സ്വന്തം ❣️ ഭാഗം 12

swantham

രചന: ജിഫ്‌ന നിസാർ

മഴപെയ്യാനൊരുങ്ങി നിൽക്കുന്ന ആകാശത്തിന് കീഴെ.. തണുത്ത കാറ്റ് വീശുന്ന വയൽ വരമ്പിലൂടെ സീതയുടെ കൂടെ വളരെ പതിയെയാണ് കണ്ണൻ നടക്കുന്നത്.

ധൃതിയിൽ നടക്കുമ്പോൾ ആ മനോഹരനിമിഷങ്ങളുടെ ദൈർഗ്യം കുറഞ്ഞ് പോവുമെന്നവന് അറിയാമായിരുന്നു.

അവനൊപ്പം നടക്കുമ്പോൾ സീതയുടെ ഹൃദയം വീണ്ടും താളം തെറ്റുന്നുണ്ട്.

മൗനം മനോഹാരിത തീർക്കുന്ന വേളയിലും അവനിൽ നിന്നൊഴുകുന്ന വശ്യമായ ഗന്ധം അവളുടെ ഹൃദയത്തിലാണ് പ്രകമ്പനം തീർക്കുന്നത്.

അത് സീതയെ ശ്വാസം മുട്ടിക്കുന്നു..

കണ്ണന്റെ കയ്യിലുള്ള ഫോണിൽ ലൈറ്റ് തെളിയിച്ചിട്ട് അതിന്റെ വെളിച്ചത്തിലാണ് നടത്തം.

അവനാ ഓരോ നിമിഷവും ആസ്വദിക്കുയാണ്.

മങ്ങിയ വെളിച്ചത്തിലും അവന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ചിരിയിലേക്ക് സീതയുടെ നോട്ടം പാളി വീണുപോകുന്നുണ്ട്.അവളെറിയാതെത്തന്നെ!

അവനാവട്ടെ.. അവളെ നോക്കുന്നേയില്ലായിരുന്നു.

"എന്തിനാണ്..എനിക്ക് വേണ്ടി അവരോട് വെറുതെ വഴക്കുക്കൂടിയത്?"

ഇത്തിരി കഴിഞ്ഞപ്പോൾ സീത കണ്ണനെ നോക്കി ചോദിച്ചു.

"നിനക്ക് വേണ്ടിയാണെന്ന് ആരുപറഞ്ഞു സീതാലക്ഷ്മി?"

കുസൃതി നിറഞ്ഞ കണ്ണന്റെ സ്വരം.
അവന്റെ ചിരിക്ക് കൂടുതൽ ഭംഗിയേറി.

"എന്നോടാണല്ലോ അവര് പറഞ്ഞത്. എന്നോടായിരുന്നു ആ ദേഷ്യം മുഴുവനും. എനിക്ക് വേണ്ടിയല്ലങ്കിൽ പിന്നെ.. എന്തിനാണ് അവിടെ മറുപടി പറഞ്ഞത്?"

വിടാനുള്ള ഭാവമില്ലാത്തത് പോലെ സീത വീണ്ടും ചോദിച്ചു.

"മുത്തശ്ശി സ്വന്തമായി കണ്ട് വളർത്തിയ മോളായിരുന്നു രാജിയാന്റി. അങ്ങനെയുള്ള അവര് മാസത്തിലൊരിക്കൽ പോലും മുത്തശ്ശിയെ വന്ന് കാണാത്തത് തിരക്ക് കൊണ്ടാണെന്നാണ് പറയുന്നത്. അത് വെള്ളം തൊടാതെ വിഴുങ്ങാൻ ഞാൻ വിഡ്ഢിയല്ല സീതാലക്ഷ്മി "

കണ്ണൻ അവളെ നോക്കി കണ്ണടച്ച് കാണിച്ച്  പറഞ്ഞു.

"താല്പര്യമില്ലായ്മയ്ക്ക് പലപ്പോഴും പറയുന്ന പേര് തിരക്കെന്നുക്കൂടിയാണ് . പറയാനും കാണാനും മനസ്സുണ്ടെങ്കിൽ സമയവും ഉണ്ടാവും. ഒരു തിരക്കും കട്ടെടുക്കാതെ "
കണ്ണൻ ഉറപ്പോടെ പറഞ്ഞു.

