സ്വന്തം ❣️ ഭാഗം 18

swantham

രചന: ജിഫ്‌ന നിസാർ

കണ്ണന്റെ നെറ്റിയിൽ ചേർത്തുവെച്ച കൈകളിൽ തീപൊള്ളലേറ്റത് പോലെ

സീത കൈകൾ പിൻവലിച്ചുകൊണ്ടവനെ ആകെയൊന്ന് നോക്കി.

തലയടക്കം പുതപ്പിനുള്ളിൽ പൊതിഞ്ഞിട്ട് പനിച്ചൂടിൽ തുള്ളിവിറച്ച് കിടപ്പുണ്ട്.

ഇന്നേരം വരെയും ഇതകത്തുനിന്നും പുറത്തിറങ്ങി കാണില്ല.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ സീത പകച്ചു നിന്നു.

ഈ വീട്ടിൽ കണ്ണനോട് സ്നേഹമുള്ള ഏകവ്യക്തി മുത്തശ്ശിയാണ്.

അവർക്കിപ്പോൾ ഈ കിണ്ണന് വേണ്ടിയൊന്നും ചെയ്യാനാവില്ല.

ഇത്രത്തോളമില്ലെങ്കിലും ഇത് പോലൊരവസ്ഥയിലാണവരും.

തണുപ്പ് കൊണ്ട്  ചുരുണ്ടുകൂടുന്ന കണ്ണനിൽ വീണ്ടും സീതയുടെ മിഴികളുടക്കി.

"ഈ കിണ്ണനെയൊക്കെ പിടിച്ച് ആരാണാവോ ഡോക്ടറാക്കിയത്? പനി വന്നാ മൂടിപ്പുതച്ച് കിടക്കാൻ പാടില്ലെന്നുക്കൂടി അറിയാത്ത പരട്ടഡോക്ടർ "

സീതയവൻ പുതച്ചിരുന്ന പുതപ്പ് വലിച്ചു മാറ്റി.

ഒന്ന് ഞരങ്ങിയതല്ലാതെ കണ്ണനപ്പോഴും കണ്ണ് തുറന്നില്ല.

സീതയുടെ കണ്ണുകൾ ചുവരിലെ ക്ളോക്കിലേക്ക് നീണ്ടു.

സമയം രണ്ടുമണിയോടടുക്കുന്നു.

ഇത്രേം നേരം ഇവനിതിനുള്ളിൽ വിറച്ചുകിടന്നിട്ടും.. കണ്ണനെവിടെയെന്നും അവന് വല്ലതും കഴിക്കാനോ കുടിക്കനോ വേണമെന്നോ ആരും അന്വേഷിച്ചു നോക്കിയട്ടില്ല എന്ന തിരിച്ചറിവ് അവളെയൊരുപാട് വേദനിപ്പിച്ചു.

അവന്റെ മുറിയിലെ ജനാലകൾ പോലും അടഞ്ഞു കിടക്കുന്നു.

"അവനാരുമില്ല മോളെ. എന്റെ കണ്ണൻ ഒറ്റക്കാണ് "

മുത്തശ്ശിയുടെ വാക്കുകൾ സീതയുടെ കാതിൽ മുഴങ്ങി.

അന്നവർ പറഞ്ഞ ഒറ്റപ്പെടലിന്റെ ശരിക്കുമുള്ള അർഥമവൾക്ക് ഇന്നറിയാനാവുന്നുണ്ട്.

ചുറ്റും ഒരുപാട് പേരുണ്ടാകും.
പക്ഷേ നമ്മളുടേതെന്ന്  പൂർണ്ണമായും അവകാശപെടാൻ കഴിയാവുന്ന ഒരാളിന്റെ കുറവാണ് ആ ഒറ്റപ്പെടൽ.

