സ്വന്തം ❣️ ഭാഗം 107 || അവസാനിച്ചു

രചന: ജിഫ്‌ന നിസാർ

മിത്തുവിനോപ്പം റിമിയെ കൂടി കണ്ടതോടെ മേളങ്ങൾ ഒന്ന് കൂടി കൊഴുത്തു. അവയിലേക്കൊന്നും ഇറങ്ങി ചെന്നില്ലയെങ്കിലും സീത മനസ്സ് കൊണ്ടവരുടെ കൂടെ ആഘോഷിക്കുന്നുണ്ടായിരിന്നു. കണ്ണന്റെ കൂട്ടുകാരെല്ലാം അവരിലേക്ക് ഒരാളായി തന്നെ സീതയെ ചേർത്ത് വെച്ചിട്ടുണ്ട്. തുടക്കത്തിലെ ബുദ്ധിമുട്ട് മാറിയതും റിമി മിത്തുവിന്റെ മറവിൽ നിന്നും കൂട്ടുകാർക്കിടയിലേക്ക് ഇറങ്ങി ചെന്നിരുന്നു. ഉള്ളിലെ നിസംഗതയെയും അകൽച്ചകളെയും പൊളിച്ചെഴുതി.. അവളവിടെ തീർത്തും റിമി മരിയ ജോൺ ആയി മാറിയിരുന്നു. കണ്ണനും മിത്തുവും പരസ്പരമുള്ള നോട്ടത്തിൽ കൂടി അവരാഗ്രഹിച്ചത് നടന്നുവെന്ന് ആശ്വാസിക്കുന്നുണ്ട്.. ❣️❣️❣️

വൈകുന്നേരം തുടങ്ങിയ മഴയാണ്. ഒരു തുള്ളിയിൽ നിന്നും മറ്റൊരു തുള്ളിയിലേക്ക് കോർത്തു പിടിക്കുന്നുവെന്നല്ലാതെ.. അത് തോരുന്ന ലക്ഷ്ണമൊന്നും ഉണ്ടായിരുന്നില്ല. ഒറ്റക്കായതോട് കൂടി പാറു തീർത്തും മൗനത്തിലാണ്. കണ്മുന്നിൽ വരാത്തെ ഒളിച്ചു കളിക്കുന്നത് പോലെ ഹരിക്ക് ഫീൽ ചെയ്തു. വൈകുന്നേരം നെഞ്ചിലേക്ക് തടഞ്ഞു വീണവളെ ചേർത്ത് വെച്ചയിടം ആ ഓർമയിൽ പോലും അതിശക്തമായി മിടിക്കുന്നു.

സിറ്റൗട്ടിലെ ചാരുപടിയിൽ കാലുകൾ നീട്ടി വെച്ച് ഹരി മഴ ആസ്വദിക്കുകയാണ്. കെട്ടുപാടുകളൊന്നുമില്ലാത്ത വിധം ശാന്തമായ ഹൃദയം. ദേഹം മാത്രമല്ല.. ഓർമകൾ കൊണ്ട് ഹൃദയം കൂടി കുളിരണിയിച്ചു കൊണ്ടാണ് മഴ തിമിർത്തു പെയ്യുന്നത്. "ഹരി " ഏറെ നേരം കണ്ണടച്ച് കൊണ്ട് മഴയുടെ സംഗീതവും കുളിരും ആസ്വദിക്കുന്ന ഹരി പാറു അരികിൽ വന്നു നിന്നതൊന്നും അറിഞ്ഞിട്ടില്ല. "ന്തേ പാറു " വിളി കേട്ടിട്ട് കണ്ണ് തുറന്നു കൊണ്ടവൻ അവൾക്ക് നേരെ തിരിഞ്ഞു കാലുകൾ താഴേക്ക് നീട്ടിയിരുന്നു. "അവര്.. അവരിന്ന് വരില്ലെന്ന്. മഴ കാരണം വണ്ടി ഓടിക്കാൻ മാഷച്ഛന് വയ്യെന്ന് " പാറു ഹരിയെ നോക്കി പറഞ്ഞു.

"മോളില്ലാതെ ബുദ്ധിമുട്ടുണ്ടോ പാറു?" ഹരി നേർത്തൊരു ചിരിയോടെ അവളെ നോക്കി ചോദിച്ചു. "സമയം പത്തു കഴിഞ്ഞില്ലേ.. അവള് കുഞ്ഞിയുടെ കൂടെ കിടന്നു ഉറങ്ങി പോയെന്ന് " പാറു അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു. "നമ്മുക്കാണ് അവളില്ലാതെ വയ്യാത്തത്. ല്ലേ? " ഹരി ചിരിച്ചു കൊണ്ട് തന്നെ ചോദിച്ചു. അവളൊന്നും മിണ്ടിയില്ല. "വേണമെങ്കിൽ ഞാൻ പോയി കൊണ്ട് വരാം.. വേണോ?" അവളുടെ മുഖത്തെ ഭാവം കണ്ടിട്ടാണ് ഹരി വീണ്ടും അത് തന്നെ ചോദിച്ചത്.

