സ്വന്തം ❣️ ഭാഗം 13

swantham

രചന: ജിഫ്‌ന നിസാർ

നേരിയ ചാറ്റൽ മഴയിലൂടെ ഓടി കയറി വന്ന ഹരിയെ കണ്ടപ്പോൾ മടിയിലുണ്ടായിരുന്ന ലല്ലുമോളെ താഴെയിറക്കി പാർവതി എഴുന്നേറ്റു.

"നനഞ്ഞോടാ?"

തിണ്ണയിലുണ്ടായിരുന്ന തോർത്തെടുത്ത് അവന് നേരെ നീട്ടികൊണ്ട് പാർവതി ചോദിച്ചു.

"ഇച്ചിരി. മഴ പെയ്യുന്നന്നതിന് മുൻപ് വന്ന് പോവണം എന്ന് കരുതിയതാ. പക്ഷേ തറവാട്ടിൽ നിന്നും മൂന്നാല് വിരുന്നുക്കാരുണ്ടായിരുന്നു. അവരിറങ്ങാൻ വൈകി."

തല തോർത്തുന്നതിനിടയിൽ തന്നെ ഹരി പറഞ്ഞു.

"എന്താ വിശേഷിച്ച് "
അവൻ നീട്ടിയ തോർത്ത്‌ വാങ്ങി പാർവതി ചോദിച്ചു.

"അങ്ങനെ വലുതായി വിശേഷമൊന്നുമില്ല. പതിവുപോലെയുള്ള കുറെയേറെ പരാതികൾ. അമ്മയുടെ ആവലാതികൾ.. അച്ഛന്റെ മൗനം,അങ്ങനെ ആകെക്കൂടി ക്ളീഷേ തന്നെ സംഭവം "

തിണ്ണയിലേക്ക് കയറിയിരുന്നുകൊണ്ട് ഹരി പറഞ്ഞു.

ലല്ലുമോളെക്കൂടി അവൻ മടിയിലേക്ക് കയറ്റിയിരുത്തി.

"അവര് പറയുന്നതിലും ഇത്തിരി കാര്യമില്ലേ ഹരി. നീ എന്തിനാ ഇനിയുമിങ്ങനെ ബലം പിടിച്ച് നടക്കുന്നത്. നിന്റമ്മേടെ ഏറ്റവും വലിയൊരു ആഗ്രഹം. അത് നടത്തി കൊടുത്തൂടെ നിനക്ക്?"

പാർവതി അവനെ നോക്കി ചോദിച്ചു.

ഹരി ഒന്നും പറയാതെ അവളെ നോക്കി ചിരിച്ചു.
"അത് പറയുമ്പോൾ അവനൊരു പൊട്ടന്മാരുടെ ചിരിയുണ്ട്. ഇനി സീത പറയുമ്പോലെ.. നിനക്ക് ഞങ്ങളറിയാത്ത ചുറ്റികളി വല്ലതുമുണ്ടോ മോനെ. അല്ല.. പറയാൻ പറ്റൂല. അങ്ങ് തലസ്ഥാനത്ത് കിടന്നു നീ കാണിച്ചു കൂട്ടുന്നത് ഇവിടെയിരുന്ന് ഞങ്ങൾക്ക് അറിയാൻ പറ്റില്ലല്ലോ "

ഹരിയെ നോക്കി പാർവതി പറഞ്ഞു.

അപ്പോഴും അവന്റെ ചിരി മാഞ്ഞിട്ടില്ല.

"ഞാൻ ഒരിക്കലും പെണ്ണ് കെട്ടില്ലന്നൊന്നും ആരോടും പറഞ്ഞിട്ടില്ല പാറു. സമയമാവട്ടെ. അത്രേം മാത്രം പറയുന്നുള്ളു "

ഹരി ലല്ലുമോളെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു.

"അവളെവിടെ.. സീത. കിടപ്പാണോ. നീ വിളിച്ചേ. ഞാൻ നാളെ കാലത്ത് പോകും. അതിന് മുൻപ് ഇങ്ങോട്ട് വരാനൊക്കില്ലല്ലോ എന്നോർത്താണ് ഈ മഴ പൊടിയുന്നത് കണ്ടിട്ടും ഇപ്പോൾ തന്നെ വന്നത് "

ഹരി പാർവതിയെ നോക്കി പറഞ്ഞു.