കൂടെയുണ്ടായിരുന്നുവെങ്കിൽ എന്ന് കൊതിക്കുന്ന നേരത്ത് ഓടി വരാൻ ആളില്ലാത്ത ശൂന്യതയെക്കൂടിയാണ് ഒറ്റക്കാവുകയെന്നാൽ അർഥമാക്കുന്നത്.

അവനെ നോക്കുമ്പോഴെല്ലാം സീതയുടെ ഹൃദയം വേദനിച്ചു.

അതവനെയോർത്താണ്..

അവന്റെ അവസ്ഥയോർത്താണ്.

അടുക്കളയിൽ പോയി ചായയുണ്ടാക്കിയതും അവന് വേണ്ടിയാണ്.
ടിന്നിൽ അടച്ചുവച്ചിരുന്ന ബ്രെഡിന്റെ പയ്ക്കുമെടുത്ത് പോകുമ്പോൾ പുറകെ നീളുന്ന കണ്ണുകൾക്ക് ദേഷ്യത്തോടെ തന്നെ ഒരു തുറിച്ചു നോട്ടം പകരം കൊടുത്തത് കണ്ണന് വേണ്ടിയിട്ടായിരുന്നു.

അവനെ പരിഗണിച്ചില്ലല്ലോ എന്നുള്ള മനസ്സിന്റെ പ്രതിഷേധമായിരുന്നു.

വീണ്ടും അവന്റെ മുറിയിലെത്തി.
കയ്യിലുള്ളത് മേശപുറത്ത് വെച്ചിട്ട് അവന്റെ അരികിൽ പോയിരുന്നു.

കിണ്ണണെന്ന് കളിയാക്കി പറയുമെങ്കിലും, എന്താണവനെ വിളിക്കേണ്ടതെന്നറിയാതെ ഒരു നിമിഷം പതറി.

"ഏയ്‌.."

അവൾ പതിയെ അവന്റെ തോളിൽ പിടിച്ചു കുലുക്കി നോക്കി.
അവനരികിൽ ഇരുന്നിട്ടുക്കൂടി തന്നിലേക്ക് നീളുന്ന ചൂട് അവളുടെ വിളിയുടെ വേഗത കൂട്ടി.

കണ്ണൊന്നു തുറക്കുകക്കൂടി ചെയ്യാതെ അവൻ അവളുടെ വിളികൾക്ക് മൂളുന്നുണ്ട്.

"കണ്ണേട്ടാ.. എണീറ്റെ.. മരുന്ന് കഴിച്ചാല്ലല്ലേ പനി വിട്ട് പോകൂ."
വീണ്ടും സീതയവനെ ശക്തിയായി കുലുക്കി വിളിച്ചു.

കണ്ണൻ ആയാസത്തോടെത്തന്നെ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടവളെ പകച്ചുനോക്കി.
അവന്റെ കണ്ണുകൾ ചെമ്പരത്തിപൂവ് പോലെ ചുവന്നുപോയിരുന്നു.

കണ്ണുകൾ മാത്രമല്ല.

ആ ചുണ്ടുകളും കവിളും ചെഞ്ചായം പൂശിയത് പോലെ ചുവന്നുവിങ്ങി കിടപ്പുണ്ട്.

"എഴുന്നേറ്റേ.. ഇത്തിരി ചായ കുടിച്ചിട്ട് മരുന്ന് കഴിക്കാം "

അവന്റെ നോട്ടം കണ്ടിട്ട് സീത വീണ്ടും പറഞ്ഞു.

കണ്ണനപ്പോഴും സ്ഥലകാലബോധം വരാത്തത് പോലെ അതേ കിടപ്പാണ്.

"നിങ്ങൾക്കാരാണ് ഡോക്ടറേറ്റ് തന്നത്. പനി വന്ന വല്ലതും കഴിച്ചിട്ട് മരുന്ന് കഴിക്കാനുള്ളതിന് ഇവിടൊരുത്തൻ തലയടക്കം കവറ് ചെയ്തു കിടക്കുന്നു. പനിയിറങ്ങി പോവാൻ കരുതിയാൽ തന്നെ വിടില്ലെന്ന് വാശിയുള്ളത് പോലെ.. സത്യത്തിൽ നിങ്ങള് ഡോക്ടർ തന്നെയാണോ കിണ്ണാ?"

