സ്വന്തം ❣️ ഭാഗം 106

swantham

രചന: ജിഫ്‌ന നിസാർ

"ഇനിയുമെങ്ങനെയാണച്ചാ.. അറിഞ്ഞു കൊണ്ട്. ഒരക്ഷരം എതിർപ്പ് പറയാതെ.. ദേഷ്യം കാണിക്കാതെ അവള് നമ്മളെ തോൽപ്പിക്കയല്ലേ? സ്നേഹം കൊണ്ട് തോൽപ്പിക്കാൻ അവൾ ശ്രമിക്കുമ്പോൾ അതേ സ്നേഹം നമ്മൾ അവളോടും കാണിക്കണ്ടേ?" നിഖിൽ അച്ഛനെ നോക്കി. അയാളൊന്നും പറയാതെ നെഞ്ചുഴിഞ്ഞു കൊണ്ട് അവനെയൊന്നു നോക്കി. "പാവല്ലേ അച്ഛാ. പണ്ടും അവൾക്കങ്ങനെ വാശിയൊന്നുമില്ലല്ലോ. നമ്മൾ എന്താണോ പറയയുന്നത് അത് അനുസരിച്ചു വളർന്നവളല്ലേ നമ്മുടെ മോള്. ഇതിപ്പോ അവളുടെ ജീവിതം.. അവളുടെ ഇഷ്ടം.

ഒരാളോട് ഇഷ്ടം തോന്നുന്നതും അയാൾക്കൊപ്പം ഒരു ജീവിതം ഷെയർ ചെയ്യാൻ കൊതിക്കുന്നതും അത്ര വലിയൊരു തെറ്റൊന്നുമല്ലല്ലോ.?" നിഖിലിന്റെ കണ്ണിൽ അനിയത്തിയോടുള്ള വാത്സല്യം. "അച്ഛൻ നാളെ.. ബ്രോക്കർ പിള്ളയോട് വരണമെന്ന് പറഞ്ഞത് ഹൃദയം പൊടിഞ്ഞു കേട്ട് നിന്ന അവളെന്റെ അനിയത്തിയാണ് അച്ഛാ. എനിക്കാ സങ്കടം കണ്ടില്ലെന്ന് നടിക്കാനാവില്ല. അവൾക്കൊപ്പം നിൽക്കാനാണ് എന്റെ തീരുമാനം " നിഖിലിന്റെ ഉറച്ച സ്വരം.

"എന്റെയും " അച്ഛന്റെ മുഖത്തേക്ക് നിഖിൽ വിശ്വാസം വരാത്തത് പോലെ നോക്കി. "അവള് ജീവിക്കട്ടെ നിക്കി. അവൾ ആഗ്രഹിക്കുന്നവനൊപ്പം സന്തോഷമായിട്ട് ജീവിക്കട്ടെ. അത് തന്നെയല്ലേ നമ്മുടെയും ആഗ്രഹം " വാതിൽക്കൽ തറഞ്ഞു നിൽക്കുന്ന നിമ്മിക്ക് അതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ വയ്യായിരുന്നു. അച്ഛനോടൊന്ന് കേണു പറയാൻ വന്നവളാണ്. നാളെയാണ് ബ്രോക്കർ പിള്ളയോട് ഇവിടെ വരെയും വരാൻ പറഞ്ഞു കൊണ്ട് വിളിച്ചിട്ടുള്ളത്. മറ്റൊരാൾക്ക് മുന്നിൽ പോയി നിൽക്കേണ്ടി വരുന്ന ഗതികേട് ഓർക്കുമ്പോൾ തന്നെ തളർന്നു പോകുന്നു. അതൊന്നു പറയാൻ വന്നവളാണ്.

