സ്വന്തം ❣️ ഭാഗം 16

swantham

രചന: ജിഫ്‌ന നിസാർ

" നിനക്ക് ധൈര്യമുണ്ടെങ്കിൽ ഒന്ന്ക്കൂടി പറയെടാ"

ഹരിയുടെ ശബ്ദം പോലും വിറക്കുന്നുണ്ട്.

പുറത്തെ ഇരുട്ടിലേക്ക് തുറിച്ചുനോക്കി നിൽക്കുന്നോരുവളുടെ തകർന്ന മുഖം അവന്റെ സർവ്വക്ഷമയെയും ഇല്ലാതെയാക്കിയിരുന്നു.

"ഞാൻ പറഞ്ഞതിലെന്താണ് തെറ്റ്? സീതേച്ചിക്ക് ഈ വീട്ടിൽ എന്തുമാവാം എന്നുണ്ടോ?"

കവിൾ പൊത്തിപ്പിടിച്ച് പിറകിലേക്ക് നടക്കുന്നതിനിടെ തന്നെയാണ് അർജുൻ ചോദിക്കുന്നത്.

ഹരിയുടെ മുഖത്ത് കാണുന്ന ദേഷ്യം.. അവനന്ന് വരെയും കാണാത്തത്രയും വലുതായിരുന്നു.

"നീനക്കൊന്നുമല്ലടാ തെറ്റ് പറ്റിയത്.നിനക്കൊക്കേ സംരക്ഷണം തരാൻ വേണ്ടിയിട്ട് സ്വന്തം ജീവിതവും സ്വപ്നങ്ങളും മറന്ന് പട്ടിയെ പോലൊരുത്തി കിടന്നോടുന്നില്ലേ?  അവൾക്കാണ് തെറ്റ് പറ്റിയത്. വളരെ വലിയ തെറ്റ്"

ഹരിയുടെ വാക്കുകൾ പല്ലുകൾക്കിടയിൽ പെട്ട് ഞെരിഞ്ഞു പോയിരുന്നു.

"ആരും പറഞ്ഞിട്ടില്ലല്ലോ. സ്വയം ഹീറോയിസം കളിക്കാനല്ലേ"
പറഞ്ഞു തീരും മുന്നേ അർജുനെ ഹരി ചുവരിൽ ചേർത്തമർത്തി പിടിച്ചു.

"നിങ്ങളെന്നെ കൊന്നാലും എനിക്ക് പറയാനുള്ളത് ഞാൻ പറയും. അതിലെനിക് ആരെയും പേടിക്കണ്ട കാര്യമില്ല "
അർജുൻ ഹരിയുടെ കൈ തട്ടി മാറ്റി.

"അല്ലെങ്കിൽ പിന്നെ.. ഇത്രേം നേരം വൈകിയിട്ടും അതൊന്ന് വിളിച്ചു പറയാൻ കൂടി തോന്നിയില്ലല്ലോ? കയ്യിൽ ഒരു ഫോണുണ്ട്. എന്താ വിളിച്ചാല്?  വിളിക്കൂല..അത്ര തന്നെ. ആരും ചോദിക്കില്ലല്ലോ?"

അർജുൻ സമനില തെറ്റിയത് പോലായിരുന്നു.

പാർവതി പോലും അവനെ പകച്ചുനോക്കി നിന്ന് പോയി.

"സീതേച്ചിക്ക് എന്തുമാവാം എന്നുണ്ടോ. എപ്പോ വേണേലും വരാം. എങ്ങോട്ടും പോവാം.. ആരുടെ കൂടെയും പാതിരാത്രി വരെയും ചുറ്റി നടക്കാം "

കിതച്ചു കൊണ്ട് പറയുന്ന അർജുന് നേരെ ഹരി കല്ലിച്ച മുഖത്തോടെ വന്നു നിന്നു

"നിന്നോടല്ലേ പാർവതി ആദ്യം ഇവളെ തിരഞ്ഞു പോവാൻ ആവിശ്യപെട്ടത്. എന്തേ നീ പോവാഞ്ഞേ?"

അർജുൻ ആ ചോദ്യത്തിന് മുന്നിൽ പതറി പോയിരുന്നു.