സീതയുടെ ദേഷ്യം നിറഞ്ഞ മുഖത്തേക്ക് നോക്കി കണ്ണൻ മലർന്നു കിടന്നു.

"ഇനിയും എന്തോ കാണാൻ കിടക്കുവാ? എഴുന്നേൽക്കങ്ങോട്ട്. ദേ.. ഞാൻ ചായയിട്ട് കൊണ്ട് വന്നിട്ടുണ്ട്. അത് കുടിച്ചിട്ട് മരുന്നും കഴിച്ച് കിടന്നോ "

വീണ്ടും സീതയുടെ കടുപ്പമേറിയ വാക്കുകൾ.

"എനിക്കൊറ്റക്ക് എണീക്കാൻ വയ്യെടി ദുർഗാലക്ഷ്മി "

തളർന്നു തൂങ്ങിയ അവന്റെ സ്വരം.

സീതയുടെയുള്ളിലെ മുറിവിൽ നിന്നും ചോര കിനിഞ്ഞു.

"പിടിക്കാനല്ലേ ഞാൻ വടി പോലിവിടെ നിൽക്കുന്നെ?"
സീത ഉള്ളിലെ നീറ്റൽ പുറമെ കാണിക്കാതെ അവനെ നോക്കി കണ്ണുരുട്ടി.

കണ്ണന്റെ വരണ്ട ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു അത് കേട്ടപ്പോൾ.

"നിനക്ക് പറ്റുവോടി?"
ആ അവസ്ഥയിലും കണ്ണന്റെ വാക്കുകൾക്ക് കുറുമ്പുണ്ട്.

"സീതാലക്ഷ്മി സ്ട്രോങ്ങാണ് മാൻ "

അവൾ എഴുന്നേറ്റു നിന്നിട്ട് കൈ പൊക്കി കാണിച്ചു.

കണ്ണൻ വീണ്ടും ചിരിച്ചു.

"നല്ല പനിയുണ്ട്. ഇനിയും മരുന്ന് കഴിച്ചില്ലേ പണി കിട്ടും കിണ്ണന്. വാ.. എണീക്ക് "

സീത കുനിഞ്ഞു നിന്നിട്ട് കണ്ണന് നേരെ കൈ നീട്ടി.

വളരെ ആയാസപെട്ടാണ് അവൻ ആ കൈകൾ പിടിച്ചിട്ട് എഴുന്നേറ്റത്.

വല്ലാതെ തളർന്നു പോയത് കൊണ്ട് സീതയവനെ  ചുവരിൽ ചാരിയിരുത്തി,മടിയിൽ ഒരു തലയിണ വെച്ച് കൊടുത്തു.

അവളെഴുന്നേറ്റ് പോയി.. മേശയിൽ വെച്ചിരുന്ന ബ്രെഡ്‌പാക്കറ്റ് പൊട്ടിച്ചിട്ട് അതിൽ നിന്നും മൂന്നാല് കഷ്ണവും ഒരു ഗ്ലാസിൽ ചായയുമെടുത്ത് കണ്ണനരികിൽ പോയിരുന്നു.

"കഴിച്ചോ"

ചിരിച്ചു കൊണ്ടവനെ നോക്കി.

അവന്റെ കൈകൾ വിറച്ചിട്ട് ചായ തൂവി പോകുന്നുണ്ട്.

ബ്രെഡ്‌ കഷ്ണമാക്കി അതിൽ മുക്കിയെടുക്കാൻ കണ്ണൻ വല്ലാതെ കഷ്ടപെടുന്നുണ്ടെന്ന് തോന്നിയപ്പോൾ സീത കുറച്ചുക്കൂടി അവനരികിലേക്ക് നീങ്ങിയിരുന്നു.

