സ്വന്തം ❣️ ഭാഗം 14

swantham

രചന: ജിഫ്‌ന നിസാർ

"ഒരുപാട് നന്ദിയുണ്ട് കിരൺ.ഇവൾക്ക് ഈ നേരത്ത് ഇറങ്ങി നടക്കാനൊന്നും പേടിയില്ലെന്ന് പറയും. എന്നാലും കൂടെക്കൊണ്ട് വിടാനുള്ള മനസ്സ് കാണിച്ചല്ലോ?"

ഹരി സീതയെ നോക്കി കണ്ണ് കൂർപ്പിച്ചു.

കണ്ണൻ അവന്റെ ഭാവങ്ങളൊരോന്നും ശ്രദ്ധിച്ചാണ് നിൽക്കുന്നത്.

"നീ ഇനിയൊന്ന് മിണ്ടാതെയിരിക്ക് ഹരി "

സീതയവന്റെ കൈയിൽ ഒരു നുള്ള് കൊടുത്തു.

"ഓ.. അല്ലേലും എന്റെ മെക്കിട്ട് കയറാനും എന്നെ വേദനിപ്പിക്കാനും നിനക്ക് നല്ല മിടുക്കാണ്. ആ സാമർഥ്യം സ്വന്തം കാര്യത്തിലും കാണിച്ചൂടെ? അത് പറയുമ്പോൾ അവൾക്കേതാണ്ട് ഭദ്രകാളിയുടെ സ്വഭാവമാണ്. സീതാ ലക്ഷ്മിയെന്ന പേരും ഭദ്രകാളിയുടെ സ്വഭാവവും. നല്ല കോമ്പിനേഷൻ "
ഹരി മനഃപൂർവ്വം സീതയെ ദേഷ്യം പിടിപ്പിക്കാൻ നോക്കുന്നുണ്ട്.

കണ്ണന് ചിരി വന്നു അവളുടെ അപ്പോഴത്തെ ഭാവം കണ്ടപ്പോൾ.

സീത ഹരിയെ പരമാവധി നോക്കി പേടിപ്പിക്കുന്നുണ്ട്.
അവനതൊന്നും മൈന്റ്പോലും ചെയ്യുന്നില്ല.

"ഹരിപ്രസാദ് എന്ത് ചെയ്യുന്നു?"
കണ്ണന്റെ ചോദ്യം കേട്ടപ്പോഴാണ് വീണ്ടും ഹരി അവനെയോർക്കുന്നത്.

"അഗ്രികൾച്ചർ ഓഫിസറാണ്."

ഹരി കണ്ണനെ നോക്കി പറഞ്ഞു.

"ഇവിടെ തന്നെയാണോ?"

"അല്ല. രണ്ട് ദിവസസത്തെ ലീവിന് വന്നതാണ്. നാളെ രാവിലെ തിരികെ പോവും. അതിന് മുൻപ് ഇവളോട് യാത്ര പറയാൻ വീട്ടിൽ ചെന്നപ്പോഴാണ് ഇവളെത്തിയിട്ടില്ലെന്ന് അറിഞ്ഞത്."

വീണ്ടും ഹരിയുടെ കണ്ണുകൾ സീതയുടെ നേരെ പാഞ്ഞു.

അവൾ നേർത്തൊരു ചിരിയോടെ രണ്ടുപേരെയും നോക്കി നിൽക്കുന്നുണ്ട്.

"അടുത്താണോ ഹരിയുടെ വീട്?"

കണ്ണന്റെ മനസ്സിലേക്ക് എന്തിനെന്നറിയാതെ അസ്വസ്ഥയുടെ കരിവണ്ടുകൾ ഇരച്ചെത്തിയിരുന്നു അന്നേരംകൊണ്ട് തന്നെ.

എങ്കിലും ആ ഭാവം മുഖത്ത് വരാതിരിക്കാൻ അവൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്.

"ഏയ്‌ അല്ല.. കുറച്ചു ദൂരെയാണ്. ഇവളെ കാണാതെ പോവാനാവില്ല. കാലത്ത് അഞ്ചിന് മുന്നേ പോകും. അതാണ്‌ വൈകുന്നേരം തന്നെ കണ്ടിട്ട് പോവാനിറങ്ങിയത്."
ഹരിയുടെ വാക്കുകൾക്ക് കാത്തോർക്കുമ്പോഴും കണ്ണന്റെ കണ്ണുകൾ ഇടയ്ക്കിടെ സീതയുടെ നേരെ തെന്നി മാറുന്നുണ്ട്.

