജോയിൻ ചെയ്യണം " ഹരി തിരിഞ്ഞു നിന്നിട്ട് ചിരിയോടെ പറഞ്ഞു.

ഒന്ന് മൂളിയിട്ട് കയിലുള്ള ഒഴിഞ്ഞ ഗ്ലാസ്‌ ഹരിയുടെ നേരെ നീട്ടിയിട്ട് അദ്ദേഹം തിരിച്ചു പോയി. "ചായ എടുത്തു കുടിക്ക് ഹരി " വരദ ചിരിയോടെ പറഞ്ഞു. അതിന് മുന്നേ പാറു അവന് നേരെ ചായ ഗ്ലാസ്‌ നീട്ടിയിരുന്നു. രണ്ടു കണ്ണും ചിമ്മി കാണിച്ചിട്ട് ഹരി അത് വാങ്ങി. പാറുവിന്റെ അത് വരെയും ഉണ്ടായിരുന്ന ഭാവം മാറിയിരുന്നു. പകരമാവിടെ വെപ്രാളം സ്ഥാനം പിടിച്ചു. ഹരി ചായയുമായി ഭദ്രയുടെ അരികിൽ പോയിരുന്നു. "ഇവിടിരുന്നു ഉറക്കം തൂങ്ങാൻ ആയിരുന്നെങ്കിൽ ഏട്ടന്റെ കുഞ്ഞേന്തിനാ ഇപ്പഴേ എണീറ്റത്?"

അവന്റെ തോളിലേക്ക് ചാഞ്ഞ ഭദ്രയോട് ഹരി വാത്സല്യത്തോടെ ചോദിച്ചു. "ഈ അമ്മയുടെ പണിയ ഏട്ടാ " അവൾ ചുണ്ട് ചുള്ക്കി കൊണ്ട് ഹരിയെ നോക്കി. ഹരി വരദയെ നോക്കി. "ഈ പെണ്ണിനിന്ന് തിരിച്ചു പോവേണ്ടതാ ഹരി. കുഞ്ഞിക്ക് സ്കൂളിൽ പോവാനാവും മുന്നേ.. കൊണ്ട് വിടാമെന്ന് മാഷ് പറഞ്ഞത് കൊണ്ടാ ഞാനിവളെ കുത്തി പൊക്കി വന്നത്.. അതിന്റെ ക്ലാസ് എത്രണ്ണം പോയി.. ഇപ്പൊ തന്നെ.." വരദ അവന്റെ നോട്ടം കണ്ടിട്ട് പെട്ടന്ന് പറഞ്ഞു.

ഹരി കണ്ണുരുട്ടി കൊണ്ട് ഭദ്രയേ നോക്കി. അവന്റെ നോട്ടം കണ്ടിട്ട് അവൾ വേഗം കണ്ണടച്ച് കളഞ്ഞു. "അല്ല മോളെ.. ലല്ലുനെ സ്കൂളിൽ വിടണ്ടേ ഇന്ന് മുതൽ?" വരദയുടെ ചോദ്യം പെട്ടന്നായിരുന്നു. പാറു ഹരിയെ ആണ് നോക്കിയത്. "അത് ഞാൻ സെറ്റാക്കിയിട്ടുണ്ട് അമ്മേ. സ്കൂൾ ബസ് റോഡിൽ വരും. ഞാനത് ഇന്നലെ പറയാൻ വിട്ട് പോയതാ പാറു. വെറുതെ കുഞ്ഞിന്റെ സ്കൂൾ കളയണ്ടല്ലോ " ഹരി പറഞ്ഞു. തിരിച്ചൊന്നും പറയാതെ തിരിഞ്ഞു നിൽക്കുമ്പോ എന്തിനെന്നറിയാതെ പാറുവിന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു. ❣️❣️❣️❣️

