സ്വന്തം ❣️ ഭാഗം 11

swantham

രചന: ജിഫ്‌ന നിസാർ

തിരികെ മുറിയിലേക്ക് കയറി വരുമ്പോൾ മുത്തശ്ശി നല്ല ഉറക്കത്തിലാണ്.

വാതിൽ ചേർത്തടച്ചുകൊണ്ട് സീത അവരുടെ അരികിൽ ചെന്ന് നെറ്റിയിൽ തൊട്ട് നോക്കി.

ചെറിയ ചൂടുണ്ട് അപ്പോഴും. മൂക്കടഞ്ഞത് കൊണ്ടായിരിക്കും.. മുത്തശ്ശി ശ്വാസമെടുക്കുമ്പോൾ നല്ല ബുദ്ധിമുട്ടുള്ളതുപോലെ തോന്നി സീതയ്ക്ക്.

പുതപ്പ് ഒന്നുകൂടി ശരിയാക്കിയിട്ട് കൊടുത്തുകൊണ്ടവൾ തിരികെ അവളുടെ കിടക്കയിൽ ചെന്നിരുന്നു.

മനസ്സൊന്നിലും ഉറച്ച് നിൽക്കുന്നില്ല.

ചരടറ്റ പട്ടംപോലെ അതങ്ങനെ പിടിതരാതെ തെന്നിക്കളിക്കുന്നു.

ചിന്തകൾ എവിടെയും അവസാനിക്കാത്തപോലെ. എങ്ങോട്ട് കൊണ്ടുപോയി മുട്ടിച്ചാലും ശ്വാസം കിട്ടാതെ പിടയാൻ അനവധി കാരണങ്ങൾ.

എല്ലാവരെയും പോലെ സന്തോഷമായിട്ടിരിക്കാൻ മനസ്സിലെന്തോരും കൊതിയുണ്ട്.
കൊതിയായിട്ട് തന്നെ അവശേഷിക്കേണ്ടി വന്ന കൊതി..

മേശയിലുണ്ടായിരുന്ന ബാഗിൽ നിന്നും ചിലന്തിവല പോലെ, പൊട്ടിപ്പൊളിഞ്ഞ ഫോൺ കയ്യിലെടുത്തു.

ഒരു ഭാഗ്യപരീക്ഷണം പോലെ അതൊന്ന് ഓൺ ചെയ്യാൻ ശ്രമിച്ചു.

ഹരിയെ ഒന്ന് വിളിക്കണമെന്ന് തോന്നി. അർജുന്റെ കാര്യത്തിൽ ഇനിയും കൗമാരത്തിന്റെ കുസൃതിയായി എഴുതിത്തള്ളാനാവില്ല.

കോളേജിൽ ചെന്നൊന്നും താൻ അന്വേഷണം നടത്തില്ലെന്ന് അവനൊരുറപ്പുള്ളത് കൊണ്ടായിരിക്കും ഈ അലസത. അതങ്ങനെ വിട്ട് കൊടുക്കാൻ ആവില്ലല്ലോ.

സീത എത്ര ശ്രമിച്ചിട്ടും ആ ഫോൺ ഒന്ന് മിന്നിയത് കൂടിയില്ല.
നിരാശയോടെ അവളത് തിരികെ ബാഗിൽ വച്ചു.

ഇനിയിത് നന്നാക്കാൻ കൊണ്ടുവരല്ലേ സീതേ. നന്നാക്കാൻ മാത്രം ഇതിനുള്ളിൽ ഇനിയൊന്നും ബാക്കിയില്ലെന്ന്, കഴിഞ്ഞ പ്രാവശ്യം കൊണ്ടുചെന്നപ്പോൾ അൽപ്പം കടുപ്പത്തിൽതന്നെ പറഞ്ഞ മൊബൈൽ കടക്കാരൻ പ്രജീഷിനെ ഓർത്തപ്പോൾ അവൾക്ക് ആ അവസരത്തിലും ചിരി വന്നു.

വീണ്ടും ഓർമകൾ വന്നു പിടിച്ചു ഞെരിക്കുമെന്ന് തോന്നിയപ്പോൾ സീത പതിയെ കിടക്കയിൽ കയറിക്കിടന്നു.

മനസ്സിനെന്ന പോലെ ശരീരവും ആ മന്ദത ഏറ്റെടുത്തു.

എല്ലാം മറന്നുറങ്ങാൻ വല്ലാത്ത മോഹം.

പക്ഷേ അതിനും പഴികേൾക്കേണ്ടി വരും. വാങ്ങുന്ന ശമ്പളത്തിനനുസരിച്ച് ജോലിയിൽ ആത്മാർത്ഥത കാണിച്ചില്ലെന്ന പഴി.