"നിന്നെപോലെയിറങ്ങി പോവാൻ എനിക്ക് പറ്റിയില്ല. കാരണം ഇവളോട് നിനക്കില്ലാത്ത സ്നേഹം.. ഇത്തിരി സഹതാപം എല്ലാം എനിക്കുണ്ടായിരുന്നു. ഇവളെന്റെ കൂട്ടുകാരിയാണ്."
ഹരി സീതയെ വലിച്ചടുപ്പിച്ചു കൊണ്ടാണത് പറഞ്ഞത്.

"കൂട്ടുകാരിയാണെൽ ഇത്രേം ഉത്തരവാദിത്തമൊക്കെ കാണിക്കുവോ? ഇതല്പം ഒവറായിട്ടാണ് എനിക്ക് തോന്നിയത്"

അർജുൻ ചുണ്ട് കോട്ടി.

"നിനക്കങ്ങനെ പലതും തോന്നും.അത് ഇവിടെ ചിലവാക്കാൻ നോക്കണ്ട നീ. നടക്കിലത് "

അത് വരെയും മിണ്ടാതെ നിന്നിരുന്ന സീത ഹരിയെ തള്ളി മാറ്റി അർജുന്റെ മുന്നിൽ കയറി നിന്നു.

പാർവതി പേടിച്ചു കരയുന്ന ലല്ലു മോളെയും കൊണ്ട് അകത്തേക്ക് പോയി..

"ഇവനെനിക്ക് ആരാണെന്ന് നിനക്കിനിയും ഞാൻ പറഞ്ഞു തന്നിട്ട് വേണോ അർജുൻ അറിയാൻ?"

യാതൊരു മയവുമില്ലാത്ത ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ നിന്നാണ്.

"എനിക്കറിയാവുന്നത് കൊണ്ടായോ? ഈ നാട്ടിൽ മൊത്തം എന്താണ് പറഞ്ഞു നടക്കുന്നതെന്ന് നിങ്ങൾക്കറിയോ?"

അർജുൻ വീണ്ടും ശബ്ദമുയർത്തി.

"നമ്മടെ തള്ള ഒളിച്ചോടി പോയപ്പോ നിനക്ക് ശരിക്കും ബുദ്ധിയുറക്കാത്ത പ്രായമായിരുന്നു. ഞാനും ഇവളും കൂടാണ് നിന്നെ ഇന്നീ കാണുന്ന പരുവത്തിൽ വളർത്തിഎടുത്തത്. അന്നും നമ്മടെ അച്ഛൻ മുഴുകുടിയൻ തന്നെയായിരുന്നു. ഇപ്പൊ നീ ഈ പറഞ്ഞ നാട്ടുകാര് അന്നും പലതും പറഞ്ഞിട്ടും അതിലൊന്നും തോൽക്കാതെ ഇത് വരെയും എത്തിയില്ലേ. ആ എനിക്ക് നിന്റെയീ കുരക്കൽ വെറും പുല്ലാണ് അർജുൻ "
അങ്ങേയറ്റം പുച്ഛത്തോടെ സീത പറഞ്ഞു.

അർജുൻ ദേഷ്യത്തോടെ മുഷ്‌ടി ചുരുട്ടി ചുവരിൽ ഇടിച്ചു.

"നിന്റെ വഴികൾ നേരായപാതയില്ലല്ലെന്ന് എനിക്കൊരു ചെറിയ സംശയമുണ്ടായിരുന്നു. അതെന്റെ സംശയം മാത്രമല്ലായിരുന്നുവെന്ന് എനിക്കിപ്പോ മനസ്സിലായി. അത്ര മാത്രം നിന്റെ മനസ്സിൽ വിഷം കടന്ന് കൂടിയിരിക്കുന്നു "

സീതയവനെ തുറിച്ചു നോക്കി.

"നീ പറഞ്ഞത് അങ്ങനെ തന്നെ നിൽക്കട്ടെ എനിക്ക് അഹങ്കാരം തന്നെയാണ്. നിന്നെയൊക്കെ ഇത്രേം വളർത്തി വലുതാക്കിയല്ലോയെന്ന അഹങ്കാരം.എനിക്ക് നേരെ തിരിഞ്ഞു പറയാൻ മാത്രം നീ വളർന്നെങ്കിൽ ആ അഹങ്കാരം ഇനിയുമങ്ങോട്ട് എന്റെ കൂടെത്തന്നെ ഉണ്ടാവും. അതനുസരിച്ചു ജീവിക്കാമെങ്കിൽ മാത്രം നിനക്കിവിടെ നിൽക്കാം. അല്ലെങ്കിൽ  എവിടെക്കാണെന്നുവെച്ചാൽ ഈ നിമിഷം ഇറങ്ങി പൊയ്ക്കോണം. ഇനിയും നിന്നെ തീറ്റിപ്പോറ്റെണ്ട ആവിശ്യമെന്താണെനിക്ക്?