കണ്ണ് തുറക്കുമ്പോൾ ആദ്യത്തെ കാഴ്ചകളെല്ലാം സീതക്ക് അപരിചിതമായിരുന്നു. സാവധാനം ഓരോന്നും ഓർമകിളിലേക്ക് തെളിഞ്ഞു വന്നു. കുളിരോടെ തല ചെരിച്ചു നോക്കുമ്പോൾ.. ശാന്തമായി ഉറങ്ങുന്ന കണ്ണന്റെ മുഖത്തു കണ്ണുകൾ തടഞ്ഞു നിന്നു. ഗാഡമായ ഉറക്കത്തിൽ പോലും അവന്റെ കരുത്തുള്ള കൈകൾ അവളെ ചുറ്റി പിടിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും സീതയുടെ കണ്ണുകളാ മുറിയിൽ ഓടി നടന്നു. അപ്പോഴൊക്കെയും..ഉള്ളിൽ കണ്ണനോടുള്ള പ്രണയം അതിന്റെ മൂർത്തന്യവസ്ഥയിലായിരുന്നു.

പതിയെ ഒന്നുയർന്നിട്ട് അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു കൊണ്ടവൻ അവനെ ഉണർത്താതെ എഴുന്നേറ്റു. അവനൊരു സ്വർഗമൊരുക്കി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞത് വെറുതെ അല്ലെന്ന് അവിടെയൊരുകിയ ഓരോ കാര്യങ്ങളും അവൾക്ക് മനസ്സിലാക്കി കൊടുത്തു. പറയാതെ.. പറഞ്ഞു കൊടുക്കാതെ അവൾക് വേണ്ടുന്നതെല്ലാം കണ്ണൻ അവിടെ കരുതിയിരുന്നു. ഇത്രേം ആത്മാർത്ഥമായി കാത്തിരിക്കുന്നവനെ റിമിക്ക് വേണ്ടി..

അവളെ ഭയന്നിട് താൻ ജീവിതത്തിൽ നിന്നും എടുത്തു മാറ്റിയിരുന്നുവെങ്കിൽ അതവന്റെ ജീവനെ തന്നെ ബാധിക്കുമായിരുന്നു എന്നായോർമ അവളിൽ നടുക്കം തീർത്തിരുന്നു. നന്നായി ഒന്ന് കുളിച്ചു പുറത്തിറങ്ങിയതോടെ... യാത്രയുടെ ആലസ്യമെല്ലാം അഴിഞ്ഞു വീണിരുന്നു. ഒന്നൂടെ കണ്ണനെ നോക്കി സീത വാതിൽ തുറന്നിറങ്ങി.. തികച്ചും അപരിചിതമായയിടം. പക്ഷേ ഓരോ കോണും പ്രിയപ്പെട്ടവന്റെ സാന്നിധ്യം കൊണ്ട്...

അവൻ നൽകിയ വിവരണം കൊണ്ട് അവൾക്ക് പരിചിതമായിരുന്നു. വന്നു കയറിയപ്പോൾ കാണാത്ത കാഴ്ചകളിലേക്ക് അവളുടെ കണ്ണുകൾ ഊർന്ന് വീണു. രണ്ട് മുറികളും ഒരു ഹാളും.. പിന്നൊരു അടുക്കളയും .. അവിടെയെല്ലാം സീത കയറിയിറങ്ങി.. പുറത്തേക്ക് തുറക്കുന്ന കുഞ്ഞൊരു ഓപ്പൺ ടെറസ്.. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകൾ മുഴുവനും കാണും അവിടെ നിൽക്കുമ്പോൾ. സീതയ്ക്ക് വീട് ഓർമ വന്നു. വീട്ടുകാരെ ഓർമ വന്നു. ഉള്ളിലൊരു നോവിന്റെ പ്രാവ് ചിറകുകൾ വീശി കുടഞ്ഞു. ജീവിതം തന്നെ ഏതെല്ലാം വഴികളിൽ കൂടി നടത്തി. അല്ല... വാലിന് തീ പിടിച്ചത് പോലെ... ഓടിച്ചു.ഒടുവിൽ...