"അതിന് സീത വന്നിട്ടില്ല ഹരി. ഞാനും മോളും അവളെ നോക്കിയിരുന്നതാ"

പാർവതി പറഞ്ഞത് കേട്ട് ഹരിയുടെ ചിരി മാഞ്ഞു.

അവന്റെ നെറ്റി ചുളിഞ്ഞു.

"വന്നിട്ടില്ലേ. ഇത്രേം വൈകാറുണ്ടോ അവള് "

ലല്ലു മോളെ മടിയിൽ നിന്നും തിണ്ണയിലേക്ക് മാറ്റിയിരുത്തി കൊണ്ട് ഹരി പാർവതിയോട് ചോദിച്ചു.

"വൈകുന്നേരം അഞ്ചിന് എത്തും.ഇടയിൽ ചിലപ്പോൾ കുറച്ച് വൈകാറുണ്ട്. പക്ഷേ അങ്ങനെയുള്ളപ്പോൾ വിളിച്ചു പറയും. ഇതിപ്പോ കാണുന്നില്ല "

വീണ്ടും പുറത്തേക്ക് നോക്കി പാർവതി വേവലാതിയോടെ പറഞ്ഞു.

"അർജുൻ വന്നിട്ടില്ലേ? അവനോടൊന്ന് പോയി നോക്കാൻ പറയാത്തതെന്തേ നീ?"
ഹരിയുടെ മുഖം ഗൗരവത്തിലാണ്.

"ഞാൻ പറയാഞ്ഞിട്ടല്ല ഹരി. മഴ മൂടിയത് കണ്ടപ്പോ തന്നെ ഞാൻ അവനോട് പറഞ്ഞതാ ഒന്ന് ശ്രീനിലയം വരെയും പോയി നോക്കാൻ. അവൻ പക്ഷേ ആരെയോ കാണാനുണ്ടെന്ന് പറഞ്ഞു പോയി "
പാർവതി നിസ്സഹായതയോടെ പറഞ്ഞു.

"പോവരുത്.. ആരും പോവരുത്. നിങ്ങൾക്കൊക്കെ കൂടിയാണ് ആ പാവം പെണ്ണ് കിടന്ന് ചക്രശ്വാസം വലിക്കുന്നത്. അതൊന്നും ആരും ഓർക്കേം ചെയ്യരുത് "
ഹരി ദേഷ്യത്തോടെ മുറ്റത്തെക്ക് ചാടിയിറങ്ങി.

"വയ്യാത്ത അച്ഛന്റേം അമ്മമ്മയുടെയും അടുത്ത് കുഞ്ഞിനെയിട്ടിട്ട് ഈ നേരത്ത് ഞാനെങ്ങനെ പോകാനാണ് ഹരി?"
പാർവതിക്ക് ഹരിയുടെ സംസാരം കേട്ടപ്പോൾ കരച്ചിൽ വന്നിരുന്നു.

"കരയേണ്ട. ഞാനൊന്ന് പോയി നോക്കട്ടെ.കുഞ്ഞിനേം എടുത്തോണ്ട് അകത്തേക്ക് പോ "

ഇറങ്ങി നടക്കുന്നതിനിടയിൽ തന്നെ ഹരി വിളിച്ചു പറഞ്ഞു.

                      ❣️❣️❣️❣️❣️

"നീയേത് ലോകത്താണ് സീതാലക്ഷ്മി? "

ഓരോ പ്രാവശ്യം കണ്ണൻ ഓർമകളിൽ നിന്നും വലിച്ചുമാറ്റുമ്പോഴും സീതയവനെ തുറിച്ച് നോക്കി.

"എന്തിനാണ് നീയിത്ര ടെൻഷനാവുന്നത്. റിലാക്സ്.."

കണ്ണൻ വീണ്ടും അവളെ നോക്കി പറഞ്ഞു.
സീതയൊന്നും മിണ്ടാതെ മുന്നോട്ടു നോക്കി പതിയെ നടന്നു.

"നീ കൂടുതൽ ടെൻഷനാവാൻ വേണ്ടി പറഞ്ഞതല്ല ഞാൻ. എന്തിനാണ് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി നിന്റെ സന്തോഷങ്ങളും ആഗ്രഹങ്ങളും ഇല്ലാതെയാക്കുന്നത്. അതിൽ നിന്നൊരു മാറ്റം നിനക്ക് വേണമെന്ന് തോന്നിയിട്ട് പറഞ്ഞതാണ്. നിനക്കത് കൂടുതൽ സ്‌ട്രെസ്‌ നൽകിയെങ്കിൽ.. റിയലി സോറി "

കണ്ണൻ ആത്മാർത്ഥമായി തന്നെയാണത് പറഞ്ഞതെന്ന് സീതയ്ക്ക് ഉറപ്പുണ്ടായിരുന്നു.

