സ്വന്തം ❣️ ഭാഗം 2

swantham

രചന: ജിഫ്‌ന നിസാർ

"നീ എന്താ സീതേ കരഞ്ഞോ? "

അലക്കി എടുത്ത ഡ്രസ്സ്‌ അയലിൽ വിരിക്കുന്ന സീത,പാർവതിയുടെ ചോദ്യം കേട്ട്  നോക്കി കണ്ണുരുട്ടി.

"കണ്ണൊക്കെ നല്ല പോലെ ചുവന്നു. അത് കൊണ്ട് ചോദിച്ചു പോയതാ എന്റെ പൊന്നോ "
സീതയുടെ നോട്ടം കണ്ടപ്പോൾ പാർവതി ചിരിച്ചു കൊണ്ട് പറഞ്ഞു.

സീത പിന്നൊന്നും പറയാതെ മുടി ഒന്നൂടെ കൈ കൊണ്ട് കോതി ഒതുക്കി.. കയ്യിലുള്ള തോർത്തിൽ പൊതിഞ്ഞു കെട്ടി.

"എനിക്കറിയാം. എന്റെ സീത ലക്ഷ്മി സ്ട്രോങ്ങ്‌ ആണെന്ന് "
പാർവതി അവളുടെ കവിളിൽ നുള്ളി.

"അത് നീ വളർത്തിയതിന്റെ ഗുണമാണെടി ചേച്ചി "

സീതയും പറഞ്ഞു.
പാർവതി മനസ്സ് നിറഞ്ഞു ചിരിച്ചു.
സീത പറഞ്ഞത് ശെരിയാണ്.
അമ്മ,അമ്മയുടെ സുഖവും സന്തോഷവും തേടി പോയി.
അച്ഛൻ അച്ഛന്റെ സന്തോഷം മാത്രം നോക്കി ജീവിക്കുന്നു.

അങ്ങനെയുള്ളപ്പോൾ താഴെയുള്ള അനിയത്തിക്കും അനിയനും പാർവതി ആരും പറയാതെ തന്നെ അമ്മയും കൂടി ആവുകയായിരുന്നു.
പതിനാല് വയസ്സിന്റെ പക്വത മാത്രമുള്ളൊരു അമ്മ.!

"പോയി വിളക് വെക്കാൻ നോക്ക്. ലല്ലു അവിടെ കിടന്നു നിലവിളി തുടങ്ങി "
പിന്നേയും അവിടെ നിന്നാൽ കരഞ്ഞു പോകുമോ എന്നൊരു പേടി ഉള്ളത് കൊണ്ടായിരിക്കും.. പാർവതി ധൃതിയിൽ 
കുളിക്കാൻ വേണ്ടി കയറുന്നതിനിടെ  പറഞ്ഞു.

"അജു വന്നില്ലേ ഇനിം "
അകത്തേക്ക് കയറുന്നതിനു മുന്നേ സീത ചോദിച്ചു.

"ഇല്ല "
പാർവതി മറുപടി പറയുമ്പോൾ ഒന്നമർത്തി മൂളി കൊണ്ട് സീത അകത്തു കയറി.

                        ❣️❣️❣️❣️

പതിവുപോലെ, പാർവതി തന്നെയാണ് സുധാകരനും മുത്തശ്ശിക്കും ഉള്ള ഭക്ഷണം കൊണ്ട് കൊടുത്തത്.

കാലം ഏറെ കഴിഞ്ഞു പോയി ജീവിതത്തിൽലെ നിറം കെട്ട് പോയിട്ട്. പക്ഷേ ഇപ്പോഴും സീതയ്ക്ക് അച്ഛനോട് ദേഷ്യമാണ്.

തീരാത്ത ദേഷ്യം!

കള്ള് കുടിച്ച് പ്രായം ആവുന്നതിനു മുന്നേ സുധാകരൻ വീണു പോയിരുന്നു.ഒന്നെഴുന്നേൽക്കാൻ കൂടി കഴിയാത്ത അച്ഛനോട് ദേഷ്യം കാണിച്ചിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് നന്നായി അറിയാമായിരുന്നിട്ടും ഇന്നും അച്ഛനോട് പൊറുക്കാൻ സീതക്ക് കഴിഞ്ഞിട്ടില്ല.