ഒടുവിൽ ഒട്ടും പ്രതീക്ഷിക്കാത്തൊരു വഴിയിൽ നിറയെ സ്നേഹം പൂത്തു നിൽക്കുന്നയൊരിടം തനിക്കായ് ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു... അന്നോളം അനുഭവിച്ച വേദനകൾ പോലും സുഖമുള്ളതായി തോന്നുന്നു.. ഒരു നെടുവീർപ്പോടെ.. ആ വാതിൽ അടച്ചു കൊണ്ടവൾ തിരിഞ്ഞു നടന്നു. അടുക്കളയിൽ കയറി ചായയുണ്ടാക്കി കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോഴാണ് അവളെ തന്നെ നോക്കി വാതിൽ പടിയിൽ നെഞ്ചിൽ കൈ കെട്ടി...

ചിരിയിലും കണ്ണിലും പ്രണയം നിറച്ചു കൊണ്ട് നിൽക്കുന്ന കണ്ണനെ കണ്ടത്. സീതയും ചിരിച്ചു കൊണ്ടവനെ നോക്കി. എന്നിട്ടൊരു കപ്പെടുത്തു കൊണ്ട് അതിലേക്ക് ചായ പകർന്നു കൊണ്ട് അവന് നേരെ നീട്ടി. "അടുക്കളകാരിയായോ?" ഒരു കൈ കൊണ്ട് കപ്പ് വാങ്ങുന്നതിനിടെ.. അവളെ കൂടി വലിച്ചടുപ്പിച്ചു ആ കണ്ണിലെക്ക് നോക്കി അവൻ ചോദിച്ചു.അവൾ തലയാട്ടി.. "ഹോസ്പിറ്റലിൽ പോണില്ലേ ഇന്ന്?" സീതയും ചിരിയോടെ അവനെ നോക്കി.

ഇല്ലെന്ന് അവൻ കണ്ണിറുക്കി കാണിച്ചു. "ഇല്ലേ? ധൃതിയുണ്ടെന്ന് പറഞ്ഞു പോന്നിട്ട് " സീതയുടെ കണ്ണിൽ കുറുമ്പ് നിറഞ്ഞു. "ഞാനെത്ര കൊതിച്ചു നേടിയ നിമിഷങ്ങളാണെന്നോ ലച്ചു.. അതൊന്ന് ആസ്വദിക്കാതെ കണ്ണേട്ടനിന്ന് പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ടി ചീതാ ലക്ഷ്മി?" കണ്ണന്റെ കണ്ണിലെ കള്ളത്തരം കണ്ടിട്ട് സീത കുതറി മാറാൻ നോക്കി. പക്ഷേ അവന്റെ പിടി മുറുകി. "നീ ചായ കുടിച്ചോ?" അവളെ വിടാതെ അവൻ വീണ്ടും ചോദിച്ചു.

"മ്മ്ഹ്ഹ്.." എങ്കിൽ കുടിക്ക് " അവനാ കപ്പ് സീതയുടെ ചുണ്ടോട് ചേർത്ത് വെച്ചു കൊടുത്തു. "ഇത് കണ്ണേട്ടന് ഉള്ളതല്ലേ..?" "നമ്മൾ തമ്മിൽ അങ്ങനെയൊക്കെ ഉണ്ടോടി ചീതാ ലക്ഷ്മി? ഞാനും നീയും എന്നൊക്കെ.. നമ്മളല്ലേ." പറഞ്ഞതും അവൻ ഒന്നൂടെ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു. കവിളിൽ അമർത്തി ഉമ്മ വെച്ചു. "ഇവിടൊക്കെ ഇഷ്ടമായോ?" കാതരയായ്.. അവന്റെ ചോദ്യം. സീത തലയാട്ടി.. വീണ്ടും ഹൃദയത്തോളം ആഴ്ന്ന് പോകുന്ന അവന്റെ നോട്ടം.