വേണ്ടന്ന് അവൾ തലയാട്ടി കാണിച്ചു. "ബാ.. ഇവിടിരിക്ക് " ഹരി കുറച്ചു നീങ്ങിയിരുന്നു കൊണ്ട് അവളെ അരികിലേക്കിരുത്തി. ആ നിമിഷം തൊട്ട് പാറു വിറക്കാൻ തുടങ്ങി. ഹരി അലിവോടെ അവളെ നോക്കി.ആ ടെൻഷൻ മനസ്സിലായത് കൊണ്ട് തന്നെ അവനൊന്നും മിണ്ടാതെയിരുന്നു. "മഴ ഇന്നിനി തോരുമെന്ന് തോന്നുന്നില്ല. നമ്മുക്ക് ഭക്ഷണം കഴിഞ്ഞു കിടന്നാലോ?" ഒരക്ഷരം മിണ്ടാതെ മുറ്റത്തേക്ക് നോക്കിയിരിക്കുന്ന പാറുവിനെ നോക്കി ഹരി ചോദിച്ചു. "ആഹ്.." വെപ്രാളത്തോടെ തലയാട്ടി കൊണ്ട് അകത്തേക്ക് ഓടി.

ഹരിയും ചിരിയോടെ അവൾക്ക് പിറകെ അകത്തേക്ക് കയറി. മഴയുടെ നല്ല തണുപ്പുണ്ട്. സിറ്റൗട്ടിലെ ലൈറ്റ് ഓഫ് ചെയ്തു കൊണ്ടവൻ മുൻവാതിൽ അടച്ചു കുറ്റിയിട്ടു. പാറു അടുക്കളയിൽ ആയിരുന്നു. അവനും അങ്ങോട്ട്‌ ചെന്നു. "ഇവിടെ വെച്ചാൽ മതി പാറു.. നമ്മളല്ലേ ഒള്ളു. " ഹരിക്കുള്ള ചോറും കറികളുമായി ഹാളിലേക്ക് നടക്കാൻ തുടങ്ങിയ പാറുവിനെ ഹരി തടഞ്ഞു. അവളുടെ കയ്യിൽ നിന്നും ചോറ് പാത്രം വാങ്ങി അവൻ അടുക്കളയിലെ കുഞ്ഞു മേശയിലേക്കിരുന്നു. "നീ കഴിക്കുന്നില്ലേ?" വീണ്ടും അവിടെ തട്ടി തടഞ്ഞു നിൽക്കുന്ന പാറുവിനെ നോക്കി ഹരി ചോദിച്ചു.

"ഞാൻ.. ഞാൻ കഴിച്ചോളാം " പതിയെ ആണ് പറയുന്നത്. "ഇനിയെപ്പഴാ പാറു.. വന്നിരുന്നു കഴിക്ക്. ഒറ്റക്ക് കഴിക്കണ്ടേ.. ബാ " ഹരി ചിരിയോടെ അവളെ നോക്കി. അവൾ പക്ഷേ അനങ്ങാതെ അവിടെ തന്നെ നിന്നു. ആ മുഖത്ത് പതിവിനെക്കാൾ വെപ്രാളം. ഹരിക്കത്‌ നന്നായി വേദനിച്ചു. എത്രയൊക്കെ അകന്ന് മാറിയാണ് നടക്കുന്നത്. അവൾക്കൊരു ബുദ്ധിമുട്ടുണ്ടാവരുത് എന്ന് കരുതി... നോട്ടം കൊണ്ട് പോലും ആ നേരെ ചെല്ലാറില്ല.

കൊതി തീരെ നോക്കുന്നത് ഉറങ്ങിയെന്ന് ഉറപ്പായതിന് ശേഷമാണ്. വീട്ടിൽ പോലും അവളെ അവളുടെ വഴിക്ക് വിട്ടു കൊടുത്തത് എല്ലാമായി ഒന്ന് പൊരുത്തപെടാനായിട്ടാണ്. എല്ലാമായും അവൾ ഇണങ്ങി.. ഹരിയിപ്പോഴും അവൾക്ക് അംഗീകരിക്കാനാവാത്ത സ്നേഹമാണ്. തൊണ്ടയിൽ നോവ് തടഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ അവനൊന്നും കഴിക്കാൻ തോന്നിയില്ല. കാത്തിരിക്കാനുള്ള ക്ഷമ ഏതോ ഒരറ്റത്തുവെച്ച് നഷ്ടപെടുന്നുണ്ടോ എന്നൊരു തോന്നൽ..അവനിൽ ശക്തമായി.എന്നിട്ടും അത് തോന്നലാവട്ടെ എന്ന് തന്നെ ആശിച്ചു. അവളില്ലാതെ തുടിക്കാൻ വയ്യെന്നുള്ള ഹൃദയത്തിന്റെ മന്ത്രം.