അച്ഛന്റെ പിടിപ്പുകേട് കൊണ്ട് മാത്രമായിരിക്കും.. ഈ കോലത്തിൽ താങ്ങളുടെ ജീവിതം നിറംകെട്ട് പോയതെന്ന് അവൾക്കുള്ളിൽ നിന്നാരോ നിരന്തരം ഓർമപെടുത്തി.

അതവളെ കൂടുതൽ ചൊടിപ്പിച്ചു.

യഥാർത്ഥ സ്നേഹം കൊടുക്കുന്ന,പരിഗണന കൊടുക്കുന്ന.. സ്വന്തം പുരുഷനെ മറന്നിട്ട് ഒരു സ്ത്രീയും വേറൊരു കൂട്ട് തേടില്ല.മനസ്സ് കൊണ്ട് പോലും മറ്റൊരാളെ മോഹിക്കില്ല.

അമ്മ ചെയ്ത നെറികേടിനെ ന്യായികരിക്കുന്നതല്ല.

ആ നെറികെട്ട തീരുമാനം എടുക്കുന്നതിനു പിന്നിൽ അച്ഛന്റെ പങ്ക് വളരെ വലുതായിരിക്കും എന്നോർമിച്ചതാണ്.

അച്ഛൻ എന്നും അമ്മയ്ക്ക് സങ്കടങ്ങൾ മാത്രം കൊടുത്തു.
ഇത്തിരി സ്നേഹം കൊതിക്കാത്തത് ആരാണ്?

അതെവിടെ നിന്നും കിട്ടുന്നോ.. ആര് കൊടുക്കുന്നോ എന്നൊന്നും ചിന്തിക്കാനുള്ള വിവേകം അമ്മയ്ക്കും ഉണ്ടായില്ല.

ഉള്ളിലെ ദേഷ്യം  സീത കഴുകി കൊണ്ടിരിക്കുന്ന പാത്രത്തിൽ തീർത്തു.
അതല്ലെങ്കിലും അങ്ങനെയാണ്.

മനസ്സൊരു കല്ല് പോലായി.

അനുഭവങ്ങൾ കൊണ്ട് ഉറച്ചു പോയൊരു കരിങ്കല്ല്!.

അതിനി അടിച്ചുടക്കാൻ അത്ര എളുപ്പമല്ല.

അവൾക്ക് എല്ലാവരോടും,എല്ലാത്തിനോടും ദേഷ്യം തോന്നി.

"അമ്മമ്മയ്ക്ക് നല്ല സുഖമില്ലെന്ന് തോന്നുന്നു."
കഴിച്ചു തീർത്ത പത്രങ്ങളും കൊണ്ട് വന്ന പാർവതി പറയുമ്പോൾ സീത തിരിഞ്ഞു നോക്കി.

"അതെനിക്കും തോന്നി.ഇല്ലെങ്കിൽ എന്നെ എന്തെങ്കിലും പറഞ്ഞു ചൊറിയാതെ കിടന്നുറങ്ങില്ലല്ലോ . പരട്ട തള്ള "
സീത പല്ല് കടിച്ചു.

പാർവതിക്ക് ചിരി വന്നു അവളുടെ ഭാവം കണ്ടിട്ട്.

വീണ്ടും പാത്രത്തിനോടാണ് കലിപ്പ് മുഴുവനും തീർക്കുന്നത്.

ഒരുമാതിരിപെട്ട പെണ്ണുങ്ങളുടെ സ്ഥിരം അടവ്.
അതാവുമ്പോൾ തിരിച്ചൊന്നും പറയുകയുമില്ല.നമ്മൾ അൽപ്പം കലിപ്പിലാണന്ന് വീട് മൊത്തം അറിയിക്കാനും പറ്റും.

എന്തൊരു ബുദ്ധിയല്ലേ..?

