സ്വന്തം ❣️ ഭാഗം 19

swantham

രചന: ജിഫ്‌ന നിസാർ

"നീ ഇന്നെവിടെ പോയതാ അർജുൻ?"
നിരഞ്ജനയുടെ കൂർത്ത ചോദ്യം.

അർജുൻ ഒന്നും മിണ്ടാതെയിരുന്നു.

"നിനക്കെന്താടാ. മിണ്ടാൻ വയ്യേ?"
അരികിൽ ഇരുന്ന് അവൾ അവനെ പിടിച്ചു തിരിച്ചു.
എന്നിട്ടും അവൻ അവളുടെ നേരെ നോക്കുന്നില്ല.

"ദേ.. അർജുൻ. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ?"

പറയുന്നത് പോലെ അവളുടെ സ്വരത്തിലും ആ ദേഷ്യം അവനറിയാൻ കഴിഞ്ഞിരുന്നു.

"നിനക്കെന്താണ് നിമ്മി? ഇത് ചോദിക്കാനാണോ നീ തിരക്കിട്ട് കാണാൻ വരണമെന്ന് പറഞ്ഞത്?"

അർജുൻ അവളെ നോക്കി കണ്ണുരുട്ടി.

"ഇപ്പൊ ഞാൻ ചോദിച്ചതാണോടാ കുറ്റം? ക്ലാസ് പോലും കട്ട് ചെയ്ത് നീ കാണിച്ചുക്കൂട്ടുന്നതൊക്കെ പിന്നെ നല്ലക്കാര്യങ്ങളെണല്ലോ, അല്ലേ?"

നിരഞ്ജന അവനെ നോക്കി.

"ഞാനെന്ത് ചെയ്തേതെന്ന?"

അർജുൻ അപ്പോഴും അവളെ നോക്കിയില്ല.

"നീ ഒന്നും ചെയ്യുന്നില്ലേ?  എക്സാമിന് ഇനിയെത്ര ദിവസമുണ്ടെന്ന് നിനക്കും അറിയാവുന്നതല്ലേ?  എന്നിട്ടും ഈ കാണിക്കുന്നതൊന്നും ഒന്നുമല്ലന്നോ?"

അവൾ അവന്റെ തോളിൽ ഒരു അടി കൊടുത്തു.

"അതൊക്കെ എനിക്കറിയാം. നീ അതൊന്നും എന്നെ പഠിപ്പിച്ചു തരേണ്ട "

അവൻ മുഷിഞ്ഞു തുടങ്ങി.

"ആ.. അല്ലേലും ഞാനിപ്പോ ഒന്നും നിന്നെ പഠിപ്പിച്ചു തരേണ്ടല്ലോ?  നീ വല്ലാണ്ട് മാറി പോയല്ലോ?  ഒന്ന് കാണാൻ വിളിച്ചാൽ പോലും സമയമില്ലാത്തത്ര തിരക്കായി പോയി സഖാവിന് "

ദേഷ്യത്തേക്കാളും സങ്കടമായിരുന്നു അവളുടെ വാക്കുകളിൽ മുഴച്ചു നിന്നിരുന്നത്.

"വല്ലതും പറയാനുണ്ടേൽ വളച്ചു കെട്ടാതെ  പറയാൻ നോക്കെടി. അവളുടെ ഒരു സെന്റിമെന്റ്. ഞാനെന്താ കൊച്ചുക്കുട്ടിയാണോ?"

അർജുൻ അവളുടെ നേരെ ചാടി..

"അല്ലേടാ. നീ ഒരുപാട് വളർന്നു.നല്ല മാറ്റവും വന്നു നിനക്ക്."
നിരഞ്ജന പുച്ഛത്തോടെ അവനെ നോക്കി.

"ഒരു മനുഷ്യന് മാറ്റം വരുമ്പോൾ സാധാരണ സന്തോഷമല്ലേ തോന്നേണ്ടത്? പക്ഷേ നിന്റെ കാര്യത്തിൽ എനിക്ക് പേടിയാണ്. കാരണം നിന്റെ മാറ്റം,അത് നല്ലതിനല്ല. നിന്റെ നാശത്തിനാ."

അർജുൻ ചാടി എഴുന്നേറ്റു.

"ആണെങ്കിലങ്ങ് സഹിച്ചോ.അല്ലപിന്നെ... ഇങ്ങനെയുണ്ടോ. തത്കാലം നിന്റെ വട്ട് കേൾക്കാനും ഫിലോസഫി കേൾക്കാനും എനിക്ക് സമയമില്ല. നീ ഇവിടിരുന്ന് ഒറ്റക്ക് പറഞ്ഞു തീർക്ക്. ഞാൻ പോണ് "

അവളെ നോക്കി പറഞ്ഞിട്ട് അർജുൻ മുന്നോട്ടു നടക്കും മുന്നേ നിരഞ്ജനയവന്റെ കൈ പിടിച്ച് ഒറ്റവലിയായിരുന്നു.

