സ്വന്തം ❣️ ഭാഗം 15

swantham

രചന: ജിഫ്‌ന നിസാർ

ഒരുമിച്ചുനടന്നു തീർത്ത വഴികളിൽ കൂടി തിരികെ നടന്നപ്പോൾ വല്ലാത്തൊരു ശൂന്യതയുടെ ചുഴിയിൽ വീണുപോയിരുന്നു കണ്ണൻ.

അത് വരെയും ചുറ്റിപറ്റി നിന്നിരുന്ന കാറ്റ് പോലും നിലച്ചുപോയി.

പൊടിഞ്ഞു തുടങ്ങിയ മഴതുള്ളികൾക്ക് കനം വെച്ചു.

പൊഴിഞ്ഞുവീഴുമ്പോൾ കുളിരിന് പകരം നേർത്തൊരു വേദന നൽകുന്നുണ്ട്.

കണ്ണൻ കുറച്ചുക്കൂടി വേഗത്തിൽ നടന്നു.

അരമണിക്കൂറുക്കൊണ്ട് നടന്നു തീർത്ത വഴികൾ അഞ്ചുമിനിറ്റ് കൊണ്ട് ഓടി തോൽപ്പിക്കാൻ വാശിയുള്ളതുപോലെ കണ്ണന്റെ കാലുകൾക്ക് വീണ്ടും വേഗതയേറി.

എന്നിട്ടും ശ്രീനിലയത്തിലെത്തുമ്പോൾ അവനാകെ നനഞ്ഞുപോയിരുന്നു.

ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പുയർത്തി തല തുടച്ചുകൊണ്ടവൻ തിരിഞ്ഞപ്പോൾ മാത്രമാണ് ഉമ്മറത്തുത്തന്നെയിരിക്കുന്നവരെ കണ്ടത്.

അത് തനിക്കുവേണ്ടിയുള്ള കാത്തിരിപ്പാണെന്ന് കനപ്പിച്ചുപിടിച്ച ആ മുഖങ്ങൾ കണ്ടപ്പോൾ തന്നെ കണ്ണന് മനസ്സിലായി.

എല്ലാവർക്കും ഒരേ ഭാവം.

താനിപ്പോ അവരുടെ മുന്നിലേക്ക് കിടന്നുകൊടുത്താൽ പച്ചക്ക് തിന്നാനുള്ളത്രേം ദേഷ്യം.

കണ്ണനത് കണ്ടപ്പോൾ ചിരിക്കാനാണ് തോന്നിയത്.

കൈ കൊണ്ട് മുടി കോതിയൊതുക്കി അതേ ചിരിയോടെത്തന്നെയാണ് അവൻ അകത്തേക്ക് കയറിയതും.

ആ നിറഞ്ഞ ചിരിയിൽ അവരുടെ മുഖം വീണ്ടും കറുത്ത് മങ്ങുന്നത് അവന് മനസ്സിലായി.

"ഇത് വരെയും നീ കാണിച്ചുക്കൂട്ടിയത് ഒരു തമാശയാണെന്നാ ഞങ്ങളെല്ലാം കരുതിയിരുന്നത്. അങ്ങനെയല്ലെന്ന് ഇന്നത്തോടെ പൂർണബോധ്യമായ സ്ഥിതിക്ക് ഇനിയും മൗനം പാലിച്ചിരുന്നാൽ ശരിയാവില്ല. അത് കൊണ്ട് ഇപ്പൊ.. ഇവിടെ വെച്ച് നീ ഞങ്ങൾക്ക് വ്യക്തമായൊരു ഉത്തരം തന്നേ പറ്റൂ "

പ്രധാപ് വർമ്മയുടെ വാക്കുകൾക്ക് പോലും വല്ലാത്ത കനം തോന്നി കണ്ണന്.
അവൻ അതേ ചിരിയോടെ തന്നെ നെഞ്ചിൽ കൈ കെട്ടി ചുവരിൽ ചാരി നിന്നു.

"കിരണേ.. നിന്നോടാണ് ചോദിച്ചത്?"
അവന്റെ നിൽപ്പ് കണ്ടിട്ടുള്ള ദേഷ്യം രവിയുടെ സ്വരത്തിൽ നന്നായിയറിയാം.

