സ്വന്തം ❣️ ഭാഗം 17

swantham

രചന: ജിഫ്‌ന നിസാർ

"നീയത് ഇനിയും വിട്ടില്ലെടി ചേച്ചി "

കയ്യിലുള്ള ഗ്ലാസ് പാർവതിക്ക് നേരെ നീട്ടിക്കൊണ്ട് സീത ചോദിച്ചു.

പാർവതിയവളെയൊന്ന് തിരിഞ്ഞു നോക്കി.

കരഞ്ഞു ചീർത്ത അവളുടെ കണ്ണുകൾ സീതയിൽ വേദനയുണ്ടാക്കി.

"നിനക്കിന്ന് നേരത്തെ പോണോ?"
അവൾക്ക് ചായയെടുത്ത് കൊടുത്ത് പാർവതി ചോദിച്ചു.

"മ്മ്. മുത്തശ്ശിക്ക് വയ്യ."

മേശയിലേക്കിരുന്ന് സീത പറഞ്ഞു.

പാർവതി ദോശ ചുടുന്നത് തുടർന്നു.

"അജു എണീറ്റില്ലേ?"

ഹാളിലേക്ക് പാളി നോക്കി സീത ചോദിച്ചു.

പാർവതി സീതയെയൊന്ന് തിരിഞ്ഞു നോക്കി.

"അവനോടെന്തിനാ ചേച്ചി ദേഷ്യം കാണിക്കുന്നത്? ചെയ്യുന്ന തെറ്റിനെയാണ് വലിച്ചുപ്പറിച്ച് കളയേണ്ടത്. അല്ലാതെ അത് ചെയ്യുന്ന വ്യക്തകളെയല്ല"

ചൂടുള്ള ചായ കുറേശ്ശേ കുടിച്ച് നിസാരമായത് പറയുന്നവളെ പാർവതി വേദനയോടെ നോക്കി.

"നിനക്കൊട്ടും സങ്കടമില്ലെടി?"

എത്രയൊക്കെ വേണ്ടെന്ന് വെച്ചിട്ടും പാർവതിയവളോട് ചോദിച്ചു പോയി.

"നിനക്കോർമ്മയുണ്ടോ ചേച്ചി..നമ്മള് രണ്ടും അജൂന് അമ്മയാവുമ്പോൾ നിനക്ക് പതിനാലും എനിക്ക് പന്ത്രണ്ടുമാണ് വയസ്സ്. ഒരഞ്ചു വയസ്സുകാരന്റെ എന്തെല്ലാം കുരുത്തകേടുകൾ അവനുണ്ടായിരുന്നു. ഒരിക്കലും നമ്മളവനെ നോവിച്ചിട്ടില്ല. അവന്റെയൊരു ഇഷ്ടവും സാധിക്കാതെ പോയിട്ടില്ല.അമ്മയെ പോലെയായിട്ടല്ല, അമ്മയായിട്ടല്ലേ നമ്മൾ സ്നേഹിച്ചത്?  ക്ഷമിച്ചത്.എന്തിഷ്ടമായിരുന്നു അവന് വല്യേച്ചീയേം സീതേച്ചിയേം. അവനേ മാറി പോയിട്ടുള്ളു. നമ്മളിപ്പഴും ആ പഴയകാലത്ത് തന്നെയാണ്. ല്ലേ?"

സീതയുടെ വാക്കുകൾ കേട്ടിട്ട് പാർവതി വീണ്ടും കരഞ്ഞു പോയിരുന്നു.

സീത പക്ഷേ.. യാതൊരു ഭാവമാറ്റവുമില്ലാതെയിരുന്ന് പറയുന്നുണ്ട്.

"അങ്ങനങ്ങ് തോറ്റു കൊടുക്കാൻ കഴിയോടി ചേച്ചി നമ്മൾക്ക്? അതിന് വേണ്ടിയാണോ നമ്മളത്രേം വേദന സഹിച്ചത്? ക്ഷമയോടെ കാത്തിരുന്നത്?എലിയെ പേടിച്ച് ഇല്ലം ചുടുന്നതിലും നല്ലതല്ലേ ആ എലിയെ ഓടിച്ചിട്ട് പിടിക്കുന്നത്?"

സീത ചെറിയ ചിരിയോടെ പാർവതിയെ നോക്കി.

"എത്ര വളർന്നു വലുതായാലും അമ്മമാർക്ക് മക്കള് വലുപ്പമേറുമോ? അവനെയല്ല. അവന്റെയുള്ളിലെ തെറ്റുകളെയാണ് ശിക്ഷിക്കേണ്ടത്. നമ്മള് കൂടി കൈ വിട്ടാൽ പിന്നെ അവനാരാ ചേച്ചി? അവനെ തിരുത്തി കൊണ്ട് വരണ്ടേ നമ്മൾക്ക്.?"