സീത വാശിയോടെ, അടയാൻ കൊതിച്ച കണ്ണുകളെ തുറന്നു തന്നെ പിടിച്ചു.

സീതാ ലക്ഷ്മി സ്ട്രോങ്ങല്ലേ. പിന്നെങ്ങനെ കേവലം രണ്ടു കണ്ണുകൾക്ക് മുന്നിൽ തോറ്റു കൊടുക്കും.

അവൾ മനസിനോട് കലഹിച്ചു.

അൽപ്പം കഴിഞ്ഞ് ആരോ വാതിലിൽ തട്ടുന്നുണ്ട്. അവൾ എഴുന്നേറ്റു ചെല്ലുംമുന്നേ വാതിൽ തുറന്നുക്കൊണ്ട് കണ്ണൻ കയറി വന്നിരുന്നു.

അവളെ ഒന്ന് നോക്കിയതിന് ശേഷം അവൻ നേരെ പോയി മുത്തശ്ശിയുടെ അരികിൽ ചെന്നിട്ട് നെറ്റിയിൽ തൊട്ടുനോക്കി.

അപ്പോഴും വിട്ടുപോവാത്ത പനിയുടെ ചൂട്.. അവന്റെ കയ്യിൽ പടർന്നു.

"പനി കൂടുന്നുണ്ട്" സീതയെ നോക്കി പറഞ്ഞു. അവളും അവരുടെ അരികിൽ ചെന്നുനിന്നു.

"ഡോക്ടറെ വിളിച്ചാലോ? മുത്തശ്ശിയെ മാസത്തിലൊരിക്കൽ ചെക്ക് ചെയ്യാൻ ഡോക്ടർ ഇങ്ങോട്ട് വരാറുണ്ട്. അത്യാവശ്യം വേണ്ടുന്ന സന്ദർഭങ്ങളിൽ വിളിക്കാറുണ്ട്"

സീത കണ്ണനെ നോക്കി വെപ്രാളത്തോടെ പറഞ്ഞു.

"താൻ ടെൻഷനാവാതെ. ഇപ്പൊഴുള്ള പനിയെ തുരത്താൻ ഈ ഞാൻതന്നെ ധാരാളം"

കണ്ണൻ മുത്തശ്ശിയുടെ കയ്യെടുത്ത് പൾസ് നോക്കുന്നതിനിടെ പറഞ്ഞു.

"താൻ പോയിട്ട് ഇത്തിരി കഞ്ഞി എടുത്തിട്ട് വാ. അത് കൊടുത്തിട്ട് മരുന്ന് കൊടുക്കാം"

കണ്ണൻ വീണ്ടും സീതയെ നോക്കി.

അവൾ അനങ്ങാതെ അവനെത്തന്നെ നോക്കി നിൽപ്പുണ്ട്.

"നോക്കി നിൽക്കാതെ ചെല്ലെടോ" കണ്ണൻ വീണ്ടും പറഞ്ഞു.

"അല്ലാ.. ഡോക്ടറെ വിളിക്കാതെ.."

സീത പറയാൻ വന്നത് പാതിയിൽ നിർത്തി. തന്നേക്കാൾ മുത്തശ്ശിയുടെ കാര്യത്തിൽ അവകാശമുള്ളവനാണ്.

പറയുന്നത് അവന് ഇഷ്ടമാവുമോ എന്നൊരു ശങ്കയുണ്ട് അവളിൽ.

"ഞാനും ഡോക്ടറാണ്"

കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞത് വിശ്വാസം വരാത്തപ്പോലെ സീതയവനെ തുറിച്ചു നോക്കി.

"സത്യമാണ്. നിന്നെ പറ്റിച്ചതല്ല ദുർഗാലക്ഷ്മീ. ബാംഗ്ലൂരിൽ വന്ന് അന്വേഷണം നടത്തിക്കോ എന്നെനിക്ക് നിന്നോട് പറയണമെന്നുണ്ട്. പക്ഷേ അതിനേക്കാൾ എളുപ്പമാണ് മുത്തശ്ശി ഉണരുമ്പോൾ നീ ചോദിച്ചു മനസ്സിലാക്കുന്നത്"

അവനപ്പോഴും ചിരിച്ചു കൊണ്ടാണ് പറയുന്നത്.

"അതൊക്കെ പിന്നെപ്പറയാം. ഇപ്പൊ പോയിട്ട് കഞ്ഞി എടുത്തിട്ട് വാ നീ" കണ്ണൻ വീണ്ടും അവളോട് ആവശ്യപ്പെട്ടു.