"നിങ്ങൾക്കെല്ലാവർക്കും എന്തോ അറിയണമെന്നല്ലേ ചോദ്യം? അറിയേണ്ടത് എന്താണെന്നുക്കൂടി പറയാതെ ഞാനെങ്ങനെ ഉത്തരം പറയാനാണ്. എനിക്ക് മാജിക്കൊന്നും അറിയില്ലല്ലോ?"

കണ്ണൻ അവരെയെല്ലാം ഒന്ന് കണ്ണോടിച്ചു നോക്കി കൊണ്ടാണ് ഉത്തരം പറഞ്ഞത്.

രാജിയുടെ മറവിൽ പരിഭവത്തോടെ തന്നെ നോക്കി നിൽക്കുന്ന ആര്യയെ കണ്ടപ്പോൾ.. അവളുടെയാ മുഖത്തിന് ഒട്ടും ചേരാത്ത പരിഭവം, അവനൊന്നു പൊട്ടിച്ചിരിക്കണം എന്നുണ്ടായിരുന്നു.
വളരെ പണിപ്പെട്ടിട്ടാണ് കണ്ണൻ ആ ആഗ്രഹത്തെ ഒതുക്കിപ്പിടിച്ചത്.

"എന്നിട്ടും അവന്റെ അഹങ്കാരത്തിന് വല്ല മാറ്റവുമുണ്ടോയെന്ന് നോക്കിക്കേ..?"

സാവിത്രി മുഖം വെട്ടിച്ചുക്കൊണ്ട് പറഞ്ഞു.

"എന്റെ അമ്മായി. എനിക്കെതിരെ കൂടിയിരുന്ന് നിങ്ങൾ ഓരോന്ന് ആലോചിക്ക് കൂട്ടി പ്ലാൻ ചെയ്തപ്പോൾ ഞാനില്ലായിരുന്നു ഇവിടെ.അപ്പോൾ നിങ്ങളുടെ മനസ്സിലുള്ളത് എന്താണോ അത് നിങ്ങൾ എന്നോട് തെളിയിച്ചു പറഞ്ഞു തരാതെ ഞാനെങ്ങനെ ഉത്തരം പറയാനാണ്. ഇതിന്റെ പേരാണോ അഹങ്കാരം?"

കണ്ണൻ തിരിച്ചു ചോദിച്ചു.

"നീ വല്ലാതെ പൊട്ടൻ കളിക്കല്ലേ കിരണേ. എന്റെ മോളെ പറഞ്ഞു മയക്കിയെടുത്തിട്ട് നീയിപ്പോൾ ഏതോയൊരുത്തിക്ക് വേണ്ടി ഇന്നിവിടെ കിടന്നു വല്ലാതെ തുള്ളിയല്ലോ? അവളെതാണ്ട് മദർതെരേസയാണെന്നല്ലേ നീ പറഞ്ഞത്? അവള് നിന്റെയാരാ? എന്താ നീയും അവളും തമ്മിലുള്ള ബന്ധം?"

കയ്യിൽ പിടിച്ചു നിൽക്കുന്ന ആര്യയെ പിടിച്ചു മുന്നിലേക്ക് തള്ളിക്കൊണ്ടാണ് രാജി ചോദിക്കുന്നത്.

കണ്ണന്റെ ചിരി മാഞ്ഞു.

"നിങ്ങളുടെ മകളെ സ്വീകരിച്ചുകൊള്ളാമെന്ന് ഞാൻ നിങ്ങൾക്കോ നിങ്ങളുടെ മകൾക്കോ വാക്ക് തന്നിട്ടുണ്ടോ?"

രാജിയുടെ അരികിൽ പോയി നിന്നിട്ട് കണ്ണൻ ചോദിച്ചു.

അവന്റെയാ ഭാവത്തിൽ രാജിക്ക് പേടിതോന്നിയിരുന്നു.

"നിന്നോട് ഞാനെപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോടി നിന്നെയെനിക്ക് ഇഷ്ടമാണെന്ന്?"

കണ്ണൻ ആര്യയെ നോക്കി.

അവൾ രാജിയെ പേടിയോടെ നോക്കി.

"ഉണ്ടോടി?"

കണ്ണന്റെ ശബ്ദം ഒന്നുകൂടി ഉയർന്നു.

"ഇല്ല..."

ആര്യ വിറച്ചുക്കൊണ്ട് തലയാട്ടി.