കരഞ്ഞുക്കൊണ്ട് തന്നെയാണ് പാർവതി തലയാട്ടിയത്.

"നിനക്കൊന്ന് കരഞ്ഞൂടെ സീതേ. എന്തിനാണ് എല്ലാംക്കൂടി മനസ്സിലിട്ട് സഹിച്ച് നടക്കുന്നെ?"

സീതയുടെ കല്ലിച്ച ഭാവത്തിലേക്ക് നോക്കി പാർവതി ചോദിച്ചു.

"അതിനെനിക്ക് സങ്കടമില്ലെടി ചേച്ചി. പിന്നെ എന്തിനാ ഞാൻ കരയുന്നേ? പിന്നെയാകെയുള്ള സമാധാനം എന്താണെന്ന് ആരെങ്കിലും ചോദിച്ച എനിക്ക് ധൈര്യമായിട്ട് പറയാം. എനിക്കുക്കൂടിയുള്ളത് വീട്ടിലിരുന്നിട്ട് എന്റെ ചേച്ചി കരഞ്ഞുതീർക്കാറുണ്ടെന്ന്"

പാർവതിയെ നോക്കി സീത ചിരിച്ചുക്കൊണ്ട് പറഞ്ഞു.

"ഓ.. എന്തൊക്കെയാണേലും നാവിനൊരുകുറവുമില്ല."

പാർവതി അവളുടെ തോളിലൊരു അടി കൊടുത്തു.

"ആഹാ.. സീതാ ലക്ഷ്മി സ്ട്രോങ്ങാണ്.അഹങ്കാരിയാണ്.. ഇപ്പൊ ദാ പുതിയ പോസ്റ്റ്‌.. സീതാലക്ഷ്മിക്ക് നാക്കിനും നീട്ടമേറെയാണ്. ഐവ. പൊളിച്ചു "

ചിരിയോടെ പറയുന്നവളെ പാർവതി വാത്സല്യത്തോടെ ചേർത്ത് പിടിച്ചു.

"എനിക്കഭിമാനമുണ്ടെടി മോളെ നിന്നെയോർക്കുമ്പോൾ. എനിക്ക് പറ്റുന്നില്ലല്ലോ ഇങ്ങനൊന്നും "

പാർവതിയവളുടെ കവിളിൽ തലോടി.

"നീയല്ലേടി ചേച്ചി എന്നെ വളർത്തിയത്. നീ ഇവിടുണ്ടെന്ന ധൈര്യത്തിലല്ലേ ഞാനും പോണത്. എനിക്കും പറ്റുന്നില്ലല്ലോ നിന്നെപോലെ ഇത്രേം മനോഹരമായിട്ട് സ്നേഹിക്കാൻ."
സീത തിരിച്ചും പാർവതിയുടെ കവിളിൽ പിടിച്ചു വലിച്ചുക്കൊണ്ട് ചോദിച്ചു.

"ഹരിക്ക്... ഹരിക്ക് നാണകേടായിട്ടുണ്ടാവും. അജു ഓരോന്നുവിളിച്ചു പറയുമ്പോൾ കാണാൻ വയ്യായിരുന്നു ഹരിയുടെ മുഖം"

പാർവതി വീണ്ടും അടുപ്പത്തേക്ക് തിരിഞ്ഞു.

"ഹരിയെ എനിക്ക് മുൻപേ അറിയാവുന്ന നീയിങ്ങനെ പറയല്ലെടി ചേച്ചി. അവന് സങ്കടമായിട്ടുണ്ടാവും. പക്ഷേ നാണകേടായിട്ട് തോന്നിയിരുന്നുവെങ്കിൽ... എത്രയോ മുന്നേ തന്നെ അവൻ നമ്മളിൽ നിന്നുമിറങ്ങി തിരിഞ്ഞു നടന്നിട്ടുണ്ടാവും. ഇതിന് മുന്നേ എന്തെല്ലാം കേട്ടിട്ടുണ്ട്, അവൻ നമ്മുക്ക് വേണ്ടി. അവനെന്തെല്ലാം ചെയ്തു തന്നിട്ടുണ്ട്..  ഇപ്പൊഴും ചെയ്യുന്നുണ്ട് ? അവനൊറ്റയൊരാളുടെ ബലത്തിൽ നമ്മളെന്തെല്ലാം സ്വപ്നം കണ്ടിട്ടുണ്ട്. അവൻ തന്ന ധൈര്യം കൊണ്ട് വീഴാതെ പിടിച്ചു നിന്നിട്ടുണ്ട്."
സീതയുടെ മുഖത്ത് നിറയെ ഹരിയോടുള്ള നന്ദിയും സ്നേഹവും നിറഞ്ഞു നിന്നിരുന്നു.