അവൾക്കരികിൽ തന്നെയവൻ ഇരുന്നു പോയി.

"എവിടെ പോവാ നീ?  എന്താ ഇത്ര അർജന്റ് നിനക്ക്?  ഇരിക്കെടാ അവിടെ "

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

"ഓ.. നാശം പിടിക്കാൻ. എന്നാ പറഞ്ഞു തുലക്ക് നീ"

അർജുന്നും അതേ അവസ്ഥയിൽ തന്നെയായിരുന്നു.

അൽപ്പനേരം അവളൊന്നും മിണ്ടാതെ അവനെ നോക്കിയിരുന്നു.

"എന്തേയ്. നിനക്കൊന്നും മൊഴിയാനില്ലേ ഇപ്പോൾ?"

അർജുൻ പുച്ഛത്തോടെ നിരഞ്ജനയെ നോക്കി.

"പറയാനുണ്ട്. പക്ഷേ എനിക്ക് പറയാനുള്ളത് സഖാവ് അർജുനോടല്ല. എന്നെ സ്നേഹിച്ച.. ഞാൻ സ്നേഹിച്ച ഒരു പാവം അർജുനുണ്ടായിരുന്നു. ഒരു കുടുംബത്തിന്റെ മൊത്തം സ്വപ്നവും ഏറ്റെടുത്ത്.. ഭാവിയെ കുറിച്ച് നല്ല തീരുമാനങ്ങളുണ്ടായിരുന്ന അർജുൻ. അവനോട് പറഞ്ഞിട്ടേ കാര്യമുള്ളു. നീ ഇപ്പൊൾ അവന്റെ വെറും നിഴലാണ്."

നിരഞ്ജന അവനെ നോക്കി.

"എനിക്കെന്ത് സംഭവിച്ചെന്നാണ് നിമ്മി നീയീ പറയുന്നത്?  ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നില്ലേ? ഇത്തിരി രാഷ്ട്രീയം ഉണ്ടായിപ്പോയതൊരു തെറ്റാണെന്നാണോ നിന്റെ കണ്ട് പിടിത്തം?"

അസഹിഷ്ണുതയോടെയാണ് അർജുന്റെ ചോദ്യം.

നിരഞ്ജന ചുണ്ട് കോട്ടി.

"ഉണ്ടോ? നീയിപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോടാ? ആ കാര്യത്തിലും എനിക്കിപ്പോ നല്ല സംശയമുണ്ട് "

"അതാണ്‌ കാര്യം. നിനക്കെന്നെയെടുക്കത്തെ സംശയമാണ്. എന്നിട്ട് പറയുന്നതോ, ഞാനൊത്തിരി മാറി പോയെന്ന്. കൊള്ളാം."

അർജുൻ അവളെ നോക്കി കളിയാക്കി.

"എടാ.. എന്നെ കാണാൻ നിനക്കാഗ്രഹമുണ്ടാവില്ല. പക്ഷേ എനിക്കങ്ങനയല്ല. അതിന്റെ പേര് സംശയമെന്നല്ല. സ്നേഹമെന്നാണ് "

"എന്നിട്ട് ഈ വിളിച്ചുപറയുന്നതൊക്കെ നിന്റെ സ്നേഹമാവും. അല്ലേ? എപ്പോ കണ്ടാലും നിനക്കിതല്ലാതെ വേറൊന്നും പറയാനില്ലല്ലോ. ഞാൻ മാറി പോയി.. മറന്നു പോയി.. ഇതിന് മാത്രം എനിക്കെന്ത് മാറ്റമാണെന്നാ ഞാൻ ആലോചിച്ച് നോക്കിയിട്ട് കിട്ടാത്തത് "

"അതേ. നിനക്കൊരു മാറ്റമുണ്ടെന്ന് നീ തിരിച്ചറിയാതിടത്തോളം കാലം നീ രക്ഷപെടാനും പോകുന്നില്ല."

"എനിക്കിങ്ങനെ മതിയെങ്കിലോ?  ഞാൻ നിന്നോട് പറഞ്ഞു വന്നിട്ടുണ്ടോ എനിക്ക് രക്ഷപെടണമെന്ന്?"

അർജുന്റെ ശബ്ദം ഒരുപാടുയർന്നു അത് പറയുമ്പോൾ.

"എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞുക്കൊണ്ട് എന്റെ പിറകെ നടന്നിരുന്നൊരു കാലമുണ്ടായിരുന്നു, ഈ പറയുന്ന സഖാവ് അർജുന്. അന്ന് പക്ഷേ വാലായി സഖാവ് എന്നുള്ളള്ളൊരു പട്ടമില്ല. പകരം കോളേജ് ടോപ്പർ.. ഭാവി വാക്തനം. ലൈഫിൽ നല്ലൊരു നിലയിൽ എത്തിപെടാനുള്ള ആത്മവിശ്വാസം ഇതെല്ലാമുണ്ടായിരുന്നു "

നിരഞ്ജന അതിനേക്കാൾ ഉച്ചത്തിൽ അവനോട് പറഞ്ഞു.

അർജുൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.

ആരെങ്കിലും കേൾക്കുന്നുണ്ടോ എന്നാണ് അവന്റെ നോട്ടം. 

"ഇന്നത് വല്ലതും നിന്റെ മനസ്സിലെങ്കിലും ഉണ്ടോടാ? രാഷ്ട്രീയം തെറ്റാണെന്നാണോ ഞാൻ നിന്നോട് പറയാറുള്ളത്?  സ്വന്തം ജീവനും ജീവിതവും മറന്നുള്ള രാഷ്ട്രീയം തെറ്റ് തന്നെയാണ്. നീയെത്ര കഷ്ടപെട്ട് വാദിച്ചാലും അതങ്ങനെയാവാതിരിക്കില്ല. നിന്റെ മുന്നിലിപ്പോ ഇതല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ?  പറഞ്ഞു താ നീ എനിക്കൊന്ന് "

കിതച്ചുക്കൊണ്ടവൾ അവനെ നോക്കി.

അർജുൻ ഒന്നും മിണ്ടാതെയിരുന്നു.

അവനറിയാം അവൾ പറയുന്നതെല്ലാം ശരിയാണ്.

ഒരു വർഷത്തോളം മനസ്സിൽ അവളോടുള്ള ഇഷ്ടവും പേറി നടന്നിട്ടുണ്ട്.

"ഒറ്റ കാര്യത്തിൽ എനിക്കൊരു വ്യക്തത വേണം. എന്റെ ലൈഫ് എനിക്കൊരിക്കലും കുട്ടികളിയല്ല. എനിക്കൊരു ഉറപ്പ് തരാൻ ആവുമോ അർജുന്. പാതിയിൽ ഇട്ടിട്ട് പോവില്ലെന്ന്. അങ്ങനെയാണെങ്കിൽ മാത്രം ഞാനീ ഇഷ്ടമെന്റെ നെഞ്ചിൽ ചേർത്ത് വെച്ചോളാം "

ഇഷ്ടം പറഞ്ഞിട്ട് ചെല്ലുമ്പോൾ.. ധീരമായി തന്നെ നിരഞ്ജനയവളുടെ ആവിശ്യം പറഞ്ഞിരുന്നു.
അന്നത്തെയാ ഇഷ്ടം ഇപ്പോഴുമുണ്ട്.
പക്ഷേ പല തീരുമാനങ്ങളിലും വീഴ്ചകൾ വന്നിട്ടുണ്ട്.

അവൾ പറയും പോലെ വളരെ വലിയ മാറ്റങ്ങൾ ജീവിതത്തിലും സ്വഭാവത്തിലും പോലും വന്നിട്ടുണ്ട്.

"ഇങ്ങനെ മൗനം കൂട്ട് പിടിച്ചിരുന്നിട്ടൊന്നും യാതൊരു കാര്യവുമില്ല അർജുൻ. എനിക്കീ പ്രഷർ സഹിക്കാൻ വയ്യ. എന്തിനാണ് ഞാൻ മാത്രം ലൈഫ് എന്നൊക്കെ പറഞ്ഞു നീറുന്നത്. മതിയായിയെനിക്ക്. നിനക്കില്ലാത്ത ഇഷ്ടത്തിന്റെ ശവം പേറി നടക്കാൻ തത്കാലം എനിക്ക് വയ്യ.."

അർജുൻ ഞെട്ടലോടെ അവളെ നോക്കി.

"എന്തൊക്കെയാ നിമ്മി നീയീ പറയുന്നത്. ഇങ്ങനൊക്കെ പറയാനും ചെയ്യാനും ഇവിടിപ്പോ എന്താ ഉണ്ടായത്?"

അർജുൻ അവളുടെ കൈകൾ പിടിച്ചെടുത്തു.

"ഒന്നും ഉണ്ടായിട്ടില്ല. ഇനിയൊന്നും ഉണ്ടാകാനും പോണില്ല. തേപ്പ് കോപ്പ് എന്നൊക്കെ നീ പറയുമായിരിക്കും. എനിക്കത് യാതൊരു വിഷയവുമില്ല. അതിനേക്കാൾ വാല്യു ഞാനെന്റെ ലൈഫിന് കൊടുക്കുന്നുണ്ട് "

നിരഞ്ജന അവൻ പിടിച്ച കൈകൾ വലിച്ചെടുത്തു.

അർജുൻ കൈ കൊണ്ട് തല താങ്ങി കുനിഞ്ഞിരുന്നു.