കാറ്റ് പോലെയവൾ ഓടി ചെന്ന് നിക്കിയെ ഇറുകെ പിടിച്ചു. കരച്ചിലോടെ തന്നെ അവന്റെ നെഞ്ചിൽ മുഖം ഇട്ടുരച്ചു. വാത്സല്യത്തോടെ സ്നേഹത്തോടെ.. അവൻ അവളുടെ മുഖം പിടിച്ചുയർത്തി നെറ്റിയിൽ ചുണ്ട് ചേർത്ത്.. "നിന്റെ സന്തോഷമല്ലേ നിമ്മി ഞങ്ങൾ ആഗ്രഹിക്കുന്നത്. അത് അർജുനൊപ്പമായിരിക്കും എന്ന് പൂർണ്ണബോധ്യമുണ്ട്. നിനക്കൊപ്പം ചേരാൻ അവനുള്ള മുഴുവൻ കുറവുകളും.. നിന്റെയേട്ടൻ പരിഹരിക്കും " ചിരിയോടെ നിക്കി പറയുമ്പോൾ നിമ്മി അവന് നേരെ കൈകൾ കൂപ്പി. ശേഷം ആ കൈകൾ അവൾ അച്ഛന്റെ നേരെയും കൂപ്പി കൊണ്ട് വിതുമ്പി. "പോ.. പോയിട്ട് നിന്റെ അർജുനോട് ഈ സന്തോഷം പറയ്യ് നീ "

കൂടുതൽ അവളെ കരയിക്കാതെ നിക്കി പറഞ്ഞു വിട്ടു. അച്ഛൻ കാണാതെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവൻ തിരിഞ്ഞു നിന്നു. ❣️❣️❣️ "ദേ.. റിമി വെറുതെ വാശി പിടിക്കാതെ. എടുത്തിട്ടായാലും നിന്നെയും കൊണ്ട് ചെല്ലുമെന്നു അവന്മാർക്ക് വാക്കും കൊടുത്തിട്ടാണ് ഞാൻ വന്നേക്കുന്നത്. അത് കൊണ്ട് മര്യാദക്ക് നിന്ന്..ജാഡ കാണിക്കാതെ വരുന്നുണ്ടോ നീ?" മിത്തു അത്യാവശ്യം കലിപ്പിലാണ്. റിമി പക്ഷേ പാറ പോലെ ഉറച്ചു നിൽക്കുന്നു. ഒരക്ഷരം മിണ്ടുന്നില്ല. പതിവ് നിസ്സംഗത തന്നെ. ബാംഗ്ലൂരിലെ കണ്ണന്റെ സുഹൃത്തുക്കളെല്ലാം കൂടി നടത്തുന്ന ഫങ്ക്ഷൻ. വൈകുന്നേരമാണ് അറേൻജ് ചെയ്തിട്ടുള്ളത്.

അതിനു കാരണം കണ്ണന്റെ തിരക്കുകൾ തന്നെയാണ്. കണ്ണനെത്രയൊക്കെ വിളിച്ചിട്ടും റിമി വരുന്നില്ലെന്നുള്ള വാദത്തിൽ തന്നെ ഉറച്ചു നിൽക്കുമ്പോൾ.. മിത്തുവതു ഏറ്റെടുത്തു. അവളെയും കൊണ്ട് ചെല്ലുമെന്ന് കൂട്ടുകാരോട് വാക്കും പറഞ്ഞു കൊണ്ട് വന്നതാണ്. ജോണിന്റെ കൂടെ അവരുടെ കമ്പനിയിൽ ജോയിൻ ചെയ്തിട്ടുണ്ട് മിത്തു. തുടരെ തുടരെ കാണേണ്ടി വന്നിട്ടും അവളുടെ നിസ്സാംഗത നിറഞ്ഞ മുഖത്തൊരു പ്രതീക്ഷയുടെ നേർത്ത വെളിച്ചം പോലും മിത്തുവിന് കാണാനായിട്ടില്ല.

അന്ന് പറഞ്ഞ ഇഷ്ടത്തിന്റെ തണുപ്പും പറഞ്ഞു അവനൊരിക്കലും പിന്നെ അവളിലേക്ക് ചേരാൻ ശ്രമിച്ചിട്ടുമില്ല. കാരണം മുറിപ്പെട്ട ആ മനസിലെ വേദനകൾ അറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അവളെ സ്നേഹിക്കുന്നു എന്ന് പറയുന്നതിലെവിടെയാണ് സത്യം.? "റിമി..." ഇത്രയൊക്കെ പറഞ്ഞിട്ടും ബെഡിൽ അനങ്ങാതെ കൂനി കൂടിയിരിക്കുന്നവളെ മിത്തു അരികിൽ ചെന്നിരുന്നു കൊണ്ട് കുലുക്കി വിളിച്ചു. "പ്ലീസ്.. റിമി. ഒന്ന് വാ നീ. കൂട്ടി കൊണ്ട് ചെല്ലുമെന്ന് വാക്ക് കൊടുത്തിട്ടാടി ഞാൻ വന്നേക്കുന്നത്. പ്ലീസ്."