. കേൾക്കാതിരിക്കാൻ കഴിയാത്തത് പോലെ.. ഒരുമിച്ച് തുഴയാൻ കൊതിച്ച സ്നേഹകടലിൽ അവളില്ലാതെയിനി ഒറ്റക്കലയാൻ വയ്യെന്നുള്ള വാശി.. പാറു കഷ്ടപെട്ട് എടുത്തു തന്നതല്ലേ എന്നുള്ള ഒറ്റ ചിന്തയിലാണ് ഹരിയാ ഭക്ഷണം വേണ്ടങ്കിലും കഴിച്ചു തീർത്തത്. പേരറിയാത്തൊരു നോവ് ഹൃദയം കീഴടക്കി കഴിഞ്ഞു. മഴയുടെ നേരത്ത സംഗീതമിപ്പോൾ ഉള്ളിന്റെ തപത്തെ തണുപ്പിക്കുന്നില്ല. മങ്ങിയ മുഖത്തോടെ പെട്ടന്ന് വാരി കഴിച്ചെഴുന്നേറ്റ് പോയിട്ടും.

. പാറു ഭക്ഷണം കഴിഞ്ഞു.. അടുക്കളയൊതുക്കി വരുന്നത് വരെയും ചിന്തകളെയും കൂട്ട് പിടിച്ചു ഹരിയാ ഹാളിൽ ഇരുന്നു. ❣️❣️❣️ "കുഞ്ഞിനെ ശ്രദ്ധിക്കണേ അമ്മാ.. അവൾക്ക് ഇരുട്ട് പേടിയാണ്. " പാറു കുളിച്ചിറങ്ങി വരുമ്പോൾ ഹരി കിടക്കയിൽ ഇരുന്നു കൊണ്ട് വരദയെ ഫോണിൽ വിളിക്കുകയാണ്‌. ലല്ലു മോളില്ലാതെ ആദ്യമായാണ് അവരാ മുറിയിൽ. അവളുടെ കൊഞ്ചൽ കേട്ട് അപ്പുറവും ഇപ്പുറവും കിടന്നു ഉറക്കിത്തിലേക്ക് വീഴുകയാണ് പതിവ്. ആ ഒരു പരവേശത്തോടെ തന്നെയാണ് പാറു അവനരികിൽ കയറി കിടന്നതും. കാലം തെറ്റി പെയ്തിറങ്ങിയ മഴയുടെ അലകളൊന്നും തന്നെ ആ മുറിയിലേക്ക് എത്തി നോക്കുന്നില്ല. തീർത്തും.. മൗനം. "ഹരി..."

കനത്തയിരുട്ടിലും.. അവനുറങ്ങിയിട്ടില്ലന്ന് അവൾക്കുറപ്പായിരുന്നു. "മ്മ്.." "നിനക്ക്.. നിനക്കെന്നോട് വെറുപ്പുണ്ടോ ഹരി..? " "എന്തിനാ പാറു.. എനിക്ക് വെറുപ്പ്?" "ഞാൻ.. ഞാനൊരു ഭാര്യയുടെ.. കടമ " പാറുവിന് മുഴുവനും പറയനാവുന്നില്ല. "ഞാനൊരിക്കലും നിന്റെ ശരീരം മോഹിച്ചിട്ടില്ല. നിന്റെ സമ്മതമില്ലാതെ നിന്റെ വിരൽ തുമ്പിൽ പോലും പിടിക്കയുമില്ല. അങ്ങനൊരു ഭർത്താവിനെ എന്നിൽ നിന്നും നീ പ്രതീക്ഷിക്കുകയും വേണ്ട " ഇരുട്ടിൽ നിന്നും അവന്റെ കടുപ്പമുള്ള വാക്കുകൾ. പാറു നിശബ്‍ദയായ് പോയി. "പക്ഷേ.. പക്ഷേ.. എനിക്കെന്റെ പഴയ കൂട്ടുകാരിയെ തിരിച്ചു താ പാറു.