അത് വരെയും അവനെ പൊതിഞ്ഞ് നിന്നിരുന്ന സുഖമുള്ള ഭാവം പെടുന്നനെയാരോ വലിച്ചുകീറിയത് പോലെ.

"കിണ്ണൻ എന്നോട് ചോദിച്ചില്ലേ കുറച്ച് മുന്നേ. എന്നെയറിയാൻ.. എന്നെ ഞാൻ പറയാതെയറിയാൻ ആരെയെങ്കിലും കരുതി വെച്ചിട്ടുണ്ടോയെന്ന്? അതിനുത്തരമായി ഒരു പരിധിവരെയും എനിക്കീ ഹരിയെ ചൂണ്ടി കാണിക്കാൻ കഴിയും. കാരണം ഇവന് ഞാൻ പറയാതെ പലപ്പോഴും എന്നെയറിയാൻ കഴിഞ്ഞിട്ടുണ്ട്. അല്ലേടാ? "

സീത കുറച്ചുക്കൂടി ഹരിയുടെ അടുത്തേക്ക് നീങ്ങി നിന്നിട്ട് ചോദിച്ചപ്പോൾ, ഹരി അവളുടെ തോളിൽ ചേർത്ത് പിടിച്ചിട്ട് അതേയെന്ന് തലയാട്ടി.

"പക്ഷേ ഇവൾക്ക് ഒടുക്കത്തെ ജാഡയാണ് കിരൺ. അത്രപെട്ടന്നൊന്നും ആർക്കും പിടി തരില്ല. ഞാൻ തന്നെ ഈ മനസ്സിനകത്തേക്ക് പലപ്പോഴും ഇടിച്ചു കയറികൂടലാണ്"

ഹരി കുസൃതിയോടെ പറഞ്ഞു.

കണ്ണൻ ചെറിയൊരു ചിരിയോടെ അവരെ നോക്കി നിന്നു.

"പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം കിരൺ. ഇനിയും നിന്ന ഇവളുടെ വീട്ടിലുള്ളവർ പേടിക്കും. പോട്ടെ"

ഹരി യാത്ര പറയുംപോലെ വീണ്ടും കണ്ണന് നേരെ കൈനീട്ടി.

കണ്ണനും അവന് കൈ കൊടുത്തു.

"പോട്ടെ. "

സീതയും കണ്ണനെ നോക്കി ചിരിച്ചു.

അവൻ തലയാട്ടി.

"മുത്തശ്ശിയെ ഒന്ന് ശ്രദ്ധിച്ചേക്കണേ. അവിടെയാരും ഇന്ന് ആ വഴി പോവില്ല. അറിയാലോ?"
സീത ആകുലതയോടെ പറഞ്ഞത് കേട്ടിട്ട് കണ്ണൻ ചിരിച്ചു.

"അതോർത്ത് ടെൻഷനാവേണ്ടടോ. ഞാൻ നോക്കിക്കോളാം "

അവന്റെ മറുപടി കേട്ടപ്പോൾ അവളുടെ മനസ്സിന് ആശ്വാസമായിരുന്നു.

"മഴ കൂടി വരുന്നുണ്ട്. പെട്ടന്ന്പോയാൽ നനയും മുന്നേ വീട്ടിലെത്താം "

വീണ്ടും കണ്ണനെ നോക്കി സീത പറഞ്ഞു.

അൽപ്പം മുന്നേ പിണങ്ങി പിരിഞ്ഞുപോയ ആ സുഖമുള്ള തണുപ്പ് വീണ്ടും കണ്ണനെ പൊതിഞ്ഞു.

പോയിട്ടോ "ഒരിക്കൽ കൂടി യാത്ര ചോദിച്ചിട്ട് ഹരിക്കൊപ്പം അവൾ തിരിഞ്ഞു നടന്നതിന് ശേഷമാണ് കണ്ണൻ തിരികെ നടന്നത്.

                    ❣️❣️❣️❣️

"എന്ത് ഭ്രാന്താണ് നിങ്ങൾ പറയുന്നത്?"