"ഇതൊന്നുമല്ല എന്റെ ചോദ്യത്തിനുള്ള ഉത്തരം "

സീതയുടെ സ്വരവും കടുത്തു പോയിരുന്നു.

കണ്ണന് അപ്പോഴും ചിരിയാണ്.

"നിനക്ക് വേണ്ടിയല്ല... എനിക്ക് വേണ്ടിയാണ് സീതാ ലക്ഷ്മി. എന്റെ പ്രണയം തോൽക്കാതിരിക്കാൻ ശ്രമിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ് പെണ്ണേ "

ഉറക്കെയുറക്കെ അങ്ങനെ വിളിച്ചു പറയാനവന്റെ ഹൃദയം വെമ്പിയെങ്കിലും.. അതിപ്പോൾ പറയാൻ സമയമായില്ലെന്ന് അവനറിയാം.

"ചില ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവില്ല സീതാ ലക്ഷ്മി. ഉത്തരം പറഞ്ഞിട്ട് വെറുതെ അതിന്റെ ഭംഗി കളയുന്നതെന്തിനാണ്?"

വീണ്ടും അവന്റെ വാക്കുകളിൽ കുറുമ്പ് നിറഞ്ഞു.

കാറ്റിൽ പാറുന്ന ഷാളിൽ സീതയുടെ പിടി മുറുകി.

"രാജിയാന്റിയോട് എനിക്ക് പഴയൊരു കടം തീർക്കാനുണ്ട്. അതിനുള്ള അവസരം കൂടി ഇന്ന് കിട്ടി. അതിലെനിക്ക് സന്തോഷമുണ്ട് "

അത് പറയുമ്പോൾ കണ്ണന്റെ മുഖം ഒന്നുക്കൂടി തിളങ്ങി.

"എന്റമ്മയുടെ പ്രിയപ്പെട്ട കൂട്ടുക്കാരി കൂടിയായിരുന്നു ഈ രാജിയാന്റി.ഇന്നവരുടെ സാരി തലപ്പിൽ തൂങ്ങി എന്റെ ചോരയൂറ്റി കുടിക്കുന്ന ഒരു പിശാചിനെ കണ്ടോ നീ?"

കണ്ണൻ സീതയെ നോക്കി.

"ഇല്ല "
അതൊന്നും സത്യത്തിൽ ശ്രദ്ധിച്ചില്ലാത്തത് കൊണ്ട്ത്തന്നെ സീതയുടെ ഉത്തരം പെട്ടന്നായിരുന്നു.

"ഹാ.. എന്നാ അങ്ങനൊരു സാധനം അവിടെ ഉണ്ടായിരുന്നു.  വെക്കേഷന് നാട്ടിൽ വരുന്നുണ്ടെന്ന് അമ്മ പറയുന്നത് കേൾക്കുമ്പോൾ തന്നെ എനിക്കാ പിശാചിനെ ഓർമവരും. എന്റെ അമ്മയോടുള്ള സ്നേഹം മുതലെടുത്ത് ആ കുരിപ്പിനെ എന്റെ തലയിൽ കെട്ടി വെക്കാൻ അവർക്കൊക്കെ ഒരു പ്ലാനുണ്ടായിരുന്നു. അതാണങ്കിൽ റബ്ബർ പന്ത് പോലൊരു സാധനം. യാതൊരു വെളിവുമില്ല."

കണ്ണൻ നടത്തം വീണ്ടും സ്പീഡ് കുറച്ചു.

അവൾക്കൊപ്പമുള്ള ഈ നിമിഷങ്ങളെ അവനത്രമേൽ സ്നേഹിച്ചിരുന്നു.

"പക്ഷേ എനിക്കിഷ്ടം അത്യാവശ്യം തന്റെടികളായ പെൺകുട്ടികളെയാണ്.സീതാ ലക്ഷ്മിയെ പോലെ"

സീതയെ ഒന്ന് പാളിനോക്കി കണ്ണൻ പറഞ്ഞു.

എത്രയൊതുക്കി പിടിച്ചിട്ടും അവൾക്കുള്ളിലൂടെ ഒരു വിറയൽ പാഞ്ഞു പോയി.