എനിക്ക് ശ്വാസം മുട്ടുന്നെടി ഈ അകൽച്ച. എന്നോട് തന്നെ ആത്മനിന്ദ തോന്നുന്നു. അതിൽ നിന്നൊന്ന് എന്നെ രക്ഷപ്പെടുത്തി താ നീ. വേറൊന്നും.. വേറൊന്നും വേണ്ട.." "ഹരി...." കണ്ണീർ നനവുള്ള വിളി. ഹരി കൈ എത്തിച്ചു ലൈറ്റ് ഇട്ടു. എഴുന്നേറ്റിരുന്നു കൊണ്ട് കരയുകയാണ്.. "സോറി.. നിനക്ക്.. നിനക്ക് വേദനിച്ചോ.. ഞാനെന്റെ വേദന പറഞ്ഞതാ പാറു.." അവൻ മുഖം കുനിച്ചു. "എന്തിനാ ഹരി.. നീ.. നീയെന്നെയിങ്ങനെ സ്നേഹിക്കുന്നത്.."

"എനിക്കറിയില്ല.. സത്യമായും എനിക്കറിയില്ല പാറു " അവൻ മുഖം ഉയർത്തിയില്ല. "എനിക്കിനിയും പകർന്നു തരാൻ കഴിയാത്ത.. പരിഗണിക്കാൻ കഴിയാത്ത ഈ സ്നേഹത്തെ എങ്ങനെയാണ് ഹരി നിനക്കിത്രേം ഭ്രാന്തമായി കാത്തിരിക്കാൻ കഴിയുന്നത്.. എനിക്ക്... എനിക്ക് നോവുന്നു ഹരി " കരച്ചിൽ കൊണ്ടവൾ വിറക്കുന്നുണ്ട്. "കരയല്ലേ.. എനിക്ക്..കാണാൻ വയ്യെടി." ഹരിയുടെയും കണ്ണ് നിറഞ്ഞു. സ്വപ്നങ്ങൾ തേഞ്ഞു തേഞ്ഞു കാതലില്ലാതായി പോകുമോ എന്നുള്ള ഭയം അവനിൽ പിടി മുറുക്കി.. ഉള്ളിലിറമ്പുന്ന സങ്കടകടലിലെ ചെറിയൊരു തിര മാത്രമണാ കണ്ണുനീർ. "ഹരി.." വീണ്ടും പാറു വിളിച്ചു.

"മ്മ് " രണ്ടു കൈ കൊണ്ടും ഹരി കണ്ണുകൾ തുടച്ചിട്ട് അവൾക്ക് നേരെ തിരിഞ്ഞു. "എനിക്ക്... എനിക്ക് നിന്നെ വേണം ഹരി " നേർത്ത സ്വരത്തിൽ അവളത് പറയുമ്പോൾ ഹരിയൊന്നു ഉലഞ്ഞു പോയി. കേട്ടത് വിശ്വാസമായില്ലെന്ന് അവന്റെയാ തുറിച്ചു നോട്ടം അവളെക്കപ്പോൾ മനസ്സിലാക്കി കൊടുത്തു. "സത്യമായിട്ടും എനിക്ക് നിന്നെ ഇഷ്ടമാണ് ഹരി. ഇനിയും.. ഇനിയുമെങ്ങനെ ഞാൻ നിന്നിൽ നിന്നും തിരിഞ്ഞു നടക്കും.. തോൽപ്പിച്ചു കളഞ്ഞില്ലേ നീ.. സ്നേഹിച്ചു സ്നേഹിച്ചു കൊണ്ടെന്നെ തോൽപ്പിച്ചു കളഞ്ഞില്ലേ നീ "

ഹരിയെ ഇറുകെ കെട്ടിപിടിച്ചു കൊണ്ട് പാറു പറയുമ്പോൾ അവന്റെ ശ്വാസം നിലച്ചത് പോലെ.. വിറക്കുന്ന കൈകൾ കൊണ്ടവൻ അവളെ കൂടുതൽ കൂടുതൽ നെഞ്ചിലേക്ക് അണച്ചു പിടിച്ചു. അപ്പോഴുമവന്റെ നിറഞ്ഞ കണ്ണുകളിറ്റ് വീണു അവളുടെ നെറുകയിൽ പതിച്ചിരുന്നു. "ഹരി.." "മ്മ്.." വിറയാലൊടുങ്ങാത്ത കൈകൾ കൊണ്ടവൻ അവളുടെ കവിളിൽ ചേർത്ത് പിടിച്ചു. പാറുവിന്റെ നെറ്റിയിൽ പതിഞ്ഞ ആദ്യചുംബനം.. അതിനവന്റെ ജീവന്റെ വിലയുണ്ടായിരുന്നു.