രാജി ചാടി എഴുന്നേറ്റുകൊണ്ട് ചോദിച്ചു.

"അന്നങ്ങനെ സംഭവിച്ചുപോയി. ഞങ്ങള് വിചാരിച്ചത് പോലൊന്നുമല്ല പിന്നീട് നടന്നത്. അവനൊപ്പം അവളെയും അടിച്ചിറക്കാം എന്ന് കരുതിനിന്ന ഞങ്ങളെ,വെറും നോക്കുകുത്തികളാക്കി മാറ്റി അവൻ അവളെയൊരു മാലയിട്ട് സ്വീകരിച്ചു "
സാവിത്രിക്ക് അത് പറയുമ്പോൾപോലും ദേഷ്യമടക്കാൻ ആവുന്നില്ല.

"അത് നിങ്ങള് അനുവദിച്ചും കൊടുത്തുവല്ലേ?"

കണ്ണ് നിറച്ചു നിൽക്കുന്ന ആര്യയെ നോക്കിയാണ് രാജി അത് ചോദിച്ചത്.

"നീ എന്തറിഞ്ഞിട്ടാ രാജി ഈ പറയുന്നത്?നമ്മള് വിചാരിച്ചുവെച്ചത് പോലൊന്നുമല്ല ഈ കിരൺ. അവനെന്തോ ഗൂഡലക്ഷ്യമുണ്ട്. നാളിതുവരെ അമ്മയുടെ അവകാശത്തെപറ്റി ഒരക്ഷരം മിണ്ടാത്തവൻ പ്രതാപേട്ടനോട് നേർക്കുനേർ നിന്നിട്ടാണ് അത് അവൻ നേടിയെടുക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞത്."

ഭാമ രാജിയെ നോക്കി പറഞ്ഞു .

കണ്ണൻ മുത്തശ്ശിയുടെ മുറിയിൽ നിന്നും അങ്ങനെയൊക്കെ പറഞ്ഞിട്ട് പോയ ദേഷ്യം അവരുടെ മനസ്സിന്‌ താങ്ങാവുന്നതിലും അധികമായിരുന്നു.

"പെട്ടന്ന് ഒരു രാത്രി ഒപ്പം പിടിക്കപെട്ടവളോട് അവന് ദിവ്യപ്രേമം എങ്ങനെ വന്നു? മാലയിട്ട് സ്വീകരിക്കാൻ മാത്രം "

ആര്യ ദേഷ്യവും സങ്കടവും അമർത്തിവെക്കാനാവാതെ ഭാമയെ നോക്കി.

"അതൊന്നും എത്ര ആലോചിച്ച് നോക്കിയിട്ടും ഞങ്ങൾക്കാർക്കും ഇത് വരെയും മനസ്സിലായിട്ടില്ല. പക്ഷേ ഒന്നുറപ്പാണ്. ഉപേക്ഷിച്ച് കളയാനല്ല കിരൺ ആ സീതാലക്ഷ്മിയെ മാലയിട്ട് സ്വീകരിച്ചത്."

സാവിത്രി അവരുടെ മനസ്സിൽ തോന്നിയത് അവരോട് പറഞ്ഞു.

"അതേ. ആ കാര്യം ചേച്ചി പറഞ്ഞത് വളരെ ശരിയാണ്.അവൻ അവൾക്ക് വേണ്ടി സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു."

ഭാമയും അത് ഏറ്റ് പിടിച്ചു.

"അവനെന്തോ തോന്നിവാസം ചെയ്തു. നിങ്ങളത് അംഗീകരിച്ചും കൊടുത്തു. നല്ല കഥ. അല്ലങ്കിൽ തന്നെ സ്വന്തം കുടുംബത്തിന് മുന്നിൽ തല കുനിച്ച് നിൽക്കാൻ കാരണകാരിയായവളെ വെറുക്കുന്നതിന് പകരം ആരെങ്കിലും മാലയിട്ട് സ്വീകരിക്കുമോ? എനിക്കങ്ങോട്ട് വിശ്വാസം വരുന്നില്ല "

രാജിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നുപോയിരുന്നു.