അല്ല. ഒരു കണക്കിന് സീതയെ തെറ്റ് പറയാനും പറ്റില്ല.
കുഞ്ഞിലേ യാതൊരു ദയവും തോന്നാതെ ഇട്ടിട്ട് പോയ അമ്മയുടെ അമ്മയാണ്.

അമ്മയുടെ കൂടപ്പിറപ്പായ സുനിൽമാമയും അങ്ങേരുടെ ഭാര്യ രമ്യയും കൂടി ഒരു പാഴ് വസ്തു കളയുന്ന ലാഘവത്തോടെ ഏതോ അനാഥമന്ദിരത്തിൽ ഉപേക്ഷിച്ചു പോയപ്പോൾ.. അവിടെ വെച്ച് നിന്റെ അമ്മമ്മയെ കണ്ടെന്ന് സീതയുടെ ഏതോ സുഹൃത്ത് പറഞ്ഞറിഞ്ഞു പോയി കൂട്ടി കൊണ്ട് വന്നവളാണ്.

ഇന്നിപ്പോൾ കിടന്ന കിടപ്പിൽ അവളെ പ്രാകും. പാതി ജീവനോടെ കിടക്കുന്ന അച്ഛന്റെ പിടിപ്പുകേടിനെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് അവളുടെ മനസ്സിനെ പൊള്ളിച്ചു കൊണ്ടേയിരിക്കും.

അവളൊരുത്തി കൊണ്ട് വരുന്നത് കൊണ്ടാണ് അടുപ്പ് പുകയുന്നയത്‌.

മൂന്ന് നേരം വല്ലതും വെച്ചുണ്ടാക്കി കഴിക്കുന്നത്.

എന്ന് വേണ്ട.. അവരുടെ മരുന്നുകൾ അടക്കം മുടങ്ങാതെ എത്തിക്കുന്നവൾക്ക് അവരുടെ കണ്ണിൽ നൂറു കുറ്റങ്ങളാണ്.

"ഇത് കഴിഞ്ഞു. സ്വപ്നം കണ്ടു കഴിഞ്ഞെങ്കിൽ വാ. ഇനി കിടന്നു കാണാം. ഇഷ്ടം പോലെ ഉണ്ടല്ലോ കണ്ടു സന്തോഷിക്കാൻ  "
കലിപ്പ് മാറത്തത് കൊണ്ട് തന്നെ സീത അൽപ്പം കനത്തിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.

ഉമ്മറവാതിൽ അടക്കും മുൻപ് ഒരിക്കൽ കൂടി റോഡിലേക്ക് എത്തി നോക്കി.
ഈ ചെക്കൻ എവിടെ പോയോ ആവോ.?

അവന്റെ ചില രീതികൾ ഇപ്പൊ വല്ലാതെ ആകുല പെടുത്തുന്നുണ്ട്.
കോളേജിലെ കുട്ടി സഖാവിന് ഇത്തിരി നാക്കും ചീർക്കലും കൂടിയിട്ടുണ്ട് എന്നത് തോന്നലല്ല.

എത്രത്തോളം കഷ്ടപെട്ടിട്ടാണ് ഫീസ് തന്നെ അവന് ഒപ്പിച്ചു കൊടുക്കുന്നത്.

അതിന് പുറമെയുള്ള അവന്റെ പിരിവ് ഈയിടെയായി വല്ലാതെ കൂടുന്നുണ്ട്.
അതൊന്ന് സൂചിപ്പിച്ചു കൊടുത്തിട്ടുണ്ട്.

വീടിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായിട്ടും അവന്റെ പഠിപ്പ് മുടങ്ങരുത് എന്ന് കരുതിയാണ് പാർട്ട് ടൈം ജോലിക് പോലും പോവാൻ പറയാത്തത്.
അവനൊന്നും കണ്ടറിഞ്ഞു ചെയ്യാറുമില്ല.

താൻ ഒരുത്തി കിടന്നു ചക്രശ്വാസം വലിക്കുന്നത് അവനറിയാത്തതൊന്നുമല്ലല്ലോ.?

അവനിലാണ് പ്രതീക്ഷ മുഴുവനും.!