കാത്തിരിപ്പിന്റെ തണുപ്പുണ്ടായിരുന്നു. അതിനെല്ലാം പുറമെ... ഉള്ളിൽ അവനൊരുക്കി വെച്ച സ്നേഹകടലിന്റെ താങ്ങാനാവാത്ത ഭാരമുണ്ടായിരിന്നു. കൊതിയോടെ അവന്റെ കണ്ണുകൾ അവളിലാകെ ഓടി നടന്നു. അപ്പോഴും അവൾക്കത് ഇഷ്ടമാവില്ലെന്നുള്ള പേടി കൊണ്ടാണ് അവനാ മോഹം ഉള്ളിലൊതുക്കിയത്. "എനിക്ക്... എനിക്ക് നിന്റെ സ്നേഹം മുഴുവനുമറിയണം ഹരി " വിറയലോടെ പാറുവിന്റെ ശബ്ദം.. ആ കണ്ണുകളിൽ തന്നോടുള്ള സ്നേഹം. ഹരിയുടെ പിടി വിട്ടു തുടങ്ങിയിരിക്കുന്നു.

ഒരു പൂ കൊണ്ട് തഴുകുന്നത്രയും മൃദുവായി അവൻ അവളിൽ അലഞ്ഞു നടന്നു. തളർന്നു പോയപ്പോഴൊക്കെയും... ഒരൊറ്റ തലോടൽ കൊണ്ടവളിൽ വസന്തം വിരിയിക്കാൻ ഹരിക്ക് കഴിഞ്ഞു. കിതച്ചും കുതിച്ചും പാറു അവന്റെ പ്രണയത്തിൽ പിടഞ്ഞു.. ആത്മാവിലേക്കാഴ്ന്നിറങ്ങുന്ന ഓരോ നോട്ടം കൊണ്ടും ചുംബനം കൊണ്ടും ഹരിയവളെ കൂടുതൽ കൂടുതൽ കൊതിപ്പിച്ചു. ഗിരീഷെന്ന മനുഷ്യമൃഗം അവളിലേക്ക് ആഴ്ന്നിറങ്ങിയ വേദനകളൊക്കെയും മറക്കാൻ പാകത്തിന് ഹരിയവളെ സ്നേഹം കൊണ്ട് മൂടി..

നേരിയൊരു ചാറ്റൽ മഴ പോലെ പെയ്തിറങ്ങിയവൻ അവളെയൊട്ടും നോവിക്കാതെ തന്നെ പെരുമഴയായ് ആർത്തലച്ചു പെയ്തു തുടങ്ങിയിരുന്നു. അന്നാദ്യമായി പാറു ഒരാണിന്റെ കരുത്തറിഞ്ഞു.. സ്നേഹത്തിന്റെ കനമറിഞ്ഞു.. പ്രണയത്തിന്റെ പുത്തൻ ഭാവങ്ങളെയറിഞ്ഞു.. കരുത്തെന്നാൽ... അത് സ്നേഹമെന്ന് തന്നെയല്ലേ..? ❣️❣️❣️ ആര്യയുടെ വിവാഹമാണ് " മുന്നിൽ നിന്നിട്ട് പറയുന്ന അമ്മയെ കാർത്തിക്ക് ദയനീയമായി നോക്കി. പ്രൗടിയും പ്രസരിപ്പുമില്ലാതെ വിളറി വെളുത്ത അമ്മയെ നിർജീവമായ മിഴികൾ കൊണ്ടവൻ തഴുകി തലോടി. ഒരു കരച്ചിലവൻ നെഞ്ചിൽ തടഞ്ഞു വെച്ചിട്ടുണ്ട്.

ചെയ്തു കൂട്ടിയതെല്ലാം എന്തിന് വേണ്ടിയെന്ന് നിരന്തരം ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ജീവിതത്തിന്റെ മുക്കാലും ഇനിയീ തടവറയിൽ തീർക്കേണ്ടി വരുമെന്ന ഓർമ തന്നെ പൊള്ളിക്കുന്നുണ്ട്. അതിനകത്തു നടക്കുന്ന മനസ്സ് മടുപ്പിക്കുന്ന പീഡനകഥകൾ അവനോർക്കാൻ തന്നെ പേടിച്ചു. ജിതിനും മനോജും അവനെക്കാൾ തകർന്ന് പോയിരുന്നു. മരപാവ പോലെ ഓരോ ദിവസവും ജീവിച്ചു തീർക്കേണ്ടി വന്നതിന്റെ കുറ്റബോധം.. അത് വിചാരിക്കുന്നതിലും ഭീകരമാണ്.

