സ്വന്തം ❣️ ഭാഗം 20

swantham

രചന: ജിഫ്‌ന നിസാർ

"ഇപ്രാവശ്യവും പറഞ്ഞില്ല. അല്ലെടോ?"

പിന്നിൽ നിന്നും രമേശിന്റെ ശബ്ദം കേട്ടാണ് ഹരി തിരിഞ്ഞുനോക്കിയത്.

"ഇല്ല"

കയ്യിലുള്ള ഫോൺ ഓഫ് ചെയ്ത് പോക്കറ്റിലിടുന്നതിനിടെ ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഇനിയെന്നാണ് നീ ഇതൊന്ന് പറയുന്നത്?"

"പറയണം "

"ഇത്രേം കാലം കാത്തിരുന്നില്ലെടോ? തന്നെയവൾക്ക് മനസ്സിലാവും "

രമേശ്‌ ഹരിയുടെ അരികിൽ വന്നു നിന്നു.

"എനിക്കറിയില്ല.. സത്യമായും എനിക്കറിയില്ല രമേശ്‌ എന്താവുമെന്ന്. ഇത്രേം കാലം ഇങ്ങനൊരു ഇഷ്ടം മനസ്സിൽ ഒളിപ്പിച്ചു കൊണ്ട് നടന്നവനാണ് ഞാനെന്നറിയുമ്പോൾ...അവളെങ്ങനെ റിയാക്ട് ചെയ്യുമെന്നാവോ? സത്യമായും എനിക്ക് നല്ല ടെൻഷനുണ്ട് "

ഉള്ളിൽ ഉണ്ടെന്നവൻ പറയുന്ന അതേ ടെൻഷനപ്പോൾ ആ വാക്കുകളിലുമുണ്ടായിരുന്നു.

"അങ്ങനൊന്നും കരുതേണ്ട. മനസ്സിലൊളിപ്പിച്ചു നടന്നത് ഇഷ്ടമല്ലേ? അല്ലാതെ പകയൊന്നുമല്ലല്ലോ.നല്ലൊരു സൗഹൃദം നഷ്ടപെടരുത് എന്നോർത്തല്ലേ? അതിന് വേണ്ടി എന്തെല്ലാം സഹിച്ചിട്ടുണ്ട് ഹരി താൻ. എനിക്കാരും പറഞ്ഞുതരേണ്ട ആവിശ്യമില്ലല്ലോ. എന്റെ കണ്മുന്നിൽ വെച്ചല്ലേ നീ നീറി പിടഞ്ഞിരുന്നത്. താൻ മറന്നാലും എനിക്കത് ഇപ്പോഴും ഓർമയുണ്ടെടോ "

രമേശ്‌ ഹരിയുടെ ചുമലിൽ തട്ടി.

അവനിൽ പതിഞ്ഞൊരു ചിരി മാത്രമാണ്.

"അല്ലെങ്കിൽ തന്നെ എന്തിനാ ഇത്രേം ടെൻഷൻ. ഒരാളോട് ഇഷ്ടം തോന്നുന്നത് പ്രകൃതിനിയമമല്ലേ?  അതെങ്ങനെ തെറ്റാണെന്ന് പറയും?"

രമേശ്‌ പറയുന്ന ആശ്വാസവാക്കുകൾക്കൊന്നും തന്റെ മനസ്സിന്റെ ആകുലതകളകറ്റുവാൻ ആവില്ലെന്നത് ഹരിക്കറിയാം.

ഓരോ പ്രാവശ്യം നാട്ടിൽ പോകുമ്പോഴും രമേശ്‌ ഓർമിപ്പിക്കും, "നീ നിന്റെ പെണ്ണിനോടുള്ള ഇഷ്ടം പറഞ്ഞിട്ട് പോരണേ  ഹരിന്ന്. "

പക്ഷേ അതിനുള്ള ധൈര്യമില്ലാതെ താൻ തിരികെ വരുമ്പോൾ ഇത് പോലെ തന്നെ ആശ്വാസപ്പിക്കാൻ കുറേ നല്ല വാക്കുകളും വച്ചുനീട്ടിക്കൊണ്ട് കാത്തിരിക്കുന്ന നല്ലൊരു സുഹൃത്താണ് ഹരിക്ക് രമേശ്‌ നമ്പ്യാർ.