ഒരു നെടുവീർപ്പോടെ സീത വാതിൽ അടച്ചിട്ട് ലൈറ്റ് ഓഫ് ചെയ്തു.

അച്ഛന്റെ മുറിയിലേക്ക് വെറുതെ ഒന്ന് എത്തി നോക്കി.
പ്രതീക്ഷിച്ചത് പോലെ തന്നെ.

മച്ചിലേക്ക് കണ്ണും നട്ട് കിടപ്പുണ്ട്.

എന്തായിരിക്കും ആ മനസ്സിലെ ചിന്ത?
കുറ്റബോധം ആയിരിക്കുമോ?

കുറച്ചു കൂടി സ്നേഹവും പരിഗണനയും കുടുംബത്തിന് കൊടുക്കാമായിരുന്നു എന്നാവുമോ?

എന്നത്തേയും പോലെ ആ കിടപ്പ് കണ്ടപ്പോ സീതയുടെ മനസ്സിലേക്ക് ആദ്യം ഓടി വന്നത് അത് തന്നെ ആയിരുന്നു.

കൂടുതൽ ആലോചിച്ചു നിന്നാൽ ഇന്നത്തെ ഉറക്കം ആ ആലോചന കൊണ്ട് പോവും എന്ന് മുൻപുള്ള അനുഭവങ്ങൾ ധാരാളം ഉള്ളത് കൊണ്ട് തന്നെ ലൈറ്റ് ഓഫ് ചെയ്തു കൊണ്ടവൾ മുറിയിലേക്ക് നടന്നു.

ലല്ലു ഉറക്കം പിടിച്ചു തുടങ്ങിയിരിക്കുന്നു.

പാർവതി കിടക്കാനുള്ള തയ്യാറെടുപ്പിലാണ്.

സീത അവൾക്ക് കിടക്കാനുള്ള പായ കട്ടിലിനടിയിൽ നിന്നും വലിച്ചു നിവർത്തി.

ആകെയുള്ള മൂന്നു റൂമിൽ ഒന്നിൽ അച്ഛനും ഒന്നിൽ അമ്മമ്മയും  സ്ഥിരതപെടുത്തിയപ്പോൾ പിന്നെയുള്ള ആ കുഞ്ഞു റൂമിൽ അവർ മൂന്നു പേരും ചുരുണ്ടു കൂടേണ്ട ഗതികേട്.

അജുവിന്റെ കാര്യം ഇതിലും കഷ്ടമാണ്.
ഹാളിലെ ഒഴിഞ്ഞ മൂലയാണ് അവന്റെ ബെഡ്റൂം.

അതിനെ ചെല്ലി ഈയിടെ ചില പരാമർശങ്ങൾ പൊങ്ങി കേൾക്കുന്നുണ്ട്.
അന്നന്നത്തെ കാര്യങ്ങൾ നടന്നു പോവാൻ ദീർഘശ്വാസം വലിക്കുമ്പോൾ.. പിന്നെങ്ങനെ പുതിയൊരു റൂം പണിയും..

സീതക്ക് ചിരി വന്നു. അതാലോചിച്ചു കിടന്നപ്പോൾ.

"അജു ഇനിം വന്നില്ലെടി ചേച്ചി "

ലൈറ്റ് കൈ എത്തിച്ചു ഓഫ് ചെയ്തു കൊണ്ട് പാർവതി കിടന്നു.

"അവനിങ്ങു വന്നോളും. കൊച്ചു കുട്ടി ഒന്നുമല്ലല്ലോ? "
ആ സ്വരത്തിലും അമർഷം.

അതേ. കൊച്ചു കുട്ടിയല്ല. അത് തന്നെയാണ് പേടിയും..

സീത കണ്ണുകൾ ഇറുക്കെ പൂട്ടി ഉറക്കത്തെ പ്രതീക്ഷിച്ചു കിടന്നു.