"നീ പോവാൻ നോക്ക് മിത്തു. ഞാൻ വരുന്നില്ല.. എനിക്ക്.. എനിക്കവിടെ... ഞാൻ.. ഞാനില്ല " അവൾ കാൽ മുട്ടുകൾ കൂട്ടി വെച്ചിട്ട് അതിലേക്ക് മുഖം പൂഴ്ത്തി. മിത്തുവിന് സങ്കടം വരുന്നുണ്ട്.. അവളെ നോക്കുമ്പോളോക്കെയും. ഇത് പോലൊരു ഫങ്ക്ഷൻ നടത്തുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ഉത്സാഹത്തോടെ നടന്നിരുന്നവളാണ്. ഇനിയെന്താ പറയേണ്ടത് എന്നറിയാതെ അവനും ഇരുന്നു പോയി. നിർത്താതെയടിക്കുന്ന ഫോൺ വിളികളിലെല്ലാം ചോദിക്കാനുള്ളത് ഒറ്റ ചോദ്യമായിരിക്കും എന്നറിയാവുന്നത് പോലെ അവനതൊന്നും എടുത്തില്ല.

ബെല്ലടിച്ചു മടുത്തിട്ടെന്ന പോലെ അവയെല്ലാം സ്വയം നിശബ്‍ദമായി. വീണ്ടും വീണ്ടും ആ ഫോണിലേക്ക് കൂട്ടുകാരുടെ വിളിയെത്തുമ്പോൾ..ആദ്യം മുഖമുയർത്തി നോക്കിയത്.. റിമിയാണ്. ഫോണിന്റെ നേരെയൊന്ന് നോക്കൂക കൂടി ചെയ്യാതെ സ്വയം മറന്നെന്ന പോലെ.. തല കുനിച്ചിരിക്കുന്നവനെ നോക്കി അവളും അങ്ങനെയിരുന്നു. "മിത്തു.. ഡാ.. ഫോണെടുക്ക്. കുറെ നേരമായി അത് ബെല്ലടിക്കുന്നു " റിമിയവന്റെ തോളിൽ തട്ടി വിളിച്ചു. എന്നിട്ടും അവൻ അനങ്ങിയില്ല..

"എന്നെയൊന്നു മനസ്സിലാക്ക് മിത്തു " അങ്ങേയറ്റം ദയനീയമായ സ്വരം. നെഞ്ച് പിടഞ്ഞിട്ടും അവൻ അനങ്ങിയില്ല. "അവർക്ക് മുന്നിൽ പോയി നിൽക്കാൻ എനിക്ക്... എനിക്ക് വയ്യെടാ. എന്നെ തുറിച്ചു നോക്കുന്നത് പോലെ." മിത്തുവിന്റെ കയ്യിൽ പിടിച്ചു പറഞ്ഞു കൊണ്ട് റിമി തല കുനിച്ചു. "അതിന് നീയെന്താ തുണിയുടുക്കാതെയാണോ അങ്ങോട്ട്‌ പോകുന്നത്? അതോ നീ അവരോട് തെറ്റ് വല്ലതും ചെയ്തിട്ടുണ്ടോ?" ഉള്ളൊരുപാട് നീറിയിട്ടും അവൻ ഗൗരവത്തോടെ ചോദിച്ചു.