തിരുവനന്തപുരത്ത് ജോലി കിട്ടിയെത്തുമ്പോൾ ആദ്യം കിട്ടിയ കൂട്ട്.
ആ സ്നേഹം ഇന്നുമുണ്ട്.

ഒരേ മുറി ഷെയർ ചെയ്യുന്നവൻ.

അവന്റെ കല്യാണം കഴിഞ്ഞതാണ്. ഒന്നരവയസ്സുള്ള ഒരു മോളുമുണ്ട്.
ഹരിയോട് കല്യാണത്തിനെ കുറിച്ച് പറഞ്ഞതിനിടയിൽ എപ്പഴോ അവന്റെ വായിൽ നിന്നും അറിയാതെ ചാടിപോയ ആ ഇഷ്ടം.. അത് ഹരിയോട് തന്നെ കൂട്ടി വെക്കണേയെന്ന് രമേശിന്റെ വകയിൽ പ്രാർത്ഥനയുമുണ്ട്.

"നീ വിഷമിക്കണ്ട ഹരി. എല്ലാം ശെരിയാവും "

വീണ്ടും ഹരിയുടെ തെളിയാത്ത മുഖത്ത് നോക്കി രമേശ്‌ പറഞ്ഞു.

ബാൽകണിയിലെ കമ്പിയിൽ കൈ കുത്തി നിന്ന ഹരി അവനെ നോക്കാതെ അകലേക്ക്‌ നോക്കി.

"ഇപ്രാവശ്യം അതവളോട് പറയണം എന്നുറപ്പിച്ച് തന്നെയാ രമേശ്‌ ഞാനും പോയത്. പക്ഷേ.. എന്തോ എനിക്കറിയില്ല. അവൾക്ക് മുന്നിലെത്തുമ്പോൾ എന്നിലേക്ക് അറിയാതെ വന്നു ചേരുന്നൊരു കുറ്റബോധമുണ്ട്. അതാണെന്നെ തളർത്തി കളയുന്നത് "

ഹരിയുടെ ശബ്ദം വളരെ നേർത്തു.

"നിങ്ങൾ തമ്മിൽ ചേരാനാണ് വിധിയെങ്കിൽ ഒരു തുറന്നു പറച്ചില് കൊണ്ട് ആ ഭാരം നിനക്കൊന്നിറക്കി വെക്കാമല്ലോ ഹരി? കാലം കുറേയായില്ലടോ? കാത്തിരിക്കുന്നതിനും സ്വയം നീറുന്നതിനുമെല്ലാം ഒരു കണക്കില്ലേ?"

"നീ പറയുന്നത് എനിക്ക് മനസ്സിലാവും രമേശ്‌. പക്ഷേ മറ്റുള്ളവരുടെ കണ്ണിൽ ഹരി പ്രസാദ് ചതിക്കാൻ അറിയുന്നവനാവും. ആത്മാർത്ഥ സൗഹൃദത്തിന്റെ മറവിൽ പ്രണയമൊളിപ്പിച്ചു പിടിച്ചുവെന്ന മാപ്പില്ലാത്ത തെറ്റ് ചെയ്തവനാവും. എനിക്കത് സഹിക്കാൻ കഴിയില്ലെടോ."

ഹരിയുടെ ചുണ്ടിൽ വിളറിയ ഒരു ചിരിയുണ്ട്.