സീത തലയാട്ടിക്കൊണ്ട് പുറത്തേക്കിറങ്ങിപ്പോയി.

പത്തു മിനിറ്റുകൊണ്ട് കഞ്ഞിയും അച്ചാറുമായി അവൾ മടങ്ങി വരുമ്പോഴേക്കും കണ്ണൻ മുത്തശ്ശിയെ എഴുന്നേൽപ്പിച്ച് തന്നോട് ചാരിയിരുത്തിയിരുന്നു.

"മുത്തശ്ശീ.."

അവരുടെ തളർന്ന മുഖത്ത് നോക്കി സീത സങ്കടത്തോടെ വിളിച്ചു.

"ഒന്നുല്ല മോളേ... നീ വിഷമിക്കണ്ട" ആ അവസ്ഥയിലും അവരുടെ ആശ്വാസവാക്കുകൾ അവൾക്ക് സമാധാനം നൽകി.

"കുറേശ്ശേയായിട്ട് കോരിക്കൊടുക്ക്. മുത്തശ്ശി ഇങ്ങനെ ഇരുന്നോട്ടെ"

കണ്ണൻ സീതയെ നോക്കി പറഞ്ഞു.

അവളൊന്നും മിണ്ടാതെ മുത്തശ്ശിയുടെ അരികിൽ പോയിരുന്നു.

ഓരോ സ്പൂണും ശ്രദ്ധയോടെ എടുത്തു കൊടുക്കുന്ന അവളിൽ ഉടക്കി പോയിരുന്നു കണ്ണന്റെ കണ്ണുകൾ.

ഒരിത്തിരി കണ്മഷിയുടെയോ.. ചെറിയൊരു പൊട്ടിന്റെയോ ആഡംബരം പോലുമില്ല.

ഭംഗിയായിചീകി ഒതുക്കി മിടഞ്ഞിട്ട നീളൻ മുടി.. 

കാതിലൊരു കുഞ്ഞു മൊട്ടുകമ്മൽ മാത്രം. ചുരിദാറിന്റെ ഷാൾ കഴുത്തിൽ ചുറ്റിയിട്ടിരിക്കുന്നു.

കണ്ണന്റെ കണ്ണുകൾ അവളുടെ മുഖത്താകെ ഓടി നടന്നു. അവനുള്ളിൽ പ്രണയം വീർപ്പുമുട്ടുന്ന അവസ്ഥയിലാണ്.

മുത്തശ്ശിയിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്നത് കൊണ്ടുതന്നെ സീത അവനെയോ അവന്റെ നോട്ടത്തെയോ അറിഞ്ഞതുമില്ല..

"ഇനി മതി മോളെ" അവശത നിറഞ്ഞ മുത്തശ്ശിയുടെ ശബ്ദം കേട്ടിട്ടാണ് കണ്ണൻ നോട്ടം മാറ്റിയത്.

ഒഴിഞ്ഞ പാത്രം മേശമേൽ വച്ചിട്ട് സീത അവിടെയിരുന്ന വെള്ളം എടുത്തു കൊണ്ടുവന്നു.

"ഞാൻ മരുന്നെടുത്തിട്ട് വരാം മുത്തശ്ശി. അത് കുടിച്ചിട്ട് കിടന്നാ മതി" അവനത് പറഞ്ഞിട്ട് എഴുന്നേറ്റു പോയി.

സീത മുത്തശ്ശിയെ കട്ടിലിൽ ചാരിയിരുത്തി.

വീണ്ടും നെറ്റിയിൽ കൈ ചേർത്തുവച്ച് നോക്കി.

"ഹോസ്പിറ്റലിൽ പോണോ മുത്തശ്ശി? അതോ ഡോക്ടറെ വിളിക്കണോ?" സീതയുടെ സംശയങ്ങൾ അപ്പോഴും തീർന്നിട്ടില്ല.

"കണ്ണനുണ്ടല്ലോ മോളേ. പിന്നെന്തിനാ വേറൊരു ഡോക്ടർ" മുത്തശ്ശി ചിരിച്ചു കൊണ്ട് ചോദിക്കുന്നത് കേട്ടാണ് കണ്ണൻ കയറി വന്നത്.

അവൻ അവളെയൊന്ന് കൂർപ്പിച്ചു നോക്കി. സീത ആ നോട്ടത്തെ പുച്ഛത്തോടെ നേരിട്ടു.

അവൻ തന്നെയാണ് മുത്തശ്ശിയെ മരുന്ന് കഴിപ്പിച്ചു കിടത്തിയത്.