"അതാണ്.. അപ്പൊ അതിനൊരു തീരുമാനമായില്ലേ? ഇനി ബാക്കിയുള്ളത് "

കണ്ണൻ വീണ്ടും ചിരിച്ചു കൊണ്ട് ചുറ്റുമുള്ളവരെ നോക്കി.

"ഞാനോ എന്റെ പപ്പയോ അമ്മയോ ആരും അങ്ങനൊന്നും ഇവിടാർക്കും വാക്ക് തന്നിട്ടില്ല. അനാവശ്യചിന്തകൾ കൊണ്ട് കൊട്ടാരം കെട്ടിയത് നിങ്ങളാണ്. അപ്പോൾ അത് തകർന്ന് വീണെങ്കിൽ തീർച്ചയായും അതിന്റെയുത്തരവാദിത്തം മുഴുവനും നിങ്ങൾക്ക് തന്നെയാണ് "

കണ്ണൻ രാജിയെ നോക്കി.

"ആര്യയെ വേണ്ടങ്കിൽ വേണ്ട. പക്ഷേ അവളുണ്ടല്ലോ. നീ ആകാശത്തോളം ഉയരങ്ങളിൽ കൊണ്ട് നടക്കുന്ന ആ സീതാലക്ഷ്മി.. അവളെ ഭാര്യയാക്കി കൊണ്ട് ഇവിടെ ജീവിക്കാമെന്ന് പൊന്നുമോൻ സ്വപ്നം പോലും കാണണ്ട.സമ്മതിച്ചുത്തരില്ല "

ഭാമ പല്ല് കടിച്ചുക്കൊണ്ട് കണ്ണനെ നോക്കി പറഞ്ഞു.

"അതിനെനിക്ക് നിങ്ങളുടെ സമ്മതം വേണ്ടങ്കിലോ? നിങ്ങൾക്കാർക്കുമറിയില്ല.. സീതലക്ഷ്മി കിരൺവർമ്മയ്ക്ക് ആരാണെന്ന്.. ഞാനെത്രയവളെ സ്വപ്നം കണ്ടിട്ടുണ്ടെന്ന്."

അവരെയെല്ലാം നോക്കി കണ്ണനത് പറയുമ്പോൾ എല്ലാവരും അത്ഭുതത്തോടെ പരസ്പരം നോക്കി.

അത്രയും ആർദ്രമായി പറയുന്നവനെ നോക്കുമ്പോൾ ആര്യയുടെ മുഖം വീണ്ടും വീർത്തു.. അസൂയക്കൊണ്ട്.

"നിങ്ങളുടെ മനസ്സിൽ ഞാനും അവളും അന്നായിരിക്കും ആദ്യമായി കണ്ടെതെന്നല്ലേ? നിങ്ങളൊരുക്കിയ കെണിയിൽ വീഴും മുന്നേ എന്റെ മനസ്സിൽ അവളെന്റെ പെണ്ണായിരുന്നെന്ന് പറഞ്ഞാൽ... അതുക്കൂടി സഹിക്കാൻ മനസ്സിന് കരുത്തുണ്ടോ നിങ്ങളിൽ,ഇനിയും"

കണ്ണൻ കളിയാക്കിക്കൊണ്ട് ചോദിക്കുമ്പോൾ... ഒന്നും മനസ്സിലാവാതെ അവരെല്ലാം അവനെ പകച്ചുനോക്കി.

"സത്യത്തിൽ നിങ്ങളെനിക്കൊരു ഉപകാരമാണ് ചെയ്തു തന്നത്. എന്റെയിഷ്ടം എങ്ങനെയറിയിക്കും എന്നറിയാതെ നിന്നിരുന്ന എനിക്കുള്ള പിടിവള്ളിയാണ് നിങ്ങളിട്ട് തന്നത്. അതിലെനിക്ക് നിങ്ങളോട് വളരെ വളരെ നന്ദിയുണ്ട് കേട്ടോ "

കണ്ണൻ വീണ്ടും ചിരിച്ചു.

മനോഹരമായിത്തന്നെ.

"ഓ.. അപ്പൊ ഞങ്ങളുടെ ചിലവിൽ നീ വലിയ മിടുക്കനായെന്ന് സാരം. അല്ലേ?"

പ്രധാപിന്റെ സ്വരം വീണ്ടും കടുത്തു.