"ഇനിയുമെത്രനാൾ നീ ഈ കനൽ മനസ്സിലൊളിപ്പിച്ചു നടക്കും ഹരി. എനിക്കതോർത്തിട്ട് തന്നെ ശ്വാസം മുട്ടുന്നു "

"എന്റെ ആയുസ്സൊടുങ്ങുവോളം എന്നാണ് എന്റെ ഉത്തരം.അങ്ങനെ ചെയ്യാനെനിക്ക് യാതൊരു മടിയുമില്ല. സ്വന്തമാക്കുന്നത് മാത്രമാണ് പ്രണയമെന്ന വിശ്വാസവും എനിക്കില്ല "

ഹരി രമേശിനെ നോക്കി പറഞ്ഞു.

"വിട്ട് കൊടുക്കുന്നതാണ് പ്രണയം എന്നുള്ള ഹിറോയിസമാവാം. പക്ഷേ പിന്നെ ചങ്ക് പൊടിയുന്ന വേദന സഹിക്കാനുള്ള മനകരുത്തുക്കൂടി നീയിപ്പഴേ കരുതി വെച്ചേക്കണേ"

രമേശ്‌ ഹരിയെ ഓർമിപ്പിച്ചു.

അവനൊന്നും മിണ്ടിയില്ല..
                      ❣️❣️❣️

"നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് എത്രക്കാലമായിക്കാണും സീതേ?"

നാരായണി മുത്തശ്ശി ഈണത്തിൽ ചോദിച്ചു.

സീതയുടെ വീർത്തുകെട്ടിയ മുഖത്ത് നിറയെ അമ്പരപ്പ് നിറച്ചു ആ ചോദ്യം.

"ഇതെന്താ.. നിങ്ങളിപ്പോ സെൻസസ് എടുക്കാനിറങ്ങിയതാ?

സീത ചുണ്ട് കോട്ടി.

"അതെന്തെങ്കിലുമാവട്ടെ. നീ ഒന്നോർത്തു പറയെന്റെ മോളെ "

മുത്തശ്ശിയവളെ നോക്കി ചിരിച്ചു.

"അതങ്ങനെ അതിന് മാത്രം ഓർമ്മിച്ചെടുക്കാനൊന്നുമില്ല. രണ്ടു വർഷം തികഞ്ഞിട്ടില്ല "

"ആണല്ലോ? അപ്പൊ രണ്ടു വർഷത്തേ അനുഭവങ്ങളുണ്ട് എനിക്ക് നിന്റെ കൂടെ. നിന്നെ കുറിച്ച് എല്ലാം അറിയാമെന്നുള്ള അവകാശവാദമൊന്നും പറയാനില്ലെങ്കിലും ഈ സീതാ ലക്ഷ്മിയെന്ന ദേഷ്യകാരി പെണ്ണിനെ,കുറച്ചൊക്കെ എനിക്കറിയാനായിട്ടുണ്ട്. ശരിയല്ലേ?"

മുത്തശ്ശി സീതയെ നോക്കി ചിരിച്ചു.

സീതയും അതേയെന്ന് തലയാട്ടി.

"എന്നെ കണ്ടാലിപ്പോ ഒരു കള്ളലക്ഷണം തോന്നുന്നുണ്ടോ സീതേ നിനക്ക്?"
വീണ്ടും മുത്തശ്ശിയുടെ മുഖം നിറയെ ചിരിയാണ്.

"ഇല്ല. എനിക്കങ്ങനെ തോന്നുന്നില്ല "
സീത മനസ്സിലുള്ളത് പറഞ്ഞു.

"പക്ഷേ നിന്നെ കാണുമ്പോൾ എനിക്കങ്ങനെ തോന്നുന്നുണ്ട് മോളെ."

സീതയുടെ കണ്ണുകൾ കൂർത്തു.

"എനിക്കെന്ത്‌ കള്ളലക്ഷണം. ചുമ്മാ ഓരോന്നു വിളിച്ചു പറയുവാ "

സീതയവരുടെ അരികിൽ നിന്നും എഴുന്നേറ്റു മാറി.

"ആ.. പോവല്ലേ. നീയിരിക്ക്. എനിക്കിനിയും ചോദിക്കാനുണ്ട് ഈ കള്ളിയോട് "

മുത്തശ്ശിയവളുടെ കൈയിൽ പിടിച്ചു..
സീത കിടക്കയിൽ തന്നെയിരുന്നു.