അവളുടെ മുഖത്ത് നിറയുന്ന വെപ്രാളം അവനെ അറിയിക്കാതിരിക്കാനെന്നോണം തല കൂടുതൽ താഴ്ത്തിപ്പിടിച്ചു.

"ഇങ്ങനെ നടന്നാ നാളെ നേരം വെളുത്താലും ഞാൻ വീട്ടിലെത്തില്ല"
യാതൊരു കാര്യവുമില്ലാഞ്ഞിട്ടും സീത വെറുതെ ദേഷ്യം കാണിച്ച് പറഞ്ഞു.
എന്നിട്ട് കണ്ണനെ ഒന്ന് നോക്കിയിട്ട് വേഗത്തിൽ നടന്നു.

"അത് ശരിയായ നടപടിയല്ലല്ലോ എന്റെ സീതാലക്ഷ്മി. ഞാൻ നിനക്ക് കൂട്ട് വന്നതല്ലേ? എന്നിട്ട് ആ എന്നെ പെരുവഴിയിലാക്കി നീ ഈ ചെയ്യുന്ന പരിപാടി.. അത് ന്യായമാണോ?"

കണ്ണൻ അവൾക്ക് പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.

അവളുടെ സ്പീഡ് പതിയെ കുറഞ്ഞു.

കണ്ണന്റെ ചുണ്ടിൽ അപ്പോഴും ഒരു കള്ളച്ചിരി ബാക്കിയുണ്ട്.

"വരുന്നെങ്കിൽ ഒന്നെളുപ്പത്തിൽ വായോ. എനിക്ക് പോയിട്ട് വേറെയും പണിയുള്ളതാ"

സീത അവന്റെ നേരെ തിരിഞ്ഞു നിന്നിട്ട് വിളിച്ചു പറഞ്ഞു.

"ഒന്ന് നിൽക്കെന്റെ സീതാലക്ഷ്മി. ഞാൻ വരുന്നുണ്ടല്ലോ?"

കണ്ണൻ നടത്തം കുറച്ചുകൂടി വേഗത്തിലാക്കി അവൾക്കൊപ്പം എത്തി.

"നടത്തത്തിന്റെ കാര്യത്തിൽ സീതാലക്ഷ്മി സ്ട്രോങ്ങാണ് "
അവൾക്കൊപ്പം നടന്നു തുടങ്ങിയപ്പോൾ കണ്ണൻ വീണ്ടും പറഞ്ഞു.

"അപ്പൊ കിണ്ണന് എന്റെ പേര് അറിയാഞ്ഞിട്ടല്ല.. വായിൽ തോന്നിയത് വിളിച്ചുനടന്നിരുന്നത് "

പരാതിപോലെയത് പറയുമ്പോൾ അവളുടെയാ മുഖം ഒന്ന് കാണാൻ കണ്ണൻ തല ചരിച്ചുനോക്കി.

ഉത്തരമില്ലാഞ്ഞിട്ടാണ് സീത അവനെ നോക്കിയത്.

"നിനക്കിവിടെ നിന്നെയറിയാവുന്ന നല്ല കൂട്ടൊന്നുമില്ലേ സീതാലക്ഷ്മി?"

കണ്ണൻ ചോദിച്ചപ്പോൾ ആ ചോദ്യം മനസ്സിലാവാത്തത് കൊണ്ടാണ് അവളുടെ മുഖം ചുളിഞ്ഞത്.

"നിന്റെയുള്ളിൽ ആരോടും പറയാതെ... ആരുമറിയാതെ നീ കൊണ്ടുനടക്കുന്ന നിന്റെ വേദനകളെയറിയാൻ പറ്റിയൊരാളില്ലേ എന്നതാണ് എന്റെ ചോദ്യം"

കണ്ണൻ ഒന്നുക്കൂടി വ്യക്തമായി ചോദിച്ചു.