"നീ വിശ്വസിച്ചാലും ഇല്ലേലും നിന്നോടിപ്പോൾ പറഞ്ഞത് ഇവിടെ സംഭവിച്ച കാര്യങ്ങൾ തന്നെയാണ്. അവൻ വരുന്നത് വിളിച്ചുപറഞ്ഞറിയിച്ചത് മുതൽ ഒരുക്കി വെച്ച കെണിയാണ്. അമ്മയെ പാട്ടിലാക്കിയ ആ മഹാറാണിയുണ്ടല്ലോ,സീതാ ലക്ഷ്മി. അവളെ കൂടി തുരത്താൻ കരുതിവെച്ചതായിരുന്നു. അതിപ്പോ ഞങ്ങൾക്ക് തന്നെ പാരയായി മാറി "

സാവിത്രി ഇച്ഛാഭംഗത്തോടെയാണ് പറഞ്ഞത്.

ആര്യയുടെ മുഖം പാടെ പ്രതീക്ഷ വറ്റിയതുപോലായിരുന്നു.

"അന്ന് വെളുക്കുംമുന്നേ കിരൺ യാത്രപോലും പറയാതെയിറങ്ങി പോയപ്പോൾ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. അവനിനി ഈ വഴിക്ക് വരില്ലെന്നുള്ളത്. രണ്ടു മാസത്തോളം അവൻ ഇങ്ങോട്ട് വന്നിട്ടില്ല . അവളെ ഇവിടെ നിന്നിറക്കി വിടാൻ അമ്മ സമ്മതിച്ചതുമില്ല."

ഭാമ രാജിയെ നോക്കി.

"പക്ഷേ ഇപ്പൊ മനസിലാവുന്നുണ്ട്. അവൻ മനഃപൂർവ്വം മാറി നിന്നതാണ്. തിരികെ വന്നത് പേടിച്ചോടാനുമല്ല. കിരണിന് വ്യക്തമായ ചില ഉദ്ദേശങ്ങളുണ്ട്. അന്നവൻ അവൾക്ക് കൊടുത്തത് വെറുമൊരു മാലയല്ല. അവന്റെ ജീവിതംതന്നെയാണ് "

ഉറപ്പോടെ സാവിത്രി പറയുമ്പോൾ രാജിയുടെ കണ്ണിൽ ദേഷ്യം ജ്വലിച്ചു.

വിചാരിച്ചുവെച്ചതൊന്നും നടക്കില്ലേ എന്നൊരു ടെൻഷൻ അവരുടെ സമനിലതെറ്റിച്ചതുപോലായിരുന്നു.

                      ❣️❣️❣️❣️

"നീ എന്തിനാ ഹരി അവിടെനിന്നങ്ങനെയൊക്കെ വിളിച്ചു പറഞ്ഞത്? ഞാനങ്ങ് വല്ലാതായി പോയി."

സീത ഹരിയുടെ തോളിൽ അടിച്ചു കൊണ്ട് ചോദിച്ചു.

"ഞാൻ എന്താണ് ഇല്ലാത്തത് പറഞ്ഞത്?"
ഹരിയവളെ ചുഴിഞ്ഞു നോക്കി.

"അല്ല ഞാൻ പറഞ്ഞതും ചെയ്തതും വല്ല്യ തെറ്റെന്ന് പറയുന്നുണ്ടല്ലോ? നീ ഇന്ന് ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോടീ നിനക്ക്?  ഞാൻ ചെല്ലുമ്പോൾ നിന്നേം നോക്കി ഇരിപ്പുണ്ട് നിന്റെ ചേച്ചി. ഒന്ന് വിളിച്ചു നോക്കാൻ നിനക്കൊരു ഫോൺ പോലുമില്ല. ഈ നേരത്ത് ആ കുഞ്ഞിനെ അവിടെയിട്ട് അവളെങ്ങനെ നിന്നെ തിരഞ്ഞുപോരും. അത് വല്ലതും നീ ഓർത്തോ?"

അജുവിനോട് പാർവതി ശ്രീനിലയത്തിൽ പോവാൻ പറഞ്ഞത് ഹരി മനഃപൂർവ്വം ഒഴിവാക്കി, ബാക്കിയാണ് സീതയോട് പറഞ്ഞത്.

അക്കാര്യം അവളെയെത്രത്തോളം വേദനിപ്പിക്കുമെന്ന് അവന് നന്നായിയറിയാം.