"കണ്ണനൊരു ചെറിയ പനി വന്നതിന് നീ ഇത്രേം സങ്കടപെടേണ്ട കാര്യമെന്താണ്?"

തീർത്തും ശാന്തമായൊരു ചോദ്യമായിരുന്നിട്ട് കൂടി സീതയുടെ മുഖം പരിഭ്രമം നിറഞ്ഞു.

വിരലുകൾ തമ്മിൽ കൊരുത്തു.

"പറ മോളെ.."
അവളുടെ ഭാവങ്ങൾ സൂക്ഷമായി നോക്കിയിരുന്നുക്കൊണ്ട് തന്നെ മുത്തശ്ശി വീണ്ടും ചോദിച്ചു.

"മുത്തശ്ശിയുടെ കിണ്ണന് പനി പിടിച്ചതിന് എനിക്കെന്തിനാ സങ്കടം."

സീത അവരെ നോക്കാതെ ചോദിച്ചു.

"നിനക്കൊന്നുമില്ലേ?"

"ഇല്ലന്നേ. ഒറ്റയ്ക്ക് കിടക്കുന്നത് കണ്ടപ്പോ. ഏന്തോ പോലെ. ഞാനും ആ അവസ്ഥയിൽ കിടന്നിട്ടുണ്ട്. പനിച്ചു പൊള്ളുമ്പോൾ ഇപ്പോഴും ഏറ്റവുമാദ്യം ഓർമ വരുന്നതെന്റെ അമ്മയെയാണ്. അമ്മയെത്ര വലിയ തെറ്റ് ചെയ്താലും അമ്മയല്ലാതാവില്ലല്ലോ നമ്മുടെ മനസ്സിൽ "

അനുഭവങ്ങളുടെ തീ ചൂളയിൽ വെന്തുരുകിയ വാക്കുകൾക്ക് വല്ലാത്ത നോവുണ്ടായിരുന്നു അവള് പറയുമ്പോൾ.

"എനിക്കമ്മയെ മിസ് ചെയ്യുന്നു സീതാ ലക്ഷ്മിയെന്ന കിണ്ണന്റെ വാക്ക്.. അതിലെനിക്ക് എന്നെ തന്നെ കാണാൻ കഴിഞ്ഞു. അത്രേം ഒള്ളു "

സീത വളരെ പതിയെ പറഞ്ഞു.

"കണ്ണൻ പാവമാണ് മോളെ. അവനാരോടും ദേഷ്യം സൂക്ഷിച്ചുക്കൊണ്ട് നടക്കാനറിയില്ല "

"ആളത്ര വലിയ സാധുവെന്നും അല്ലെന്റെ മുത്തശ്ശി "

സീത ചിരിച്ചു കൊണ്ടവരുടെ കവിളിൽ പിടിച്ചു വലിച്ചു.

"നിനക്കവനെ ഇഷ്ടമാണോ കുട്ട്യേ?"
ഒട്ടും പ്രതീക്ഷിക്കാതെ ആ ചോദ്യം നേരിടേണ്ടി വന്നപ്പോൾ സീതയെന്ന് പതറി പോയി.

"നിന്നെ ഞാനെന്റെ കൊച്ചുമക്കൾക്കൊപ്പമാണ് സ്നേഹിക്കുന്നത്. നീയവനെ ഇഷ്ടപെട്ടാലും ഇല്ലേലും എന്റെ മനസ്സിൽ അതെന്നും അങ്ങനെ തന്നെ ഉണ്ടാവും. പക്ഷേ.. എന്റെ മനസ്സിൽ അങ്ങനൊരു ആഗ്രഹമുണ്ടായിരുന്നുവെന്ന് നീയറിയാതെ പോവരുത്."

മുത്തശ്ശിയുടെ കൈയ്യിൽ സീത അമർത്തി പിടിച്ചു.