റിമിക്ക് ഉത്തരമില്ലായിരുന്നു. "ഒന്നുമില്ല.. നീ ഞങ്ങളുടെയാ പഴയ കൂട്ടുകാരി തന്നെയാണ്. ഒരു മാറ്റവുമില്ല. മാറിയെന്നു തോന്നുന്നതും നിനക്കാണ്. ഞങ്ങൾക്കല്ല " മിത്തു അവളുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "നീ പോ മിത്തു.. അവര് കാത്തിരിക്കും. വെറുതെ നല്ലൊരു ഫങ്ക്ഷൻ നീ എനിക്ക് വേണ്ടി മിസ് ചെയ്യല്ലേ പ്ലീസ്.." റിമിയുടെ സ്വരം നേർത്തു. "പോവുന്നെങ്കിൽ നമ്മൾ ഒരുമിച്ച്.. ഇല്ലെങ്കിൽ ഞാനും പോകുന്നില്ല. നിന്നെയും കൊണ്ട് ചെല്ലാമെന്ന് വാക്ക് പറഞ്ഞു പോന്നിട്ട് ഒറ്റക്ക് കയറി ചെല്ലാൻ എനിക്കും വയ്യ "

അവനും അതേ ഭാവത്തിൽ പറഞ്ഞു. "എന്തിനാടാ എന്നെയിങ്ങനെ..." "എന്റെ സ്നേഹം നിനക്കൊരിക്കലും ബുദ്ധിമുട്ടായിട്ടില്ലല്ലോ ഇത് വരെയും? ഇനിയും അതങ്ങനെ തന്നെയാവും. പേടിക്കേണ്ട " അവൾ പറഞ്ഞു തീരും മുന്നേ മിത്തു പറഞ്ഞു. ശാന്തമാണ് അവന്റെ മുഖം. വാക്കുകളും. എന്നിട്ടും റിമിയുടെ നെഞ്ച് കനച്ചു. പേടിയുണ്ടായിരുന്നു അവൾക്ക്, ആരോടും പറഞ്ഞില്ലങ്കിൽ കൂടിയും.. അവനാ കാണിക്കുന്ന നിക്ഷ്പക്ഷമായ സ്നേഹത്തിൽ വീണു പോകുമോയെന്ന്.

നശിച്ചെന്ന് താൻ സ്വയം വിധിച്ച ശരീരവും മനസ്സും ജീവിതവും പതിയെ പതിയെ അവനിലേക്ക് ചായുമോയെന്ന്.. അത് കൊണ്ടാണ് പരമാവധി അവനിൽ നിന്നും അകലം പാലിക്കുന്നത്. പക്ഷേ... യാതൊരു മാറ്റവുമില്ലാതെ എന്നും വന്നു കാണുന്നുണ്ട്. ഭാവമാറ്റമേതുമില്ലാതെ അവന്റെ വിശേഷം പറയുന്നുണ്ട്. ഓഫിസ് കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. മെന്റലി ഒരുപാട് തകർന്ന് നിൽക്കുന്ന ഈ അവസ്ഥയിൽ ഡാഡിക്ക് അവന്റെ പ്രസൻസ് എത്രയോ വലുതാണെന്നും അറിയാതെയല്ല.

അല്ലെങ്കിലും ചില ബന്ധങ്ങൾ അങ്ങനെയാണ്.. എത്രയൊക്കെ കുതറി മാറാൻ ശ്രമിച്ചാലും.. ഹൃദയം കൊണ്ടെന്ന പോലെ ചേർത്ത് പിടിക്കുന്നവർ.. വിരലുകൾ അറുത്തു മാറ്റി ചോര പൊടിഞ്ഞാലും നനുത്തൊരു ചിരിയോടെ കൂടുതൽ കൂടുതൽ പിടി മുറുക്കി കൊണ്ടേയിരിക്കും.. തിരിച്ചു കൊടുക്കാൻ സ്നേഹമില്ലെങ്കിലും... ചേർത്ത് പിടിക്കാൻ പരിഗണനയില്ലെങ്കിലും സ്നേഹിക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് പിടി വിട്ടു പോകാത്തവർ. ഭ്രാന്തമായി സ്നേഹിച്ചു കൊണ്ട് വീണ്ടും വീണ്ടും സ്നേഹത്തിന്റെ ചുഴിയിൽ പെടുത്തി നോവിക്കുന്നവർ.. നോവേറ്റ് പിടഞ്ഞാലും.. ഒരു നോവിലേക്കും ഒറ്റക്ക് തള്ളി വിടാത്തവർ.. കൂടെയുണ്ടെന്നല്ല..