"എടീ സീതേ.നാളെ കുറച്ചു കൂടി നേരത്തെ വരാൻ നോക്ക്. ഞങ്ങൾക്ക് ഒരു ഫങ്ക്ഷൻ ഉണ്ട് "

കാതിൽ ഒരു ആക്ഞ്ഞസ്വരം മുഴങ്ങി..

ശ്രീനിലയത്തിലെ ഭാമ കൊച്ചമ്മയാണ്.

ആ ഓർമയിൽ പോലും സീതയുടെ ചുണ്ടുകൾ പുച്ഛത്തോടെ കോടി പോയി.

ശ്രീ നിലയത്തിൽ.. നാരായണിയമ്മയുടെ കാര്യങ്ങൾ നോക്കുന്ന ജോലിയാണ് സീതയ്ക്ക്.

അവർക്കുള്ള ഭക്ഷണം എടുത്തു കൊടുക്കുക.വല്ലപ്പോഴും ആ വലിയ വീടിന്റെ ഉമ്മറത്തോളം ആ കൈ മുറുകെ പിടിച്ചൊന്ന് കൊണ്ട് വരിക.

അവിടെ ഉള്ളവരുടെ കണ്ണിൽ അത് വേലകാരി തസ്തികയിലേക്ക് കൂടിയുള്ള നിയമനമാണ്.

എല്ലാവർക്കും അല്ല.. കൃമികടി കുറച്ചു കൂടുതലുള്ളവരുണ്ട് അവിടെ.
പണത്തിൽ മാത്രം ശ്രദ്ധിച്ചു ജീവിക്കുന്നവർ.അവർക്ക് മാത്രം സീത വേലക്കാരിയാണ്.

"ഞാൻ നാരായണി അമ്മയുടെ ഹോം നേഴ്സ് ആണ്. അല്ലാതെ ഇവിടെ നിങ്ങളുടെ വേലകാരിയല്ലെന്ന് 'മുഖത്തു നോക്കി പറഞ്ഞതിന്റെ ചൊരുക്ക്,ഇപ്പോഴും കൊണ്ട് നടക്കുന്നവർ.

തരം കിട്ടിയാൽ ആ വേലക്കാരി പോസ്റ്റിലേക്ക് തന്നെ തരംതാഴ്ത്താൻ നോമ്പ് നോറ്റു നടക്കുന്ന ചിലർ.

നാരായണിയമ്മ ഒരു പാവമാണ്.
പറയത്തക്ക അസുഖങ്ങൾ ഒന്നുമില്ല.
ഒറ്റപെട്ടു പോയതിന്റെ ചെറിയൊരു പരിഭവം പോലുള്ള ചില കുഞ്ഞു കുഞ്ഞു അസുഖങ്ങൾ മാത്രം.
ഒരുകാലത്തു ശ്രീ നിലയത്തിലെ വിളക്കായിരുന്നവർ..

ഇന്നിപ്പോൾ വെളിച്ചം അന്വേഷിച്ചു നടക്കുന്നു.

വല്ല്യ പണിയൊന്നും അവിടില്ല.

ഇല്ലാഞ്ഞിട്ടല്ല. അതൊന്നും നീ ചെയ്യേണ്ടതില്ലെന്ന് നാരായണി അമ്മയും.. ഞാൻ അതൊന്നും ചെയ്യില്ലെന്നുള്ള സീതയുടെ വാശിയും ഉറപ്പും.

പിന്നെ നാരായണിയമ്മ മനസ്സറിഞ്ഞു തരുന്ന ശമ്പളം അൽപ്പം കൂടുതൽ ആണെന്നുള്ള കണ്ടെത്തൽ വേറെ.

അതവടെയുള്ള കൊച്ചമ്മമാർക്ക് സഹിക്കാവുന്നതിലും അധികമാണ്.
അവരെ അതിഷേപിക്കുന്നതിന് തുല്യമാണെന്ന്.

അതിലേക്കൊന്നും പോയി ഇടപെടാൻ നിൽക്കാറില്ല.

ചെയ്യുന്ന ജോലി.. അത് നല്ല വെടിപ്പായി ചെയിതിട്ടു പോരും.