"അച്ഛനും കൂട്ടരും ഇപ്പോഴും ഇടഞ്ഞു തന്നെയാണ്.ആര്യക്ക് വരുന്ന ആലോചനകളെല്ലാം നിന്റെ പേരിൽ മുടങ്ങി പോയിരുന്നു. ഇത് അവളെ കണ്ടിഷ്ടപെട്ട് വന്നൊരു ചെക്കനാണ്. അപ്പൊ ജാതി മതം എന്നൊക്കെ പറഞ്ഞു നിന്റെ അച്ഛനും അച്ഛന്റെ കൂട്ടരും വീണ്ടും പ്രശ്നമുണ്ടാക്കി. ഒടുവിൽ ശ്രീ നിലയത്തിലെ മാമൻമാരാണ്‌ കല്യാണത്തിന് മുൻകൈ എടുത്തത്.." കരഞ്ഞും വിക്കിയും മൂളിയും അമ്മ പറയുന്നതൊക്കെ കാർത്തിക്ക് നോവോടെ കേട്ട് നിന്നു. "നിന്റെ ജീവിതം തുലഞ്ഞു.

അവളെങ്കിലും രക്ഷപെട്ടു പോകട്ടെ.. എന്റെ മനസ്സിൽ ഇപ്പൊ അത് മാത്രമുള്ളു " രാജിയിറങ്ങി പോയിട്ടും ആ ഇരുമ്പ് കമ്പികളിൽ മുഖം ചേർത്ത് വെച്ച് കൊണ്ട് കാർത്തിക്ക് അതേ..നിൽപ്പ് തുടർന്നു. ❣️❣️❣️ "ആ അപ്രുവൽ കിട്ടിയ പുതിയ കമ്പനിയുടെ മാനേജർക്ക് എന്നെയൊരു നോട്ടമില്ലേ മിത്തു? നിനക്ക് തോന്നിയോ അത്? " ഓഫിസ് കോറിഡോറിൽ കൂടി തിരക്കിട് നടക്കുമ്പോൾ റിമി മുഖം തിരിച്ചു കൊണ്ട് മിത്തുവിനെ നോക്കി.

"എനിക്കറിയില്ല.. ഞാൻ നോക്കിയില്ല " മിത്തുവിന്റെ കടുപ്പമുള്ള സ്വരം. റിമി അമർത്തി ചിരിച്ചു. "ശേ.. നീ എന്തോന്നിത്. നോക്കണ്ടേ അതൊക്കെ? " അവൾ വീണ്ടും അവനു മുന്നിലേക്ക് കയറി നിന്നു. "ഓഫീസ് മീറ്റിംഗിന് പോയതാ ഞാൻ. അല്ലാതെ നിന്റെ..." മിത്തു പല്ല് കടിച്ചു. "അങ്ങേര് കൊള്ളാം കേട്ടോ.. എനിക്കിഷ്ടമായി " റിമി ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു. മിത്തു അവളെയൊന്ന് ചുഴിഞ്ഞു നോക്കി. വെളുത്തൊരു ഫുൾ സ്ലീവ് ഷർട്ടും.. കറുത്ത പാന്റും. ഉയർത്തി കെട്ടി വെച്ച മുടിയും..

ആത്മവിശ്വാസം നിഴലിക്കുന്ന കണ്ണുകളും ചിരിയും. ഇന്നാ ഓഫീസിൽ മിത്തുവിനോപ്പം അവളും ഓടി നടക്കുന്നുണ്ട്. തോറ്റു കൊടുക്കാൻ മനസ്സില്ലെന്ന് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടവൾ ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്നിരിക്കുന്നു..ഭൂതകാലത്തിന്റെ അവശേഷിപ്പ് ഒന്നുമില്ലാതെ.. ഡാ.. നിക്ക് പോവല്ലേ " മുന്നോട് നടക്കുന്ന മിത്തുവിന്റെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് റിമി വീണ്ടും വിളിച്ചു. നടുവിന് കൈ കൊടുത്തു കൊണ്ടവൻ അവളെ നോക്കി.

ശേഷം അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ചുവരിൽ ചേർത്ത് നിർത്തി. "നീ വേറെ ഒരുത്തനെ വായി നോക്കിയെന്ന് അറിഞ്ഞാൽ തളർന്നു പോവാൻ മാത്രം ശക്തിയുള്ളൂ മിഥുന്റെ പ്രണയത്തിനെന്ന് പൊന്ന് മോൾക്ക് തോന്നുന്നുണ്ടോ?" മിഥുൻറെ ചോദ്യത്തിന് ഇല്ലെന്നവൾ തലയാട്ടി കാണിച്ചു. 'പിന്നെന്തിനാ ഈ പ്രഹസനം.. മ്മ്? " മിത്തുവിന്റെ കുസൃതി നിറഞ്ഞ മുഖത്തേക്ക് അവൾ പ്രണയത്തോടെ നോക്കി. "ചുമ്മാ.. ഒരു രസം.." റിമി ഇളിച്ചു കാണിച്ചു.