കൂട്ടിനുണ്ടെന്ന് ഓർമിപ്പിക്കുന്നവർ. "മിത്തു..." വീണ്ടും വീണ്ടും ഫോണിൽ ബെല്ലടിയുമ്പോൾ റിമി അവനെയും ഫോണിനെയും മാറി മാറി നോക്കും. "ബാ... എഴുന്നേൽക് ഞാനും വരുന്നു " ഒടുവിൽ ഒരു നെടുവീർപ്പോടെ റിമി പറഞ്ഞു. മിത്തു കള്ളച്ചിരിയോടെ അവളെ നോക്കി. 'ഇളിക്കല്ലേ.. എനിക്ക് ടെൻഷനായിട്ട് പാടില്ല " റിമി അവന്റെ നേരെ കണ്ണുരുട്ടി. "റെഡിയായി വാ. ഞാൻ പുറത്തുണ്ട് " സന്തോഷം കൊണ്ട് മിത്തു നിറഞ്ഞു പോയിരുന്നു.

"ഞാൻ ഒരഞ്ചു മിനിറ്റ് കൊണ്ട് തിരിച്ചു പോരും ട്ടോ " പിന്നിൽ നിന്നും റിമി ഓർമിപ്പിച്ചു. "സെറ്റ്.. " തിരിഞ്ഞു നോക്കാതെ അവൻ കൈ ഉയർത്തി കാണിച്ചു. രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് റിമി റെഡിയായി വന്നിരുന്നു. അവൾക്ക് ചേരാത്തൊരു ചുരിദാറും വാരി ചുറ്റി വരുന്നവളെ മിത്തു തുറിച്ചു നോക്കി. "പോവല്ലേ.. ബാ " അവന്റെ നോട്ടം കണ്ടിട്ട് റിമി മുഖം കുനിച്ചു കൊണ്ട് പറഞ്ഞു. "ഇങ്ങനല്ല...ഇതെന്തോന്ന് കോലം.റിമി മരിയ ജോൺ ആയിട്ട് വാ.. ഞാൻ കാത്തിരിക്കാം " ഗൗരവത്തിൽ പറഞ്ഞു കൊണ്ട് വീണ്ടും മിത്തു കസേരയിൽ ഇരുന്നു.

പിന്നെയും അവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് റിമി തിരിഞ്ഞു നടന്നു. ചിരിയോടെ നോക്കുന്ന ജോണിനെയും മരിയയെയും നോക്കി മിത്തു ചിരിയോടെ കണ്ണടച്ച് കാണിച്ചു. ❣️❣️❣️❣️ എനിക്ക് കാണാൻ തോന്നുന്നു അജു " ഏറെ നേരത്തെ മൗനത്തിന് ശേഷം നിമ്മി അത് പറയുമ്പോൾ.. അജുവിനും ആ തോന്നൽ ശക്തമായിരുന്നു. നിറഞ്ഞു തൂവിയ കണ്ണുകളിലത്രയും ഉള്ളിലെ സന്തോഷമായിരുന്നു. നിരഞ്ജനയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നും ഒരു പോസിറ്റീവ് റിസൾട് രണ്ട് പേരും അത്ര പെട്ടന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

"എനിക്കുറപ്പുണ്ട് അജു.. സമ്മതിക്കും. എന്റെ സന്തോഷം കാണാൻ ഇവര് നമ്മളെ കൂട്ടി ചേർക്കും " കണ്ണേട്ടനോടും ഹരിയേട്ടനോടും അവിടെ വരെയും ചെന്നിട്ട് അവർ കാണിച്ച പരിഗണനയില്ലായ്മയെ അർജുൻ ഒരുപാട് ഭയന്നിരുന്നു. അപ്പോഴൊക്കെയും നിരഞ്ജനയാണ് അവന് ധൈര്യം പകർന്നു കൊടുത്തിരുന്നത്. വീണ്ടും വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചു കൊടുത്തിരുന്നത്. "കാണും... നമ്മൾ ഉടനെ തന്നെ കാണും.. എനിക്കുമീ ശ്വാസം മുട്ടൽ സഹിക്കാൻ വയ്യെന്റെ പെണ്ണേ.. ഞാൻ വരും.." അർജുൻ ഉള്ളിലെ പ്രണയത്തിന്റെ വിങ്ങലോടെ പറഞ്ഞു.