"നിനക്കറിയാമല്ലോ. എന്റെ പപ്പയുടെ ഒറ്റ മോളാണ് ഞാൻ. നിന്നെ സ്നേഹിച്ചുപോയെന്ന കാരണം കൊണ്ട് നീറി ജീവിക്കാനൊന്നും എന്നെ കിട്ടില്ല. ഞാനും പ്രാക്ടീക്കലാവും ഇങ്ങനെയാണ് നിന്റെ പോക്കെങ്കിൽ. നിന്റെയീ മരമോന്ത കണ്ടിട്ടോ... നിന്റെ സമ്പത്ത് കണ്ടിട്ടോ ഒന്നുമല്ല ഞാനെന്റെ ഇഷ്ടം നിന്റെ കയ്യിലേൽപ്പിച്ചു തന്നതെന്ന് നിനക്ക് ശരിക്കുമറിയാമല്ലോ?  നിനക്കൊരു നിലപാട് ഉണ്ടായിരുന്നു. അതിൽ ഉറച്ചു നിൽക്കാൻ അറിയാമായിരുന്നു. എന്റെ ജീവിതവും പ്രണയവും നിന്റെ കയ്യിൽ സേഫ് ആണെന്ന ബോധം എനിക്കുണ്ടായിരുന്നു."

നിരഞ്ജന അവന്റെ നേരെ നോക്കി.

അർജുൻ കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചിരുന്നു.

"റിയലി സോറി അർജുൻ.. ഇപ്പൊ ഞാനീ പറഞ്ഞ ഗുണമൊന്നും സഖാവ് അർജുൻ അർഹിക്കുന്നില്ല. ഒരിക്കൽ സ്നേഹിച്ചിരുന്നു എന്നൊരൊറ്റ കാരണം കൊണ്ട് നീ ചെയ്യുന്ന എന്തും ഞാൻ സഹിക്കാം എന്നുള്ള എഗ്രിമെന്റ് ഒന്നുമില്ലല്ലോ നമ്മൾ തമ്മിൽ. ഉണ്ടോ?

നിരഞ്ജനയുടെ ചോദ്യം!

അർജുൻ ഉണ്ടന്നോ ഇല്ലന്നോ പറയാതെ അവളെ നോക്കി.

"സർവ്വം സഹയായ ഭാര്യ കളിക്കാനൊന്നും എനിക്ക് സമയമില്ല അർജുൻ. നിനക്ക് നിന്റെ ഇഷ്ടങ്ങൾ വലുതാണെങ്കിൽ എനിക്കെന്റെ ജീവിതവും വലുതാണ്. നല്ലൊരു തീരുമാനം എടുത്തില്ലെന്ന് പിന്നീട് തോന്നി വേദനിക്കാൻ പാടില്ലല്ലോ. എല്ലാം സഹിച്ചാലേ നല്ല മനുഷ്യനാകൂ എന്നൊന്നുമില്ല. തെറ്റിനെ തെറ്റെന്ന് പറയാൻ പഠിക്കുന്നത് കൂടി നല്ല മനുഷ്യന്റെ അടയാളമാണ്. നീയിപ്പോ എനിക്ക് മുന്നിൽ ഒരു തെറ്റായി മാറി കൊണ്ടിരിക്കുന്നു.."

നിരഞ്ജനയുടെ കല്ലിച്ച മുഖം.

അർജുൻ വേദനയോടെ അവളെ നോക്കി.

"നിനക്ക് കഴിയോ നിമ്മി.. ഞാനില്ലാതെ.. എന്റെ കൂടെയല്ലാതെ?"

അവൻ അവളുടെ കണ്ണിലേക്കുനോക്കി.

"സങ്കടമുണ്ടാവും അർജുൻ. അത്രേം സ്നേഹിച്ചതല്ലേ ഞാൻ? ആഗ്രഹിച്ചതല്ലേ നിന്റെ കൂടെ. പക്ഷേ ഇനിയെനിക് വയ്യെടാ. ഒന്നല്ലങ്കിൽ നീ മാറണം. ഞാൻ ഞാൻ. രണ്ടിൽ ഏതെങ്കിലും ഒന്ന് നടക്കേണ്ടത് അത്യാവശ്യമാണ് "

നിരഞ്ജനയവനെ നോക്കിയില്ല.

"ഞാൻ... ഞാൻ ശ്രമിക്കാം നിമ്മി. എനിക്ക്... എനിക്ക് നീയില്ലാതെ വയ്യെടി "

അവൻ വീണ്ടും അവളുടെ വിരൽ കോർത്തു പിടിച്ചു.