ആത്മാവിനാഴങ്ങളിലെക്കെന്ന പോലെ... അലിഞ്ഞിറങ്ങുന്ന ആർദ്രമായ നോട്ടം.. സീതായവന്റെ പ്രണയത്തിന്റെ തുടക്കത്തിൽ തന്നെ തളർന്നു പോയിരുന്നു. അവനിലാവട്ടെ... അത് കൂടുതൽ കൂടുതൽ ലഹരി നിറച്ചു.... ❣️❣️❣️ "എനിക്കിതൊന്നും വേണ്ട അങ്കിൾ.. ഞാൻ.. ഞാൻ വേറെയൊരു ജോബിന് അപ്ലൈ കൊടുത്തിട്ടുണ്ട്. മിക്കവാറും ഒരാഴ്ച കൊണ്ട് റെഡിയാവും " ജോണിന്റെ മുന്നിൽ നിന്നത് പറയുമ്പോൾ മിത്തുവിനെ തന്നെ നോക്കുകയായിരുന്നു അയാൾ. ആ നിമിഷം അയാൾക്കവനോട് ബഹുമാനമാണ് തോന്നിയത്.

റിമിക്ക് വേണ്ടിയാണ് അവൻ ലീവെടുത്തത്. ആക്കാരണം കൊണ്ടാണ് അവന്റെ ജോലി പോയതും. എല്ലാം അറിഞ്ഞു കൊണ്ട്.. നല്ലൊരു ജോലി അവന് ഓഫർ ചെയ്യുമ്പോൾ..അതവൻ നിരസിക്കുകയാണ്. സ്വയം നേടിയെടുത്തുകൊള്ളാമെന്ന് അഭിമാനത്തോടെ പറയുകയാണ്. വേണമെങ്കിൽ... അവനീ അവസരത്തെ മിസ്യൂസ് ചെയ്യാമായിരുന്നു. ചെയ്യുന്നില്ലന്നത് പോട്ടെ... അങ്ങോട്ട്‌ കൊടുക്കുന്നത് പോലും സ്നേഹത്തോടെ വേണ്ടെന്ന് പറയുന്നു. ജോൺ പുഞ്ചിരിയോടെ മിത്തുവിനെ നോക്കി.

"ഔദാര്യമല്ലല്ലോ മിഥുൻ.. തനിക്ക് അതിനുള്ള അർഹതയുണ്ട്. എന്റെ കമ്പനിക്ക് തന്നെ പോലെയോരാളെ ആവിശ്യവുമുണ്ട്. ഈ ജോലി തനിക് ആവിശ്യമുണ്ട് എന്നതിനേക്കാൾ.. എനിക്ക് തന്നെ ആവിശ്യമുണ്ട് എന്നതാ സത്യം.." ജോൺ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. "അങ്കിൾ.. ഞാൻ...." അവനൊരു ഉത്തരം പറയാൻ ആയില്ല. "എന്നെ ഒന്ന് ഹെല്പ് ചെയ്യടോ മിഥുൻ. ഞാനും എന്റെ മോളും ഓഫീസിൽ പോകാനാവുന്നത് വരെയെങ്കിലും "ജോൺ വീണ്ടും ആവിശ്യപെട്ടു.

മിത്തുവിനൊന്നും പറയാൻ കഴിയാത്ത വിധം.. ജോൺ അവനെയൊരു സ്നേഹത്തിന്റെ ചങ്ങലയണിയിച്ചു. ❣️❣️❣️ ഹരി റെഡിയായി വരുമ്പോഴേക്കും പാറു ചായയെടുത്തു വെച്ചിരുന്നു. മനഃപൂർവം വരദ അവന്റെ കാര്യങ്ങളിൽ നിന്നും വിട്ട് നിൽക്കുമ്പോ പാറുവിന് പിന്നെ അത് ചെയ്തു കൊടുക്കുകയേ നിവൃത്തിയുള്ളൂ.അകന്ന് നിന്നാൽ അവരെന്നും അങ്ങനെ നിന്ന് പോകുമെന്ന് ആ അമ്മ മനസ്സ് ഭയന്നു. "മോള് റെഡിയായില്ലേ പാറു?" കഴിക്കാൻ ഇരുന്നു കൊണ്ട് ഹരി ചോദിച്ചു..