"എങ്കിൽ അത് വേണ്ട..റിമി മരിയ ജോൺ ഈ മിഥുൻ പ്രഭാകറിന്റെ സ്വന്തമാണ് കേട്ടോ " സ്വകാര്യം പോലെ പറഞ്ഞിട്ട് മിത്തു അവളുടെ കവിളിൽ തട്ടി കൊണ്ട് മുന്നോട്ടു നടന്നു. ഇച്ചിരി നടന്നിട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോഴും നിറഞ്ഞ ചിരിയോടെ റിമി അതേ നിൽപ്പ് തുടർന്നു. ❣️❣️❣️ പൊള്ളിയത് പോലെ ഗിരീഷ് ഒന്ന് പിടഞ്ഞു. കണ്മുന്നിലെ കാഴ്ചയിലേക്ക് അവനൊന്ന് കൂടി ആർത്തിയോടെ നോക്കി. പാറുനെയും ലല്ലുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് അമ്പലത്തിലെ പടി കെട്ടുകളിറങ്ങി വരുന്ന ഹരി. ഹൃദയത്തിനൊപ്പം കണ്ണും നീറുന്നുണ്ട് ഗീരീഷിന്. നഷ്ടപ്പെടുത്തി കളഞ്ഞ ആ സൗഭാഗ്യം..

എന്തിന് വേണ്ടിയെന്ന് ആ നിമിഷം ഉള്ളിലൂടെ പ്പാഞ്ഞു പോയി. "ആണത്തമില്ലാത്ത തന്റെ കൂടെ ജീവിക്കാൻ എനിക്കിനി വയ്യ. ഞാൻ പോണ്. തിരഞ്ഞു വരരുത് ദയവ് ചെയ്ത്.. എനിക്ക് നിങ്ങളെ മതിയായി. ഞാനിനി എന്റെ ഇഷ്ടം പോലെ ജീവിക്കും " ഗിരീഷിന്റെ കാതിൽ ശരണ്യയുടെ പുച്ഛം കലർന്ന സ്വരം. അവളിറങ്ങി പോയിട്ട് ഇന്നേക്ക് നാല് ദിവസം പിന്നിട്ടു. മതിയായ കാരണങ്ങളില്ലാതെ ഒരു മനുഷ്യനിൽ നിന്നുമിറങ്ങി നടക്കുമ്പോൾ.. അയാൾക്കെത്ര വേദനിക്കുമെന്ന് ഗിരീഷ് മനസ്സിലാക്കി. നീറി പുകഞ്ഞപ്പോൾ ഇത്തിരി ആശ്വാസം തേടിയാണ് അമ്പലത്തിലേക്ക് ഒന്നിറങ്ങിയത്. ഒരു ശരാശരി മനുഷ്യനെ പോലെ..

ജീവിതം വഴി മുട്ടിയപ്പോൾ മാത്രം പൊട്ടി മുളച്ച ഈശ്വരസ്നേഹം.. അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും പാറുവിനെയും ലല്ലുവിനെയും തഴുകി തലോടി. ആ മുന്നിൽ പോലും പോയി നിൽക്കാനുള്ള അർഹതയില്ലാ. അവരെ ചേർത്ത് പിടിച്ച ഹരിയുടെ സന്തോഷത്തിലേക്ക് ഗിരീഷ് നഷ്ടബോധത്തോടെ വീണ്ടും വീണ്ടും നോക്കി. ❣️❣️❣️ "നീയിങ്ങനെ ടെൻഷനാവാതെ...അവരിങ്ങോട്ട് തന്നെയല്ലേ വരുന്നത്?" കണ്ണൻ പറഞ്ഞത് കേട്ട് സീത അവനെയൊന്ന് കൂർപ്പിച്ചു നോക്കി. "സമയം ഒരുമണിയായി ലച്ചു. ഇനിയും ഉറങ്ങിയില്ലേ അവര് വരുമ്പോൾ തലവേദന കൊണ്ട് ന്റെ കുട്ടിക്ക് എണീക്കാൻ പറ്റില്ല. അത് കൊണ്ടല്ലേ കണ്ണേട്ടൻ പറയുന്നത്. ബാ.. വന്നു കിടക്ക് "

കണ്ണനവളെ നെഞ്ചിലേക്ക് ക്ഷണിച്ചു. "എനിക്കുറക്കം വരുന്നില്ല കണ്ണേട്ടാ " സീത ചിണുങ്ങി കൊണ്ട് പറഞ്ഞു. നാളെ രാവിലെ പാറുവും ഹരിയും.. ആദിയും സിദ്ധുവുമെല്ലാം വരുന്നുണ്ട്. മിത്തുവിന്റെയും റിമിയുടെയും എൻഗേജ്‌മെന്റുണ്ട്. കുറെ നാളായി അവരെ ഇങ്ങോട്ട് വിളിക്കുന്നു. ഓരോരോ തിരക്കുകൾ കൊണ്ട് ദിവസങ്ങൾ നീണ്ടു നീണ്ടു പോയതാണ്. ഇതിപ്പോ മിത്തു നിർബന്ധിച്ചു പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞു പോന്നതിൽ പിന്നെ കണ്ണനങ്ങോട്ടും പോവാനായിട്ടില്ല.