"ശ്രമിക്കാം എന്നൊരു വെറും വാക്കിൽ എനിക്ക് വിശ്വാസമില്ല അർജുൻ. എനിക്കറിയാം നീ വീണു പോയ കുഴിയുടെ ആഴം. ഹീറോയിസം കാണിക്കേണ്ടത് തെറ്റ് ചെയ്തിട്ടല്ലടാ. നീയെത്ര നന്നായി പഠിച്ചിരുന്നു. നിനക്കെത്ര നന്നായി സ്വപ്നം കാണാൻ അറിയാമായിരുന്നു. നിനക്കെത്ര നന്നായി മറ്റുള്ളവരുടെ സങ്കടങ്ങളിൽ സ്വാന്തനമാവാൻ കഴിഞ്ഞിരുന്നു. അതാണ്‌ അർജുൻ ശരിക്കുമുള്ള ഹീറോയിസം. മറ്റുള്ളവരുടെ ഇഷ്ടം പിടിച്ചു പറ്റിയാണ് മാറ്റങ്ങൾ വേണ്ടത്. അല്ലാതെ കൊല്ലാനും ചാവാനും നടക്കുന്ന പാർട്ടിക്ക് വേണ്ടി നീയും അവർക്കൊപ്പം ചേരുമ്പോൾ ഈ പറഞ്ഞ ഗുണങ്ങളൊന്നും നിന്നിൽ ബാക്കിയുണ്ടാവില്ല. അവരാരും ഉണ്ടാവില്ല നിന്റെ ജീവിതത്തിൽ നീ തോറ്റുപോകുമ്പോൾ..മനസ്സിലായോ നിനക്ക് "

നിരഞ്ജന ഗൗരവത്തോടെയാണ് പറയുന്നത്.

"എനിക്ക് വേണം.. എനിക്ക് വേണം നിമ്മി നിന്നെ. നിനക്ക് വേണ്ടിയെങ്കിലും എനിക്ക് മാറിയെ പറ്റൂ "

അവന്റെ സ്വരവും മുറുകി.

"ഞാനും കാത്തിരിക്കും. നിന്റെയാ നല്ല മാറ്റത്തിനായി "

അവനത് ആത്മാർത്ഥമായി പറഞ്ഞതാണെന്ന് അവൾക്കറിയാം. ഒട്ടും എളുപ്പമല്ല അതെന്ന് അറിയാമായിരുന്നിട്ടും അർജുൻ അങ്ങനെ പറഞ്ഞല്ലോ എന്നതവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

ജീവനെ പോലെ സ്നേഹിക്കുന്നവനാണ്. അത്രയും സ്നേഹം തിരികെ തന്നവനാണ്.

അവനൊരു ബുദ്ധിമുട്ട് വന്നപ്പോൾ കളഞ്ഞിട്ട് പോകാനാവുമോ?

ആ തെറ്റുകളെ അവന് മുന്നിൽ തുറന്നു കാണിച്ചു കൊടുത്തിട്ട് അതിൽ നിന്നും മോചിപ്പിക്കാൻ കൂടെ നിൽക്കുകയല്ലേ വേണ്ടത്?

അപ്പഴല്ലേ അവനെ സ്നേഹിച്ചിരുന്നു എന്ന വാക്ക് അർഥമുള്ളതാവുന്നത്.

നിരഞ്ജനയവന്റെ തോളിൽ കവിൾ ചേർത്ത് വെച്ചു.

രണ്ടാളും അൽപ്പനേരം ഒന്നും മിണ്ടാതെ അതേയിരിപ്പ് തുടർന്നു.

"പോവണ്ടേ നിമ്മി. നേരം ഒത്തിരിയായിട്ടോ?"  ഇടയ്ക്കവൻ ഓർമിപ്പിച്ചു.

അവൾ എഴുന്നേറ്റു.
"നിന്റെ ഫോണോന്ന് തന്നേ അർജുൻ. ഞാൻ പ്രീതിയെ ഒന്ന് വിളിക്കട്ടെ. അവൾ ഇറങ്ങും നേരം വിളിക്കാൻ പറഞ്ഞിരുന്നു "

അവന് നേരെ കൈ നീട്ടി നിരഞ്ജന പറഞ്ഞു.

"നിന്റെ ഫോണിനെന്ത് പറ്റി?"

അർജുൻ പോക്കറ്റിൽ നിന്നും ഫോണൊടുത്തു കൊടുത്തുക്കൊണ്ട് ചോദിച്ചു.

"അതിലെ ബാലൻസ് തീർന്നു. പോകും വഴി റീചാർജ് ചെയ്യണം "
അവളൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.

അവനൊന്നു മൂളി വീണ്ടും ചിന്തകളിലേക്ക് കാട് കയറി.

"പോട്ടെ ടാ. നീയും വിട്ടോ. മതി ഇവിടിങ്ങനെ ഇരുന്നത് "

തിരികെ ഫോൺ കൊടുക്കുമ്പോൾ നിരഞ്ജന പറഞ്ഞു.

"നീ വിളിച്ചില്ലേ.?"
അവൻ അവളെ നോക്കി.

"ഇല്ലെടാ. കിട്ടുന്നില്ല. ഞാൻ ക്ലാസ്സിൽ പോയി അവളെ കണ്ടോളാം "

നിരഞ്ജന ചിരിച്ചു.

"പോട്ടെ.. "

ബാഗ് എടുത്ത് അവൾ വീണ്ടും അവനെ നോക്കി.

അവൻ ചിരിച്ചു കൊണ്ട് തലയാട്ടി.