സീത അവന് മുന്നിൽ നിന്നിട്ട് കിതച്ചു.

ഹരിക്ക് അവളുടെ അവസ്ഥ കണ്ടിട്ട് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
അവന്റെ കണ്ണുകൾ കലിയോടെ അർജുന് നേരെ കൂർത്തു.

അർജുൻ ഒന്നും മിണ്ടാതെ മുറ്റത്തേക്ക് നോക്കി നിൽപ്പുണ്ട്.

"മതിയായി.. എനിക്കുമുണ്ടായിരുന്നു സ്വപ്നം. എനിക്കുമുണ്ടായിരുന്നു ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ. എല്ലാം ഇട്ടെറിഞ്ഞു പോയപ്പോഴും ആ വേദന ആരോടും പറഞ്ഞിട്ടില്ല ഞാൻ. എത്ര സങ്കടം വന്നാലും എന്റെ നെഞ്ചിൽ ഒതുക്കി പിടിക്കനെ ശ്രമിച്ചിട്ടുള്ളു. ഞാൻ കരയുന്നത് കണ്ടിട്ടുണ്ടോ നിങ്ങളാരെങ്കിലും? വിധിയെ പഴിക്കുന്നത് കണ്ടിട്ടുണ്ടോ?  ഇല്ല.. ഉണ്ടാവില്ല .. എനിക്കതിന് ആഗ്രഹമില്ലാഞ്ഞിട്ടാണ് എന്ന് കരുതിയോ? ഏഹ് "

സീത അടക്കാനാവാത്ത ദേഷ്യത്തോടെ അർജുനെ പിടിച്ചു തള്ളി.

"നിങ്ങള് തോൽക്കാതിരിക്കാൻ... നിങ്ങൾക്ക് മുന്നിൽ ധൈര്യം പകരാൻ ഞാൻ സ്വയം എന്നെ തന്നെ പറ്റിച്ചു.. സീത സ്ട്രോങ്ങ്‌ ആണെന്ന് മിനിറ്റിന് പറഞ്ഞു നടന്നത് എന്റെയുള്ളിലെ പേടിയായിരുന്നു . ഞാൻക്കൂടി തോറ്റു പോയാൽ.. നമ്മളെ മൊത്തം വിധി തോൽപ്പിച്ചാലോ എന്നുള്ള പേടി.പെറ്റമ്മ സ്വന്തം സുഖം നോക്കി പോയിട്ടും കുടിച്ചു കൂത്താടി അച്ഛൻ ജീവിതം ആഘോഷമാക്കിയപ്പോഴും തോറ്റു പോകാത്തവര്.. വീണ്ടും തോൽക്കുന്നത് കാണാനുള്ള മനകട്ടി എനിക്കില്ലാതെ പോയി.. തെറ്റാണ്. എന്റെ തെറ്റാണ്. എനിക്കിനി വയ്യ. എനിക്കീ ശ്വാസം മുട്ടൽ സഹിക്കാൻ വയ്യാഞ്ഞിട്ടാ."

സീത തിണ്ണയിൽ ഇരുന്നു പോയി.

കടുത്ത ആത്മസംഘർഷമാണ് അവൾക്കുളിൽ നടക്കുന്നതെന്ന് ഹരിക്ക് മനസ്സിലാവും.. അവൻ ചെന്നിട്ട് അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു.. അവളുടെ അരികിൽ ഇരുന്നു..

അർജുൻ പിന്നൊന്നും പറയാതെ അകത്തേക്ക് കയറി പോയി.

"അവനെന്നെ സംശയമാണ് ഹരി... "

തകർന്നടിഞ്ഞ സീതയുടെ ശബ്ദം.

ഹരി കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടവളെ ഒന്നുക്കൂടി ചേർത്ത് പിടിച്ചു.