"എന്നാണാവോ ഈ കഷ്ടപാടും സങ്കടവുമൊക്കെയൊന്നു മാറി നമ്മൾക്കും സന്തോഷത്തോടെ ജീവിക്കാനാവുന്നത്?"

നെടുവീർപ്പോടെ പാർവതി സീതയെ നോക്കി.

"ഒക്കെ മാറുമെടി ചേച്ചി. നീ നോക്കിക്കോ."

സീത ചായ കുടിച്ചു കഴിഞ്ഞ ഗ്ലാസ്‌ കഴുകി വെച്ച് കുളിക്കാനിറങ്ങി.

                        ❣️❣️❣️❣️❣️

തലക്കകത്താരോ ഒരു ലോഡ് കരിങ്കല്ല് ഇറക്കിയത് പോലെ!

അത്രയും കനം.

പോരാത്തതിന് വെട്ടി പൊളിയുന്നപോലുള്ള തലവേദന വേറെയും.

കണ്ണന് എഴുന്നേൽക്കാനെ തോന്നിയില്ല.

ഉള്ളിൽ നിന്നും അരിച്ചെത്തുന്ന പനിയുടെ കുളിര് കൂടുതൽ കൂടുതൽ ശക്തി പ്രാപിച്ച് വരുന്നുണ്ട്.

അവിടെ നിന്നും എഴുന്നേൽക്കണമെന്നും.. വല്ലതും കഴിച്ചിട്ട് ഒരു ഗുളികയെടുത്ത് വിഴുങ്ങണമെന്നൊക്കെ മനസ്സിലുണ്ടായിട്ടും കണ്ണടഞ്ഞു പോകുന്നൊരു ആലസ്യമവനെ അവിടെത്തന്നെ പിടിച്ചുകിടത്തി.

രാവിലെ മുത്തശ്ശിയുടെ അടുത്ത് നിന്നും എഴുന്നേറ്റ് പോരുമ്പോൾ തന്നെ തുമ്മലും ചീറ്റലുമായി പനി ആരംഭിച്ച് കഴിഞ്ഞിരുന്നു.

അതും പറഞ്ഞിട്ട് ആദിയും സിദ്ധുവും കുറേ കളിയാക്കി ചിരിച്ചതോർക്കുമ്പോൾ ആ തളർന്ന അവസ്ഥയിലും അവന്റെ ചുണ്ടിലെ ചിരിക്ക് കാരണമായിരുന്നു.

"പനി കൂടും. വല്ലതും കഴിച്ചിട്ട് ഹോസ്പിറ്റലിൽ പോവാൻ നോക്ക്"
എന്നും പറഞ്ഞിട്ട് ആദിയും സിദ്ധുവും പോയയുടനെ കയറി കിടന്നതാണ്.

അവരിൽ ആരെങ്കിലുമൊരാൾ ലീവെടുത്ത് കൂടെ വരാമെന്ന് പറഞ്ഞത് സ്നേഹപൂർവ്വം നിരസിച്ചു.

ഒത്തിരി നിർബന്ധിച്ച് പറഞ്ഞിട്ടാണ് രണ്ടും ജോലിക്ക് പോവാനിറങ്ങിയത്.
ഹരി ഓരോന്നോർത്തുക്കൊണ്ട് വീണ്ടും മയക്കത്തിലേക്ക് ഊളിയിട്ടു.

നേർത്തൊരു മൂടൽമഞ്ഞിലൂടെ ആരുടെയോ കൈകോർത്തു പിടിച്ചു നടക്കുന്ന സ്വന്തം ചിത്രമാണ് ആ കിടപ്പിലും അവന്റെ മനസ്സിൽ ഓടിയെത്തിയത്.

ചിരിച്ചു കൊണ്ട് തന്നെ നോക്കുന്നവൾക്ക് സീതലക്ഷ്മിയുടെ മുഖമാണെന്നത് അവനുള്ളിലെ കുളിര് കൂട്ടി.

അവൾ ചിരിക്കുകയാണ്..
അവളുടെയാ ഭാവം വളരെ അപൂർവമായി കാണുന്നതുകൊണ്ടായിരിക്കും... ചിരിക്കുമ്പോൾ സീതാലക്ഷ്മിയെത്ര മനോഹരിയാണ്.

കണ്ണൻ  പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ട് പോയി...