നാരായണിയമ്മയെ മുത്തശ്ശി എന്ന് വിളിച്ചു കൊണ്ട് അവരുടെ ഭക്ഷണം എടുത്തു കൊടുക്കാനും മരുന്നെടുത്തു കൊടുക്കനും.. പിന്നെ അവരുടെ കേൾക്കാൻ രസമുള്ള ഒത്തിരി കഥകൾക്ക്.. അനുഭവങ്ങൾക്ക്..കാതോർത്തിരിക്കാനും നല്ല രസമാണ്.

"വല്ല്യ കൊമ്പത്തെ ആളാണെന്നാ വിചാരം.. അത് കൊണ്ട് തന്നെയാവും. ശ്രീ നിലയത്തിലെ കൊച്ചുമോന്റെ കിടപ്പ് മുറിയിൽ വരെയും എത്തിയത് "

വീണ്ടും കാതിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെ ആരുടെയോ തുള്ളി വിറയൽ.

കഴുത്തിൽ,നെഞ്ചിൽ അമർന്നു കിടന്ന ആ മാല തീ പോലെ പൊള്ളിച്ചവളെ, ആ ഓർമയിൽ 

അപ്പോഴും അത് കെട്ടിയ ആളുടെ കയ്യിന്റെ ചൂട് കഴുത്തിൽ ഇഴയുന്നുണ്ട്.

സീത കണ്ണുകൾ അടച്ചു.. ഇറുക്കിയിറുക്കി.

"ഞാൻ കാരണം ആരുടേയും ജീവിതം തകരാൻ പാടില്ല "
കാതിൽ അവന്റെ മുഴക്കമുള്ള സ്വരം..

സ്വന്തം കഴുത്തിൽ കിടന്ന മാലയൂരി അണിയിച്ചു.നാളും മുഹൂർത്തവും ആരവങ്ങളും ഒന്നുമില്ലാതെ.

"എന്താണ് കുറച്ചു സമയം കൊണ്ട് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്ന് എനിക്കറിയില്ല. അതെന്താണെന്ന് ഞാൻ അറിയും വരെയും ഇവൾ.. ഈ സീത ലക്ഷ്മി.. ശ്രീനിലയത്തിലെ കിരൺ വർമ്മയുടെ പെണ്ണാണ് "

ആ അകത്തളം മുഴുവനും മുഴങ്ങി കേട്ട അവന്റെ സ്വരം.

അതേ.. അവൻ പറഞ്ഞത് പോലെ എന്താണ് സംഭവിച്ചത് എന്നറിയില്ല.

അമ്മയ്ക്ക് ഒട്ടും വയ്യ.. നീ ഇന്ന് പോവണ്ട എന്ന് "ആ അമ്മയുടെ തന്നെ മൂത്ത മകൻ രവിവർമ്മ നിർബന്ധിച്ചു പറഞ്ഞു. അത് ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. നാരായണിയമ്മയ്ക്ക് ഇടക് പ്രഷർ വല്ലാതെ കൂടും.
ഒറ്റ രാത്രി പോലും അമ്മയ്ക്ക് കൂട്ടിരിക്കാൻ മക്കൾക്ക് വയ്യാത്തതിനാൽ അന്ന് തനിക്കവിടെ നിൽക്കേണ്ടിയും വരും.
രവി പറഞ്ഞത് അതിന്റെ കോറസ് പാടി ആ കുടുംബത്തിന്റെ ഒട്ടുമിക്ക പേരുടെയും ശബ്ദം ഉയർന്നു.

എല്ലാം.. എല്ലാം വളരെ വ്യക്തമായൊരു പ്ലാനിങ് പോലെ മനസ്സിലേക്ക് ഓടിയെത്തി.

ഒറ്റ രാത്രി കൊണ്ട് തന്നിലുള്ള പൂർണ അവകാശം എഴുതി വാങ്ങും പോലെ.. സ്വന്തം കഴുത്തിൽ കിടന്ന മാലയൂരി തനിക്കൊപ്പം ഒരു മുറിയിൽ നിന്നും പിടിക്കപ്പെട്ട് ഇറങ്ങി വന്നവൾക്ക് സംരക്ഷണം കൊടുത്തവൻ.. അവന്റെയാ തീരുമാനം അവരാരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചുറ്റും കൂടിയ ചോര വറ്റിയ ആ മുഖങ്ങൾ ഒക്കെയും ഉറക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.