"പിഴച്ചു പോയൊരു അമ്മയുടെ മോളാണെന്ന് ഓരോ ശ്വാസത്തിലും ഓർമയുണ്ട് എനിക്ക്. ആ പേടിയോടെ തന്നെയാണ് ഞാൻ ജീവിച്ചിട്ടുള്ളതും. എന്നിട്ടും.."

ഹരിയെ നോക്കി സീത പതിയെ ചിരിച്ചു.

നിശബ്ദമായൊരു നിലവിളിയാണ് അവളുടെയാ ചിരിയെന്ന് അവനോളം ആർക്കറിയാം!

"പോട്ടെടി. ഇതിനെക്കാളും വല്ല്യ പ്രശ്നം വന്നിട്ട് നീ തോറ്റിട്ടില്ല. പിന്നല്ലേ. സീതാലക്ഷ്മി സ്ട്രോങ്ങല്ലേ?"

ഹരിയവളുടെ കയ്യിൽ തലോടി.

"ഒലക്കയാണ്. സീതാ ലക്ഷ്മി സ്വയം കണ്ടെത്തിയ ഒരു പൊട്ടത്തരം മാത്രമായിരുന്നുവത്. സീതാ ലക്ഷ്മി തോറ്റുപോകുന്നുണ്ട്ട്ടോ "

സീത പുച്ഛത്തോടെ ചുണ്ട് കോട്ടി.
"അതൊക്കെ എന്തെങ്കിലുമാവട്ടെ. എനിക്കീ സീതാ ലക്ഷ്മിയെ എന്റെത്രേം വിശ്വാസമാണ്. അവൾക്കിനിയും തോൽക്കാതെ പിടിച്ചു നിൽക്കാനാവും എന്നതിലും എനിക്കൊരു സംശയവും ഇപ്പോഴുമില്ലല്ലോ?"

ഹരിയവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.

"നിനക്ക് ടെൻഷനായോടാ? അവനങ്ങനെ പറഞ്ഞത് "

സീതയവനെ നോക്കി.

"ഇല്ലെടി. അവന് ഭ്രാന്ത് കേറി വിളിച്ചു പറയുന്നതിന് ടെൻഷൻ കേറാനും.. തളർന്നു തൂങ്ങാനും എന്റെ പേര് സീതാലക്ഷ്മിയെന്നല്ല.. ഇത് ഹരിയാണ് പെണ്ണേ.."

കോളർ വലിച്ചിട്ടുക്കൊണ്ട് ഹരിയവളെ നോക്കി.

ഓ.. സീത ചുണ്ട് കോട്ടി.

"ഞാനിനി എന്താടാ ഹരി ചെയ്യേണ്ടേ?"

നിരാശയോടെ സീത ഹരിയെ നോക്കി.

"ഒരു കാര്യം ചെയ്യ്.. ഇത്രേം നേരം ഇരുന്നില്ലേ. ഇനി കുറച്ചുനേരം അങ്ങോട്ട്‌ മാറി തലക്കുത്തി നിൽക്ക്. "

തീർത്തും നിസ്സാരമായി ഹരിയത് പറയുമ്പോൾ സീതയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.

"അല്ലാതെ പിന്നെ ഈ നേരത്ത് ഇനി നീ എന്ത് ചെയ്യാനാണ്?" അവളുടെ ഒരു ചോദ്യം"

ഹരി സീതയെ കളിയാക്കി.

"ചെയ്യാനുണ്ട്. അവന്റെകാര്യത്തിൽ നമ്മുക്കിനി ഒരുപാട് ചെയ്യാനുണ്ട് സീതേ. നീ ഒറ്റക്കാണെന്ന ചിന്ത ആദ്യം എടുത്തുകളയണം. എന്ത്തന്നെ ആയാലും നിനക്കൊപ്പം ഞാനും ഉണ്ടാവും. നമ്മള് തെറ്റായിട്ട് ചെയ്യുന്നില്ലെന്ന് നമ്മൾക്ക് ബോധ്യമായാൽ മതിയെടി. എന്തിനാണത് മറ്റുള്ളവരെ കാണിച്ച് സർട്ടിഫിക്കറ്റ് വാങ്ങുന്നത്. സ്ട്രോങ്ങായ സീതാ ലക്ഷ്‌മി എന്ന് മുതലാണ് അതൊക്കെ നോക്കി ജീവിക്കാൻ തുടങ്ങിയത്.. ഏഹ് "
ഹരി ചിരിച്ചുക്കൊണ്ട് ചോദിച്ചു.