കഞ്ഞിയെടുക്കാൻ അടുക്കളയിൽ പോയപ്പോൾ, മുത്തശ്ശിക്ക് പനിയാണെന്ന് താൻ പറഞ്ഞിട്ടുകൂടി വെറുതെ ഒന്ന് വന്ന് നോക്കാൻ പോലും അവരാരും ഈ വഴിയെ വന്നില്ലല്ലോ എന്ന് സീത വെറുതെ ഓർത്തു.

"ഇനിയൊന്ന് ഉറങ്ങിയെഴുന്നേറ്റ് പോരുമ്പോൾ ഉഷാറാവും" കണ്ണൻ മുത്തശ്ശിയുടെ നെറ്റിയിൽ ചുണ്ട് ചേർത്തുകൊണ്ട് പറഞ്ഞു.

"അങ്ങോട്ട്‌ നീങ്ങി നിന്നോ കണ്ണാ. നിനക്ക് കൂടി പകർന്നു കിട്ടും"

മുത്തശ്ശിയവനെ സ്നേഹത്തോടെ ശാസിച്ചു.

അവൻ അതിന് മറുപടിയൊന്നും പറയാതെ അവരുടെ കട്ടിലിന്റെ അരികിൽ തന്നെയിരുന്നു.

സീത പാത്രങ്ങളെല്ലാം എടുത്ത് അടുക്കളയിൽ കൊണ്ടുവച്ചിട്ട് തിരികെ വന്നു.

"ഇനി കുറച്ചു നേരം ഉറങ്ങും. ഞാൻ പുറത്തുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോ "

അത് പറഞ്ഞിട്ട് കണ്ണൻ മുറി വിട്ടിറങ്ങിപ്പോയി.

                 ❣️❣️❣️❣️❣️

ഉറക്കെയുറക്കെ ആരുടെയോ സംസാരം കേട്ടാണ് സീത ഞെട്ടി എഴുന്നേറ്റത്.
അരണ്ട വെളിച്ചം നിറഞ്ഞ മുറിയിൽ ഒരുപാട് ആളുകൾ കൂടി നിൽക്കുന്നത് കണ്ടപ്പോൾ ശ്വാസം പിടഞ്ഞത് പോലെ, അവൾ ചാടിയെഴുന്നേറ്റു.

കൂടി നിൽക്കുന്നവരെ തള്ളിനീക്കി അവൾ ഒരു കുതിപ്പിന് മുത്തശ്ശിയുടെ അരികിലെത്തി.

ചിരിച്ചുകൊണ്ട് കണ്ണ് തുറന്നു കിടക്കുന്ന അവരെ കണ്ടപ്പോൾ അവളുടെ ഹൃദയമിടിപ്പ് ക്രമത്തിലായി.

ആശ്വാസത്തിന്റെ തണുപ്പ് ശരീരം മൊത്തത്തിൽ പടർന്നു പിടിച്ചു.

"സുഖവാസത്തിനാണോടി പെണ്ണെ നിനക്കവിടെ ശമ്പളം തന്ന് നിർത്തിയേക്കുന്നേ. ഉച്ചക്ക് കേറി കിടന്നുറങ്ങിയതല്ലേ. സമയം സന്ധ്യയായി. നല്ല ഉത്തരവാദിത്തമാണല്ലോ നിനക്ക്"

ആരുടെയോ കളിയാക്കൽ സ്വരം സീത അപ്പോഴാണ് കേട്ടത്. അതുവരെയും ഹൃദയം അനാവശ്യമായൊരു പേടിയെ പേറി നിൽക്കുന്നത് കൊണ്ടുതന്നെ മുന്നിൽ നിൽക്കുന്നവരെയോ അവളുടെ നാവിൽ നിന്നും ഊർന്നു വീഴുന്ന വേദനിപ്പിക്കുന്ന വാക്കുകളെയോ അവൾ കേട്ടിരുന്നില്ല.

അപ്പോഴും അവളുടെ കണ്ണുകൾ വാതിൽ കടന്ന് പുറത്ത് പരക്കുന്ന ഇരുട്ടിലേക്കാണ് പാഞ്ഞത്.

ഇത്രയും സമയം താൻ കിടന്നുറങ്ങിയോ എന്ന സത്യം അവൾക്ക് അംഗീകരിക്കാൻ ആവാത്ത പോലെ.