"എനിക്കൊരുപാട് പ്രശ്നങ്ങളുണ്ടെന്ന് ഇയാളോടാരാണ് പറഞ്ഞത്? ഒന്നോ രണ്ടോ പ്രാവശ്യമല്ലേ നമ്മൾത്തമ്മിൽ കണ്ടിട്ടുള്ളു. അപ്പോയേക്കും എന്നെ മുഴുവനുമായി അരച്ചുകലക്കി കുടിച്ചത് പോലാണല്ലോ കിണ്ണന്റെ സംസാരം"

സീതയവനെ കളിയാക്കിയത് പോലാണ് ചോദിച്ചത്.

"എത്രകാലം കൊണ്ടൊരാളെ അറിയാം എന്നതിലല്ല കാര്യം.അറിഞ്ഞ കാലം കൊണ്ട് അയാളെ എത്രത്തോളം മനസ്സിലാക്കി എന്നതല്ലേ പ്രാധാന്യം. മ്മ് "

വീണ്ടും നടത്തതിന്റെ വേഗത വളരെ കുറഞ്ഞിരുന്നു.
സീത അതൊന്നുമറിയാതെ  അവനൊപ്പം സാവധാനത്തിലാണ് നടന്നത്.

കണ്ണൻ അവളെത്തന്നെ നോക്കിയാണ് നടക്കുന്നത്.

"നിനക്കൊരുപാട് പ്രശ്നങ്ങളുണ്ടെന്ന് എനിക്കറിയാം. ആരോടെങ്കിലും പറഞ്ഞുപോയാൽ സീതാലക്ഷ്മി സ്ട്രോങ്ങല്ലാന്ന് കേൾക്കുന്നവർ പറയുമോ എന്നുള്ള നിന്റെ അനാവശ്യമായ ചിന്തകൾക്കൊണ്ട് നിന്റെ ഉള്ളിൽ കിടന്നുതിളയ്ക്കുന്ന ആ പ്രശ്നങ്ങളാണ് സീതാലക്ഷ്മി നിന്റെ ദേഷ്യമായി പുറത്തേക്ക് ചാടുന്നത്.. നിന്നെ ദുർഗാ ലക്ഷ്മിയാക്കുന്നതും ആ പേടിയാണ്."

വളരെ ലാഘവത്തോടെ കണ്ണൻ പറഞ്ഞത് കേട്ട് സീതയുടെ കാലിന്റെ വേഗത വീണ്ടും കുറഞ്ഞു.

"എന്തിനാണ് അങ്ങനൊക്കെ കരുതുന്നത്. സന്തോഷം പങ്ക് വെക്കാനുള്ളത് മാത്രമാണ് ബന്ധങ്ങളെന്നുള്ള വിഡ്ഢിത്തം ആരാണ് നിന്നെ പറഞ്ഞു പഠിപ്പിച്ചത് . നെഞ്ചിൽ കിടന്നുപിടയുന്ന... ശ്വാസം മുട്ടിക്കുന്ന സങ്കടങ്ങളല്ലേടോ പങ്ക് വെക്കേണ്ടത്?അതിൽ നിന്നല്ലേ... ഒരു മോചനം വേണ്ടത്?"

കണ്ണൻ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും.. അവനൊരുത്തരം കൊടുക്കാൻ അവൾക്കാവുന്നില്ല.

അല്ലെങ്കിൽത്തന്നെ എന്താണ് അവനോട് പറയേണ്ടത്.

ആ പറയുന്നത് മുഴുവനും സത്യമാണല്ലോ?
ഇക്കാലമത്രയും ആരുമറിയാതെ ദേഷ്യത്തിന്റെ മൂടുപടത്തിനുള്ളിൽ ഒളിപ്പിച്ചുപ്പിടിച്ച് കൊണ്ട് നടന്നത് വേദനകളല്ലേ?

സീതാലക്ഷ്മിക്ക് പെട്ടന്ന് ദേഷ്യം വരുമെന്നെല്ലാവർക്കുമറിയാം!

പക്ഷേ അതിനുമപ്പുറം , സങ്കടങ്ങളെല്ലാം പറഞ്ഞൊന്ന് പൊട്ടികരയാൻ കൊതിച്ച സീതാലക്ഷ്മിയെ ആരുമറിയാതെ പോയി.

അല്ല. ആരെയും അറിയിക്കാതെ പോയി.
കരഞ്ഞാൽ തോറ്റുപോയെന്നാണ് അർഥമെന്ന് ഏത് വിഡ്ഢിയാണാവോ പറഞ്ഞത്?