"എനിക്ക്... എനിക്കൊരു പ്രശ്നവുമായിട്ടില്ല ഇയാള് പറഞ്ഞത്.. അതിനെക്കുറിച്ചോർത്ത് കിണ്ണൻ വെറുതെ ടെൻഷനാവേണ്ട "

കണ്ണന് നേരെ നോക്കി സീത പറഞ്ഞു.

അവന്റെ മുഖത്തും ആശ്വാസം നിറഞ്ഞു.

"കിണ്ണന്റെ വാക്കുകൾ കേട്ട് ഞാനൊന്ന് പതറിപോയെന്നത് സത്യം തന്നെ. പക്ഷേ  സീതാലക്ഷ്മി തോറ്റുപോയെന്നാണ് അത് അർഥമാക്കുന്നതെന്നൊന്നും കരുതരുത്. ഇതിനേക്കാൾ വല്ല്യ പ്രശ്നം വന്നിട്ടും കുലുങ്ങിയിട്ടില്ല. നാടും നാട്ടുകാരും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും അവരെ കൊണ്ടാവും വിധം അപവാദം പറഞ്ഞുണ്ടാക്കി തളർത്താൻ നോക്കിയിട്ടും പിടിച്ചു നിൽക്കുന്നില്ലേ. എനിക്ക് അപാര തൊലിക്കട്ടിയാണ് "

സീത കണ്ണനെ നോക്കി ചിരിച്ചു.

അവന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു പോയിരുന്നു.

"പിന്നെ കിണ്ണൻ പറഞ്ഞത് പോലെ എന്നെ കേൾക്കാനൊരാളെ ഞാൻ മനഃപൂർവം കരുതിവെച്ചിട്ടില്ല. വേറൊന്നും കൊണ്ടല്ല. നമ്മള് അനുഭവിക്കുന്ന നീറ്റൽ എന്തിനാണ് അറിഞ്ഞുക്കൊണ്ട് പ്രിയപ്പെട്ടൊരാൾക്ക് കൂടി പകർന്നു നൽകുന്നത്. അതും നമ്മളെ കൂടുതൽ സങ്കടപെടുത്തുകയല്ലേ ചെയ്യുന്നത്? അതും സ്നേഹമാണ്.. സ്നേഹത്തിന്റെ എക്സ്ട്രീം ലെവൽ "

സീത കണ്ണനെ നോക്കി.

അവനൊന്നു മൂളുകമാത്രം ചെയ്തു.

"സീത ഇങ്ങനെയാണ്. ഇതെന്റെ അഹങ്കാരമാണെന്നൊക്ക ഒളിഞ്ഞും മറഞ്ഞും കേട്ടിട്ടുണ്ട്. ഒറ്റയ്ക്ക് സഹിക്കാൻ പഠിച്ചാൽ.. ആ വിളി പിന്നെയൊരു അലങ്കാരമാണ്. ലഹരി തരുന്ന കരുത്താണ്. എനിക്കിങ്ങനെയാവാനെ അറിയൂ "

അവൾ മുന്നോട്ടു നോക്കി പറഞ്ഞു.

"വല്ലാണ്ട് നോവ് തോന്നിയപ്പോഴെല്ലാം ആദ്യം ഞാനും കരുതിയിരുന്നു എല്ലാം ഒരിക്കൽ ശെരിയാവുമെന്നൊക്കെ. പിന്നെ പിന്നെ പ്രശ്നങ്ങളില്ലങ്കിൽ സീതാ ലക്ഷ്മിയില്ല എന്ന പരുവത്തിലായപ്പോൾ പരാതിയും പരിഭവവും പറയുന്നത് നിർത്തി.ഇപ്പോഴാതെല്ലാം എന്റെ നിഴല് പോലെ കൂടെയുണ്ട്. പറഞ്ഞാലും ആർക്കും മനസ്സിലാകാത്ത വിധം എന്നെ പിടിച്ചു ഞെരുക്കികൊണ്ട്"

പതിയെയാണ് സീത പറയുന്നത്.
എന്നിട്ടും... അവയിലെ ഓരോ വാക്കുമവന്റെ ഹൃദയത്തിലേക്കാണ് തുളച്ചു കയറുന്നത്.