"നിങ്ങൾക്ക് ശരിക്കും കളിക്കാനറിയാത്തത് എന്റെ കുറ്റമാണോ വല്യമ്മാമ? എനിക്ക് കിട്ടിയ അവസരത്തെ ഞാൻ പരമാവധി മുതലാക്കി."

കണ്ണൻ അയാളെ നോക്കി.

"എങ്കിൽ നിന്റെയാ ആഗ്രഹത്തെ നീ എട്ടായി മടക്കി പോക്കറ്റിലിട്ടോ. നടക്കില്ലത്. നടത്തില്ലത്. അറിയില്ല നിനക്ക് ഞങ്ങളെ.."

രവി വർമ്മ ചൂണ്ടിയ വിരൽ തുമ്പിലേക്ക് കണ്ണൻ വെറുതെയൊന്ന് നോക്കി.

"നിങ്ങൾക്ക് എന്നെയും ശരിക്കറിയില്ല രവിമാമേ."

കണ്ണൻ പുച്ഛത്തോടെ പറഞ്ഞു.

"ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ... സീതാലക്ഷ്മിയെ കിരൺവർമ്മ മോഹിച്ചിട്ടുണ്ടെങ്കിൽ അവളെന്റെ പെണ്ണായിത്തന്നെ ജീവിക്കും."

വെല്ലുവിളിപോലെയത് പറഞ്ഞിട്ട് കണ്ണൻ വീണ്ടും ചുറ്റും കണ്ണോടിച്ചു.

കടിച്ചുകുടയാനുള്ള ഭാവത്തിലാണ് അവന്
ചുറ്റും വിചാരണക്ക് നിരന്നവർ.

"നീയിവിടെ അവളോടൊപ്പം ജീവിക്കുന്നത് ഞങ്ങൾക്കൊന്ന് കാണണം. നീ മാത്രം മിടുക്കനായ പോരല്ലോ?"

സാവിത്രി അവനെ നോക്കി ചുണ്ട് കോട്ടി.

"അയ്യോ.. അങ്ങനൊരബദ്ധം ഞാൻ ചെയ്യുവോ അമ്മായി? ദേഷ്യവും പകയും ആക്രാന്തവും മാത്രം അറിയാവുന്ന നിങ്ങൾക്കിടയിൽ ഞാനെന്റെ പെണ്ണിനെക്കൂട്ടി നിൽക്കില്ലല്ലോ.എനിക്കിവിടെ ചെയ്തു തീർക്കാൻ ഇത്തിരി കാര്യങ്ങളുണ്ട്. അത് തീരുമ്പോൾ അവളെയും കൂട്ടി ഞാനങ്ങ് പറക്കുവല്ലോ?"

കൈ വിടർത്തി കണ്ണൻ പറയുമ്പോൾ രാജിയുടെ കയ്യിൽ ആര്യയുടെ പിടി മുറുകി.

"നടക്കില്ല കിരണെ"

വീണ്ടും രവി അവനെ ഭീഷണിപ്പെടുത്തി.

"നടത്തി കാണിച്ചുതരും ഞാൻ "

"ഇവിടൊരാളും നിനക്കൊപ്പമുണ്ടാവില്ല."

"അല്ലെങ്കിലും ഇവിടാരാണ് എനിക്കൊപ്പമുള്ളത്? വളർന്നു വരുന്നവരിലേക്കുക്കൂടി നിങ്ങള് വിഷം കുത്തി നിറക്കുവല്ലേ? എനിക്കാരും വേണ്ട. ഞാനൊറ്റയ്ക്ക് മതി "

കണ്ണന്റെ മുഖം വലിഞ്ഞുമുറുകി.

"അവൾ.. അവള് നിനക്ക് ചേരില്ല മോനെ.അതുകൊണ്ടല്ലേ?"

ഭാമയത് പറയുമ്പോൾ കണ്ണൻ പിടിവിട്ട് ഉറക്കെച്ചിരിച്ചു പോയി.

"അവളെ വേണ്ടന്നല്ലേ പറഞ്ഞത്. ഇവിടെ നിനക്കെത്ര മുറപെണ്ണുങ്ങളുണ്ട്. അവരെയാരെ വേണമെങ്കിലും നിനക്ക് സ്വീകരിക്കാലോ?"