മറ്റേത് വികാരം പോലെത്തന്നെയല്ലേ അതും?

ഉള്ള് നീറുമ്പോൾ ഒന്നുറക്കെ കരയാനാവുന്നതും വിപ്ലവമാണല്ലോ?

"സീതാ ലക്ഷ്മി...."

കണ്ണന്റെ സ്വരമാണ്.

സീത തലചരിച്ച് അവനെ നോക്കി.

സീതാ ലക്ഷ്മി എന്നവൻ വിളിക്കുന്നതും എത്ര മധുരമായാണ്.മനോഹരമായാണ്.

തന്റെ പേര് ഇത്രേം മനോഹരമായി വിളിക്കാനാവുമെന്ന് അറിയുന്നത് തന്നെ കണ്ണൻ വിളിച്ചുത്തുടങ്ങിയപ്പോഴാണെന്ന് തോന്നി സീതയ്ക്ക്.

സീതാലക്ഷ്മി എന്ന വിളി കാതിലൂടെ ഹൃദയത്തിലേക്കാണ് ഇടിച്ചു കയറുന്നത്.

വെപ്രാളം കൊണ്ട് സീത വിയർത്തു തുടങ്ങി..

"പോയിട്ടൊത്തിരി ജോലിയുണ്ടെന്ന് നീ പറഞ്ഞത് മറന്ന് പോയോ. ഇങ്ങനെ പോയ നാളെയും മറ്റന്നാളുമൊന്നും വീട്ടിലെത്തില്ല കേട്ടോ"

കണ്ണൻ കുസൃതിയോടെ സീതയെ ഓർമപെടുത്തി.

സീത അവനെ നോക്കാതെ അൽപ്പം സ്പീഡ് കൂട്ടി.

"എന്തിനാണ് ഇത്രേം പ്രഷർ സ്വയം കൊണ്ട് നടക്കുന്നത്. ഈ ലോകം നിന്റേത് കൂടിയല്ലേ സീതാ ലക്ഷ്മി. സന്തോഷം നമുക്കാരും തരുന്ന ഔദാര്യമല്ലടോ."

കണ്ണൻ വീണ്ടും പറഞ്ഞു.

സീതയ്ക്ക് അവന്റെ പ്രവർത്തികളിൽ അത്ഭുതം തോന്നുന്നുണ്ട്.

എത്ര ശ്രമിച്ചിട്ടും മനസ്സിലാവുന്നേയില്ലല്ലോ ഈ കിണ്ണനെ.

ഇത്തിരി മുന്നേ ദേഷ്യത്തിന്റെ അങ്ങേയറ്റമായൊരു മുഖം കണ്ടു.

ഇപ്പോഴുള്ള ഭാവത്തിൽ നിറഞ്ഞ് നിൽക്കുന്നത് മുഴുവനും ആർദ്രയാണ്.. അലിവാണ്.

വാക്കുകൾ കൊണ്ട് ഹൃദയത്തിലേക്കാണോ ഇവൻ നടന്ന് കയറുന്നതെന്ന് പോലും തോന്നി.

വളരെക്കാലം മുന്നേ പരിചയമുള്ളൊരാളെ പോലെ.

എത്ര സിമ്പിളായാണ് ഒരോന്നും പറയുന്നത്. 

ഇവൻ പറയുന്നത് പോലെ.. എത്ര കാലമെടുത്ത് കൊണ്ടൊരാളെ മനസ്സിലാക്കിയെന്നല്ല.. എത്രത്തോളം മനസ്സിലാക്കിയെന്നത് തന്നെയാണ് പ്രാധാന്യം.

ഇവിടൊരാളിതാ..

വളരെ കുറച്ച് സമയം കൊണ്ട് സീതാലക്ഷ്മിയെ മനസ്സിലാക്കിയിരിക്കുന്നു!

ശരിക്കുമുള്ള സീതയെ തിരിച്ചറിഞ്ഞിരിക്കുന്നു!

വളരെ ശരിയായി അടയാളപെടുത്തിയിരിക്കുന്നു!