"ഞാൻ.. ഞാനും പെട്ട് പോയതാ ഹരി. മുത്തശ്ശിക്ക് വയ്യ. അതൊരു കാരണം. പിന്നെ ഇറങ്ങാൻ നേരം അവിടുത്തെ കുറച്ചു ചൊറിയൻ ചേമ്പുകളുടെ ഇടയിൽ കുരുങ്ങി. എല്ലാംക്കൂടി ഈ നേരവുമായി. അത്ര തന്നെ."

സീത ഹരിയെ നോക്കി പറഞ്ഞു.

"ഇനിയും ഈ അവസ്ഥതന്നെ ആവർത്തിക്കേണ്ടി വരും. അന്നും എല്ലാവരേം ഇങ്ങനെ ടെൻഷനടിപ്പിച്ച് നിർത്താം നിനക്ക് "

ഹരി ഗൗരവത്തിൽ തന്നെയാണ്.

"കുടുങ്ങി കിടക്കുന്ന അവസ്ഥ വിളിച്ചുപറയാൻ ഒരു ഫോണുണ്ടോ നിനക്ക്? കയ്യിലാകെയുള്ളത് യാതൊരു ആവിശ്യവുമില്ലാത്ത കുറേ ദുരഭിമാനം മാത്രം."
ഹരി വിളിച്ചുപറയുന്നതൊക്കെ അവന്റെ മനസ്സിൽ തന്നെക്കുറിച്ചുള്ള ആധിയാണെന്ന് അറിയാവുന്നത് കൊണ്ട് സീതയൊന്നും മിണ്ടാതെ അവനൊപ്പം നടന്നു.

"നീയിപ്പോൾ ഒരു ഫോണ് വാങ്ങാൻ പറ്റിയ സിറ്റുവേഷനല്ലന്ന് എനിക്കറിയാം.അത് അറിഞ്ഞിട്ട് തന്നെയാണ് സീതേ ഞാൻ പുതിയ ഫോൺ വാങ്ങുന്നുണ്ട്.. എന്റെ കയ്യിലുള്ളതെങ്കിലും നീ സ്വീകരിക്കണം എന്ന് ഞാനന്ന് പറഞ്ഞത്.കേട്ടോ നീ.എന്തൊക്കെ ന്യായങ്ങളായിരുന്നു നിനക്കന്ന്.പുതിയത് ഏതായാലും നീ വാങ്ങില്ലെന്ന് എനിക്കറിയാം.നീ അഭിമാനിയല്ലേ?"

ഹരിയുടെ പരിഭവം തീരുന്നില്ല.

സീതക്ക് അവന്റെ നേരെ നോക്കുമ്പോൾ ചിരിയാണ് വന്നത്.

"നിനക്കൊരു ഫോണിന്റെ ആവിശ്യമുണ്ടായിട്ടല്ലല്ലോ അന്ന് നീ ഫോൺ വാങ്ങാൻ പോയത്.എനിക്ക് വേണ്ടിയിട്ടല്ലേ.മാത്രവുമല്ല.. അന്നെന്റെ ഫോണിന് ഇത്രേം പ്രശ്നങ്ങളും ഇല്ലായിരുന്നു "
സീത പറഞ്ഞു.
ഹരി നടത്തം നിർത്തി അവളെത്തന്നെ നോക്കി നിന്നു.

"ന്തേയ്‌..?"
അവന്റെ നിൽപ്പ് കണ്ടിട്ട് അവള് ചോദിച്ചു.

"നിന്നെയെടുത്താ വയലിലെറിഞ്ഞാലോ എന്നാലോചിച്ച് നിന്ന് പോയതാ"

അവൻ പുച്ഛത്തോടെ പറഞ്ഞു.

"ഞാൻ നിന്റെ കൂട്ടുകാരിയല്ലേടാ?"

സീത അൽപ്പം കുറുമ്പോടെ ചോദിച്ചു.