സീതയും അവനെ നോക്കി ചിരിച്ചു.

"ഭ്രാന്ത് കയറി അർജുൻ പറഞ്ഞതൊന്നും മനസ്സിൽ വെച്ചേക്കണ്ട. ആരെന്തുപറഞ്ഞാലും യാതൊരു കൂസലുമില്ലാതെ സ്വന്തമായുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്ന എന്റെയാ പഴയ കൂട്ടുകാരിയെ തന്നെ മതിയെനിക്ക് ഇനിയും.. അങ്ങനെയായാൽ മതിയെടി നീ "

ഹരി സീതയെ നോക്കി കണ്ണടച്ച് കാണിച്ചു.

"അവന്റെ കാര്യത്തിൽ എനിക്ക് നല്ല ടെൻഷനുണ്ട് ഹരി "

സീതായവളുടെ മനസ്സിലെ ആശങ്ക മറച്ചുവെക്കാതെ ഹരിയോട് പറഞ്ഞു.

"എനിക്കറിയാടി . പക്ഷേ ഇപ്പൊ നടന്നതിനെക്കുറിച്ച് നീ ഇനി അവനോടൊന്നും പറയാൻ പോവണ്ട. അവന്റെ മനസ്സിലാരോയിട്ട് കൊടുത്ത
വിഷം ഒരവസരം കിട്ടിയപ്പോൾ അവൻ നിനക്ക് നേരെ ചീറ്റി. അങ്ങനെ കണ്ടാൽ മതി."

ഹരിയുടെ വാക്കുകൾക്ക് സീത പതിയെ തലയാട്ടി.
"എന്ന് കരുതി അവനെ പാടെ ഉപേക്ഷിച്ചു കളയണം എന്നല്ല പറയുന്നത്. നിന്റെ നിലപാടിൽ തന്നെ ഉറച്ചുനിന്നേക്കണം. അവനോട് ശക്തമായി തന്നെ പ്രതിഷേധിക്കാനും മടിക്കരുത്. പറയുന്നത് മനസ്സിലായോ നിനക്ക്?"

ഹരി ഗൗരവത്തോടെ ചോദിച്ചു.

അവൾ ഒന്ന് മൂളി.

"എങ്കിൽ...ഇനിയും ഓരോന്ന് ആലോചിച്ചു കൂട്ടാതെ എഴുന്നേറ്റ് അകത്തു പോ. ഞാനും ഇറങ്ങട്ടെ. നേരം ഒരുപാടായി. കാലത്തെ പോവാനുള്ളതാ. "

ഹരി എഴുന്നേറ്റുക്കൊണ്ട് പറഞ്ഞു.

"അവിടെത്തിയിട്ട് വിളിക്കണേ ടാ?"

സീതയും അവനൊപ്പം എഴുന്നേറ്റു.

"എങ്ങോട്ട് വിളിക്കും ഞാൻ? എത്തിയ വിവരം പറയാൻ. നിന്റെയാ പൊട്ടഫോണിലേക്കോ?"

ഹരിയുടെ മുഖം കൂർത്തു.
സീത അവനെ നോക്കി പുരികം പൊക്കി കാണിച്ചു.

"നോക്കട്ടെ.. പറ്റിയ അടുത്ത വരവിന് ഒരു ഫോൺ ഒപ്പിച്ചുക്കൊണ്ട് വരാം. ദൈവത്തെയോർത്ത് നിന്റെ ഒടുക്കത്തെയാ ദുരഭിമാനം തത്കാലം ഒന്ന് മാറ്റി വെക്ക് നീ. അർജുൻ ഇന്ന് പറഞ്ഞത് പോലെ നിന്റെ കയ്യിൽ ഫോണുണ്ട്.. എന്നാ അത് കൊണ്ട് വല്ല ആവിശ്യവും നടക്കുന്നുണ്ടോ എന്നാർക്കും അറിയുന്നില്ല. അതുകൊണ്ടുള്ള കുറ്റപെടുത്തലാണത് "

ഹരി പോവാനിറങ്ങി.