ഭംഗിയായ് ഒരുങ്ങിയിറങ്ങിയ അവനിൽ ഒരു നിമിഷം അവളുടെ കണ്ണുകൾ തടഞ്ഞു നിന്നു. ഹരിയിലൊരു കള്ളചിരിയുണ്ട് ആ നോട്ടം കണ്ടപ്പോൾ. ഉറക്കെ എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് കുഞ്ഞിയും ലല്ലുവും അങ്ങോട്ട്‌ കടന്ന് വന്നപ്പോൾ രണ്ടു പേരുടെയും ശ്രദ്ധ അവരിലേക്ക് മാറി. അവർക്ക് പിറകെ തന്നെ... പോവാൻ റെഡിയായി ഭദ്രയും വന്നു. കുഞ്ഞിയും ലല്ലുവും ടേബിളിൽ വലിഞ്ഞു കയറി ഹരിയുടെ അരികിലേക്ക് ഇരുന്നു. ലല്ലു സ്കൂൾ യൂണിഫോം ആണ്.

കുഞ്ഞിക്ക് ഇനി അവളുടെ വീട്ടിൽ ചെന്നിട് വേണം ഡ്രസ്സ്‌ മാറിയെടുത്തു പോവാൻ. വല്ല്യ ദൂരെയൊന്നുമല്ല ഭദ്രയുടെ വീട്. ഏറിയാൽ ഒരു ഇരുപത് മിനിറ്റ് നേരത്തെ യാത്രയുണ്ടാവും. "ഒരൂസം എല്ലാരും കൂടി അങ്ങോട്ട്‌ വാ ട്ടോ ഏട്ടാ " കയ്യിലുള്ള വലിയൊരു ബാഗ് സോഫയിൽ കൊണ്ട് വന്നു വെക്കുന്നതിനിടെ ഭദ്ര ഹരിയെ നോക്കി. "വരാം മോളെ " ലല്ലു മോൾക്കും കുഞ്ഞിക്കും ഭക്ഷണം വായിൽ വെച്ചു കൊടുക്കുന്നതിനിടെ തന്നെ ഹരി പറഞ്ഞു.

"പ്രജീഷ് എന്നാ വരുന്നതെന്ന് ഉറപ്പിച്ചോ?" ഹരി ചോദിച്ചു. "ഏട്ടൻ.. മിക്കവാറും ഈ ആഴ്ച അവസാനം എത്തുമെന്ന് പറഞ്ഞു ഏട്ടാ " അത് പറയുമ്പോൾ... ഭദ്രയുടെ മുഖം ചുവന്നു പോയിരുന്നു. ഹരി യാത്ര പറഞ്ഞു പോയതിനു ശേഷമാണ്.. ആദ്യം ഭദ്രയും... അവർക്ക് പിറകെ ലല്ലുവും പോയത്. തമ്മിൽ പിരിയാൻ... കുഞ്ഞിക്കും ലല്ലുവിനും നല്ല സങ്കടമുണ്ടായിരുന്നു. "എന്റെയേട്ടൻ പാവമാണ് ട്ടോ ഏടത്തി. ഇനിയും അതിനെ സങ്കടപെടുത്തല്ലേ കേട്ടോ " കാറിൽ കയറി ഇരുന്നതിന് ശേഷമാണ് ഭദ്ര പാറുവിനെ നോക്കി വിളിച്ചു പറഞ്ഞത്. മാഷും വരദയും ചിരിയോടെ നോക്കുന്നത് കണ്ടിട്ട് പാറു ചമ്മി പോയിരുന്നു.. ❣️❣️❣️

ദിവസങ്ങൾക്ക് സന്തോഷത്തിന്റെ മേമ്പോടിയുള്ളത് കൊണ്ട് തന്നെ... ഓരോ നിമിഷവും ഹൃദ്യമായിരുന്നു. പോയതിൽ പിന്നെ നിമ്മി ഓരോ നിമിഷവും നീറുന്നൊരു ഓർമയാണെന്നതൊഴിച്ചാൽ പുതിയ ജോലിയും സിറ്റുവേഷനുമായും... അജുവും അലിഞ്ഞു ചേർന്നിരുന്നു. എന്നും വൈകുന്നേരം സീതയുടെ അരികിൽ പോയി ഇത്തിരി നേരമിരുന്നിട്ടെ... അവൻ റൂമിലേക്ക് പോവാറുള്ളു. ജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും കണ്ണനും സീതയും ആസ്വദിക്കുകയാണെന്ന് അവരുടെ കണ്ണിൽ ഒളിപ്പിച്ചു പിടിച്ച രണ്ടു സൂര്യൻ സാക്ഷി പറയും.