"ആണോ? എനിക്ക് അറിയില്ലായിരുന്നു കേട്ടോ. ഒരു കൂട്ടുകാരി വന്നേക്കുന്നു. എടീ അങ്ങനെയാണ് നീ എന്നെ കണ്ടേക്കുന്നതെങ്കിൽ, എല്ലാം അനുസരിക്കണം എന്ന് പറയുന്നില്ല.വല്ലപ്പോഴും ഞാൻ പറയുന്നതൊന്ന് അനുസരിച്ചൂടെ നിനക്ക്? എന്നിട്ടവള് പറയുവാ.. "

ഹരി സീതയുടെ തലയിൽ ഒരു കൊട്ട്ക്കൊടുത്തു.
"വാ. നടക്ക്. നേരം നല്ലോണം വൈകിയിട്ടുണ്ട്. ഇനി ഈ മഴ നനഞ്ഞ് പനി പിടിക്കേണ്ട. സീതാ ലക്ഷ്മി സ്ട്രോങ്ങ്‌ ആണെന്ന് മഴക്ക് അറിയില്ലല്ലോ?"

ഹരി ചിരിച്ചു കൊണ്ട് വീണ്ടും നടന്നു.

"ആരെയും ബുദ്ധിമുട്ടിക്കരുത് എന്ന് കരുതിയിട്ടാണ് ഹരി."

സീത പതിയെ പറഞ്ഞു.

"അറിയാം. എനിക്ക് മനസിലാവും. പക്ഷേ ചിലപ്പോഴൊക്കെ നമ്മുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും. അതിൽ നാണക്കേട് തോന്നിയിട്ട് കാര്യമില്ല."

ഹരി അവളെ നോക്കി പറഞ്ഞു.

"ഇപ്പൊ തന്നെ എട്ടുമണി കഴിഞ്ഞു. ആ ചെക്കൻ കൂടെ വന്നില്ലായിരുന്നു എങ്കിൽ ഇത്രേം ദൂരം നീ ഒറ്റയ്ക്ക് വരണ്ടേ? ആരാണ് നിന്നെ തേടി വരാൻ? നിന്റെ അവസ്ഥ ശരിക്കും അറിയാവുന്ന ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ.. അത്പോലും ആരെങ്കിലും അറിയുമോ?"

ഹരി ചോദിക്കുമ്പോൾ സീത മിണ്ടാതെ നടന്നു.

"കാര്യം നിനക്ക് ധൈര്യമുണ്ട്. അതിലെനിക്കും സംശയമില്ല. പക്ഷേ വിഡ്ഢിത്തം കാണിച്ചിട്ട് ധൈര്യം തെളിയിക്കാൻ നോക്കരുത്. അത് അപകടത്തിൽ കൊണ്ടെത്തിക്കും. നിന്റെ അവസ്ഥ നിനക്ക് ശരിക്കും അറിയാമല്ലോ. അപ്പോൾ നിന്റെ കാര്യത്തിൽ മറ്റുള്ളവരെക്കാൾ നീ തന്നെ ശ്രദ്ധിക്കണം. പറയുന്നത് മനസ്സിലാവുന്നുണ്ടോ സീതേ?"

ഹരി അവളെ നോക്കി.

സീത പതിയെ തലയാട്ടി.

അതേ നിമിഷം തന്നെ അവളുടെ മനസിലേക്ക് കണ്ണന്റെ വാക്കുകളും കടന്ന് വന്നു.

'ആരുമില്ലെന്ന് തോന്നുന്ന നിമിഷം നീയൊന്ന് പിന്നിലേക്ക് നോക്കണം സീതാലക്ഷ്മി.. ഞാനുണ്ടല്ലോ അവിടെ!'

അറിയാതെത്തന്നെ അവളുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു.

"ശ്രീനിലയത്തിൽ ഇങ്ങനൊരു അവതാരം കൂടിയുണ്ടായിരുന്നോ ടീ? ഇത് വരെയും നീ പറഞ്ഞു കേട്ടിട്ടില്ലല്ലോ."

ഹരി ചോദിക്കുന്നത് കണ്ണനെക്കുറിച്ചാണ്.

"കണ്ണൻ ഇങ്ങോട്ട് വരാറില്ല ഹരി. മുത്തശ്ശിടെ മോള് ദേവയാനിയുടെ മോനാണ്. അവര് ബാംഗ്ലൂരിലാണ്. വല്ലപ്പോഴും മാത്രം വരാറുള്ളൂ.അവിടെ ഡോക്ടറാണ് കണ്ണൻ"

അത് വരെയുമില്ലാത്ത ആവേശത്തിൽ സീത പറയുന്നതിലേക്ക് ഹരിയുടെ മനസ്സാണ് തുറിച്ചു നോക്കിയത്!....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story