തിരിഞ്ഞു നടക്കുമ്പോൾ അവളൊന്ന് കൂടി അവനെ നോക്കി.

സീതേച്ചിയെന്ന പേരിൽ അവന്റെ ഫോണിൽ സേവ് ചെയ്ത നമ്പർ അവളുടെ ഫോണിൽ പ്രതീക്ഷകളോടെ പുതിയ നാളുകളെയും കാത്തിരുന്നു.

                    ❣️❣️❣️❣️

നേർത്ത സ്വരത്തിൽ ശ്വാസം വിട്ട് നിഷ്കളങ്കതയോടെ ഉറങ്ങുന്ന കണ്ണനെ നോക്കിയിരിക്കുമ്പോൾ എന്തിനെന്നറിയാതെ സീതയുടെ ഉള്ളിൽ വീണ്ടും വിങ്ങി.

"എനിക്കമ്മയെ മിസ് ചെയ്യുന്നു സീതാ ലക്ഷ്മി "

കാതിലവന്റെ വാക്കുകൾ.

നീറുന്ന നെഞ്ചിലെ പോറലായി.

കവിളിലേക്ക് അവൻ ചേർത്ത് വെച്ച തന്റെ കയ്യിൽ അരിച്ചു കയറുന്ന പനിചൂട്.

അതിനേക്കാൾ പൊള്ളലുണ്ട്, ഒരാശ്രയം പോലെയുള്ള അവന്റെയാ പിടുത്തത്തിന്.

ഇടതൂർന്ന ആ മുടിഇഴകളിൽ സീതയുടെ കൈകൾ ഓടി നടന്നു.

വാത്സല്യത്തോടെ..
ചെയ്യുന്നതിലെ തെറ്റുശരികളിലേക്ക് അവൾ മനഃപൂർവ്വം നോക്കിയില്ല.

അപ്പോഴത്  അവനാഗ്രഹിക്കുന്നുണ്ടെന്ന് മാത്രം മനസ്സവളെ ഓർമപ്പെടുത്തി.

ചൂട് അൽപ്പം പോലും കുറഞ്ഞിട്ടില്ല.

മരുന്ന് കഴിച്ചിട്ട് പത്തുമിനിറ്റ് പോലും ആയില്ലെന്നത് ശരിക്കുമറിയാമായിരിന്നിട്ടും വേവലാതി പൂണ്ട ഹൃദയത്തെയവൾ ശാസനയോടെ നോക്കി.

കൈകൾ അവനിൽ നിന്നും വേർപെടുത്തി സീത പതിയെ എഴുന്നേറ്റു.
മുത്തശ്ശിയെന്തായിയാവോ? 

ഭക്ഷണവും മരുന്നും കൊടുത്തിട്ട് ഉറക്കം പിടിച്ചപ്പോൾ കണ്ണനെ തേടിയിറങ്ങിയതാണ്.

ഉണർന്നെങ്കിൽ എവിടെപോയെന്നറിയാതെ അന്വേഷിക്കും.

കണ്ണനെയൊന്നുക്കൂടി നോക്കി.. മേശയിലിരുന്ന പാത്രങ്ങളും പൊറുക്കിയെടുത്ത് അവൾ മുറിയിൽനിന്നുമിറങ്ങി.

                  ❣️❣️❣️❣️

"ഇതാർക്ക് കൊണ്ട് പോയതാ നീ? വന്നു വന്ന് നിനക്കിപ്പോ തിന്നാൻ മാത്രമേ നേരമുള്ളൂ."

യാതൊരു ആവിശ്യമില്ലാഞ്ഞിട്ടും അടുക്കളയിൽ നിന്നും സാവിത്രി സീതയെ നോക്കി ദേഷ്യപെട്ടു.

അവൾ ആ ഭാഗത്തേക്ക് വെറുതെ പോലും നോക്കിയില്ല.
കയ്യിലുള്ള പാത്രങ്ങൾ കഴുകി റാക്കിൽ വെച്ചു.

"നിനക്കെന്താടി പൊട്ടുണ്ടോ? ചോദിക്കുന്നതൊന്നും കേൾക്കുന്നില്ലേ? അതോ വലിയ വീട്ടിലെ ചെക്കന്മാരെ വശീകരിക്കാൻ മാത്രം അറിയാവൊള്ളോ നിനക്ക്?"

അവൾ ശ്രദ്ധിക്കാതെ നിന്നതിന്റെ ദേഷ്യം മുഴുവനുമുണ്ടായിരുന്നു സാവിത്രിയുടെ സ്വരത്തിൽ.

അടുക്കളപണിയിൽ ഏർപ്പെട്ട് നിന്നിരുന്ന  മിനിയും ജാനകിചേച്ചിയും സീതയെ സങ്കടത്തോടെ നോക്കി.