സീതയും അജുവും ഒരുമിച്ച് കൂടുമ്പോളൊക്കെയും.. അവർ പാറുവിനെ വിളിക്കും. ഹരിയോട് അടുക്കാൻ മാത്രം ഇച്ചിരിയൊരു അകലം കാത്ത് വെച്ചിട്ടുണ്ടെങ്കിലും... ആ വീടുമായി പാറു നന്നായി ഇണങ്ങി കഴിഞ്ഞെന്ന് അവളുടെ ചിരിയിൽ ഉണ്ടായിരുന്നു. ചിറ്റയെയും അജുമാമനെയും ഒരുമിച്ച് കാണുമ്പോൾ ലല്ലുവിന് ലേശം കുശുമ്പ് തോന്നാറുണ്ടെങ്കിലും... ഹരിയുടെ സ്നേഹവാത്സല്യങ്ങളെക്കാൾ ശക്തിയൊന്നും അവൾക്കതിൽ കണ്ടു പിടിക്കാനായിരുന്നില്ല...

ഹരിയെ അന്വേഷിച്ചപ്പോൾ... അച്ഛാ എന്ന് നീട്ടി വിളിക്കുന്ന ലല്ലുവിനെ നോക്കുമ്പോൾ സീതയുടെയും അജുവിന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു തൂവി. ❣️❣️❣️❣️ എന്തായിവിടെ? " മൂർച്ചയുള്ള സ്വരത്തോടെ സെബാൻ വർഗീസ് ആൾക്കൂട്ടാതെ വകഞ്ഞു മാറ്റി കൊണ്ട് ചോദിച്ചു. പോലീസ് യൂണിഫോം അല്ലായിരുന്നിട്ട് കൂടിയും അവന്റെ എടുപ്പ് കണ്ടിട്ട് അവരെ കൂടിയാവരെല്ലാം ഒന്ന് ഒതുങ്ങി. ആൾക്കൂട്ടത്തിൽ അപമാനിതയായതിന്റെ വേദന കൊണ്ട് നിറഞ്ഞ മിഴിയോടെ അവൾ... ആര്യ തല കുനിഞ്ഞു നിൽക്കുന്നു. ഹൃദയം മുറിയുന്ന വേദനയോടെ സെബാൻ അവളെ നോക്കി. അവന്റെ കണ്ണിലേക്കു രോഷം ഇരച്ചു കയറിയത് പെട്ടന്നാണ്.

"ആര്യ... എന്താടോ പ്രശ്നം?" അലിവോടെ അവൻ ആര്യയെ തൊട്ട് വിളിച്ചു. വിതുമ്പി കൊണ്ട് അവനെ ഒന്ന് നോക്കിയതല്ലാതെ അവൾക്കൊന്നും പറയാനായില്ല. "എന്താ കാര്യം?" വീണ്ടും അവന്റെ ശബ്ദം ഉയർന്നു. "അവള് പറയില്ല.. ഏട്ടന്റെ കൂടെ പെൺവാണിഭം നടത്തുന്നവളല്ലേ?" കൂട്ടത്തിൽ നിന്നും ആരോ ഒരാൾ വിളിച്ചു പറഞ്ഞു. സെബാനൊട്ടും പ്രതീക്ഷിക്കാതെ ആര്യ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു പിടിച്ചിരുന്നു.. ആ നിമിഷം. "നിങ്ങളിൽ ആരെങ്കിലും കണ്ടിട്ടുണ്ടോ.. ഇവളത് ചെയ്യുന്നത്?" അലറും പോലെ ചോദിക്കുമ്പോൾ.. നെഞ്ചിൽ ഒതുങ്ങിയ അവളെ അവൻ പൊതിഞ്ഞു പിടിച്ചിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story