"അവനും നിന്നോട് അങ്ങനൊരു ഇഷ്ടമുള്ളത് പോലെ എനിക്കൊരു സംശയമുണ്ട് "

കണ്ണന്റെ പ്രാണനെ പോലെ അവനവളെ സ്നേഹിക്കുന്നുണ്ടെന്ന് വളരെ വ്യക്തമായി അറിയാമായിരുന്നിട്ടും അതൊരു സംശയത്തിന്റെ ബലത്തിലാണ് മുത്തശ്ശി പറഞ്ഞത്.

അവന്റെ മനസ്സിലെ ഇഷ്ടത്തിന്റെ തീവ്രത.. അതവൻ പറഞ്ഞിട്ട് തന്നെ അവളറിയണം എന്നൊള്ളൊരു കുഞ്ഞുവാശി.

"അതൊന്നും ശരിയാവില്ല മുത്തശ്ശി "

വല്ലാത്ത ഭാരമുണ്ടായിരുന്നു സീതയുടെ വാക്കുകൾക്ക്.

"മുത്തശ്ശിയുടെ കിണ്ണൻ നല്ലയാളാണ്. എനിക്കറിയാം. പക്ഷേ ഞാനത്ര പോരാ. മൂപ്പർക്ക് ചേരില്ല "
സീത കണ്ണടച്ച് കാണിച്ചു.

"അത് നീയാണോ തീരുമാനിക്കുന്നത്?"

മുത്തശ്ശി കെറുവിച്ചുക്കൊണ്ട് സീതയെ നോക്കി.

അവളൊന്ന് ചിരിച്ചു.

"എന്റെ കാര്യത്തിൽ തീരുമാനം പറയാനിപ്പോ എന്നേക്കാൾ മികച്ചൊരാളെ ഞാൻ നോക്കിയിട്ട് കാണാനില്ല. അതല്ലേ ഞാൻ തന്നെ പറഞ്ഞത്."

സീത തമാശ പറയുന്ന ലഘവത്തിലാണ് പറയുന്നത്.

"ഞാനും മുത്തശ്ശിയുടെ കിണ്ണനും രാവും പകലും പോലുള്ള വെത്യാസമുണ്ട്. ഒരിക്കലും ചേരാൻ പാടില്ല. അങ്ങേരുടെ ജീവിതം കൂടി പോയി കിട്ടും. "

സീതയവരുടെ കയ്യിൽ തലോടി.

"പിന്നെന്തേ അന്നവൻ അങ്ങനൊരു മാലയിട്ട് കൂടെ കൂട്ടിയപ്പോൾ നീ തടയാതിരുന്നേ?"

"അന്നതിനൊന്നും പറ്റിയൊരു അവസ്ഥയിലായിരുന്നോ ഞാൻ?"

"ശരി. അന്ന് കൊടുത്തില്ല. അവൻ വന്നിട്ടിപ്പോ മൂന്ന് ദിവസമായല്ലോ?"

വെല്ലുവിളി പോലെ മുത്തശ്ശി സീതയെ നോക്കി.

"ഇനി മേലാൽ ആ മാലയെങ്ങാനും ഊരാൻ ശ്രമിച്ച നിന്റെ കൈ ഞാൻ വെട്ടും "

മുത്തശ്ശിയുടെ കിണ്ണൻ വീണ്ടും സീതയുടെ മുന്നിൽ നിന്നിട്ട് അലറിയ ഓർമകൾ മനസ്സിലൂടെ മിന്നിമാഞ്ഞു പോയി.

"വേണ്ടാത്ത ആഗ്രഹങ്ങളൊന്നും മനസ്സിൽ സൂക്ഷിച്ചുക്കൊണ്ട് നടക്കരുത്. അത് പിന്നീട് വേദനിക്കാനിടയാവും മുത്തശ്ശി "

സീതയവരുടെ ചുമലിൽ ചേർത്ത് പിടിച്ചു.

"ഇതങ്ങനെ വേണ്ടാത്ത ഒരാഗ്രഹമാണെന്ന് എനിക്ക് തോന്നുന്നില്ലങ്കിലോ?