"കണ്ണേട്ടനോടും ഹരിയേട്ടനോടും ചേച്ചിമാരോടും പറഞ്ഞേക്കണേ അജു " നിരഞ്ജന ഓർമ്മിപ്പിച്ചു. "മ്മ്.. പറയാം ട്ടോ " അവളുടെ ഉള്ളിലെ സന്തോഷതിളക്കം അറിഞ്ഞിട്ട് അജു വാത്സല്യത്തോടെ പറഞ്ഞു. "ഏട്ടൻ വിളിക്കുമായിരിക്കും അജു.. നമ്പർ വാങ്ങിയിരുന്നു എന്റെ കയ്യിൽ നിന്നും.." "വിളിക്കട്ടെ.. ആ വിളിയും കാത്ത് ഞാനെത്ര കാലമായി... വിളിക്കട്ടെ " ഉള്ള് നിറഞ്ഞ സന്തോഷത്തിലാണ് അവനും... ❣️❣️❣️ സാറിന് കൂടി ചീത്തപേരാവും " ആര്യക്ക് അതിലായിരുന്നു സങ്കടം മുഴുവനും. ആൾക്കൂട്ടത്തിൽ നിന്നും ചെറിയൊരു കയ്യങ്കളിയിലൂടെയാണ് സെബാൻ അവളെ രക്ഷപെടുത്തി കൊണ്ട് വന്നത്.

അവിടെ കൂടിയവർക്ക് അവളെ അപമാനിച്ചു മതിയായിട്ടില്ലായിരുന്നു. അതിന്റെ കലിപ്പവർ സെബാന് നേരെയാണ് തീർത്തത്. ഒടുവിൽ കൂട്ടത്തിൽ ഏതോ ഒരുത്തൻ സെബാനൊരു പോലീസ് ഓഫിസർ ആണെന്ന് തിരിച്ചറിഞ്ഞു വിളിച്ചു പറഞ്ഞതോടെ.. തീ വെള്ളമൊഴിച്ചത് പോലെ രോഷം അണഞ്ഞു പോയിരുന്നു. കൂടെ വരാൻ കൂട്ടക്കാതിരുന്നവളെ സെബാൻ നിർബന്ധിച്ചു കൂടെ കൂട്ടുകയായിരുന്നു. "ഇനിയീ ബുദ്ധിമുട്ട് ജീവിതം മുഴുവനും സഹിച്ചാലോ ന്നാ എന്റെ ആലോചന " ഒട്ടും പ്രതീക്ഷിക്കാത്ത അവന്റെയാ വെളിപ്പെടുത്തൽ. ആര്യയുടെ കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു.

അവനും അവളെ നോക്കാതെ മുന്നിലേക്ക് നോക്കി സീറ്റിലേക്ക് ചാരി കിടന്നു. അൽപ്പം നേരം കഴിഞ്ഞു ഒന്നും മിണ്ടാതെയിറങ്ങി പോവാൻ തുണിയുനവളെ അവൻ കയ്യിൽ പിടിച്ചു നിർത്തി. "പേടിക്കേണ്ട... ഒന്നിനെയും. ഞാനുണ്ടാകും കൂടെ.. എനിക്കിഷ്ടമാണ്. എന്റെ പാതിയായി സ്വീകരിക്കാൻ മാത്രം വലിപ്പമുള്ളൊരു ഇഷ്ടം " മുഖത്തെ ഗൗരവമഴിച്ചു മാറ്റി ആർദ്രമായി പറയുന്നൊരുവൻ. ആര്യയുടെ കണ്ണുകൾ കലങ്ങി ചുവന്നു.. "നാട്ടിലിപ്പോ ഞാൻ പീഡനവീരന്റെ പെങ്ങളാ സർ. ആർക്കും എന്തും പറയാം. മിണ്ടാതെ നിന്ന് കേട്ടോളണം. പ്രതികരിക്കാൻ അവകാശമില്ല പോലും " കുനിഞ്ഞിരുന്നു കൊണ്ട് ആര്യയൊന്നു വിതുമ്പി. സെബാൻ അവളെ നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.