                  ❣️❣️❣️❣️❣️

"ടേബിളിൽ കാശ് വെച്ചിട്ടുണ്ട് .നീ പോകുമ്പോൾ കറണ്ട്ബില്ല് കൂടി അടച്ചിട്ട് പോയാൽ മതി. എനിക്കിന്ന് സമയം കിട്ടില്ല. ലാസ്റ്റ് ഡേറ്റ് ഇന്നാണ് "

പോവാനിറങ്ങും മുന്നേ സീത പറഞ്ഞത് തന്നോട് തന്നെയാണോ എന്ന സംശയത്തോടെ അർജുൻ വെറുതെയൊന്ന് തിരിഞ്ഞു നോക്കി.

ഇന്നലെ രാത്രിയിൽ അങ്ങനൊക്കെ വിളിച്ചു പറഞ്ഞിട്ടും അതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ല.

അർജുന് ശ്വാസം മുട്ടുന്നത് പോലെ തോന്നി.

പാർവതി അവനെ തന്നെ സൂക്ഷിച്ചുനോക്കി നിൽപ്പുണ്ട്.

"ബില്ല് അറുനൂറ് രൂപയാണ്. നീ കഴിഞാഴ്ച എന്നോട് കാശ് ചോദിച്ചില്ലായിരുന്നോ? അന്ന് തരാൻ കയ്യിലുണ്ടായിരുന്നില്ല.ബില്ലടച്ചിട്ട് ബാക്കിയുള്ളത് നീ വെച്ചോ "

ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കുടിച്ചിട്ട് പോവുന്നതിന് മുന്നേ സീത അത് കൂടി പറയുമ്പോൾ അർജുന്റെ മുഖം പാതാളത്തോളം താഴ്ന്ന പരുവത്തിലായിരുന്നു.

അത് നോക്കി നിന്നിരുന്ന പാർവതിയിൽ വല്ലാത്തൊരു നിർവൃതിയുണ്ട്.

"പോട്ടെ ചേച്ചി.. "

പിന്നൊന്നും പറയാതെ ചുരിദാറിന്റെ ഷാളിൽ കൈതുടച്ച് സീതയിറങ്ങി പോയി.

റോഡും കടന്ന് വയൽ വരമ്പിലേക്കിറങ്ങി നടക്കാൻ തുടങ്ങിയത് മുതൽ തന്റെ കയ്യിൽനിന്നും വഴുതി മാറുന്ന മനസ്സിനെയും ഓർമകളെയും സീത മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചു.

പക്ഷേ ഹൃദയം വല്ലാത്തൊരു ഭാവത്തെയും പേറി അവൾക്കൊപ്പം നടന്നു.

നേരിയ മഴ പൊടിയുന്ന ഇന്നലത്തെ വൈകുന്നേരം അവൾക്കൊരിക്കലും മറക്കാനാവില്ലെന്ന് ഓർമിപ്പിക്കുന്നത് പോലെ.

അതിന് ശേഷം നടന്നുപോയ സംഭവങ്ങളിലെ വേദനകളെ പോലും അലിയിച്ചുകളയാൻ ആ നിമിഷങ്ങൾക്ക് ശക്തിയുണ്ടായിരുന്നുവോ?

പുലരുവോളം ഉറക്കത്തെ പോലും മറന്ന് പോകുമായിരുന്നത്രയും നൊമ്പരം പേറിയാണ് ഇന്നലെയുറങ്ങാൻ കിടന്നത്.

എന്നിട്ടും നനുത്തൊരു കാറ്റ് പോലെ തഴുകി ഉറക്കിയതും അതേ ഓർമകളല്ലേ?

സീതയുടെ ഹൃദയം വളരെ ശക്തമായി മിടിച്ചു തുടങ്ങി.

തലേന്ന് പെയ്തിറങ്ങിയ മഴയുടെ തിളക്കവും പേറി വയലോലകൾ അതിമനോഹരിയായാണ് ചിരിക്കുന്നത്..
സീതയെ പോലെത്തന്നെ!

കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ച.

ഓരോ കാലടികൾക്കും വല്ലാത്ത ധൃതിയുണ്ടായിരുന്നു സീതയ്ക്ക്.അവളെറിയാതെത്തന്നെ.

അതേ നിമിഷം തന്നെ സീതയ്ക്ക് ഹരിയെ ഓർമ വന്നു.

എത്തിയിട്ടുണ്ടാവും. വിളിച്ചിട്ടുമുണ്ടാവും.