"എനിക്കാണേൽ ആകെ തോന്നുന്നത് അങ്ങനെയാണ്. ഇതൊരിക്കലും ശരിയാവില്ലല്ലോ ന്ന് "

സീത കുസൃതിയോടെ ചിരിച്ചു.

"ഞാനെന്നെ കുറിച്ച് ചിന്തിച്ചിട്ടേയില്ല മുത്തശ്ശി. അല്ലാതെ തന്നെ ഒരു നൂറായിരം പ്രശ്നങ്ങളുണ്ട് എന്റെയീ പരട്ട തലയിൽ. ഏറെക്കുറെ മുത്തശ്ശിക്കും അറിയാവുന്നതല്ലേ? അതിനിടയിൽ എന്റെ ജീവിതത്തിന് മാത്രം ഞാനെങ്ങനെ പ്രസക്തി നൽകും?"

സീതയവരെ നോക്കാതെ പറഞ്ഞു.

"വേണ്ട.. നീ നിന്നെ കുറിച്ച് മാത്രം ഓർക്കേണ്ട. നിന്നോട് ഞാനെപ്പോഴും പറയുന്നതല്ലേ സീതേ. കുറച്ചൊക്കെ നമ്മൾക്ക് കൂടി വേണ്ടി ജീവിക്കാൻ പഠിക്കണമെന്ന്. ഒടുവിൽ നിനക്കാരുമില്ലാതാവും കുട്ടി "

മുത്തശ്ശിയവളെ അലിവോടെ തലോടി.

"അതിനെ കുറിച്ചും ഞാൻ ഓർക്കാറില്ല. വെറുതെ എന്തിനാണ് ചിന്തിച്ച് കാട് കയറി ഉള്ള ടെൻഷൻ ഒന്നൂടെ കൂട്ടുന്നത്. സീതാ ലക്ഷ്മി സ്ട്രോങ്ങ്‌ അല്ലേ?

ചിരിച്ചു പറയുന്ന സീതയെ മുത്തശ്ശി പൊതിഞ്ഞു പിടിച്ചു.

"നിനക്കെന്റെ കണ്ണൻ തുണയാവും മോളെ. നിന്റെയീ സങ്കടങ്ങളെല്ലാം എന്റെ കുട്ടി സന്തോഷമാക്കി തരും "

മനസ്സിലത് പറഞ്ഞെങ്കിലും അവർ സീതയോട് പറഞ്ഞില്ല.

കാരണം കണ്ണന്റെ സ്നേഹത്തിലവർക്ക് അത്രത്തോളം വിശ്വാസമുണ്ടായിരുന്നു.

അൽപ്പസമയംക്കൂടി ആ ചൂടിൽ  സീത സ്വയം മറന്നിരുന്നു.

പിന്നെ എഴുന്നേറ്റു മുത്തശ്ശിക്ക് ചായയെടുത്ത് കൊടുത്തു.
അവരുടെ പനിയെല്ലാം പൂർണ്ണമായും വിട്ട് മാറിയിരുന്നു.

ഓരോന്നു ചെയ്ത് നിൽക്കുമ്പോൾ സീതയുടെ മനസ്സ് പനിച്ചുവിറച്ചു കിടക്കുന്ന കണ്ണന്റെ അരികിലായിരുന്നു.

തിരിച്ചു പോയെന്നുക്കൂടി നോക്കണമെന്നുണ്ട്.

പലവട്ടം മനസ്സ് അതിനൊരുങ്ങിയതുമാണ്.
പക്ഷേ മുത്തശ്ശിയോട് അങ്ങനൊക്കെ പറഞ്ഞിട്ട് വീണ്ടും അങ്ങോട്ട്‌ പോവാനൊരു മടി.