"പാറുവിനോട് നീ പറഞ്ഞാൽ മതി. ഞാനിറങ്ങട്ടെ. ഇനി അടുത്ത വരവിന് കാണാം"

അവൻ മുറ്റത്തേക്കിറങ്ങി.

"നിനക്ക് കാശ് വല്ലതും വേണോ ടി?"
വീണ്ടും അവൻ തിരിഞ്ഞു വന്നു.

"വേണ്ടടാ.. എന്റെ കയ്യിലുണ്ട്"
സീത ചിരിച്ചുക്കൊണ്ട് പറഞ്ഞു.

"ഓ . അംബാനി കഴിഞ്ഞ പിന്നെ സീതാലക്ഷ്മിയാണല്ലോ. അത് ഞാൻ മറന്നു."

ഹരി കളിയാക്കി പറഞ്ഞപ്പോൾ അവൾക്കും ചിരി വന്നിരുന്നു.

"അത്യാവശ്യമെന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട. കേട്ടോ. "
ഹരി ഓർമിപ്പിച്ചു.

സീത തലയാട്ടി.

കൈ വീശി കാണിച്ച് ഹരിയാ ഇരുട്ടിലേക്കിറങ്ങി പോയി.

വീണ്ടും അവിടിരുന്നാൽ ഹൃദയം മരവിച്ചുപ്പോകുമെന്ന് ഉറപ്പുള്ളത് കൊണ്ട്ത്തന്നെ സീത അകത്തേക്ക് കയറി.

ആരെയും ശ്രദ്ധിക്കാതെ മാറി എടുക്കാനുള്ളത് എടുത്തുക്കൊണ്ടവൾ കുളിക്കാനിറങ്ങി.

മുൻപ് പെയ്തിറങ്ങിയ മഴയുടെ കുളിര് നല്ലത് പോലെയുണ്ടായിട്ടും സീതയുടെ ഉള്ളിലെ ചൂടിനെ തണുപ്പിക്കാനായില്ല.

പാർവതിയുടെ കരഞ്ഞുകലങ്ങിയ കണ്ണിലേക്കവൾ മനഃപൂർവ്വം നോക്കിയില്ല.

ലല്ലുമോൾ ഉറങ്ങിയിരുന്നു.

വേണ്ടാഞ്ഞിട്ടും ഇത്തിരി ചോറ് വാരി കഴിച്ചിട്ട് അവൾ വേഗം പോയി കിടന്നു.

മുറിയിലെ ഇരുട്ടിലേക്ക് തുറിച്ചുനോക്കി കിടക്കുമ്പോൾ അത് വരെയും മനസ്സ് സ്വരൂക്കൂട്ടിയെടുത്ത ധൈര്യം നേർത്തില്ലാതെയായി പോവുന്നുണ്ട്.

എന്ത് കൊണ്ടോ അപ്പോൾ ഓർമകളിൽ ഏറ്റവുമാദ്യം ഓടിയെത്തിയത് കണ്ണന്റെ ചിരിയാണ്.

കാതിലവന്റെ ദുർഗാ ലക്ഷ്മിയെന്നുള്ള വിളിയും കേൾക്കാം.
അറിയാതെത്തന്നെ സീതയുടെ കൈകൾ കഴുത്തിൽ കിടന്ന മാലയിൽ മുറുകി.

അത് വരെയുമവളെ ചൂഴ്ന്ന് നിന്നിരുന്ന വേദനകൾക്ക് അപ്പൂപ്പൻത്താടി പോലെ ഭാരമില്ലാതായി..

ആ സമാധാനത്തിൽ തന്നെയാണ് അന്നവൾ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങിയതും..

              ❣️❣️❣️❣️❣️

"എന്നിട്ട്... ബാക്കി പറ. നീ "

ആദിയും സിദ്ധുവും ആവേശത്തിലാണ്.
കണ്ണൻ തോർത്ത്‌ കൊണ്ട് മുഖം തുടച്ച് അവർക്കരികിൽ ചെന്നിരുന്നു.

"എന്നിട്ടെന്താവാൻ. ഹരി പ്രസാദിനൊപ്പം സീതാ ലക്ഷ്മി വീട്ടിലോട്ട് പോയി. അത്ര തന്നെ "
കണ്ണൻ പറഞ്ഞത് കേട്ട് രണ്ടാളും പരസ്പരം നോക്കി.