ഹോസ്പിറ്റലിലെ തിരക്കുകൾ തന്നെയാണ് കാരണം. അതിലേറെ പരിഭവം.. മുത്തശ്ശിക്കാണ്. ഒടുവിൽ ആര്യയുടെ കല്യാണവും മുത്തശ്ശിയുടെ പിറന്നാലും അടുത്തടുത്ത ദിവസങ്ങളിലാണ്. അന്ന് വരാമെന്നു ഉറപ്പ് കൊടുത്തു അടക്കി നിർത്തിയിരിക്കുകയാണ്. "ദേ ലച്ചു.. ഇനിയെന്റെ സ്വഭാവം മാറുവേ..." കണ്ണൻ കണ്ണുരുട്ടി കൊണ്ട് അവളെ നോക്കി. സീത പുച്ഛത്തോടെ തിരിഞ്ഞിരുന്നു. "ഇവിടെ വാടി... ഒരിത്തിരി നേരം ഉറക്കമൊഴിച്ചാ തല വേദനിക്കുന്നവളാ. വന്നു കിടക്കെടി ദുർഗാ ലക്ഷ്മി " കണ്ണനവളെ പിടിച്ചു വലിച്ചു കൊണ്ട് അരികിലേക്ക് കിടത്തി.

"ഉറങ്ങിക്കോ ട്ടോ.. നാളെ കാലത്തെ എന്നീറ്റ് നമ്മക്ക് എയർപോർട്ടിൽ പോവാനുള്ളതാ " കണ്ണനവളുടെ നെറുകയിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു. സീതയൊരു പൂച്ചയെ പോലെ അവന്റെ മാറിൽ പതുങ്ങി. ❣️❣️❣️ ചേച്ചി... സീതയും അജുവും ഒരുമിച്ചു വിളിച്ചു കൊണ്ട് പാറുവിനെ ഇറുക്കി കെട്ടിപിടിച്ചു. ഒരമ്മയുടെ വാത്സല്യതിളക്കം പാറുവിന്റെ കണ്ണിലുണ്ടായിരുന്നു ആ നിമിഷം. യുഗങ്ങൾ താണ്ടിയാണ് തമ്മിൽ കാണുന്നതെന്ന് വരെയും തോന്നി. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ. "അതേയ്.. ഞങ്ങൾ കുറച്ചാളുകൾ കൂടി വന്നിട്ടുണ്ട്.. ഇത്തിരി പരിഗണനയാവാം " കണ്ണന്റെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ടാണ് ഹരിയത് വിളിച്ചു പറഞ്ഞത്.

"അതിന് നീ ഏതാടാ?" പാറുവിന്റെ തോളിൽ ചുറ്റി പിടിച്ചു അവളെ കെട്ടിപിടിച്ചു നിന്ന് കൊണ്ട് സീത ഹരിയെ പുച്ഛത്തോടെ നോക്കി. "ഇവനെന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഹരി.." ഹരി എന്തെങ്കിലും പറയും മുന്നേ കണ്ണൻ വിളിച്ചു പറഞ്ഞു. "പക്ഷേ... എനിക്ക് ഹരിയെയാണ് ഇഷ്ടം " സീത കുറുമ്പോടെ വിളിച്ചു പറഞ്ഞു.. "ഓഓഓ ആയിക്കോട്ടെ.. എനിക്കും ഈ ഹരിയെയാണ് ഇഷ്ടം " ഹൃദയം നിറഞ്ഞ നിർവൃതിയോടെ അവരെല്ലാം പരസ്പരം നോക്കി ചിരിച്ചു.. വരാനുള്ളത് ആഘോഷങ്ങളാണ്.. പൊട്ടിച്ചിരികളാണ്.. അതിനിടയിൽ വന്നു പെടുന്ന ഇത്തിരി നോവുകളെ അവരെല്ലാം ഒന്നിച്ചു നേരിടും.. കാരണം... ഒരുപാട് മോഹിച്ചാൽ ഒരാകാശവും ഒരുപാട് ദൂരെയല്ല.........അവസാനിച്ചു........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story