"എല്ലാം കൂടി ഉള്ളിലൊതുക്കി അതെല്ലാം ദേഷ്യമായി പുറത്ത് കാണിച്ച് നടക്കുമ്പോൾ നിന്റെ സന്തോഷവും കൂടിയല്ലേ നഷ്ടപെടുന്നത്. അതിനെ കുറിച്ച് നീ ഒരിക്കലും ഓർത്തിട്ടില്ലേ?" 

കണ്ണൻ അവളെ നോക്കി ചോദിച്ചു.

ചുണ്ടുകൾ കൂട്ടി പിടിച്ച് ഇല്ലെന്ന് തലയാട്ടി സീത.

"നിന്നെ കുറിച്ച് നീയല്ലാതെ പിന്നെ ആരോർക്കും സീതാ ലക്ഷ്മി. നിനക്ക് ചിരിക്കണ്ടേ.. നിനക്ക് സന്തോഷം വേണ്ടേ. മറ്റുള്ളവരുടെ പോലെ.. സമാധാനം നിറഞ്ഞ ഒരു ജീവിതം വേണ്ടേ?"

കണ്ണന്റെ സ്വരത്തിലും വേദനയുള്ളത് പോലെ..

"ഇതും ജീവിതമാണ്. ഇങ്ങനെ ഒറ്റയ്ക്ക് ഉരുകി ജീവിക്കുന്നതിൽ ത്രിൽ കിണ്ണന് അറിയാഞ്ഞിട്ടാ..നല്ല രസാണ് "

സീത കുറുമ്പോടെ കണ്ണനെ നോക്കി.

അവന് അവളോട് വല്ലാത്ത വാത്സല്യം തോന്നി.

"ഉവ്വ്.. കരയാൻ വന്നാലും ചങ്ക് കലങ്ങിയാലും സീതാ ലക്ഷ്മി സ്ട്രോങ്ങ്‌ ആണെന്ന് കാണുന്നോര് പറയാൻ വേണ്ടിയിട്ടുള്ള വെറും പ്രഹസനം. അതിനെയിങ്ങനെ രസത്തിൽ കുളിപ്പിക്കാൻ നോക്കല്ലേ നീ. ഞാൻ പൊട്ടാനൊന്നുമല്ല കേട്ടോ "

കണ്ണൻ അവളെ നോക്കി കണ്ണുരുട്ടി.

അവന്റെയാ ഭാവം കണ്ടപ്പോൾ സീതയ്ക്ക് ചിരി വന്നു.

"അപ്പോൾ.. അല്ലേ?"
ചിരി കടിച്ചുപിടിച്ച് കൊണ്ട് സീത കണ്ണനെ നോക്കി ചോദിച്ചു.

"ഡീ..."

അവൻ നടത്തം നിർത്തി നടുവിന് കൈ കൊടുത്തു കൊണ്ടവളെ തുറിച്ചു നോക്കി.

"ആഹ്.. എനിക്കിത് തന്നെ കിട്ടണം.ഒറ്റയ്ക്ക്.. അതും ഈ പെരുമഴ വരുന്ന നേരത്ത് ഒറ്റയ്ക്ക് വിടണ്ടന്ന് കരുതി കൂട്ട് വന്ന എന്നെ നീ ഇപ്പൊ പൊട്ടനുമാക്കി. അല്ലേ?"

സങ്കടം അഭിനയിച്ച് കൊണ്ട് പറയുന്ന കണ്ണനെ നോക്കി സീത അമർത്തി ചിരിച്ചു.

ചെറുതെങ്കിലും... ആ മുഖത്ത് വിരിഞ്ഞ ചിരിയവന്റെ ഹൃദയത്തിലെ തണുപ്പായിരുന്നു.

മൂടിക്കെട്ടിയ അവളുടെ മുഖം ഉള്ളിൽ നൽകിയ നോവൽപം കുറയാൻ ആ ചിരിയുടെ ചെറിയ കിരണങ്ങൾ കാരണമായിരുന്നു.

"സീതാ ലക്ഷ്മിയിങ്ങനെത്തന്നെ ആയിരുന്നാൽ മതി. അതാണ്‌ കൂടുതൽ ഭംഗിയും. പക്ഷേ.. കരയാൻ തോന്നുമ്പോൾ കരയാനും ചിരിക്കാൻ തോന്നുമ്പോൾ ചിരിക്കാനും കൂടി പഠിക്കേണ്ടതുണ്ട് നീ. അതൊരിക്കലും നിന്റെ തോൽവിയാവില്ല."