"ഈ ഹരി പ്രസാദ് പ്രശ്നമാകുമോടെ?"

ആദി സംശയത്തോടെ കണ്ണനെ നോക്കി.

"പോടാ.. ആത്മാർത്ഥ സൗഹൃദത്തിൽ മായം കലർത്താതെ നീ.അവൻ സീതാലക്ഷ്മിയുടെ ഡിയറസ്റ്റ് ഫ്രണ്ടാണ് "

കണ്ണൻ ചിരിച്ചുക്കൊണ്ടാണത് പറഞ്ഞത്.

"ആയാൽ മതി. ഒടുക്കം നീ കുറെ മഴക്കൊണ്ട് പനി കിട്ടിയത് മിച്ചം. അവളെ വിളിച്ചോണ്ട് അവനും പോയി.."

സിദ്ധു താടിക്ക് കൈ കൊടുത്തു.

കണ്ണൻ അവനെ നോക്കി കണ്ണുരുട്ടി.

"നോക്കി പേടിപ്പിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല. ഇന്നലെ ഇവിടെ നല്ല മാസ് ഡയലോഗായിരുന്നു നീയെന്ന് പറഞ്ഞുകേട്ടല്ലോ?
മഴ പെയ്യാനെരുങ്ങി നിൽക്കുന്ന വൈകുന്നേരം... പ്രേമിക്കുന്ന പെണ്ണ് ഒറ്റയ്ക്ക് കൂടെ.. പോരാത്തതിന് അവൾക്ക് വേണ്ടി കുടുംബക്കാരോട് മുഴുവനും വഴക്കുണ്ടാക്കി കൂടെയിറങ്ങിയത്... ആഹാ അന്തസ്. പ്രണയം പറയാൻ ഇതിലും മികച്ചൊരു അവസരം നിനക്കിനി കിട്ടുവോ ടാ? എന്നിട്ടവൻ ഉള്ള മഴ മുഴുവനും കൊണ്ട് അവളെയാ ഹരി പ്രസാദിനൊപ്പം വിട്ടിട്ട് വന്നിരിക്കുന്നു. കഷ്ടം "

ആദി ലോഡ്ക്കണക്കിന് പുച്ഛം ഒറ്റയടിക്ക് കണ്ണന് മേൽ കൊട്ടിയിട്ടു.

"നിന്നോടല്ലേടാ  ഞാനിത്രനേരം പറഞ്ഞത്... അവൻ അവളെ തിരഞ്ഞിറങ്ങി വന്നതാണ്. അവരുടെ ബന്ധത്തിന് എന്റെയിഷ്ടത്തെക്കാൾ വിലയുണ്ട്.എന്നേക്കാൾ അവളെയറിയാവുന്നവനാണ്.. അങ്ങനെയുള്ള അവനോട് പിന്നെ ഞാൻ എന്താണ് പറയേണ്ടത്? "

കണ്ണൻ ആദിയെ നോക്കി പറഞ്ഞു.

"സമ്മതിച്ചു.. പക്ഷേ നീയല്ലേ അവളെ പ്രണയിക്കുന്നത്? അവനെക്കാൾ അവളെ സ്നേഹിക്കുന്നത്?"

സിദ്ധുവും കണ്ണനോട്‌ ചോദിച്ചു.

"പ്രണയിക്കുന്നത് ഞാനായിരിക്കാം. പക്ഷേ ഹരിയും ആഗ്രഹിക്കുന്നത് അവളുടെ സേഫ്റ്റിതന്നെയല്ലേ സിദ്ധു? അത് കൊണ്ടല്ലേയവൻ വെപ്രാളപെട്ട് ഓടി വന്നത്. പ്രണയത്തില് മാത്രമല്ലടോ... അതിനോളം.. അല്ലങ്കിൽ അതിനേക്കാൾ ആത്മാർത്ഥ സൗഹൃദത്തിനുമുണ്ട്. അതറിയില്ലേ?"

അത് പറയുമ്പോൾ കണ്ണനിലുള്ള ചിരിക്ക് ഏറെ മനോഹാരിതയുണ്ടായിരുന്നു!..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story