"വല്ലതും ചോദിച്ചാ ഇവളൊന്നും മിണ്ടില്ലേ ചേച്ചി.. ഇങ്ങനെ അഹങ്കാരം പിടിച്ച ഈ സാധനത്തിനെ നിങ്ങൾക്ക് എവിടുന്ന് കിട്ടി? ഉണ്ടും ഉറങ്ങിയും കഴിയാൻ ഇവിടെ ഇവളെ ആവശ്യമില്ലല്ലോ. നാശം പിടിച്ചവൾ"

ചോദ്യത്തെ അവഗണിച്ചെന്ന തോന്നലിൽ വീണ്ടും എന്തൊക്കെയോ വിളിച്ചു പറയുന്ന ആ സ്ത്രീയുടെ നേരെ സീത ഒന്ന് നോക്കി. ഇവിടെ ഉള്ളതല്ല. പക്ഷേ എന്നോ ഒരിക്കൽ ഇത് പോലെ നിന്ന് തുള്ളിയിട്ട് പോയത് അപ്പോഴും സീതയുടെ മനസ്സിലേക്ക് ഓടിയെത്തി.

"എന്തൊക്കെയാ രാജി നീ വിളിച്ചു പറയുന്നത്. കാര്യമാറിയാതെ ഓരോന്ന് വിളിച്ചു പറയുന്ന നിന്റെ ഈ ശീലം ഇപ്പോഴും ഉണ്ട് ല്ലേ?"

മൂത്തശ്ശി സീതയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

രാജിയെന്ന പേരിൽ നിന്നും അവൾക്ക് ആളെ പിടി കിട്ടിയിരുന്നു. മുത്തശ്ശിയുടെ അനിയത്തിയുടെ മോൾ. ചെറുപ്പത്തിൽതന്നെ രാജിക്ക് അമ്മയെ നഷ്ടപ്പെട്ടു.
അവളുടെ അച്ഛൻ മറ്റൊരു കൂട്ട് തേടി പിടിച്ചപ്പോൾ നാരയണി മുത്തശ്ശി കുഞ്ഞു രാജിയെ ഒപ്പം കൂട്ടി.

അന്നുമുതൽ അവളുടെ അമ്മയാണ്. സ്വന്തം മക്കൾക്കൊപ്പം സ്വന്തം കുഞ്ഞായിത്തന്നെ മുത്തശ്ശി രാജിയെ വളർത്തി. അവളും ദേവയാനിയും ഒരുമിച്ചാണ് വളർന്നു വന്നത്.

പക്ഷേ, ആ മുത്തശ്ശി വളർത്തിയ യാതൊരു ഗുണവും രാജിയിൽ കാണാൻ കഴിഞ്ഞിട്ടില്ല സീതയ്ക്ക്.

അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും ആൾരൂപം. അതാണ്‌ ഈ മുന്നിൽ നിൽക്കുന്നത്. അവൾ പറയുന്നത് കേട്ടുരസിച്ചു നിൽക്കുന്നുണ്ട് വീട്ടിലെ മറ്റു പ്രജകളും.

സീതയ്ക്ക് അവരോട് പുച്ഛം തോന്നി.

മുത്തശ്ശിക്ക് ഒട്ടും വയ്യെന്ന് അറിയിച്ചിട്ടും ഈ വഴി വെറുതെയൊന്നുപോലും പാളി നോക്കാൻ മെനക്കെടാത്തവരാണ് നോട്ടത്തിലെ പിശക് വിളിച്ചുപറയാൻ വന്നിരിക്കുന്നത്.

"ഓ അമ്മയ്ക്ക് അല്ലേലും അവളെ പറയുന്നത് പിടിക്കില്ല രാജി. നമ്മളോടല്ല. അവളോടാണ് പ്രിയം" ഭാമ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞത് സാവിത്രിയും തലകുലുക്കിക്കൊണ്ട് ശരിയാണെന്ന് സമ്മതിച്ചു.

രാജിയുടെ നോട്ടം വീണ്ടും സീതയുടെ നേരെ കൂർത്തു.

സീതയിൽ പക്ഷേ ഭാവഭേദങ്ങളൊന്നുമില്ല. പുറത്ത് കനം വയ്ക്കുന്ന ഇരുട്ടിലേക്കാണ് അവളുടെ ശ്രദ്ധ മുഴുവനും.

മഴക്കാറ് മൂടിയത് കൊണ്ടായിരിക്കും സാധാരണയുള്ളതിനേക്കാൾ ഇരുണ്ട് കൂടിയിട്ടുണ്ട്.

ഇനിയിപ്പോ ഇവിടുന്നൊന്നെങ്ങനെ ഇറങ്ങും എന്നത് മാത്രമാണ് അവൾക്കുള്ളിൽ നിറഞ്ഞു നിന്നിരുന്നത്.

സീത കൈ നീട്ടി മുത്തശ്ശിയുടെ നെറ്റിയിൽ തൊട്ടുനോക്കി.
പനിയുണ്ട്. തീർത്തും വിട്ടുപോയിട്ടില്ല.