അവന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസിൽ മുക്കി അവന് നേരെ ബ്രെഡ്‌ നീട്ടുന്നവളെ കണ്ണൻ നോക്കിയിരുന്നു.

"കഴിച്ചോ . ഇയാൾക്കു ഒട്ടും വയ്യ "

വല്ലാത്തൊരു സങ്കടം അവളുടെ വാക്കുകളിൽ മുഴച്ചു നിന്നിരുന്നു.

കണ്ണൻ വാ തുറന്നു.

കലങ്ങിചുവന്ന അവന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു.

ഒരു കരച്ചിലവൻ തൊണ്ടയിൽ തന്നെയിട്ട് അമർത്തി.

"എന്തേ.. വേദനിക്കുന്നുണ്ടോ?"
എത്രയിതുക്കിയിട്ടും കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീര് കണ്ടപ്പോൾ സീതയൊരു നിമിഷം പകച്ചുപോയി.

"തലവേദനിക്കുന്നുണ്ടോ? "

ഒന്നും മിണ്ടാതെയിരിക്കുന്നവനോട് സീത വീണ്ടും ചോദിച്ചു.
അവൻ ഇല്ലെന്ന് തലയാട്ടി കാണിച്ചു.

"പിന്നെന്താ..? എന്തിനാ കിണ്ണൻ കരയുന്നേ?"

സീതയുടെ മുഖത്തും അസഹ്യത നിറഞ്ഞുനിന്നിരുന്നു അത് ചോദിക്കുമ്പോൾ.

"എനിക്ക്... എനിക്കെന്റെയമ്മയെ ഓർമ വന്നു "

വരുത്തിക്കൂട്ടിയ ചിരിയോടെ കണ്ണൻ പറഞ്ഞു.

സീതയുടെ ഉള്ളിലെ മുറിവ് വീണ്ടും വേദനിപ്പിച്ചു.

"അമ്മയേം അച്ഛനേം ഒക്കെ പിന്നെ ഓർക്കാം. ഇപ്പൊ ഇതങ്ങോട്ട് കഴിക്കാദ്യം.
"
യാതൊരു കാര്യവുമില്ലാഞ്ഞിട്ടും ഉള്ളിലെ വേദനകൾക്ക് സീത ദേഷ്യത്തിന്റെ മുഖമൂടിയണിയിച്ചു കൊടുത്തു.

ആശ്വാസവാക്കേത് പറഞ്ഞാലും അവനുള്ളിലെ വേദനയുടെ ആഴം കൂട്ടാനെ ഈ അവസ്ഥയിൽ അതുപകരിക്കുകയൊള്ളു എന്നവൾക്ക് തോന്നി.

അപ്പോൾ പിന്നെ ഇതാണ് നല്ലത്.

കയ്യിലുള്ളത് മുഴുവനും ചെറിയ കഷ്ണങ്ങളാക്കി അവന് നേരെ നീട്ടുമ്പോൾ സീത മനഃപൂർവ്വമവന്റെ കലങ്ങിയ കണ്ണുകളിലേക്ക്  നോക്കിയില്ല.

കണ്ണൻ അവളിൽ നിന്നും നോട്ടം മാറ്റിയതുമില്ല.

ഒട്ടും വേണ്ടാഞ്ഞിട്ട് കൂടിയും ആ നാല് കഷ്ണവും കണ്ണൻ കഴിച്ചു.

"ഗുളിക വല്ലതുമിരിപ്പുണ്ടോ ഡോക്ടറുടെ കയ്യിൽ? "
ചോദ്യത്തിനൊക്കെ വല്ലാത്ത ഗൗരവമുള്ളത് പോലെ തോന്നി കണ്ണന്.