അവനാ കണ്ണുനീർ കാണണ്ടായിരുന്നു. "വീട്ടിലെ അവസ്ഥ അതിലും ഭീകരമാണ് സർ. അമ്മയെ പഴി പറഞ്ഞു അച്ഛനും ഫാമിലിയും.ഓരോ ദിവസവും... പുതിയ പുതിയ ഓരോ ന്യായങ്ങളുമായി അമ്മയും. ഇതിനെല്ലാമിടയിൽ... എനിക്ക്... എന്നെ പോലൊരാൾ വേണ്ട സർ... സാറിന്റെ പാതിയായിട്ട്." നിറഞ്ഞ കണ്ണോടെ ആര്യ സെബാനെ നോക്കി. "എനിക്ക് മുന്നിലിപ്പോ പ്രതീക്ഷകളൊന്നുമില്ല. എവിടെ ചെന്നവസാനിക്കുമെന്റെ ജീവിതമെന്നും അറിയില്ല.. പക്ഷേ...സാറേന്നെ കൂടെ കൂട്ടരുത്.അത് സാറിന് വേദനകളും അപമാനവും മാത്രമേ തരൂ.ചില തെറ്റുകൾ അങ്ങനാണ് സർ.. കുടുംബം മൊത്തം ഉത്തരം പറയേണ്ടി വരും.." ആര്യ നനുത്തൊരു ചിരിയോടെ സെബാനെ നോക്കി.

"എനിക്ക് നിന്നെ മതിയെങ്കിലോ ആര്യ..?" ആ കണ്ണിൽ കുസൃതിയാണ്.. അവളൊന്നും മിണ്ടിയില്ല. "ഇന്ന് ഈ നിമിഷം വരെയും നീ തനിച്ചായിരിക്കും. പക്ഷേ ഇനിയങ്ങോട്ട് നീ എന്റെ പെണ്ണാണ്. ഞാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന എന്റെ മാത്രം. ഇനിയൊരു വേദനക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല ആര്യ.. ഇതെന്റെ വാക്കാണ് " അവളുടെ കയ്യെടുത്തു തലോടി ആർദ്രമായി പറയുന്നവനെ നോക്കി ആര്യ തളർന്നിരുന്നു. "പ്രതികരിക്കാൻ നിനക്കവകാശമില്ലെന്ന് ആരാണ് പറഞ്ഞത്?

അതിന് മാത്രം എന്ത് തെറ്റാണ് നീ ചെയ്തത്.? തെറ്റ് ചെയ്തവരാണ് ആര്യ ശിക്ഷ ഏറ്റു വാങ്ങേണ്ടതും. എനിക്കറിയാവുന്ന.. എന്നെ മോഹിപ്പിച്ച ആര്യ ഇങ്ങനെയല്ല. അവൾക്ക് തെറ്റിനെതിരെ പ്രതികരിക്കാനുള്ള ശേഷിയുണ്ട്.. ഞാനെന്റെ പെണ്ണിൽ ഏറ്റവും ഇഷ്ടപെടുന്നതും ആ ഭാവത്തെയാണ് " സെബാൻ അവളെ തൊട്ടുണർത്താനുള്ള പ്ലാനിങ്ങിലാണ്. ഏറെക്കുറെ അവനതിൽ വിജയിക്കുന്നുമുണ്ട്. കാരണം ആര്യയുടെ മുഖത്തേക്ക് കൊഴിഞ്ഞു പോയ ആത്മവിശ്വാസവും ഊർജവും തിരികെ വന്നിരുന്നു. മുന്നിൽ വരുന്നതിനെതിനേയും നേരിടാൻ അവളിലൊരു ചങ്കുറ്റം സെബാൻ വളർത്തിയെടുക്കുന്നുണ്ട്.. ❣️❣️❣️

ഹരി ഓഫീസിൽ നിന്നും വരുമ്പോൾ വീട്ടിൽ പാറു ഒഴികെ ആരും ഉണ്ടായിരുന്നില്ല. വാതിൽ ചാരിയിട്ടേ ഒള്ളു. അകത്തു കയറിയ അവൻ പാറുവിനെ വിളിച്ചു നോക്കി. അവിടെങ്ങും കാണാത്തത് കൊണ്ട് അവൻ ബാഗ് മേശയിലേക്ക് വെച്ച് വീടിന്റെ പിന്നിലേക്ക് നടന്നു. വീടിന് പിന്നിലുള്ള ഇത്തിരി സ്ഥലത്ത് മാഷിന്റെ പച്ചക്കറി കൃഷി തകർത്തു നടക്കുന്നുണ്ട്. രണ്ടു മൂന്നു ദിവസമായിട്ട് പാറു കൂടി സജീവമാണ്. മാഷച്ഛനും മോളും കൂടി അവിടൊക്കെ ഓടി നടക്കും.