"കുറഞ്ഞില്ലല്ലോ മുത്തശ്ശീ.." അവൾ ആശങ്കയോടെ അവരോട് ചോദിച്ചു.

"അത് കുറഞ്ഞോളും. നീ പോവാൻ നോക്ക് കുട്ട്യേ. ഇപ്പൊ ത്തന്നെ വൈകി. ഒറ്റയ്ക്ക് നടന്നു പോകേണ്ടതല്ലേ?"

മുത്തശ്ശി അവളുടെ കവിളിൽ തൊട്ടുകൊണ്ട് പറഞ്ഞു.

"എങ്ങനെ കുറയും? അത്രയും ഉഷാറിലല്ലേ നീ നോക്കുന്നത്. എടീ ശമ്പളം വാങ്ങാൻ മാത്രം ഉത്സാഹമുണ്ടായാ പോരാ. ചെയ്യുന്ന ജോലിയിൽകൂടി അത് കാണിക്കണം. വയ്യാത്ത ആളെ അവിടെയിട്ട് പോത്ത് പോലെ കിടന്നുറങ്ങിയ നിന്നോടൊന്നും അത് പറഞ്ഞിട്ട് കാര്യമില്ല" രാജി വീണ്ടും സാവിത്രിയ്ക്കും ഭാമയ്ക്കും വേണ്ടി പോരിനിറങ്ങിയതാണ്.

"എങ്കിലൊരു കാര്യം ചെയ്യാം രാജിയാന്റീ. രണ്ടൂസം നിങ്ങളിവിടെ നിന്നിട്ട് എങ്ങനാണ് കെയർ ചെയ്യേണ്ടതെന്ന് അവൾക്കൊന്ന് കാണിച്ചു കൊടുക്ക്. പിന്നെ അവളത് പോലെ ചെയ്‌തോളും"

ഉറക്കെ പറഞ്ഞുകൊണ്ട് കണ്ണൻ കയറി വന്നപ്പോഴാണ് വാതിൽക്കൽ ആ പറയുന്നതെല്ലാം കേട്ട് അവൻ നിൽപ്പുണ്ടായിരുന്നു എന്നവർ അറിഞ്ഞതുതന്നെ.

കൂടി നിന്നവരുടെ മുഖം പുറത്തെ ഇരുട്ടിനേക്കാൾ കനം കൂടി. രാജിയോട് ചേർന്ന് നിന്നിരുന്ന അവരുടെ മകൾ ആര്യ മാത്രം തിളങ്ങുന്ന കണ്ണോടെ കണ്ണനെ കൊത്തിപ്പറിച്ചു.

"നീ എന്താ കണ്ണാ ഇങ്ങനൊക്കെ പറയുന്നേ?"

രാജിയുടെ സ്വരത്തിലെ മുഷിപ്പ് കണ്ണൻ തിരിച്ചറിഞ്ഞുവെങ്കിലും അവൻ ചിരിച്ചുകൊണ്ടവരെ നേരിട്ടു.

"ഇങ്ങനല്ലാതെ പിന്നെങ്ങനെ പറയണം ഞാൻ. ഇന്ന് രാവിലെ മുതൽ വയ്യ മുത്തശ്ശിക്ക്. ആരും അറിയാഞ്ഞിട്ടല്ലല്ലോ അത്. ആണോ? ആരെയും കണ്ടില്ല ഇന്നേരം വരെയും ഇങ്ങോട്ട്. അത്രയ്ക്കുണ്ട് അമ്മയോട് സ്നേഹം. കാശ് കൊടുത്തിട്ടായാലും സീതാലക്ഷ്മിയുള്ളത് കൊണ്ട് മുത്തശ്ശിയുടെ ഒരാവശ്യവും നടക്കാതെ പോവുന്നില്ല. മുത്തശ്ശിക്ക് സീത കൊച്ചു മോളാണ്. ആ പദവിയോട് നന്ദി കാണിക്കാൻ അവൾക്കാരുടെയും ഉപദേശം തത്കാലം ആവിശ്യമില്ല. അവളുടെ ജോലി ചെയ്യാൻ അവൾക്കറിയാം"

കണ്ണന്റെ ദേഷ്യം എന്തിനെന്ന് രാജിക്ക് അപ്പോഴും മനസ്സിലായില്ല.

ചുവന്ന് പോയ മുഖത്തോടെ അവൻ ചുറ്റും നോക്കി ഉറക്കെയാണ് പറയുന്നത്.

"അതിന് നീ എന്തിനാ കണ്ണാ ഒച്ചവെക്കുന്നത്? ഞാൻ നിന്നോടൊന്നും പറഞ്ഞില്ലല്ലോ?"