"ഇല്ലെങ്കിൽ മുത്തശ്ശിയുടെ മുറിയിലുണ്ട്. ഞാൻ എടുത്തിട്ട് വരാം "

അവന്റെ കയ്യിൽ നിന്നും ചായഗ്ലാസും വാങ്ങി അവളെഴുന്നേറ്റു.

"ആ ഷെൽഫിലുണ്ട് "

കണ്ണൻ പറഞ്ഞു.

സീത ഗ്ലാസ്‌ മേശയിൽ വെച്ചിട്ട് അവൻ പറഞ്ഞ ഷെൽഫിന് നേരെ ചെന്നു.
കീ അതിൽ തന്നെ ഉള്ളത് കൊണ്ട് അവൾ അത് തുറന്നു.

വൃത്തിയായി അടുക്കി വെച്ചിട്ടുണ്ട് അതിനകം മുഴുവനും.
'ഡോക്ടർ അൽപ്പം വൃത്തിയുള്ള കൂട്ടത്തിലാണ്..'

സീത മനസ്സിൽ പറഞ്ഞു.

അതിനകത്തു നിന്നും വരുന്ന ഗന്ധം അവളെ തഴുകി തലോടി നിന്നു.

കണ്ണന്റെ അരികിൽ നിൽക്കുന്നത് പോലെ.

"അവിടൊരു ചെറിയ ബോക്സ്‌ ഉണ്ട്. അതിനകത്തുകാണും "
പിന്നിൽ നിന്നും കണ്ണന്റെ സ്വരം.

സീത ഞെട്ടി പോയി.

പരവേശത്തോടെ അവൾ തിരിഞ്ഞ് നോക്കുമ്പോൾ കണ്ണൻ അവളെ തന്നെ നോക്കിയിരിക്കുന്നു.

അതേ സ്പീഡിൽ അവൾ നോട്ടം മാറ്റി.

അവൻ പറഞ്ഞുകൊടുത്ത ബോക്സിൽ നിന്നും ഗുളികയെടുത്തിട്ട് മേശയിൽ ഉണ്ടായിരുന്ന ജെഗിൽ നിന്നും വെള്ളവുമായി വീണ്ടും അവനരികിൽ ചെന്നു.

കയ്യിലുള്ള ഗുളികയവന് നേരെ നീട്ടി.
അവളെ നോക്കി കൊണ്ടാണ് അവൻ അതെടുത്തതും കുടിച്ചതും.

"ഇനിയിത്തിരി നേരം വേണമെങ്കിൽ കിടന്നോ. അപ്പോഴേക്കും പനിയൊന്നു കുറയും. എന്നിട്ട് ഒന്ന് മേല് കഴുകി ഡ്രസ്സ്‌ മാറിയ ഇയാള് ഓക്കേയായിക്കോളും "

സീത അവനെ നോക്കി പറഞ്ഞു.

"മുത്തശ്ശിക്ക് ഓക്കേയായില്ലേ?"
കണ്ണന്റെ സ്വരത്തിൽ വേവലാതിയുണ്ടായിരുന്നു, അത് ചോദിക്കുമ്പോൾ.

സീത ചിരിച്ചുകൊണ്ട് തലയാട്ടി.

തലയണ അവൾ കണ്ണന്റെ മടിയിൽ നിന്നും എടുത്തു മാറ്റി.

"പിടിക്കണോ?"
കിടക്കാൻ ശ്രമിക്കുന്നവനെ നോക്കി അവൾ ചോദിച്ചു.

അവൻ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

"തണുക്കുന്നു.."

കണ്ണൻ വീണ്ടും ചുരുണ്ടുക്കൂടി.

"പുതപ്പ് വേണ്ട. പനി കുറയില്ല. ഫാൻ ഓഫ് ചെയ്യാം "
സീത എഴുന്നേറ്റു പോയി ഫാൻ ഓഫ് ചെയ്തു.