ഉള്ളിലെ ദേഷ്യം കടിച്ചമർത്തി സാവിത്രിയും ഭാമയെ പിന്തുണച്ചു.

"എനിക്കാ.. സീതാലക്ഷ്മിയെ മതിയെന്നേ.."

കണ്ണൻ കൈ കെട്ടി നിന്നിട്ട് അവരെ നോക്കി.

"അത് നടക്കില്ലെന്ന് ഇത്രേം നേരം പറഞ്ഞിട്ട് നിനക്ക് മനസ്സിലായില്ലേടാ? "

രാജി അവന്റെ മുന്നിൽ വന്നു നിന്നിട്ട് ചോദിച്ചു.

"നടത്തി കാണിക്കാം എന്ന് ഞാനും പറഞ്ഞല്ലോ. അത് നിങ്ങൾക്കും മനസ്സിലായില്ലല്ലോ?"

അവനൊരു കൂസലുമില്ലാതെ പറഞ്ഞു.

"ചില സാഹചര്യങ്ങൾ ജീവിതത്തിൽ വരുന്നത് നമ്മുക്ക് ചിലരെ മനസ്സിലാക്കാൻ കൂടിയാണ്. നിങ്ങളെ കുറിച്ച് എനിക്കിപ്പോൾ ശരിക്കുമറിയാം. ഇനിയങ്ങോട്ട് നിങ്ങള് ഓരോരുത്തരും കളിക്കാൻ സാധ്യതയുള്ള നാറിയ കളികളിലൊന്നും എന്നോടുള്ള സ്നേഹമുണ്ടാവില്ലെന്നും എനിക്കറിയാം."

അവന്റെ മുഖവും ദേഷ്യത്തിലാണ് അത് പറയുമ്പോൾ.

"തുരത്തിയോടിക്കാൻ നിങ്ങൾക്ക് ആവേശം കൂടുന്തോറും പിടിച്ചുനിൽക്കാനുള്ള എന്റെ വാശിയും കൂടും. നേടാനുള്ളത് നേടിയിട്ടേ കിരൺ ഇവിടെ നിന്നിറങ്ങി പോവൂ.എനിക്കെതിരെ എന്ത് കളിക്കും ഇറങ്ങും മുൻപേ ആ ഓർമയുണ്ടാവണം എല്ലാവർക്കും "

അവൻ ചൂണ്ടിയാ വിരലിലേക്ക് അവരെല്ലാം പകച്ചുനോക്കി.

"നിങ്ങളുടെ മനസ്സിലിപ്പോഴെന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. എന്നോടുള്ളത് എന്നോട് മാത്രം തീർക്കണം. സീതാ ലക്ഷ്മിയുടെ നേരെ നിങ്ങളിൽ ഒരാളുടെ നോട്ടം പോലും ചെന്നുനിൽക്കരുത്.
മറക്കണ്ട "

അതും പറഞ്ഞുക്കൊണ്ട് അവൻ അകത്തേക്ക് കയറി പോയി.

ഒരക്ഷരം പോലും പറയാനില്ലാതെ അവരെല്ലാം അതേ നിൽപ്പ് തുടർന്നു ഏറെനേരം.

റൂമിലേക്ക് പോവുന്നതിനുമുന്നേ കണ്ണൻ മുത്തശ്ശിയുടെ മുറിയിലേക്കാണ് നടന്നത്.

വാതിൽ തുറന്നുകയറിയപ്പോൾ അവന് സീതയെ ഓർമവന്നു.

"എന്തേ ഇത്രയും വൈകിയത്?"
അരികിൽ വന്നിരുന്ന് നെറ്റിയിൽ തൊട്ട് നോക്കുന്ന കണ്ണനോട് മുത്തശ്ശി ചോദിച്ചു.

"ഒന്നുല്ല.."
അവൻ കണ്ണടച്ച് കാണിച്ചു.

"എന്താടാ.. എന്താ നിന്റെ മുഖം വല്ലാതെ?"

മുത്തശ്ശിയവന്റെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു.

"ഒന്നുമില്ലെന്നേ.."

അവൻ പതിയെ അവരുടെ അരികിൽ കിടന്നു.

മനസ്സിൽ കിടന്ന് വിങ്ങുന്നതൊന്നും അവരോട് പറയാൻ അവന് തോന്നിയില്ല.
വെറുതെ അവരെക്കൂടി സങ്കടപെടുത്തേണ്ടല്ലോ.