ആ വീട്ടിൽ അവളനുഭവിക്കുന്ന കഷ്ടപാടുകളിൽ അവർക്ക് അമർഷമുണ്ട്.
പക്ഷേ മുഖത്ത് പോലും കാണിക്കാനാവാത്ത നിസ്സഹായവസ്ഥയിലാണ് അവരും.കാരണം അവളെ പോലെ അവരും ശ്രീനിലയത്തിലെ ശമ്പളം പറ്റുന്നുണ്ടല്ലോ.

"എന്ത് മന്ത്രം ചൊല്ലി കൊടുത്താണാവോ ഇവളാ ചെക്കനെ പിടിച്ചുവെച്ചേക്കുന്നത്?"

കൈ കഴുകി കുടഞ്ഞു കൊണ്ട് സീത സാവിത്രിയുടെ നേരെ തിരിഞ്ഞു നിന്നു.

"എനിക്കറിയാവുന്ന മന്ത്രം ഞാനിപ്പോ  ചൊല്ലി കേൾപ്പിച്ചിട്ടാണ് വരുന്നത്. അതെന്താണെന്ന് നിങ്ങളോട് പറയാൻ തത്കാലം എനിക്ക് മനസ്സില്ല "

അവളുടെ സ്വരം പതിഞ്ഞതെങ്കിലും അതിന്റെ മൂർച്ചയുള്ള ഭാഗം സാവിത്രിയുടെ നെഞ്ചിൽ കുത്തി.

'അവനീ വീട്ടിൽ ഉള്ളവനല്ലേ? ഇന്ന് ഇത്രേം നേരമായിട്ടും എവിടെ പോയെന്ന് നിങ്ങളിൽ ആരെങ്കിലും അന്വേഷിച്ച് നോക്കിയോ? "

അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിക്കുന്ന പോലായിരുന്നു.

"പിന്നെ.. ഞങ്ങൾക്കതല്ലേ പണി."

സാവിത്രി ചുണ്ട് കോട്ടി.

"നിങ്ങൾക്ക് മറ്റുള്ളവരെ ദ്രോഹിക്കുക എന്നല്ലാതെ മറ്റൊരു പണിയുമില്ലെന്ന് എനിക്കറിയാം. അപ്പൊ സാവിത്രി കൊച്ചമ്മ അത് വിട്. എന്നിട്ട് ഞാൻ ചൊല്ലി കൊടുത്ത മന്ത്രം അറിയണമെങ്കിൽ അയാളുടെ മുറി വരെയും ഒന്ന് പോയി നോക്കണം. അവിടെ കിടപ്പുണ്ട്. പനിച്ചു വിറച്ച് "

സീതയുടെ ശബ്ദം തിളച്ചു.

"നന്നായി പോയി. വല്ല്യ ഷോ കാണിക്കാൻ ഇന്നലെ നിനക്കൊപ്പം ഇറങ്ങി വന്നതല്ലേ ആ മഴയത്ത്. പനി വന്നെങ്കിൽ അങ്ങ് സഹിക്കട്ടെ "

വല്ലാത്തൊരു സന്തോഷമാണ് സാവിത്രിയുടെ മുഖത്ത് കാണുന്നത്.

കണ്ണന്റെ തളർന്ന് തൂങ്ങിയ മുഖം ഓർക്കുമ്പോഴൊക്കെയും സീതക്കവരുടെ മുഖം നോക്കി രണ്ടു പൊട്ടിക്കാനുള്ള ദേഷ്യമുണ്ട്.

മറ്റൊരു ജോലി കിട്ടാനുള്ള പ്രയാസം ഓർക്കുമ്പോൾ മാത്രമാണ് ഈ ദുഷ്ടമനസ്സുള്ളവരെ വീണ്ടും വീണ്ടും സഹിക്കേണ്ടി വരുന്നത്.

വീണ്ടും വീണ്ടും അവരോട് ക്ഷമിക്കേണ്ട ഗതികേട് വരുന്നത്.

"ഇനി എനിക്കൊപ്പം വന്നിട്ടല്ല ആ മനുഷ്യന് അസുഖം വന്നതെങ്കിലും നിങ്ങളാരും തിരിഞ്ഞു നോക്കാൻ പോണില്ലെന്ന് എനിക്ക് നന്നായിട്ടറിയാം കൊച്ചമ്മേ. നിങ്ങൾക്കയാളുടെ പേരിലുള്ള സ്വത്ത് മാത്രം മതിയെന്ന് അയാൾക്കും അറിയാം. അത് കൊണ്ടാണല്ലോ ഒറ്റയ്ക്ക് ആയാലും പൊരുതി നിൽക്കുന്നത് "

സീത പരിഹാസത്തോടെ പറഞ്ഞു.

"ഓ.. നീയുണ്ടല്ലോ അവനെ നോക്കാൻ. അത് മതി. ഒടുക്കം നോക്കി നോക്കിയവന്റെ കൊച്ചിനെ നോക്കേണ്ട അവസ്ഥ വരരുത്."

സാവിത്രി സീതയെ നോക്കി ചിരിച്ചു.