"കണ്ണൻ എഴുന്നേറ്റോ എന്നൊന്ന് ചെന്ന് നോക്കുവോ മോളെ നീ "

അവളുടെയാ പരവേശം കണ്ടിട്ടാണ് മുത്തശ്ശിയങ്ങനെ പറഞ്ഞതെന്ന് സീതയ്ക്ക് തോന്നിയതേയില്ല.

കേട്ടപാതി  കേൾക്കാത്തപാതി..

ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റ് പുറത്തേക്ക് പോകുന്നവളെ നോക്കി മുത്തശ്ശി മനസ്സ് നിറഞ്ഞു ചിരിച്ചു.

                 ❣️❣️❣️❣️

"ശോ.. ഈ പണ്ടാരപനിയെന്താ പോവാത്തെ "

കണ്ണന്റെ നെറ്റിയിൽ കൈ ചേർത്ത് വെച്ച് സീത പിറുപിറുത്തു.

അൽപ്പം അയവ് വന്നിട്ടുണ്ട് എന്നല്ലാതെ പനി പൂർണ്ണമായും വിട്ട് പോയിട്ടില്ല.

മുഖത്തും കഴുത്തിലുമെല്ലാം നല്ല ചൂടുണ്ട്.

സീത ബാത്റൂമിൽ പോയിട്ട് ഒരു ടവ്വൽ നനച്ചെടുത്തുക്കൊണ്ട് വന്നു.

ചെരിഞ്ഞു കിടക്കുന്ന അവനെയവൾ മലർത്തി കിടത്തി.
തണുപ്പുള്ളത് കൊണ്ടായിരിക്കും.. അവൻ വീണ്ടും ചുരുണ്ടുകൂടാനുള്ള ഒരുക്കത്തിലാണ്.

അതിന് മുന്നേ സീത അവനരികിൽ ഇരുന്നു.

നെറ്റിയിൽ തണുത്ത ടവ്വൽ ചേർക്കുമ്പോൾ അവനൊന്നു വിറച്ചു.

സീത വളരെ മൃദുവായി അവന്റെ മുഖം തുടച്ചു.

അൽപ്പം കഴിഞ്ഞപ്പോൾ തന്നെ ടവ്വൽ ഉണങ്ങിപോയിരുന്നു.

വീണ്ടും അത് പോയി പിഴിഞ്ഞെടുത്ത് വന്നിട്ട് സീതയവന്റെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു.

മനസ്സിൽ നല്ലത് പോലെ ടെൻഷനുണ്ടായിരുന്നുവെങ്കിലും പൊള്ളുന്ന ചൂട് അവനെ വിട്ട് പോകാൻ ഇതല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് അവൾക്കറിയാം.

"കണ്ണന് നിന്നോടങ്ങനെയൊരു ഇഷ്ടമുണ്ടെന്ന് എനിക്ക് സംശയമുണ്ട് "

മുത്തശ്ശിയുടെ വാക്കുകളോർമ വന്നു.

ഉണ്ടോ?

കിണ്ണന് അങ്ങനൊരിഷ്ടമുണ്ടോ?

ഉണ്ടെങ്കിലും അത് വേണ്ടാട്ടോ?

സീതയുടെ കണ്ണുകൾ അവനെ തലോടി.

നനഞ്ഞ ടവ്വൽ ദേഹത്ത് വെക്കുമ്പോൾ അവന്റെ മുഖം ചുളിയുന്നത് സീത സങ്കടത്തോടെ നോക്കി.

പുറത്ത് ഇരുട്ട് കനം വെക്കുന്നത് പോലും അവളപ്പോൾ മറന്നു പോയിരുന്നു.

ഉള്ളിൽ അവന്റെ പനിയൊന്ന് അയവ് വന്നിരുന്നെങ്കിൽ എന്നുള്ളത് മാത്രമാണ്.

ഒടുവിൽ പനിയുടെ ആലസ്യത്തോടെ കണ്ണൻ ഉറക്കിൽ നിന്നുണരുമ്പോഴും സീതയവന്റെ കാൽപാദങ്ങൾ ടവ്വൽ വെച്ച് തുടച്ചിരിപ്പുണ്ടായിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story