കണ്ണൻ സീതയെ നോക്കി.

"ഇനി മനസ്സ് തുറന്ന് പറയുന്നത് എതിരെയുള്ള പ്രിയപ്പെട്ടവരെ വേദനിക്കും എന്ന് ചിന്തിക്കുന്നതിന് പകരം.. നീ നിന്റെ വേദനകളെ കൂടി പരിഗണിക്കാൻ പഠിക്കണം. മനസ്സിലൊതുക്കി നടന്നിട്ട് വെറുതെ ദേഷ്യത്തെ കൂട്ട് പിടിക്കുമ്പഴാണ് സത്യത്തിൽ നീ തോറ്റുപോകുന്നത്."

മഴ ചെറുതായി പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.

കണ്ണനും സീതയും വീണ്ടും പതിയെ നടക്കാൻ തുടങ്ങി.

"പറയാനാരുമില്ലെന്ന് തോന്നുന്ന നിമിഷം നീയൊന്ന് പിന്നിലേക്ക് നോക്കണം. ഞാനുണ്ടാകും.ഇറങ്ങി പോവാൻ നീ പറയുംവരെയും നിനക്ക് പറയാനുള്ളത് കേൾക്കാൻ. അതിനി നീ കല്പിച്ച് തരുന്ന ഏത് സ്ഥാനത്തിലേക്കാണെങ്കിലും പരാതിയില്ലാതെ ഞാനുണ്ടാകും..."

പ്രണയത്തോടെ അവനത് പറയുമ്പോൾ ആ വാക്കുകളത്രയും മഞ്ഞ് പോലെ മനസ്സിനെ കുളിരണിയിച്ചു.

കണ്ണൻ അവളെയോ.. അവളാവനെയോ നോക്കിയില്ല.

പറയാൻ കൊതിച്ചത് അവൻ പറയുമ്പോൾ... സീതയുടെ മിഴികളിൽ പതിവുപോലെ നിസംഗതത്തന്നെയാനണുള്ളത്.

"അതൊന്നും ശെരിയാവില്ല.. നിങ്ങൾക്കെന്നെ ഇനിയും ശരിക്കും അറിയാനായിട്ടില്ല. ഈ കാണുന്നതൊന്നുമല്ല.ഇതിനേക്കാളാഴത്തിൽ പ്രശ്നങ്ങളുണ്ട് എനിക്ക് ചുറ്റും. അതെല്ലാം കേൾക്കാൻ കിണ്ണന്റെ ഒരായുസ്സ് മുഴുവനും തികയില്ല "

സീതയവനെ നോക്കി ചിരിച്ചു.

"ആയിക്കോട്ടെ. പക്ഷേ ശ്രമിച്ച് നോക്കാലോ."

അവൻ കണ്ണ് ചിമ്മി കാണിച്ചു.

"എത്ര കാലം?"
സീതയുടെ ചോദ്യത്തിൽ വെല്ലുവിളിയാണ്.

"നീ ഇറങ്ങി പോവാൻ പറയും വരെയും"

"അത് കഴിഞ്ഞും ഞാൻ ഒറ്റക്കാവില്ലേ?"

കണ്ണൻ ഒരു നിമിഷം അവളെത്തന്നെ നോക്കി.

നേരിയ വെളിച്ചം മാത്രമാണുള്ളത്.
എന്നിട്ടും അവളുടെ കണ്ണിലവൻ തേടിയതത്രയും പ്രണയമായിരുന്നു.

ഏറെ തിരഞ്ഞിട്ടും അവൻ കണ്ടെത്താഞ്ഞതും ആ പ്രണയം തന്നെയാണ്.

ദൂരെ നിന്നൊരു പൊട്ടു പോലെ ധൃതിയിൽ അടുത്തേക്ക് വരുന്നൊരു വെളിച്ചം..

സീതയാണ് ആദ്യം ശ്രദ്ധിച്ചത്.

"ആരോ വരുന്നുണ്ട്."

പതിയെ നടന്നു കൊണ്ടവൾ കണ്ണനെ നോക്കി.

അവനും അവൾക്കൊപ്പം നടന്നു..

"ഹരിയാണല്ലോ?"

സീതയുടെ ശബ്ദം കേട്ടാണ് കണ്ണൻ അവളെ നോക്കിയത്.