അവളിപ്പോ ആ വീടിന്റെ താളവുമായി ഏറെ പൊരുത്തപെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്ര വേഗത്തിൽ ഹരി അത് പോലും പ്രതീക്ഷിച്ചിരുന്നില്ല. അവളെക്കാൾ പ്രിയപ്പെട്ടതാണ് അവിടെയുള്ളവർക്ക് ലല്ലുമോൾ. മുത്തച്ഛനും മുത്തശ്ശിയും മോളും കൂടി ആ വീട് തല കുത്തനെ മറിക്കും. മുത്തച്ഛനും മോളും കൂടിയിപ്പോ ഒഴിച്ച് കൂടാനാവാത്ത ഒരു കലാപരിപാടിയാണ് വൈകുന്നേരത്തെ നടത്തം. പുതുതായി ജോയിൻ ചെയ്തത് കൊണ്ട് തന്നെ ഹരിക്ക് വളരെ നേരത്തെ പോയാലും ഒരുപാട് വൈകിയേ തിരിച്ചിറങ്ങാൻ ആവുമായിരുന്നുള്ളു.

എങ്കിലും കഴിഞ്ഞു പോയ നിമിഷങ്ങളുടെ ഭംഗിയൊട്ടും ചോരാതെ അവനിലേക്കെത്തിക്കാൻ അച്ഛൻ വരുവോളം അച്ഛന്റെ പൊന്നുമോള് കാത്തിരിക്കും. അവളുടെ കൊഞ്ചൽ കേട്ടാണ് എന്നും പാറുവും ഹരിയും ഉറക്കത്തിലേക്ക് വീഴുന്നതും. അന്ന് രാത്രി ഭദ്രയുടെ പ്രജീഷ് വരുന്നുണ്ട്. തിരക്കിലായത് കൊണ്ട് തന്നെ ഹരിക്ക് എയർപോർട്ടിൽ പോകാനായില്ല. മാഷും വരദയും പോകുന്നുണ്ട്. ആ കൂടെ ലല്ലു മോളെ കൂടി വിടണമെന്ന് കുഞ്ഞിയുടെ ഓർഡറാണ്. കുഞ്ഞിയുടെ അച്ഛനെ കാണാൻ അവളോളം ത്രില്ലിൽ ആയിരുന്നു ലല്ലുവും. അത് കൊണ്ട് ആ ഉത്സാഹത്തിലാണ് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം അവൾ പോയതും. അവർക്കൊപ്പം പോവാൻ ഹരിയും കൂടെ വരാൻ അവരും പാറുവിനെ വിളിച്ചതാണ്.

പക്ഷേ ആൾക്കൂട്ടങ്ങളെയും തുറിച്ചു നോട്ടങ്ങളേയും അവളപ്പോഴും ഭയപ്പെട്ടിരുന്നു. അതറിയാവുന്നത് കൊണ്ട് തന്നെ അവരാരും അവളോട് നിർബന്ധിച്ചു പറഞ്ഞതുമില്ല. അവളവിടെ തനിച്ചാവും എന്നോർത്ത് കൊണ്ട് തന്നെയാണ് ഒരുപാട് തിരക്കുകൾ ഉണ്ടായിട്ടും.. ഹരി അന്ന് നേരത്തെയിറങ്ങിയത്. പാറു... ഒന്നൂടെ വിളിച്ചു കൊണ്ട് ഹരി വാതിൽ കടന്നിറങ്ങിയതും.. പുറത്ത് നിന്നും അവന്റെ വിളി കേട്ട് ധൃതിയിൽ കയറി വന്നിരുന്ന പാറുവും തമ്മിലടിച്ചു നിന്ന് പോയി. താഴെ വീഴുമെന്നോർത്ത് കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുന്നവളെ ഹരി നെഞ്ചോട് ചേർത്ത് പിടിച്ചു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story