വിളിച്ചു കിട്ടാതെയായപ്പോൾ നാലഞ്ചു തെറിയും വിളിച്ചിട്ടുണ്ടാവുമവൻ.സീതാ ലക്ഷ്മിയുടെ വൃത്തികെട്ട ദുരഭിമാനത്തെ പിന്നെയും ഒരുപാട് പുച്ഛിച്ചുകാണും.

സീത ചിരിയോടെയോർത്തു.

ശ്രീ നിലയത്തിന്റെ പടി കയറുമ്പോൾ വീണ്ടും ഹൃദയം വാക്ക് തെറ്റിച്ചു..വല്ലാതെ മിടിച്ചുകൊണ്ട്.

കണ്ണുകൾക്ക് പതിവില്ലാത്ത ഒരു കള്ളത്തരം.

കാതുകൾ ആരുടെയോ സ്വാന്തനവാക്കുകൾക്ക് വട്ടം പിടിക്കുന്നുണ്ടോ?

തുറിച്ചു നോക്കുന്നവരെ എന്നത്തേയും പോലെ വളരെ മനോഹരമായി അവഗണിച്ചു.
ഇന്നത് തനിക്ക് അൽപ്പം കൂടി ഈസിയായിട്ട് ചെയ്യാൻ പറ്റുന്നുണ്ടല്ലോയെന്ന് സീതാ ലക്ഷ്മി സ്വയം അഭിമാനിച്ചു.
അവളെ തന്നെ അഭിനന്ദിച്ചു.

"എങ്ങനുണ്ട് "

മുറിയിൽ ചെന്നയുടനെ ബാഗ് പോലും അഴിച്ചുവെക്കാതെ സീത മുത്തശ്ശിയുടെ നെറ്റിയിൽ തൊട്ട് നോക്കി.

"അതൊക്കെ പോയെടി പെണ്ണേ "മുത്തശ്ശി ചിരിയോടെ അവളെ നോക്കി പറഞ്ഞു.

"അങ്ങനെ മുഴുവനായും പോയിട്ടൊന്നുമില്ല. രണ്ടൂസം കൂടി നന്നായി റസ്റ്റേടുത്തേ പറ്റൂ "

ബാഗ് ഊരി മേശയിൽ കൊണ്ട് വച്ചിട്ട് സീത പറഞ്ഞു.

"ഓ.. പിന്നെ. അല്ലെങ്കിൽ ഞാനല്ലേ ഈ പറമ്പ് മുഴുവനും കിളച്ചുമറിക്കുന്നത്."

മുത്തശ്ശി സീതയെ കളിയാക്കി പറഞ്ഞു.
അവൾ ദേഷ്യത്തോടെ അവരെയൊന്ന് തുറിച്ചു നോക്കി.

"നീയിന്നലെ  നിനക്ക് കൂട്ട് വന്ന എന്റെ കണ്ണനെ എടുത്തിട്ട് കുടഞ്ഞോടി പെണ്ണേ?പുലി പോലെ നിനക്കൊപ്പം വന്നവൻ തിരികെയെത്തിയത് നനഞ്ഞുതൂങ്ങിയത് പോലാണ് "

മുത്തശ്ശി സീതയുടെ കയ്യിൽ ചെറുതായി അടിച്ചു കൊണ്ട് പറഞ്ഞു.

"ഞാനൊന്നും ചെയ്തില്ല നിങ്ങടെ കിണ്ണനെ "

സീതയവന്റെ പേര് കേട്ടപ്പോൾ തുടിച്ച ഹൃദയത്തെ ഉള്ള് കൊണ്ട് ശാസിക്കുന്നതിനിടെ മുത്തശ്ശിയെ നോക്കി പറഞ്ഞു.

"മ്മ്.. ഞാൻ വിശ്വസിച്ചു.നീ ഒന്നും ചെയ്തിട്ടുണ്ടാവില്ല "

മുത്തശ്ശി അവളുടെ ചുവന്നു തുടങ്ങിയ കവിളുകൾ കണ്ടിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഓ.. വേണേൽ വിശ്വാസിച്ചാ മതി. എനിക്കൊരു നിർബന്ധവുമില്ല "

അവളും ചുണ്ട് കോട്ടി..

വീണ്ടും ഓരോരോ ജോലിയിൽ മുഴുകുമ്പോഴും അവളുടെ കണ്ണും മനസ്സും അറിയാതെ തന്നെ കണ്ണനെ തേടുന്നുണ്ടായിരുന്നു.

ഉച്ചയായിട്ടും അവനെ കാണാഞ്ഞ് ഉള്ളിലൂറി കൂടിയ നിരാശ തന്നെയാണ് അവനെ തിരഞ്ഞിറങ്ങാൻ അവൾക്ക് ധൈര്യം പകർന്നത്....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story