നീരസത്തോടെ രാജി കണ്ണനെ നോക്കി.

"പറയുന്നത് ആരോട് എന്നുള്ളതല്ല രാജിയാന്റീ പ്രശ്നം. പറയാൻ പാടുണ്ടോ എന്നതാണ്. വല്ലപ്പോഴും ഒന്ന് വന്നുനോക്കി പോവാൻ പോലും സമയമില്ലാത്തത്രയും തിരക്കല്ലേ നിങ്ങൾക്ക്. ആ നിങ്ങൾ, സീത മുത്തശ്ശിയെ പരിചരിക്കുന്നില്ല എന്ന് പരാതി പറയാൻ മാത്രം യോഗ്യയാണോ?"

കണ്ണൻ രാജിയെ ദേഷ്യത്തോടെ നോക്കി.

"നിങ്ങളെ യാതൊരു കുറവും അറിയിക്കാതെ.. അമ്മയില്ലെന്ന ഓർമ്മ പോലും വരാത്തവിധം സ്നേഹിച്ചു വളർത്തിയ ഈ ആളോട് നിങ്ങൾക്കും കുറേ കടമകളുണ്ട്. നിങ്ങളത് മറന്നു പോയാലും എനിക്കെല്ലാമറിയാം ആന്റീ. അപ്പോൾ എങ്ങുമില്ലാത്ത തിരക്ക് പറഞ്ഞു ഒഴിഞ്ഞും മറഞ്ഞും നടന്നിട്ട് ഇപ്പൊ ഇവളെ കുറ്റം പറയാൻ നിങ്ങക്കർഹതയില്ല" കണ്ണൻ പുച്ഛത്തോടെ ചിരിച്ചു.

"ഒരു മേൽക്കൂരയ്ക്ക് കീഴെ ആയിരുന്നിട്ടുക്കൂടി ഇവരിൽ പലരെയും മുത്തശ്ശി ആഴ്ചയിൽ ഒരിക്കലെങ്കിലും കണ്ടാലായി. അത്രയും സ്നേഹമുള്ളവരാണ്. എന്നിട്ടാണ് നിങ്ങള് കൂട്ടം കൂടി ഇവളെ ആക്രമിച്ച് രസിക്കാൻ വന്നത്. ഇത്തിരിയെങ്കിലും നാണമുണ്ടോ നിങ്ങൾക്കൊക്കെ" കണ്ണൻ പരിഹാസത്തോടെ ചോദിച്ചു.

സീതയവനെ അത്ഭുതത്തോടെ നോക്കി.

സത്യത്തിൽ ഈ കിണ്ണന് എത്രയെത്ര ഭാവങ്ങളാണ്.

മുത്തശ്ശിയെ നോക്കുന്നത് ശരിയാവുന്നില്ലെന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇവനല്ലേ?

മറ്റൊരു ഹോം നേഴ്‌സിനെ ഏർപ്പാടാക്കി തരാമോ എന്ന് ചോദിച്ചതും ഇവനല്ലേ?

എന്നിട്ടതേ കാരണണംതന്നെ ഇവര് പറയുമ്പോൾ പിന്നെ ഇത്രേം കിടന്ന് ഒച്ചയിടുന്നതെന്തിനാവോ?

"ഓ... നീ ഇവൾക്ക് വേണ്ടി വക്കാലത്ത് പണിക്കും ഇറങ്ങിയോടാ? കൊള്ളാം. തള്ളയുടെ ഗുണം നീ കാണിക്കാതിരിക്കില്ലല്ലോ?"

സാവിത്രി ചുണ്ട് കോട്ടി.

കണ്ണൻ അവർക്ക് നേരെ ദേഷ്യത്തോടെ നോക്കി.

"പറഞ്ഞത് പറഞ്ഞു. ഇനി ഒരക്ഷരം എന്റെ അമ്മയെ കുറിച്ചോ ഇവളെ കുറിച്ചോ നിങ്ങളിൽ ആരെങ്കിലും പറഞ്ഞാ .. നിങ്ങൾക്കറിയാത്ത ഒരു മുഖം കൂടിയുണ്ടെനിക്ക്.. അതോർത്തോ"

അവരുടെ നേരെ ചൂണ്ടിയ അവന്റെ വിരലുകൾ പോലും വിറച്ചു.

"ഇത്രേം ദേഷ്യപെടാൻ ദേവയാനി നിന്റമ്മയാണ് എന്ന് കരുതാം. പക്ഷേ നീ ഇവളെ കൂടി അതിനൊപ്പം ചേർത്ത് നിർത്തുന്നതെന്തിനാടാ കിരണേ "

കഥയൊന്നുമറിയാത്ത രാജി കണ്ണന്റെ തോളിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു.