"ഹരിപ്രസാദ്. എന്റെ ഫ്രണ്ടാണ് "
ആ നോട്ടത്തിലെ ചോദ്യമറിഞ്ഞത് പോലെ സീത ചിരിയോടെ പറഞ്ഞു..

കിതച്ച് കൊണ്ട് അരികിൽ വന്നു നിന്നവനെ കണ്ണനും നോക്കി.

"നീ ഇന്നെന്താ സീതേ നേരം വൈകിയത്?"

അവൻ സീതയെയല്ലാതെ മറ്റൊന്നും കാണുന്നില്ലെന്ന് തോന്നി കണ്ണന്.

"അവിടുത്തെ മുത്തശ്ശിക്ക് വയ്യെടാ."

സീത ഹരിയോട് പറഞ്ഞു.
"വൈകുമെങ്കിൽ അതൊന്ന് വിളിച്ച് പറഞ്ഞൂടെ നിനക്ക്. ഒറ്റയ്ക്ക് വരുന്നതും ഇനി സ്ട്രോങ്ങ്‌ തെളിയിക്കാനുള്ള മാർഗമാണോ. ഏഹ് "

ഹരിയുടെ സ്വരത്തിൽ നിറയെ ദേഷ്യമാണ്.
സീത തെറ്റ് ചെയ്ത കുട്ടികളെ പോലെ അവനെ നോക്കാതെ തല കുനിച്ചുനിന്നു.

"നിന്റെ ഫോൺ എവിടെടി?"
ഹരി വീണ്ടും ചോദിച്ചു.

"അത്... അത് ഓൺ ആവുന്നില്ല ഹരി "

കണ്ണൻ കേൾക്കുന്നതിന്റെ ജാള്യതയോടെയാണ് സീതയുടെ ഉത്തരം.

"ആവൂല..അതെങ്ങനെ ഓണാവാനാണ്. അത് എറിഞ്ഞ് കളയേണ്ട സമയം എന്ന് കഴിഞ്ഞു പോയി. എന്നാ നല്ലതൊരണ്ണം തരാമെന്ന് പറഞ്ഞാലോ? അവളുടെ ഒടുക്കത്തെ അഭിമാനം.. അന്തസ്.. മാങ്ങാതൊലി. മോന്തയടിച്ച് പൊളിച്ചാ തീരാവുന്ന പ്രശ്നങ്ങളെ നിനക്കുള്ളു. അതെന്നെ കൊണ്ട് ചെയ്യിക്കരുത് നീ."

മുന്നിൽനിന്നും ഉറഞ്ഞ് തുള്ളുന്നവനെക്കാൾ സീതയുടെ നോട്ടമത്രയും പോയത്.. ഹരിയുടെ നേരെ സൂക്ഷിച്ച് നോക്കിനിൽക്കുന്ന കണ്ണന്റെ നേരെയാണ്.

"നിന്നെക്കുറിച്ച് നിനക്ക് വല്ല്യ ചിന്തയൊന്നുമില്ലായിരിക്കും. പക്ഷേ മറ്റുള്ളവരെ കുറിച്ച് നല്ല ബോധമാണല്ലോ. അതിന്റെ പാതിയെങ്കിലും നീ സ്വന്തം കാര്യത്തിലും കാണിക്കെന്റെ സീതേ. ഒരു പ്രശ്നമുണ്ടാവുമ്പോൾ നിനക്ക് വേണ്ടി ഓടാൻ,നിനക്കെങ്കിലും ആരോഗ്യം വേണ്ടേ ടി?"

അർജുനോടുള്ളതാണ് ആ ദേഷ്യത്തിൽ ഏറെയും.

"ഹരി... "

വീണ്ടും എന്തോ പറയാൻ തുടങ്ങിയവന്റെ കയ്യിൽ പിടിച്ച് കൊണ്ട് സീത വിളിച്ചു.

"ശ്രീനിലയത്തിലെ മുത്തശീടെ കൊച്ചു മോനാണ്."

കണ്ണനെ ചൂണ്ടി സീത പറയുമ്പോൾ മാത്രമാണ് അങ്ങനൊരാൾ കൂടി അവൾക്കൊപ്പമുള്ളത് ഹരി കാണുന്നത്.

"ഹായ്.. ഹരി... ഹരിപ്രസാദ് "

ഗൗരവം ഒട്ടും കുറക്കാതെ തന്നെ ഹരി കൈ നീട്ടി.

"കിരൺവർമ്മ "

കണ്ണന്റെ കൈകളും അവന്റെ കയ്യിൽ ചേർന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story