എടീ ഇങ്ങനൊക്കെ വല്ല്യ വീട്ടിലെ ചെക്കന്മാർ അവരുടെ കാര്യം നേടാൻ പറയും. അതിലൊന്നും പെടാതെ ബുദ്ധിപരമായി ജീവിക്കാൻ പഠിക്കണം. ഇവിടെരുത്തി... ആ അനുഭവിക്കുമ്പോ പഠിച്ചോളും നീ "

"നിങ്ങളോട് അടുത്തവരും, നിങ്ങള് അടുത്തവരും അങ്ങനെയായിരിക്കും. എന്നുക്കരുതി ലോകത്തിലെ എല്ലാവർക്കും ഒരേ മുഖവും മനസ്സുമാണെന്ന് കരുതുന്നത് വളരെ വലിയ വിഡ്ഢിത്തമല്ലേ സാവിത്രി കൊച്ചമ്മേ?"

സീത ചിരിച്ചു കൊണ്ടാണ് പറയുന്നത്.

അവളുടെ മുനയൊടിഞ്ഞു പോകുമെന്ന് കരുതിയ സാവിത്രിക്കതൊരു അടിയാമായിരുന്നു.

മുഖം വിളറി പോയി.

"ഡീ.."

സീതയുടെ നേരെ അവരുടെ കൈകൾ ഉയർന്നു.

അവൾ നിന്നിടത്തു നിന്ന് ഒന്ന് അനങ്ങിയത് കൂടിയില്ല.
ആ കണ്ണിലെ പതറാത്ത ഭാവത്തിന് മുന്നിൽ അവരുടെ കൈകൾ താനേ താഴ്ന്നു.

സീത പുച്ഛത്തോടെ അവരെയൊന്ന് നോക്കിയിട്ട് തിരിഞ്ഞു നടന്നു.

ഇതെന്തിനാവോ അവന് വേണ്ടിയിട്ട് മനസ്സിങ്ങനെ കലഹിക്കുന്നത്?

ഇവരീ പറഞ്ഞതൊന്നുമല്ല അവനെന്ന് മനസ്സിലാക്കാൻ മാത്രം അടുപ്പമില്ലാഞ്ഞിട്ടും, കിരൺ വർമ്മയെന്ന ആ മനുഷ്യന് സ്നേഹം നിറഞ്ഞൊരു മനസ്സുണ്ടെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നതെങ്ങനെ?

ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങളെയും മനസ്സിലിട്ടാണ് സീത മുത്തശ്ശിയുടെ മുറിയിലേക്ക് കയറി ചെന്നത്.

"ആഹ.. നീ എവിടെ പോയതാ മോളെ?"

എഴുന്നേറ്റു കിടക്കയിൽ ഇരിക്കുന്ന നാരായണി മുത്തശ്ശി അവളെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

"ഞാനൊരു ആനയെ വാങ്ങിക്കാൻ. ന്തേയ്‌?"

അവളുടെ മുഖം ഒന്നുക്കൂടി കൂർത്തു.

മുത്തശ്ശിയവളെ നെറ്റി ചുളിച്ച് കൊണ്ട് നോക്കി.

അവർക്കൊന്നും മനസ്സിലായില്ല.

"എന്താ സീതേ. എന്താ നിനക്ക് പറ്റിയത്?ഇങ്ങനൊന്നും പറഞ്ഞു കേട്ടിട്ടില്ലല്ലോ. ഇതിന് മാത്രമിപ്പോ എന്താ ദേഷ്യം?"

വീണ്ടും അവരുടെ ചോദ്യം കേട്ട് സീത പോയി ആ അരികിലിരുന്നു.

"എനിക്കെന്താ... ഒന്നുല്ല."

"ഒന്നുമില്ലാഞ്ഞിട്ടാണോ ഈ മോന്തയിങ്ങനെ?"

അവരവളുടെ കവിളിൽ ഒരു കുത്ത് കൊടുത്തു.

സീതയൊന്നും മിണ്ടിയില്ല.

അല്ലെങ്കിലും എന്താണ് പറയേണ്ടതെന്ന് അവൾക്കുമറിയില്ലായിരുന്നു.

"കണ്ണനെങ്ങാനും വന്നിരുന്നോ ഇങ്ങോട്ട്, ഞാൻ ഉറങ്ങിയപ്പോൾ? ഇന്ന് കണ്ടിട്ടേയില്ല. എവിടെ പോയോ ആവോ "

സീതയോടെന്ന പോലെ മുത്തശ്ശി പറഞ്ഞു.

"കണ്ണേട്ടന് വയ്യ. നല്ല പനിയാണ്. മുറിയിൽ കിടപ്പുണ്ട് "

മുത്തശ്ശിയെ നോക്കിയത് പറയുമ്പോൾ..അവൾക്കുള്ളിലെ അസ്വസ്ഥതയെ ആ വാക്കുകൾ കടമെടുത്തിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story