ചിരി കൊണ്ട് മൂടിയ കുറേ പച്ചമുറിവുകൾക്ക് ഇത്തിരി വാക്കുകൾ കൊണ്ട് മരുന്ന് പുരട്ടുന്നു.

സീതയുടെ ചുണ്ടിൽ അവളെറിയാതെ വിരിഞ്ഞ ചിരിയിലേക്ക് കണ്ണൻ സ്വയം മറന്ന് നോക്കി നിന്നു.

അവളുടെ കാലുകളും നിശ്ചലമായിരുന്നു.

"സീതാ ലക്ഷ്മി "

വീണ്ടും കണ്ണന്റെ വിളിയിലാണ് പരിസരബോധം വന്നത്.

അവൻ നോക്കി നിൽക്കുന്നത് കണ്ടിട്ട് അവളുടെ മുഖത്ത് ജ്യാളത നിറഞ്ഞു.

"ഇനി ഞാൻ ചോദിച്ചതിനുത്തരം പറയൂ . നിന്റെ സങ്കടങ്ങൾ ഷെയറ് ചെയ്യാനാരെയും നീ കരുതി വെച്ചിട്ടില്ലേ. പറയാതെ നിന്നെയറിയാൻ  ഒരാളുമില്ലേ?"

വീണ്ടും അവന്റെ ചോദ്യം അവളുടെ ഉള്ളിലേക്ക് തറച്ചു കഴിഞ്ഞു.
ഓർമയിൽ വെറുതെയൊന്ന് പരതി നോക്കി.
ഹരിയെ ഓർമ വന്നു.

പക്ഷേ അവനോടും ഒരു പരിധിയിൽ കൂടുതൽ മനസ്സ് തുറന്നിട്ടില്ല.

താഴിട്ട് പൂട്ടിയ മനസ്സിന്റെ വാതിലിന് ചുറ്റുമുള്ളതെല്ലാം പറയാതെ തന്നെ അവൻ പൊറുക്കിക്കൂട്ടി എടുത്തു.. അവനെ കൊണ്ടാവും പോലെയുള്ള സഹായങ്ങൾ ചെയ്തുതന്ന് കൂടെ നിന്നു.

പക്ഷേ അപ്പോഴും സീതാലക്ഷ്മിയെ പൂർണമായും അവനറിയാൻ കഴിഞ്ഞിട്ടില്ല.

"നീ നിന്റെ ദേഷ്യം കുറക്കണേ "എന്നിടക്ക് ഉപദേശിക്കാറുള്ള അവനൊരിക്കലും ആ ദേഷ്യത്തിനുള്ളിലൊളിപ്പിച്ച സങ്കടങ്ങളെ തൊട്ടറിയാനായിട്ടില്ല.

നീ ചിരിക്കുന്നത് കാണാനാണ് സീതേ എനിക്കിഷ്ടമെന്ന് അനേകം തവണ പറഞ്ഞവനൊരിക്കലും ആ ചിരിക്ക് പിന്നിലൊളിപ്പിച്ചു വെച്ച ദുഃഖങ്ങളെ..കണ്ടെത്താനായിട്ടില്ല.

"സീതാ ലക്ഷ്മി "

തുറിച്ചു നോക്കി നിൽക്കുന്നവളെ കണ്ണൻ വീണ്ടും വിളിച്ചു.

"നീ തോറ്റു പോയല്ലേ?"

അവന്റെ ആർദ്രനിറഞ്ഞ ചോദ്യം.

ആ മുഖത്ത് നിറയുന്ന ഭാവങ്ങൾ ആ ഇരുട്ടിലും സീതയെ പേടിപ്പിച്ചു.

സഹതാപം കാണിക്കരുത്..
സ്നേഹം കാണിക്കരുത്..
ചേർത്ത് നിർത്താനും ശ്രമിക്കരുത്..

സീതാ ലക്ഷ്മി തോറ്റു തരില്ല..

കാരണം ഈ പാവം സീതാലക്ഷ്മി നിങ്ങൾക്ക് അറിയാവുന്നതിലും സ്ട്രോങ്ങാണ്..

വാശിയോടെ സീത കണ്ണനെ നോക്കി പിറുപിറുത്തു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story