കിരൺ വർമ്മയെന്ന് സ്വയം പറഞ്ഞവനെ സീത ഒന്ന് നോക്കി.

അന്നാദ്യമായി കാണുന്ന ഒരുവൻ. അവിടെ ജോലിക്ക് കയറിയിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും അത് വരെയും കാണാത്ത ഒരുവൻ.

തന്നെ ചേർത്ത് പിടിച്ച അവന്റെ കയ്യിലേക്ക് വെറുതെ ഒന്നൂടെ സീതയുടെ മിഴികൾ പാഞ്ഞു.

എന്റേതെന്നുള്ള അവകാശത്തിന്റെ ഉറപ്പുണ്ടോ അതിന്.?

ആ മുഖം പക്ഷേ കുഞ്ഞൊരു ചിരിയുടെ ശാന്തതയിലാണ്.

അവന്റെ മുഖം കാണാൻ സീതയ്ക്ക് നന്നായി മുഖം ഉയർത്തി നോക്കേണ്ടി വരും.

അവളെക്കാൾ നല്ല ഉയരത്തിൽ അവന്റെ നെഞ്ചോപ്പം വരെയേ അവൾക്കെത്താൻ സാധിച്ചൊള്ളു.

ആകെയൊരു മന്ദതയിലായിരുന്നു അവളപ്പോൾ.. ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിയുന്നില്ല.

ചതിയുടെ ഒരു കെട്ട മണമുണ്ട് കൂടി നിൽക്കുന്നവരിൽ ഏറെ പേർക്കും.
പക്ഷേ അഷ്ടിക്ക് വകയില്ലാത്ത സീത ലക്ഷ്മിയെ ഇത്‌ പോലൊരു കെണിയിൽ വീഴ്ത്തിയിട്ട്.. സ്വന്തം കുടുംബത്തിലെ ഒരുവൻ കൂടി അതിൽ ഉൾപെടുമ്പോൾ.. പിന്നെന്താവും ഇവർക്കിത് കൊണ്ടുള്ള നേട്ടം.?
സീത എത്ര ആലോചിച്ചു നോക്കിയിട്ടും ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ ചെവിയിൽ അസ്വസ്ത്ഥതയുടെ കടന്നൽ കൂട്ടം പോലെ മൂളി പറന്നു..

കണ്ണാ..
നാരായണി മുത്തശ്ശി ഉറക്കെ... വിളിക്കുമ്പോൾ സീത ഞെട്ടി കൊണ്ട് ചേർത്ത് പിടിച്ചവനെ വീണ്ടും തല ഉയർത്തി നോക്കി..
ആ മുഖം നിറഞ്ഞ ചിരിക്കപ്പോൾ ഏറെ ഭംഗിയുണ്ടായിരുന്നു 
ഇടയ്ക്കിടെ നാരായണി മുത്തശ്ശി വാത്സല്യത്തോടെ... സ്നേഹത്തോടെ പറയുന്ന മുത്തശ്ശിയുടെ കണ്ണൻ. അതിവനാണോ.?

സീതയ്ക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.

ഇനി മുത്തശ്ശിയോട് എന്ത് പറയും?എന്ത് പറഞ്ഞാൽ വിശ്വസിക്കും?

മുത്തശ്ശിയുടെ കൊച്ചു മോനെ കൂടി വഴി പിഴപ്പിച്ചു എന്നുള്ള ദേഷ്യം കാണുമോ?

അത്രയും സ്നേഹമാണ് ഈ മനുഷ്യനോട്‌ അവർക്ക്.

അത് അനേകം തവണ അനുഭവങ്ങൾ കൊണ്ട് സാക്ഷ്യപെടുത്തിയതാണ്.

സീത നിന്ന് വിയർത്തു തുടങ്ങി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story