"അവള് നന്നായി എടുത്തിട്ട് പെരുമാറിയോ കണ്ണാ?"

മുത്തശ്ശി ചിരിച്ചുക്കൊണ്ട് ചോദിച്ചപ്പോൾ അവനും ചിരിച്ചുവെന്നല്ലാതെ ഒന്നും പറഞ്ഞില്ല.

"മുറിയിൽ പോയി കിടക്ക് മോനെ. നിനക്ക് കൂടി പനി പകരും"
സ്നേഹത്തോടെ മുത്തശ്ശി പറഞ്ഞിട്ടും... കണ്ണൻ ഒന്നുക്കൂടി അവരോട് ചേർന്നുക്കിടന്നു.

അങ്ങനൊരു ചേർത്തുപിടിക്കൽ അപ്പോഴവന് അത്രയും അത്യാവശ്യമായിരുന്നു...

                    ❣️❣️❣️❣️❣️

"എന്തേടീ ഇത്രേം വൈകിയത്?"

മഴയത്തുനിന്നും ഓടി കയറി വരുന്ന സീതയോട് ഒട്ടും ക്ഷമയില്ലാത്തത് പോലെ പാർവതി ചോദിച്ചു.

"മുത്തശ്ശിക്ക് വയ്യെടി ചേച്ചി"

ചുരിദാർ ഷാള് കൊണ്ട് തല തുടച്ച് സീത പറഞ്ഞു.

"കയറി വാ ഹരി.. ആ മഴയത്ത് നിൽക്കാതെ "

മുറ്റത്തുത്തന്നെ നിൽക്കുന്ന ഹരിയെ നോക്കി സീത പറഞ്ഞു.

"ഇല്ലെടി. ഇനി കയറുന്നില്ല. ഒന്നാമതേ നനഞ്ഞു. ഇനി പോവാൻ നോക്കട്ടെ "

ഹരി കൈ കൊണ്ട് തലമുടിയൊന്ന് ചിക്കിക്കൊണ്ട് പറഞ്ഞു.

"മഴ ചോർന്നിട്ട് പോവാടാ "
പാർവതിയും പറഞ്ഞു.

"ഇവിടെ രണ്ടു നിയമമുണ്ടോ എല്ലാർക്കും?"

പിന്നിൽ നിന്നും അർജുന്റെ കൂർത്ത ചോദ്യം കേട്ടാണ് എന്തോ പറയാൻ വന്നതിനിടെ ഹരി തിരിഞ്ഞു നോക്കിയത്.

സീതയുടെയും പാർവതിയുടെയും നോട്ടം അർജുനിൽ തടഞ്ഞു നിന്നിരുന്നു.

"അതെന്താ അർജുൻ നീ അങ്ങനെ പറഞ്ഞത്?"

അതേ ഭാവത്തിൽ ചോദിച്ചുകൊണ്ടാണ് ഹരി അവനരുകിലേക്ക് ചെന്നത്.

"അല്ല.. ഞാനൊരിത്തിരി നേരം വൈകിയ അതീ പഞ്ചായത്ത് മുഴുവനും വിളിച്ചു പറഞ്ഞു നടക്കും. പോരാത്തതിന് കഴിക്കാൻ തരുന്നതിന്റെ കണക്ക് വേറെയും കേൾക്കണം. ഇതിപ്പോൾ സമയം എട്ടു കഴിഞ്ഞു. ആർക്കും ഒരു പരാതിയുമില്ലല്ലോ?"
അർജുൻ പുച്ഛത്തോടെ പറഞ്ഞു.

"അവള് നിന്നെ പോലെ കവലയിൽ നിരങ്ങാനല്ലടാ പോവുന്നത് "

അറിയാതെ തന്നെ ഹരിയുടെ ശബ്ദമുയർന്നു.

"ജോലിക്ക് തന്നെയാണ്‌ പോണതെന്നതിന് അത്ര ഉറപ്പൊന്നുമില്ലല്ലോ?"

സീതയെ നോക്കി അർജുൻ പറഞ്ഞ് അവസാനിക്കും മുൻപ് ഹരിയുടെ കൈകൾ അവനിൽ പതിഞ്ഞു കഴിഞ്ഞിരുന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story