"തലവേദനയുണ്ടോ?"
നെറ്റിയിൽ കൈയമർത്തിയ കണ്ണനെ നോക്കി സീത ചോദിച്ചു.

അവൻ പതിയെ മൂളി.

"വിക്സ് ഇരിപ്പുണ്ടോ?"
വീണ്ടും സീത ചോദിച്ചു.

ഇല്ലെന്ന് കണ്ണൻ തലയാട്ടി.

"എന്റെ ബാഗിലിരിപ്പുണ്ട്. പോയി എടുത്തിട്ട് വരാം "

സീത ധൃതിയിൽ എഴുന്നേറ്റു.

കണ്ണന്റെ കൈകൾ അവളുടെ കയ്യിൽ അമർന്നു.

"വിക്സ് എനിക്കലർജിയാണ്."

കണ്ണൻ അവളുടെ നോട്ടം കണ്ടപ്പോൾ പറഞ്ഞു.

"ഇനിയെന്ത് ചെയ്യും?"
അവന്റെ വേദന അവനെക്കാൾ അവൾക്ക് അനുഭവപെടുന്നത്രെയും ഭാരമുണ്ട് ആ വാക്കുകൾക്ക്.

"കുറച്ചു നേരം.. എന്റെയടുത്തിരിക്കാവോ?  ഞാനുറങ്ങും വരെയും "

അപേക്ഷിക്കുന്നത് പോലെ.

വീണ്ടും അവൾക് ഹൃദയം വിങ്ങി. ഉള്ളിലെ മുറിവ് വേദന നൽകി.

അറിയാതെ തന്നെ സീത അവനരികിലിരുന്നു.

കണ്ണന്റെ മുഖത്ത് ഒരായിരം നക്ഷത്രങ്ങൾ ഒരുമിച്ച് പൂത്തു.

വരണ്ട ചുണ്ടുകളിൽ വീണ്ടും ചിരി തെളിഞ്ഞു.

"കിണ്ണനുറങ്ങിക്കോ. ഞാനുണ്ടാകുമിവിടെ "

ഓരോന്ന് പറയുന്നതും ചെയ്യുന്നതുമെല്ലാം ഹൃദയമാണെന്ന് തോന്നി സീതക്ക്.

പറയിപ്പിക്കുകയാണ്..

ചെയ്യിപ്പിക്കുകയാണ്.

ഇടയ്ക്കിടെ അതിനൊന്നും അവനാരുമില്ലെന്ന് ഓർമിപ്പിക്കുകയാണ്.

കണ്ണൻ കൈകൾ കവിളിനടിയിൽ വെച്ചിട്ട് അവളെ തന്നെ നോക്കി കിടന്നു.

സീതയ്ക്ക് ആ കിടപ്പ് കണ്ടപ്പോൾ അവനോട് വാത്സല്യമാണ് തോന്നിയത്.

പനിയുടെ കുളിരിൽ അമ്മയുടെ ചൂടിലൊതുങ്ങാൻ കൊതിക്കുന്ന ഒരു കുഞ്ഞുപയ്യൻ.

"എനിക്കമ്മയെ മിസ് ചെയ്യുന്നു സീതാ ലക്ഷ്മി "

വീണ്ടുമവന്റെ വിങ്ങുന്ന സ്വരം.കണ്ണ് നിറയുന്നുണ്ട്.

"സാരല്ല... ഉറങ്ങിക്കോട്ടോ. മാറിക്കോളും."

അറിയാതെ തന്നെ സീതയുടെ സ്വരം ആർദ്രമായി.

കണ്ണൻ അവളുടെ കൈ എടുത്തു കവിളിൽ ചേർത്ത് വെച്ചു.

ഒരക്ഷരം പോലും എതിർപ്പ് പറയാതെ അവളൊന്ന് കൂടി അവനരികിലേക്ക് നീങ്ങിയിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story