സീതയുടെ ശ്വാസം നിലച്ചു പോയിരുന്നു ആ ചോദ്യം കേട്ടപ്പോൾ.
കണ്ണന്റെ കണ്ണുകളും ഒരു നിമിഷം അവളിൽ തങ്ങി നിന്നു.

"ആ കഥയൊന്നും അങ്ങെത്തിയില്ലേ ആന്റി. അങ്ങനെ വരാൻ വഴിയില്ലല്ലോ. തമ്മിൽ തല്ലാൻ സ്കോപ്പുള്ള ഇവിടുത്തെ വാർത്തകളെല്ലാം അങ്ങെത്തിക്കുന്നതാണല്ലോ എന്റെ പ്രിയപ്പെട്ട അമ്മായിമാർ. പിന്നെ ഇതിലെന്താ നിങ്ങൾ ഉഴപ്പ് കാണിച്ചത്?"

കണ്ണൻ ചിരിച്ചു കൊണ്ട് സാവിത്രിയെയും ഭാമയെയും നോക്കി.

സീത ശ്വാസമടക്കി നിൽക്കുന്നുണ്ട്.

അന്നേറ്റ് വാങ്ങിയ അപമാനം ഒരിക്കൽ കൂടി സഹിക്കാൻ വയ്യാത്തത് പോലെ... അവിടെ നിന്നിറങ്ങി ഓടിപ്പോവാൻ തോന്നി അവൾക്ക്.

"സത്യത്തിൽ പ്ലാൻ മുഴുവനും ഇവരുടേത് ആയതുകൊണ്ട് മാത്രം ചീറ്റിപ്പോയൊരു കാര്യമാണ്. എന്നേക്കാൾ അത് പറഞ്ഞുതരാൻ യോഗ്യത ഇവർക്ക് തന്നെയാണ്. രാജിയാന്റിക്കത് സൗകര്യംപോലെ പറഞ്ഞു കൊടുത്തേക്കണേ നിങ്ങള്"

കണ്ണൻ കളിയാക്കുംപോലെ പറഞ്ഞിട്ട്, തല കുനിച്ച് നിൽക്കുന്ന സീതയെ നോക്കി.

ആ നിൽപ്പ് കണ്ടപ്പോൾ സത്യത്തിൽ അവന് സങ്കടം തോന്നി.

ചേർത്ത് പിടിച്ചിട്ട്... നിനക്ക് ഞാനില്ലേ പെണ്ണേന്ന് ചോദിക്കാനവന്റെ ഉള്ള് തുടിച്ചു.

നീ എന്റെയല്ലേ എന്ന് ചോദിമ്പോൾ ആ കണ്ണിൽ വിരിയുന്ന പ്രണയത്തിലേക്ക് കൊതിയോടെ നോക്കി നിൽക്കാൻ തോന്നി.

പക്ഷേ ഇപ്പൊ അതും പറഞ്ഞങ്ങോട്ട് ചെന്നാൽ പ്രണയത്തിന് പകരം അവിടെ തീപ്പൊരി പാറുമെന്നുറപ്പുണ്ട്.

പക്ഷേ.. കാത്തിരിക്കാൻ ആയുസ്സ് തീരുവോളം ഒരുക്കമാണല്ലോ

അവൻ അവൾക്കരികിൽ ചെന്നു.

"നിനക്ക് പോവണ്ടേ?"

അങ്ങേയറ്റം ആർദ്രമായ ശബ്ദം. സീതയവനെ മിഴിച്ചു നോക്കി.

"വാ.. ഞാൻ കൊണ്ട് വിടാം. നേരം ഇരുട്ടിയിട്ടുണ്ട്.. ഒറ്റയ്ക്ക് പോവണ്ട"

അതും പറഞ്ഞിട്ട് അവിടെ കൂടിയവരെ ഒന്ന് കൂടി നോക്കിയിട്ട് കണ്ണൻ ഇറങ്ങിപ്പോയി..

ചുറ്റും കൊത്തിപ്പറിക്കുന്ന കണ്ണുകൾക്ക് നേരെ വെറുതെ പോലും ഒന്ന് നോക്കാതെ സീത മുത്തശ്ശിയെ നോക്കി.

അനുവാദം ചോദിക്കും പോലെ.

അവരുടെ വിടർന്ന മുഖം അവൾക്കുള്ളിൽ ആശ്വാസം പകർന്നു.

ആ സന്തോഷത്തോടെത്തന്നെയാണ് അവളും മുറി വിട്ടിറങ്ങിയത്....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story